(രചന: ശ്രേയ)
” നീണ്ട ഒന്നര വർഷം… അത്രേം കാലയളവ് വേണ്ടി വന്നു നിനക്ക് വീണ്ടും എന്റെ മുന്നിലേക്ക് വരാൻ.. അല്ലെ..? ”
പരിഹാസം കലർത്തി അവൻ ചോദിക്കുമ്പോൾ മറുപടി എന്ത് പറയുമെന്നറിയാതെ അവൾ തല കുനിച്ചു.” മറുപടി പറയൂ അനഘ.. ”
അവന്റെ മുഴക്കമുള്ള ശബ്ദം വീണ്ടും കാതുകളിൽ വന്നണഞ്ഞു..എന്ത് പറയണം അവനോട്..? എന്ത് പറഞ്ഞാലാണ് അവനു തൃപ്തി ആവുക..?
ഒരു നിമിഷം അവൾ ഓർത്തു.അവളുടെ ഇരിപ്പും ചിന്തകളും ഒക്കെ അവന്റെ ചൊടിയിൽ പുച്ഛ ചിരി വിരിയിച്ചു..!
“ജോ.. പ്ലീസ്.. അന്നത്തെ എന്റെ സാഹചര്യം അങ്ങനെയായിരുന്നു. അല്ലാതെ മനപൂർവ്വം തന്നെ ഒരിടത്തും തോൽപ്പിക്കാൻ വേണ്ടി അല്ല. താൻ ഒരാളുടെ മുന്നിലും തോറ്റു പോകാതിരിക്കാൻ വേണ്ടിയാണ് അന്ന് ഞാൻ അങ്ങനെ ഒരു തീരുമാനമെടുത്തത്.. ”
പതിഞ്ഞ ശബ്ദത്തിൽ അവൾ മറുപടി പറഞ്ഞു തുടങ്ങിയിട്ടും അവന്റെ മുഖത്തെ പുച്ഛ ഭാവത്തിന് മാറ്റമൊന്നും വന്നില്ല.
അത് കണ്ടപ്പോൾ അവൾക്ക് കൂടുതൽ തളർച്ച തോന്നി.”നീ ഇപ്പോൾ വലിയ കാര്യമായി പ്രസംഗിച്ചല്ലോ നിന്റെ അന്നത്തെ സാഹചര്യം അങ്ങനെ ആയിരുന്നു എന്ന്…
അങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കി എന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങി പോകാൻ വേണ്ടിയായിരുന്നോ ഇതിനെക്കാൾ വലിയ കോലാഹലങ്ങൾ ഉണ്ടാക്കി നിന്നെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത്..? നമ്മുടെ വിവാഹത്തിനെ അനുകൂലിച്ചവരെക്കാൾ എതിർത്തവർ ആയിരുന്നില്ലേ കൂടുതൽ..?
എന്നിട്ടും അവർക്കു മുന്നിലൂടെ എന്റെ കൈപിടിച്ച് നടക്കാൻ നിനക്ക് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. പക്ഷേ പെട്ടെന്നൊരു ദിവസം ചെറിയൊരു കാരണത്തിന് നീ എന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോയി.. കൊള്ളാം നന്നായിരിക്കുന്നു..”
അവൻ പരിഹാസത്തോടെ പറയുന്നത് കേട്ടപ്പോൾ അവൾക്ക് ആകെ വല്ലായ്മ തോന്നി.
അവളുടെ ഓർമ്മകളിൽ തെളിഞ്ഞു നിന്നത് അവൻ പറഞ്ഞ സംഭവങ്ങൾ തന്നെയായിരുന്നു.
അവൻ പറഞ്ഞതുപോലെ ഒരുപാട് കോലാഹലങ്ങൾ ഉണ്ടാക്കിത്തന്നെയാണ് അവന്റെ ജീവിതത്തിലേക്ക് താൻ കയറി ചെന്നത്. അല്ലെങ്കിലും ഒരു ഹിന്ദുവും ക്രിസ്ത്യാനിയും തമ്മിലുള്ള വിവാഹം അത്ര സുഖകരമായിരിക്കില്ലല്ലോ..
സ്ഥിരമായി ക്ലാസിൽ പോയിരുന്ന വഴിയിലായിരുന്നു ജോയുടെ വീട്.അവന്റെ വീട്ടിൽ ആണെങ്കിൽ ഒരുപാട് മാങ്ങയും ചാമ്പക്കയും ഒക്കെ ഉണ്ടാകാറുണ്ട്.
ഓരോ ദിവസവും ആ വഴിക്ക് പോകുമ്പോൾ കൊതിയോടെ അതിലേക്ക് നോക്കിയാണ് മുന്നോട്ടുപോകാറ്.അത് താൻ മാത്രമല്ല ആ വഴിക്ക് പോകുന്ന സകല കുട്ടികളും അങ്ങനെയാണ്.പക്ഷേ ഒരിക്കൽ പോലും ആ വീടിന്റെ ഗേറ്റ് കുട്ടികൾക്ക് വേണ്ടി തുറന്നു കൊടുക്കപ്പെട്ടില്ല.
ഒരിക്കലെങ്കിലും ആ വീടിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് കയറണമെന്നും ഇഷ്ടപ്പെട്ട മാമ്പഴവും ചാമ്പക്കയും ഒക്കെ സ്വന്തമാക്കണമെന്നും തനിക്ക് വല്ലാത്തൊരു മോഹമായിരുന്നു.
നാളുകൾ കടന്നു പോയപ്പോൾ ഒരിക്കൽ ആ വീടിന്റെ മുറ്റത്ത് ഒരു ചെറുപ്പക്കാരൻ നിൽക്കുന്നത് തന്റെ ശ്രദ്ധയിൽപ്പെട്ടു. മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത ആളായതുകൊണ്ടു തന്നെ കൗതുകത്തോടെയാണ് അവനെ നോക്കിയത്.
അവൻ തന്നെ ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോൾ അവിടെ നിന്ന് ഓടി മറഞ്ഞു. പക്ഷേ അപ്പോഴും അവന്റെ പൂച്ച കണ്ണുകൾ തന്റെയുള്ളിൽ സ്ഥാനം പിടിച്ചിരുന്നു.
പിന്നീടുള്ള ദിവസങ്ങളിൽ അവൻ ഒരു പതിവ് കാഴ്ചയായി. തന്റെ നോട്ടം മാമ്പഴത്തിലേക്കും ചാമ്പക്കയിലേക്കും ഒക്കെയാണ് എന്ന് അവൻ തിരിച്ചറിഞ്ഞ ഒരുനാൾ..
പിറ്റേന്ന് ആ വീടിന്റെ ഗേറ്റ് കുട്ടികൾക്ക് വേണ്ടി തുറക്കപ്പെട്ടു. അവരോടൊപ്പം താനും ആ വീട്ടുമുറ്റത്തേക്ക് പ്രവേശിച്ചു.
അവരൊക്കെ മത്സരിച്ച് മാമ്പഴം സ്വന്തമാക്കുമ്പോൾ താൻ മാത്രം ജാള്യതയോടെ മാറി നിന്നു.അവന്റെ മുന്നിൽ മാത്രം തനിക്ക് വല്ലാത്തൊരു നാണം തോന്നി.അവൻ തന്നെയാണ് ഒരു മാമ്പഴം തന്റെ കയ്യിലേക്ക് വെച്ച് തന്നത്.
” ഒരുപാട് നാളായി തന്നെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്. കൃത്യമായി പറഞ്ഞാൽ ഞാൻ ഇവിടെ വന്നതിന്റെ പിറ്റേദിവസം മുതൽ. തന്റെ മനസ്സിലും ഞാനുണ്ട് എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.. അങ്ങനെ ഞാൻ വിശ്വസിച്ചോട്ടെ..? ”
അവൻ അത് ചോദിച്ചപ്പോൾ വല്ലാത്തൊരു ഞെട്ടൽ ആയിരുന്നു.ഒരിക്കലും താൻ അങ്ങനെ ചിന്തിച്ചിട്ട് പോലുമില്ല.പക്ഷേ അവൻ മനസ്സിൽ ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് ഉറപ്പിച്ച് പറയാനും സാധിക്കില്ല.
വല്ലാത്തൊരു വിഷമ സന്ധിയിലാണ് താനെന്ന് കണ്ടതുകൊണ്ട് ആകണം മറുപടി പിന്നീട് പറഞ്ഞാൽ മതി എന്ന് അവൻ പറഞ്ഞത്.
അതിനു സമ്മതം കൊടുത്തുകൊണ്ട് അവന്റെ മുന്നിൽ നിന്ന് ഓടി മറയുമ്പോൾ താനും അറിഞ്ഞു തുടങ്ങിയിരുന്നു തന്റെ ഉള്ളിലെ അവന്റെ സ്ഥാനം. അധികം വൈകാതെ ഇഷ്ടം അവനോട് തുറന്നു പറയേണ്ടി വന്നു.
അപ്പോഴും ഉള്ളിൽ ഒരു ചോദ്യചിഹ്നമായി ഉണ്ടായിരുന്നത് ജാതിയും മതവും ഒക്കെ തന്നെയായിരുന്നു.
” ജാതിയും മതവും ഒക്കെ മനുഷ്യൻ ഉണ്ടാക്കിയതല്ലേ..? തന്നോട് ഇഷ്ടമാണ് എന്ന് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ, തന്നെ ഞാൻ സ്വന്തമാക്കിയിരിക്കും.. ”
തന്റെ കൈപിടിച്ചുകൊണ്ട് അവൻ പറഞ്ഞ ആ വാക്കിൽ ആയിരുന്നു തനിക്ക് പ്രതീക്ഷ.
ഇഷ്ടവും പ്രണയവും നാൾക്ക് നാൾ വർദ്ധിച്ചു. ഈ വക കാര്യങ്ങൾ അധികകാലം നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ മറച്ചു വയ്ക്കാൻ കഴിയില്ലല്ലോ..!അധികം വൈകാതെ രണ്ടു വീടുകളിലും തങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞു.
തന്നെ വല്ലാതെ ഉപദ്രവിച്ചു കൊണ്ടാണ് അച്ഛൻ പ്രതികരിച്ചത്.പക്ഷേ ജോയുടെ വീട്ടിൽ അവന് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ സാധിച്ചു.
എന്നെ വീട്ടിൽ നിന്ന് പോലും പുറത്തിറക്കില്ല എന്നൊരു അവസ്ഥയിൽ ഒരു കൂട്ടുകാരിയുടെ സഹായത്തോടെയാണ് വീട്ടിൽ നിന്ന് പുറത്ത് ചാടിയത്.അന്ന് തന്നെ ചേർത്തുപിടിച്ചു കൊണ്ട് അവൻ അവന്റെ വീടിന്റെ പടി കയറിയിരുന്നു.
അതറിഞ്ഞ് തന്റെ വീട്ടുകാർ അവിടേക്ക് പ്രശ്നമുണ്ടാക്കാൻ വന്നിട്ടും തന്നെ ചേർത്തുപിടിച്ചു കൊണ്ട് തന്നെയാണ് അവൻ അവരുടെ മുന്നിലേക്ക് ചെന്നത്.
അവനെ വിട്ടുപോരാൻ തനിക്ക് കഴിയില്ല എന്ന് അവരോട് തുറന്നു പറഞ്ഞു കഴിഞ്ഞപ്പോൾ അവർക്ക് ഇങ്ങനെയൊരു മകളും ഇല്ല എന്നാണ് അവർ പ്രതികരിച്ചത്.
ആ വിഷമങ്ങളിൽ നിന്ന് കരകയറാൻ ദിവസങ്ങൾ എടുത്തെങ്കിലും, അവന്റെ സ്നേഹപൂർണ്ണമായ ഇടപെടലുകളും പരിചരണവും തനിക്ക് പുതിയ അനുഭവങ്ങൾ ആയിരുന്നു.
അവന്റെ വീട്ടുകാർ ആണെങ്കിലും സ്നേഹത്തോടെ തന്നെയാണ് തന്നോട് ഇടപെട്ടത്. പക്ഷേ വർഷങ്ങൾ കടന്നുപോയിട്ടും തങ്ങൾക്ക് ഒരു കുഞ്ഞു ഇല്ലാതായതോടെ ആ വീട്ടുകാരുടെ സ്നേഹത്തിനും കുറവ് വരുന്നത് താൻ അറിഞ്ഞു.
അവരുടെ മകന്റെ ജീവിതം നശിപ്പിക്കാൻ ആണ് ഞാൻ ആ വീട്ടിലേക്ക് ചെന്ന് കയറിയത് എന്ന് ഒരിക്കൽ അവന്റെ അമ്മ പറയുന്നത് താൻ നേരിട്ട് കേട്ടു.അതിനുശേഷം ഒരു നിമിഷം പോലും ആ വീട്ടിൽ നിൽക്കാൻ തോന്നിയില്ല.
അന്ന് ഒരു കൂട്ടുകാരിയുടെ സഹായത്തോടെ ഈ നഗരത്തിലേക്ക് ചേക്കേറിയതാണ്. അവൻ തന്നെ കോൺടാക്ട് ചെയ്യാൻ സാധ്യതയുള്ള എല്ലാ മാർഗ്ഗങ്ങളും താൻ തന്നെയാണ് അടച്ചു കളഞ്ഞത്..
എന്നിട്ടും ഇപ്പോൾ അവൻ തന്നെ തേടി ഇവിടെ എത്തിയിരിക്കുന്നു..!!അവൾ ഓർമ്മകളിൽ നിന്നും മടങ്ങിയെത്തുമ്പോഴും അവൻ അവളുടെ മുന്നിൽ അവളെ നോക്കി ഇരിപ്പുണ്ടായിരുന്നു.
” ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന് കരുതി എനിക്ക് നിന്നോടുള്ള ഇഷ്ടത്തിന് എന്തെങ്കിലും കുറവ് വരും എന്ന് നിനക്ക് തോന്നിയിട്ടുണ്ടോ… നിന്നെ ഞാൻ സ്വന്തമാക്കിയത് എന്റെ ജീവിതത്തിൽ നിനക്ക് പകരം മറ്റാരും ഉണ്ടാകില്ല എന്ന് എനിക്ക് തന്നെ ബോധ്യം വന്നതു കൊണ്ടാണ്..
നിനക്ക് പകരം വയ്ക്കാൻ എന്റെ ജീവിതത്തിൽ മറ്റാരുമില്ല.എന്നിട്ടും ഒരു കുഞ്ഞില്ല എന്ന പേരിൽ എന്നെ ഉപേക്ഷിച്ചു പോകാൻ നിനക്ക് എങ്ങനെ തോന്നി..? കുഞ്ഞുങ്ങളൊക്കെ ദൈവത്തിന്റെ വരദാനങ്ങൾ അല്ലേ..?
നമുക്ക് സ്വന്തമായി ഒരു കുഞ്ഞു ഉണ്ടായില്ലെങ്കിൽ മറ്റൊരു കുഞ്ഞിന് മാതാപിതാക്കൾ ആവാൻ നമുക്ക് കഴിയും.. അങ്ങനെയുള്ളപ്പോൾ എന്തിനാണ് നീ ഇങ്ങനെ ഓരോ മണ്ടത്തരങ്ങൾ ചിന്തിക്കുന്നത്..? ”
അവൻ അത് ചോദിച്ചപ്പോൾ അവൾക്ക് ആകെ അത്ഭുതമായിരുന്നു.അവന്റെ പ്രതികരണം ഒരിക്കലും ഇങ്ങനെ ആകുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല.ഏറ്റവും ചുരുങ്ങിയത് തന്നെ വേദനിപ്പിക്കുകയും ചെയ്യുമെന്ന് അവൾ ഓർത്തിരുന്നു.
“ഐ ആം സോറി ജോ..ആ സമയത്ത് എനിക്ക് അങ്ങനെയാണ് തോന്നിയത്..”അത് പറഞ്ഞു കഴിയുമ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു.പക്ഷേ അപ്പോഴേക്കും അവൻ അവളെ ചേർത്തു പിടിച്ചിരുന്നു.എന്നും താങ്ങായും തണലായും അവനുണ്ടാകും എന്ന് പറയുന്നതു പോലെ…