രചന: അഞ്ചു തങ്കച്ചൻ
വിവാഹത്തിന്റെ ആദ്യനാളുകളിലെന്നോ നിന്റെ സാമീപ്യമാണ് എനിക്ക് ഏറെ ഇഷ്ട്ടമെന്ന് ഞാൻ എന്റെ ഭാര്യ ഹിമയോട് ഒന്ന് പറഞ്ഞ് പോയി. എന്നുവെച്ച് ഏത് നേരോം എന്റെ പിന്നാലെ ഇങ്ങനെ നടക്കുമെന്ന് ഓർത്തില്ല.
സത്യം പറയാലോ, ഒന്ന് സ്വസ്ഥമായി മുറ്റത്ത് നിന്ന് നീട്ടി മുള്ളാൻ പോലും എനിക്ക് സ്വാതന്ത്ര്യം ഇല്ലാതായി എന്ന് വേണം പറയാൻ. നിങ്ങൾക്ക് ഇതെന്താണ് മനുഷ്യാ ടോയ്ലറ്റിൽ പൊക്കൂടെ എന്നൊരു ചോദ്യം കണ്ണിൽ നിറച്ച് അവൾ എന്നെ നോക്കി നിൽക്കും
അന്നൊരു ഞായറാഴ്ച ആയിരുന്നു , ശാന്തമായി മുറ്റത്ത് ഒരു കസേരയും ഇട്ടിരുന്ന് ആകാശത്തെ നക്ഷത്രങ്ങളേയും നോക്കി ഇരുന്ന എന്റെ അടുത്തേക്ക് കലപില സംസാരിച്ച് കൊണ്ട് വന്ന അവളോട് ഞാൻ ദേഷ്യപ്പെട്ടു.
ഒരു നേരം വെറുതെ വിടില്ല എനിക്ക് മടുത്തു… ഏത് നേരോം എന്റെ പിറകെ, ശ്വാസം മുട്ടുന്നു എനിക്ക്…..ഞാൻ അലറി.
പകച്ചുനിന്ന അവളോട് എനിക്ക് ഡിവോഴ്സ് വേണം എന്ന് ഞാൻ പറഞ്ഞത് കേട്ട് അവൾ വാ പൊളിച്ച് എന്നെ ഒന്ന് നോക്കി.
പിന്നെ ഒന്നും മിണ്ടാതെ മുറിയിലേക്ക് കയറി പോയി.
പറഞ്ഞ് കഴിഞ്ഞപ്പോഴാണ്, വേണ്ടായിരുന്നു എന്ന് തോന്നിയത്.
ഞാനും പെട്ടന്ന് മുറിയിലേക്ക് ചെന്നു എന്നെ കണ്ടതും അവൾ തല വഴി പുതപ്പും മൂടി ഒറ്റക്കിടപ്പ് .
പിറ്റേന്ന് രാവിലെ അവൾ പതിവ് പോലെ എഴുന്നേറ്റു. അവൾക്കൊപ്പം ഞാനും. അതിരാവിലെ ഉണരുക എന്ന ശീലം അമ്മയുണ്ടായിരുന്നകാലം മുതൽ ഉള്ളതാണ് . അമ്മക്ക് ഒപ്പം ഞാനും രാവിലെ ഉണരുമായിരുന്നു.
ഞാൻ മാത്രമല്ല അനിയനും. ഞങ്ങൾ മൂന്നാളും കൂടെ അടുക്കളപ്പണി ചെയ്യും. അച്ഛന് അടുക്കള അലർജിയാണ്.അച്ഛൻ അടുക്കളയിൽ വരുന്നത് ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളം എടുക്കാൻ വേണ്ടി മാത്രമാണ്.
എന്നാലും മരണം വരേയും അമ്മ അഭിമാനത്തോടെ പറയുമായിരുന്നു എനിക്ക് പെൺകുട്ടി ഇല്ലെങ്കിൽ എന്താ എന്റെ ആൺകുട്ടികൾ എന്നെ എല്ലാത്തിനും സഹായിക്കും എന്ന്.
അമ്മ പോയി രണ്ടാഴ്ച കഴിഞ്ഞപ്പോൾ മുതൽ അച്ഛനും അടുക്കളയിൽ കയറി തുടങ്ങി. ഇപ്പോളും ഞങ്ങൾ മൂന്ന് പേരും പറ്റുന്ന പോലെ ഒക്കെ വീട്ടിലെ ജോലികൾ ചെയ്യും. ചുരുക്കി പറഞ്ഞാൽ എന്റെ ഭാര്യക്ക് അധികം പണി ഒന്നും വീട്ടിൽ ഇല്ല എന്ന്.
അന്നത്തെ ദിവസം അവൾ എന്നോട് ഒന്നും മിണ്ടിയില്ല. ഞാനും.പിറ്റേന്നും അടുക്കളയിൽ അവൾ അച്ഛനോടും അനിയനോടും
നല്ല വർത്തമാനവും ചിരിയും ആയിരുന്നു. ഞാൻ ഓഫീസിൽ പോകുന്നതിനു മുൻപേ അവൾ അച്ഛനോട് പണവും വാങ്ങി എങ്ങോട്ടോ പോകുന്നത് കണ്ടു. ഇനി പിണങ്ങി വീട്ടിൽ പോയതാണോ എന്ന് ഒരു ചെറിയ പേടി തോന്നി.
ദേഷ്യം വന്നപ്പോൾ വെറുതെ ഡിവോഴ്സ് വേണം എന്ന് പറഞ്ഞതാണ്, അല്ലാതെ അവൾ ഇല്ലാതെ എനിക്ക് ഈ ഭൂമിയിൽ ജീവിക്കാൻ പോലും കഴിയില്ല അത്രമാത്രം എന്റെ ഹൃദയം കീഴടക്കിയ എന്റെ പെണ്ണാണ്.
ജോലിത്തിരക്കിലും എന്റെ ഉള്ളിൽ നിറയെ അവൾ ആയിരുന്നു.
ശരിക്കും ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്ന് എന്റെ മനസാക്ഷി എന്നെ കുറ്റപ്പെടുത്തിയപ്പോൾ ഞാൻ പലവട്ടം അവളെ ഫോണിൽ വിളിക്കാൻ ശ്രെമിച്ചു.
ബെല്ലടിച്ചു നിന്നതല്ലാതെ അവൾ കാൾ എടുക്കാതിരുന്നപ്പോൾ എന്തിനെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു.
അവൾ അവളുടെ വീട്ടിൽ
പോയതാണെങ്കിൽ ഇന്ന് തന്നെ പോയി വിളിച്ച് കൊണ്ടു വരണം എന്ന് മനസ്സിൽ ഉറപ്പിച്ചു. എന്തിന്റെ പേരിൽ ആയാലും അവളെ കൈവിട്ട് കളയാൻ ഒക്കില്ല. ദേഷ്യം വന്നപ്പോൾ അറിയാതെ പറഞ്ഞ് പോയതാണ് അത് അവൾ ക്ഷമിക്കും.
വൈകുന്നേരം ഓഫീസിൽ നിന്നും വന്നപ്പോൾ അവൾ വീട്ടിൽ ഉണ്ട്. അതുകണ്ടപ്പോൾ ആണ് ശരിക്കും സമാദാനം ആയത്.
രാത്രിയിൽ ഞാൻ കിടക്കാൻ വരുന്നതിനു മുൻപേ അവൾ കിടന്നു. പതിവ് പോലെ അവളെ വാരിയെടുത്ത് എന്റെ നെഞ്ചിൽ കിടത്താൻ എനിക്ക് തോന്നിയതാണ്.പക്ഷെ എന്നെ നോക്കാൻ പോലും അവൾ കൂട്ടാക്കുന്നില്ല
ആണിനെക്കാൾ വാശിയും, പിണക്കവും പെണ്ണിന് കൂടുതൽ ആണെന്ന് തോന്നിയപ്പോൾ മിണ്ടാൻ ഞാൻ തന്നെ മുൻകൈ എടുത്തു.
എവിടെ പോയതാരുന്നു ഇന്ന് ഞാൻ അവളോട് ചോദിച്ചു
വീട്ടിൽ പോയതാണ് എന്റെ മുഖത്ത് നോക്കാതെ പറഞ്ഞിട്ട് അവൾ തിരിഞ്ഞു കിടന്നു.
ഞാൻ മിണ്ടി എങ്കിലും അവളുടെ പിണക്കം ഓരോ ദിവസം കഴിയും തോറും കൂടി വന്നു. ഞാൻ എന്നൊരു മനുഷ്യൻ അവിടെ ഉണ്ടെന്ന് പോലും അവൾ അറിഞ്ഞ ഭാവം നടിക്കാതെ ആയി. കിടപ്പും മറ്റൊരു മുറിയിൽ ആക്കി.
ഞങ്ങളുടെ പിണക്കം രണ്ടാഴ്ച പിന്നിട്ടപ്പോൾ അച്ഛൻ എന്നോട് കാരണം ചോദിച്ചു.
ഞാൻ വിവരം പറഞ്ഞു.
ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാണ് എന്ന് പറഞ്ഞപ്പോൾ അച്ഛൻ ഒന്നേ പറഞ്ഞുള്ളൂ ദാമ്പത്യത്തിൽ പിണക്കങ്ങൾ ഉണ്ടാകും പക്ഷെ ആ പിണക്കത്തിന് ആയുസ് ഉണ്ടാകരുത് എന്ന്
അല്ല എന്റെ ഭാഗത്തും തെറ്റ് ഉണ്ട്. ഒരു വീട്ടിൽ നിന്നും പറിച്ചു നട്ടതല്ലേ. കുറച്ച് കൂടെ പരിഗണന അവൾക്ക് കൊടുക്കണമായിരുന്നു.അവൾക്ക് ഞാനല്ലാതെ മറ്റാരാണ് ഉള്ളത്.
അച്ഛൻ അവളോടും പിണക്കത്തിന്റെ കാരണം ചോദിച്ചത് കൊണ്ടാണെന്നു തോന്നുന്നു. അന്നത്തോടെ ഞങ്ങളുടെ പിണക്കം മാറി
ഇപ്പോൾ കുറേ സമയം അവളെ കേൾക്കാൻ വേണ്ടി മാത്രം ഞാൻ മാറ്റി വയ്ക്കാറുണ്ട്.
എങ്കിലും എന്തെങ്കിലും കാര്യത്തിന് ഞാൻ മുഖം കറുപ്പിച്ചാൽ അവൾ അന്നേരം ചോദിക്കും എന്താ ഡിവോഴ്സ് വേണോ എന്ന്.
ഈ പെണ്ണുങ്ങൾ ഒരത്ഭുതമാണ്എനിക്കെന്നും. ഒരിക്കലും പിടികിട്ടില്ലാത്ത അത്ഭുതം.
പരസ്പരം സ്വാതന്ത്ര്യം കൊടുക്കാൻ കഴിഞ്ഞാൽ വിവാഹജീവിതം എന്ത് മനോഹരമാണ് എന്ന് ഇപ്പോൾ ഞങ്ങൾ രണ്ടാളും തിരിച്ചറിയുന്നുണ്ട്.