ഇന്നലെ രാത്രി നീ പറഞ്ഞത് പോലെ എല്ലാം അവസാനിപ്പിക്കാൻ വന്നതാ ” പറഞ്ഞത് മാത്രേ എനിക്ക് ഓർമ്മയുള്ളൂ

(രചന: അഭിരാമി അഭി)

 

ഇന്നവൾക്ക് ഒന്നുകൊടുക്കണം എന്ന് ഉറപ്പിച്ചുതന്നെയായിരുന്നു കോളേജിന് മുന്നിൽ കാത്തുനിന്നത്.

 

അത്രക്കായിരുന്നു ഇന്നലെ രാത്രി അവൾ പറഞ്ഞത്. പിന്നീട് വിളിച്ചിട്ടൊട്ട് പെണ്ണ് ഫോൺ എടുത്തതുമില്ല.

 

ഓരോന്ന് ഓർത്തു നിൽക്കുമ്പോൾ കണ്ടു പെൺപടകളുടെ കൂടെ നടന്നു വരുന്നുണ്ട് കുരിപ്പ്.

 

എന്നെ കണ്ടപ്പോഴേ പെണ്ണ് ചിരിക്കാൻ തുടങ്ങി. അവളുടെ കവിളിൽ വിരിഞ്ഞ ആ നുണക്കുഴികൾ കണ്ടപ്പോൾ തന്നെ എന്റെ ദേഷ്യമെല്ലാം എവിടെയോ പോയ്‌ മറഞ്ഞു.

 

എങ്കിലും മൈൻഡ് ചെയ്യാതെ ഞാൻ അവിടെത്തന്നെ നിന്നു.

 

” ഇതെന്താ മാഷേ ഒരു മൈൻഡ് ഇല്ലാത്തത്?? ”

 

അവളുടെ ചോദ്യം കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു.

 

” ഇന്നലെ എന്തൊക്കെയായിരുന്നു…. എന്റെ തല കത്തിക്കാൻ നിന്നവളാ ഇപ്പൊഴത്തെ ചോദ്യം കേട്ടാൽ എന്തൊരു പച്ചപാവം. ”

 

ഞാൻ മനസ്സിൽ ഓർത്തു.

 

” രണ്ടും കൂടെ പിന്നേം തുടങ്ങിയോ?? ”

അവളുടെ കൂട്ടുകാരി ഒരുത്തിയുടെ ചോദ്യം കേട്ടതും കുരിപ്പ് ഓസ്കാർ അഭിനയം തുടങ്ങി.

 

” ഞാൻ ഒന്നും ചെയ്തില്ല ഈ അഭിയേട്ടനാ വെറുതെ എന്നോട് വഴക്കിട്ടു പോയത് ”

 

” എന്റദൈവമേ ഇവൾ ഇതെന്ത് സാധനം ഇന്നലെ ചീവീട് പോലെ കിടന്നലച്ചിട്ട്‌ പാവം എനിക്കൊന്ന് മിണ്ടാൻ പോലും സമയം തരാതെ ഫോൺ വച്ചിട്ട് പോയവളാ. എന്നിട്ടിപ്പോ ഞാൻ വഴക്കിട്ടെന്ന് ”

 

അല്പം ഉച്ചത്തിലായി പോയ എന്റെ ആത്മഗതം കേട്ട് പെൺപടകൾ എല്ലാം കൂടി കൂട്ടച്ചിരി .

 

കൂട്ടത്തിൽ ആ കുട്ടിത്തേവാങ്ക് കൂടെ ആയതോടെ പൂർത്തിയായി.

 

” എന്നാ നമുക്കങ്ങോട്ട്‌ പോയാലോ?? ”

ബൈക്കിലിരുന്ന എന്റെ പിന്നിൽ കേറിയിരുന്ന് ഇളിച്ചോണ്ട് കുരുപ്പ് പറഞ്ഞപ്പോൾ വേറെ വഴിയില്ലാതെ ഞാൻ വണ്ടിയെടുത്തു.

 

” എന്റെ പിന്നിലിരിക്കുന്ന ഈ കുരിപ്പാണ് മാളവിക. എന്റെ മാളു. ചെറിയ കാര്യത്തിനുപോലും പിണങ്ങിപോവുകയും പിന്നീട് ഒരു നാണവുമില്ലാതെ എന്നോട് വന്നു പറ്റിചേരുകയും ചെയ്യുന്ന എന്റെ പൊട്ടിപെണ്ണ്. ”

 

” അല്ല എന്തേ ഇപ്പൊ ഓടിപ്പിടിച്ച് ഇങ്ങോട്ട്?? ”

 

എന്നോട് ചേർന്നിരുന്ന് എന്റെ താടി പിടിച്ചുവലിച്ചുകൊണ്ട് അവൾ ചോദിച്ചു.

 

” ഇന്നലെ രാത്രി നീ പറഞ്ഞത് പോലെ എല്ലാം അവസാനിപ്പിക്കാൻ വന്നതാ ”

പറഞ്ഞത് മാത്രേ എനിക്ക് ഓർമ്മയുള്ളൂ.

പെണ്ണ് ഉറഞ്ഞുതുള്ളാൻ തുടങ്ങി.

 

” ഓഹോ നിങ്ങളെല്ലാം അവസാനിപ്പിക്കുമല്ലേ?? ”

 

ചോദ്യത്തിന്റെ കൂടെ പുറത്ത് അടിക്കാനും മന്താനും കൂടി തുടങ്ങിയപ്പോഴേ ഞാൻ ആയുധം വച്ച് കീഴടങ്ങി.

 

“എന്റെ പൊന്ന് മാളു നീ തന്നെയല്ലേ ഇതെല്ലാം പറയുന്നത്?? ”

 

ചിരിയോടെ ഉള്ള എന്റെ ചോദ്യം കേട്ട് അവൾ വീണ്ടും തുള്ളിവിറക്കാൻ തുടങ്ങി.

 

” ഓ ഇപ്പൊ ഞാൻ പറഞ്ഞതാ കുറ്റം.

അഭിയേട്ടനല്ലേ ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്?? ഞാനെത്ര വിളിച്ചു. ”

 

” എടി പെണ്ണേ ഞാൻ അപ്പൊ കുറച്ചു തിരക്കായത് കൊണ്ടാ ഫോൺ എടുക്കാഞ്ഞത്. അല്ലാതെ നിന്നോട് സംസാരിക്കാൻ താല്പര്യം ഇല്ലാഞ്ഞിട്ടൊന്നുമല്ല.

 

എന്റെ ഇഷ്ടത്തിന് ജോലിചെയ്യാൻ ബാങ്ക് എന്റെ കുടുംബസ്വത്ത്‌ ആണോ??

 

ഞാൻ പറഞ്ഞത് കേട്ട് കുരുപ്പിന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു.

 

എന്റെ താടിയിൽ പിടിച്ചു വലിച്ചോണ്ട് അവൾ വീണ്ടും എന്നോട് ചേർന്നിരുന്നു .

 

” അല്ലെങ്കിലും അവൾക്ക് സ്നേഹം വന്നാലും ദേഷ്യം വന്നാലും ഇരയാവുന്നത് എന്റെ പാവം താടിയാണല്ലോ. ”

 

അവളുടെ നഖത്തിന്റെ ചൂട് നന്നായി അറിയാവുന്നതുകൊണ്ട് പറയാൻ വന്നത് അപ്പാടെ വിഴുങ്ങി ഞാൻ മിണ്ടാതിരുന്നു. അല്ലെങ്കിലും ശാന്തമായ ജീവിതത്തിന് ആരെങ്കിലും ഒരാൾ ത്യാഗം ചെയ്യണമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *