(രചന: ജ്യോതി കൃഷ്ണ കുമാർ)
“””ഏഴു ബി യാണ് ടീച്ചർടെ ക്ലാസ്സ്..ല്ലേ .””
എന്ന് പറഞ്ഞപ്പോൾ ഒന്നു തിരിഞ്ഞു നോക്കി.. പിടി മാഷ് ആണ്…
“”അതേ “”” എന്ന് മറുപടി കൊടുത്തു..
അപ്പോൾ എന്തോ രഹസ്യം പറയുന്ന പോലെ പറഞ്ഞിരുന്നു..
“””സൂക്ഷിച്ചോളൂ… അതാ ചെക്കൻ ഉള്ള ക്ലാസ് ആണ് “””‘ എന്ന്..ഒന്നും മനസ്സിലാവാതെ നെറ്റി ചുളിച്ചു നിൽക്കുന്നത് കണ്ടിട്ടാവണം,വീണ്ടും പറഞ്ഞത്..
“””ആ ആദിശേഷൻ… അമ്മേം പെങ്ങളെയും തിരിച്ചറിയാത്തോനാ…”” എന്ന്…
ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിക്ക് നൽകിയ വിശേഷണത്തിൽ ഞെട്ടി നിൽക്കുകയായിരുന്നു ഞാനുംഅയാൾ അത്രയും പറഞ്ഞ് നീങ്ങി..
ആദിശേഷൻ”””” എന്ന പേര് മനസ്സിൽ പതിഞ്ഞു അപ്പോഴേക്കും..ഇത്തിരി നേരം കേട്ടത് ഒന്നുകൂടെ മനസ്സിൽ ആവർത്തിച്ചു..എന്നിട്ട് ക്ലാസ്സിലേക്ക് നടന്നു..
പുതിയ ടീച്ചറെ കണ്ടതും എല്ലാ കുട്ടികളും എഴുന്നേറ്റു നിന്നു.. ഒരാൾ ഒഴികെ.. മറ്റുള്ളവരുടെ അമ്പരപ്പില്ലായ്മയിൽ നിന്ന് ഇതിവിടെ പതിവാണ് എന്ന് മനസ്സിലായി..
അലസമായാണ് അവന്റെ ഇരുത്തമെങ്കിലും എന്തോ ഒരാകർഷണീയത തോന്നിയിരുന്നു…
അവന്റെ വെട്ടാത്ത മുടിയിഴകളും കൂട്ട് പുരികവും എല്ലാം അവനെ എന്റെ അപ്പുവിനെ പോലെ തോന്നിപ്പിച്ചു..
ഏറെ സ്നേഹിച്ച് കൊതി തീരും മുമ്പ് ഞങ്ങളെ വിട്ട് പോയ എന്റെ കുഞ്ഞനുജൻ..
അത് കൊണ്ട് തന്നെ നേരത്തെ അവനെ പറ്റി കേട്ടതെല്ലാം മനസ്സിൽ നിന്നും പോയി…
പകരം വാത്സല്യം നിറഞ്ഞു.. മെല്ലെ ഹാജർ പട്ടിക എടുത്തു… ഓരോരുത്തരെ ആയി പേര് വിളിച്ചു..
“”ആദിശേഷൻ “”” എന്ന് വിളിച്ചപ്പോൾ മറുപടി ഇല്ലായിരുന്നു.. ഇത്തവണ അവന്റെ നിഷേധം ഇത്തിരി എന്നെ ചൊടിപ്പിച്ചു..
“‘പ്രസന്റ് പറയാത്തവർക് ഇന്ന് ലീവ് കിടക്കട്ടെ “””എന്ന് അവനെ നോക്കി പറഞ്ഞു..അവനത് കേൾക്കാത്ത മട്ടിൽ ഇരുന്നു…
ഞാൻ കേൾക്കുമ്പോഴൊക്കെ ഞാൻ അവനെ തന്നെ നോക്കി… അലസമായി ഇരിക്കുന്ന അവനെ കാണെ എന്റെ ഉള്ളിൽ ആവനോട് ദേഷ്യം തോന്നി..പോകാൻനേരം ആദിശേഷൻ എന്റെ കൂടെ വരൂ എന്ന് പറഞ്ഞിട്ടാണ് പോയത്..
അവൻ എന്റെ പുറകെ വന്നു…
സ്റ്റാഫ് റൂമിലെത്തിയതും ഞാൻ എന്റെ സീറ്റിൽ പോയിരുന്നു…“””” അപ്പു എന്താ ക്ലാസ്സിൽ ശ്രദ്ധിക്കാത്തത്??? “””
എന്തോ ഒരു ബോധത്തിൽ ഞാൻ ആ കുട്ടിയെ അപ്പു എന്ന് വിളിച്ചു… അത് കേട്ടിട്ടാവണം അവൻ ഞെട്ടി എന്നെ നോക്കിയത്…ആരെയും കൂസാത്ത അവന്റെ മുഖ ഭാവം പെട്ടെന്ന് മാറി..
ആ മിഴികൾ നിറയുന്നത് ഞാൻ കണ്ടു..
ആ മുഖം ചുവന്നിരുന്നു.. പെട്ടെന്ന് അറിയാതെ അങ്ങനെ അവനെ വിളിച്ചതിൽ ഞാനും വല്ലാണ്ടായി….
അവൻ ഒന്നും പറയാതെ എന്റെ മുന്നിൽ നിന്നും ഓടി പോയി…കുറച്ചു നേരത്തിന് എന്ന് വേണം എന്ന് എനിക്ക് അറിയില്ലായിരുന്നു.. എല്ലാം കണ്ടിട്ടാണ് പിടി മാഷ് എത്തിയത്..
“”” ടീച്ചർ ആ കുട്ടിയെ നന്നാക്കാനുള്ള പുറപ്പാടാണോ??? സ്വന്തം ചെറിയമ്മയെ കേറി പിടിച്ചവനാ… സൂക്ഷിച്ചാൽ അവനവനു കൊള്ളാം “””
എന്ന് പറഞ്ഞു…എന്ന് പറഞ്ഞു…പിടി മാഷ് പറഞ്ഞത് ഞെട്ടലോടെയാണ് കേട്ടത്..“”‘സ്വന്തം ചെറിയമ്മയെ??? ഇത്രയും ചെറിയ കുഞ്ഞ്???”””
ആകെ കൂടെ തല പെരുക്കുന്ന പോലെ തോന്നി..എന്റെ അപ്പുവിനെ പോലെ ഉള്ള ആ കുട്ടിക്ക് അതൊന്നും ചെയ്യാൻ കഴിയില്ല എന്ന് തന്നെ വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം..
പിന്നീട് അവന്റെ ക്ലാസ്സിൽ ചെന്നപ്പോൾ എല്ലാവരുടെയും കൂടെ അവനും എണീറ്റ് നിന്നപ്പോൾ മറ്റുള്ള കുട്ടികൾ അവനെ അത്ഭുതത്തോടെ നോക്കിയിരുന്നു..
പ്രസന്റ്പറഞ്ഞു..ക്ലാസ്സിൽ അവൻ എന്നെ നോക്കിയില്ലെങ്കിലും ശ്രെദ്ധിക്കുന്നുണ്ടെന്ന് മനസിലായി..എന്തോ ഇത്തവണ അവൻ എന്റെ അപ്പു തന്നെ ആണെന്ന് തോന്നിപോയി..
ഞാൻ അവനെ ശ്രെദ്ധിക്കാത്തപ്പോൾ എല്ലാം അവൻ എന്നെ നോക്കുന്നത് ഞാൻ അറിഞ്ഞിരുന്നു..
ക്ലാസ് കഴിഞ്ഞു പോകും മുമ്പ് അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൻ അറിയാതെ തന്നെ ഒരു ചിരി വിടർന്നു..
അത് കാണെ തിരിച്ചും ഒന്നു ചിരിച്ചു ഞാൻ നടന്നകന്നു..ക്രമേണ അവനോട് ചെറിയൊരു അടുപ്പം രൂപപ്പെട്ടു.. അവന് എന്നോടും..
അന്ന് അസ്സംബ്ലിയിൽ നിൽകുമ്പോൾ അവൻ തല കറങ്ങി വീണത് കണ്ട് ഞാൻ ഏറെ പരിഭ്രമിച്ചു..
ന്റെ അപ്പു ഞങ്ങളെ വിട്ട് പോയതായിരുന്നു എന്റെ മനസ്സ് മുഴുവൻ… വേഗം സ്റ്റാഫ് റൂമിൽ കൊണ്ട് കിടത്തി.. രാവിലെ ഒന്നും കഴിക്കാത്തതായിരുന്നു അവൻ തല കറങ്ങി വീഴാൻ കാരണം..
കൊടുത്ത ചായ ആർത്തിയോടെ അവൻ കുടിക്കുന്നത് സഹതാപത്തോടെ നോക്കി..
മെല്ലെ അവനരികിൽ ചെന്നിരുന്നു…“‘അപ്പൂ… അപ്പു എന്താ ഇന്ന് ഒന്നും കഴിക്കാഞ്ഞേ???അങ്ങനെ വിളിക്കാനാണ് തോന്നിയത്…അവൻ മിഴിപിടഞ്ഞു എന്നെ നോക്കി..“”ഞാൻ അല്ലേലും ഒന്നും കഴിക്കാറില്ലല്ലോ ടീച്ചറെ “” എന്ന് പറഞ്ഞു…
പിന്നെ അറിയുകയായിരുന്നു..
അച്ഛന്റെ രണ്ടാം ഭാര്യ, അവന്റെ ചെറിയമ്മ ചെയ്യുന്ന ക്രൂരതകളെ കുറിച്ച്….അവരുടെ വാക്ക് കേട്ട് അവനെ ഉപദ്രവിക്കുന്ന അച്ഛനെ കുറിച്ച്…അപ്പോൾ ഓർമ്മയിലേക്ക് പഴയ ആ അപ്പു കയറിവന്നു…
പിറ്റേദിവസം മുതൽ അവനായി ഒരു ഭക്ഷണപ്പൊതി കരുതി..
വാങ്ങാൻ മടിച്ചിരുന്നു അവൻ എങ്കിലും നിർബന്ധിച്ചപ്പോൾ അത് വാങ്ങി..
പിന്നീടങ്ങോട്ട് അവനും ഞാനും അറിയാതെ തന്നെ വല്ലാത്തൊരു ആത്മബന്ധം ഞങ്ങൾക്കിടയിൽ ഉടലെടുത്തു…
ഒരിക്കൽ ഞാൻ അവനോടു ചോദിച്ചു ആളുകൾ പറഞ്ഞു നടക്കുന്നതിന്റെ യാഥാർത്ഥ്യം..
ഒന്നു മടിച്ചു അവൻ പറഞ്ഞു, മറ്റാരെയോ അച്ഛനില്ലാത്തപ്പോൾ വിളിച്ചു കേറ്റുന്ന രണ്ടാനമ്മയെ കുറിച്ച്…
അത് കണ്ടുപിടിച്ചപ്പോൾ അവന്റെ തലയിൽ അവർ തന്നെ വച്ചുകൊടുത്ത ഒരു ആഭാസന്റെ വേഷത്തെക്കുറിച്ച്….
“”” എന്നെ അച്ഛൻ തല്ലുന്നത് ഒക്കെ… അവർക്ക് വേണ്ടിയാണ് ടീച്ചറെ.. അത്രയും അച്ഛൻ അവരെ സ്നേഹിക്കണോണ്ടല്ലേ… എന്നിട്ടും അവർ എന്റെ അച്ഛനെ ചതിക്കുകയല്ലേ”””
അത് പറയുമ്പോൾ മുറുകുന്ന അവന്റെ മുഖത്തേക്ക് ഞാൻ നോക്കിയിരുന്നു…ആ കുരുന്നിനോട് തിരിച്ചു പറയാൻ എനിക്ക് മറുപടി ഇല്ലായിരുന്നു …പോവാൻ നേരം ഇത്രകൂടി അവൻ പറഞ്ഞിരുന്നു…
“”” അമ്മ മരിച്ചേ പിന്നെ അവനെ ആരും അപ്പു എന്ന് വിളിച്ചിട്ടില്ല എന്ന്..എന്തുചെയ്യണമെന്നറിയാതെ ഇരുന്നു…പിറ്റേദിവസം വല്ലാത്തൊരു വാർത്തയാണ് അറിഞ്ഞത് …
കേട്ടപാടെ അവന്റെ വീട്ടിലേക്ക് ഓടി ചെന്നു ഞാൻ .. അവിടെ ചലനമറ്റുകിടക്കുന്ന അവന്റെ അച്ഛന്റെ ശരീരത്തിന് അരികെ മറ്റൊരു മൃതദേഹവും കിടന്നിരുന്നു…
രണ്ടാം ഭാര്യയുടെ തനിസ്വരൂപം കണ്ട അവന്റെ അച്ഛനെ അയാൾ കൊന്നപ്പോൾ..കയ്യിൽ കിട്ടിയത് എടുത്ത് അയാളുടെ തലയ്ക്ക് അവനും അടിച്ചു…
കയ്യിൽ വിലങ്ങുമായി സർവ്വവും നഷ്ടപ്പെട്ട പോലെ തകർന്നു ഇരിക്കുന്നവനെ അലിവോടെ നോക്കി…
പോലീസ് അവരുടെ ഫോർമാലിറ്റി കൾ ചെയ്യുന്നുണ്ട്..“”” മോനേ അപ്പു “”എന്ന് അറിയാതെ വിളിച്ചു പോയി…
“” എന്നെ… ഇനി അങ്ങനെ വിളിക്കേണ്ട ടീച്ചറെ… ആ വിളിക്ക് ഇനി ഞാൻ അർഹനല്ല.. പോവാണ് എന്നാലും മനസ്സില് അമ്മയുടെ സ്ഥലത്ത് തന്നാ ഈ ടീച്ചറുടെ രൂപവും… അതെന്നും അവിടെ തന്നെ അങ്ങ് കാണും “””
അവൻ പോകുന്നതോ മുന്നിൽ നടക്കുന്നതോ പിന്നെ ഞാൻ കണ്ടില്ല..ആറു വർഷത്തെ ശിക്ഷ കഴിഞ്ഞ് അവൻ ഇറങ്ങാൻ നേരം പുറത്ത് ഞാൻ ഉണ്ടായിരുന്നു.. അന്ന് അവൻ എനിക്ക് കൽപ്പിച്ച് തന്ന അവന്റെ മനസ്സിലെ, അമ്മയായി…..