“കഷ്ടം ആക്സിഡന്റ് ആണെന്ന് തോനുന്നു …. നല്ലൊരു പയ്യനായിരുന്നു കാണാനൊക്കെ എന്ത് ഭംഗിയാ ”
“ഉം… അതേ അതേ… ആള് രക്ഷപെടും എന്ന് തോന്നുന്നില്ല തലയിടിച്ചാ വീണത്.
കൂടാതെ നല്ല രീതിക്ക് ബ്ലീഡിങ്ങുംഉണ്ട് ”
“പാവം ചെറിയ പയ്യനാണ് ….
ആ ഹാൻഡിലിൽ തൂക്കിയിട്ട
ഹെൽമറ്റ് തലയിൽ വച്ചിരുന്നെങ്കിൽ ചിലപ്പോൾ ജീവനെങ്കിലും രക്ഷപെട്ടേനെ ഹാ.. തിരക്കിനിടയിൽ എവിടെയാ ജീവനെകുറിച്ച് ചിന്തിക്കാൻ സമയം.
അതിന് സമയം ഉണ്ടായിരുന്നെങ്കിൽ റോഡിലെ ഈ മരണപാച്ചില്ലെങ്കിലും കുറഞ്ഞേനെ ..”
ദീർഘശ്വാസത്തോടെ പറഞ്ഞു നിർത്തിക്കൊണ്ടവർ വിഷമത്തോടെ പുറത്തേക്ക് നോക്കിയിരുന്നു.
ബസ്സിൽ തന്റെ മുന്നിലെ സീറ്റിൽ ഇരിക്കുന്നവർ പരസ്പരം പറയുന്നത് കേട്ടവൾ കാര്യം അറിയാനായി ഫോണിൽ നിന്ന് തലയുയർത്തി പുറത്തേക്ക് നോക്കി.
ഒരുപാട് ആളുകൾ കൂടി നിൽക്കുന്നതും ആരൊക്കെയോ ചേർന്ന് ആരെയോ ആംബുലൻസ്സിൽ കയറുന്നതും കണ്ടവൾ ഭയത്തോടെ കണ്ണുകൾ ഇറുകെ പൊത്തി.
“മോളേ….. ഓടല്ലേ…..”
അവൾക്ക് പിറകെ ഓടിവരുന്ന പയ്യൻ ഉറക്കെ വിളിച്ച്പറഞ്ഞു.
എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ അവൾ മുന്നോട്ട് ഓടിക്കൊണ്ടിരുന്നു.
ഇടക്ക് ധരിച്ച പാവാടയിൽ കാൽവിരൽ തടഞ്ഞവൾ കമഴ്ന്നുനിലത്തേക്ക് വീണു.
അത് കണ്ട് പിറകെ വന്ന പയ്യൻ ഓടിവന്നവളെ പിടിച്ചെഴുന്നേൽപ്പിച്ച ശേഷം
അവൾക്ക് മുന്നിൽ മുട്ട്കുത്തിഇരുന്നുകൊണ്ട് അവളുടെ കാലിലേക്ക് നോക്കി.
കാലിൽ പരിക്കുകൾ ഒന്നും ഇല്ലെന്ന് കണ്ടവൻ ആശ്വാസത്തോടെ അവളേ നോക്കി.
ആ… ഓർമ്മയിൽ ഒന്ന് പുഞ്ചിരിച്ചുകൊണ്ടവൾ വീണ്ടും പുറത്തേക്ക് നോക്കി .
റോഡിൽ തളം കെട്ടി കിടക്കുന്ന രക്തംവും ഗ്ലാസ്സ് പീസ്സുകളും കണ്ടവൾ ഓക്കാനിച്ചുകൊണ്ട് മുന്നിലെ സീറ്റിന്റെ മേലേക്ക് കൈവച്ചുകൊണ്ട് കമഴ്ന്നു കിടന്നു.
അരികിലിരുന്ന ചേച്ചി അവളുടെ അവസ്ഥ കണ്ട് കണ്ടക്ടറോട് ഒരു കവറ് വാങ്ങിച്ചവൾക്ക് നൽകിയ ശേഷം മുതുകിൽ പതിയേ തടവിക്കൊടുത്തു.
“ദേ….ഏട്ടാ….മര്യാദക്ക് എന്റെ പൊരിച്ചമീൻ തിരികെ തന്നോ….
ദേ… അമ്മേ നോക്കിക്കേ ഇവനെന്റെ പൊരിച്ചമീൻ എടുത്തോണ്ട് പോയി…..”
തന്റെ പ്ലെയിറ്റിൽ നിന്ന് അവൻ എടുത്തോണ്ട് പോയ പൊരിച്ചമീൻ ചൂടിക്കൊണ്ടവൾ കിച്ചണിലേക്ക് നോക്കി ഉറക്കെ വിളിച്ച് പറഞ്ഞു.
“ദേ.. സച്ചു നിനക്ക് മീൻ വേണേൽ ഞാൻ വേറെ തരാം.
നീയാ മീൻ അവക്ക് കൊടുത്തേ ഇല്ലെങ്കിൽ പെണ്ണിന്ന് ചെവിതലകേൾക്കാൻ സമ്മതിക്കില്ല.”
ഇരുവർക്കും കുടിക്കാനുള്ള വെള്ളയുമായവർ അവർ ഇരിക്കുന ടേബിളിനരികിൽ വന്ന് നിന്നുകൊണ്ട് പറഞ്ഞു.
“ഹാ… പിന്നേ… അവളേ പേടിച്ചിട്ട് ഞാനിപ്പോ ആ മീൻ കൊടുക്കും…ഞാനാ ആ മീൻ ആദ്യം എടുത്തത് എന്റേന്ന് അവള് തട്ടിപ്പറിച്ച് എടുത്തതല്ലേ എന്നിട്ട് എനിക്ക് കുറ്റവും ”
അവളേ നോക്കി പുച്ഛിച്ചുകൊണ്ടവൻ ആ മീനിൽ നിന്നൊരു വലിയ പീസ് എടുത്ത് വായിലേക്ക് വച്ചു.
അവനേ ഒന്ന് കൂർപ്പിച്ചു നോക്കിക്കൊണ്ടവൾ പെട്ടന്ന് ഭക്ഷണം കഴിച്ചെഴുന്നേറ്റ് ഒന്നുംപറയാതെ അവിടെ നിന്നും അകത്തേക്ക് നടന്നു.
അവളുടെ പോക്ക് കണ്ട് അവൻ പണിപാളിയോ എന്നുള്ള അർത്ഥത്തിൽ അമ്മയെ നോക്കി.
അവരുടെ ആക്കിയുള്ള ചിരികണ്ടവൻ ഉമിനീർവിഴുങ്ങി തലക്ക് കൈകൊടുത്തുകൊണ്ട് അവൾ പോയ വഴിയേ നോക്കി.
ഇതേ സമയം അവന് എന്ത് പണികൊടുക്കും എന്നാലോചിച്ചു കൊണ്ട് റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നവൾ ടേബിളിൽ ഇരിക്കുന്ന അവന്റെ ഫോൺ കണ്ട് സന്തോഷത്തോടെ അതിൽ എന്തൊക്കെയോ ചെയ്തശേഷം അത് തിരികെ ഇരുന്നിടത്തു തന്നെ വച്ചു.
അല്പം കഴിഞ്ഞതും കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടവൾ ഓടിവന്നു വാതിൽ തുറന്നു.
പുറത്ത് നിൽക്കുന്ന ഡെലിവറി ബോയിയെ കണ്ടവൾ പുഞ്ചിരിയോടെ ഫുഡ് വാങ്ങി തിരികെ റൂമിലേക്ക് കയറിപ്പോയി.
അവൾ ഫുഡ്ഡുമായി പോകുന്നത് കണ്ടവൻ സംശയത്തോടെ തന്റെപോക്കറ്റിൽ കയ്യിട്ട് നോക്കി.
അതിൽ തന്റെ ഫോൺ ഇല്ലെന്ന് കണ്ടവൻ ദൃതിയിൽ റൂമിലേക്ക് നടന്നു.
അല്പം കഴിഞ്ഞതും ചേട്ടന്റെ ഉറക്കെയുള്ള വിളികേട്ടവൾ തലവഴി പുതപ്പിട്ടുകൊണ്ട് അമർത്തി ചിരിച്ചു.
“ഡാ… നീയെന്തിനാ ഇങ്ങനെ കിടന്ന് തുള്ളുന്നത് ”
അവന്റെ കാട്ടികൂട്ടൽ കണ്ട് അവിടേക്ക് വന്ന അമ്മ കാര്യമറിയാനായിഅവനേ നോക്കി.
“ദേ.. നോക്കിക്കേ അമ്മേ അവളെന്റെ അക്കൗണ്ടിൽ നിന്ന് രണ്ടായിരം രൂപ ട്രാൻസ്ഫർ ചെയ്തേക്കുന്നു.”
ട്രാൻസാക്ഷൻ ഹിസ്റ്ററി അമ്മക്ക് കാണിച്ചു കൊടുത്തുകൊണ്ട് അവൻ ദേഷ്യത്തോടെ പറഞ്ഞു.
“അതിനെന്താ അവൾക്ക് വല്ല ആവശ്യത്തിനും ആവും സാരല്ല.”
“ഹേയ്.. ഇത് അതൊന്നും അല്ല അവളിപ്പോ പുറത്തുന്നു ഫുഡ് ഓർഡർ ചെയ്ത് വരുത്തിയതാ ”
“ആണോ… എന്നാ നന്നായി പോയി ഞാൻ അപ്പഴേ പറഞ്ഞതാ അവളുടെ പൊരിച്ചമീൻ തിരികെ കൊടുത്തേക്കാൻ.
അപ്പോ അത് കൊടുത്തിരുന്നേൽ ഈ കാശ് നഷ്ടമാവില്ലായിരുന്നല്ലോ…”
“അമ്മേ…. ഒരു ചീഞ്ഞ അയല പൊരിച്ചതിന് രണ്ടായിരം രൂപയോ….”
കണ്ണ് മിഴിച്ചു കൊണ്ടവൻ അമ്മയെ നോക്കിയതും അവനേ പുച്ഛിച്ചുകൊണ്ടവർ ഒന്നും പറയാതെ കിച്ചണിലേക്ക് കയറിപ്പോയി…..
കാര്യം മനസ്സിലായ അവനും ഒരു ദീർഘ നിശ്വാസത്തോടെ പോയത് പോയി ഇതിലും വലുതെന്തോ വരാൻ ഉണ്ടായിരുന്നതാ എന്നുള്ള അർത്ഥത്തിൽ തലയും കുനിച്ച് റൂമിലേക്കു കയറിപ്പോയി….
പെട്ടന്ന് ബസ്സ്ഒന്ന് കിലുങ്ങിയതും ഉറക്കത്തിൽ നിന്നുണർന്നവൾ ചുറ്റും നോക്കി. താൻ ഇപ്പഴും ബസ്സിലാണെന്നറിഞ്ഞവൾ പുറത്തേക്ക് നോക്കിയിരുന്നു.
ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെയവൾ തന്നെ കാത്തെന്ന പോലെ നിൽക്കുന്ന അമ്മയെ കണ്ട് ഓടിച്ചെന്ന് ആ നെഞ്ചിലേക്ക് ചേർന്നു.
അവളിലെ ഓർമ്മകൾ എന്താണെന്ന് അറിയാവുന്നവർ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് അവളുമായി വീട്ടിലേക്ക് നടന്നു.
“ആഹാ…. ഏട്ടനിന്ന് നേരത്തേ എത്തിയോ….”
“അത് ശരി നീയല്ലേ പറഞ്ഞത് ഇന്ന് നേരത്തെവരണം നിനക്ക് എന്തൊക്കെയോ വർക്ക് ചെയ്യാനുണ്ട് ഞാനും കൂടെ ഹെല്പ് ചെയ്യണം എന്നൊക്കെ….”
“അയ്യോ… ഞാനത് മറന്നു… നാളെയല്ലേ ഏട്ടാ അച്ഛന്റേം അമ്മേടേം വെഡിങ് ആനിവേഴ്സറി നമുക്കതൊന്ന് കളറാക്കണ്ടേ….”
“പിന്നെവേണ്ടേ…
അല്ല എന്തൊക്കെയാ പ്രോഗ്രാം…നീവല്ലതും പ്ലാൻ ചെയ്തോ..”
“എവിടെ ഞാൻ ഇത് വരേ ഒന്നും തീരുമാനിച്ചില്ല നമുക്ക് ഇപ്പോ പോയിട്ട് തീരുമാനിച്ചിട്ട് വേണം സാധനങ്ങൾ ഒക്കെ വാങ്ങിക്കാൻ..”
“എന്നാ ഒരു കാര്യം ചെയ്യ് വിളിക്കാനുള്ളവരുടെ ലിസ്റ്റ് നമുക്ക് ഇപ്പോ തന്നെ അങ്ങ് സെറ്റ് ചെയ്യാം….”
“ഹാ…. ഓരോരോ പ്ലാനിങ്ങുകളുമായി വീട്ടിലെത്തിയരണ്ട് പേരും ഡയിനിങ് ഹോളിൽ നിന്ന അച്ഛനേയും അമ്മയേയും മൈൻഡ് ചെയ്യാതെ റൂമിലേക്ക് കയറിപ്പോയി.
കീരിയും പാമ്പും ഒന്നിച്ചത് കണ്ട രണ്ടുപേരും കാര്യം അറിയാതെ പരസ്പരം നോക്കിക്കൊണ്ട് അവർ പോയ വഴിയിലേക്ക് നോക്കി ഇനി എന്തൊക്കെ കാണണോ ആവോ എന്നുള്ള അർത്ഥത്തിൽ ഒരു നെടുവീർപ്പിട്ടു.
ആട്ടവും പാട്ടും ഫുഡും കേക്കും ഒക്കെയായി ആനിവേഴ്സറി നന്നായിതന്നെ നടന്നു.
പിറ്റേന്നുമുതൽ അത്രയും ദിവസം അടയും ചക്കരയുമായി നടന്ന രണ്ടും കീരിയും പാമ്പും കണക്കെ അടിപിടിയും തുടങ്ങി.
പരസ്പരം എത്രതല്ല് കൂടിയാലും ദിവസവും വൈകുന്നേരം അഞ്ചരയാകുമ്പോൾ അവൾക്കായവൻ ബസ്സ്റ്റോപ്പിൽ കാത്തു നിൽക്കുന്നുണ്ടാവും.
ജോലികഴിഞ്ഞുവരുന്നവൻ അവളുമായിട്ടേ വീട്ടിലേക്ക് കയറി ചെല്ലാറുള്ളു.
അതുകൊണ്ട് തന്നെ വരാനവളൽപ്പം വൈകിയാലും അമ്മ ഭയപ്പെടാറില്ല.
എന്നാൽ ഇന്നങ്ങനെ അല്ല അവൾ എത്താൻ അല്പം വൈകിയാൽ അമ്മയോ അച്ഛനോ ബസ്സ്റ്റോപ്പിൽ ഉണ്ടാവും.
അവർക്കറിയാമായിരുന്നു രണ്ട്പേരിൽ ഒരാൾ തളർന്നാൽ അടുത്തആളും തളർന്നു വീഴുമെന്ന്.
വീടിന്റെ ഉമ്മറത്ത് അവളേ കാത്തെന്നപോലെ വീൽചെയറിൽ ഇരിക്കുന്ന ഏട്ടനെ കണ്ടവൾ അമ്മയെ വിട്ട് ഓടിച്ചെന്ന് കയ്യിലിരുന്ന ചോക്ലേറ്റ്പൊട്ടിച്ചുകൊണ്ട് അവന് നേരെ നീട്ടി.
കൊച്ചുകുട്ടികളെപോലെ അത് വാങ്ങികഴിക്കുന്ന അവനേ കണ്ടവൾ നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് സങ്കടത്തോടെ റൂമിലേക്ക് നടന്നു.
ഹെൽമറ്റ് ധരിക്കുന്നത് അവനെന്നും വല്ലാത്ത ബുദ്ധിമുട്ടായിരുന്നു ആര്പറഞ്ഞാലും അവനത് ചെയ്യില്ല മുടി ചീത്തയാവും അതായിരുന്നു അവന് പറയാനുണ്ടായിരുന്ന ന്യായം.
അന്നും അവൻ പോകുമ്പോൾ അമ്മഹെൽമറ്റ് അവന്റെ കയ്യിൽ എടുത്തു കൊടുത്തിരുന്നു.
അമ്മയെ നോക്കി ഒന്ന് ചിരിച്ചു കാട്ടിക്കൊണ്ടവൻ അത്
വാങ്ങി ബൈക്കിന്റെ ഹാൻഡിലിൽ തൂക്കിയിട്ടുകൊണ്ടാണ് വണ്ടി സ്റ്റാർട്ട് ചെയ്ത് പോയത്.
പോകുന്നവഴി ടൗണിൽ വച്ചുണ്ടായ ആക്സിഡണ്ടിൽ അരക്ക് താഴോട്ട് തളർന്ന് കിടപ്പിലായി തലക്ക് അടിയേറ്റത് കൊണ്ട് തന്നെ അവൻ ഇന്ന് കാണുന്ന ഈ അവസ്ഥയിലായി.
ഒന്ന് മിണ്ടാനോ ഒന്ന് എഴുന്നേറ്റ് നടക്കാനോ കഴിയാതെ തളർന്നിരിക്കുന്ന അവനെക്കാൾ സങ്കടം അത് കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങൾക്കുണ്ട്.
ഒരുപക്ഷേ അന്നവൻ ആ ഹെൽമറ്റ് ധരിച്ചിരുന്നെങ്കിൽ അവന്റെ ഓർമ്മകൾക്ക് തകരാറുസംഭവിക്കുമായിരുന്നില്ല.
അവൻ സ്നേഹിച്ചിരുന്ന മുടി അന്നത്തെദിവസത്തോടെ അവന് എന്നന്നേക്കുമായി നഷ്ടപ്പെട്ടു.
മുടിമാത്രമല്ല അവന്റെ ജീവിതവും ഒരു കുടുംബത്തിന്റെ മുഴുവൻ സന്തോഷവും അന്നത്തോടെ അവസാനിച്ചിരുന്നു.
ഇതൊക്കെ നടന്നിട്ടിപ്പോ ഏതാണ്ട് അഞ്ചു വർഷങ്ങൾ ആയി.
അന്ന് മുതൽ ഇന്നുവരെ ഞാനോ അച്ഛനോ പിന്നീട് ബൈക്കോ സ്കൂട്ടിയോ ഓടിച്ചിട്ടില്ല.
വല്ലപ്പോഴും ഇവിടുത്തെ കാർപുറത്തേക്ക് ഇറക്കുന്നത് അവനേ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ മാത്രമാണ്.
കുറച്ചുനേരത്തേക്കല്ലേ ഇവിടെ അടുത്തല്ലേ എന്നോർത്ത്കൊണ്ട് നശിപ്പിച്ചത് ഒരു ജീവിതം തന്നെ ആയിരുന്നു.
വർഷങ്ങൾ ആയുള്ള അവന്റെ സ്വപ്നങ്ങളും അധ്വാനവും എല്ലാം ഒരു നീർക്കുമിള പോലെയാണ് ഒരു നിമിഷം കണ്ട് ഇല്ലാതായത്.
