നിങ്ങൾക്ക് ഈ ബന്ധം ബാധ്യതതയായീ തോന്നിയേ.. ദേവേട്ടന് മറ്റാരോടെങ്കിലും താൽപര്യമുണ്ടോ..

മോചനം
(രചന: Aparna Nandhini Ashokan)

അപരിചിതരായ രണ്ടു വ്യക്തികളെ പോലെ ദേവനും നിത്യയും കട്ടിലിന്റെ ഇരുവശങ്ങളിലായി കിടന്നൂ..

ഉറക്കമില്ലാതെ ഇരുവരും ഈ കിടപ്പു തുടർന്നിട്ട് നേരം ഒരുപാടായിരുന്നൂ.. ഒടുവിൽ മൗനത്തെ ഭേദിച്ച് നിത്യ സംസാരിക്കാനാരംഭിച്ചൂ…

“ഈ രണ്ടു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ നമ്മൾ നിയമപരമായി വേർപ്പിരിയാൻ വേണ്ടീ ഒപ്പിടാൻ വക്കീൽ ഓഫീസിലേക്ക് പോവാണല്ലേ ദേവേട്ടാ..”

“എടുത്ത തീരുമാനം വേണ്ടെന്നു തോന്നുന്നുണ്ടോ നിത്യേ””ഒരിക്കലും അങ്ങനെയൊരു തോന്നൽ എനിക്കുണ്ടാവില്ല ദേവേട്ടാ..നിങ്ങൾക്ക് എന്നെ വേണ്ടെന്നു പറഞ്ഞ നിമിഷം മുതൽ ഈ താലി കഴുത്തിൽ കിടന്നെന്നേ ശ്വാസംമുട്ടിക്കുവാണ്..

ഞാൻ ചെയ്ത തെറ്റെന്താണെന്ന് അറിയാനുള്ള എന്റെ അവകാശത്തെ പോലും നിഷേധിച്ചിട്ടാണ് നിങ്ങളിപ്പോൾ പിരിയണമെന്ന ആവശ്യമുന്നയിക്കുന്നത്..”

“ഞാൻ പറഞ്ഞല്ലോ നിത്യേ.. തന്റെ ഭാഗത്ത് ഒരു തെറ്റും ഉണ്ടായിട്ടില്ല. ഈ വീടിനെയും ഇവിടെയുള്ള സകലതിനെയും താൻ കഴിഞ്ഞ അഞ്ചുവർഷകാലവും സ്നേഹിച്ച് പരിപാലിച്ചൂ..”

“പിന്നെ എന്തിനാണ് അഞ്ചു വർഷങ്ങൾ ഒന്നിച്ചു ജീവിച്ചിട്ട് നിങ്ങൾക്ക് ഈ ബന്ധം ബാധ്യതതയായീ തോന്നിയേ.. ദേവേട്ടന് മറ്റാരോടെങ്കിലും താൽപര്യമുണ്ടോ..

എന്റെ മനസാക്ഷിയ്ക്കെങ്കിലും ഒരുത്തരം കൊടുത്തേ പറ്റൂ.. നിങ്ങൾക്കെന്നെ വേണ്ടാതായതിന്റെ കാരണമറിയാതെ കഴിഞ്ഞ ഒരാഴ്ചയായി നീറിയാണ് ഞാനിവിടെ ജീവിക്കണേ..”

നിറഞ്ഞുവന്ന കണ്ണുകളെ അമർത്തി തുടച്ചുകൊണ്ട് നിത്യ ബെഡിൽ എണീറ്റിരുന്നൂ..

“ഒന്നൂല്ലടോ.. ഒരുതരം മടുപ്പായിരിക്കണൂ ഈ ജീവിതത്തിനോട് തന്നെ.. ജോലിതിരക്കുകളിലേക്കു മാത്രമായി ജീവിതം ചുരുങ്ങിയേക്കാണ് ഒരുപാടു നാളായീട്ട്..

എല്ലാ ബന്ധനങ്ങളും പൊട്ടിച്ചെറിഞ്ഞ് എവിടെയ്ക്കെങ്കിലും പോകാനാണ് തോന്നുന്നത്..”

ഇടർച്ചയോടെയുള്ള ദേവന്റെ സംസാരം കേട്ടിട്ട് അമ്പരപ്പോടെ അയാളുടെ മുഖത്തേക്കു നോക്കിയിരിക്കാണ് നിത്യ. അകാരണമായി അവളുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നൂ..

ദേവൻ ഇനിയെന്താണ് പറയാൻ പോകുന്നതെന്നു അറിയാനായി അവൾ നിശബ്ദം അയാളുടെ വാക്കുകൾക്ക് ചെവിയോർത്തൂ..

“ഗ്രാമത്തിലെ സാധാരണ ഒരു കർഷകനായീട്ട് പോലും തന്റെ മകളെ ഒരുപാട് പഠിപ്പിച്ച ഒരു അച്ഛന്റെ മകളാണ് താൻ. സിറ്റിയിൽ ജീവിക്കുന്ന എന്റെ
വിവാഹാലോചന വന്നപ്പോഴും എന്നോട്
ആ അച്ഛൻ പറഞ്ഞത്,

‘ഒത്തിരി ദൂരെയായീട്ടും നിത്യയെ എനിക്ക് കല്ല്യാണം കഴിപ്പിച്ചു തരുന്നത് പട്ടണത്തിൽ ജീവിക്കുന്ന പെൺകുട്ടികളെല്ലാം ജോലിക്കാരാണെന്ന് ആരോ പറഞ്ഞ അറിവ് വെച്ചിട്ടാണ്.

തന്നെ ഞാൻ ജോലിക്കു വിടണമെന്നും തന്റെ മകളൊരു ജോലിക്കാരിയായി സ്വന്തം കാലിൽ നിൽക്കുന്നതു കാണണമെന്നുമാണ് നിത്യയുടെ അച്ഛൻ ആഗ്രഹിച്ചത്”

“അതിനെന്താ ദേവേട്ടാ.. വിവാഹം കഴിഞ്ഞ ആദ്യത്തെ ഒരു വർഷം ഞാൻ ജോലിക്ക് പോയിരുന്നതല്ലേ..

പിന്നീട് ഇവിടുത്തെ അമ്മയ്ക്ക് വയ്യാതെ കിടപ്പിലായപ്പോഴല്ലേ ഞാൻ ജോലി നിർത്തിയത്. അത് മനസിലാക്കാനുള്ള മനസ്സ് എന്റെ അച്ഛനുണ്ട്”

“എടോ.. സ്വന്തം അമ്മ കിടപ്പായപ്പോൾ മകളായ എന്റെ ചേച്ചിയോ, മകനായ ഞാനോ ജോലി ഉപേക്ഷിച്ചില്ല..ദിവസം ഒരൽപം നേരമെങ്കിലും അമ്മയെ നോക്കാൻ സമയം കണ്ടെത്തിയില്ല..

തന്നെ ജോലിക്ക് വിടുകയും, ഒരു ഹോംനേഴ്സിനെ വെച്ച് പകൽ സമയം അമ്മയെ പരിചരിക്കുകയും ,വൈകീട്ട് ജോലി കഴിഞ്ഞു വന്നാൽ തന്റെ കൂടെ ഞാനും ചേർന്ന് അമ്മയെ നോക്കാവുന്നതെ ഉണ്ടായിരുന്നുള്ളൂ..

പക്ഷേ തന്നോടു ജോലി നിർത്തി വീട്ടിലിരുന്നു അമ്മയേ നോക്കാൻ പറയാനാണ് ഞങ്ങൾക്ക് എളുപ്പമായി തോന്നിയത്..”

നിത്യ അമ്പരപ്പോടെ തന്റെ ഭർത്താവിനെ ഉറ്റു നോക്കി..”അതിന് ഞാനീ നിമിഷം വരെയും ഒരു പരാതിയും പറഞ്ഞിട്ടില്ലാലോ ദേവേട്ടാ.. എന്തിനാണ് ഇത്തരം കാര്യങ്ങൾ ഇപ്പോൾ പറയുന്നത്..

ന്റെ സ്വന്തം അമ്മയെ നോക്കുന്നതു പോലെ ഞാനിവിടത്തെ അമ്മയെ പരിചരിച്ചില്ലേ അതിലെന്തെങ്കിലും കുറവ് വന്നതായി ദേവേട്ടന് തോന്നുന്നുണ്ടോ..”

“ഇല്ലെടോ.. ഒരിക്കലും അമ്മയ്ക്കോ ഈ വീടിനോ ഒരു കുറവും താൻ വരുത്തിയിട്ടില്ല.

കഴിഞ്ഞു പോയ നാലു വർഷങ്ങൾ ഈ വീട്ടിൽ തന്നെ ഞാൻ ഉത്തരവാധിത്ത്വങ്ങളുടെ പേരിൽ തളച്ചിടുകയായിരുന്നില്ലേ സത്യം പറഞ്ഞാൽ.. അതിൽ നിന്നും ഒരുമോചനം തനിക്കും വേണം”

“കെട്ടിയ താലി പൊട്ടിച്ചെറിഞ്ഞിട്ടാണോ നിങ്ങളെനിക്കു മോചനം തരുന്നത് ദേവേട്ടാ..മതി എനിക്കൊന്നും ഇനി കേൾക്കേണ്ട. നിങ്ങൾക്കെന്നെ മടുത്തു. അതല്ലേ ഈ വേർപിരിയലിന് യഥാർത്ഥ കാരണം..”

നിത്യയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അയാളെഴുന്നേറ്റു പോയി അലമാരയിൽ നിന്നു കുറച്ചു പേപ്പറുകൾ കൊണ്ടു വന്നൂ.

“ഒരുപാട് പണം മുടക്കി തന്നെ പഠിപ്പിച്ച ഒരച്ഛനുണ്ട് തന്റെ വീട്ടിൽ… നിറഞ്ഞ കണ്ണുകളോടെ എന്റെ കൈയിൽ തന്നെ ഏൽപിക്കുമ്പോൾ അദ്ദേഹത്തിന് എന്നോടൊരു വിശ്വാസമുണ്ടായിരുന്നൂ.

തന്റെ മകൾ പ്രാണനേ പോലെ കരുതിയ സംഗീതത്തെയും, ജോലിക്കാരിയായി തന്നെ കാണണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തെയും ഞാൻ അംഗീകരിക്കുമെന്ന ആ വിശ്വാസത്തെയാണ് ഞാൻ ഇല്ലാതാക്കിയത്.

തന്റെ അച്ഛന്റെ ഒരായുസിന്റെ അധ്വാനത്തിനും മകളെ പറ്റിയുള്ള ആ മനുഷ്യന്റെ സ്വപ്നങ്ങൾക്കും പുല്ലുവില തരാതിരുന്ന കാരണമാകാം അച്ഛനാവാനുള്ള ഭാഗ്യം ദൈവം എനിക്ക് നിഷേധിച്ചത്..”

ദേവൻ തന്റെ കൈവശമുണ്ടായിരുന്ന പേപ്പറുകൾ നിത്യയുടെ കൈകളിലേക്ക് വെച്ചു കൊടുത്തു..

സിറ്റിയിലെ തന്നെ പ്രമുഖ ഡോക്ടർ തയ്യാറാക്കിയ ദേവന്റെ മെഡിക്കൽ റിപ്പോർട്ടുകളായിരുന്നൂ അത്.

അൽപസമയം അവർക്കിടയിൽ ഉടലെടുത്ത മൗനത്തെ ഭേദിച്ചുകൊണ്ട് ദേവൻ തുടർന്നൂ..

“അഞ്ചുവർഷക്കാലം തന്റെ സ്വപ്നങ്ങൾക്കും ലക്ഷ്യങ്ങൾക്കും ഞാനായിരുന്നു തടസം…

എനിക്കൊപ്പത്തിനൊപ്പം വിദ്യഭ്യാസമുള്ള തനിക്ക് പഠിച്ച തൊഴിൽമേഖല ഞാൻ നിഷേധിച്ചൂ.. ഇപ്പോൾ തനിക്കൊരു കുഞ്ഞിനെ തരാൻ പോലും എനിക്ക് കഴിയില്ലെന്നാണ് ആ മെഡിക്കൽ റിപ്പോർട്ടുകളിൽ പറയുന്നത്.

ഇനിയും തന്നെ ദ്രോഹിക്കാൻ എനിക്ക് വയ്യ നിത്യേ… വിവാഹമോചനം നേടി താൻ എന്നെ വിട്ട് പൊക്കോളൂ..തനിക്ക് നല്ലൊരു ജീവിതം കിട്ടട്ടെ..”

ഒരു കൊച്ചു കുഞ്ഞിനേ പോലെ അയാൾ ഏങ്ങലടിച്ച് കരഞ്ഞൂ..നിത്യ അയാൾക്കരികിലിരുന്ന് തന്നിലേക്കയാളെ ചേർത്തു പിടിച്ചൂ.. ദേവന്റെ കരഞ്ഞു കലങ്ങി കണ്ണീരൊലിച്ചിറങ്ങിയ കണ്ണുകളെ തുടച്ചുകൊണ്ട് നിത്യ പറഞ്ഞൂ തുടങ്ങി,

“ദേവേട്ടാ.. കുറച്ചു വർഷങ്ങൾക്കു മുൻപേ നിങ്ങൾക്ക് കുഞ്ഞുങ്ങളുണ്ടാവാനുള്ള സാധ്യത കുറവാണെന്ന് ഞാനറിഞ്ഞിതാണ്.

ഇവിടുത്തെ അമ്മയുടെ നിർബന്ധം കാരണം വിവാഹം കഴിഞ്ഞ രണ്ടാം വർഷം നമ്മളൊരു ഡോക്ടറെ കാണാൻ പോയത് ദേവേട്ടൻ ഓർക്കുന്നുണ്ടോ..

പരിശോധനകളുടെ റിപ്പോർട്ട് വാങ്ങിക്കാനും ജോലിതിരക്ക് കാരണം ദേവേട്ടൻ വന്നില്ല. ഒരു തരത്തിൽ അതൊരു അനുഗ്രഹമായിട്ടാണ് എനിക്കന്നു തോന്നിയത്.

കാരണം, അച്ഛനാവാനുള്ള തന്റെ ആഗ്രഹം നടക്കില്ലെന്നു അറിഞ്ഞാൽ ദേവേട്ടൻ മാനസികമായി തകർന്നു പോകുമെന്ന് എനിക്കറിയാം..അതുകൊണ്ട് അന്നത്തെ റിപ്പോർട്ടുകൾ ഞാൻ നശിപ്പിച്ചു കളഞ്ഞൂ..

ദേവേട്ടൻ പറഞ്ഞതു പോലെ എന്റെ സ്വപ്നങ്ങളെയും എന്റെ അച്ഛന്റെ ആഗ്രഹങ്ങളെയും വിലവെക്കാത്ത നിങ്ങളെ ഉപേക്ഷിക്കണമെന്നുണ്ടയിരുന്നെങ്കിൽ എനിക്ക് കാരണമായി ആ വിഷയം തന്നെ ധാരാളമായിരുന്നില്ലേ..”

നിത്യ പറഞ്ഞകാര്യങ്ങളിൽ വിശ്വസിക്കാനാകാതെ ദേവൻ അമ്പരന്നിരുന്നിരിക്കുകയാണ്. അയാളുടെ കണ്ണീരൊഴുക്കിന് തീവ്രത കൂടിവന്നൂ.. നിത്യ തനിക്ക് പറയാനുള്ള കാര്യങ്ങൾ തുടർന്നൂ..

“അധികം വൈകാതെ ഇവിടുത്തെ അമ്മ സംസാരിക്കാൻപോലും വയ്യാത്ത വിധത്തിൽ തളർന്നു കിടപ്പായതു കാരണം

നമുക്ക് കുഞ്ഞുങ്ങളുണ്ടാവത്തതിനെ പറ്റി തിരക്കാൻ അവർക്ക് പിന്നീട് കഴിഞ്ഞില്ല.. ദേവേട്ടന്റെ ചേച്ചിയും അതേപറ്റി അന്വേഷിക്കാൻ വന്നില്ല.

നമുക്കൊരു കുഞ്ഞു വന്നാൽ അമ്മയെ പരിചരിക്കാൻ പറ്റില്ലെന്ന് ഞാൻ പറയുമെന്നു കരുതിയാകാം

കുഞ്ഞുങ്ങളുണ്ടാകാത്തതിനെ പറ്റി ചേച്ചി ഈ നിമിഷം വരെയും എന്നോട് ഒരുവാക്ക് അന്വേഷിച്ചിട്ടില്ല… എല്ലാവർക്കും സ്വാർത്ഥതകൾ മാത്രമല്ലേ ഉള്ളൂ..”

നിത്യ ഒന്നുകൂടി തന്നിലേക്ക് ദേവനെ ചേർത്തു പിടിച്ചൂ..കേട്ടകാര്യങ്ങളുടെ തീവ്രതയിൽ താനിപ്പോൾ തളർന്നു വീണേക്കുമെന്ന് തോന്നിയ സമയത്ത് നിത്യയുടെ കരങ്ങളുടെ കരുതൽ അയാൾക്കൊരു ആശ്രയമായി തോന്നി..

“ഭാര്യ പ്രസവിക്കാത്ത മച്ചിയാണെന്നു ആക്ഷേപിച്ച് അവളെ ഉപേക്ഷിക്കാൻ വീട്ടുക്കാർ പറയുമ്പോൾ ഒരു മടിയും ഇല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്ന ഭർത്താക്കന്മാരുണ്ടാകാം.. ,

കിട്ടിയ സ് ത്രീധനം കുറഞ്ഞതിന്റെ പേരിൽ ഭാര്യയെ വീട്ടിൽ കൊണ്ടാക്കുന്നവരും ഉണ്ടാകാം..

അതിൽ നിന്നെല്ലാം വ്യത്യസ്ഥമായീട്ട് ഏതു അവസ്ഥകളിലും ഭാര്യയെ തനിക്കൊപ്പം ചേർത്തു നിർത്തുന്ന ഭർത്താക്കാന്മാരില്ലേ ഈ സമൂഹത്തിൽ .. അതുപോലെ തന്നെ വ്യത്യസ്ഥതരായ ചില മനുഷ്യരുടെ കൂട്ടത്തിലാണ് ഞാനും..

കുഞ്ഞുങ്ങളുണ്ടാവത്തത് നിങ്ങളുടെ തെറ്റല്ല ദേവേട്ടാ.. എല്ലാ ഭാഗ്യങ്ങളും ഒന്നിച്ചു കിട്ടില്ലെന്നു കരുതിയാൽ മതി.. ഇനിയതിൽ വിഷമിക്കരുത്..

കുഞ്ഞിനെ തരാൻ കഴിയില്ലെന്ന കാരണത്തിന് നിങ്ങളെ എനിക്ക് വെറുക്കാൻ കഴിയില്ല .. അതിനേക്കാളെല്ലാം ഒത്തിരി മൂല്യമുണ്ട് നിങ്ങളുടെ ഈ താലിക്ക്.. നിങ്ങളെ വിട്ടു പോകാൻ എനിക്ക് കഴിയില്ല ദേവേട്ടാ.. ”

ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി..”തന്റെ സ്വപ്നങ്ങൾക്കെല്ലാം തടസമായി നിന്ന ഒരാളാണ് ഞാൻ.. തന്റെ അച്ഛന്റെ ആഗ്രഹങ്ങൾക്കൊന്നും വില കൊടുക്കാത്തവൻ..

എന്നിട്ടും തനിക്കെങ്ങനെ ഇതെല്ലാം ക്ഷമിച്ച് എന്നെ സ്നേഹിക്കാൻ കഴിയണേ നിത്യേ..”

“തന്റെ ആഗ്രഹം പോലെ ആയിലെങ്കിലും മകളുടെ ജീവനും ജീവിതത്തിനും ഒരാപത്തുമില്ലാതെ അവൾ ജീവിക്കുന്നുണ്ടെല്ലോ എന്നായിരിക്കും എന്റെ അച്ഛൻ കരുതുന്നുണ്ടാവുക..

ഒരുപക്ഷേ വാർത്താമാധ്യമങ്ങളിൽ നിറയുന്ന വാർത്തകൾ കാണുമ്പോൾ ഈ സമൂഹത്തിലെ എല്ലാ അച്ഛന്മാരും കരുതുന്നത് അങ്ങനെയായിരിക്കാം..

നമ്മുടെ കാര്യത്തിൽ ഇപ്പോഴും ഒന്നും വൈകിയിട്ടില്ല.. എന്റെ സ്വപ്നങ്ങളെ നേടിയെടുക്കാനുള്ള ശ്രമങ്ങൾ ഞാൻ ആരംഭിക്കുകയാണ്. ഇനി ദേവേട്ടനും
എന്റെ കൂടെ കാണുമെന്ന് എനിക്കറിയാം..

തുറന്നു പറച്ചിലുകൾക്കും തെറ്റുതിരുത്തലുകൾക്കുമൊടുവിൽ അവിടെ പുതിയൊരു ജീവിതം ആരംഭിക്കുകയായിരുന്നൂ ഇരുവരും..

ജീവിതത്തെ കൂടൂതൽ മനോഹരമാക്കുമെങ്കിൽ മാത്രം ചില തെറ്റുകൾ ക്ഷമിക്കപ്പെടേണ്ടവയാണ്…

Leave a Reply

Your email address will not be published. Required fields are marked *