മാനം ഇടിഞ്ഞ് വീഴുമെന്ന് കരുതുന്ന രണ്ട് പേർ! അവർക്ക് ഇടയിൽ വളരേണ്ടി വരുന്ന രണ്ട് കുഞ്ഞുങ്ങളും, പ്രായമായ എന്റെ അമ്മയും. 

അസംബ്ലിക്ക് പോകാതെ സ്റ്റാഫ് റൂമിൽ ഇരിക്കുകയാണ്. വയ്യ. ശരീരത്തിന്റെ എങ്ങാണ്ട് നിന്നോ ഒരു പനി വരുന്നത് പോലെ… ദേഹമാകെ ഒരേ നേരം വിയർക്കുകയും തണുക്കുകയും ചെയ്യുന്നത് പോലെ…

 

അസംബ്ലി പിരിഞ്ഞപ്പോൾ ഞാൻ പ്രിൻസിപ്പാൾ മാഡത്തിന്റെ ക്യാബിനിലേക്ക് ചെന്നു.

 

‘നല്ല ക്ഷീണമുണ്ട് മാഡം. ഡോക്റ്ററെ കാണണം. വിശ്രമിക്കണം…’

 

ആ സ്ത്രീ എന്നെ തലയുയർത്തി നോക്കുകയാണ്. ശേഷം, ഒരു കെട്ട് ഗുളികകൾ എന്റെ മുന്നിലേക്കിട്ട് തന്നു. ക്ഷീണം തനിക്കും ഉണ്ടെന്ന് കാട്ടാനായിരുന്നു മാഡം അങ്ങനെ ചെയ്തത്. താൻ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ എന്തെല്ലാമാണെന്നും അവർ പറഞ്ഞു. അവധി കിട്ടില്ലെന്ന്‌ ഉറപ്പായതോടെ ഞാൻ തിരിച്ച് പോകുകയായിരുന്നു.

 

‘എന്തായി മാഷേ…?’

 

കുട്ടികളുടെ ഉത്തരക്കടലാസ്സ് നോക്കുന്നതിനടിയിൽ അംബിക ടീച്ചർ ചോദിച്ചു. കാലത്ത് കണ്ടപ്പോൾ സുഖമില്ലെന്ന് ഞാൻ പറഞ്ഞതാണ്. എന്ത്‌ പറ്റിയെന്ന് ചോദിക്കാൻ മാത്രം അവൾ എന്റെ മുഖം പഠിച്ചിരിക്കുന്നു. ഈ സ്റ്റാഫ് റൂമിൽ എനിക്ക് തിരയാനും കാണുമ്പോൾ ചിരിക്കാനും അംബിക ടീച്ചർ മാത്രമേയുള്ളൂ…

 

വീട്ടിലായാലും, ജോലി ചെയ്യുന്ന സ്ഥലത്തായാലും പരസ്പരം മിണ്ടാനും ചിരിക്കാനും ആരും ഇല്ലെങ്കിൽ മനുഷ്യർ മുരടരായി പോകും. വീട്ടിലെ സ്ഥിതി ഈയിടെയായി പ്രശ്നത്തിൽ തന്നെയാണ്. പരസ്പരം ചിരിച്ചാൽ മാനം ഇടിഞ്ഞ് വീഴുമെന്ന് കരുതുന്ന രണ്ട് പേർ! അവർക്ക് ഇടയിൽ വളരേണ്ടി വരുന്ന രണ്ട് കുഞ്ഞുങ്ങളും, പ്രായമായ എന്റെ അമ്മയും.

 

ഭാര്യയുടെ പേര് അഭിരാമിയെന്നാണ്. ഞാൻ അവഗണിക്കുന്നുവെന്നാണ് അവളുടെ പരാതി. അതിനുള്ള കാരണമായി അവൾക്ക് പറയാനുള്ളത് കഴിഞ്ഞ് പോയ തന്റെ പിറന്നാളിന് പുറത്ത് കൊണ്ട് പോയില്ലായെന്നാണ്.

 

‘എന്റെ വിനു മാഷേ…. ഇന്ന് എന്റെ അച്ഛൻ മരിച്ചതിന്റെ ആണ്ടാണ്.. എന്നിട്ടും ഞാൻ വന്നില്ലേ… നമ്മൾ അധ്യാപകർക്ക് സ്കൂളും കൂട്ടികളുമാകണം പ്രധാനം…’

 

ഭാര്യയുടെ പിറന്നാളിന് ഹാഫ് ഡേ ലീവ് ചോദിച്ചപ്പോഴുള്ള പ്രിൻസിപ്പാളിന്റെ മറുപടിയായിരുന്നു. പ്രിയപ്പെട്ടവരുടെ പ്രാധാന്യങ്ങൾക്കൊപ്പം നിൽക്കാൻ മിക്കപ്പോഴും ചില ജോലികളിൽ ഏർപ്പെടുന്നവർക്ക് സാധിക്കാറില്ല. എത്ര മുഷിഞ്ഞെന്ന് പറഞ്ഞാലും ജോലിയിൽ നിന്നും പിന്തിരിയാനും പറ്റില്ല. എന്നെ പോലെയുള്ള സ്വകാര്യ സ്കൂൾ ടീച്ചർമാർക്ക് ജോലിയില്ലാതെ രണ്ട് മാസം പോലും താണ്ടാൻ ആകില്ലായെന്നതാണ് സത്യം. വിശ്രമം ഇല്ലാതെ പടുത്ത് ഉയർത്തിയതെല്ലാം വീണ് പോകും…

 

മിക്ക മനുഷ്യരും അങ്ങനെ തന്നെയായിരിക്കും. രാപ്പകൽ ജോലി ചെയ്ത് തന്റെ കുടുംബത്തെ മെച്ചപ്പെട്ടയൊരു ജീവിതത്തിലേക്ക് കെട്ടിപ്പൊക്കിയിട്ടും അനുഭവിക്കാൻ നിവൃത്തിയില്ല. ജീവിക്കാൻ വേണ്ടി ലീവിനായി കാത്തിരിക്കുക തന്നെ ശരണം. അങ്ങനെ ചിന്തിക്കുമ്പോൾ എന്നിലും, യാന്ത്രീകമായ ദുഃഖങ്ങൾ ഏറെയുണ്ടെന്ന് തോന്നുകയായിരുന്നു.

 

ലീവ് കിട്ടാത്തത് കൊണ്ടാണ് പറഞ്ഞത് പോലെ വരാൻ പറ്റാതിരുന്നതെന്ന് പറഞ്ഞിട്ടും പിറന്നാളുകാരി ചെവി കൊണ്ടില്ല. എന്നെ മനസിലാക്കാൻ അഭിരാമി ശ്രമിക്കുന്നതേയില്ല. ചിലപ്പോൾ, അവളും അങ്ങനെ തന്നെയായിരിക്കും കരുതുന്നുണ്ടാകുക…

 

‘മാഡം നോക്കാനൊന്നും വരില്ല. മാഷ് ഇന്ന് ക്ലാസ്സിൽ പോകണ്ട…’

 

ശരി തെറ്റുകൾ വരഞ്ഞ ഉത്തരക്കടലാസ്സുമായി ക്ലാസിലേക്ക് പോകുമ്പോൾ അംബിക ടീച്ചർ പറഞ്ഞു. ഞാൻ അപ്പോൾ ഇരിക്കുന്നുണ്ടായിരുന്നത് കസേരയിലാണെങ്കിലും തല മേശയിൽ നെറ്റി മുട്ടിച്ച് കിടക്കുകയായിരുന്നു.

 

ഒരു മണിക്കൂർ പോലും ഇടവേളയില്ലാതെ ഓരോ ക്ലാസ്സുകളിലും കയറി തൊണ്ട പൊട്ടിയാൽ മാത്രമേ ശമ്പളം കൃത്യമായി എത്തൂ… ഒരു നാൾ വരാതിരുന്നാൽ അതിൽ കുറവ് വരും. വരേണ്ടായിരുന്നു.. ഇനി പറഞ്ഞിട്ടെന്ത്‌ കാര്യം! അസ്വസ്ഥതകൾ ഇങ്ങനെ കൂടുമെന്ന് കരുതിയില്ലല്ലോ…

 

എല്ലാ ജോലിക്കും അതിന്റേതായ പ്രയാസ്സമുണ്ടെന്ന് പറഞ്ഞാലും ജീവിതമെന്നൊരു സംഗതി ഉണ്ട്. മറ്റുള്ളവർക്കായി ജോലി ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്ന സ്കൂളുകൾ ഉൾപ്പടെ പല സ്വകാര്യ സ്ഥാപനങ്ങളിലും മനുഷ്യരുടെ അവസ്ഥ ഇങ്ങനെയൊക്കെ തന്നെയായിരിക്കും. ഒരു പക്ഷെ, എന്നിലും പരിതാപകരം…

 

പേര് എഴുതാൻ വിട്ടുപോയ ഏതോയൊരു കുട്ടിയുടെ ഉത്തരക്കടലാസ്സ് പോലെ തന്നെയാണ് ഞാനുമെന്ന് തോന്നുന്നു. സംഭവിച്ച് കൊണ്ടിരിക്കുന്ന ശരി തെറ്റുകൾ എന്താണെന്ന് പോലും മനസിലാകാതെ സ്തംഭിച്ച് നിൽക്കുകയാണ്. അനങ്ങുന്നുണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട്. ഇല്ലേയെന്ന് ചോദിച്ചാൽ ഇല്ല. ചിലപ്പോൾ ഈ മാനസിക പ്രതിഭാസം കൂടി ജീവിതത്തിന്റെ അടിവരയിൽ പെടുമായിരിക്കും.

 

ചില ഞായർ ദിവസങ്ങളിൽ മാത്രം വീണ് കിട്ടുന്ന നേരങ്ങളിൽ ആലോചിക്കാറുണ്ട്. യാതൊന്നും പക്കൽ ഇല്ലെന്ന് തോന്നിപ്പോകും. കുടുംബം പുലർത്താൻ ഓടുകയെന്നത് മാത്രമല്ല. ഒപ്പം കൂടിയവരുമായി നിരന്തരം കൂടുകയെന്നതും ജീവിതത്തിൽ ചേർക്കേണ്ടിയിരിക്കുന്നു..

 

ആ ക്ഷീണത്തിലും, അഞ്ചാറ് വർഷങ്ങൾ ഇല്ലാതിരുന്ന ധൈര്യവും സംഭരിച്ച് സ്റ്റാഫ് റൂമിൽ നിന്ന് ഞാൻ എഴുന്നേറ്റു. കണ്ണുകളിൽ വല്ലാത്തയൊരു ചൂട്. പതിവില്ലാത്ത പരവേശവും, പേശി വേദനയുമൊക്കെ അറിയുന്നുണ്ട്. ബാഗും ഹെൽമറ്റുമൊക്കെ എടുത്ത് പ്രിൻസിപ്പാളിന്റെ ക്യാബിനിലേക്ക് തന്നെയാണ് നടന്നത്…

 

‘നോ വെ…!’

 

പാഠം എടുത്തില്ലെങ്കിലും വെറുതേ ക്ലാസ്സിൽ ഇരുന്നാൽ മതിയെന്ന് കൂടി മാഡം ചേർത്തു. ഞാൻ പല്ലുകൾ പരസ്പരം കടിച്ചു. പേപ്പറുകൾ പാറാതിരിക്കാൻ ഉപയോഗിക്കുന്ന പളുങ്ക് കനത്തിൽ ആയിരുന്നു ആ നേരം ശ്രദ്ധ. ഞാൻ പോലും അറിഞ്ഞില്ല. കൈകൾ അതെടുത്ത് തറയിലേക്ക് ഒരു ഏറ് കൊടുത്തു. ഞെട്ടിപ്പോയ പ്രിൻസിപ്പാൾ മാഡം കണ്ണടയൊക്കെ ശരിയാക്കി എന്നെ നോക്കുമ്പോഴേക്കും ഞാൻ ആ ക്യാബിൻ വിട്ടിരുന്നു.

 

ബൈക്കിന്റെ അടുത്തേക്ക് എത്തിയപ്പോഴേക്കും വല്ലാതെ കിതച്ചു. അടിയന്തിരമായ സാഹചര്യങ്ങളിൽ അവധികളൊക്കെ തൊഴിലാളികളായ മനുഷ്യർക്ക്‌ അവകാശപ്പെട്ടതാണ്. അപേക്ഷിച്ചാൽ പോലും എല്ലായിടത്ത് നിന്നുമത് കിട്ടുകയുമില്ല. ഈ ധൈര്യം പ്രിയപ്പെട്ടവരുടെ സന്തോഷത്തിനായി മുന്നേ കാട്ടേണ്ടതായിരുന്നു.

 

കാട്ടിയത് ധിക്കാരമായിരിക്കാം. സ്കൂൾ മാനേജ്‌മെന്റ് എന്നെ പറഞ്ഞ് വിടുമായിരിക്കും. സാരമില്ല. മരിക്കാതിരിക്കാൻ പോലും അവധിയില്ലാത്ത മനുഷ്യർക്ക് എന്തിനാണ് ഭൂമിയിൽ ഇങ്ങനെയൊരു സമ്പൂർണ്ണ തൊഴിലാളി ജീവിതം…!!!

 

ശ്രീജിത്ത് ഇരവിൽ

Leave a Reply

Your email address will not be published. Required fields are marked *