എന്നേക്കാൾ വലിയ തരികിടയാണവൻ. ഇപ്പോൾ അവന്റെ പുറകെ ഓടി നടന്നു ഞാൻ പെടാപാട് പെടുന്നത് കാണുമ്പോൾ അമ്മ പറയും “മത്തൻ കുത്തിയ കുമ്പളം

(രചന: അച്ചു വിപിൻ)

 

ഓ….നീയെന്റെ വയറ്റിൽ തന്നെ കുരുത്തല്ലോടി അസത്തെ നിന്നോടൊക്കെ പറയുന്നതിലും ഭേദം വല്ല പോത്തിനോടും പോയി പറയുന്നതാ…

 

ഇതിപ്പോ ആരോടാ ഈ പറയുന്നത് എന്നാവും നിങ്ങള് വിചാരിക്കുന്നത് വേറെ ആരോടും അല്ല എന്റെ മാതാശ്രീ എന്നോട് പറയുന്ന വാക്കുകൾ ആണിത്….

 

ഞാൻ കുഞ്ഞായിരിക്കുമ്പോ എന്നെ രാവിലെ തന്നെ എഴുന്നേൽപ്പിച്ചു കുളിപ്പിച്ച് കണ്ണെഴുതി പൊട്ടു കുത്തി മുടി ഒക്കെ പിന്നിയിട്ട് ഒരു കിലോമീറ്റർ നടന്ന് എന്നേം അനിയനെയും എന്നും സ്കൂളിൽ കൊണ്ട് ചെന്ന് വിടുന്നതും തിരിച്ചു കൊണ്ട് പോരുന്നതും അമ്മയായിരുന്നു…

 

ഇതൊക്കെ പറയുന്നത് കേട്ട് അമ്മയുമായി ഒരു വല്ലാത്ത അടുപ്പം ആയിരുന്നു ഈ കുട്ടിക്കെന്ന് നിങ്ങൾ വിചാരിക്കരുത്, കണ്ടാൽ കീരിയും പാമ്പും ആയിരുന്നു ഞാനും എന്റെ അമ്മയും …

 

പെൺകുട്ടി ആണെങ്കിലും ആൺകുട്ടിയുടെ കുസൃതികൾ ആയിരുന്നെനിക്ക്…ഉറങ്ങി കിടക്കുന്ന അനിയനെ പോയി ഇടിക്കുക അവനെ വെറുതെ പിടിച്ചു കടിക്കുക,പഞ്ചാര പാത്രത്തിൽ ഉപ്പിട്ട് ഇളക്കുക,

 

വെറുതെ പറമ്പിൽ നടക്കുന്ന വല്ലവന്റെയും കോഴികുഞ്ഞുങ്ങളെ കല്ലെടുത്ത് എറിയുക ആ കല്ല് കോഴിക്ക് കൃത്യമായി കൊണ്ടില്ലെങ്കി പുറകെ ഓടിചെന്ന് കഷ്ടപ്പെട്ടു പിടിച്ചതിന്റെ കഴുത്തു പിടിച്ചു ഞെരിക്കുക അങ്ങനെ പോകുന്നു എന്റെ ലീലവിലാസങ്ങൾ…

 

ശല്യം സഹിക്ക വയ്യാതെ എന്നെ മുറ്റത്തേക്ക് എടുത്തെറിഞ്ഞിട്ടുണ്ടമ്മ..

 

മിനിമം പത്തിരുപതു അടിയെങ്കിലും ദിവസവും അമ്മയുടെ കയ്യിൽ നിന്നും എനിക്കിട്ടു കിട്ടും.

 

ഉള്ള അടി മുഴുവൻ മേടിച്ച ശേഷം കരഞ്ഞു കൊണ്ട് ഞാൻ അമ്മയുടെ നേരെ നോക്കി കൊഞ്ഞനം കുത്തി കാണിക്കുമായിരുന്നു എന്നാലോ എന്റെ എല്ലാ കാര്യത്തിനും എനിക്ക് അമ്മ തന്നെ വേണമായിരുന്നു താനും…

 

ഒരു ദിവസം മൂന്നാം ക്ലാസ്സിലെ ഫ്രീ പിരീഡ് സമയം ക്ലാസ്സിൽ എന്തോ ആലോചിച്ചിരിക്കുമ്പോൾ എനിക്കൊരു മൂത്ര ശങ്ക…ചോദിച്ചിട്ട് പോകാൻ ആണേൽ ക്ലാസ്സിൽ ടീച്ചറും ഇല്ല അങ്ങനെ കുറച്ചു സമയം കഴിഞ്ഞപ്പോൾ അറിയാതെ ഞാൻ പാവാടയിൽ മൂത്രമൊഴിച്ചു പോയി.

 

ക്ലാസിലിരുന്ന് മുള്ളിപ്പോയ ഒരു പെങ്കൊച്ചിന്റെ മാനസികാവസ്ഥ നിങ്ങൾക്കൂഹിക്കാമല്ലോ അല്ലെ?എന്റെ പാവാട മൊത്തം മൂത്രമയം,

 

എനിക്കാണേൽ വല്ലാത്ത നാണക്കേട് തോന്നി. ക്ലാസ്സിൽ ഉള്ള ആൺകുട്ടികളും പെൺകുട്ടികളും എന്റെ നേരെ നോക്കി ഉറക്കെ ചിരിക്കുന്ന കണ്ടു സഹിക്ക വയ്യാതെ അമ്മയെ വിളിച്ചു ഞാൻ അലറിക്കരഞ്ഞു…

 

അന്നെന്റെ കുഞ്ഞ് മനസ്സിൽ തെളിഞ്ഞ ആദ്യത്തെ മുഖം എന്റെ അമ്മയുടെതായിരുന്നു..അമ്മ ഒന്നോടി വന്നെങ്കിൽ,എന്നെ ഒന്ന് കെട്ടിപ്പിച്ചെങ്കിൽ, പോട്ടെ സാരോല്ല എന്ന് പറഞൊരുമ്മ തന്നിരുന്നെങ്കിൽ എന്ന് ഞാൻ വളരെ അധികം ആഗ്രഹിച്ചു പോയി….

 

അമ്മ അടുത്തുണ്ടായെങ്കിൽ എന്ന് ഞാൻ അതുപോലെ ആഗ്രഹിച്ച വേറെ ഒരു ദിവസമെന്റെ ജീവിതത്തിൽ പിന്നെ ഉണ്ടായിട്ടില്ല.

 

ഒടുക്കം ടീച്ചർ ക്ലാസ്സിൽ വന്നു ഒരുവിധം എന്നെ സമാധാനിപ്പിച്ചിരുത്തി.. വൈകിട്ട് മൂന്നരക്ക് കുട്ടികൾ ജനഗണമന പാടി ബെൽ അടിച്ച നേരം പുറത്തേക്കൊരോട്ടമായിരുന്നു ഞാൻ.. PT ഉഷ ഒളിമ്പിക്സിൽ പോലും ഓടാത്ത രീതിയിൽ ഉള്ള ഓട്ടമായിരുന്നത്..

 

അന്ന് ആ സ്കൂൾ ഗേറ്റിനു വെളിയിൽ ഒരു പച്ച സാരിയുമുടുത്തു ഞാൻ ഓടി ചെല്ലുന്നത് നോക്കി നിൽക്കുന്ന അമ്മയുടെ തലവെട്ടം കണ്ടപ്പോൾ കിട്ടിയ ആശ്വാസവും സന്തോഷവും സമാധാനവും വേറെ ഒരിടത്തു നിന്നും കിട്ടിയിട്ടില്ല…

 

കല്യാണം കഴിഞ്ഞിട്ടും ഇപ്പഴും ആ തല്ലുകൂടലിനു ഒരു കുറവും വന്നിട്ടില്ലട്ടോ..എന്നെ പറ്റി എന്റെ അമ്മക്ക് അങ്ങനെ നല്ല അഭിപ്രായം ഒന്നും ഇല്ലട്ടോ,

 

പാത്രം കഴുകി വെക്കാറില്ല ഇട്ട ഡ്രസ്സ്‌ പോലും അലക്കാറില്ല മാത്രമോ കമിഴ്ന്നു കിടക്കുന്ന പ്ലാവില പോലും അവള് മലത്തിയിടൂല എന്നൊക്കെ അയലത്തുളള ആളുകളെ വിളിച്ചറിയിക്കുന്നത് അമ്മയുടെ ഒരു വിനോദം ആണ്.

 

ഇനി ഞാൻ ഈ പണിയൊക്കെ ചെയ്തെന്നു കരുതുക അപ്പൊ വരും അടുത്ത ചോദ്യങ്ങൾ ആരോട് ചോദിച്ചിട്ട ഇതൊക്കെ ചെയ്തത്?

 

കണ്ടില്ലേ കഴുകി വെച്ച പാത്രത്തിലെ മെഴുക്കു അങ്ങനെ തന്നെ ഇരിക്കുന്നത്,നീ അലക്കിയ ചുരിദാറിന്റെ കോലം കണ്ടില്ലേ ഇത് കണ്ട പട്ടി കഞ്ഞി കുടിക്കുമോ?ഒന്നു പെറ്റല്ലോടി..

 

ഇതുവരെ നീയിതൊന്നും മര്യാദക്ക് ചെയ്യാൻ പഠിച്ചില്ലേ? ഇവളെ കെട്ടിയ ആ ചെറുക്കൻ എങ്ങനെ സഹിക്കുന്നൊ എന്തോ…അതെങ്ങനാ അവൻ ഇവളെ പുന്നാരിച്ചു തലയിൽ കയറ്റി വെച്ചേക്കുവല്ലേ…

 

ആദ്യത്തെ വീക്ക് അവനിട്ടു കൊടുക്കണം. അങ്ങനെ ഓരോന്ന് പറഞ്ഞു പറഞ്ഞു അടുത്ത വഴക്കിനുള്ള കാരണവും ആയി…ചിലപ്പോ തോന്നും എന്റെ അമ്മയേക്കാൾ വല്യ പോരാളി ഈ ലോകത്തിലെ ഇല്ലെന്നു അമ്മാതിരി പോർവിളി ആണ് വീട്ടിൽ…

 

വഴക്ക് കൂടി പട്ടിണി കിടക്കാന്നു വെച്ചാൽ പോലും സമാധാനം തരൂലന്നെ…. ഇവിടെ രാവിലെ എണീറ്റു ഞാൻ ഇതൊക്കെ ഉണ്ടാക്കി വെക്കുന്നത് കാട്ടിൽ കളയാൻ അല്ല,നിനക്ക് വേണ്ടെങ്കി അത് രാവിലെ പറയണമായിരുന്നു…

 

വന്നു കഴിക്കെടി അസത്തെ, കഴിക്കാതെ എങ്ങാനും കിടന്ന ചോറും കൂട്ടാനും തലവഴി കൊണ്ടിടും ഞാൻ, അങ്ങനെ അമ്മയോട് തല്ലുകൂടി മോങ്ങിക്കൊണ്ട് ചോറുണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്…

 

ഒത്തിരി തല്ലു കൂടിയിട്ടും ഞാൻ നന്നാവാത്ത ലക്ഷണം കണ്ടിട്ടാകണം അവസാനം അമ്മയത് പറഞ്ഞത്, നിനക്കും കൊച്ചുണ്ടാകുമെടി,അന്നേരം നീ പഠിച്ചോളും മുതലും പലിശയും ചേർത്തു നിനക്ക് കിട്ടിക്കോളും…

 

അങ്ങനെ അമ്മ പറഞ്ഞത് പോലെ തന്നെ എനിക്കും ഉണ്ടായി ഒരൊന്നൊന്നര സാധനം… എന്നേക്കാൾ വലിയ തരികിടയാണവൻ. ഇപ്പോൾ അവന്റെ പുറകെ ഓടി നടന്നു ഞാൻ പെടാപാട് പെടുന്നത് കാണുമ്പോൾ അമ്മ പറയും “മത്തൻ കുത്തിയ കുമ്പളം മുളക്കൊ മോളെ അങ്ങനെ തന്നെ വേണം അനുഭവിച്ചോ”

 

എനിക്കൊരു സന്തോഷം വന്നാലും സങ്കടം വന്നാലും ഞാൻ ആദ്യം വിളിക്കുന്നത് എന്റെ അമ്മയെ ആണ്..അമ്മേടെ അടുത്തിലാത്ത പരിഹാരം ഒന്നുമില്ല..

 

എന്റെ മോനു ചോറ് വാരി കൊടുക്കുമ്പോ എനിക്കും അമ്മ വാരിത്തരാറുണ്ട്..ചക്കപോത്ത് പോലെ ആയെങ്കിലും ഞാനിപ്പഴും കൊച്ചാണെന്നാണ് അമ്മയുടെ വിചാരം…

 

NB:എത്രയൊക്കെ പറഞ്ഞാലും ഈ അമ്മയെന്നു പറയുന്ന സാധനം ഉണ്ടല്ലോ അത് കടയിൽ കിട്ടില്ല.”നമ്മളോടുള്ള സ്നേഹം കൊണ്ട ഈ പറയുന്നതൊക്കെ, അവരുടെ ലോകം തന്നെ നമ്മളാണ്…

 

ഇനിപ്പോ എന്തൊക്കെ ചീത്ത പറഞ്ഞാലും നമ്മടെ കണ്ണൊന്നു നിറഞ്ഞ അവർക്കു സഹിക്കില്ല..

 

നമുക്ക് മുന്നേ ജനിച്ച നമുക്കായുള്ള സമ്മാനം ആണ് നമ്മടെ അമ്മ”അത്രേം വിലപിടിപ്പുള്ളത് നഷ്ടപ്പെട്ട പിന്നെ അതുപോലൊന്നു മഷിയിട്ട കിട്ടില്ല സുഹൃത്തുക്കളെ അതുകൊണ്ട് അമ്മ ഉള്ള കാലം വരെ അമ്മയെ നന്നായി അങ്ങട് സ്നേഹിച്ചോളു…

 

ലോകത്തുള്ള എല്ലാ അമ്മമാരോടും ഒത്തിരി സ്നേഹത്തോടെ….

Leave a Reply

Your email address will not be published. Required fields are marked *