(രചന: Jolly Varghese)
“അവളുടെ ഒരു പോക്ക് കണ്ടോ… ഒരുങ്ങിക്കെട്ടി ഇറങ്ങിക്കോളും എന്നും. “എട്ടരയ്ക്കുള്ള ബസ്സ് കാത്തുനിൽക്കുന്ന റാണിയെ നോക്കി രാവിലെ കാലിചായകുടിക്കാൻ വന്ന ജയനും സജിയും പരസ്പരം പറഞ്ഞു ചിരിച്ചു.
“നോക്കെടാ അവളുടെ നിൽപ് കണ്ടാൽ അറിയില്ലേ ആള് ശരിയല്ലെന്ന്..” ജയൻ പറഞ്ഞു…”ശരിയാ.. ശരിയാ.. എന്നും കാലത്തെ ഉള്ളയി കണി കൊള്ളാം.. ”
എന്നാൽ റാണി ഇതൊന്നും ശ്രദ്ധിക്കാതെ എട്ടരയുടെ ബസ്സ് വരുന്നതും കാത്ത് അക്ഷമയോടെ നിന്നു.
റാണി കാണാൻ സുന്ദരിയാണ്. പതിനെട്ടും , പതിനാറും വയസുള്ള രണ്ട് മക്കളുടെ അമ്മയാണെന്ന് കണ്ടാൽ പറയില്ല. നല്ല വടിവൊത്ത ശരീരം.
കഞ്ഞിമുക്കി ഉണക്കിയ കോട്ടൺ സാരി വരച്ചു വച്ചപോലെ ഭംഗിയായി ഉടുത്തിരിക്കുന്നു. നീണ്ട ഇടതൂർന്ന മുടി മെടഞ്ഞിട്ടു അതിൽ ചെറിയൊരു തുളസിക്കതിരും ഉണ്ട്.
മുഖത്ത് വിരിയുന്ന ചിരി ഇളം ചുവന്ന ചുണ്ടിനെ കൂടുതൽ മനോഹരമാക്കി. ആത്മവിശ്വാസം ഉള്ള മുഖം.
എന്നാൽ നാട്ടുകാർക്ക് ആർക്കും അവളുടെ ജോലിയെന്ത് എന്നറിയില്ല. ഇന്നും എട്ടരയ്ക്കത്തെ ബസ്സിന് പോകുന്നു വൈകിട്ട് ആറുമണിക്കുള്ള ബസ്സിന് തിരികെ വരുന്നു. അതാണ് ഈ പറച്ചിലിന് കാരണം.
ആണുങ്ങൾ മാത്രമല്ല സ്ത്രീകളും അവളെ സംശയിച്ചു. കുറ്റം പറഞ്ഞു.”കണ്ടോടി അവള് കെട്ടിയൊരുങ്ങി പോകുന്നത്.. ”
“ഓ.. കണ്ട്.. കണ്ട്.. ആരെ കാണിക്കാനാ അവടെയി ഒരുക്കോം പോക്കും.. “” അതിനൊക്കെ ഇഷ്‌ടം പോലെ ആള് കാണും.. ” തൊഴിലുറപ്പ് സ്ത്രീകൾ പറഞ്ഞു ചിരിച്ചു.
” അവക്ക് നമ്മുടെകൂടെ തൊഴിലുറപ്പിന് വന്നാലെന്താ… ലീലേച്ചി.. “” അപ്പോ അവടെ കാര്യങ്ങള് നടക്കുവോ.. ?””വെറുതെയല്ല അവടെ കെട്ടിയോൻ നേരത്തെ ച ത്തത്.. ”
പെണ്ണുങ്ങൾക്ക് ഇന്ന് കിട്ടിയ ഇര അവളായിരുന്നു.റാണിയും ശങ്കറും പ്രണയിച്ചു ഒളിച്ചോടി വിവാഹം കഴിച്ചവരാണ്. രണ്ട് മ ത ത്തിൽ പെട്ടവരായതിനാൽ ഇരു വീട്ടുകാരും ഈ ബന്ധത്തെ എതിർത്തു.
പക്ഷേ പരസ്പരം പിരിയാൻ പറ്റാത്തതിനാൽ രണ്ടുപേരും ഒളിച്ചോടി വിവാഹിതരായി. രണ്ട് കുട്ടികളുമായി. ആരോമലും , അനുഗ്രഹ യും. സന്തോഷമുള്ള കുടുംബ ജീവിതം.
ശങ്കർ എറണാകുളത്തുള്ള ഒരു സ്റ്റാർ ഹോട്ടലിൽ ഷെഫ് ആണ്. തരക്കേടില്ലാത്ത ശമ്പളം.
അൽപം കാശ് മിച്ചം പിടിച്ചും ബാങ്കിൽ നിന്ന് ലോണെടുത്തും അവർ സ്വന്തമായി ഒരു വീടുപണിതു. റാണിയെ ഒരാവശ്യത്തിനും ശങ്കർ പുറത്ത് വിട്ടിട്ടില്ല.
അവളുടെ ഏതാഗ്രഹവും ശങ്കർ സാധിച്ചു കൊടുത്തു . മക്കളെയും റാണിയെയും ശങ്കർ പൊന്നുപോലെ നോക്കി.. ഒന്നിനും ഒരു കുറവും വരാതെ…
പുതിയ വീട്ടിലേയ്ക്ക് താമസം മാറി കുറച്ചു മാസം കഴിഞ്ഞു. ഒരുദിവസം രാത്രിയിൽ ശങ്കർ ജോലി കഴിഞ്ഞു വീട്ടിലേയ്ക്ക് തന്റെ ബൈക്കിൽ വരുമ്പോ എതിരെ നിയന്ത്രണം വിട്ടു വന്നൊരു ടിപ്പർ ശങ്കറിനെ ഇടിച്ചു തെറിപ്പിച്ചു.
പിന്നെ ഒരാഴ്ചയോളം അമൃത ഹോസ്പിറ്റലിൽ മരണത്തോട് മല്ലിട്ട് ഒടുവിൽ ശങ്കർ മരണപെട്ടു. അപ്പോഴേയ്ക്കും റാണിയുടെ താലിമാല വരെ വിൽക്കേണ്ടി വന്നു..
പ്രതിഷിക്കാത്തപ്പോൾ ഉള്ള ശങ്കറിന്റെ മരണം റാണിയേം മക്കളേം തീരാ ദുഃഖത്തിലാഴ്ത്തി.
ശങ്കറിന്റെ മരണമറിഞ്ഞു ഇരുവീട്ടുകാരും വന്ന് ചടങ്ങു കഴിഞ്ഞതേ തിരിച്ചുപോയി. അയൽപക്കക്കാരും കുറച്ചുദിവസം സഹതാപപർവ്വം കൂടെ ഉണ്ടായിരുന്നു. പിന്നെ അവരും അവരുടേതായ തിരക്കുകളിലേക്ക് പോയി.റാണിയും മക്കളും കടുത്ത ദാരിദ്ര്യത്തിൽ കുറച്ചു ദിവസം കഴിഞ്ഞുകൂടി..
മക്കളുടെ പഠിപ്പ് , ആഹാരം , വസ്ത്രം , ബാങ്ക് ലോണും എല്ലാം റാണിക്കൊരു ബാധ്യത ആയി. അങ്ങനെയാണ് കൂടെ പഠിച്ച ഒരു കൂട്ടുകാരിയുടെ അമ്മവഴി ഈ ജോലി തരപ്പെട്ടത്.
കാക്കനാടുള്ള അഞ്ച് ഫ്ലാറ്റിൽ ആണ് ജോലി ചെയ്യുന്നത്. തുണിയലക്കുക , അടിച്ചുവാരി തുടയ്ക്കുക , പാത്രം കഴുകുക , മീൻ വെട്ടുക തുടങ്ങിയതാണ് ജോലികൾ. അഞ്ച് ഫ്ലാറ്റിലും ഇത് തന്നെ ചെയ്യണം.
മാസം പതിനെണ്ണായിരം രൂപ കിട്ടും എല്ലായിടത്തുനിന്നും കൂടി. മാസം എണ്ണായിരം രൂപ ലോണടയ്കും , ഒരു ചിട്ടി യുണ്ട് , പിന്നുള്ളത് കൊണ്ട് വീട്ടു ചെലവും മറ്റാവശ്യങ്ങളും നടത്തും. അങ്ങനെ അല്ലലില്ലാതെ കഴിഞ്ഞു പോകുന്നു.
ഇന്നിപ്പോൾ ശങ്കർ മരിച്ചിട്ട് അഞ്ചുവർഷം കഴിഞ്ഞു. ആരോമൽ എഞ്ചിനിയറിജിന് ചേർന്നു. അനുഗ്രഹ പ്ലസ് റ്റു വിന് പഠിക്കുന്നു. റാണി തകർന്നുപോയ അവരുടെ ജീവിതം അഭിമാനത്തോടെ സംരക്ഷിക്കുന്നു..
ഒരാൾ നന്നായി ജീവിക്കുന്നത് സമൂഹത്തിന് സഹിക്കില്ലല്ലോ.. അപ്പോൾ പിന്നെ അവരെ മോശക്കാരിയാക്കുക.
അതൊരു വിധവയാണെങ്കിൽ പറയുകയും വേണ്ട. അതാണ് അവർ റാണിയോട് ചെയ്തോണ്ടിരിക്കുന്നത്. അവൾ മോശക്കാരിയാണ് വൃത്തികെട്ടവളാണ് എന്നുപറഞ്ഞു അവളെ വല്ലാതാക്കി.
കഷ്‌ടം അതല്ല.., സ്ത്രീകൾ തന്നെയാണ് മറ്റൊരു സ്ത്രീയെ ഏറെ മോശമായി പറയുന്നത്.
നിങ്ങളിൽ പാപമില്ലാത്തവർ ഇവളെ കല്ലെറിയാൻ പറഞ്ഞാൽ എത്രപേർക്ക് സത്യസന്ധമായി കല്ലെറിയാൻ കഴിയും… സമൂഹത്തിന് സത്യം എന്നൊന്നില്ല..
പക്ഷേ റാണിയിതുകൊണ്ടൊന്നും തളർന്നില്ല. ഒന്നും കേൾക്കാൻ ചെവികൊടുത്തുമില്ല.
വഴിവായിനോക്കികൾ അവളെ കണ്ണുകൾ കൊണ്ട് പീ ഡി പ്പിച്ചു. അവൾ കൂർത്ത നോട്ടം നോക്കി എട്ടരയ്ക്കത്തെ ബസ്സിൽ കയറി യാത്രയായി…