വേറൊരു പെണ്ണിന്റെ രൂപം തന്നിൽ കണ്ട് ഇഷ്ടപ്പെടുന്ന ഒരു പുരുഷനെ ഏതൊരു ഭാര്യക്കും ഇഷ്ടമല്ല…

പ്രസവ ശേഷം ഭാര്യയുടെ മൊഞ്ചു കണ്ട് ഞട്ടിയ ഭർത്താവ്

===================================

 

എടാ നിയാച്ചൂ… നീ അറയിൽ കൂടി എന്തെടുക്കുവാ… സമയം നട്ടുച്ചയായി.. ഞായറാഴ്ച ആണെന്ന് കരുതി ഇങ്ങനെയുണ്ടോ ഒരു ഉറക്കം…എപ്പോ ഉറങ്ങാൻ കിടന്നതാ നീ… നേരം വെളുത്തപ്പോഴോ… ഹബുഹിജാല്‍ പിടിച്ച പരിപാടിക്കൊക്കെ പോയി ഇജ് സൂര്യനുദിക്കുമ്പോൾ വന്നേക്കണ്……ലെ..അന്നെ കാണാൻ ദല്ലാൽ ബാപ്പുട്ടി വന്നിട്ട്ണ്ടു..

ഇയ്യ് ഒന്ന് പുറത്തിറങ്ങി വാ…. അന്റെ നിക്കാഹിന്റെ കാര്യം സംസാരിക്കാനാണ്..

 

ഉമ്മ ഷാഹിന നിയാസിന്റെ ബെഡ്റൂമിന്റെ വാതുക്കൽ വന്നു വിളിച്ചുപറഞ്ഞു..

 

ഇന്നലെ രാത്രിയിൽ നാട്ടിക മൈതാനത്തിൽ ഉണ്ടായ വേടന്റെ റാപ്പ് പാട്ട് കേട്ടിട്ട് ഏറെ വൈകി വന്ന അവൻ നല്ല കൊണ്ടുപിടിച്ച ഉറക്കത്തിലാണ്…

 

ഉമ്മാന്റെ വിളി ഒന്നും അവൻ കേട്ടില്ല…

 

അടക്കാത്ത വാതിലിന് അകത്തുകൂടി ഷാഹിന നിയാസിന്റെ ബെഡ്റൂമിൽ കയറി..

 

കണ്ണിൽ പൂത്ത ഉറക്കമയക്കത്തിൽ കയറി വന്ന ഇജ് വാതിൽ പോലും അടക്കാതെയാണ് കിടന്നിരിക്കണത്….ലെ..

 

അതും പറഞ്ഞു ഷാഹിന കമിഴ്ന്നു കിടന്നുറങ്ങുന്ന അവന്റെ പുറത്തു തട്ടി വിളിച്ചു…

 

 

 

എടാ എണീക്കെടാ….. ദേ ആ ദല്ലാള് ബാപ്പുട്ടി വന്നിട്ട് സിറ്റൗട്ടിൽ ഇരിക്കുന്നുണ്ട് നീയൊന്നു വന്നെ….

 

ഷാഹിന ഉമ്മയുടെ പുറത്തു നിന്നുള്ള ആദ്യത്തെ വിളിയിൽ തന്നെ അവൻ ഉണർന്നിരുന്നു എന്ന് തോന്നുന്നു….

 

 

കിടന്നിടത്തുനിന്നും അനങ്ങാതെ

അവൻ ഉമ്മാന്റെ കൈപിടിച്ച് ബെഡിൽ ഇരുത്തി പറഞ്ഞു.

 

നിങ്ങൾ ഇവിടെ ഇരിക്ക് എനിക്കിപ്പോൾ കല്യാണം ഒന്നും വേണ്ട ഉമ്മ.. എങ്ങനെയെങ്കിലും അയാളെ പറഞ്ഞു വിടാൻ നോക്ക്.. നിങ്ങള്… പിന്നെ കാണാം എന്ന് പറ..

 

 

അതൊന്നും പറഞ്ഞാൽ പറ്റില്ല…കഴിഞ്ഞ ആഴ്ച ഈ ബാപ്പുട്ടിയെ ടൗണിൽ കണ്ടപ്പോൾ ഞാനാ എന്റെ നിയാസിന് പറ്റിയ നല്ല പെണ്ണുണ്ടെങ്കിൽ ഫോട്ടോയും കൊണ്ടു വരാൻ പറഞ്ഞത്… ഇഷ്ടപ്പെട്ട ജോലിയും കൂലിമായിട്ട് തന്നെ നാലഞ്ചു കൊല്ലം ആയില്ലേ നിനക്ക്… അന്റെ പ്രായത്തിലുള്ളവരൊക്കെ പെണ്ണ് കെട്ടിയില്ലേ ഈ നാട്ടിൽ… അവൻ മൂന്നാല് പെൺപിള്ളേരുടെ ഫോട്ടോ കൊണ്ടുവന്നിട്ടുണ്ട്.. അതിൽ നിന്ന് ഒന്നിനെ സെലക്ട് ചെയ്യ്… ഇജ്….

 

എനിക്കിപ്പോൾ നിക്കാഹ് വേണ്ട ഉമ്മ…

 

 

നിയാസ് ഉറക്കച്ചടവോടെ കണ്ണടച്ചു പറഞ്ഞു..

 

 

ഇതെന്ത് കഷ്ടം…മോൻ പുറത്തുവന്ന് ഫോട്ടോകൾ ഒന്നു നോക്കൂ…നിനക്ക് ഇഷ്ടമാകും നീയാച്ചു….

 

 

എനിക്ക് പെണ്ണും പിടക്കോഴി ഒന്നും വേണ്ടാന്നു പറഞ്ഞില്ലേ

 

അവൻ അല്പം ഒച്ച വച്ചു

 

അതുകേട്ടു ഉമ്മ പിണങ്ങി.. കുറച്ചുനേരം മിണ്ടാണ്ടിരുന്നു… കിടന്നെടുത്തു നിന്നും അവൻ തലചേരിച്ച് നോക്കി… ഉമ്മാന്റെ മുഖം ദുഃഖത്തിൽ ആയപ്പോൾ അവന് ബേജാറായി..

 

അവൻ അല്പം ശബ്ദം താഴ്ത്തി പറഞ്ഞു

 

 

ഉമ്മ…..ഞാൻ പറഞ്ഞല്ലോ എനിക്കിപ്പോൾ നിക്കാഹ് വേണ്ട… ഇനി കെട്ടിയേ തീരൂ എന്നാണെങ്കിൽ നിങ്ങൾ തന്നെ അതിൽ നിന്നും ഒരു പെണ്ണിനെ കണ്ടുപിടിച്ചു നോക്കിക്കോളൂ… ഞാൻ കെട്ടിക്കോളാം..

 

ഹോ…. നിന്റെ മനസ്സിൽ ഇപ്പോഴും അവളാ… എടാ അത് കൈവിട്ടു പോയില്ലേ… അതോർത്ത് ഇങ്ങനെ കെട്ട് ചരക്കായി വീട്ടിൽ നിന്ന് എന്തിനാ…. അവരൊക്കെ വലിയ ജീവിതം നയിക്കുകയാണല്ലോ… എന്റെ ദുഃഖം എനിക്കറിയാം… നിനക്കെന്റെ ആങ്ങള ജബ്ബാറിന്റെ മോള് ജാസ്മിനെ ആ പഹയൻ തരാത്തതിന്റെ പിണക്കം അല്ലേ…. നിങ്ങൾ കുഞ്ഞുനാളിലെ ഉണ്ടായ ഇഷ്ടമല്ലെ… പിന്നെന്താ അവൾ നിന്റെ കൂടെ വരാതിരുന്നത്… അവളുടെ പണക്കാരൻ ബാപ്പ ഖത്തറിൽ കച്ചവടം ഉള്ള കുടുംബത്തിലെ പുതുപ്പണക്കാരൻ പുതിയാപ്ലയെ ആക്കിയപ്പോൾ അവളുടെ മനസ്സ് അങ്ങോട്ട് ചാഞ്ഞല്ലോ… മോന്റെ സ്നേഹത്തിന് അവൾ ഇച്ചിരി എങ്കിലും വില കൽപ്പിച്ചുവോ… എന്നിട്ടും അവളെ മാത്രം ഓർത്തുകൊണ്ട് ഇനിയൊരു ജീവിതമില്ല എന്ന് പറഞ്ഞിരിക്കാൻ നിനക്ക് നാണമില്ലേ… അവൾ എന്താ ലോക സുന്ദരിയാണോ… അതിനെക്കാളും മൊഞ്ചുള്ളവളുമാരാണ് ബാപ്പുട്ടി ഇപ്പോ കൊണ്ടുവന്ന ഫോട്ടോയിൽ ഉള്ളത്..

 

ഞാൻ പറഞ്ഞില്ലല്ലോ ജാസ്മിൻ വല്യ സുന്ദരിയാണെന്ന്…. എന്റെ സ്നേഹം സത്യമായിരുന്നു… അപ്പോൾ നഷ്ടപ്പെടുമ്പോൾ ഒരു ദുഃഖം ഉണ്ടാകും..

 

 

 

എന്നുവച്ച് കാലാകാലം ആ ദുഃഖം പേറി ഇങ്ങനെ ജീവിക്കാൻ ആണോ നിന്റെ പ്ലാൻ..

രണ്ടുമൂന്നു വർഷമായില്ലേ… അതൊക്കെ കളഞ്ഞിട്ട് മൈൻഡ് ഫ്രഷ് ആക്കേണ്ട സമയമായി…

 

ശരി ഞാൻ ഒന്നു ഫ്രഷ് ആയി വരാം… ഉമ്മ ചെന്നു അയാളോട് ഇത്തിരി സമയം വെയിറ്റ് ചെയ്യാൻ പറയൂ… ഞാൻ വരാം..

 

അവൻ ചിരിച്ചുകൊണ്ട് എഴുന്നേറ്റ് റൂമിനകത്ത് ഉള്ള വാഷ് റൂമിലേക്ക് പോയി..

 

ഷാഹിന ഉമ്മ ആശ്വാസത്തോടെ പുറത്തിറങ്ങി.

 

 

 

 

നിയാസ് ബെഡ്റൂമിൽ നിന്നും പുറത്തിറങ്ങി ഹാളിലേക്ക് വരുമ്പോൾ ഉമ്മയും നിയാസിന്റെ മൂത്ത പെങ്ങളുടെ രണ്ട് ഇരട്ടക്കുട്ടി പെൺകുട്ടികളായ ആച്ചിയും കോച്ചിയും ബാപ്പുട്ടി നൽകിയ വിവാഹ പെൺകുട്ടികളുടെ ആ ഫോട്ടോകൾ ഓരോന്നും നോക്കി അഭിപ്രായം പറയുകയായിരുന്നു..

 

ഇത് ജബ്ബാർ വല്യപ്പായുടെ മോള് ജാസ്മിനെ പോലെ തന്നെ ഉണ്ട് അല്ലേ… ആച്ചി

 

അതും പറഞ്ഞു കോച്ചി കുഞ്ഞങ്കിളായ നിയാസിന് ഇടംകണ്ണിട്ട് നോക്കി..

 

ശരിയാ… ശരിയാ.. അതേക്കണ്ണ് അതേ മൂക്ക് അതേ വായ… നമ്മൾ കണ്ടതാ ഇവളെ…

 

ആച്ചി അത് ശരിവെച്ചു..

 

അതുകേട്ട് ആകാംക്ഷയോടെ നിയാസ് മരുമക്കളുടെ കയ്യിലുള്ള ഫോട്ടോകൾ വാങ്ങിച്ചു ഓരോന്നും നോക്കി…

 

അവന്റെ മുഖത്ത് പുഞ്ചിരി തെളിഞ്ഞു..

എന്നിട്ടു മരുമക്കളെ നോക്കി പറഞ്ഞു..

 

ഓ പിന്നെ… ജാസ്മിൻ 10 ദിവസം പട്ടിണികിടന്ന്, ഓട്ടു കമ്പനിയുടെ പുകക്കുഴലിൽ തൂങ്ങി, വെയിലത്ത് ഉണക്കിയെടുത്തത് പോലെയുണ്ട്..

 

നിയാസ് ചിരിച്ചു കൊണ്ടു പറഞ്ഞു..

 

അതു കേട്ട എല്ലാവരും പൊട്ടിച്ചിരിച്ചു…

 

 

ആ കൊച്ചിനെ അങ്ങനെ കളിയാക്കുകയൊന്നും വേണ്ട നീയാച്ചൂ… ഞാൻ കണ്ടിട്ടുള്ളതാ.. റിയ എന്ന ഈ പെൺകുട്ടിയെ നേരിട്ട് തന്നെ….. ആ സമയത്ത് ഞങ്ങൾ എന്തോ തമ്മിൽ മിണ്ടിയിട്ടും ഉണ്ട്.. നമ്മുടെ അയൽപക്ക ക്കാരൻ ബീരാനിക്കാന്റെ മോളുടെ കല്യാണത്തിന് പെണ്ണും കൂട്ടി പോയപ്പോൾ ആ വീട്ടിൽ വച്ച് കണ്ടിട്ടുണ്ട്….ഈ ബാപ്പുട്ടി ആണല്ലോ ബീരാന്റെ മോൾക്ക് ചെക്കനെ ആക്കിയത്… അതുകൊണ്ട് അവൻ പറഞ്ഞിട്ട് ഞാൻ തിരിച്ചറിഞ്ഞത്… അതുമാത്രമല്ല നമ്മുടെ ആച്ചിയുടെയും കോച്ചിയുടെയും ക്ലാസ്മേറ്റ് നാഫി എന്ന് പറയുന്ന പെൺകുട്ടിയുടെ ചേച്ചിയാണ് ഈ റിയ..അതുകൊണ്ട് അനിയത്തി നാഫിയുടെ സ്കൂൾ പരിപാടിക്ക് വന്നിട്ട് ഈ പെൺകുട്ടിയെ ഇവളുമാരും കണ്ടിട്ടുണ്ട് സ്കൂളിൽ വെച്ച് അവളെ..

 

 

അതേ… നിയാച്ചൂ അങ്കിൾ.. ഈ റിയാന്റി നമ്മുടെ ജബ്ബാർ വലിയപ്പയുടെ ജാസ്മിനെ പോലെ തന്നെ ഉണ്ട്… ഇച്ചിരി വണ്ണക്കുറവുണ്ട് എന്നേയുള്ളൂ…

 

 

ഇച്ചിരി ഒന്നുമല്ല ഒത്തിരി…ഉം.. ഉം….നടക്കട്ടെ നടക്കട്ടെ നിങ്ങൾ എല്ലാവരും കൂടി പ്ലാൻ ചെയ്തിട്ടാണ് അല്ലേ…. അതാണ് ഉമ്മാനെയും കൂട്ടി ഇന്നലെ എല്ലാവരും എത്തിയത്…

 

നിയാസിന് മനസ്സിലായി. ഇപ്രാവശ്യം തന്റെ എതിർപ്പൊന്നും വിലപ്പോവില്ല…എല്ലാവരും കരുതി കൂട്ടിയാണ് വന്നത്… തന്നെ ഇവർ കല്യാണം കഴിപ്പിച്ചേ അടങ്ങു…

 

നിയാസ് ബാപ്പുട്ടിയുടെ അടുത്ത് പോയി..

 

എന്താ ബാപ്പുട്ടി ഇത്…ഞാൻ പറഞ്ഞതല്ലേ എനിക്ക് ഇപ്പോൾ കല്യാണവും പെണ്ണൊന്നും വേണ്ടെന്ന്…

 

അയ്യോ…നീയാസേ നിന്റെ ഷാഹിന ഉമ്മ അത്രമേലും പറഞ്ഞിട്ട് വന്നത്… അതും ഇന്നത്തെ ദിവസം തന്നെ വരണമെന്ന് ഡേറ്റ് തന്നിരുന്നു.. നിന്റെ മൂത്ത പെങ്ങളും അളിയനും കുട്ടികളും വരുമെന്ന് പറഞ്ഞിരുന്നു..

 

അളിയനും വന്നിട്ടുണ്ടോ..

 

നിയാസ് അത്ഭുതത്തോടെ ബാപ്പുട്ടിയോട് ചോദിക്കുമ്പോൾ… അതാ ഗേറ്റ് കടന്ന് മുറ്റത്ത് കൂടെ സ്കൂട്ടറിൽ അളിയൻ കടന്നുവരുന്നു..

 

വാ…അളിയാ കയറിയിരിക്ക്…..

 

വാപ്പ ജീവിച്ചിരിപ്പില്ലാത്ത നിയാസിന് മൂത്ത അളിയനെ വാപ്പയ്ക്ക് തുല്യമാണ് വിലകൽപ്പിക്കുന്നത്…

 

അളിയൻ കയറിയിരുന്നപ്പോൾ ആച്ചിയും കോച്ചിയും വാപ്പയെ ഫോട്ടോ കാണിച്ചു..

 

ഇതാണ് പെണ്ണ്… ഉറപ്പിച്ചോളൂട്ടോ… ഉപ്പ…

 

അളിയന്റെ മുഖം തെളിഞ്ഞു….

 

എന്നിട്ട് പറഞ്ഞു…

 

എവിടെയോ കണ്ടപോലെ ഉണ്ടല്ലോ മുഖം..

ഇത് നമ്മുടെ ജബ്ബാർ അങ്കിളിന്റെ മകൾ ജാസ്മിനെ പോലെ തന്നെ ഉണ്ടല്ലോ…

 

 

മതി അളിയാ മതി….. ഒരു ജാസ്മിൻ…

 

നിയാസിനെ എല്ലാവരുടെ വെൽ പ്ലാന്ഡ് ഡയലോഗ് കേൾക്കുമ്പോൾ മതിയായി…

 

സത്യം അല്ല മക്കളെ..

 

അയാള് തന്റെ റോൾ കൈവിട്ടുപോയോ എന്ന് പേടിച്ചു തന്റെ മക്കളെയും ഭാര്യയെയും നോക്കി…

 

അതെ ഉപ്പ…. നേച്ചു അങ്കിൾ ഏതായാലും നേരിട്ട് കാണുമല്ലോ അപ്പോൾ മനസ്സിലാവും…

 

ആച്ചിയും കോച്ചിയും വാപ്പാനെ സപ്പോർട്ട് ചെയ്തു..

 

 

ഉം… ആയിക്കോട്ടെ…. നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാണെങ്കിൽ ബാപ്പുട്ടി ഇതങ്ങോട്ടു പോസിഡ് ചെയ്തോളൂ…

 

അങ്ങനെ ഇടിപിടി എന്ന് ആ കല്യാണം നടന്നു…

 

നിയാസിന്റെ അങ്കിളിന്റെ മകളും തേച്ചിട്ട് പോയ കാമുകിയുമായ ജാസ്മിനും ആ കല്യാണത്തിൽ പങ്കെടുത്തിരുന്നു…

 

ജാസ്മിനും തന്റെ അപരേയക്കണ്ട് അത്ഭുതപ്പെട്ടു…

 

എല്ലാവരും കരുതി കൂട്ടി സെറ്റ് ആക്കിയതാണ്… ജാസ്മിന് തോന്നി.. ഈ കല്യാണപ്പെണ്ണ് റിയയെ ഏതൊക്കെയോ വശങ്ങളിൽ നിന്നും നോക്കുമ്പോൾ തന്നെപ്പോലെ ഉണ്ട് എന്ന് ജാസ്മിന്റെ കൂട്ടുകാരികളും പറഞ്ഞു..

 

അന്നത്തെ രാത്രി അണഞ്ഞു..

 

മണിയറയിൽ ആദ്യരാത്രിയിൽ അവളെ മേക്കപ്പിന്റെ അകമ്പടി ഇല്ലാതെ കണ്ടപ്പോൾ താൻ അന്ന് മരുമക്കൾ കുട്ടികളോട് തമാശയോടെ പറഞ്ഞ അതേ അഭിപ്രായം തന്നെയാണ് അവന് മനസ്സിൽ വന്നത്.. എവിടെയൊക്കെയോ ജാസ്മിന്റെ മുഖം ഇച്ചിരി ഉണ്ട് എന്നല്ലാതെ ആദ്യ രാത്രിയെ വർണ്ണ ശബള സുന്ദര മുഹൂർത്തത്തിലേക്ക് ആനയിക്കുമ്പോഴൊക്കെ അരക്കെട്ടിന്റെ എല്ല് പോലും അവന്റെ മേലിൽ തുളച്ചു കയറുമോ എന്നു പോലും അവൻ ഭയപ്പെട്ടു..

 

എന്താ…റിയ നിന്റെ വീട്ടിൽ വെപ്പും കുടിയും ഒന്നും ഉണ്ടായിട്ടില്ലേ.. എല്ലു മാത്രമല്ലേ ഉള്ളൂ

 

അതു കേട്ട് അവൾ കരഞ്ഞു…

 

ഞാൻ കരയാൻ വേണ്ടിട്ടല്ല പറഞ്ഞത്.. നന്നായി ഭക്ഷണം കഴിക്കണം… ഇതൊരുമാതിരി സോമാലിയിൽ നിന്നും വന്നതുപോലെ…

 

അതുകേട്ട അവളുടെ കരച്ചിൽ ഉച്ചത്തിൽ ആയി…

 

 

പിന്നെ തുടർന്നുള്ള നാളുകളിൽ അവളെ മനസ്സിന് വേദനിപ്പിക്കുന്ന കൂത്തു വാക്കുകൾ ഒന്നും നിയാസ് പറഞ്ഞില്ല.. എല്ലാം അനുഭവിക്കുക അല്ലാതെ വേറെ വഴിയൊന്നുമില്ല..

 

ഇതിനിടെ റിയ ഗർഭിണിയായി..

 

അഞ്ചാറു മാസം ആയപ്പോൾ പരമ്പരാഗത ചടങ്ങുകളുടെ ഭാഗമായി അവളെ ഉമ്മ വീട്ടുകാർ വന്നു കൂട്ടിക്കൊണ്ടുപോയി..

 

മാസം തികഞ്ഞപ്പോൾ അവൾ പ്രസവിച്ചു.. നല്ലൊരു പെൺകുട്ടിയെ…

 

പൊതുവേ മനസ്സുകൊണ്ട് അത്ര റിയയെ ഇഷ്ടമില്ലാത്ത നിയാസ് പിന്നെ പേരിന് മാത്രം ഒരു പ്രാവശ്യം കുഞ്ഞിനെ കാണാൻ പോയി..

 

എന്നും ഓഫീസിൽ ജോലിക്ക് പോയിട്ട് തോന്നിയപോലെ വന്നു കയറി കിടന്നുറങ്ങുന്ന നിയാസ് ഒരിക്കൽപോലും ഭാര്യയോ കുഞ്ഞിനെയോ ഓർത്തു വിളിക്കാൻ ശ്രമിച്ചില്ല..

 

എങ്ങാണ്ടും റിയ വിളിക്കുന്ന കോളുകൾ മാത്രം എടുത്താൽ ആയി..

 

നൂലുകെട്ടും തൊട്ടില് തൂക്കലും പോലുള്ള പ്രസവേതര ചടങ്ങുകൾ ഒക്കെ വീട്ടുകാർക്ക് വേണ്ടുന്ന സഹകരണങ്ങൾ അവൻ ചെയ്തു കൊടുത്തു എന്നത് മാത്രം..

 

അങ്ങനെ നിയാസിന്റെ വീട്ടിലേക്ക് പ്രസവം കഴിഞ്ഞതിനു ശേഷം റിയയും കുഞ്ഞും വരുന്ന ദിവസം എത്തി…

 

നിയാസിന്റെ ഉമ്മ പോയി അവളെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ടുവന്നു.

 

തന്റെ ഭാര്യയും കുഞ്ഞും ഇന്നാണ് വരുന്നത് എന്ന ആകാംക്ഷയോ താല്പര്യമോ അവനില്ല…. എന്തിനേറെ അന്നത്തെ ദിവസം ആ കാര്യം പോലും അവനെ മറന്നിരുന്നു..

 

പതിവുപോലെ ഓഫീസിൽ വിട്ടു കൂട്ടുകാരോടൊക്കെ കറങ്ങി നേരം വൈകിയാണ് അവൻ വീട്ടിൽ വന്നത്…

 

റിയയും ഒത്തുള്ള ജീവിതത്തിൽ ഒരു താല്പര്യമുണ്ടെങ്കിൽ അല്ലേ ഈ സംഭവങ്ങളൊക്കെ ഒരു അനുഭൂതിയോടെ തലയിൽ നിൽക്കൂ..

 

ഷാഹിന ഉമ്മ ഉറങ്ങിയിട്ടില്ല.. അവനെ പ്രതീക്ഷിച്ചിരിപ്പാണ്…നിയാസ് വന്നപ്പോൾ ഒന്നും മിണ്ടാതെ ഉമ്മ ചെന്നു വാതിൽ തുറന്നു കൊടുത്തു . അവൻ അകത്ത് കടന്നപ്പോൾ വാതിൽ അടച്ചു ഉമ്മ പോയി കിടന്നുറങ്ങി.

 

 

നിയാസ് ഓഫീസ് വേഗംകൊണ്ട് ബെഡ്റൂമിൽ ചെന്നു..

 

ഓ ജാസ്മിനോ നീ എപ്പോൾ വന്നു…

 

അവൻ റിയയോട് അങ്ങനെ ചോദിച്ചപ്പോൾ റിയ ഞെട്ടിപ്പോയി…..

 

ഞാൻ ജാസ്മിൻ അല്ല എന്ന് പറയണമെന്ന് അവൾക്കുണ്ട്.. എങ്കിലും അവൾ ഒന്നും മിണ്ടിയില്ല..

 

എത്ര നാളായി നീ ഇവിടെ വന്നിട്ട്… അന്ന് ജബ്ബാർ അങ്കിളും ഫാത്തിമ അമ്മായിയും ഉംറക്ക് പോയപ്പോഴാണ് നീ ഇവിടെ കുറച്ചുനാൾ നിൽക്കാൻ വേണ്ടി വന്നത് … അന്ന് നീ ഞാൻ ഓഫീസിൽ നിന്നും വരുമ്പോഴേക്കും എന്നെ കാത്ത് ഇവിടെ ഉറങ്ങാതെ ഉണ്ടാകും..

 

അന്ന് ഞാൻ വന്ന് ഇതുപോലെ നിന്നെ കെട്ടിപ്പിടിക്കും.. എന്നിട്ട് നമ്മൾ മായ ലോകത്തിലേക്ക് പോകും… ആ നാളുകൾ എനിക്ക് തിരിച്ചു തരാൻ ആണോ നീ വന്നത്… വരൂ ജാസ്മിൻ നീ എന്നെ തേടി വന്നല്ലോ ഒടുവിൽ…

 

അതും പറഞ്ഞ് അവൻ റിയയെ കെട്ടിപ്പിടിക്കാൻ പോയി..

 

എതിർപ്പ് പ്രകടിപ്പിക്കാതെ തന്നെ കെട്ടിപ്പിടിച്ചിരിക്കുന്ന ഭർത്താവിനോട് അവൾ പറഞ്ഞു

 

 

ഞാൻ നിങ്ങളുടെ ജാസ്മിൻ അല്ല.. ഞാൻ നിങ്ങളുടെ ഈ കുഞ്ഞിന്റെ ഉമ്മ…റിയ..

 

അപ്പോഴാണ് അവനു സ്ഥലകാലം ബോധം ഉണ്ടായത്..

 

തൊട്ടിൽ കിടക്കുന്ന തന്റെ അരുമകൾ… അവൾ കൈകാൽ ഇട്ടിളക്കി പല്ലില്ലാത്ത മോണ കാട്ടി തന്നെ നോക്കി ചിരിക്കുന്നു…

 

റിയയും നല്ല തടിയൊക്കെ വെച്ച് ജാസ്മിനെ പോലെ സുന്ദരിയായിരിക്കുന്നു…

 

 

എന്തൊരു മാറ്റമാണ് റിയയിൽ സംഭവിച്ചിരിക്കുന്നത്.അവൻ വിസ്മയം പൂണ്ടു..

 

തന്റെ ഭർത്താവായ നിയാസിനെ അദ്ദേഹത്തിന്റെ കസിനായ ജാസ്മിനോട് പ്രണയം ഉണ്ടായിരുന്നു എന്ന് ആ അനുഭവം കൊണ്ട് റിയയ്ക്ക് ബോധ്യമായി… എങ്കിലും അവൾ ദുഃഖിച്ചില്ല..പഴയ ആ കാര്യങ്ങൾ ഓർത്ത് ദുഃഖിക്കുന്നതിന് പകരം അവളിൽ സന്തോഷമുണ്ടായി… കാരണം ജാസ്മിനെ പോലെ സുന്ദരിയായി മാറിയിരിക്കുന്നു എന്ന് അദ്ദേഹം തന്നെ താൻ ജാസ്മിൻ ആണെന്ന് കരുതിയേ പറഞ്ഞ വാക്കുകളിൽ നിന്നും അവൾക്ക് ബോധ്യമായി… വേറൊരു പെണ്ണിന്റെ രൂപം തന്നിൽ കണ്ട് ഇഷ്ടപ്പെടുന്ന ഒരു പുരുഷനെ ഏതൊരു ഭാര്യക്കും ഇഷ്ടമല്ല… എങ്കിലും താനൊരു പെണ്ണേ അല്ല എന്ന് കരുതി ഇതുവരെ തന്നോട് സ്നേഹത്തോടെ സമീപിക്കാതിരുന്ന ഭർത്താവിനെ അവളുടെ രൂപത്തിലേക്ക് മാറി ആകർഷിപ്പിക്കാൻ പറ്റിയതിന്റെ ക്രെഡിറ്റിൽ അവൾ എല്ലാം മറന്നു..

 

തന്റെ ഭാര്യ റിയയെ ജാസ്മിൻ ആണെന്ന് കരുതി സ്നേഹ വാക്കുകൾ പറഞ്ഞു കെട്ടിപ്പിടിക്കാൻ പോയതിലുള്ള ചമ്മൽ നിയാസിൽ ഉണ്ടായി..

 

എങ്കിലും റിയയുടെ ഇപ്പോഴത്തെ മാറ്റത്തിൽ അവൻ സന്തോഷിച്ചു..

 

താൻ അങ്ങോട്ട് സ്നേഹിച്ച ജാസ്മിന്റെ മനസ്സ് മോശമായിരുന്നു.. അതാണ് അവൾ തന്നെ തേച്ചിട്ട് പോയത്… ഇവിടെ താൻ ഇഷ്ടപ്പെടുന്ന അതേ രൂപവും തന്നെ ഒരുപാട് സ്നേഹിക്കുന്ന ഭാര്യയും തങ്കക്കുടം പോലുള്ള ഒരു പെൺ കുഞ്ഞും തന്റെ ഒരു സ്നേഹത്തിനായി കൊതിക്കുന്നു…. ഇതിൽപരം തനിക്ക് എന്തുവേണം… ഇനി ഇവരാണ് എന്റെ ലോകം…

 

 

നിയാസ് തൊട്ടിലിൽ തലയിട്ട് കുഞ്ഞുമോളുടെ നെറുകയിൽ ഒരു ഉമ്മ വച്ചു… വാപ്പ കുളിച്ചിട്ട് വരാട്ടോ… എന്നിട്ട് എടുക്കാവേ… അപ്പടി വിയർപ്പാ… ട്ടോ..

 

അതും പറഞ്ഞവൻ വാഷ്റൂമിൽ കയറി…

 

 

 

കുളിച്ച് ഫ്രഷായി വന്ന നിയാസ് ഭക്ഷണത്തിനുശേഷം… കുഞ്ഞ് ഒരുപാട് നേരം എടുത്ത ലാളിച്ചു… കയ്യിൽ കിടന്ന് ഉറങ്ങിയ അവളെ തോട്ടിലിൽ കിടത്തിയ ശേഷം ഒരു ആദ്യരാത്രിയുടെ ആവേശത്തോടെ സ്നേഹത്തോടെ നിയാസ് റിയയെ തന്നോട് ചേർത്ത് കിടത്തി……

 

മോളെ… നിന്നെ അവഗണിച്ച് ഞാൻ ഏറെ വിഷമിപ്പിച്ചു കുറെ നാൾ… ആ സങ്കടം ഒന്നും പുറത്തറിയിക്കാതെ നീ എന്റെ മോളെ കൂടി പ്രസവിച്ചു തന്നു… ഞാനൊരു കരുണ ഇല്ലാത്തവനെ പോലെ പെരുമാറി.. സത്യം പറയാമല്ലോ ജാസ്മിനെ ഞാൻ സ്നേഹിച്ചിരുന്നു അവൾ തേച്ചിട്ട് പോയപ്പോൾ കളിപ്പാട്ടം നഷ്ടപ്പെട്ട ഒരു കുട്ടിയുടെ മനോഭാവമായിരുന്നു എനിക്ക്.. ഞാനിപ്പോൾ തിരിച്ചറിയുന്നു റിയ… നമ്മളെ സ്നേഹിക്കുന്നവരെയാണ് നമ്മൾ സ്നേഹിക്കേണ്ടത്..ഇനി നീയല്ലാതെ വേറെ ആരും എന്റെ ജീവിതത്തിലോ ഓർമ്മയിലോ ഉണ്ടാവില്ല… റിയയ്ക്കും സന്തോഷമായി..

 

രൂപത്തിലോ ഭാവത്തിനോ അപ്പുറം തന്നെ സ്നേഹത്തിലും നിയാസ് വിശ്വാസം അർപ്പിച്ചിരിക്കുന്നു.അവൾക്ക് അത് ഏറെ ആത്മവിശ്വാസം നൽകി..

 

 

ആ എല്ലോക്കെ എവിടെപ്പോയി..

 

 

ആവേശത്തോടെ അതിലേറെ ആർത്തിയോടെ റിയയെ തഴുകി തലോടുന്ന വേളയിൽ അവൻ ചോദിച്ചു..

 

 

അതൊക്കെ പോയി…

.

 

 

.

 

 

രചന : വിജയ് സത്യ

Leave a Reply

Your email address will not be published. Required fields are marked *