ഭാര്യയറിയാതെ ചെയ്യുന്ന ഈയൊരു കള്ളത്തരത്തിലൂടെ വല്ലാത്തൊരു സന്തോഷം, കിക്ക് ഇതെല്ലാം കണ്ടെത്തുന്നുണ്ട് മോഹൻ..

(രചന: RJ)

 

ഈ മാസമിതു എത്രാമത്തെ സാരിയാ മോഹനേട്ടാ ഇത്..?

എന്തിനാ ഇങ്ങനെ കാണുമ്പോ കാണുമ്പോ തുണികൾ വാങ്ങുന്നത്..? ആവശ്യത്തിനും അതിലേറെയുമുണ്ടല്ലോ എനിയ്ക്ക്…

 

മോഹനൻ കയ്യിലേക്കു വെച്ച സാരി വിടർത്തി ഭംഗി ആസ്വദിക്കുന്നതിനൊപ്പം തന്നെ ഉറക്കെ അയാളോടു പരാതിയും പറഞ്ഞു ഭുവന.

 

ഗോൾഡൻ യെല്ലോ കളറിലുള്ള മനോഹരമായൊരു സാരിയായിരുന്നു മോഹനൻ അത്തവണ ഭുവനയ്ക്കായ് വാങ്ങിയത്…

 

ഇഷ്ടായില്ലേ ഭുവീ… നിനക്കിഷ്ടമുള്ള കളർ ആയതു കൊണ്ടാണ് കണ്ടപ്പോ തന്നെ എടുത്തത്..

 

പ്രണയത്തോടെ ഭുവനയെ നോക്കി മോഹനൻ ചോദിച്ചതു കേട്ട് ചുവന്നു പോയവളുടെ മുഖം…

 

ഒരുപാടിഷ്ടായ് മോഹനേട്ടാ എനിക്കിത്.. അല്ലെങ്കിലും മോഹനേട്ടൻ എനിയ്ക്കായ് കൊണ്ടുവരുന്ന എന്തിനെങ്കിലും ഞാനിന്നേ വരെ കുറ്റം പറഞ്ഞിട്ടുണ്ടോ… എന്റെ മനസ്സറിഞ്ഞല്ലേ എന്തും എനിയ്ക്ക് മോഹനേട്ടൻ വാങ്ങി തരാർ..

 

മോഹനോട് പറയുന്നതിനൊപ്പം ഭുവനയുടെ കണ്ണ് തൊട്ടപ്പുറത്തെ വീട്ടിലേക്കും ഇടയ്ക്കിടെ പായുന്നുണ്ട്…

 

അവിടെ, അടുത്ത ആ വീടിന്റെ അടുക്കളയോട് ചാരി ഇങ്ങോട്ടു തന്നെ നോക്കുന്ന ബിന്ദുവിനെ അവളറിയാതെ ശ്രദ്ധിച്ചു കൊണ്ടാണ് ഭുവനയുടെ സംസാരമത്രയും…

 

കയ്യിലെ സാരി വീണ്ടും വീണ്ടും തിരിച്ചും മറിച്ചും നോക്കിയും ഭംഗിവാക്കുകൾ മോഹനോട് പറഞ്ഞും കുറച്ചേറെ സമയമവിടെ തന്നെ നിന്നു ഭുവന…

 

ഇതിനിടയിൽ മുറ്റം തൂക്കാനായ് ചൂലെടുത്ത് ബിന്ദു പുറത്തേക്കിറങ്ങിയതും ആശിച്ചതു നടന്നതു പോലെയൊന്ന് തിളങ്ങി ഭുവനയുടെ മുഖം

 

ബിന്ദൂ ദീപം കാട്ടാറായോ..?അതോ നേരത്തെയാണോ മുറ്റം തൂക്കൽ…?

 

പതിവു കുശലാന്വോഷണം നിറഞ്ഞ ഭുവനയുടെ ചോദ്യത്തിലൊരു ചിരി തെളിഞ്ഞു ബിന്ദുവിൽ ,അതു പ്രതീക്ഷിച്ചിരുന്നുവെന്ന പോൽ…

 

കുറച്ചു നേരത്തെ തൂക്കാന്ന് കരുതി ചേച്ചീ.. എന്നാൽ വേഗം മേൽകഴുകാലോ… അപ്പടി വിയർപ്പാണെന്നേ ..

 

ഭുവനയോട് പറഞ്ഞു നിവർന്ന ബിന്ദുവിലാണ് മോഹനന്റെ കണ്ണുകൾ…

 

ആഹാ… അടിപൊളി സാരിയാണല്ലോ ചേച്ചീ… ഇന്ന് മോഹനേട്ടൻ കൊണ്ടുവന്നതാണോ…?

 

കയ്യിലെ ചൂൽ മുറ്റത്തേക്കിട്ട് നൈറ്റിയിൽ കൈയൊന്ന് തുടച്ച് ബിന്ദു വേഗം അപ്പുറത്തേക്ക് നടന്നതും അവളെ തന്നെ ശ്രദ്ധിച്ചു നിന്ന മോഹനന്റെ മുഖത്തൊരു വല്ലാത്ത തിളക്കം വന്നു

 

ഇപ്പോൾ മോഹനേട്ടൻ വന്നപ്പോ കൊണ്ടുവന്നതാ ടീ… നല്ല രസല്ലേ കാണാൻ.. എനിയ്ക്കൊത്തിരി ഇഷ്ടായെടീ…

 

സാരി ദേഹത്തൊന്ന് വിടർത്തി ഇട്ട ഭംഗി ആസ്വദിച്ച് ഭുവന പറഞ്ഞതിന് ബിന്ദുവൊന്ന് നോക്കി മോഹനെ.. അവളെ തന്നെ നോക്കി നിന്നിരുന്ന അയാളുടെ കണ്ണുകളുമായിടഞ്ഞു അവളുടെ കണ്ണുകൾ..

 

ചെറിയൊരു പരിഭ്രമത്തോടെ ബിന്ദു മിഴികൾ അയാളിൽ നിന്ന് വെട്ടിച്ചു മാറ്റിയതും മോഹനൻ അവളെ ഭുവന അറിയാതെ നോക്കി നിന്നു…

 

ബിന്ദുവിനെ കൊതിപ്പിക്കും വിധം ഭുവന സാരിയുടെ ഭംഗിയെ പറ്റിയും മോഹനൻ ഇടയ്ക്കിടെ ഇങ്ങനെ വാങ്ങി തരാറുള്ള

സാധനങ്ങളെ പറ്റിയും അവളോട് വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു..

 

ഇതിനിടയിൽ സാരി നിവർത്തി ഭംഗി നോക്കുന്ന ബിന്ദുവിന്റെ ശരീരത്തിൽ അറിയാതെയെന്നവണ്ണം ഇടയ്ക്കിടെ മോഹനന്റെ കൈ തട്ടുന്നത് അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ചു ബിന്ദു… അത് തിരിച്ചറിഞ്ഞ മോഹനന്റെ മുഖത്തെ തിളക്കം ഒന്നുകൂടി വർദ്ധിച്ചു..

 

അല്പസമയം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് നടക്കുമ്പോ ബിന്ദുവൊരുവശ്യമായ നോട്ടം നൽകി മോഹന്..

 

എന്റെ മോഹനേട്ടാ… മോഹനേട്ടൻ ഇങ്ങു വന്നേ ഞാനൊന്ന് ഉപ്പും മുളകും ഉഴിഞ്ഞിടട്ടേ നിങ്ങളെ.. ആ ബിന്ദുവിന്റെ കണ്ണേറുണ്ടാവും നിങ്ങൾക്ക്..

 

പിന്നെ.. നീയൊന്ന് പോയെ ഭുവീ… അവൾക്കതല്ലേ പണി. എന്റേൽ എന്തിരുന്നിട്ടാ അവളെന്നെ കണ്ണുവെക്കുന്നത്..?

 

ഉള്ളിലെ സന്തോഷമടക്കി ആകാംക്ഷയോടെ തിരക്കി മോഹൻ..

 

മോഹനേട്ടൻ എന്നോടു കാണിക്കുന്ന സ്നേഹവും ഇഷ്ടവുമൊക്കെ കണ്ട് ആരാണ് എന്റെ മോഹനേട്ടനെ കണ്ണുവെയ്ക്കാത്തതിവിടെ… പെണ്ണുങ്ങളെല്ലാം എപ്പോഴും പറയുന്നത് ഞാനെത്ര കേട്ടിരിക്കുന്നു.. ബിന്ദുവിന്റെ കാര്യം പിന്നെ പറയണോ.. ആ മനോജ് അവൾക്കൊന്നും വാങ്ങി കൊടുക്കില്ല.. പൈസ ചിലവാക്കാൻ മടിയാണവന്.. അവൾക്ക് സത്യം പറഞ്ഞാൽ മനോജിനോട് നല്ല ദേഷ്യാണ്.. ഒപ്പം എന്നോടു അസൂയയും…

 

ഭുവനയുടെ സംസാരത്തിന് ചിരി മറുപടിയായ് നൽകി അയാൾ ഉമ്മറത്തിരുന്ന് അന്നത്തെ പത്രം മറിച്ചു നോക്കാനെന്ന ഭാവത്തിലിരുന്ന് അപ്പുറത്ത് മുറ്റം തൂക്കുന്ന ബിന്ദുവിനെ ആർക്കും മനസ്സിലാവാത്തൊരു ചിരിയോടെ നോക്കി കൊണ്ടിരുന്നു

 

നല്ലോണം തടിച്ചുകൊഴുത്ത് ആരും ഇഷ്ടപ്പെടുന്ന ഷേപ്പുള്ള ശരീരമാണ് ബിന്ദുവിന്..

 

കുനിഞ്ഞു നിന്ന് മുറ്റമടിക്കുന്ന ബിന്ദുവിന്റെ പിന്നാമ്പുറ അഴകിൽ നോക്കിയൊന്ന് മെല്ലെ ചുണ്ടു നനച്ചു മോഹൻ…

അല്പസമയം മുമ്പ് അറിയാതെയെന്നവണ്ണം അവിടെയൊന്ന് തലോടിയ തന്റെ വലം കൈ അയാൾ ചുണ്ടോരം ചേർത്തൊന്ന്…

 

പറഞ്ഞറിയിക്കാൻ കഴിയാത്തൊരു അനുഭൂതിയിൽ കുളിർന്നു പോയയാൾ..

 

മോഹനൊരു ചായ നൽകി ഭുവനയും മുറ്റം തൂക്കാൻ ഇറങ്ങിയതും അയാളുടെ കണ്ണുകൾ അവളിലൂടൊന്ന് അലഞ്ഞു..

 

ചലിക്കുന്നൊരസ്ഥിക്കൂടം… അയാൾക്കങ്ങനെയാണ് അവളെ തോന്നിയത്..

 

എന്തു തന്നെ വാങ്ങി തിന്നാൻ കൊടുത്തിട്ടും പുഷ്ടിപ്പെടാത്ത അവരുടെ ശരീരം ഓർത്തതും പുച്ഛം നിറഞ്ഞയാളിൽ അവരോട്…

 

പെണ്ണായാൽ അവളെ, ബിന്ദുവിനെ പോലെയാവണം… അവൾ അടുത്ത് നിൽക്കുമ്പോൾ പോലും ശരീരത്തിനൊരു ചൂടും ഉണർവുമാണ്.. ആഞ്ഞു പുൽകി പിടിച്ചു ഞെരിക്കാൻ തോന്നും പലപ്പോഴും…

 

ആ മനോജിന്റെ ഒരു യോഗം… പക്ഷെ ആ പൊട്ടനവളെ സന്തോഷിപ്പിച്ചു നിർത്താനറിയില്ല.. അല്ലേലും എറിയാനറിയുന്നവന് കമ്പ് കൊടുക്കില്ലല്ലോ ദൈവം..

 

മോഹനൻ ചിന്തിച്ചിരിയ്ക്കും നേരം തന്നെ ഭുവന ദേഹം കഴുകാനായ് ബാത്ത് റൂമിൽ കയറിയതും മോഹനൻ പിടഞ്ഞെണീറ്റ് അതിരിലേക്ക് ചെന്നു..

 

ഇരുട്ടു പടർന്ന അതിരിനരികിൽ ചെന്നതും നാലു ചുറ്റുമൊന്ന് നോക്കി ആരുമില്ലെന്നുറപ്പ് വരുത്തി അതിരിൽ പതുങ്ങി നിൽക്കുന്ന ബിന്ദുവിനരികിലെത്തി അവളെയാകെയൊന്ന് ഞെരിച്ചു ശക്തമായ് പുണർന്നു മോഹനൻ… ഒപ്പം തന്നെ അവളുടെ മുഖമാകെ ചുംബനങ്ങളും നൽകി അതിനൊപ്പം…

 

ഇന്നാ കയ്യിൽ വെച്ചോ.. എന്താന്നു വെച്ചാൽ ഇഷ്ടത്തിനു വാങ്ങിച്ചോ ട്ടോ… പറയുന്നതിനൊപ്പം ഒന്നു കൂടിയവളെ പുണർന്ന് കുറച്ചു നോട്ടുകൾ അവളുടെ കയ്യിൽ തിരുകി വേഗത്തിൽ തിരികെ നടന്നു അയാൾ…

 

ചുണ്ടിലൊരു ഗൂഡമായ ചിരിയോടെ വീടിനകത്തേക്ക് നടന്ന ബിന്ദു അലമാരയിൽ നിന്നു തന്റെ പേഴ്സെടുത്ത് മോഹനൻ നൽകിയ പൈസ എണ്ണി അതിലുണ്ടായിരുന്ന പൈസയ്ക്കൊപ്പം വെച്ചു

 

ആ പേഴ്സുനിറയെ ഉണ്ടായിരുന്നത് പലപ്പോഴായി മോഹനൻ നൽകിയ പണം തന്നെയായിരുന്നു..

 

ഒന്നമർത്തി കെട്ടി പിടിക്കുന്നതിനും നാലുമ്മ നൽകുന്നതിനുമുള്ള സമ്മതം നൽകിയതിനുള്ള പാരിതോഷികം…. പ്രത്യേകിച്ചു നഷ്ടങ്ങളൊന്നുമില്ലാത്ത ഈ പരിപാടിയിൽ ലാഭം ബിന്ദുവിനു തന്നെയായിരുന്നു…

 

കാക്കയുടെ വിശപ്പും മാറും പശുവിന്റെ ചെറിച്ചിലും മാറും… അത്ര തന്നെ…. കൂടുതലൊന്നുമില്ല…

 

അതിലധികമൊരു ശ്രമത്തിനു കഴിഞ്ഞു പോയ വർഷങ്ങളിലൊന്നും മോഹനൻ ശ്രമിച്ചിട്ടില്ല …

 

അല്ലെങ്കിലും പ്രായമമ്പതു കടന്ന അയാൾക്ക് ഈ പ്രായത്തിൽ ലഭിച്ചൊരു സന്തോഷമാണ് ബിന്ദു..

 

ഭാര്യയറിയാതെ ചെയ്യുന്ന ഈയൊരു കള്ളത്തരത്തിലൂടെ വല്ലാത്തൊരു സന്തോഷം, കിക്ക് ഇതെല്ലാം കണ്ടെത്തുന്നുണ്ട് മോഹൻ..

 

ബിന്ദുവിനും ഇതിൽ നഷ്ടങ്ങളൊന്നും ഇല്ല അവളുടെ കാഴ്ചപാടിൽ… തിരക്കുള്ള സ്ഥലങ്ങളിലും ബസ്സുകളിലും വെച്ചെല്ലാം എത്ര പ്രാവശ്യം നമ്മുടെ അനുവാദം പോലും വാങ്ങാതെ ഒരു പരിചയവുമില്ലാത്തവർ ചെയ്തു പോകുന്നൊരു കാര്യം തന്റെ സമ്മതത്തോടെ തനിയ്ക്ക് അറിയുന്നൊരാൾ ചെയ്യുന്നു… ശരീരം മുഴുവനായ് നൽകാതെ തന്നെ ആവശ്യത്തിനുള്ള പണവും ലഭിക്കുന്നു..

 

എല്ലാം നല്ലതിന്… തെറ്റു ചെയ്യുന്നില്ല എന്ന ബോധത്തിലവരീ ചെയ്യുന്നത് നാളെ വലിയൊരു തെറ്റായ് തീരുമോ… കാത്തിരുന്നു കാണാം നമ്മുക്ക് …..

Leave a Reply

Your email address will not be published. Required fields are marked *