ഈ മുപ്പത്തിയാറ് വയസ്സിനിടയിൽ എത്രയോ ആളുകൾ വന്നും കണ്ടും പോയി.     ഒരു കല്യാണംയോഗം മാത്രം ന്തോ അവളിൽ നിന്ന് അകന്നു നിന്നു.  

“ഏട്ടാ, എനിക്കീ കല്യാണം വേണ്ട ” എന്ന് പറയുമ്പോ മീനുവിന്റ കണ്ണുകൾ നിറഞ്ഞിരുന്നു.

അന്ന് പെണ്ണ് കാണാൻ ഒരാൾ വരുന്നുണ്ടെന്ന് ഏട്ടൻ പറഞ്ഞപ്പോൾ മനസ്സിൽ സന്തോഷം അല്ലായിരുന്നു.

ഈ മുപ്പത്തിയാറ് വയസ്സിനിടയിൽ എത്രയോ ആളുകൾ വന്നും കണ്ടും പോയി.

ഒരു കല്യാണംയോഗം മാത്രം ന്തോ അവളിൽ നിന്ന് അകന്നു നിന്നു.

ഇനി ഒരാൾക്കു മുന്നിൽ കൂടെ കാഴ്ചയ്ക്ക് നിൽക്കാനുള്ള മടി.

നാളെ അവര് ന്തേലും കള്ളം പറഞ്ഞോഴോയുമ്പോൾ, അത് ഏട്ടന്റെ വായിൽ നിന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഏട്ടന്റെ മുഖത്തെ ഭാവം….. വയ്യ, അങ്ങന്നൊന്ന് കേൾക്കാനോ കാണാനോ വയ്യാത്തത് കൊണ്ട് തന്നെ വിവാഹം എന്ന മോഹം എന്നോ മനസ്സിൽ നിന്ന് നുള്ളി എറിഞ്ഞതാണ്. പക്ഷേ ഇനിതാ വീണ്ടും…..

 

ഏട്ടത്തിയമ്മ പുഞ്ചിരിയോടെ ഒരുക്കാൻ വന്നപ്പോൾ അതെ പുഞ്ചിരിയോടെ നിരസിച്ചു.

” കുറെ കെട്ടിയൊരുങ്ങി നിന്നതല്ലേ ചേച്ചി. ന്തിനാ വെറുതെ…. ങ്ങാനൊക്ക മതി.”

” അവർ എത്താറായിട്ടോ “എന്നും പറഞ്ഞുവന്ന ഏട്ടൻ അപ്പോഴായിരുന്നു ആ കാര്യം പറഞ്ഞത്.

 

“മോളെ…. വരുന്ന ആൾടെ കല്യാണം ഒരിക്കൽ കഴിഞ്ഞതാ… അതിലൊരു കുട്ടീം ണ്ട്. ”

 

ഏട്ടന്റെ വാക്കുകൾ ഞെട്ടലോടെ ആയിരുന്നു മീനു കേട്ടത്. അങ്ങനെ രണ്ടാംകെട്ടുകാരനിലേക്ക് എത്തിയിരുന്നു തിരച്ചിൽ.

 

” മോൾക്ക് ഇഷ്ടമല്ലെങ്കിൽ ഏട്ടൻ നിർബന്ധിക്കില്ല. പക്ഷേ… മോളിങ്ങനെ നിൽക്കുമ്പോൾ ഏട്ടന്റെ മനസ്സ്,.. ”

 

അയാൾ വാക്കുകൾ പാതിയിൽ നിർത്തുമ്പോൾ അവളുടെ നാവിൽ നിന്ന് ആദ്യം വന്നത് ” ഏട്ടാ, എനിക്കീ കല്യാണം വേണ്ട “എന്നായിരുന്നു.

 

” വേണ്ടെങ്കിൽ വേണ്ട.. ന്നാലും അവരോട് വരാൻ പറഞ്ഞ സ്ഥിതിക്ക് വന്നു പോകട്ടെ…. അതിന് മാത്രം മോൾ എതിര് പറയരുത്. ”

 

അവർക്ക് ചായയുമായി ഉമ്മറത്ത് എത്തുമ്പോൾ എല്ലാവരും സംസാരത്തിൽ ആയിരുന്നു .

 

“രണ്ടു പേർക്കും ന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ…. ”

 

അതിലൊരാൾ പറയുമ്പോൾ ഉണ്ടെന്ന ഭാവം ആയിരുന്നു പെണ്ണ് കാണാൻ വന്നവൻറെ മുഖത്ത്‌..

 

പുറത്തേക്ക് ഇറങ്ങിയ അയാളെ അനുഗമിക്കുമ്പോൾ മീനുവിന്റെ മനസ്സ് വല്ലാത്ത പിരിമുറുക്കത്തിൽ ആയിരുന്നു..

ആളോട് എന്ത് പറയും എന്ന ചിന്ത.

 

“ഹയ്…. ഞാൻ ശരത്….”

 

അയാൾ സ്വയം പരിചയപ്പെടുത്തുമ്പോൾ അവൾ മറുപടി ഒരു മൂളലിൽ ഒതുക്കി.

 

” കൂടുതൽ വളച്ചുകെട്ടാതെ സംസാരിക്കാൻ ആണ് എനിക്ക് ഇഷ്ടം….

ഏട്ടൻ പറഞ്ഞിട്ടുണ്ടാകും എന്ന് കരുതുന്നു. ഒരിക്കൽ ഒരു വിവാഹം കഴിഞ്ഞ ആളാണ്‌ ഞാൻ. ഇനി ഒരിക്കൽ കൂടി ഒരു വിവാഹം വേണ്ടെന്ന് തീരുമാനിച്ചിരുന്ന ആളും. ”

 

അയാലത് പറയുമ്പോൾ ആ നിമിഷം വരെ അയാളിൽ ഒട്ടും താല്പര്യം തോന്നാത്തിരുന്ന അവളിൽ അയാളെ അറിയാൻ ഒരു താല്പര്യം തോന്നിതുടങ്ങി.

 

ആ ആകാംഷ അവളുടെ മുഖത്ത്‌ കണ്ടതുകൊണ്ട് ആവണം ശരത് അവളെ നോക്കി പുഞ്ചിരിച്ചതും.

 

” ഇപ്പോൾ ആലോചിക്കുന്നത് പിന്നെ എന്താണ് തീരുമാനം മാറ്റിയത് എന്നല്ലേ..

അതും അവൾ കാരണം ആണ്. സാറ.!

 

ഞങ്ങൾ ഒരുമിച്ചു പഠിച്ചവർ ആയിരുന്നു. ഒരുമിച്ചു ജീവിതം സ്വപ്നം കണ്ടവർ. രണ്ട് മതത്തിൽ പെട്ട ഞങ്ങളുടെ ഇഷ്ടം പലർക്കും എതിർപ്പ് ആയിരുന്നു. ഒരാൾക്ക് ഒഴിച്ച്…. സാറയുടെ അമ്മയ്ക്ക്.

അവർക്ക് മാത്രം എന്നെ ഇഷ്ടം ആയിരുന്നു. ഞാനും സാറയും ഒന്നിച്ചു കാണാൻ ആഗ്രഹിച്ചതും അവർ മാത്രം ആയിരുന്നു.

 

പക്ഷേ, ഞങ്ങളുടെ ജീവിതത്തിൽ വിധി മറ്റൊന്ന് ആയിരുന്നു.

ഒരു ആഷിഡന്റിന്റെ രൂപത്തിൽ അവളെ പാതിജീവനിൽ കാണേണ്ടിവന്ന എനിക്ക് ജീവിതത്തോടെ വെറുപ്പ് തോന്നിയ നിമിഷം. ദൈവത്തോട് പോലും….

 

അന്നവൾ എന്നെ നിർബന്ധിച്ചത് മറ്റൊരു കല്യാണത്തിന് ആയിരുന്നു. ഒരിക്കലും നടക്കാത്ത കാര്യത്തിന് അവൾ വാശി പിടിച്ചു. പക്ഷേ, അവളുടെ വാശിക്ക് മുകളിൽ എന്റെ വാശി ജയിച്ചു.

ഞാൻ അവളെ എന്റെ കൂടെ കൂട്ടി. മതത്തിന്റെ എതിർപ്പുകൾ അവഗണിച്ചു കൂടെ കൂട്ടുമ്പോൾ അവൾക്കൊപ്പം അവളുടെ അമ്മയും ഉണ്ടായിരുന്നു.

പിന്നെ എന്റെ ജീവിതം അവൾക്ക് വേണ്ടി മാത്രം ആയിരുന്നു. പക്ഷേ, ഞങ്ങടെ സ്വപ്നങ്ങൾക്ക് വലിയ ആയുസ്സ് നൽകാതെ ദൈവം അവളെ തിരികെ വിളിച്ചു. പോകുമ്പോൾ അവൾ പറഞ്ഞത് മറ്റൊരു വിവാഹത്തെ കുറിച്ച് മാത്രം ആയിരുന്നു. ”

 

അയാളുടെ വാക്കുകൾ മീനുവിന്റെ കണ്ണുകലെ നനയിക്കുണ്ടായിരുന്നെങ്കിലും അയാൾ കാണാതിരിക്കാൻ ശ്രമിച്ചു അവൾ.

 

അതൊന്നും ശ്രദ്ധിക്കാതെ അയാൾ പറഞ്ഞുകൊണ്ടിരുന്നു.

 

” പക്ഷേ, അവളുടെ ആ അവസാനത്തെ ആഗ്രഹം മാത്രം സാധിച്ചുകൊടുക്കാൻ എനിക്ക് കഴിയുമായിരുന്നില്ല.

അവളുടെ സ്ഥാനത് മറ്റൊരാളെ സങ്കൽപ്പിക്കാനും.”

 

” പിന്നെ എന്തിനാണ് നിങ്ങൾ പിന്നെയും പെണ്ണ് കാണാൻ വന്നത് ”

 

അവളുടെ ഉദ്യോഗം നിറഞ്ഞ ചോദ്യം കെട്ട് അയാളോന്ന് ദീർഘനിശ്വസിച്ചു.

 

” അവിടെ ഇരിക്കുന്ന അമ്മയെ കണ്ടോ…. അവളുടെ അമ്മയാണ്.. എന്റേം…. അവൾ പോയിട്ടും എന്റെ കൂടെ എന്റെ അമ്മയെപ്പോലെ സ്നേഹത്തോടെ നിൽക്കുന്നയാൾ.

സ്വന്തം മകളുടെ നഷ്ടം എന്റെ ജീവിതത്തിന്റെ വലിയൊരു നഷ്ടമായി മാറരുതെന്ന് ആഗ്രഹിക്കുന്ന ആള്.

ഇനിയുള്ള കാലം ഒറ്റയ്ക്ക് ജീവിച്ചു തീർക്കാൻ ആഗ്രഹിച്ച എന്നെ ജീവിതത്തിൽ മറ്റൊരു കൂട്ട് വേണമെന്ന് നിർബന്ധിക്കുന്ന ആള്.

 

“മോനെ… അവൾ പോയി. അമ്മ ജീവിച്ചിരിക്കുമ്പോൾ മോൾ ഇല്ലാതാകുന്ന വേദന എത്രത്തോളം ആണെന്ന് എനിക്ക് അറിയാം… അവളുടെ നഷ്ടം അത്രത്തോളം നിന്നെയും വേദനിപ്പിക്കുണ്ടാവാം.. പക്ഷേ, അവളോട് നിനക്ക് അത്ര ഇഷ്ടം ഉണ്ടെങ്കിൽ നീ ഇപ്പോൾ ചെയ്യുന്നത് ആണ് അവളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത.

അവൾ ആഗ്രഹിച്ചപ്പോലെ നീ ജീവിക്കുമ്പോൾ ആണ് ദൂരെ ഇരുന്ന് അവളു സന്തോഷിക്കൂ… അല്ലെങ്കിൽ അവൾ കാരണം നഷ്ടപ്പെട്ടുപോകുന്ന നിന്റ ജീവിതത്തെ ഓർത്ത് അവൾ ദുഃഖിക്കുകയെ ഉള്ളൂ…

 

വീണ അന്ന് മുതൽ നിന്റ ജീവിതത്തിൽ ഒരു വേദന ആയി മാറരുത് എന്ന് ആഗ്രഹിച്ചവൾ ആണ് എന്റെ മോൾ.. പക്ഷേ…….”

 

ന്തോ ആ അമ്മയുടെ വാക്കുകളിൽ എവിടെയൊക്കെയോ ഞാൻ….. അവളുടെ അവസാനത്തെ ആഗ്രഹം പോലും സാധിച്ചുകൊടുക്കാതെ സ്നേഹത്തെ വാഴ്ത്തുന്നപ്പോലെ…..

 

അവനത് പറഞ്ഞുനിർത്തുമ്പോൾ അവൾക്ക് ഒറ്റ ചോദ്യമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ…

 

” അപ്പൊ ശരിക്കും നിങ്ങൾ ആർക്ക് വേണ്ടിയാണ് ഇനിയൊരു വിവാഹത്തിന് മുതിരുന്നത്.

നിങ്ങൾക്ക് വേണ്ടിയോ, അതോ ആ കുട്ടിയോടുള്ള സ്നേഹത്തിന്റെ കടം തീർക്കാൻ വേണ്ടിയോ.? ”

 

ആ ചോദ്യത്തിനു ശരത്തിനു പെട്ടന്നൊരു ഉത്തരം നൽകാൻ കഴിഞ്ഞില്ല.

ശരിക്കും ആർക്ക് വേണ്ടിയാണെന്ന വലിയൊരു ചോദ്യം അവനിലും നിറഞ്ഞു നിന്നു.

 

കുറച്ചു നേരം മൗനം അവർക്കിടയിൽ തളംകെട്ടി നിന്നു.

ആ മൗനം വെടിഞ്ഞത് അവൻ തന്നെ ആയിരുന്നു.

 

” സത്യം പറഞ്ഞാൽ ഈ ചോദ്യത്തിന് പെട്ടന്നൊരു മറുപടി നൽകാൻ എനിക്ക് കഴിയില്ല . മറ്റൊരു പെണ്ണിനെ മനസ്സിൽ വെച്ച് ഇനി ഒരു പെണ്ണിനെ സ്നേഹം നടിച്ചു ചതിക്കാനും താല്പര്യം ഇല്ല.”

 

അയാളുടെ മറുപടി കേട്ട് അവൾ പുഞ്ചിരിച്ചു.

 

” എനിക്ക് മനസിലാകും . അങ്ങനെ പെട്ടന്ന് മറക്കാൻ കഴിയുന്ന ഒരാൾ അല്ല ആ കുട്ടി എന്നും.

സത്യത്തിൽ ഒട്ടും മനസ്സില്ലാതെ ആണ് ഞാനും നിങ്ങൾക്ക് മുന്നിൽ നിന്നത്.

മറ്റുള്ളവർക്ക് ബാധ്യത ആവാതിരിക്കാൻ വേണ്ടി ഉള്ള വേഷം കെട്ടൽ.

രണ്ട് പേരും ഒരേ ദിശയിൽ ചിന്തിക്കുന്നു. സാഹചര്യം മാത്രമാണ് വത്യാസം.

 

” ശരിയാ… സാഹചര്യം ആണ് പ്രശ്നം. അവളുടെ ഓർമ്മകളിൽ നിന്ന് മറ്റൊരാളിലേക്ക് ഒരു മാറ്റം… അതാനിപ്പോ എല്ലാവരും ആഗ്രഹിക്കുന്നത്. ഞാൻ ശ്രമിക്കുന്നതും.

 

അത് വരെ എന്നെ മനസ്സിലാക്കി കാത്തിരിക്കാൻ ഇയാൾക്ക് കഴിയുമെങ്കിൽ….. ”

 

പെട്ടന്ന് അയാളിൽ നിന്ന് അങ്ങനെ ഒരു ചോദ്യം കേട്ടപ്പോൾ അവളൊന്ന് പകച്ചു.

പിന്നെ കുറച്ചു നേരത്തെ മൗനത്തിന് ശേഷം അവളും പറഞ്ഞു.

 

” ഓർമ്മകളെ ഒരിക്കലും ഇല്ലാത്തക്കാൻ കഴിയില്ലല്ലോ. പക്ഷേ ഇനിയുള്ള കാലം ഓർമ്മകൾക്ക് ഇപ്പുറം ഒരു സ്ഥാനം ഉണ്ടാകുമെങ്കിൽ…..”

 

അവളും ആ വാക്കുകൾ പാതിവഴി നിർത്തി അയാളെ നോക്കുമ്പോൾ ഒരു ചിരി അവന്റെ മുഖത്ത്‌ ഉണ്ടായിരുന്നു.

 

മാറ്റം അനുവാര്യമാണെങ്കിൽ മാറാൻ കഴിയുമെന്ന വിശ്വാസത്തിൽ.,..

 

 

✍️ദേവൻ

Leave a Reply

Your email address will not be published. Required fields are marked *