അമ്മയ്ക്ക് നാണമില്ലേ ടിവി സീരിയലും കണ്ട് ഇരിക്കാൻ..? പഠിക്കുന്ന പിള്ളേരുള്ള വീടാണെന്ന ബോധം പോലുമില്ല

അച്ഛനെന്തിനാ ഈ വയസാം കാലത്ത് മൊബൈൽ ഫോൺ ? കണ്ണും കാണാതെ, ചെവിയും കേൾക്കാതെ ഫോണിൽ ആരെ കുത്തി വിളിക്കാനാ..വേറെ പണിയൊന്നും ഇല്ലേ .?

അമ്മയ്ക്ക് നാണമില്ലേ ടിവി സീരിയലും കണ്ട് ഇരിക്കാൻ..? പഠിക്കുന്ന പിള്ളേരുള്ള വീടാണെന്ന ബോധം പോലുമില്ല.ദൈവത്തെ വിളിച്ചോണ്ടിരിക്കേണ്ട പ്രായത്തിൽ ഓരോരോ പേക്കുത്തു കാണുന്നു!

രണ്ടാൾക്കും ഷുഗറ് ഒത്തിരി കൂടുതലാണെന്ന് അറിയില്ലേ. എന്നിട്ടാണോ പിള്ളേർക്ക് വാങ്ങിച്ചു വെക്കുന്ന ബേക്കറി സാധനങ്ങൾ മുഴുവനും വാരിവലിച്ചു കഴിക്കുന്നത്. വയസായവർക്ക് ഇത്രയും ആർത്തി ഉണ്ടാകുമോ?

ഡാഡി, ഈ ഗ്രാന്റ്പായ്ക്ക് ഒട്ടും കൾച്ചറില്ല. കാണുന്നിടത്തൊക്കെ തുപ്പിവെക്കുവാ. ഡേർട്ടി ഫെലോസ്!

മമ്മീ, അമ്മൂമ്മയുടെ റൂമിലെന്താ എപ്പോഴും ഒരു സ്മെൽ വരുന്നത്..
ഈ വൃത്തികെട്ട സാധനമെന്തിനാ കാലിൽ പുരട്ടുന്നത്?
എനിക്കീ മണം ഒട്ടും ഇഷ്ടമല്ല കേട്ടോ.

മമ്മീ, ഗ്രാന്റ്പായ്ക്ക് എന്തിനാ നമ്മളോടൊപ്പം ഫുഡ്‌ കൊടുക്കുന്നത്.എനിക്കത് ഒട്ടും പിടിക്കുന്നില്ല കേട്ടോ..
ഒരു ടേബിൾ മാനേഴ്സും അറിയില്ല ഇവർക്കൊന്നും..
എന്തൊരു കഷ്ടമാണ് !
എനിക്ക് ഏതെങ്കിലും ഹോസ്റ്റലിൽ താമസിച്ചാൽ മതി..

മക്കളെക്കൊണ്ട് ഇങ്ങനെ ഓരോന്നും പറയിപ്പിക്കാതെ രണ്ട് പേർക്കും മുറിയിലെവിടെയെങ്കിലും അടങ്ങിയൊതുങ്ങി ഇരുന്നാൽ പോരായോ. സമയമാകുമ്പോൾ കഴിക്കാനും കുടിക്കാനുമുള്ളത് അങ്ങോട്ട് എത്തിക്കും..
അതുമതി.

മടുത്തു!!

വൃദ്ധൻ ഭാര്യയെയും കൂട്ടി മുറിയിൽ കയറി വാതിലടച്ചു.
വയസായവർ ഭൂമിക്കുമാത്രമല്ല,സ്വന്തം വീടിനും ഒരു ഭാരമാണ്.. അതുകൊണ്ടു മേലിൽ മക്കൾക്ക്‌ ഒരു ബാധ്യത ആകാതെ ഞങ്ങൾ ഒഴിഞ്ഞു പോകുന്നു.

വക്കും മൂലയും തേഞ്ഞ വരിയിലൂടെ പഴകിയ രണ്ട് ജീവിതങ്ങൾ അമിതമായി കഴിച്ച മരുന്നിന്റെ ആലസ്യത്തിൽ അങ്ങനെ ഉരുകിയൊലിച്ചില്ലാതെയായി!!

ശാലിനി മുരളി ✍️

Leave a Reply

Your email address will not be published. Required fields are marked *