(രചന: AK Khan)
“എടീ ഞാൻ പഠിപ്പ് നിറുത്താൻ പോണ്. ഇനി തുടർന്ന് പഠിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.”
“എന്തൊക്കെയാ ഗായു നീയീ പറയുന്നേ, അല്ല! എന്താ ഇപ്പ അങ്ങനെ തോന്നാൻ?”ഗായത്രിയുടെ വാക്കുകൾ കേട്ട് മീര തെല്ലൊന്ന് അമ്പരപ്പോടെ ചോദിച്ചു.
ഗായത്രിയും മീരയും രണ്ടാം വർഷ ബിരുദവിദ്യാർത്ഥിനികളാണ്. പഠിപ്പിൽ രണ്ടാളും ഒപ്പത്തിനൊപ്പം. അതിനപ്പുറം ഉറ്റ ചങ്ങാതിമാർ. ചെറുപ്പം മുതലേ പരസ്പരം അറിയാവുന്നത് കൊണ്ട് അത്രയ്ക്കും ഊഷ്മളമായിരുന്നു അവർക്കിടയിലെ ബന്ധം.
ഇന്നിതാ നാലാം സെമസ്റ്ററിൻ്റെ അവസാന പരീക്ഷയും കഴിഞ്ഞ് ഇറങ്ങുമ്പോൾ ആണ് ഗായത്രി ഈ കാര്യം പറയുന്നത്.
മീര അവളെയും വിളിച്ച് ക്യാൻ്റീനിൽ ചെന്നു. അവിടെ ഒരു മൂലയിൽ ഒഴിഞ്ഞു കിടന്ന ടേബിളിൻ്റെ അപ്പുറവും ഇപ്പുറവുമായി അവർ ഇരുന്നു.
” ഗായു, ഇനി പറ നിനക്കെന്താ പറ്റിയത്? “അവൾ ഒന്നും മിണ്ടിയില്ല.” ഹസ്ബൻ്റ് ആണോ പ്രശ്നം? അതോ അയാളുടെ വീട്ടുകാരോ?”
” അതും ഒണ്ട് മീരാ, പക്ഷേ ഇപ്പഴ്തെ എൻ്റെ പ്രശ്നം അതൊന്നുമല്ല, എനിക്കറിയില്ല മീരാ ഞാനെങ്ങനെയാ നിന്നോടത് പറയുകാന്ന് ”
” എന്താണെങ്കിലും എന്നോട് പറ ഗായു “മീര അവളുടെ കയ്യുകൾ തന്നിലേക്ക് ചേർത്ത് പിടിച്ചു.
” അത് പിന്നെ മീരാ, ഞാനിത്രയും നാൾ ഭയപ്പെട്ടിരുന്ന കാര്യം സംഭവിച്ചിരിക്കുന്നു. ഞാനൊരു അമ്മയാകാൻ പോകുന്നു, അതെ മീരാ ഞാനിപ്പോ രണ്ട് മാസം പ്രഗ്നൻ്റ് ആണ് ”
മീരയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.” wow എന്താ ഗായു നീ പറഞ്ഞേ, ഓഹ് സോറി ഞാനത് മറന്നു… ബൈ ദ ബൈ കൺഗ്രാട്സ് മോളെ,”
എന്നാൽ ഗായത്രിയുടെ മുഖത്ത് വലിയ പ്രസരിപ്പൊന്നും ഇല്ലായിരുന്നു.എടിപിടിയേന്ന് ആയിരുന്നു അവളുടെ കല്യാണം. കുടുംബത്തിന് ഭാരമാണെന്ന് തോന്നിയത് കൊണ്ടാവാം അച്ഛനും അമ്മയും തൻ്റെ മേലുള്ള അവകാശം ചിറക് മുളയ്ക്കുന്നതിന് മുമ്പേ ഒരുത്തന് എഴുതി കൊടുത്തത്.
അവകാശങ്ങളും കടമകളും തീർത്ത് താനെന്ന ഭാരം ഇറക്കി വക്കുമ്പോൾ ഒരിക്കലെങ്കിലും തൻ്റെ മോഹങ്ങളെയോ ആഗ്രഹങ്ങളെയോ പറ്റിയവർ ചോദിച്ചിരുന്നോ?
എത്രയോ തവണ താൻ കരഞ്ഞു പറഞ്ഞതാണ്, തനിക്ക് പഠിക്കണം നല്ല ജോലി വാങ്ങണം, അത് കഴിഞ്ഞ് വിവാഹം മതിയെന്നൊക്കെ,,,ആര് കേൾക്കാൻ?
“വിവാഹം കഴിഞ്ഞാലും നിനക്ക് പഠിക്കല്ലോ”എന്ന ക്ലീഷെമൊഴിയിൽ അവരത് ഒതുക്കിയപ്പോൾ നഷ്ടപ്പെട്ടത് മുഴുവൻ തൻ്റെ സ്വപ്നങ്ങളായിരുന്നല്ലോ.
“പെൺകുട്ടികളെയൊന്നും അധികകാലം വീട്ടിൽ നിർത്താൻ പാടില്ലെ” അല്ലെങ്കിൽ
“പെൺകുട്ടിയല്ലെ, ഈ പഠിപ്പൊക്കെ മതി!”
എന്നുള്ള പരമ്പരാഗത വർത്തമാനങ്ങൾക്ക് താഴെക്കിട അമ്മായി മുതൽ തലമൂത്ത കാരണവന്മാർ വരെ തീർപ്പ് വിധിച്ചപ്പോൾ, മറ്റൊരുത്തനു മുന്നിൽ തലകുനിക്കുകയല്ലാതെ വേറെയൊരു മാർഗം തൻ്റെ മുന്നിലില്ലായിരുന്നു.
താൻ പെണ്ണായി ജനിച്ചത് കൊണ്ടാണോ ഇവർക്കൊക്കെ ഭരമായത്? തൻ്റെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത്? പെണ്ണിനെ കെട്ടിച്ചയച്ചാൽ മാത്രം അവളോടുള്ള കടമകൾ കഴിയുന്നു എന്നാണോ ഇവരുടെയൊക്കെ വിചാരം.
എന്നിരുന്നാലും അച്ഛൻ്റെയും അമ്മയുടെയും മുഖത്തെ സന്തോഷം കണ്ടപ്പോൾ ഒടുവിൽ താനും വഴങ്ങി കൊടുക്കുവായിരുന്നു.
മനസ്സില്ലാമനസ്സോടെയാണെങ്കിലും,
വിവാഹം കഴിഞ്ഞാലും തുടർന്ന് പഠിക്കാല്ലോ എന്ന ആശയിലായിരുന്നു താൻ.
ഭർത്താവിൻ്റെ ഭാഗത്ത് നിന്ന് അതിനു സമ്മതം കൂടെ കിട്ടിയപ്പോൾ പിന്നെ ഒന്നും ഓർത്തില്ല.
വിവാഹ പന്തലിൽ വച്ച് തൻ്റ കഴുത്തിൽ താലി ചാർത്തുമ്പോളും തൻ്റെ കണ്ണുകൾ നിറഞ്ഞത്, ആരും കാണാതെ തുടച്ചു കളഞ്ഞത്, ചിറകറ്റ ജീവിതത്തിൻ്റെ തുടക്കം കുറിച്ചതായിരുന്നോ?
ഭർത്താവിൻ്റെ വീട്ടിൽ ആദ്യമാദ്യമൊക്കെ
തൻ്റെ പഠിപ്പിൻ്റെ കാര്യത്തിൽ മറുത്തൊന്നും പറഞ്ഞില്ലെങ്കിലും, പോകപോകേ അവരുടെ മട്ടും സ്വഭാവവുമോക്കെ മാറി.
അതിൻ്റെ പേരിൽ നിരന്തരം തനിക്ക് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പഴും അത് തുടർന്നു പോകുന്നു.
“നിനക്ക് ജീവിക്കാൻ ഉള്ളത് അവൻ സമ്പാദിക്കുന്നില്ലെ” എന്ന ചോദ്യമാണ് ഭർതൃവീട്ടിൽ നേരിടേണ്ടി വന്നത്. വീട്ടിൽ ഇതിനെപ്പറ്റി അറിയിച്ചപ്പോൾ ”
ഭർത്താവിൻ്റെ വീടാണ് ഇനി മുതൽ നിൻ്റെയും വീട്, അത് കൊണ്ട് അവരു പറയുന്നത് കേട്ട് ജീവിക്കുന്നതാണ് നിനക്ക് നല്ലത് ” എന്ന് പറഞ്ഞ് കയ്യോഴിയുമ്പോൾ താൻ കരഞ്ഞ് തീർത്ത രാത്രികളെ പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
അന്ന് പഠിപ്പ് നിറുത്താൻ അവരെല്ലാവരും പറഞ്ഞപ്പോൾ താൻ അതിനു സമ്മതിച്ചിരുന്നില്ല. അതിൻ്റെ പേരിൽ താൻ തിന്ന വേദനയ്ക്ക് കയ്യും കണക്കുമില്ല.
ആ ത്മ ഹത്യക്ക് വരെ ചിന്തിച്ചു പോയ ദിനരാത്രങ്ങൾ.പിന്നെ ലിനീഷ് സാറിൻ്റെ ഒറ്റ ശുപാർശയിലാണ് തൻ്റെ പഠനം മുന്നോട്ട് പോയത്. തൻ്റെ കോളജിലെ തന്നെ പ്രൊഫസർ ആയിരുന്നു ലിനീഷ് സാർ.
കൂടാതെ ഭർത്താവിൻ്റെ അച്ഛൻ്റെ ഒരേഒരു സുഹൃത്തിൻ്റെ മകൻ! അത് കൊണ്ട് അദ്ദേഹത്തിൻ്റെ വാക്കുകൾ തള്ളിക്കളയാൻ അവർക്ക് സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പൊ അതല്ല അവസ്ഥ, ചിലപ്പോ സാറിന് ഈ കാര്യത്തിൽ നിസ്സഹായനായി നിക്കാനേ കഴിയുള്ളു.
ലിനീഷ് സാറിൻ്റെ ശുപാർശയിൽ പഠിക്കാൻ വിട്ടിരുന്നെങ്കിലും തൻ്റെ ഭർത്താവിനോ അദ്ദേഹത്തിൻ്റെ വീട്ടുകാർക്കോ യാതൊരു താൽപര്യവുമില്ലായിരുന്നു.
സ്കോളർഷിപ് ഉണ്ടായിരുന്നത് കൊണ്ട് ഫീസിൻ്റെ കാര്യത്തിൽ ആശങ്കയില്ലായിരുന്നു. എന്നാൽ പഠനം നിർത്തിയാലോയെന്ന ചിന്ത തനിക്ക് തന്നെ ചില സമയങ്ങളിൽ തോന്നി തുടങ്ങി.
സമപ്രായക്കാരായ കുട്ടികൾക്കിടയിൽ വിവാഹിതയായ ഒരാൾ ഇരിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ പരിധിക്കപ്പുറം താൻ അനുഭവിച്ചിട്ടുണ്ട്. ചില ആണുങ്ങളുടെ തുറിച്ചുള്ള നോട്ടവും, പെണ്ണുങ്ങൾക്ക് അറിയേണ്ട കിടപ്പറ വിശേഷവും പല പ്രാവശ്യം തന്നെ അലോസരപ്പെടുത്തിയിട്ടുണ്ട്.
പഠിപ്പിക്കുന്ന അധ്യാപകന്മാരുടെ ഭാഗത്തും നിന്നുകൂടി ചികഞ്ഞുള്ള ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ താൻ ആകെ തളർന്നു പോയി.
അപ്പോഴും കൂടെ നിന്നു തനിക്ക് ധൈര്യം പകർന്നത് മീര ഒരാള് മാത്രമായിരുന്നു. കോളജ് കഴിഞ്ഞ് വീട്ടിൽ ചെന്നാലും അടുക്കളമുറി തനിക്ക് വേണ്ടി തുറന്നിടുമായിരുന്നു ഭർത്താവിൻ്റെ അമ്മ. ഇതിനിടയിൽ പഠിക്കാനുള്ള സമയം കിട്ടാതെയായി.
ഭർത്താവിനോട് ഈ കാര്യം പറഞ്ഞാൽ തന്നോട് പഠിത്തം നിർത്താനാണ് ആവശ്യപ്പെടുന്നത്. എല്ലാം ക്ഷമിച്ചും സഹിച്ചും ഒരുതരത്തിൽ ഒതുങ്ങി കൂടുകയായിരുന്നു താൻ. എന്നാൽ ഇനി തനിക്ക് രക്ഷയില്ല. എല്ലാം തൻ്റെ കയ്യ് വിട്ട് പോയിരിക്കുന്നു.
ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.” എടൊ, എന്താ നിനക്ക് പറ്റിയത്? നീ ഇതിൽ ഹാപ്പി അല്ലെ…”
ഗായു ശൂന്യമായ കണ്ണുകളോടെ മീരയെ നോക്കി. ആർക്ക് മനസിലാക്കാൻ കഴിയില്ലെങ്കിലും മീരയ്ക്ക് തന്നെ മനസ്സിലാവും.
“മീരാ, നിനക്ക് അറിയാല്ലോ എൻ്റെ കാര്യങ്ങൾ, എത്ര കഷ്ടപ്പെട്ടിട്ടാണ് ഞാൻ പഠിക്കാൻ തന്നെ വരുന്നതെന്ന്… ഞാൻ ഗർഭിണി കൂടെ ആയ സ്ഥിതിക്ക് ഉറപ്പായും എന്നെ ഇനി പഠിക്കാൻ വിടില്ല.
അത് മാത്രവുമല്ല, ഈ വയറും വച്ച് ഞാൻ എങ്ങനെയാ ഇവിടേക്ക് വരുക. ഞാൻ എങ്ങനെ ക്ലാസിൽ ഇരിക്കും? എന്നിലേക്ക് പതിയുന്ന പരിഹാസ നോട്ടങ്ങൾ ഞാനെങ്ങനെ നേരിടും, നീ പറ….”
അവളുടെ വാക്കുകൾ ഇടറി, മീര ഒന്നും പറയാതെ അവളെ തന്നെ നോക്കി നിന്നു. അവളുടെ നിസ്സഹായത ഓർത്തപ്പോൾ മീരയ്ക്ക് നന്നേ വിഷമം തോന്നി.
” ഈ വിവരം നിൻ്റെ വീട്ടുകാർ അറിഞ്ഞോ?”” ഉം”” അവരെന്ത് പറഞ്ഞു”” പഠിപ്പ് നിർത്താൻ,..”
” ഗായു നീ വിഷമിക്കാതെ, നീ നിൻ്റെ ഹസ്ബൻ്റുമായി ഒന്ന് സംസാരിക്ക്, നിൻ്റെ അവസ്ഥ പുള്ളിക്കാരനോടൊന്ന് പറഞ്ഞു നോക്ക്, ഇനി ഒരു വർഷം കൂടെ അല്ലേ ഉള്ളൂ കോഴ്സ് പൂർത്തിയാകാൻ”
” ഇല്ല മീരാ, അതൊന്നും നടക്കില്ല ഞാൻ എത്രയോ വട്ടം പറഞ്ഞതാണ് “ഗായത്രി കണ്ണീരോടെ പറഞ്ഞു.
പെട്ടന്ന് അവളുടെ ഫോൺ റിംഗ് ചെയ്തു. അവളുടെ ഭർത്താവ് രാജീവ് ആണ്.” ഹലോ രാജീവെട്ടാ “” നിനക്ക് ക്ലാസ്സ് കഴിഞ്ഞില്ലേ ”
” ഓ ഏട്ടാ കഴിഞ്ഞു “” പിന്നെ നീ എവിടെ പോയി ചത്ത് കിടക്കുവാണെടീ…”” ഏട്ടാ ഞാൻ….”
“നിന്നെ പഠിക്കാൻ വിടുന്നതും പോര, ഇനി നിൻ്റെ അഴിഞ്ഞാട്ടം കൂടി കാണണോ ഞങ്ങൾ”
” ഏട്ടാ എന്തിനാ ഇങ്ങനെയൊക്കെ പറയുന്നെ, ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ…” സങ്കടം സഹിക്ക വയ്യാതെ ഗായത്രി ചോദിച്ചു.
” ഓ അവളുടെ ഒരു പൂങ്കണ്ണീർ… ഉം വേഗം വീട്ടിലേക്ക് ചെല്ല്, അമ്മ വിളിച്ചിരുന്നു നിന്നേ അന്വേക്ഷിച്ച്…കോളജിൽ ഉണ്ടാക്കാൻ പോകുമ്പോ വീട്ടിൽ അടുപ്പ് പുകയണമെന്നുള്ള കാര്യവും കൂടെ ഓർക്കണം”
രാജീവ് ഫോൺ കട്ടാക്കി. ഗായത്രിക്ക് അത് താങ്ങാൻ കഴിഞ്ഞില്ല. അവൾ പൊട്ടിക്കരയാൻ തുടങ്ങി. മീര ഒന്നും മനസ്സിലാവാതെ മിഴിച്ചു നിന്നു.
” എന്താ ഗായു, എന്താ പ്രശ്നം “”ഗായു നീ കരച്ചിലൊന്ന് നിർത്ത്. എന്താ പറ്റിയേ…?”ഗായത്രി കരച്ചിൽ തുടർന്നു. താൻ ഗർഭിണിയായ നിമിഷത്തെ ഒരു നിമിഷം അവൾ ശപിച്ചു. പെട്ടന്ന് തന്നെ അവൾ മീരയോട് ഒന്നും തന്നെ പറയാതെ അവിടെ നിന്നും എഴുന്നേറ്റു പോയി.
” ഗായു.. ഗായൂ അവിടെ നിക്ക്, ഗായു അവിടെ നിക്കാനാ പറഞ്ഞത് “പുറകിൽ നിന്ന് മീര വിളിച്ചെങ്കിലും അവൾ അത് കേൾക്കാതെ നടന്നു നീങ്ങി. അവളുടെ മനസ്സ് നീറുകയായിരുന്നു.
ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ ഗായത്രിയുടെ മനസ്സ് പുകയുന്നുണ്ടായിരുന്നു.
തനിക്ക് ഇനിയും പഠിക്കണം, അതിനു തൻ്റെ വയറ്റിലെ കുഞ്ഞൊരു തടസ്സമാവുമോ?
തൻ്റെ ഇത്രെയും കാലത്തെ സ്വപ്നം..
തൻ്റെ ജീവിതം. എല്ലാം നശിക്കാൻ പോകുവാണ്.
ഗേറ്റ് തുറന്ന് അവൾ അകത്തേക്ക് കയറി. ലീലാവതി ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു.
” ഓ, ഐ എ എസ് ഉദ്യോഗസ്ഥ വന്നോ,,, എവിടെയായിരുന്നാവോ ഇത്രേം നേരം..”” അത് പിന്നെ അമ്മേ…ഞാൻ”
” ഛീ നിർത്തെടി അസത്തെ, ഇനി മേലാൽ പഠിക്കണം എന്ന് പറഞ്ഞു നീ ഇവിടെ നിന്ന് ഇറങ്ങിയാൽ ഉണ്ടല്ലോ….
നിൻ്റെ വയറ്റിൽ വളരുന്നതെ എൻ്റെ മകൻ്റെ കുഞ്ഞാ,,,അത് കൊണ്ട് അടങ്ങി ഒതുങ്ങി ഇവിടെ ഇരുന്നോണം പറഞ്ഞേക്കാം.
ഒന്നാതെ ആളുകൾ ഇപ്പൊ തന്നെ അതുമിതും പറഞ്ഞു തുടങ്ങി. ഇനി ഈ വയറും കൂടെ തൂക്കി പഠിക്കാൻ പോണെന്നും കൂടെ അറിഞ്ഞാൽ..
ശ്ശൊ മാനക്കേട്….”
” അമ്മേ,, അത്…. ഞാനൊന്നു…..”അവൾക്ക് പൊട്ടിക്കരയാൻ തോന്നി. പെയ്തിറങ്ങിയ മഴയെ പിടിച്ച് നിർത്താൻ അവൾക്ക് സാധിച്ചില്ല, അത് ചാലുകളായി അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി
” എന്താഡീ നോക്കി നിൽക്കുന്നത് , അകത്ത് നൂറ് കൂട്ടം പണി ഒള്ളതാണ് , നീ ഇവിടെ കിടന്ന് മോങ്ങിയാലെ പണിയൊക്കെ നിൻ്റെ തള്ള വന്ന് ചെയ്യോ.. ഇല്ലലോ, അതുകൊണ്ട് മോൾ അകത്തോട്ടു ചെന്നാട്ടെ”
” പിന്നെയൊരു കാര്യം, ഗർഭിണിയാണെന്ന് കരുതി അതാണ് ഇതാണ് എന്ന് പറഞ്ഞ് ജോലി ചെയ്യാതെ വല്ലോമിരുന്നാൽ….എൻ്റെ വിധം മാറും, പറഞ്ഞേക്കാം…”
അവർ ക്രൂരമായ ഭാഷയിൽ ഗായത്രിയെ നോക്കി പറഞ്ഞു. മുഖം പൊത്തി കൊണ്ട് ഗായത്രി അടുക്കളയിലോട്ട് ഓടി…അവൾക്ക് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. തൻ്റെ വിധിയെ ഓർത്ത് മനംനൊന്തവൾ വിതുമ്പി.
അടുക്കളയിലെ ജോലിയൊക്കെ കഴിഞ്ഞപ്പോൾ ഗായത്രി റൂമിലേക്ക് ചെന്നു. രാജീവ് കട്ടിലിൽ ഇരിപ്പുണ്ട്. അവൾ വേച്ച് വേച്ച് അവൻ്റെയടുത്തേക്ക് നടന്നു.
“രാജീവേട്ടാ….””ഉം…”” ഏട്ടാ..എനിക്ക് പഠിക്കണം ഏട്ടാ, അരുതെന്ന് പറയല്ലേ ഏട്ടാ, ഒരു വർഷം കൂടി കഴിഞ്ഞാൽ എൻ്റെ പഠനം പൂർത്തിയാവും…അത് വരെ ഞാൻ….”
രാജീവ് പെട്ടന്ന് അവളെ ഒന്ന് നോക്കി. അയാളുടെ മുഖം ഗൗരവമേറിയിരുന്നു. പെട്ടന്ന് മുഖത്തെ ഗൗരവം പുച്ഛമായി മാറി. അയാൾ അവിടെ നിന്ന് എഴുന്നേറ്റ് ഗായത്രിയുടെ മുന്നിലെത്തി. അവളുടെ രണ്ടു തോളിലും കയ്യ് വച്ച് കൊണ്ട് പറഞ്ഞു.
” നോക്ക്, ഇതുവരെയുള്ളത് പോട്ടെ, എന്നാൽ ഇപ്പൊ നീ ഗർഭിണിയാണ്, എൻ്റെ കുഞ്ഞിൻ്റെ അമ്മയാകാൻ ഉള്ളവൾ, നീ പഠിക്കാനെന്ന് പറഞ്ഞ് പോയാൽ അത് നിൻ്റെ ആരോഗ്യത്തെ ബാധിക്കും.
ഇനിയിപ്പോ പഠിച്ചിട്ട് തന്നെ എന്തെടുക്കാനാ, നിനക്കും നമ്മുടെ വരാനുള്ള കുഞ്ഞിനുമുള്ളത് ഞാനുണ്ടാക്കുന്നുണ്ട്.
അത് പോരെ? അത് കൊണ്ട് നീ അത് മറന്നേക്ക്….വെറുതെ നാട്ടുകാരെ കൊണ്ട് അതുമിതും പറയിപ്പിക്കാൻ ”
” ഇല്ലേട്ടാ, എനിക്ക് പഠിക്കണം, എനിക്ക് പഠിക്കണം എട്ടാ… പ്ലീസ് ഏട്ടാ, ഞാൻ കാലു പിടിക്കാം, എനിക്ക് പഠിക്കണം…..”
ഇതും പറഞ്ഞ് ഗായത്രി രാജീവിൻ്റെ കാലുകളിൽ വീണു പൊട്ടിക്കരയാൻ തുടങ്ങി. അയാൾ പെട്ടന്ന് തന്നെ കാലുകൾ പുറകോട്ട് വലിച്ചു.
” ഛെ, നാശം നിനക്ക് പറഞ്ഞാലും മനസ്സിലാവില്ലേ..,നീ ഇവിടെ നിന്ന് ഒരിടത്തും പോവുന്നില്ല, എൻ്റ വാക്ക് ധിക്കരിക്കാനാണ് ഉദ്ദേശമെങ്കിൽ..ങാ ”
അയാൾ അരിശത്തോടെ ഇതും പറഞ്ഞ് കട്ടിലിൽ കയറി കിടന്നു. ഗായത്രി അപ്പോഴും തറയിലിരുന്ന് പൊട്ടിക്കരയുവായിരുന്നു.
കൊറച്ചു കഴിഞ്ഞപ്പോൾ അവൾ കരച്ചിൽ നിറുത്തി. എന്തോ ഒരു ചിന്ത പെട്ടന്നവളുടെ ഉള്ളിൽ ബലം നൽകുന്നത് പോലെ അവൾക്ക് തോന്നി. കട്ടിലിൽ തീരിഞ്ഞ് കിടക്കുന്ന തൻ്റെ ഭർത്താവിൻ്റെ നേർക്കവൾ നോക്കി.
ആ നിമിഷം അവളുടെ മനസ്സിലൂടെ ചില തീരുമാനങ്ങൾ കടന്ന് പോയി. ഇല്ല തോൽക്കാൻ പാടില്ല! തനിക്ക് ജയിക്കണം. അവളുടെ കണ്ണുകൾ എന്തോ ഉറപ്പിച്ചിരുന്നു.
തൽക്കാലം നേരം പുലരട്ടെ!
” രാജീവാ…മോനെ രാജീവാ, എടി ഗായത്രി…”വാതിലിൽ ആഞ്ഞുള്ള മുട്ട് കേട്ടാണ് രാജീവ് കണ്ണ് തുറന്നത്. ലീലാവതി ആയിരുന്നു അത്.
” എടാ എന്തൊരു ഉറക്കമാണിത്, സമയം 8 കഴിഞ്ഞു, അല്ല! നിൻ്റെ കേട്ടിയോൾക്ക് പള്ളിയുറക്കം കഴിയാറായില്ലേ ഇനിയും? വിളിച്ചുണർത്തെടാ അവളെ, രാവിലെ അടുക്കളയിൽ കേറേണ്ടവളാണ് മൂടിപുതച്ച് കിടക്കുന്നത്.
രാജീവ് കട്ടിലിലേക്ക് നോക്കി, ഗായത്രി അപ്പോഴും മൂടിപുതച്ചു നല്ല ഉറക്കത്തിലാണ്.
” ഓ, വയറ്റിലുണ്ടായിട്ട് രണ്ട് മാസമായതെയുള്ളു, അപ്പഴെക്കും അവൾക്കങ്ങ് ക്ഷീണമായോ? ഞാനൊക്കെ മൂന്നു പെറ്റതാ, ആ എൻ്റെയടുത്താണോ അവളുടെ അടവ്? നോക്കിനിൽക്കാതെ വിളിച്ചുണർത്തെടാ അവളെ…”
അവർ രാജീവിനെ നോക്കി അലറി. അയാൾ കട്ടിലിനരികിലേക്ക് ചെന്നു. ഗായത്രിയുടെ തലയിൽ നിന്ന് പുതപ്പ് മാറ്റി. ഒരു നിമിഷം അവർ രണ്ട് പേരും സ്തംഭിച്ചു പോയി. അവിടെ ഗായത്രി ഇല്ലായിരുന്നു, വെറും തലയണ മാത്രം.
രണ്ട് പേരും ഒന്നും മനസ്സിലാവാതെ മുഖത്തോട് മുഖം നോക്കി നിന്നു. അതിനു ശേഷം വീട് മുഴുവൻ അവളെ അന്വേഷിക്കാൻ തുടങ്ങി.
ഇതേ സമയം ഗായത്രി മീരയോടൊപ്പം കോളജിൽ എത്തിയിരുന്നു. അവളുടെ കയ്യിൽ വലിയൊരു ബാഗും ഉണ്ടായിരുന്നു. അവൾ നടന്നതൊക്കെ മീരയോട് വിശദീകരിച്ചു.
” എന്തൊക്കെയാ ഗായു നീ പറയുന്നത്?
നീ വീട് വിട്ട് ഇറങ്ങിയെന്നോ? നിനക്കെന്താ പ്രാന്താണോ? ഭർത്താവിനോടും വീടുകാരോടുമുള്ള വാശി ഇങ്ങനെയാണോ തീർക്ക?
” എനിക്കറിയില്ല മീര, എൻ്റെ മുന്നിൽ വേറെയൊരു മാർഗവും ഇല്ലായിരുന്നു, ഞാൻ തീരുമാനിച്ചുറപ്പിച്ചിട്ടു തന്നെയാ ഇറങ്ങി പോന്നത്”
ഗായത്രിയുടെ കണ്ണുകളിൽ അത് പറയുമ്പോൾ വല്ലാത്തൊരു തീക്ഷണത അനുഭവപെട്ടു.
“എന്നാലും മോളെ, നിൻ്റെ ഇനിയുള്ള ജീവിതം എന്താവുമെന്നതിനെ പറ്റി നീ ചിന്തിച്ചോ? നിൻ്റെ വയറ്റിലെ കുഞ്ഞിനെ പറ്റി നീ ചിന്തിച്ചോ? നീ എങ്ങനെ ജീവിക്കും? ”
” എൻ്റെ ആവശ്യങ്ങൾക്ക് വേണ്ടി അച്ഛൻ കൊറച്ച് പൈസ എൻ്റെ അക്കൗണ്ടിൽ ഇട്ടിട്ടുണ്ടയിരുന്നു. തൽക്കാലം പഠിത്തം കഴിയുന്നത് വരെയും അത് വച്ച് അഡ്ജസ്റ്റ് ചെയ്യാം,
അത് കഴിഞ്ഞ് ഒരു ജോലി കിട്ടുമ്പോഴെക്കും എല്ലാം ശെരിയാവും. ഇപ്പൊ താമസിക്കാൻ ഒരു മുറി സംഘടിപ്പിക്കണം. ബാക്കിയെല്ലാം വരുന്നിടത്ത് വച്ച് കാണാം…”” എന്നാലും ഗായു, ഞാൻ പറയുന്നത്….”
പെട്ടന്ന് ഗായത്രിയുടെ ഫോൺ ബെല്ലടിച്ചു. അവൾ നോക്കി. പ്രതീക്ഷിച്ചത് പോലെ തന്നെ. രാജീവേട്ടനാണ്… അവൾ തെല്ലൊന്ന് ആലോചിച്ചിട്ട് ഒട്ടും ഭയപ്പെടാതെ തന്നെ ഫോൺ എടുത്തു.
” എടീ പന്ന മോളെ, നീ എവിടെ പോയി കിടക്കുവാടീ…നിന്നോട് ഈ വീട് വിട്ട് പുറത്ത് പോവല്ലെന്ന് പറഞ്ഞതല്ലേ, എവിടാഡീ നീ…?”
അയാൾ അലറി.
ഗായത്രി പതറിയില്ല. അവൾ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങി.”രാജീവെട്ടാ, എനിക്ക് മതിയായി ഇനിയും ക്ഷമിക്കാൻ എന്നെ കൊണ്ട് വയ്യ, സഹിക്കാവുന്നതിൻ്റേ ഒരുപാട് ഞാൻ സഹിച്ചു, ക്ഷമിച്ചു, പക്ഷേ ഒരിക്കെ പോലും എന്നെ മാസ്സിലാക്കാനോ കേൾക്കാനോ നിങ്ങൾ ശ്രമിച്ചിട്ടില്ല. എനിക്ക് മടുത്തു, ഇനി വയ്യ.
കേവലം നിങ്ങളുടെ കുഞ്ഞിൻ്റെ അമ്മയായി അവിടുത്തെ അടുക്കളയിൽ ഒതുങ്ങി കൂടി ജീവിക്കാൻ എനിക്കിനി മനസ്സില്ല.
ഇത് എൻ്റെയും കൂടെ ലോകമാണ്, എനിക് സ്വപനങ്ങളുണ്ട്, ആഗ്രഹങ്ങളുണ്ട്, എനിക്ക് അത് നേടണം.
ലക്ഷ്യത്തിൽ എത്തണം, അതിനു എനിക് പഠിക്കുക തന്നെ വേണം. ഇനിയും ഞാൻ പഠിക്കും. എൻ്റെ സ്വപ്നങ്ങൾക്ക് ചിറക് വയ്ക്കുന്നതിനു തടസ്സമായി നിൽക്കുന്നത് നിങ്ങളും നിങ്ങളുടെ വീട്ടുകാരുമാണ്.
അതുകൊണ്ട് ആ വീട്ടിലേക്ക് ഇനി ഞാനില്ല, എന്ന് നിങ്ങളുടെ മനസ്സ് മാറുമോ അന്ന് നിങ്ങൾക്കെന്നെ കൂട്ടിക്കൊണ്ട് പോവാം…”
എവിടെ നിന്നോ ഊർജിതമായൊരു ധൈര്യം അവളിൽ വന്ന് നിറഞ്ഞു. അവളുടെ കണ്ണുകളുടെ തീക്ഷണത കൂടി കൂടി വന്നു. അവളുടെ ഉറച്ച വാക്കുകളിൽ അവളുടെ തീരുമാനം വ്യക്തമായിരുന്നു. ഒരു നിമിഷം പോലും പതർച്ചയില്ലാതെ അവളത് പറയുമ്പോൾ മീര അൽഭുതത്തോടെ അവളെ നോക്കി.
” ഭേഷ്!! കൊള്ളാം! നീ ആള് കൊള്ളാല്ലോഡി, സ്വയം തീരുമാനങ്ങളോക്കെ എടുക്കാറായോ നീ.. അല്ല എങ്ങനെ ജീവിക്കാനാണ് നിൻ്റെ ഉദ്ദേശം, എവിടെ ചെന്ന് തല ചായ്ക്കും? വിശന്നാൽ വയറ്റിലോട്ട് എന്തെങ്കിലും പൊണ്ടെ?
അതിനു എൻ്റെ മോൾ എന്ത് ചെയ്യും? നടുറോട്ടിൽ ചെന്ന് പിച്ചയെടുക്കാനാണ് നിൻ്റെ വിധി”
“പിന്നെയൊരു കാര്യം നിൻറെയുള്ളിലുള്ളത് എൻ്റെ കുഞ്ഞാണ്, മര്യാദയ്ക്ക് ഇങ്ങോട്ട് വരുന്നതാണ് നിനക്ക് നല്ലത്”
” ഇല്ല ഏട്ടാ, എൻ്റെ തീരുമാനത്തിൽ ഇനിയൊരു മാറ്റമില്ല, ഞാൻ ഉറപ്പിച്ചു കഴിഞ്ഞു”
” ഓഹോ,…അങ്ങനെയാണോ? എങ്കിൽ പോടി, പോയി തുലയെടി നീ, വയറ്റിലോരു കുഞ്ഞിനേം ചുമന്ന് നീ പഠിക്കാൻ പോകുന്നത് എനിക്കൊന്നു കാണണം,,,അവസാനം ഒരു ഗതിയുമില്ലാതെ നീ എൻ്റെ മുന്നിലേക്ക് തന്നെ വരുമെടി, നീ കുറിച്ചിട്ടോ…”
അയാൾ പ്രാന്തനെ പോലെ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഗായത്രിയുടെ കണ്ണുകൾ ചുമന്നു. അവൾ കോപം കൊണ്ട് ജ്വലിച്ചു. അവളുടെ കണ്ണിലെ തീ ആളിക്കത്തി.
” താൻ പറയുന്നുണ്ടല്ലോ തൻ്റ കുഞ്ഞ്, തൻ്റെ കുഞ്ഞെന്ന്,,, താൻ മലർന്ന് കിടന്ന് ആകാശത്തേക്ക് നോക്കിയപ്പോൾ ഉണ്ടായതല്ലല്ലോ അത്….ഞാനും കൂടെ സഹകരിച്ചിട്ടല്ലെ…
അതുകൊണ്ട് അതിൻ്റെ മേൽ ഉത്തരവാദിത്തം അമ്മയെന്ന നിലയിൽ എനിക്കുമുണ്ട്. പിന്നെ ഒരു കാര്യം, എൻ്റെ ജീവിതത്തിന് തടസമായി അത് നിക്കുന്നെന്ന് തോന്നിയാൽ അതങ്ങ് ഇല്ലതായിക്കോട്ടെ എന്ന് ഞാൻ കരുതും….”
അവൾ ഫോൺ കട്ടാക്കി. എടുത്തടിച്ചത് പോലെ ഗായത്രി അത് പറഞ്ഞപ്പോൾ മീര ശെരിക്കും ഞെട്ടിയിരുന്നു.
“ഗായത്രി!!! നീ എന്തൊക്കെയാണീ
വിളിച്ചുകൂവുന്നത്, പറയുന്നതിനെ പറ്റി വല്ല ബോധമുണ്ടോ നിനക്ക്??”
മീരയുടെ വാക്കുകളാണ് ഗായത്രിയിൽ സ്വബോധമുണർത്തിയത്. എന്തോ ഓർത്ത് പെട്ടന്നവളുടെ കണ്ണുകൾ നിറഞ്ഞു. താൻ എന്തൊക്കെയാണീ വിളിച്ചുകൂവിയത്…. ഈശ്വരാ!, അവൾ രണ്ട് കയ്യും കൊണ്ട് നെറ്റി തിരുമ്മി.
“മീര, ഞാൻ… അത്പിന്നെ””ദേ, നോക്ക് ഗായു..നീ ആകെഡിസ്റ്റർബ്ഡാണ്, തൽക്കാലം മനസ്സൊന്നു ശാന്തമാക്ക് നീ, ഒന്നിനെ കുറിച്ചും ഇപ്പൊ ചിന്തിക്കേണ്ട, വാ നമുക്ക് ക്ലാസിലേക്ക് പോകാം…”
ഇതും പറഞ്ഞ് മീര അവളെയും കൂട്ടി
ക്ലാസിലേക്ക് നടന്നു. എന്നാൽ ഗായത്രിയുടെ മനസ് അടപടലം ഇളകിയിരുന്നു. പഠിപ്പിക്കുന്നതിൽ ശ്രദ്ധപുലർത്താൻ പോലും അവൾ നന്നേ പാട്പെട്ടു.
വൈകിട്ട് ക്ലാസ്സ് കഴിഞ്ഞ് എല്ലാവരും പുറത്തിറങ്ങിയപ്പോൾ ഗായത്രി മീരയുടെ
അടുത്തേക്ക് ചെന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.”മീരാ….””എന്താ ഗായു….”
“മീരാ…നിനക്ക് തോന്നുന്നുണ്ടോ ഞാനെൻ്റെ കുഞ്ഞിനെ നശിപ്പിക്കുമെന്ന്? അത്രയ്ക്കും
ക്രൂരമാവാൻ പറ്റുമോഡോ എനിക്?
പിന്നെ അപ്പോഴത്തെ ദേഷ്യത്തിൽ….
ഞാൻ….അതുപിന്നെ….
അറിയാതെ…….”
വാക്കുകൾ മുഴുമിപ്പിക്കാനാവാതെ അവൾ മീരയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയാൻ തുടങ്ങി. മീര ഗായത്രിയുടെ പുറകിൽ
തടവിക്കൊണ്ട് അവളെ ആശ്വസിപ്പിച്ചു.
“എനിക്കറിയാടോ, എല്ലാം….തന്നെ
എനിക്കറിയില്ലേ “”അയ്യേ…നീ എന്തിനാ ഇങ്ങനെ കരയുന്നത്? നീ കരച്ചിൽ നിറുത്ത് എൻ്റെ മോളെ…. വയറ്റിൽ കിടന്ന് നിൻ്റെ കുഞ്ഞ് ഇതെല്ലാം കാണുന്നുണ്ട് എന്നു കൂടെ
ഓർമ വേണം….” ഒരു കള്ളച്ചിരിയോടെ മീര പറഞ്ഞു.”പോടി അവിടെന്ന്…” ഗായത്രിയും അല്പം കുസൃതിയോടെ അവളെ നോക്കി.
“അല്ല, അതൊക്കെ പോട്ടെ? എന്താ എൻ്റെ മോളുടെ അടുത്ത പ്ലാൻ…?””അത് പിന്നെ….താമസിക്കാൻ തൽക്കാലംഒരു സ്ഥലം കണ്ട് പിടിക്കണം… അല്ല മീര, ഞാനിപ്പോ എവിടെ പോയാ…..”
“അതൊക്കെ വാശി കാണിച്ച് വീട്ടീന്ന്
ഇറങ്ങി വരുമ്പോൾ
ആലോചിക്കണമായിരുന്നു…..” ഗായത്രി ഒന്നും മിണ്ടിയില്ല.
“തൽക്കാലം, നീ എൻ്റെ വീട്ടിലേക്ക് വാ,
നമുക്ക് അവിടെ കൂടാടോ….””അല്ല മീര…അത് പിന്നെ, വേണ്ട മീരാ…”
“ഹലോ….എന്ന് മുതൽ തുടങ്ങി ഈ
ഫോർമാലിറ്റിയൊക്കെ…. ങ്ഹ്??
നീ ആദ്യമായിട്ടോന്നുമല്ലല്ലോ എൻ്റെ വീട്ടിൽ വരുന്നത്….അത് നിൻ്റെം കൂടെ വീട് തന്നെയാണ്, വാ പോവാം,,”
മീര അവളെയും കൂട്ടി അവളുടെ സ്കൂട്ട്ടറിൻ്റെ അരികിൽ എത്തി.”ഉം, കേറ്..”
വണ്ടി സ്റ്റാർട്ട് ചെയ്ത് കൊണ്ട് മീര പറഞ്ഞു. ഗായത്രി അനുസരണയോടെ പിറകിൽ കയറിയിരുന്നു. മീരയ്ക്കെങ്കിലും തന്നെ മനസ്സിലാവുന്നുണ്ടല്ലോ, അവളുടെ
സ്നേഹം…. വിശ്വാസം, ഒരു പക്ഷെ മീര തൻ്റെ ജീവിതത്തിൽ
ഇല്ലായിരുന്നുവെങ്കിൽ….?
ഒരു നെടുവീർപ്പിട്ടു കൊണ്ട് അവൾ
മീരയോട് ചേർന്നിരുന്നു. മീരയോടൊപ്പം ഗായത്രിയെ കൂടെ കണ്ടപ്പോൾ, മീരയുടെ അമ്മ സന്തോഷത്തോടെ പുറത്തേക്കിറങ്ങി വന്നു.
“അല്ല ഇതാര് ഗായത്രി മോളോ… എത്ര നാളായി ഇങ്ങോട്ടോക്കെ വന്നിട്ട്,
ഇങ്ങോട്ടുള്ള വഴിയൊക്കെ മറന്നോ നീയ്….”
ഗായത്രി അവരുടെ അടുത്തേക്ക് ചെന്നു.
ശെരിയാണ്, കല്യാണം കഴിഞ്ഞതിനു
ശേഷം പിന്നെ ഈ വഴി വന്നിട്ടില്ല.
വരാനുള്ള അവസരം കിട്ടിയിട്ടില്ല എന്നതാണ് വാസ്തവം.
“മീര എന്നോട് എല്ലാം പറഞ്ഞു മോളെ…നിന്നേ പറ്റി പറയുമ്പോ നൂറു നാവാ ഇവൾക്ക്,..” ഗായത്രി മീരയെ നോക്കി പുഞ്ചിരിച്ചു.
“അയ്യട, അവളുടെ ചിരി കണ്ടില്ലേ,
പെണ്ണിന് സുഖിച്ചെന്ന് തോന്നുന്നു….””ആ അമ്മേ പിന്നെ ഒരു പ്രധാന കാര്യം പറയാനുണ്ട്, ഇന്ന് ഒരു സംഭവമുണ്ടായി,അതാ ഞാൻ ഇവളെം കൂട്ടി ഇങ്ങോട്ട്
വന്നത്…”
മീര നടന്നതൊക്കെ അമ്മയോട് വിശദീകരിച്ചു. ഗായത്രി ഒന്നും മിണ്ടാതെ തല കുനിച്ച് നിന്നു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവർ ഗായത്രിയുടെ അടുത്തേക്ക് ചെന്നു. നിറകണ്ണുകളോട് കൂടി നിക്കുന്ന അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവർ പറഞ്ഞു.
“നന്നായി മോളെ, നീ ചെയ്തത് തന്നെയാണ് ശെരി, മോള് ഇപ്പൊ ഒന്നിനെക്കുറിച്ചും ചിന്തിച്ച് ടെൻഷൻ അടിക്കേണ്ട, ഭാര്യ എന്ന പേരിലുള്ളഅവകാശവും പരിഗണനയും നിനക്ക്കിട്ടുന്നില്ലായെന്ന്
തോന്നിയ നിമിഷത്തിൽ നീ അവിടെ നിന്ന് ഇറങ്ങിയെങ്കിലും അതിനു ഒരിക്കലും നിന്നേ കുറ്റപ്പെടുത്താൻകഴിയില്ല, നീ പഠിച്ചോ മോളെ…നീയും എൻ്റെ മോള് തന്നെയാ, നിനക്ക് ഇവിടെ കഴിയാം ഇനിമുതൽ…”
ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ അവരെ കെട്ടിപ്പിടിച്ചു.”മതി മതി,,, എനിക്കിതൊന്നും സഹിക്കണില്ലട്ടോ….” മീര അവരെ നോക്കി തമാശ രൂപേണ പറഞ്ഞു.
“പെണ്ണിൻ്റെ കുശുമ്പ് കണ്ടില്ലേ…. നീ ഇവെളെയും വിളിച്ച് അകത്തേക്ക് ചെല്ല് മീരാ…” മീര ഗായത്രിയെയും കൊണ്ട് അകത്തേക്ക് പോയി. മീരയുടെ അമ്മ എന്തൊക്കെയോ മനസ്സിൽ കണക്ക് കൂട്ടുന്നുണ്ടായിരുന്നു.
കുളിച്ച് ഫ്രഷ് ആയി വന്നപ്പോളാണ്
ഗായത്രിയുടെ ഫോൺ ബെല്ലടിച്ചത്.
അവൾ ഫോൺ എടുത്തു. അത് ഗായത്രിയുടെ അമ്മയായിരുന്നു.
“ഹലോ…””ഡീ…നീ എന്ത് പണിയാ ഈ കാണിച്ചത്,,രാജീവ് കൊറച്ച് മുൻപ് വിളിച്ച് എല്ലാകാര്യങ്ങളും പറഞ്ഞു,,,, നിനക്ക് എന്തിൻ്റെസൂക്കേട കൊച്ചെ……”
ഗായത്രി ഒന്നും മിണ്ടിയില്ല.”ഒന്നുമല്ലെങ്കിലും നീ ഇപ്പൊ പ്രഗ്നനൻ്റ് അല്ലേ, ഈ അവസ്ഥയിൽ അവരു പറയുന്നതിലും കാര്യമില്ലേ,,, അത് കൊണ്ട് മോള് എത്രയും പെട്ടന്ന് വീട്ടിലേക്ക് തിരിച്ച് ചെല്ല്…
നിനക്ക് താഴെ ഒരുത്തിയും കൂടെ ഉള്ള
കാര്യം നീ മറക്കല്ലു,,,അവളുടെ ഭാവി നീയായിട്ട് നശിപ്പിക്കല്ല്…. അല്ല നീ ഇപ്പൊ എവിടെയാണ്………??? ഹലോ,, ഗായ…….”
അവൾ ഫോൺ കട്ട് ആക്കി. ഇല്ല, ആരെന്തോക്കെ പറഞ്ഞാലും തൻ്റെ
തീരുമാനത്തിൽ നിന്ന് മാറ്റമില്ല. ഒരു നിമിഷം തൻ്റെ അനിയത്തിയെ പറ്റി ഓർത്തപ്പോൾ അവൾക്ക് സങ്കടം തോന്നി.
തൻ്റെ അവസ്ഥ തന്നെ ആയിരിക്കുമല്ലോ അവൾക്കും… അവളുടെ ഭാവിയും തകർക്കപ്പെടാൻ പോകുവാണോ…? അവൾ വിഷമത്തോടെ കട്ടിലിൽ ഇരുന്നു.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി.
ഗായത്രിയും മീരയും സന്തോഷത്തോടെ
കോളേജിൽ പോയി വന്നു. എന്നാൽ ദിവസങ്ങൾ പോകുന്തോറും തൻ്റെ വയർ
പെരുകിവരുന്നത് ഗായത്രി ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു.
കൂടെ പഠിക്കുന്ന സഹപാഠികളായ ചില പെൺകുട്ടികൾ അവളെ നോക്കി അടക്കം പറയുന്നതും ഗായത്രി ശ്രദ്ധിച്ചു.
താനൊരു പരിഹാസകഥാപാത്രമാവുന്നത് അവൾക്ക് ഓർക്കാൻ കൂടി കഴിഞ്ഞില്ല. എന്ത് വന്നാലും ശെരി, തളരാൻ പാടില്ല… തനിക്ക് ജയിക്കണം. ഗായത്രി മനസ്സിനെ പാകപ്പെടുത്താൻ ശ്രമിച്ചു.
അങ്ങനെ പതുക്കെ പതുക്കെ എല്ലാരും കാര്യം അറിയാൻ തുടങ്ങി. ആദ്യമാദ്യമൊക്കെ പല കളിയാക്കലുകളും ഉണ്ടായെങ്കിലും തൻ്റെ അവസ്ഥയോക്കെ അറിഞ്ഞപ്പോൾ അതിൻ്റെ തോത് കുറയാൻ തുടങ്ങി.
പലരുടെ ഭാഗത്ത് നിന്നും സപ്പോർട്ടും സ്നേഹവും കിട്ടാൻ തുടങ്ങിയപ്പോൾ ഗായത്രി തൻ്റെ അവസ്ഥയുമായി വളരെയധികം പൊരുത്തപ്പെട്ടു.
ചിലർ അഭിമാനത്തോടെ അവളെ നോക്കി. മറ്റുചിലർ കൗതുകത്തോടെയും. വിദ്യാർഥികളുടെ ഇടയിൽ എന്നപോലെ അധ്യാപകരുടെയും ഇടയിലും ഗായത്രി ഒരു ചർച്ചാ വിഷയമായി.
ഒരുദിവസം ക്ലാസ്സ് കഴിഞ്ഞു ഗായത്രിയും മീരയും വീട്ടിലെത്തിയപ്പോൾ, അവിടെ തൻ്റെ അച്ഛനും അമ്മയും ഇരിക്കുന്നത് ഗായത്രി കണ്ട്. അടുത്ത് മീരയുടെ അമ്മയുമുണ്ട്.
ഗായത്രിയെ കണ്ടതും അവളുടെ അമ്മ ഓടി അവളുടെ അടുത്തേക്ക് ചെന്ന് കെട്ടിപ്പിടിച്ചു. അവൾക്ക് ഒന്നും മനസിലായില്ല. മീരയുടെ അമ്മ അവിടേക്ക് വന്ന് അവളോടായി പറഞ്ഞു.
“മോളെ നീ ഇവിടെ വന്ന നിമിഷം മുതലുള്ള എല്ലാ കാര്യങ്ങളും ഇവരെ വിളിച്ച് ഞാൻ പറയാറുണ്ടായിരുന്നു.
ആദ്യമാദ്യമൊക്കെ ഞാൻ പറയുന്നതുമായി ഇവർക്ക് യോജിക്കാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് ഇവർക്ക് ഇവരുടെ തെറ്റ് മനസ്സിലായി. നിന്നെ കൂട്ടികൊണ്ട് പോവാനാണ് ഇവർ വന്നത്….” പെട്ടന്ന് ഗായത്രിയുടെ അച്ഛൻ അവളുടെ അടുത്തേക്ക് വന്നു.
“ഞങ്ങളോട് ക്ഷമിക്ക് മോളെ, നിന്നേ മനസ്സിലാക്കാൻ ഞങ്ങൾ ശ്രമിച്ചില്ല, ഞങ്ങടെ തെറ്റ്! നീ ഞങ്ങളോടൊപ്പം വരണം മോളെ, ഒരവസരം കൂടി ഞങ്ങൾക്ക് തരണം നീ,, നിനക്ക് ഇഷ്ടമുള്ളത് പോലെ നിനക്ക് പഠിക്കാം, ഞങ്ങൾ ഒരെതിരും പറയില്ല.
ഞങ്ങളോടൊപ്പം വരില്ലേ നീ…”
ഗായത്രിയുടെ കണ്ണുകള് നിറഞ്ഞു, അവൾ അയാളെ കെട്ടിപ്പിടിച്ചു. അയാളുടെ മാറിൽ തല ചാഴ്ച് കൊണ്ട് അവൾ പറഞ്ഞു.
“ഇത് മുമ്പേ ചെയ്തിരുന്നെങ്കിൽ എൻ്റെ ജീവിതം ഇങ്ങനെ ആവില്ലായിരുന്നല്ലോ അച്ഛാ….ഞാൻ…ഞാൻ ഒരുപാട് അനുഭവിച്ച് അച്ഛാ…പക്ഷേ ആരുമെന്നെ മനസ്സിലാക്കിയില്ല….” അവൾ പൊട്ടിക്കരഞ്ഞു.
അതിനയാൾക്ക് മറുപടി ഉണ്ടായിരുന്നില്ല.
വേദനയോടെ, അയാൾ അവളെ ചേർത്ത് പിടിച്ചു. മീരയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
പോകാൻ നേരം ഗായത്രി തിരഞ്ഞു നോക്കി. മീരയും അമ്മയും തന്നെ നോക്കി യാത്ര പറയുന്നു. മീരയുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. ഗായത്രി ഓടി ചെന്ന് അവളെ കെട്ടിപ്പിടിച്ചു.
രണ്ടാളും പൊട്ടിക്കരഞ്ഞു. അടക്കി വച്ച സ്നേഹം മുഴുവൻ ആ നിമിഷം അവർ കരഞ്ഞു തീർത്തു. കണ്ട് നിന്ന എല്ലാവരുടെയും കണ്ണുകളിൽ ഈറനണിയിക്കുന്നതായിരുന്നു ആ കാഴ്ച.
അങ്ങനെ ഗായത്രി തൻ്റെ വീട്ടിലെത്തി. പലരുടെയും ഭാഗത്ത് നിന്നും ചോദ്യങ്ങൾ ഉയർന്നെങ്കിലും അതൊന്നും വകവയ്ക്കാതെ തന്നെ മുന്നോട്ടു പോയി. അവളുടെ അച്ഛനും അമ്മയും അവൾക്ക് നൽകുന്ന സപ്പോർട്ട് അവൾക്ക് കൂടുതൽ കരുത്തേകി.
ഇതിനിടെയിൽ ബന്ധം പിരിയുന്നതിന് വേണ്ടി ഭർത്താവ് വക്കീൽ നോട്ടീസ് അയച്ചു. ഒരു വിഷമവും അവൾക്ക് തോന്നിയിരുന്നില്ല. എന്നാൽ തൻ്റെ മകളുടെ ജീവിതം നശിപ്പിച്ചതിനുള്ള കുറ്റബോധം ആയിരുന്നു അവളുടെ അഛനും അമ്മയ്ക്കും.
രണ്ട് വർഷങ്ങൾക്കിപ്പുറം,
ഗായത്രി ഇന്നൊരു സർക്കാർ ഉദ്യോഗസ്ഥയാണ്.
അതിനോടൊപ്പം തന്നെ ഒരു കുഞ്ഞിൻ്റെ അമ്മയും. ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ ഗായത്രിക്ക് ഇന്ന് കഴിയുന്നുണ്ട്. അവളുടെ സ്വപ്നങ്ങൾക്ക് ചിറക് വച്ചിരുന്നു. അഭിമാനത്തോടെ തലയുയർത്തി തന്നെ അവൾ ജീവിക്കുന്നു.
ഒരു രണ്ടാം വിവാഹത്തിൻ്റെ കാര്യം വീട്ടുകാർ സൂചിപ്പിച്ചിരുന്നെങ്കിലും ഗയത്രിക്ക് അതിനോട് താൽപര്യമില്ലായിരുന്നു. എല്ലാം മനസിലാക്കി കൊണ്ട് ഒരാൾ തൻ്റെ ജീവിതത്തിലേക്ക് വരട്ടെ,, അത് വരെ കാത്തിരിക്കാം.
ഉമ്മറത്തിതിരുന്ന് പത്രം വായിക്കുകയായിരുന്നു ഗായത്രിയുടെ അച്ഛൻ. ഗായത്രി ജോലിക്ക് പോകാൻ ഇറങ്ങുകയായിരുന്നു. അപ്പോഴാണ് അവിടേക്ക് കൈമൾ മാഷ് വന്നത്,, പുള്ളി ഒരു ബ്രോക്കർ ആണ്,,, ഇളയ മോൾക്ക് ഒരു ആലോചനയുമായി വന്നതാണ്.
“നല്ല കൂട്ടരാ, ചെറുക്കന് അമേരിക്കയിൽ എന്തോ ബിസ്നസ് ആണ്,,,അപ്പോ നമുക്ക് ഇത് ഒറപ്പിക്കേയല്ലെ?…”
ഗായത്രിയുടെ അച്ഛൻ ഒരു നിമിഷം അവളെ നോക്കി. എന്നിട്ട് കൈമൾ മാഷിനോടായി പറഞ്ഞു.
“ഇല്ല,,മാഷേ, അവൾ കുഞ്ഞ് അല്ലേ, മാത്രവുമല്ല അവളിപ്പൊ പഠിച്ചൊണ്ട് ഇരിക്കുവല്ലെ,,, പഠിപ്പൊക്കെ കഴിഞ്ഞ് സ്വന്തം കാലിൽ നിക്കാറാവുമ്പോ മതി കല്യാണമൊക്കെ…തൽക്കാലം മാഷ് ചെന്നാട്ടേ…”
“അല്ല ഒന്നും കൂടെ ആലോചിച്ചിട്ട്….””ഇല്ല ഇതിലിപ്പോ ആലോചിക്കാൻ ഒന്നുമില്ല…”അയാൾ ഗായത്രിയുടെ മുഖത്തേക്ക് നോക്കി. അവൾ അയാളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവിടെ നിന്ന് ഇറങ്ങി. നടന്നു നീങ്ങുന്ന ഗായത്രിയെ നോക്കി നിൽക്കുമ്പോളും ആ മനസ്സ് മുഴവൻ കുറ്റബോധം കൊണ്ട് നിറഞ്ഞിരുന്നു.