ചേട്ടാ എഴുന്നേൽക്ക് നമ്മുടെ മോൾ വലിയ പെണ്ണായി
ചേട്ടാ ഒന്ന് എഴുന്നേൽക്കാൻ നമ്മുടെ മോൾ വലിയ പെണ്ണായിന്ന്
മദ്യപിച്ച് ലക്ക് കെട്ട് കടത്തിണ്ണയിൽ കിടന്നിരുന്ന അയാളുടെ തലച്ചോറിൽ ഒരു ഇടി മുഴക്കം പോലെ ഭാര്യയുടെ ആ വാക്കുകൾ വന്നിടിച്ചു
പെട്ടന്ന് അയാൾ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും അയാൾക്ക് അതിന് കഴിഞ്ഞില്ല
ഭാര്യ അയാളെ താങ്ങി പിടിച്ച് ഇരുത്തി അയാളുടെ മുഖം കൈക്കുമ്പിളിൽ വാരിയെടുത്ത് വീണ്ടും പറഞ്ഞു
ചേട്ടാ നമ്മുടെ മോള് വലിയ പെണ്ണായി
ഭാര്യയുടെ ആ വാക്കുകൾ അയാളെ മദ്യത്തിന്റെ ലഹരിയിൽ നിന്ന് പെട്ടന്ന് മുക്തനാക്കിയ പോലെ അയാൾക്ക് തോന്നി
അയാളുടെ വായിൽ നിന്ന് ഒലിച്ച് ഇറങ്ങിയ മദ്യത്തിന്റെ രൂക്ഷഗന്ധം ഉള്ള തുപ്പൽ ഭാര്യ സാരിത്തുമ്പ് കൊണ്ട് തുടച്ചു വൃത്തിയാക്കി
അയാൾ ഭാര്യയുടെ മുഖത്തേക്ക് ഒന്ന് നോക്കി
ഇന്നേവരെ അവളുടെ മുഖത്ത് കാണാത്ത സന്തോഷം അയാൾ ആ മുഖത്ത് കണ്ടു
ഭാര്യയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകുന്നത് അയാൾ കണ്ടു
അത് ദുഃഖത്തിന്റെ കണ്ണുനീർ ആയിരുന്നില്ല താൻ പ്രായപൂർത്തി ആയ ഒരു പെൺകുട്ടിയുടെ അമ്മ ആയിരിക്കുന്നു എന്ന സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കണ്ണുനീർ ആണെന്ന് അയാൾ തിരിച്ചറിഞ്ഞു
ഭാര്യയുടെ കൈ പിടിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ അവളുടെ കൈകൾ പുതിയൊരു കരുത്ത് ആർജ്ജിച്ചിരിക്കുന്ന പോലെ അയാൾക്ക് തോന്നി
മദ്യപാനിയായ അച്ഛൻ ഉള്ള ഏത് പെൺകുട്ടിയുടെയും സംരക്ഷണം ഉറപ്പ് വരുത്തുന്ന അമ്മയെന്ന ഉരുക്ക് കോട്ടയുടെ ബലം അയാൾ ഭാര്യയുടെ കൈകളിൽ തിരിച്ചറിഞ്ഞു
എത്ര നാളായി തന്റെ മകളുടെ മുഖം ശരിക്കൊന്ന് കണ്ടിട്ട്
അവളുടെ ചിരി കണ്ടിട്ട്
അവളോട് മിണ്ടിയിട്ട്
അതിരാവിലെ പണിക്ക് പോകും
പണി കഴിഞ്ഞ് രാത്രി വരുന്നത് മദ്യപിച്ച് ലക്ക് കെട്ടായിരിക്കും
മദ്യത്തിന്റെ മണമുള്ള അച്ഛനെ എനിക്ക് കാണണ്ട എന്നോട് മിണ്ടണ്ട എന്ന് പറഞ്ഞ് മകൾ മുറിയിൽ കയറി വാതിൽ അടക്കും
ഛെ നീയൊക്കെ ഒരു അച്ഛനാണോ എന്ന് അയാൾ സ്വയം ചോദിച്ചു
അയാൾക്ക് അയാളോട് തന്നെ ഒരു തരം അറപ്പും വെറുപ്പും തോന്നി
മകൾ ജനിച്ച ദിവസത്തെ കുറിച്ച് അയാൾ ചിന്തിച്ചു
മദ്യലഹരിയിൽ പ്രസവ വാർഡിന്റെ മുൻപിൽ ഇരിക്കുമ്പോൾ ജനിക്കാൻ പോകുന്നത് ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന് അറിയുവാൻ അയാളുടെ ഹൃദയം തുടിച്ചു
തനിക്ക് ജനിച്ചത് പെൺകുട്ടി ആണെന്നും താൻ മദ്യത്തിന്റെ ലഹരിയിൽ ആയതുകൊണ്ട് കുട്ടിയെ ഇപ്പൊൾ കാണിക്കാൻ പറ്റില്ലന്നും ആശുപത്രി ജീവനക്കാർ പറഞ്ഞപ്പോൾ അയാൾക്ക് ദുഃഖം തോന്നി
എങ്കിലും താൻ ഒരു പെൺകുട്ടിയുടെ അച്ഛനായി എന്ന സന്തോഷത്തിൽ അയാൾ തുള്ളിച്ചാടി
സാധാരണ ആൺകുട്ടികൾ ജനിക്കുമ്പോൾ ആണ് പലരും ഇത്രയധികം സന്തോഷിക്കുക
ഇയാൾ പെൺകുട്ടി ജനിച്ചപ്പോൾ ഇങ്ങനെ സന്തോഷിക്കുന്നു എന്ന് പറഞ്ഞ് ആശുപത്രിയിൽ ഉള്ള പലരും അയാളെ പരിഹസിച്ചു
അതൊന്നും അയാൾക്ക് പ്രശ്നം അല്ലായിരുന്നു
കാരണം അയാളുടെ മനസ്സ് നിറയെ
ഒരു പെൺകുട്ടി ഉള്ള അയാളുടെ അമ്മാവന്റെ വാക്കുകൾ ആയിരുന്നു
ആ അമ്മാവൻ ഒരിക്കൽ അയാളോട് പറഞ്ഞു
ഒരു പെൺകുട്ടിയുടെ അച്ഛൻ ആവുക എന്നതാണ് ഈ ലോകത്ത് നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യം
അവളുടെ കുഞ്ഞിക്കാലിലെ കൊലുസ്സിന്റെ കൊഞ്ചൽ നമ്മുടെ വീടിനെ സ്നേഹത്തിന്റെ വാത്സല്യത്തിന്റെ സന്തോഷത്തിന്റെ സംഗീത സാഗരാമാക്കും
അവളുടെ പേരും നമ്മുടെ വീടിന്റെ പേരും ഒന്നായി മാറും
അമ്മേ അച്ഛാ എന്നുള്ള അവളുടെ വിളികൾ നമ്മുടെ കാതുകളെ കോരിത്തരിപ്പിക്കും
അ മുതൽ അം: വരെ അവൾ ഉറക്കെ വായിച്ചും എഴുതിയും പഠിക്കുന്ന ഓരോ അക്ഷരങ്ങളും നമ്മുടെ വീടിനെ ഒരായിരം വിദ്യാലയങ്ങൾ ആക്കി മാറ്റും
അച്ഛന്റെയും അമ്മയുടെയും വസ്ത്രങ്ങൾ അണിഞ്ഞ് പ്രത്യേകിച്ച് അച്ഛന്റെ പല നിറങ്ങളിലുള്ള ഷർട്ടുകൾ മാറി മാറി ധരിച്ച് കണ്ണാടിയുടെ മുൻപിൽ നിന്ന് അവൾ കാണിക്കുന്ന കുസൃതികൾ നമ്മുടെ കണ്ണുകളെ പല നിറത്തിലുള്ള പൂക്കൾ വിടർന്ന് നിൽക്കുന്ന പൂങ്കാവനങ്ങൾ ആക്കി മാറ്റും
അവൾ പഠിക്കുന്ന സ്കൂളിലെ ഓരോ ദിവസത്തെയും വിശേഷങ്ങൾ പറയുമ്പോൾ നമ്മൾ പോലും അറിയാതെ നമ്മുടെ മനസ്സ് നമ്മൾ പഠിച്ച സ്കൂളിന്റെ മുറ്റത്ത് എത്തും
അവൾ വലിയ പെണ്ണായി കഴിയുമ്പോൾ അവളോടുള്ള സ്നേഹം വാത്സല്യം അതിനപ്പുറം അവളോടുള്ള ബഹുമാനം കൂടി നമ്മളിൽ ജനിക്കും
കോളേജ് പഠനത്തിലൂടെ കൂടുതൽ അറിവുകൾ നേടി അവളെങ്ങനെ വളർന്ന് വളർന്ന് സ്‌നേഹത്തിന്റെ സന്തോഷത്തിന്റെ വാത്സല്യത്തിന്റെ ബഹുമാനത്തിന്റെ വിദ്യയുടെ അറിവിന്റെ പൊൻതൂവലുകൾ ചാർത്തിയ കിരീടം അണിഞ്ഞ ഒരു രാജകുമാരിയായി മാറും
നമ്മുടെ വീടിന്റെ പൊന്നാമനയായ രാജകുമാരി
അവസാനം പഠിച്ച് നല്ലൊരു ജോലിയും വാങ്ങിയ അവളെ ആണൊരുത്തന്റെ കൈ പിടിച്ചു കൊടുക്കുമ്പോൾ നമ്മൾ അനുഭവിക്കുന്ന സന്തോഷം ഉണ്ടല്ലോ അത് തരുവാൻ ഈ ലോകത്ത് മറ്റൊന്നിനും കഴിയില്ല
അമ്മാവന്റെ ഈ വാക്കുകൾ ഒരു പെൺകുട്ടിയുടെ അച്ഛൻ ആകുവാൻ അയാളിൽ അതിയായ ആഗ്രഹം ജനിപ്പിച്ചു
പക്ഷെ ആഗ്രഹിച്ച പോലെ പെൺകുട്ടി ജനിച്ചിട്ടും മദ്യപാനം മൂലം മകളുടെ ജീവിത സ്പന്ദനമോ ഹൃദയത്തുടിപ്പോ അനുഭവിച്ചറിയുവാൻ അയാൾക്ക് കഴിഞ്ഞില്ല
ഭാര്യയുടെ കൈ പിടിച്ച് പതുക്കെ നടന്ന് നടന്ന് തന്റെ ചെറിയ വീടിന്റെ മുൻപിൽ അയാൾ വന്നു നിന്നു
മോളെ
അച്ഛന്റെ പൊന്നു മോളെ
അയാൾ മകളെ വിളിച്ചു
ആ വിളിക്ക് അയാൾക്ക് മറുപടിയായി ലഭിച്ചത് അടച്ചിട്ട മുറിയിലെ മകളുടെ തേങ്ങി തേങ്ങിയുള്ള കരച്ചിലായിരുന്നു
തന്റെ മുൻപിലേക്ക് മകൾ വരില്ലെന്ന മനസ്സിലാക്കിയ അയാളുടെ ഹൃദയം പൊട്ടി പോകും പോലെ അയാൾക്ക് തോന്നി
വീടിന്റെ ഉമ്മറത്തിണ്ണയിൽ അയാൾ തല കുനിച്ച് ഇരുന്നു
ഭാര്യ കൊണ്ട് വച്ച ഭക്ഷണം പോലും കഴിക്കാനാവാതെ അയാൾ ആ തിണ്ണയിൽ കിടന്നു
എപ്പോഴോ ഉറങ്ങിപ്പോയി
പിറ്റേന്ന് അതിരാവിലെ അയാൾ ഉണർന്നു
കുളിച്ചു
വൃത്തിയുള്ള വസ്ത്രങ്ങൾ ഉടുത്ത് തന്റെ സൈക്കിളിൾ പണിക്ക് പോയി
പണി എടുക്കുമ്പോൾ മനസ്സ് മുഴുവൻ മകളായിരുന്നു
പ്രായപൂർത്തിയായ തന്റെ മകൾക്ക് ഒരു തരി പൊന്ന് വാങ്ങാൻ പോലും തന്റെ കയ്യിൽ കാശില്ല
എങ്ങനെ ഉണ്ടാകും
പണി എടുത്ത് കിട്ടുന്ന കാശ് മുഴുവൻ കുടിച്ചും കൂട്ടുകാർക്ക് കുടിക്കാൻ വാങ്ങി കൊടുത്തും നശിപ്പിച്ചു
ഭാര്യ പണിക്ക് പോയാണ് വീട്ടിലെ ചിലവുകൾ പോലും നടത്തുന്നത്
അയാൾ അയാളിലെ മദ്യപാനിയായ അച്ഛനെ ഓർത്ത് ലജ്ജിച്ചു
വൈകുന്നേരം പണി കഴിഞ്ഞപ്പോൾ അയാൾ മുതലാളിയിൽ നിന്ന് കുറച്ചു പൈസ അഡ്വാൻസ് വാങ്ങി ടൗണിലേക്ക് പോയി
ആ പൈസ കൊണ്ട് എന്തൊക്കെ ചെയ്യണം എന്ന്
അയാളുടെ മനസ്സിൽ നല്ല പല കണക്ക് കൂട്ടലുകളും ഉണ്ടായിരുന്നു
പക്ഷെ ടൗണിൽ മദ്യ ഷോപ്പിന്റെ അടുത്ത് എത്തിയപ്പോൾ അയാളുടെ സൈക്കിൾ നിന്നു
മനസ്സിൽ കണക്ക് കൂട്ടിയതെല്ലാം അയാൾ ഒരു നിമിഷം മറന്നു
അയാൾ സൈക്കിൾ സ്റ്റാൻഡിൽ വച്ച് മദ്യ ഷോപ്പിനെ ലക്ഷ്യമാക്കി നടന്നു
ക്യു വിൽ നിൽക്കുമ്പോൾ അയാളുടെ മനസ്സിൽ വലിയൊരു സംഘർഷം നടക്കുകയായിരുന്നു
ഒരു ഭാഗത്ത് മദ്യം തരുന്ന ലഹരി മറുഭാഗത്ത് തന്റെ മകളുടെ തേങ്ങി തേങ്ങിയുള്ള കരച്ചിൽ
മദ്യപിച്ച് ലക്ക് കെട്ട് സ്വന്തം മക്കളുടെ മുൻപിൽ പ്രത്യേകിച്ച് പെൺ മക്കളുടെ മുൻപിൽ നിൽക്കേണ്ടി വരുന്ന ഒരു അച്ഛനാണ്
ഈ ലോകത്തെ ഏറ്റവും വൃത്തികെട്ട മനുഷ്യൻ
അങ്ങനെ ഒരു അച്ഛൻ ആകുന്നതിനേക്കാളും നല്ലത് ആത്മഹത്യ ചെയ്യുന്നതാണ്
പെട്ടന്ന് അയാളുടെ മനസ്സ് അയാളോട് ഇങ്ങനെ പറയുന്നത് പോലെ തോന്നി
ആ വാക്കുകൾ അയാളിൽ എന്തോ ഒരു ചലനം സൃഷ്ടിച്ചു
ഇനി ആത്മഹത്യ ചെയ്യാൻ തനിക്ക് കഴിയില്ല
പക്ഷെ മദ്യപാനം നിറുത്താൻ കഴിയും
കഴിയണം
വേഗം അയാൾ മദ്യ ഷോപ്പിന്റെ ക്യു വിൽ നിന്ന് പുറത്ത് കടന്നു
സൈക്കിൾ എടുത്ത് ടൗണിൽ പോയി
കുറച്ചു കടകളിൽ കയറി ഇറങ്ങി എന്തൊക്കെയോ വാങ്ങി വീട്ടിലേക്ക് പോയി
വീട്ടിൽ ചെന്ന് സാധനങ്ങൾ ഭാര്യയെ ഏല്പിച്ചു
കിണറ്റിൽ കരയിൽ നിന്ന് വള്ളം കോരി കുളിച്ചു
വസ്ത്രം മാറി ഉമ്മറ തിണ്ണയിൽ വന്നിരുന്നു
ഇന്ന് അയാൾ തിണ്ണയിൽ ഇരുന്നത് തല കുനിച്ച് ആയിരുന്നില്ല തല നിവർത്തി ആയിരുന്നു
കണ്ണടച്ചിരുന്ന് എന്തൊക്കെയോ ചിന്തിച്ചു
അച്ഛാ
ആ വിളി കേട്ട് അയാൾ ചിന്തയിൽ നിന്ന് ഞെട്ടി ഉണർന്നു
നോക്കിയപ്പോൾ തന്റെ മകൾ തന്റെ മുൻപിൽ നിൽക്കുന്നു
അയാൾ വാങ്ങി കൊണ്ട് വന്ന പുതു വസ്ത്രങ്ങൾ ഉടുത്ത് കുപ്പി വളകളും മുത്തുമാലയും കൊട്ടക്കമ്മലും അണിഞ്ഞ് കണ്ണെഴുതി പൊട്ട് കുത്തി ഒരു ദേവതയെ പോലെ അവൾ അച്ഛനെ നോക്കി ചിരിച്ചു നിന്നു
മകളെ കണ്ട് ആ അച്ഛന്റെ കണ്ണിൽ നിന്നും സന്തോഷത്തിന്റെ കണ്ണുനീർ ഒഴുകി
അത് ആ അച്ഛന്റെ മനസ്സിൽ വാൽസല്യത്തിന്റെ ഒരു കുളിർ മഴയായി പെയ്തിറങ്ങി
അച്ഛൻ മകളെ തന്റെ നെഞ്ചോട് ചേർത്ത് നെറുകയിൽ ചുംബിച്ചു
മദ്യത്തിന്റെ മണം ഇല്ലാത്ത ആ അച്ഛന്റെ നെഞ്ചിലേക്ക് മകൾ സ്നേഹത്തോടെ വാത്സല്യത്തോടെ ഒരു ചെറിയ കുഞ്ഞായി ചുരുണ്ട് കൂടി
രണ്ട് ദിവസം കഴിഞ്ഞപ്പോൾ ആ വീട്ടിൽ ഒരു സദ്യ നടന്നു
തന്റെ മകളുടെ കുഞ്ഞിക്കല്യാണത്തിന്റെ പന്തലിൽ ഇരുന്ന് അയാൾ മകൾക്ക് ചോറ് വാരി കൊടുത്തു
അന്ന് മുതൽ അയാൾ പണി എടുത്തു കിട്ടുന്ന പൈസ തന്റെ മകളുടെ പഠിപ്പിനും വലിയ കല്യാണത്തിനുമായി കൂട്ടി വക്കാൻ തുടങ്ങി..
Sajayan Subran Njarekkattil
