തൊണ്ട വരണ്ട് ചുരുങ്ങിയാലും ഉമ്മറത്തെ ചാരുകസേരയിൽ നിന്ന് ഞാൻ എഴുന്നേൽക്കില്ല. പകരം, സുശീലയോ പിള്ളേരോ കേൾക്കാൻ പാകം വെള്ളമെന്ന് നീട്ടി പറയുക മാത്രം ചെയ്യും… ഏതൊയൊരു അധികാരിയെ പോലെ…
ഉണർന്നാൽ കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ, കക്കൂസിൽ പോകാൻ, കുളിക്കാൻ, കൃത്യ നേരത്ത് ജോലിക്ക് ഇറങ്ങാൻ, എന്നുവേണ്ട സകലകാര്യങ്ങൾ തുടങ്ങാനും എനിക്ക് മടിയാണ്.
‘നിങ്ങൾക്ക് ഭക്ഷണം കഴിക്കാനും കുഞ്ഞുങ്ങളെ ഉണ്ടാക്കാനും മാത്രമൊരു മടിയുമില്ല…’
ഇടയ്ക്കൊക്കെ എന്റെ കുഴിമടി കണ്ട് നെടുവീർപ്പോടെ സുശീല ഇങ്ങനെ പറയും. അതുകേൾക്കുമ്പോൾ ചാരുകസേരയിൽ നിന്ന് ചാടിയെഴുന്നേറ്റ് നാല് തെറി പറയണമെന്നും, അവളുടെ കൊങ്ങയ്ക്ക് പിടിക്കണമെന്നൊക്കെ തോന്നാറുണ്ട്. എന്ത് ചെയ്യാം… അതിനും മടി തന്നെ…
ഒരിക്കൽ വരുമാന മാർഗ്ഗത്തിനായി നമുക്ക് നൂറ് മുട്ടക്കോഴികളെ വാങ്ങാമെന്ന് സുശീല പറഞ്ഞു. താൻ തൊഴിലുറപ്പിന് പോകുന്ന നേരങ്ങളിൽ അതീങ്ങൾക്ക് തീറ്റയൊക്കെ കൊടുത്ത് നോക്കണമെന്നും ചേർത്തപ്പോൾ ഞാൻ വെറുതേയൊന്ന് തലയാട്ടി…
പിറ്റേന്ന് കോഴികളെ പാർപ്പിക്കാൻ ഷെഡ്ഡ് ഉണ്ടാക്കണമായിരുന്നു. നേരം പത്ത് കഴിഞ്ഞിട്ടും ഉണരാതെ കിടക്കുന്ന എന്നെ സുശീല തട്ടി വിളിച്ചു. പതിയേ കണ്ണുകൾ തുറന്ന് ഞാൻ നെറ്റി ചുളിച്ചു. തുടർന്ന് അവളോട് ചോദിക്കാനായി ഉണ്ടായിരുന്നത്, കോഴികൾക്ക് പകരം മുട്ടകൾ മാത്രം വാങ്ങിയാൽ പോരെയെന്ന് ആയിരുന്നു.
പിള്ളേര് നാലെണ്ണത്തിന്റേയും പള്ളനിറച്ച് പള്ളിക്കുടത്തിലേക്ക് അയക്കണമെങ്കിൽ നിങ്ങളും കൂടി പണിയെടുത്താലേ പറ്റൂ മനുഷ്യായെന്നും പറഞ്ഞ് സുശീല എന്നെ കുലുക്കി എഴുന്നേൽപ്പിച്ചു. പല്ലുതേപ്പും മറ്റ് കലാപാരിപാടികളൊക്കെ ചെയ്ത് പെട്ടെന്ന് പിന്നാമ്പുറത്തേക്ക് വായെന്നും പറഞ്ഞായിരുന്നു അവൾ പോയത്.
എങ്ങനെയൊക്കെയോ രണ്ടുമൂന്ന് നാളിൽ കൂട് ഒരുങ്ങി. ഫോണിൽ വിളിച്ചപ്പോൾ, ടെമ്പോയിൽ കോഴികളും എത്തി. ഡ്രൈവറും സുശീലയും കൂടി കോഴികളെ കൂട്ടിലേക്ക് മാറ്റുകയാണ്. ഇപ്പോൾ വരാമെന്ന് പറഞ്ഞ ഞാൻ, അപ്പോഴും എഴുന്നേൽക്കാൻ മടിച്ച് ആ ചാരുകസേരയിൽ അങ്ങനെ മലർന്ന് ഇരിക്കുകയായിരുന്നു.
അച്ഛനും കസേരയും ഒരമ്മ പെറ്റവരാണെന്ന് പിള്ളേരിൽ മൂത്തവൻ ഏറ്റവും ഇളയവളോട് ഇടക്ക് പറയാറുണ്ട്. അതുകേട്ട് ചിരിക്കുന്ന പിള്ളേരുടെ കൂടെ ഇടക്ക് അവൾ കൂടാറുമുണ്ട്.
അന്ന് രാത്രിയിൽ സുശീലയുടെ ഒരു കാര്യം പറഞ്ഞു. ഈ വീട്ടിലെ സകല പൊന്നും പണയപ്പെടുത്തി വാങ്ങിയ കോഴികൾക്ക് നാളെത്തൊട്ട് വെള്ളവും തീനിയും കൊടുക്കണമെന്ന ആ കാര്യം കേട്ടപ്പോൾ ഞാൻ തിരിഞ്ഞ് കിടക്കുകയായിരുന്നു.
പിറ്റേന്ന്, തന്റെ അമ്മ അടുക്കളയിൽ തെന്നി വീണ് കാലൊടിഞ്ഞ വാർത്ത കേട്ടപാടെ പിള്ളേരേയും കൂട്ടി അവൾ തന്റെ വീട്ടിലേക്ക് പോയി.
മൂന്ന് നാൾ കഴിഞ്ഞ് സുശീല തിരിച്ച് വരുമ്പോഴേക്കും വീടിനാകെ ഒരു വൃത്തികെട്ട കോഴിക്കൂടിന്റെ മണമായിരുന്നു. പാതിയോളം കോഴികൾ വീടിനുള്ളിലേക്ക് കയറി സ്വതന്ത്രമായി കൊത്തിപ്പെറുക്കിയും, കാഷ്ട്ടിച്ചും, തൂവൽ പൊഴിച്ചും, പേനുകളെ കുടഞ്ഞും, നടക്കുന്നു. അതൊക്കെ കണ്ടിട്ടാകണം അവൾ പുറത്തേക്ക് ഓടുകയും, ഓക്കാനിക്കുകയും ചെയ്തത്. അതും നോക്കി അപ്പോഴും ഉമ്മറത്തെ ചാരുകസേരയിൽ ഞാൻ ഇരിക്കുന്നുണ്ടായിരുന്നു.
സുശീല യാതൊന്നും പറഞ്ഞില്ല. കൊടും സങ്കടങ്ങളുടെ കണ്ണീർ മേഘം കണ്ണിന്റെ പിന്നാമ്പുറങ്ങളിൽ എത്തിയിട്ടും പെയ്തില്ല… പിള്ളേരുടെ സഹായത്തോടെ അവൾ ആ കോഴികളെയെല്ലാം പിടിച്ച് കൂട്ടിലേക്ക് മാറ്റി. അവസാനത്തതിനേയും അകത്താക്കി കൂട് അടക്കുമ്പോഴാണ് വിധി വിപരീത ദിശയിൽ നിന്ന് വന്ന് അവളുടെ കാലിൽ ആഞ്ഞ് കൊത്തിയത്…!
ഇഴഞ്ഞ് പോകുന്ന കരിമൂർഖന്റെ നീളം കണ്ടപ്പോൾ തന്നെ സുശീല നിലവിളിച്ച് കൊണ്ട് കുഴഞ്ഞ് വീണു. വ്യക്തമാകാത്തത് കൊണ്ട്, കേട്ടിട്ടും ഞാൻ എഴുന്നേറ്റില്ല. എന്ത് പറ്റിയെന്ന് നീട്ടി ചോദിക്കുക മാത്രം ചെയ്തു. അച്ഛായെന്നും വിളിച്ച് പിള്ളേരിൽ മൂത്തവനാണ് അമ്മയെ കർമൂർഖൻ കടിച്ചെന്നും പറഞ്ഞ് ഓടിവന്നത്.
കേട്ടപ്പോൾ സംശയത്തോടെ ഞാൻ അവനെ നോക്കി. പറ്റിക്കാൻ പിള്ളേരെ വെച്ച് അവൾ നാടകം കളിക്കുകയാണെന്ന് ധരിച്ച എനിക്ക് അപ്പോഴും എഴുന്നേൽക്കാൻ തോന്നിയില്ല. മൂത്തവന്റെ കണ്ണുകൾ നിറഞ്ഞു. അയൽപക്കകാരുടെ സഹായത്തോടെ അവളേയും എടുത്ത് അവൻ ആശുപത്രിയിലേക്ക് പോയപ്പോഴാണ് സംഗതിയുടെ ഗൗരവ്വം മനസ്സിലാകുന്നത്.
വെപ്രാളത്തിൽ ഞാനും ആശുപത്രിയിലേക്ക് കിതച്ചെത്തി. അപ്പോഴേക്കും സുശീല മരിച്ചിരുന്നു. അവളുടെ മുഖം മറച്ച തുണി അൽപ്പം മാറ്റി ആ മൃത്ദേഹത്തിൽ തലചായ്ച്ചുകൊണ്ട് ഏറെ നേരം കരഞ്ഞു. പിള്ളേരുടെ നോട്ടം എന്നിൽ തറക്കുകയാണ്. മൂത്തവന്റെ കണ്ണുകളിലെ തീ ഭയപ്പെടുത്തുകയാണ്…
അവളുടെ ചുണ്ടുകളിലും കൺകോണുകളിലും വിഷം തലയിൽ കയറിയതിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു. കണ്ടപ്പോൾ മരണത്തിന്റെ നിറം ഇരുണ്ട നീലയാണെന്ന് തോന്നി..!.
എന്റെ സ്വഭാവം കൃത്യമായി അറിയുന്നത് കൊണ്ടായിരിക്കണം, പിള്ളാരെ നാലിനേയും സുശീലയുടെ അച്ഛൻ കൊണ്ട് പോയത്. കൊടും കുറ്റബോധത്തോടെ കോഴികൾ കാഷ്ട്ടിച്ച് അഴിഞ്ഞാടുന്ന ആ വീട്ടിൽ ഞാൻ തനിച്ചായി പോയി. മടിയൻമ്മാർ ചുമക്കുന്നത് മലയാണെങ്കിൽ കുഴി മടിയൻമ്മാർക്ക് പേറേണ്ടി വരുന്നത് താങ്ങാവുന്നതിലും ഭാരമുള്ള പർവ്വതങ്ങളെ ആയിരിക്കും…
നാളുകൾക്ക് ശേഷമുള്ള രാത്രിയാണ്. കോഴികളിൽ ചിലതെല്ലാം കാലിൽ കൊത്തുന്നുണ്ട്. അതീങ്ങളെ പോലെ എനിക്കും വിശക്കുകയാണ്. കാഷ്ടം മണക്കുന്ന വേഷവുമായി ഞാൻ മുറ്റത്തേക്ക് ഇറങ്ങി. അവശനായിരിക്കുന്നു. പരിസരം നിശബ്ദമായിരിക്കുന്നു. വഴികളൊന്നും തെളിയുന്നില്ല. തണുത്ത കാറ്റടിച്ചപ്പോൾ കുളിരുന്നു. തുടർന്ന് ദേഹം മുഴുവൻ നീലിക്കുന്നത് പോലെ… അവസാന നിമിഷങ്ങളിൽ സുശീലയിൽ വ്യാപിച്ച അതേ നീല…! മരവിപ്പിന്റേയും മരണത്തിന്റേയും മഹാപാപത്തിന്റേയും അനന്തമായ നീല…!!!
ശ്രീജിത്ത് ഇരവിൽ