അച്ഛന്റെ മക
(രചന: Nisha Suresh Kurup)
ഉണ്ണിക്ക് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല. ആലോചിക്കും തോറും മനസിൽ എവിടെയോ ഒരു വിങ്ങൽ …
അവളുടെ തേങ്ങലോടെയുള്ള ശബ്ദം വീണ്ടും വീണ്ടും കാതുകളിൽ പ്രകമ്പനം കൊള്ളിച്ചു കൊണ്ടിരുന്നു. തന്റെ ചോരയാണ് ,അച്ഛന്റെ ജീവനാണ് എന്നിട്ടും എനിക്കെന്തേ അവളോട് അത്രയും പൗരുഷമായി സംസാരിക്കാനും ,ഫോൺ കട്ട് ചെയ്യാനും തോന്നിയത്.
ആലോചിച്ച് ഉറക്കം നഷ്ടമായ ഉണ്ണി പതിയെ എഴുന്നേറ്റു . ജഗ്ഗിൽ നിന്ന് വെളളം ആവേശത്തോടെ കുടിച്ചു. തന്റെ മുറിയിലെ വെട്ടം കണ്ടിട്ടാവണം ഉറങ്ങിയില്ലെന്ന് ചോദിച്ചു കൊണ്ട് അമ്മ
അകത്തേക്ക് വന്നു. ഉണ്ണി ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് അമ്മ അവന്റെ അരികിൽ കിടക്കയിൽ ഇരുന്നു.
അവന് അറിയാം അമ്മക്കും ഇന്ന് ഉറങ്ങാൻ കഴിയില്ലെന്നു . കുറച്ച് നേരം രണ്ടു പേരും എന്തോ ചിന്തിച്ചിരുന്നു .പിന്നെ അമ്മ തന്നെ നിശബ്ദതക്ക് വിരാമമിട്ടു കൊണ്ട് തുടർന്നു.
“ഉണ്ണീ മോൻ പോകണം . മരിച്ചു പോയ അച്ഛന്റെ ആത്മാവ് സങ്കടപ്പെടുന്നുണ്ടാവും എന്താണ് വേണ്ടത് എന്ന് വെച്ചാൽ എല്ലാം ചെയ്ത് കൊടുക്കണം.
ആ കുട്ടി ഒരു തെറ്റും ചെയ്തിട്ടില്ല.”ഉണ്ണി അമ്മയെ തന്നെ നോക്കി അത് പറയുമ്പോഴും എന്ത് ശാന്തതയാണ് അമ്മക്ക് ആരോടും , ഒന്നിനോടും ദേഷ്യമില്ല. അച്ഛൻ അമ്മക്ക് എന്നും
കാണപ്പെട്ട ദൈവമാണ്. ഇപ്പോഴും അതിനൊരു മാറ്റവുമില്ല. ഇന്നും തനിക്ക് അമ്മയെ പിടി കിട്ടുന്നേയില്ല.
അമ്മക്ക് അച്ഛനെ അത്രയും ഇഷ്ടമാണെന്നറിയാവുന്നത് കൊണ്ടായിരിക്കാം എനിക്ക് അവളെ ഒരിക്കലും ഉൾകൊള്ളാനും സ്നേഹിക്കാനും കഴിയാത്തത്.
ഒരു നിശ്വാസത്തോടെ അമ്മ എഴുന്നേറ്റ് അമ്മയുടെ മുറിയിലേക്ക് പോയി .ഉണ്ണി അമ്മ പോകുന്നതും നോക്കിയിരുന്നു. അവന്റെ ചിന്തകൾ അച്ഛന്റെ അടുത്തെത്തി.
അച്ഛനും അമ്മയും താനും സന്തോഷത്തോടെ കഴിഞ്ഞിരുന്ന നാളുകൾ. തനിക്ക് ഏകദേശം അഞ്ച് വയസുള്ളപ്പോൾ ആണ് ആ വാർത്ത അറിയുന്നത് . ഒളിഞ്ഞും തെളിഞ്ഞും പലരും പറഞ്ഞു അച്ഛന് വേറെ ഒരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് .
അമ്മ മാത്രം വിശ്വസിച്ചില്ല. ഒടുവിൽ ആ സ്ത്രീയിൽ അച്ഛന് ഒരു കുഞ്ഞ് ജനിക്കും വരെ . അച്ഛന് കുറച്ച് ദൂരെ ആയിരുന്നു ജോലി. ആഴ്ചയിൽ ഒരിയ്ക്കൽ വീട്ടിൽ
വരും. ജോലി സ്ഥലത്ത് വെച്ചുണ്ടായ അടുപ്പം. അച്ഛൻ അവിടെ വാടകക്ക് താമസച്ചിരുന്നത് ആ സ്ത്രീയുടെ വീട്ടിലാണ്.
ആ സ്ത്രീയും അവരുടെ അച്ഛനും മാത്രമേ ആ വീട്ടിലായിരുന്നുള്ളു. അവസ്ഥയൊക്കെ മോശമായത് കൊണ്ട് അത്രയെങ്കിലും സഹായമായിക്കോട്ടേന്ന് വിചാരിച്ച് പരിചയത്തിലാരോ അച്ഛന്
അവിടെ വീട് വാടകക്ക് ഏർപ്പെടുത്തി കൊടുത്തതായിരുന്നു. അച്ഛന് ആഹാരമൊക്കെ കൊണ്ട് കൊടുക്കുന്നത് അവരായിരുന്നു.
അങ്ങനെയുണ്ടായ അടുപ്പം. അറിഞ്ഞ നിമിഷം അമ്മ തളർന്നിരുന്നു. അടുത്ത ബന്ധുക്കൾ വരെ കുറ്റപ്പെടുത്തി , അമ്മക്ക് കഴിവില്ലാഞ്ഞിട്ടാണെന്ന് .
അമ്മയുടെ വീട്ടുകാർ അച്ഛനെ ഉപേക്ഷിച്ച് ചെല്ലാൻ പറഞ്ഞു. അമ്മക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു എന്നെ അദ്ദേഹം ഉപേക്ഷിക്കും വരെ കൂടെ നില്ക്കും.
അച്ഛന്റെ മുഖത്തും കുറ്റബോധമുണ്ടായിരുന്നു. അമ്മ പരാതികളൊന്നും പറഞ്ഞില്ല പഴയ പോലെ അച്ഛന്റെ കാര്യങ്ങളൊക്കെ ഭംഗിയായി നോക്കി. എനിക്കും അച്ഛനെ
ഇഷ്ടമായിരുന്നു. പിന്നേടൊരിക്കൽ അറിയാൻ കഴിഞ്ഞു , ആ സ്ത്രീയുടെ അച്ഛൻ മരിച്ചെന്ന് അപ്പോഴേക്കും അച്ഛന് നാട്ടിലേക്ക് സ്ഥലം മാറ്റo കിട്ടിയിരുന്നു.
ആരുമില്ലാതിരുന്ന അവരെ മറ്റു വഴിയൊന്നുമില്ലാതെ അച്ഛൻ നാട്ടിൽ കൊണ്ടു വന്നു. ഞങ്ങളുടെ വീടുമായി അധികം ദൂരമില്ലാത്തടുത്ത് താമസിപ്പിച്ചു. എല്ലാത്തിനും അമ്മ മൗനസമ്മതം നല്കി. ഞാൻ സ്കൂളിൽ പോകുന്ന വഴിക്കായിരുന്നു ആ വീട് ..
അറിയാതെ അത് വഴി പോകുമ്പോൾ അങ്ങോട്ട് നോക്കി പോവും .. അന്നാദ്യമായി കണ്ടു ഒരു രണ്ടു വയസുകാരിയെ …അവളെ അച്ഛന്റെ മകളെ .. ഉണ്ണിമായ അതായിരുന്നു
അവളുടെ പേര് , ഉണ്ണികൃഷ്ണൻ എന്ന തന്റെ പേരിനോട് സാമ്യമായി അച്ഛൻ ചാർത്തി കൊടുത്തത്.കൂട്ടുകാരൊക്കെ ഓരോന്ന് പറഞ്ഞ് കളിയാക്കും .
അച്ഛന് രണ്ട് ഭാര്യയെന്നും ,എന്നെയും അമ്മയെയും കാട്ടിലും ഇഷ്ടം അവരെയാണെന്നുമൊക്കെ .തന്റെ കുഞ്ഞ് മനസിൽ അതൊരു നീറ്റലായി
പടർന്നു. അച്ഛൻ അരികിലില്ലാത്ത ചില രാത്രികളിൽ തന്നെ തലോടുന്ന അമ്മയുടെ നെടുവീർപ്പുകൾ തന്റെ ഉള്ളിൽ ആ സ്ത്രീയോടും അവളോടുമുള്ള ദേഷ്യമായി വളർന്നു.
അച്ഛന് തന്നെ ജീവനായിരുന്നു അത് പോലെ തന്നെ അവളെയും . തനിക്ക് കിട്ടാനുള്ള സ്നേഹം പകുത്ത് പോകുന്നതിലുള്ള സ്വാർത്ഥതയുമുണ്ടായിരുന്നു.
കാലങ്ങൾ പോകവേ തനിക്ക് ആ നാണക്കേട് കൂടി കൂടി വന്നു.അങ്ങനെ ഇരിക്കെ ഒരു നാൾ അച്ഛൻ നമ്മളെ വിട്ട് പോയി.
അവൾ ഡിഗ്രിക്കും ഞാൻ ഉപരിപഠനവുമായി പുറത്തും ആയിരുന്ന സമയം. അച്ഛനു സുഖമില്ലാഞ്ഞതിനാൽ നാട്ടിൽ വന്ന എന്നെ കണ്ട അച്ഛൻ കൈയ്യ് പിടിച്ച് എന്നോട് പറഞ്ഞത് ഒന്നു മാത്രമായിരുന്നു.
ഉണ്ണിമായ നിന്റെ അനിയത്തിയാണ്. നീ വേണം നിന്റെ കൂടെപ്പിറപ്പിന്റെ ഇനിയുള്ള കാര്യങ്ങൾ നോക്കാൻ അവൾക്ക് വേറെ ആരുമില്ല….
അതും പറഞ്ഞ് അച്ഛൻ എന്നെന്നേക്കുമായി യാത്രയായി. മരണത്തിന് ബന്ധുക്കൾ അവരെ വീട്ടിൽ കയറ്റാൻ മടിച്ചു .
എന്നാൽ അമ്മ കണ്ണീരിനിടയിലും പറഞ്ഞത് അവര് കണ്ടോട്ടെ ആ കുട്ടി അതിന്റെ കർമ്മങ്ങൾ ചെയ്യട്ടെ ഇല്ലേൽ അച്ഛന് വിഷമമാവും പിന്നെ ആരും എതിർത്തില്ല.
അതിനു ശേഷം അമ്മയും ഞാനും അവിടുന്ന് അമ്മയുടെ തറവാട് വീട്ടിലേക്ക് മാറി. ഞാൻ വിദേശത്ത് ജോലിയായി പോയി. അമ്മ അവരെ കാണാൻ പോകാനൊക്കെ വരുമ്പോൾ എന്നെ നിർബന്ധിക്കും.
അവർക്കു കൊടുക്കാനുള്ളതെല്ലാം അച്ഛൻ കൊടുത്തല്ലോ പിന്നെ എന്തിനാ അവരെ കാണുന്നതെന്ന് പറഞ്ഞ് ഞാൻ അമ്മയുടെ വായടപ്പിക്കും.
എന്നാലും അമ്മയുടെ ഫോൺ വിളികളിലൊക്കെ അവര് നിറഞ്ഞു നിൽക്കും. ഒരിക്കൽ അറിഞ്ഞു അവൾക്കു രാഷ്ട്രീയത്തിലൊക്കെയുള്ള ഏതോ പയ്യനുമായി ഇഷ്ടമാണ് കല്ല്യാണം
ഉറപ്പിച്ചുവെന്നു . കല്ല്യാണം വിളിക്കാൻ നേരിട്ട് വരാനുള്ള പേടി കൊണ്ട് എനിക്ക് ഫോൺ ചെയ്തു .ഞാൻ ഒരു ദാക്ഷണ്യവും കാണിക്കാതെ കട്ട് ചെയ്തു.
പിന്നെ അവൾക്ക് ഒരു മോനു ണ്ടായെന്ന് ഒരു മുത്തശ്ശിയുടെ സന്തോഷത്തോടെ അമ്മ വിളിച്ചറിയിച്ചു. കുറേ നാളിനു ശേഷം അവളുടെ അമ്മ മരിച്ചുവെന്നറിഞ്ഞു. അന്ന് ഞാൻ നാട്ടിൽ ഉണ്ടായിരുന്നു.
പോയി കാണാൻ അമ്മ പറഞ്ഞെങ്കിലും ഞാൻ പോയില്ല.എന്തിനോ എന്റെ അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു. രണ്ട് ദിവസം അമ്മ മൗനം പാലിച്ചിരുന്നു.
അവൾ ഇപ്പോൾ ഭർത്താവിന്റെ വീട്ടിലാണെന്നും അമ്മായിയമ്മയും കൂടിയേ ആ വീട്ടിൽ ഉള്ളുവെന്നും സുഖമായി കഴിയുന്നുവെന്നും അമ്മ ഇടയ്ക്ക് സന്തോഷിക്കുന്നത് കണ്ടു.
ഞാനിപ്പോൾ നാട്ടിലാണ് അമ്മയ്ക്ക് പ്രായത്തിന്റെ ചില അസുഖങ്ങളുണ്ട്. അതിനാൽ ഇവിടെ ജോലിയിൽ കയറി.അങ്ങനെ ഇരുന്നപ്പോളാണ് അർദ്ധരാത്രി ഉണ്ണിമായയുടെ ഫോൺ വന്നത്.
രാഷ്ട്രീയക്കാരുടെ പക പോക്കലിൽ അവളുടെ ഭർത്താവിനെ വണ്ടി ഇടുപ്പിച്ചിട്ടു തലയ്ക്ക് ക്ഷതമേറ്റു. എത്രയും പെട്ടന്ന് സർജറി വേണം. ആരുമില്ല സഹായിക്കാൻ സഹായിക്കണം എന്നവൾ യാചിച്ചു.
ഒന്നും മിണ്ടാതെ നിന്ന എന്നെ അവൾ ആദ്യമായി ഏട്ടാന്നു വിളിച്ചു.രക്ഷിക്കണം. …എനിക്ക് ആരുമില്ല അവൾ കരഞ്ഞു കൊണ്ടിരുന്നു.
നീ എനിക്ക് ആരുമല്ലെന്നും അന്യരെ സഹായിക്കേണ്ട കാര്യം എനിക്കില്ലന്നും മേലാൽ വിളിക്കരുതെന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
ഹാളിൽ നിന്നാണ് ഞാൻ സംസാരിച്ചത്.എന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടിട്ടാവണം അമ്മ എഴുന്നേറ്റ് വന്നിരുന്നു. നിറഞ്ഞ മിഴികളാൽ അമ്മ മാലയിട്ട് ഭിത്തിയിലിരിക്കുന്ന അച്ഛന്റെ ഫോട്ടോയിലേക്ക് നോക്കി. എന്റെ മിഴികളും അതിലുടക്കി.
അച്ഛൻ കരയുകയാണോ , അപേക്ഷിക്കുകയാണോ മനസ് ആദ്യമായി പിടഞ്ഞു. അമ്മ ചുമലിൽ കൈയ്യ് വെച്ച് എന്നോട് പറഞ്ഞു. ദോഷം കിട്ടും അച്ഛൻ വിഷമിക്കും നിന്നോട് പൊറുക്കില്ല നീ വേണ്ടെ അവൾക്ക്
അച്ഛന്റെ സ്ഥാനത്ത് നില്ക്കാൻ ആരുമില്ലാത്ത കുട്ടിയല്ലേ ? അതാണ് ഉറങ്ങാൻ പറ്റാത്ത വിധം തന്നെ ചിന്താകുഴപ്പത്തിലാക്കിയത്. നേരം വെളുത്ത് തുടങ്ങി ….
അതിരാവിലെ ഹോസ്പിറ്റലിൽ ഉണ്ണി പോകുമ്പോൾ അമ്മയും കൂടെ വരുന്നെന്ന് വാശിപ്പിടിച്ചു. അവർ ICU വിന്റ അടുത്തേക്ക് നടന്നപ്പോഴേ കണ്ടു
കസേരയിൽ കുനിഞ്ഞിരിക്കുന്ന അവളെയും അടുത്തു കുഞ്ഞിനെയും മടിയിൽ വെച്ച് ഇരിക്കുന്ന ഭർത്താവിന്റെ അമ്മയെയും .
കുറച്ച് അപ്പുറത്തായി രണ്ട് ചെറുപ്പക്കാരും നില്പുണ്ട്. അവരെ കണ്ട് തല ഉയർത്തിയ അവളുടെ മുഖം വിടർന്നു. പിന്നെ അത് സങ്കടമായി ഒഴുകി. അമ്മ കസേരയിൽ
ഇരിക്കുന്ന അവളെ അമ്മയുടെ വയറ്റിലേക്ക് ചേർത്ത് പിടിച്ചു. ഒരു കൊച്ചു കുട്ടിയെ പോലെ അവൾ കെട്ടിപ്പിടിച്ച് കരഞ്ഞു …
അമ്മയ്ക്കും നിയന്ത്രിക്കാൻ കഴിഞ്ഞില്ല .. മോളെ … അമ്മ പെയ്തിറങ്ങുന്ന മിഴികളാൽ അവളെ തലോടിക്കൊണ്ടിരുന്നു. ഭർത്താവിന്റെ അമ്മ തളർന്ന മുഖത്താൽ ഉണ്ണിയെ
നോക്കി. ചെറുപ്പക്കാർ അവളുടെ ഭർത്താവിന്റെ കൂട്ടുകാർ ആണ് . അവരിൽ നിന്ന് അറിയാൻ കഴിഞ്ഞു അവന് ഒരു ചിട്ടിക്കമ്പനിയിലാണ് ജോലി.
തന്റെ പാർട്ടിക്കുവേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവൻ. കുടുംബത്തെയും അത് പോലെ സ്നേഹിക്കുന്നു. ജോലിയും വീടുമുണ്ടെന്നല്ലാതെ വേറെ സമ്പാദ്യങ്ങൾ ഒന്നുമില്ല. അവനും അവന്റെ അമ്മക്കും
ഉണ്ണിമായയെ ജീവനാണ്. ബൈക്കിൽ വരുകയായിരുന്ന അവനെ ഏതോ വല്ല്യവണ്ടി കൊണ്ട് ഇടിച്ച് തെറുപ്പിച്ചതാണ്.
രാഷ്ട്രീയക്കാരല്ലെ കേസ് ഒന്നുമില്ലാതെ ഒതുക്കി തീർക്കും . സർജറി ചെയ്താൽ രക്ഷപ്പെടും. അതിന് കാശ് …അത്രയും പറഞ്ഞ് കൂട്ടുകാരൻ ഉണ്ണിയെ നോക്കി.
പിന്നെ എല്ലാം വേഗത്തിൽ നടന്നു. ഉണ്ണി കാശ് അടച്ചു . സർജറി കഴിഞ്ഞു . കുഴപ്പമൊന്നുമില്ല കുറച്ച് ദിവസം കൂടി ICU കിടക്കണം.
എല്ലാ കാര്യത്തിനും ഉണ്ണി ഓടി നടന്നു.അവളും ഭർത്താവിന്റെ അമ്മയും അകത്ത് കയറി കണ്ടു ബോധം വീണിട്ടില്ല. വീണ്ടും കസേരയിൽ വന്ന് ഇരുന്ന അവളെ അമ്മ നിർബന്ധിച്ചു വെള്ളം വല്ലതും
കുടിക്കാൻ പറയുന്നു. വേണ്ടന്ന് വാശി പിടിച്ച അവൾക്ക് അമ്മ വായിൽ കൊണ്ട് വെള്ളം ചേർത്ത് കൊടുത്ത് കുടുപ്പിക്കുന്നു.
കുഞ്ഞിനെ എടുത്ത് ക്യാന്റിനിൽ നിന്ന് വാങ്ങിയ പലഹാരം കുറേശ്ശെ വായിൽ വെച്ച് കൊടുക്കുന്നു. അവന്റ അമ്മക്ക് ചായ പകർന്നു കൊടുക്കുന്നു. അമ്മ എത്ര പെട്ടന്നാണ് എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നതെന്ന് അവൻ ചിന്തിച്ചു.
അവളുടെ കുഞ്ഞ് അമ്മയുമായി പെട്ടന്ന് അടുത്തു. ഉണ്ണിക്ക് ഇത്രയൊക്കെ ചെയ്തെങ്കിലും അവളോട് മിണ്ടാൻ ഒരു മടിയായിരുന്നു. അവൾ ഇടയ്ക്കിടെ തന്നെ നോക്കുന്നത് ഉണ്ണി കണ്ടു.
അപ്പോഴാണ് കുഞ്ഞിനെ ഉണ്ണിയുടെ അടുത്തേക്ക് അമ്മ കൊണ്ട് വന്നത് കുഞ്ഞ് ഉണ്ണിയെ നോക്കി നിഷ്ക്കളങ്കമായി ചിരിച്ചു പിന്നെ എടുക്കാൻ കൈയ്യ് നീട്ടി.
പിടിച്ചു നില്ക്കാൻ അവനു കഴിഞ്ഞില്ല കുഞ്ഞിനെ വാരി എടുത്ത് തന്നിലേക്കു ചേർത്തു. അവളുടെ അടുത്തേക്ക് ചെന്നപ്പോഴേ അവൾ എഴുന്നേറ്റു
മോളെ … അവൻ നീട്ടി വിളിച്ചു കൈക്കുള്ളിലേക്ക് അവളെയും ചേർത്ത് പിടിച്ചു … അവൾ പറയുന്നുണ്ടായിരുന്നു എനിക്കറിയാമായിരുന്നു ചേട്ടൻ വരുമെന്ന്
അച്ഛൻ പറഞ്ഞിട്ടുണ്ട് , അച്ഛന് എന്തേലും പറ്റിയാൽ , ഒരാപത്തിൽ വിളിച്ചാൽ വരാൻ ഏട്ടൻ ഉണ്ടെന്ന് ഒറ്റക്കാക്കത്തില്ലെന്നു .അതെ … അതെ … ഞാനുണ്ട്…തലയാട്ടി ഉണ്ണി അവളെ തന്നിലേക്ക് കൂടുതൽ
കരുതലോടെ ചേർത്ത് പിടിച്ചു. അവന്റെ കണ്ണുകൾ എന്തിനോ നിറഞ്ഞു … അമ്മയുടെ നയനങ്ങളും സന്തോഷത്താൽ തിളങ്ങി ….