സ്വന്തം മോളെയാണ്… കിടക്കട്ടെ അകത്ത്.. അവന്റെ കാശ് മാത്രമല്ല വീടടക്കം എഴുതി വാങ്ങേണ്ടതാണ്.. “

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

 

“സാറേ.. ഈ മാധവമേനോൻ എന്ന് പറയുന്നത് ഇവിടുത്തെ ഒരു വല്യ പുള്ളിയാണ്. പഴയ പേരുകേട്ട തറവാട്ടുകാർ ആണ്. ഈ മരിച്ച കുട്ടി അയാളുടെ മൂത്ത മോളാണ് ഇതിൽ താഴെ ഒരു പയ്യൻ കൂടി ഉണ്ട്.”

 

കോൺസ്റ്റബിൾ അനീഷ് ജീപ്പിൽ ഇരുന്ന് ചെറിയൊരു വിവരണം നൽകി സി ഐ സാം അലക്സിന്.

 

” ഇതെന്താ ഇപ്പോ സംഭവം.. എന്തേലും ഐഡിയ ഉണ്ടോ അനീഷേ…”

 

സാം കാര്യങ്ങൾ വിശദമായി അറിയാൻ ശ്രമിച്ചു.

 

” സാറേ ഈ പെൺകൊച്ചിന് ഒരു പ്രേമം ഉണ്ടാരുന്നു. ഇവര് വലിയ തറവാട്ടുകാർ ആണ് ഈ ജാതിയും അഭിമാനവും ഒക്കെ കെട്ടിപ്പിടിച്ചിരിക്കുന്ന ടീംസ്. ആ ചെറുക്കൻ ഇവരേക്കാൾ താഴ്ന്ന ജാതിയിൽ ഉള്ളതാണ് മാത്രമല്ല ഇവിടെ സിറ്റിയിൽ ഒരു മോട്ടോർ ബൈക്ക് വർഷോപ്പ് നടത്തുവാ. സാമ്പത്തികം നോക്കുവാണേൽ ആനയും ഉറുമ്പും പോലെ. മാധവമേനോൻ ഈ ബന്ധത്തിന് സമ്മതിക്കില്ല എന്ന് കട്ടായം പറഞ്ഞു. അതോടെ മിനിഞ്ഞാന്ന് ഈ പയ്യൻ കൊച്ചിനെ വിളിച്ചിറക്കി കൊണ്ട് പോകാൻ ആ വീട്ടിൽ ചെന്നിരുന്നു.

 

പെണ്ണ് ഇറങ്ങി പോകാനും റെഡിയായിരുന്നു പക്ഷെ തന്ത ആത്മഹത്യ ചെയ്യുമെന്ന് ഭീക്ഷണിപ്പെടുത്തിയപ്പോൾ അവള് പോയില്ല.. ഇവ സംഭവം പുറത്തറിഞ്ഞാൽ നാണക്കേട് ആകും ന്ന് കരുതി മറച്ചു വച്ചു. പക്ഷേ ചെക്കനെ അന്ന് രാത്രി ആളെ വിട്ട് തല്ലിച്ചു അയാൾ.. അതിന്റെ പിറ്റേന്ന് മുതൽ അവൻ മിസ്സിംഗ്‌ ആണ്. പേടിച്ചു നാടുവിട്ടതാണെന്നും കേൾക്കുന്നുണ്ട്… ”

 

അപ്പോഴേക്കും സാമിന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. അവന്റെ സുഹൃത്ത് സി ഐ സാജൻ ആയിരുന്നു ഫോണിൽ.

 

” സാജാ പറയടാ. ”

 

കോൾ അറ്റന്റ് ചെയ്ത് ഫോൺ കാതോട് ചേർത്ത സാം പെട്ടെന്ന് ശ്രദ്ധാലുവായി. ശേഷം പിന്നിൽ ഇരുന്ന അനീഷിന് നേരെ തിരിഞ്ഞു.

 

” അനീഷേ.. ഈ കൊച്ചിന്റെ ആ കാമുകന്റെ പേര് ശരത്ത് എന്നാണോ.. ”

 

“അതെ സാറേ.. ”

 

മറുപടി പറയുമ്പോൾ അനീഷും അമ്പരന്നു.

 

” ശെരി സാജൻ നീ ഡീറ്റെയിൽസ് അയക്ക് ഞാൻ നോക്കാം.. ”

 

സാം കോൾ കട്ട് ആക്കുമ്പോൾ ആകാംഷയിൽ അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു അനീഷ്. അത് മനസിലാക്കി വീണ്ടും തിരിഞ്ഞു അവൻ.

 

” അനീഷേ ആ ചെറുക്കൻ നാട് വിട്ടതല്ല. ഇന്നലെ നൈറ്റ് തൃശൂർ ഒരു ലോഡ്ജിൽ അവനും ആത്മഹത്യ ചെയ്ത്. രണ്ട് ദിവസമായി അവിടെ ഉണ്ടായിരുന്നു ആള്. സ്റ്റേഷൻ സി ഐ ആണ് ഇപ്പോ എന്നെ വിളിച്ചത്.”

 

“ദൈവമേ.. വല്ലാത്ത ചെയ്ത്ത് ആയി പോയല്ലോ ഇത്. ”

 

ആ വാർത്ത അനീഷിനും നടുക്കമായി.

 

“എന്നിട്ട്.. ഇവിടുത്തെ ബാക്കി പറയ് അനീഷ്.”

 

പറഞ്ഞു നിർത്തിയതിന്റെ ബാക്കി കേൾക്കാൻ ആകാംഷയായി സാമിന്

 

” എന്നിട്ട് എന്താ സാറേ ഈ മാധവൻ കൊച്ചിനെ മുറിയിൽ പൂട്ടി ഇട്ടു. ഇന്നിപ്പോ രാവിലെ നോക്കിയപ്പോൾ ഫാനിൽ തൂങ്ങി നിൽക്കുന്നു… ഓരോരോ ഭ്രാന്തുകൾ പാവം ആ പെങ്കൊച്ചിന്റെ ഭാവി തന്ത തന്നെ തുലച്ചു.. ഒരു പാവം പയ്യന്റെ ജീവനും.. ”

 

അനീഷ് പറഞ്ഞു നിർത്തുമ്പോൾ അവരുടെ ജീപ്പ് മാധവമേനോന്റെ വീടിനു മുന്നിൽ എത്തിയിരുന്നു. പഴയ മോഡലിൽ ഉള്ള എന്നാൽ പ്രൌഡി ഒട്ടും തന്നെ കുറയാത്ത ഒരു വലിയ തറവാടായിരുന്നു അത്. വലിയ ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു അവിടെ.

 

ജീപ്പിൽ നിന്നും സാം പതിയെ പുറത്തേക്കിറങ്ങുമ്പോൾ എല്ലാവരും അവനെ തന്നെ നോക്കി നിന്നു.

 

“പുതിയ സി ഐ ആണ്.. ആള് വെടക്ക് ആണ്.പണിഷ്മെന്റ് ട്രാൻസ്ഫർ ആണെന്നാ കേട്ടെ.. എസ് ഐ ലീവിൽ ആയോണ്ട് പുള്ളിയാണ് ചാർജ്… ”

 

ആരൊക്കെയോ മുറുമുറുത്തു.

 

സാം പതിയെ നടന്ന് വീടിന്റെ മുൻവശത്ത് എത്തുമ്പോൾ അവിടെ പടിയിൽ തളർന്നവശനായി ഇരുന്നിരുന്നു മാധവമേനോൻ. സാമിനെ കണ്ട പാടെ ഒന്നെഴുന്നേൽക്കാൻ ശ്രമിച്ചു അയാൾ പക്ഷെ വേണ്ട എന്ന അർത്ഥത്തിൽ അയാളുടെ ചുമലിൽ കൈവച്ചു അവൻ.

 

” എന്റെ മോള് പോയി സാർ.. പൊന്ന് പോലെ വളർത്തിയതാ ഞാൻ ”

 

വിതുമ്പുകയായിരുന്നു മാധവൻ. അയാളുടെ മുഖത്തേക്ക് അൽപനേരം നോക്കി നിന്ന ശേഷം ചുറ്റുമൊന്ന് കണ്ണോടിച്ചു സാം.

 

” എന്റെ മോളെ.. നീ ഞങ്ങളെ വിട്ട് പോയല്ലോ.. ”

 

അകത്ത് വലിയ നിലവിളി ഒച്ചയും കേട്ടിരുന്നു.

 

“മാധവൻ സാറിന്റെ ഭാര്യ ആണ് ശ്രീദേവി.”

 

അടുത്തു നിന്ന ആള് കാതോട് ചേർന്ന് അടക്കം പറയവേ അയാളെ ഒന്ന് നോക്കി സാം.

 

” നിങ്ങൾ.. ”

 

” ഇവിടുത്തെ പഞ്ചായത്ത്‌ പ്രസിഡന്റ് ആണ് സാർ.. പേര് സുഗതൻ. ഞാനാണ് രാവിലെ സ്റ്റേഷനിൽ വിവരം അറിയിച്ചത്. ”

 

സുഗതൻ സ്വയം പരിചയപ്പെടുത്തി. മാധവനെ ഒന്ന് നോക്കി പതിയെ ഉള്ളിലേക്ക് കയറി സാം പിന്നാലെ അനീഷും.

 

അകത്തെ ബെഡ്‌റൂമിൽ അനീഷ് പറഞ്ഞത് പോലെ തന്നെ ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിൽ ആയിരുന്നു ശ്രീലക്ഷ്മിയുടെ മൃദദേഹം. ആ മുഖത്തേക്ക് ഒന്ന് നോക്കവേ വല്ലാത്ത വിഷമം തോന്നി സാമിന്. കാരണം അത്രമേൽ സുന്ദരിയായിരുഞ്ഞു അവൾ.

 

” പാവം നല്ലൊരു കൊച്ച് .. ജീവിക്കാൻ വിധി ഇല്ലാതായി പോയി.. ”

 

അനീഷിനെ ഒന്ന് നോക്കി അവൻ.

 

” സത്യമാ സാറേ.. നല്ല കൊച്ചായിരുന്നു കാണാനും അതെ സ്വഭാവത്തിലും അതെ. ഇവരുടെ ഈ ജാതിയും ജാഡയും പൊങ്ങച്ചവും ഒന്നുമില്ലാത്ത ഒരു പാവം കൊച്ച് ”

 

അനീഷിന്റെ മറുപടി കേട്ട് പതിയെ ചുറ്റുപാടും ഒക്കെ ഒന്ന് പരതി സാം.

 

” ലെറ്റർ ഒന്നും കിട്ടീലെ. ”

 

“ഇല്ല സാർ.. അങ്ങിനൊന്നും കിട്ടീല.. ഇവിടെ നടന്ന പ്രശ്നങ്ങൾ ഒക്കെ വച്ചു നോക്കുമ്പോൾ ഇതിലിപ്പോ വേറെ സംശയം ഒന്നും ഇല്ല ആത്മഹത്യ ആണ്. ദേ ഈ നിലത്ത് കിടക്കുന്ന സ്റ്റൂളിൽ കയറി നിന്ന് ബെഡ് ഷീറ്റ് കൊണ്ട് ഫാനിൽ കുരുക്ക് ഇട്ടു. അങ്ങിനെയാണ് ചെയ്തിരിക്കുന്നത്. റിപ്പോർട്ട്‌ ഒക്കെ എഴുതീട്ടുണ്ട് ഇനീപ്പോ അഴിച്ചിറക്കട്ടെ സാർ.. എന്തിനാ ഇങ്ങനെ വെറുതെ നിർത്തിയേക്കുന്നത്. ”

 

അനീഷ് പറഞ്ഞത് കേട്ട് അല്പസമയം മൗനമായി സാം.

 

“അനീഷേ ഒന്ന് വെയിറ്റ് ചെയ്യ് ഞാൻ ഒന്ന് നോക്കട്ടെ..”

 

അത്രയും പറഞ്ഞു കൊണ്ട് അവൻ പതിയെ ആ ബെഡ്‌റൂം മുഴുവനായി ഒന്ന് നിരീക്ഷിച്ചു. ആ സമയം അവന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. അതെടുത്തു സംസാരിച്ചു കൊണ്ട് സാം അല്പസമയം മുറിയുടെ ജനലിനരികിലായി നിന്നു. പുറത്ത് ജനലിനോട് ചേർന്ന് നിൽക്കുന്ന വലിയ മാവിൽ വലിയ മാങ്ങകൾ പിടിച്ചു നിന്നിരുന്നു. അതിലേക്ക് നോക്കി അല്പസമയം നിന്നു അവൻ .

 

” സാർ എന്താ മാങ്ങ വാങ്ങാൻ വന്നതാണോ ”

അടുത്ത് നിന്ന പോലീസുകാരൻ കാതിൽ അടക്കം പറയവേ മിണ്ടരുത് എന്ന് കണ്ണ് കൊണ്ട് ആംഗ്യം കാട്ടി അനീഷ്. ആ സമയം തന്നെ ശരത്തിന്റെ മരണവാർത്തയും പുറത്ത് അറിഞ്ഞു തുടങ്ങിയിരുന്നു.

 

” വല്ലാത്ത ചെയ്ത്ത് ആയി പോയല്ലോ ഇത്. പാവം രണ്ട് പിള്ളേരുടെയും ജീവിതം തുലഞ്ഞു ”

 

കേട്ടവർ കേട്ടവർ അടക്കം പറഞ്ഞു.

 

സമയം അൽപനേരം കൂടി നീങ്ങി.

 

” അനീഷേ. ഈ ഈ മാവ് കൊള്ളാം അല്ലേ.. ഏവനേലും ഈ റൂമിൽ നിന്ന് സീൻ കാണണേൽ ഇതിൽ വലിഞ്ഞു കേറിയാൽ മതി. തൊട്ടടുത്തു തന്നെ ജന്നൽ.. ”

 

സാമിന്റെ ആ കമന്റ് കേട്ടിട്ട് വാ പൊളിച്ചു അനീഷ്.

 

” സാർ ഇത് എന്തൊക്കെയാ പറയുന്നേ.. ഇപ്പോ ഇതൊക്കെ പറയാൻ ഉള്ള നേരം ആണോ ”

 

അവന്റെ മറു ചോദ്യം കേട്ട് പുഞ്ചിരിച്ചു സാം.

 

” ചുമ്മാ പറഞ്ഞതാടോ.”

 

അപ്പോഴേക്കും സാമിന്റെ ഫോണിൽ ഡി വൈ എസ് പി അൻവറിന്റെ കോൾ എത്തി.

 

” സാർ.. പറയണം സാർ.. ഓക്കേ… സാർ പറയുന്ന പോലെ… ഇല്ല ഞാൻ നോക്കിക്കോളാം.. ഓക്കേ സാർ. ”

 

അത്രയും പറഞ്ഞു അവൻ കോൾ കട്ട്‌ ചെയ്യുമ്പോൾ ഒന്നും മനസിലാകാതെ നോക്കി നിന്നു അനീഷ്.

 

” അനീഷേ അഴിച്ചിറക്ക് എന്നിട്ട് ബാക്കി കാര്യങ്ങൾ നോക്ക് ആത്മഹത്യ അല്ലേ പോസ്റ്റുമോർട്ടം ഒന്നും വേണ്ട. അൻവർ സർ ആണ് വിളിച്ചത്. ഈ മാധവമേനോൻ ഒരു വലിയ പുള്ളി ആണ്. പിടി അങ്ങ് മുകളിൽ വരെ പോയിട്ടുണ്ട്. വേഗം കാര്യങ്ങൾ തീർക്കാൻ ആണ് മുകളിൽ ന്ന് ഉള്ള ഓർഡർ. ”

 

അത്രയും പറഞ്ഞു കൊണ്ട് അവൻ പതിയെ മുറിയ്ക്ക് പുറത്തേക്കിറങ്ങി. ശേഷം വീടിനും. തളർന്നവശനായി ഇരുന്ന മാധവമേനോന്റെ മുന്നിലാണ് അവൻ നേരെ ചെന്ന് നിന്നത്.

 

” മാധവൻ സാറേ.. ഒരു മിനിറ്റ് ഒന്ന് വരാമോ.. ഒരു പ്രധാനപെട്ട കാര്യം സംസാരിക്കാൻ ഉണ്ട്.”

 

ആ പറഞ്ഞത് കേട്ട് സംശയത്തോടെ അവനെ നോക്കി മാധവൻ. കൂടെ നിനക്ക് സുഗതനും അതെ ഭാവമായിരുന്നു.

 

” ഹാ.. ഒന്ന് വാ സാറേ. അത്യാവശ്യം ആണ്. ”

 

മുന്നേ നടന്നു പോയ സാമിന് പിന്നാലെ അറച്ചറച്ച് പതിയെ മാധവമേനോനും ചെന്നു. ആ നടത്തം നിന്നത് ശ്രീലക്ഷ്മിയുടെ മുറിയോട് ചേർന്ന് നിന്നിരുന്ന ആ മാവിൻ ചുവട്ടിൽ ആയിരുന്നു. വീടിനു പിൻ വശം ആയിരുന്നതിനാൽ അവിടെ ആരും തന്നെ ഇല്ലായിരുന്നു.

 

അല്പപസമയം മാവിന്റെ മുകളിലേക്ക് ഒക്കെ നോക്കി നിന്ന ശേഷം മാധവനു നേരെ തിരിഞ്ഞു സാം.

 

” നിറയെ മാങ്ങ ഉണ്ട് ഇതിൽ. നല്ല ടേസ്റ്റ് ഉള്ള മാങ്ങ ആണോ ”

 

ആ ചോദ്യം കേട്ട് മാധവൻ ദയനീയമായി ഒന്ന് നോക്കി

 

” സാർ എന്താ ഈ അവസ്ഥയിൽ എന്നെ കളിയാക്കുവാണോ.”

 

അത് കേട്ട് ഒന്ന് പുഞ്ചിരിച്ചു സാം.

 

” എന്റെ മാധവൻ സാറേ.. നിങ്ങൾ ആ ക്യാരക്ടറിൽ നിന്ന് ഒന്ന് ഇറങ്ങ്.അഭിനയം മതി.”

 

ഇത്തവണ ശെരിക്കും നടുങ്ങി പോയി മാധവൻ

 

” അ..അഭിനയമോ. നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്. ”

 

പുഞ്ചിരിയോടെ തന്നെയാണ് സാം മറുപടി പറഞ്ഞത്..

 

” എന്റെ മാധവൻ സാറേ ആ ചെറുക്കൻ ഇല്ലേ നിങ്ങടെ മോളുടെ കാമുകൻ. ശരത്ത്… അവൻ ഇന്നലെ തൃശൂർ ഒരു ലോഡ്ജിൽ വച്ച് ആത്മഹത്യ ചെയ്തു. എന്തിനാണ് എന്ന് അറിയണ്ടേ. ”

 

ചോദ്യഭാവത്തിൽ സാം നോക്കുമ്പോൾ മാധവന്റെ മിഴികൾ കുറുകി. ആ ഭാവമാറ്റം കൃത്യമായി ശ്രദ്ധിച്ചു അവൻ.

 

” സ്വന്തം മകളെ ഒരു അച്ഛൻ കഴുത്തു ഞെരിച്ചു കൊന്ന് റൂമിലെ ഫാനിൽ കെട്ടി തൂക്കുന്നത് ദേ ഈ മാവിന്റെ മുകളിൽ ഇരുന്ന് കണ്ട് ആകെ ഭയന്ന് വിറച്ചിട്ട്. പിന്നെ താൻ കാരണം തന്റെ പ്രിയപ്പെട്ടവൾക്ക് ജീവൻ പോയ കുറ്റബോധം ഒപ്പം അവളില്ലാത്തൊരു ലോകം സങ്കൽപ്പിക്കാൻ കഴിയാത്തതിനാൽ.. കത്ത് എഴുതി വച്ചിട്ടുണ്ട് അവൻ ”

 

സാമിന്റെ ആ മറുപടി ശെരിക്കും മാധവനെ ഞെട്ടിച്ചു. നെറ്റിയിൽ വിയർപ്പ് കിനിഞ്ഞു. ക്ഷണനേരം കൊണ്ട് അയാളുടെ മുഖഭാവം മാറിയത് മനസിലാക്കി അവൻ.

 

” നിങ്ങൾ.. നിങ്ങൾ എന്ത് ഭ്രാന്ത് ആണ് പറയുന്നത്.എന്റെ മോളെ ഞാൻ കൊന്നെന്നോ.. ”

 

ആ വാക്കുകളിലെ പതർച്ച വേഗത്തിൽ തിരിച്ചറിഞ്ഞു സാം.

 

” നിങ്ങൾ കിടന്ന് ഉരുളണ്ട.. ശരത്തിന്റെ ആത്മഹത്യകുറിപ്പ് ഉണ്ട്. പിന്നെ ഈ മാവിന്റെ മുകളിൽ ഇരുന്ന് അവൻ കണ്ടത് നല്ല വ്യക്തമായി ഫോണിൽ പകർത്തിയിട്ടുമുണ്ട്. ഇത് രണ്ടും എന്റെ ഫ്രണ്ട് സാജന്റെ കയ്യിൽ ഉണ്ട്… അവനാ അവിടെ സി ഐ.അതായത് ഈ വീട്ടിലേക്ക് ഞാൻ എത്തുന്നതിനു മുന്നേ തന്നെ നിങ്ങൾ മോളെ കൊന്നതാണെന്ന് ഞാൻ അറിഞ്ഞിരുന്നു ”

 

ഇത്തവണ മാധവന്റെ ഞെട്ടൽ പൂർണ്ണമായിരുന്നു. ഇത്തരമൊരു കെണി അയാൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. താൻ പെട്ടു എന്ന് പൂർണ്ണമായും മനസിലാക്കി അയാൾ.

സാ അപ്പോൾ പതിയെ തന്റെ കൊമ്പൻ മീശയിൽ ഒന്ന് തലോടി.

 

” മാധവൻ സാറേ.. ന്നെ… ഞാൻ ഈ കാക്കി ഇടാൻ തുടങ്ങീട്ട് കുറച്ചു കാലം ആയി. ഇതിനോടകം കുറെ ആത്മഹത്യകളും കണ്ടു. ഇവിടിപ്പോ മനഃപൂർവം നിങ്ങൾ ഒന്നും ചെയ്തതല്ല.. പക്ഷെ ചെയ്ത് കഴിഞ്ഞ ശേഷം നിങ്ങൾ ആകെ പാനിക്ക് ആയി.

 

അതുകൊണ്ടാകണം ഫാനിലേക്ക് കുരുക്ക് ഇടാൻ ഉപയോഗിച്ചതെന്ന് വരുത്തി തീർക്കാൻ നിലത്തേക്ക് നിങ്ങൾ മറിച്ചു ഇട്ടിരുന്ന ആ സ്റ്റൂളിൽ കയറി നിന്നാൽ മകൾക്ക് ഫാനിലേക്ക് കയ്യെത്തില്ല എന്ന വസ്തുത ഓർക്കാതെ പോയത്.. ഇനിയേലും ഉള്ള കാര്യം തുറന്ന് പറയ്. ”

 

. അത്ര കൂടി കേൾക്കവേ താൻ പിടിക്കപ്പെട്ടു എന്ന് ഉറപ്പിച്ചു മാധവൻ അതോടെ അയാളുടെ മിഴികൾ ചുവന്നു. മുഖത്തെ പേശികൾ വലിഞ്ഞു മുറുകി. മുഖത്തേക്ക് രോഷം ഇരച്ചു കയറി.

 

“ഞാൻ പിന്നെ എന്ത് ചെയ്യണം ആ വർക്ക് ഷോപ്പ് കാരൻ നാറിക്ക് അവളെ കെട്ടിച്ചു കൊടുക്കണോ എന്നിട്ട് ഈ കുടുംബത്തിന്റെ മാനം കപ്പലേറ്റണോ.. പലവട്ടം പറഞ്ഞു നോക്കിയതാ ഞാൻ. കേട്ടില്ല.. സ്നേഹത്തോടെ പറഞ്ഞു ശാസിച്ചു പറഞ്ഞു അടിച്ചു. എന്നിട്ടും കേട്ടില്ല. അടുത്ത ബന്ധുവിനു സുഖമില്ലെന്ന് അറിഞ്ഞു പോയ ശ്രീദേവി ഇന്നലെ തിരിച്ചു വന്നില്ലായിരുഞ്ഞു.

 

നൈറ്റ് വീണ്ടും അവളോട് സംസാരിച്ചതാ ഞാൻ. അപ്പോ അവള് അവന്റൊപ്പം പോകാൻ നിൽക്കുവാ എന്ന്. അങ്ങിനെ പോകുന്നതിനേക്കാൾ നല്ലത് ചത്ത് തുലയുന്നത് തന്നെയാ.. അതോണ്ട് തന്നെയാ കൊന്ന് കളഞ്ഞേ. എന്റെ കുടുംബത്തിന്റെ മാനം. അന്തസ്സ് അതിന് കോട്ടം വരുന്നതൊന്നും അനുവദിക്കില്ല ഞാൻ. ”

 

വല്ലാത്ത ഒരു ഉന്മാദാവസ്ഥയിൽ ആയിരുന്നു മാധവൻ. ഒക്കെയും കേട്ടു മൗനമായി നിന്നു സാം. ശേഷം പതിയെ അയാളുടെ അരികിലേക്ക് ചെന്നു

 

” എന്നിട്ട് എന്നിട്ട് ഇപ്പോ എന്തുണ്ടായി.. എല്ലാം തെളിഞ്ഞില്ലേ… ഇനീപ്പോ അന്തസ്സ് അഭിമാനം. അതൊക്കെ കപ്പലിൽ കേറില്ലേ.. . ”

 

ആ ചോദ്യം കേട്ട് സാമിന്റെ മുഖത്തേക്ക് ഒന്ന് തുറിച്ചു നോക്കി മാധവൻ.

 

” ഇത് മറയ്ക്കാൻ നിങ്ങക്ക് എത്ര വേണം.. പറയ് ഒന്നും വെളീൽ ആരും അറിയരുത്.. അതിനു വേണ്ടി എത്ര വേണേലും മുടക്കാൻ ഞാൻ റെഡി… പ്ലീസ് ”

 

അപേക്ഷയുടെ ആ വാക്കുകൾ കേട്ട് പുഞ്ചിരിച്ചു സാം.

 

” അത് കലക്കി. അങ്ങിനെ വഴിക്ക് വാ മാധവൻ സാറേ.. പക്ഷെ ഞങ്ങൾ ഒന്നല്ല രണ്ടാണ്.. സിറ്റി സ്റ്റേഷൻ സി ഐ സാജൻ കൂടി ഉണ്ട് എന്റെ ഫ്രണ്ട്.. രണ്ടാൾക്കും കൂടി ഒരു അൻപത്. അത് ഓക്കേ ആണേൽ ഇന്ന് ഉച്ചയ്ക്ക് അകം ഞാൻ തരുന്ന അക്കൗണ്ടിൽ കാശ് വീഴണം. അങ്ങിനെ വീണാൽ ആത്മഹത്യ ചെയ്ത മോളുടെ ബോഡി ഇന്ന് തന്നെ നിങ്ങൾക്ക് അടക്കം ചെയ്യാം.. സമ്മതമല്ലേൽ നേരെ പോസ്റ്റുമോർട്ടം പിന്നെ അന്യോഷണം വിലങ്ങ്.. എന്ത് വേണം ന്ന് തീരുമാനിച്ചു പറയ് . ”

 

മറുത്തൊന്ന് പറയുവാൻ ഇല്ലായിരുന്നു മാധവന്

 

” സമ്മതം.. തുക എനിക്ക് പ്രശ്നം അല്ല പക്ഷെ ആരും അറിയരുത് ഒന്നും.. ഒരു കാലത്തും.. ”

 

ഒന്ന് പുഞ്ചിരിച്ചു സാം.. ശേഷം മാധവന്റെ ചുമലിൽ ഒന്ന് തട്ടി. അയാളുടെ മുഖത്ത് അപ്പോൾ ഒരു വിജയിയുടെ ഭാവം തെളിഞ്ഞിരുന്നു.

 

പിന്നെ എല്ലാം വേഗത്തിൽ ആയിരുന്നു. ബോഡി അഴിച്ചിറക്കി അധികം വൈകാതെ തന്നെ മരണാനന്തര ചടങ്ങുകൾ അവസാനിപ്പിച്ചു അടക്കം നടത്തി. പല പ്രമുഖരും പങ്കെടുത്ത ആ ചടങ്ങിൽ മാധവൻ മകളെ നഷ്ടപെട്ട അച്ഛന്റെ നൊമ്പരം അഭിനയിച്ചു തകർത്തപ്പോൾ കാഴ്ചക്കാരനായി സാമും നോക്കി നിന്നു. മാധവൻ പറഞ്ഞ വാക്ക് പാലിച്ചു ഉച്ചയോടകം

 

തന്നെ സാം കൊടുത്ത അക്കൗണ്ടിലേക്ക് അൻപത് ലക്ഷം രൂപ എത്തിയിരുന്നു. അങ്ങിനെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ എല്ലാം അവസാനിച്ചു.. ശ്രീലക്ഷ്മിയും ശരത്തും നഷ്ടപ്രണയത്തിന്റെ പ്രതീകങ്ങളായി അവശേഷിച്ചു.

 

രണ്ട് ദിവസങ്ങൾ ശാന്തമായി തന്നെ കടന്നു പോയി. എന്നാൽ മൂന്നാം ദിവസം രാവിലേ തന്നെ ഒരു ബോംബ് വീണു.

 

‘ഇപ്പോൾ കിട്ടിയ ഞെട്ടിക്കുന്ന ചില ദൃശ്യങ്ങളിലേക്ക്. പ്രമുഖ ബിസിനസ്സ് കാരനായ മാധവമേനോൻ സ്വന്തം മകൾ ശ്രീലക്ഷ്മിയെ കഴുത്തു ഞെരിച്ചു കൊന്ന് ഫാനിൽ കെട്ടി തൂക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ന്യൂസ്‌ കേരളയ്ക്ക് ലഭിച്ചിരിക്കുന്നു. മരണപ്പെട്ട പെൺകുട്ടിയുടെ കാമുകൻ ഫോണിൽ പകർത്തിയതാണ് ഈ ചിത്രങ്ങൾ. രണ്ട് ദിവസങ്ങൾക്ക് മുന്നെയാണ് ഈ പെൺകുട്ടിയെ മരണപ്പെട്ട നിലയിൽ വീട്ടിൽ നിന്നും കണ്ടെത്തിയത്.

 

പ്രഥമ ദൃഷ്ടിയിൽ ആത്മഹത്യയായി കണ്ട് പോലീസ് കേസ് ക്ലോസ് ചെയ്തിരുന്നതാണ്. ഈ വീഡിയോ പകർത്തിയ പെൺകുട്ടിയുടെ കാമുകൻ ശരത്തിന്റെ മൃദദേഹവും രണ്ട് ദിവസങ്ങൾക്ക് മുന്നേ ആത്മഹത്യ ചെയ്ത നിലയിൽ സിറ്റിയിലെ ഒരു ലോഡ്ജിൽ നിന്നും കണ്ടെത്തിയിരുന്നു. ആ മരണത്തിലും മാധവമേനോന് പങ്കുണ്ടോ എന്ന സംശയം ഞങ്ങൾ ഈ അവസരത്തിൽ മുന്നോട്ട് വയ്ക്കുകയാണ് ‘

 

വാർത്ത കാട്ടു തീ പോലെ പടർന്നു. എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കി എടുക്കുന്നതിനു മുൻപ് തന്നെ മാധവന്റെ കയ്യിൽ വിലങ്ങു വീണു. ഡി വൈ എസ് പി അൻവർ നേരിട്ട് എത്തിയാണ് അയാളെ അറസ്റ്റു ചെയ്തത്.

 

” അൻവർ. ഇത്.. ഇത് അവൻ കളിച്ചതാ ആ സി ഐ. അൻപത് ലക്ഷമാ അവൻ എന്റേന്ന് വാങ്ങിയത് എന്നിട്ട്. ”

 

അടങ്ങാത്ത രോഷത്തിൽ പല്ലുകൾ ഞെരിച്ചു മാധവൻ. എന്നാൽ അത് കേട്ട് പുച്ഛത്തോടെ അയാളെ ഒന്ന് നോക്കി അൻവർ.

 

” എന്റെ മാധവാ ഇതിൽ ഇങ്ങനൊരു കളി ഉണ്ടായിരുന്നു എങ്കിൽ ഒരു വാക്ക് എന്നോട് പറഞ്ഞൂടായിരുന്നോ തനിക്ക്. ആ സാം അവൻ നിങ്ങൾ വിചാരിക്കുന്ന ആളല്ല. അവന്റെ കെട്ട്യോൾ ആണ് ന്യൂസ്‌ കേരളയുടെ ചീഫ് എഡിറ്റർ. അവനൊന്നും പുറത്ത് പറയില്ല പക്ഷെ അവന് വേണ്ടി അവൾ പറഞ്ഞോളും എല്ലാം.. ഇതിപ്പോ സംഗതി കയ്യീന്ന് പോയി .. താൻ കാശ് കൊടുത്തേന് തെളിവ് പോലും കിട്ടില്ല….അവൻ പക്കാ ഫ്രോഡ് ആണ്.. പെട്ടത് പെട്ടു ”

 

അൻവറിന്റെ മറുപടി കേട്ട് നടുക്കത്തോടെ നിന്നു മാധവമേനോൻ.

 

ആ സമയം വീട്ടിൽ ഇരുന്ന് ന്യൂസിൽ എല്ലാം കണ്ടുകൊണ്ടിരുന്നു സാം. ഒപ്പം സാജനും.

 

” ആ പയ്യനും കൊച്ചും അന്ന് രാത്രി ഒളിച്ചോടാൻ ഇരുന്നതാ. അതിനാ അവൻ അന്ന് ആ വീട്ടിൽ ചെന്നെ. പക്ഷെ കണ്ണിൽ കണ്ടത് പാവത്തിനെ കൊല്ലുന്നതാണ്… എല്ലാം അവൻ ലെറ്ററിൽ എഴുതിയിരുന്നു… ”

 

“മ്… ”

 

സാജൻ പറഞ്ഞത് കേട്ട് ഒന്ന് മൂളി മൗനമായിരുന്നു സാം. ടീവി യിൽ മാധവമേനോനെ അറസ്റ്റ് ചെയ്യുന്ന വിഷ്വൽസ് കാണുന്നുണ്ടായിരുന്നു അത് കണ്ട് പതിയെ പല്ല് ഞെരിച്ചു അവൻ

 

” പന്ന#%#& മോൻ. സ്വന്തം മോളെയാണ്… കിടക്കട്ടെ അകത്ത്.. അവന്റെ കാശ് മാത്രമല്ല വീടടക്കം എഴുതി വാങ്ങേണ്ടതാണ്.. ”

 

കൊമ്പൻ മീശ ഒരിക്കൽ കൂടി പിരിച്ചു കൊണ്ട് സെറ്റിയിലേക്ക് ചാഞ്ഞു സാം.

Leave a Reply

Your email address will not be published. Required fields are marked *