ഇനി ഒഴുകാം..
………………………
കയ്യിലിരിക്കുന്ന കട്ടൻ ചായയിൽ നിന്നും പറക്കുന്ന ആവിയിലേയ്ക്ക് അയാൾ വെറുതെ നോക്കി നിന്നു.. ദൂരെ മാനം കറുത്ത് വരുന്നു. ആകെ ഇരുളടഞ്ഞു കഴിഞ്ഞു. ഏത് നിമിഷവും ഇടിച്ചു കുത്തി പെയ്തേക്കാം…
” നല്ല പെരും മഴയത്തു ആവി പറക്കുന്ന കട്ടൻചായ കുടിച്ചിരിക്കാൻ എന്ത് രസാവും അല്ലേ സുധേട്ടാ ”
മഴമേഘങ്ങൾക്കും അപ്പുറത്ത് ഒരുവളുടെ പതിഞ്ഞ കൊലുസു കിലുങ്ങും പോലത്തെ ശബ്ദം.. നേർത്തു വീശുന്ന കാറ്റിൽ അവളുടെ നനഞ്ഞ ചിരിയുണ്ടെന്നു തോന്നി.. സുധാകരൻ നിർവികാരനായി അങ്ങനെ നിന്നു..
” എന്താ സുധാകരേട്ടൻ ഇങ്ങനെ നിൽക്കണേ..? കിനാവ് കാണുകയാണോ ”
മുള്ളുവേലിയ്ക്ക് അപ്പുറത്ത് നിന്ന് ജാനകിയുടെ ശബ്ദം കേട്ടപ്പോൾ സുധാകരൻ അവളെ തുറിച്ചു നോക്കി. തന്റെ മറുപടി കാത്തു ആശയോടെ നിൽക്കുന്ന ജാനകിയെ മൗനം കൊണ്ട് നേരിട്ടപ്പോൾ എന്തോ.. വേദന തോന്നി
” ഓ.. ഇന്നും മൗനവ്രതമാണോ? ആ.. അങ്ങനെയാവട്ടെ.. ഉച്ചയ്ക്ക് ഇനി ഒന്നും വെക്കേണ്ട.. ഞാൻ അവിടെ രണ്ടാൾക്കും അരിയിട്ടിട്ടുണ്ട് ”
മറുപടി കാക്കാതെ അവളുടെ അമ്മിണിയാടിനെയും കൂട്ടി ജാനകി പോകുന്നത് കണ്ടപ്പോൾ സുധാകരന്റെ നെഞ്ചോന്ന് പിടഞ്ഞു. മഴക്കാലമായത് കൊണ്ട് തനിയ്ക്ക് പണിയില്ല എന്നും സാധനങ്ങൾ ഒന്നും ഉണ്ടാവില്ല എന്നും പറയാതെ തന്നെ അവൾക്കറിയാം. അല്ലെങ്കിലും അവളോളം തന്നെ മനസ്സിലാക്കിയ ആരെങ്കിലും ഉണ്ടോ?
സുധാകരൻ നെടുവീർപ്പിട്ടു കൊണ്ട് ജാനകി പോയ വഴിയേ നോക്കി.. അവൾക്ക് പ്രായമായി തുടങ്ങിയിരിക്കുന്നു.. അവൾക്ക് മാത്രമല്ല തനിക്കും.. തലയിൽ അങ്ങിങ്ങായി കണ്ടിരുന്ന വെള്ളിനൂലുകൾ ഏറെ കൂടിയിരിക്കുന്നു.. ജാനകിയും അമ്മിണിയും ഒരു പൊട്ടു പോലെ മാഞ്ഞു.. ഇപ്പൊ അവൾ അമ്മിണിയോട് തന്നെപ്പറ്റി എന്തെങ്കിലും പറയുന്നുണ്ടാവും. അവളുടെ ഒരേയൊരു കൂട്ട് ആ മിണ്ടാപ്രാണിയാണ്.
” സുധാകരേട്ടന് ഇഷ്ടമല്ല എങ്കിൽ എന്തിനാ എല്ലാവരും കെട്ടാൻ നിർബന്ധിക്കുന്നെ? കല്യാണം കഴിച്ചില്ല എന്ന് വെച്ച് ആരും ചാവില്ല.. സുധാകരേട്ടൻ എന്നേ കല്യാണം കഴിക്കണ്ട.. ഞാനും ഇല്ല അതിന് ”
കാലങ്ങൾക്കപ്പുറത്തു നിന്ന് ജാനകിയുടെ ഉശിരുള്ള ശബ്ദം.. അന്നും താൻ മൂകനായിരുന്നു എന്ന് അയാൾ നിസ്സംഗതയോടെ ഓർത്തു..
മുറപ്പെണ്ണാണ് അവൾ.. ഒരേയൊരു അമ്മാവന്റെ ഒരേയൊരു മകൾ.. പ്രണയമായിരുന്നു അവൾക്ക് തന്നോട്. ഒരിക്കലും തുറന്നു പറയാതെ അവൾ ഉള്ളിൽ സൂക്ഷിച്ച പ്രണയം.. എന്നാൽ തന്റെ മനസ്സിൽ മറ്റൊരുവൾ ആയിരുന്നു..
പാർവതി..
കിലുകിലെ ചിരിക്കുന്ന, കണ്ണുകൾ കൊണ്ട് കഥ പറയുന്ന, സുധേട്ടാ എന്ന് നീട്ടി വിളിക്കുന്ന തന്റെ പാറൂട്ടി..
പേരുകേട്ട തറവാട്ടിലെ ഇളയ പെൺതരിയെ മോഹിക്കാൻ അവിടത്തെ വെറും പണിക്കാരന്റെ മകനായ തനിക്ക് അർഹതയില്ലെന്ന് അറിയായ്കയല്ല. പലകുറി ഉള്ളിൽ നിന്നും മായ്ച്ചു കളയാൻ നോക്കിയതാണ്. എന്നിട്ടും മായ്ക്കുന്നതോറും കൂടുതൽ മിഴിവോടെ തെളിഞ്ഞു വന്നതേയുള്ളൂ.. ഇടയ്ക്കെപ്പളോ ആ കണ്ണുകളും തിരികെ തേടി വന്നതോടെ പിന്നെ മനസ്സിനെ അടക്കി വെക്കാൻ കഴിയാതെയായി. നോട്ടങ്ങൾ പിന്നെ നനുത്ത പുഞ്ചിരികളായി.. കാണാതിരിക്കുമ്പോൾ നോട്ടങ്ങളിൽ പരിഭവം കലർന്നു. പിണക്കങ്ങൾ മധുരമുള്ള ചിരിയിൽ അലിഞ്ഞു പോയി.. ദൂരെ നിന്നുള്ള കാഴ്ചകളുടെ അകലം മെല്ലെ മെല്ലെ കുറഞ്ഞു വന്നു. ആരും അറിയാതെ തൊടിയിലേ മരങ്ങൾക്ക് പിന്നിലും, തൊഴുത്തിന് പിന്നിലും ഒക്കെ പരസ്പരം കണ്ടു. ഒന്നോ രണ്ടോ വാക്കുകളിൽ ഒതുങ്ങുന്ന പ്രണയ നിമിഷങ്ങൾക്ക് പ്രാണന്റെ വിലയായിരുന്നു.
അവരുടെ വീട്ടിലെ പൈക്കളെ തൊഴുത്തിൽ കെട്ടാൻ വരുമ്പോൾ, വലിയ വീടിന്റെ വടക്കേ മാളികയിൽ മുടി കോതി നിൽക്കുന്ന പാറുവിനെ കാണാം. അവളുടെ നീണ്ടു ചുരുണ്ട മുടിയിഴകളെ തലോടാൻ എത്രയോ കൊതിച്ചിരിക്കുന്നു.. ആ പ്രണയത്തിന്റെ അവസാനം എന്തായിതീരും എന്നുള്ള ചിന്തയൊന്നും ഇല്ലായിരുന്നു. ഭയമുണ്ടായിരുന്നുവെങ്കിലും മനസ്സിൽ എന്നെങ്കിലും പ്രണയം സഫലമാവുമെന്ന് ഉറപ്പായിരുന്നു.. അതിനായി എത്ര വഴിപാടുകൾ പാറുവും താനും ചെയ്തിരിക്കുന്നു!
എല്ലാ പ്രതീക്ഷകളെയും തച്ചുടച്ചു കൊണ്ടാണ് തങ്ങളുടെ പ്രണയം അവളുടെ ചേട്ടന്മാർ അറിഞ്ഞത്. മറ്റാരുമറിയാതെ കളപ്പുരയിൽ തന്നെ കെട്ടിയിട്ടു. വെറുമൊരു പതിനെട്ടു വയസ്സുകാരനാണെന്ന് കൂടി ഓർക്കാതെ കൊടും പട്ടിണി കിടത്തി തല്ലിച്ചതച്ചു. മൂന്ന് ദിവസം കഴിഞ്ഞ് രാത്രിയ്ക്ക് രാത്രിയിൽ എവിടേക്കോ മാറ്റി. അവിടെ രാവെന്നോ പകലെന്നോ തിരിച്ചറിയാതെ അടച്ചിട്ട മുറിയിലെ ദിവസങ്ങൾ.. എത്രനാൾ അങ്ങനെ കിടന്നു എന്നറിയില്ല. ചാവാതിരിക്കാൻ കിട്ടുന്ന ഒരു നേരത്തെ ഭക്ഷണം.. ആ സമയമത്രയും പാറുവിന് എന്ത് പറ്റിയിട്ടുണ്ടാവും എന്നുള്ള ചിന്തയായിരുന്നു. അവളെ അവർ തല്ലുമോ ഉപദ്രവിക്കുമോ എന്നുള്ള ഭയം.. ഒരു ദിവസം അവളുടെ മൂത്ത ചേട്ടൻ വന്നു പഴന്തുണിക്കെട്ട് പോലെ തന്നെ വലിച്ചെറിഞ്ഞു..
” നീ നാട് വിട്ടു എന്നാണ് അവിടെ നിന്റെ വീട്ടുകാരും നാട്ടുകാരും ഒക്കെ വിശ്വസിച്ചിരിക്കുന്നത്. എവിടെയൊക്കെയോ തെണ്ടിതിരിഞ്ഞു അവസാനം എവിടേം നിൽക്കാൻ പറ്റാഞ്ഞ നീ തിരിച്ചു വലിഞ്ഞു കേറി വരുന്നു. അത്രയേ അറിയാൻ പാടുള്ളൂ എല്ലാവരും.. അതല്ല.. പാറുവിനെ ചേർത്തു വല്ലതും നിന്റെ നാവിൽ നിന്ന് വീണാൽ ചവിട്ടി അരച്ചു കളയും.. നായെ ”
അയാളുടെ ധാർഷ്ട്യത്തിനു മുന്നിൽ പാറു എവിടെയെന്നുള്ള ചോദ്യത്തെ ഉള്ളിലടക്കി ഭയന്ന് നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.
തിരിച്ചു നാട്ടിൽ വന്നപ്പോൾ അമ്മയും അച്ഛനും കൂടപ്പിറപ്പുകളുമൊക്കെ കണ്ണീരോടെ പൊതിഞ്ഞു. അമ്മ ശാസിച്ചു. പിണങ്ങി. ആരും ആരും അറിഞ്ഞില്ല.. ഉള്ളു കിടന്നു വേവുന്നത്.. പിന്നെ അറിഞ്ഞു. പാറുവിന്റെ വിവാഹം കഴിഞ്ഞതേ. ജാതകദോഷം കൊണ്ട് അവരുടെ ബന്ധത്തിൽ തന്നെയുള്ള ഒരാളെക്കൊണ്ട് പെട്ടെന്ന് വിവാഹം നടത്തുകയായിരുന്നു എന്നറിഞ്ഞു. അവളുടെ ദോഷം താനായിരുന്നു.. തങ്ങളുടെ പ്രണയമായിരുന്നു എന്നറിഞ്ഞിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പൊട്ടിച്ചിതറിയ പ്രണയത്തിന്റെ തുണ്ടുകൾ ഒരിക്കലും ഇനി കൂട്ടിച്ചേർക്കാൻ കഴിയില്ല എന്നറിഞ്ഞിട്ടും അവയെ ഓമനിച്ചു ദിവസങ്ങൾ കഴിഞ്ഞു..
വർഷങ്ങൾ കടന്നുപോയി.. പെങ്ങന്മാർ വിവാഹിതരായി. അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ നാഥനായി. പകലുകളിൽ മുഴുവൻ പരുക്കനായ ചെത്തുകാരൻ സുധാകാരനായും, രാത്രികളിൽ പാതിവഴിയിൽ മൃതിയടഞ്ഞ പ്രണയകഥയിലെ കൗമാരക്കാരനായ സുധേട്ടനായും കഴിഞ്ഞു..
ആയിടെയാണ് ജാനകിയുമായുള്ള വിവാഹക്കാര്യം വരുന്നത്. അമ്മയില്ലാത്ത കുട്ടി ആയതുകൊണ്ടാവണം അമ്മയ്ക്ക് അവളെ വലിയ ഇഷ്ടമായിരുന്നു. രഹസ്യമായി അവൾ തന്നോട് അവൾക്കുള്ള പ്രണയം പറഞ്ഞപ്പോൾ എന്തോ.. ദേഷ്യമായിരുന്നു. അമ്മ വിഷയം അവതരിപ്പിച്ചപ്പോൾ എതിർത്തു എല്ലാവരും ചേർന്ന് നിർബന്ധിച്ചിട്ടും ഒട്ടും സമ്മതിക്കാതെ നിന്നതുകൊണ്ട് എല്ലാവർക്കും നീരസമുണ്ടാകുമെന്ന് വന്നപ്പോളാണ് ജാനകി കല്യാണം വേണ്ടെന്ന് തീർത്തും പറഞ്ഞത്.
പിന്നെ അധികകാലം അമ്മ ജീവിച്ചില്ല. അമ്മ പോയതോടെ പെങ്ങന്മാരുടെ വരവുകളും നിന്നു. തനിച്ചായി. ഒരു കണക്കിന് അതൊരു രക്ഷപ്പെടൽ കൂടി ആയിരുന്നു. അമ്മാവൻ പോയതോടെ അവളും അവിടെ തനിച്ചായി. നോക്കിയാൽ കാണുന്ന ദൂരത്തു രണ്ടു പേര് തനിച്ച്. അവൾക്ക് കൂട്ടിനു അവളുടെ അമ്മിണിയാടും മക്കളും കോഴികളും ഒക്കെയുണ്ട്. അവരോടൊക്കെ വിശേഷം പറഞ്ഞു നടക്കുന്നത് ഇടയ്ക്ക് താൻ നോക്കി നിൽക്കും. എന്നും എന്തെങ്കിലും ഇതുപോലെ പറഞ്ഞിട്ട് പോകും. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ.. എന്തുണ്ടാക്കിയാലും ഒരു പങ്ക് തനിക്ക് കൂടെയുണ്ടാവും. പാവം..
…………
അകത്ത് നിൽക്കുമ്പോളാണ് ആരോ വേലി കടന്നു വരുന്നത് സുധാകരൻ കണ്ടത്. കനത്ത മഴയത്തു കയറി വരുന്ന ആളെ സുധാകരനു മനസ്സിലായില്ല. കുട മാറ്റിയപ്പോൾ മുന്നിൽ കണ്ട മുഖം നോക്കി സുധാകരൻ അങ്ങനെ നിന്നുപോയി. എന്തോ കണ്ടു മനസ്സിൽ പേറിയ കണ്ണുകൾ..
” ഹായ്.. സുധാകരൻ അങ്കിൾ ആണോ? ”
ആഗതൻ ചോദിച്ചപ്പോൾ തലയാട്ടാൻ പോലും അയാൾക്ക് കഴിഞ്ഞില്ല.
” ഞാൻ സുധീപ്.. എന്നേ മനസ്സിലായോ? ”
” അമ്പലപ്പാട്ടെ കുട്ടിയാണോ? ”
അയാളുടെ ശബ്ദത്തിലെ വിറയലും വിങ്ങലും.. ആ ചെറുപ്പക്കാരനു അലിവ് തോന്നി..
” അങ്ങനെയേ ചോദിക്കൂ? പാർവതിയുടെ മകനാണോ എന്ന് ചോദിക്കിലെ? ”
അവന്റെ മുഖത്ത് വർഷങ്ങൾക്ക് മുന്നേ അയാളെ മോഹിപ്പിച്ച കുസൃതി. സുധാകരന്റെ കണ്ണുകൾ നിറഞ്ഞു. എന്തൊക്കെയോ അയാളുടെ ഉള്ളിൽ കിടന്നു പിടച്ചു. ഒരുപാട് ചോദ്യങ്ങൾ.. വിശേഷങ്ങൾ.. അയാൾക്കുള്ളിൽ അലയടിച്ചു. എങ്കിലും ഒന്നും പുറത്തേക്ക് വന്നില്ല.. രണ്ടു തുള്ളി കണ്ണീരല്ലാതെ..
” പാർവതി.. അവർക്ക് സുഖമാണോ? ”
ആയാസപ്പെട്ടുകൊണ്ട് സുധാകരൻ ചോദിച്ചു..
” അമ്മ… അമ്മയ്ക്കിപ്പോൾ സുഖമാണ്. പരമമായ സുഖം.. സുഖങ്ങൾ മാത്രമുള്ള ഒരു ലോകത്തേക്ക് അമ്മ പോയി ”
സുധാകരന്റെ വിറങ്ങലിച്ച മുഖം സുധീപ് കണ്ടില്ലെന്ന് നടിച്ചു.
” അമ്മയ്ക്ക് ക്യാൻസർ ആയിരുന്നു. തിരിച്ചറിയാൻ ഒരുപാട് വൈകി. ഞാനും അച്ഛനും നിസ്സഹായരായിരുന്നു. പറ്റാവുന്നത്ര നോക്കി തിരിച്ചു കിട്ടാൻ.. പക്ഷേ സാധിച്ചില്ല ”
അത്രമേൽ പ്രിയപ്പെട്ട ഒരാളുടെ മരണം ഇത്ര നിസ്സാരമായി അറിയുന്നതിന്റെ തരിപ്പ് സുധാകരന്റെ മനസ്സിൽ ഊറി നിന്നു.
” ഇങ്ങനെയൊരാളെ പറ്റി ഈയിടെയാണ് ഞാനും അച്ഛനും അറിഞ്ഞത്. അമ്മ നാട്ടിൽ വരാനൊന്നും താല്പര്യം കാണിക്കാത്തത്.. ഇവിടെ ഉള്ളവരോട് അകന്നു നിൽക്കുന്നത്.. ഒറ്റയ്ക്കുള്ള സമയങ്ങളിൽ കണ്ണ് നിറയ്ക്കുന്നത്.. ഒക്കെ എന്തിനെന്നുള്ള ഉത്തരം ഇപ്പോളാണ് അറിഞ്ഞത് ”
ധരിച്ചിരിക്കുന്ന കോട്ടിന്റെ പോക്കെറ്റിൽ നിന്ന് അവനൊരു ഡയറി അയാൾക്ക് നേരെ നീട്ടി.
” അമ്മയുടെയാണ്. അങ്കിളിനോട് അമ്മയ്ക്ക് പറയാനുള്ള ഒരുപാട് കാര്യങ്ങൾ അതിലുണ്ട്. അമ്മയുടെ കർമ്മങ്ങൾക്കായി ഞാനും അച്ഛനും വാരാണസിയിലേയ്ക്ക് പോകുകയാണ്. ഇത് അങ്കിളിനെ കൂടി ഏൽപ്പിച്ചാലെ അമ്മയ്ക്ക് മോക്ഷം കിട്ടൂ എന്ന് അച്ഛൻ പറഞ്ഞു.. വരട്ടെ ”
ആ ഡയറി അവിടെ വെച്ചു കൊണ്ട് അവൻ തിരികെ പോകുന്നത് കണ്ണീർപ്പാടയിലൂടെ അവ്യക്തമായി അയാൾ കണ്ടു. വിറയ്ക്കുന്ന കൈകളോടെ സുധാകരൻ ആ ഡയറി കയ്യിലെടുത്തു..
” സുധേട്ടന് ”
എന്ന് തുടങ്ങുന്ന ആ ഡയറി അയാൾ വായിച്ചു. പാർവതിയുടെ ഗന്ധമുള്ള താളുകൾ.. അവളുടെ സ്വരം കാതിൽ പതിയ്ക്കുന്ന പോലെ.. അവളുടെ ക്ഷമാപണം.. നോവുകൾ.. ഓർമ്മകൾ.. ചിന്തകൾ.. പലയിടത്തും പരന്നു കിടക്കുന്ന ഉണങ്ങിയ കണ്ണീർപ്പാടുകൾ.. ചില താളുകളിൽ അവൾ നെറ്റി മുട്ടിച്ചു കിടന്നപ്പോൾ പതിഞ്ഞ സിന്ദൂരപ്പൊട്ടിന്റെ ശേഷിപ്പുകൾ..
” സുധേട്ടാ.. എന്റെ നാളുകൾ അവസാനിച്ചു. ഈ അവസാന നാളുകളിൽ സുധേട്ടൻ ജീവിതത്തിൽ തനിച്ചായത് ഞാൻ കാരണമാണല്ലോ എന്ന വേദന മാത്രമാണ് എനിക്കുള്ളത്.. ആ വേദനയോടെയാണ് ഞാൻ യാത്രയാവുന്നതും
ഒരിക്കൽ കൂടി മാപ്പ്
പാറൂട്ടി ”
വായിച്ചവസാനിപ്പിച്ചപ്പോൾ ഒന്ന് ഉറക്കെ പൊട്ടിക്കരയണമെന്ന് അയാൾക്ക് തോന്നി. ചുമലിൽ ഒരു കയ്യമർന്നപ്പോൾ അയാൾ തിരിഞ്ഞു നോക്കി.. ജാനകി
അവളുടെ കണ്ണുകളും കലങ്ങിയിട്ടുണ്ട്. ഒന്നും അറിയാതെ തന്റെ നോവുകൾ പകുതെടുക്കുന്നവളെ ആദ്യമായെന്ന പോലെ സുധാകരൻ നോക്കി. പിന്നെ ഒരാശ്രയതിനെന്ന പോലെ അവളിലേയ്ക്ക് ചാഞ്ഞു. ഒരു കുഞ്ഞിനെ പോലെ വിങ്ങിവിങ്ങി സുധാകരൻ കരയുമ്പോൾ ജാനകി അയാളെ മെല്ലെ തലോടി ആശ്വസിപ്പിച്ചു.. അപ്പോളേക്കും പുറത്തു മഴ ആർത്തു പെയ്തു.. ആരുടെയോ കണ്ണീരുപോലെ..
സൃഷ്ടി