ഉടഞ്ഞുപോയ സ്വപ്നങ്ങൾ
(രചന: ഭാവനാ ബാബു)
നാട്ടിലേക്കുള്ള എന്റെ ഈ യാത്ര പതിവ് പോലെ അവധിക്കാലം ചെലവിടാൻ ഉള്ളതല്ല.ചിലതൊക്കെ മനസ്സിൽ ഉറപ്പിച്ചു തന്നെയാണ് ഞാനിന്ന് എയർപോർട്ടിൽ എത്തിയിരിക്കുന്നത്.
ചില്ലിട്ട ഡോർ കടന്ന് ശീതീകരിച്ച ഹാളിലേക്ക് ഞാൻ ഉറച്ച കാൽവയ്പുകളോടെ കയറി.. ജെറ്റ് എയർവേസിന്റെ കൌണ്ടർ ഓപ്പൺ ആണ്. സീസൺ അല്ലാത്തത് കൊണ്ടാകും വലിയ തിരക്കില്ല.കൌണ്ടറിൽ ചെന്ന് പാസ്പോർട്ടും ടിക്കറ്റും കാണിച്ചു, ഹാൻഡ് ബാഗ് അവർ തൂക്കി നോക്കി തിരികെ തന്നു..
അവിടെ നിന്ന് നേരെ ബോഡി ചെക്കിങ്ങിന് ഉളള നീണ്ട വരിയിലേക്ക്. ഏതൊരു യാത്രക്കാരനും ബോഡി ചെക്കിംഗ് കഴിയുന്നത് വരെ ടെൻഷനാണ്.. ഒരുപാട് യാത്ര ചെയ്തിട്ടുണ്ടെങ്കിലും എനിക്കും ഇന്ന് വല്ലാത്തൊരു വെപ്രാളം.നെഞ്ച് പടപാടാ മിടിക്കുന്നു….
ബോഡി ചെക്കിങ് കഴിഞ്ഞ് ഫ്ളൈറ്റിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ഇനി. വീണ്ടും ഒരു മണിക്കൂർ വെയ്റ്റിങ്.
“പപ്പാ ജോബി നമ്മളെയൊക്കെ വിട്ടു പോയി.ചെറിയൊരു മഞ്ഞപ്പിത്തം ,അതായിരുന്നു തുടക്കം .മമ്മിയുടെ അശ്രദ്ധ കൊണ്ടാണ് കൊച്ചപ്പി മരിച്ചത്.”
മൂത്ത മകനായ ജോയലിന്റെ മെസ്സേജ് ഇപ്പോഴും നനവ് ഉണങ്ങാതെ വാട്ട്സ് ആപ്പിലുണ്ട് .
മൂന്നു പേരിൽ ഏറ്റവും ഇളയവനായ ജോബി ഞങ്ങൾക്കൊക്കെ കൊച്ചപ്പി ആയിരുന്നു.
ഓർമ്മകളിൽ ഇന്നും ഉണ്ട് ഇരുപത്തിയൊന്ന് വർഷം മുൻപ് സ്റ്റെല്ലയെ കണ്ടുമുട്ടിയ ദിവസം.
എന്റെ അച്ഛനും അമ്മയും ചെറുപ്പത്തിൽ തന്നെ മരിച്ചു പോയിരുന്നു.അത് കൊണ്ട് നാട്ടിലേക്ക് വരുമ്പോൾ രവിയേട്ടന്റെ ലോഡ്ജായിരുന്നു ആകെയുള്ള ആശ്വാസം. അതിന് തൊട്ട് താഴെയാണ് ഔസേപ്പേട്ടന്റെ ചായക്കട.അവിടെ പാല് കൊണ്ട് വരുന്ന സ്റ്റെല്ലയെ ഞാനും എപ്പോഴോ ശ്രദ്ധിച്ചു തുടങ്ങി.
“ഹാഫ് സാരിയായിരുന്നു മിക്കപ്പൊഴും അവളുടെ വേഷം.അഴകോടെ മുടി ഇരുവശത്തുമായി പിന്നി , അതിനിടയിലൊരു പനിനീർപ്പൂവും തിരുകി , കിതപ്പോടെ പാഞ്ഞു പോകുന്ന അവളുടെയാ ചന്തമുള്ള മുഖം എന്നും എന്റെ പുലരികളെ പുളകം കൊള്ളിച്ചിരുന്നു.
“ആരാ ഔസേപ്പേട്ടാ , ആ കൊച്ച് ? “ഇടക്ക് ഒരു ചായകുടിക്കിടയിലായിരുന്നു സ്റ്റൈല്ലയെ നോക്കിയുള്ള എന്റെ ചോദ്യം.
“അതാണ് മോനെ സ്റ്റെല്ല .ഒരു പാവം കൊച്ചാണ്.പക്ഷെ മോൻ അതിനെ വല്ലാണ്ട് നോക്കേണ്ട”.
“അതെന്താ , ഔസേപ്പേട്ടാ , അങ്ങനെ പറഞ്ഞത്?ഒരു നെടുവീർപ്പോടെ ഔസേപ്പേട്ടൻ എന്നെയൊന്ന് നോക്കി.
സ്റ്റെല്ലയെ അവളുടെ അമ്മ ക്ലാര പിഴച്ചു പെറ്റതാണ്. അന്നത്തെ കാലത്ത് ഞങ്ങളുടെ നാട്ടിൽ അതൊരു വലിയ സംഭവം ആയിരുന്നു.എത്ര ചോദിച്ചിട്ടും , ആ കൊച്ചിന്റെ തന്തയുടെ പേര് മാത്രം
അവള് മിണ്ടിയില്ല. അതോടെ ക്ലാരയെ അവളുടെ വീട്ടുകാർ ഉപേക്ഷിച്ചു.പിന്നെ ആ കൊച്ചിനെ വളർത്താൻ വേണ്ടി അവള് ചെയ്യാത്ത പണി ഇല്ല.
അപ്പോൾ ക്ലാര ഒരു ചീത്ത സ്ത്രീ ആണെന്നാണോ ഔസേപ്പേട്ടൻ പറയുന്നത്”?
“അറിയില്ല മോനേ .നാട്ടുകാര് പലതും പറയുന്നുണ്ട്. എന്തായാലും ഒന്ന് തീർച്ച .അവൾ കാരണം ഒരു പെണ്ണിന്റെയും കണ്ണീര് ആ മുറ്റത്തു വീണിട്ടില്ല. ”
ക്ലാരയുടെ ജീവിതം അറിഞ്ഞിട്ടും എനിക്ക് എന്തു കൊണ്ടോ സ്റ്റെല്ലയെ വെറുക്കാൻ കഴിഞ്ഞില്ല. അമ്മ ചീത്തയായതിന് മോളെങ്ങനെ ഉത്തരവാദിയാകും?.അങ്ങനെ ഞാൻ
സ്വയം സമാധാനിച്ചു . സ്റ്റൈല്ലയൊരു ഭ്രാന്തമായ മോഹമായി എൻറെ ഉള്ളിലേക്ക് അപ്പോഴേക്കും പടർന്നു കയറാൻ തുടങ്ങിയിരുന്നു.
തിരിച്ചു പോകാൻ ഇനിയും ഒന്നര മാസം കൂടി ബാക്കിയുണ്ട്. അപ്പോഴാണ് സ്റ്റെല്ലയെ വിവാഹം കഴിച്ചാലോ എന്നൊരു ആഗ്രഹം എന്റെ ഉള്ളിൽ മുള പൊട്ടിയത്.
പിന്നെ എല്ലാം വളരെ വേഗത്തിൽ ആയിരുന്നു. കുർബാന കഴിഞ്ഞു പള്ളിയിൽ നിന്നും ഇറങ്ങി വരുന്ന സ്റ്റെല്ലയോട് ഞാനെന്റെ മനസ്സിലുള്ള ആഗ്രഹം പറഞ്ഞു.
അടക്കി വച്ചൊരു പുഞ്ചിരി മാത്രമായിരുന്നു അവളുടെ മറുപടി.
“എന്റെ അമ്മച്ചിക്ക് ഇഷ്ടമാണേൽ എനിക്ക് നൂറ് വട്ടം സമ്മതം…”
അത്രയും പറഞ്ഞു അവളൊറ്റ ഓട്ടം.
ക്ലാര അമ്മച്ചിക്കും വിരോധമൊന്നുമുണ്ടായില്ല. അങ്ങനെ ജോസഫ് എന്ന ഞാൻ സ്റ്റെല്ല എന്ന എന്റെ പ്രണയിനിയുടെ കഴുത്തിൽ അൾത്താരയ്ക്ക് മുന്നിൽ വച്ചു മിന്നു കെട്ടി.
ഇരുപത് ദിവസത്തെ മധുവിധുവിനൊടുവിൽ വീണ്ടും പ്രവാസത്തിലേക്കുള്ള മടക്കം.മനസ്സിൽ അവളോടൊപ്പമുള്ള നിമിഷങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.എത്ര എഴുതിയാലും മുഴുമിപ്പിക്കാൻ
കഴിയാത്തൊരു കവിതയാണ് അവളുടെ പ്രണയമെന്ന് എനിക്ക് തോന്നി.ഇതൊക്കെ അവസാനിപ്പിച്ചു , അവളുടെ അടുത്തേക്ക് ഓടിച്ചെല്ലാൻ കൊതിപ്പിക്കുന്ന ഓർമ്മകൾ.
ഏകദേശം രണ്ടു മാസം കഴിഞ്ഞതോടെയാണ് സ്റ്റെല്ല ഗർഭിയാണെന്നു ഞാൻ അറിഞ്ഞത്.അവളുടെ അടുത്ത് ഞാൻ ഉണ്ടാകണം എന്നു ആത്മാർഥമായി തോന്നിയ നിമിഷങ്ങൾ.
ദിവസങ്ങൾ എത്ര വേഗമാണ് കൊഴിഞ്ഞു പോയത്.ഓരോ വരവിലും മൂന്ന് രാജകുമാരന്മാർക്ക് അവൾ ജന്മം നൽകി. ഒരു പെൺകുട്ടി എന്ന എന്റെ മോഹം മാത്രം നടന്നില്ല.ഇതിനിടയിലായിരുന്നു
ക്ലാര അമ്മച്ചിയുടെ പെട്ടെന്നുള്ള മരണം .അതെനിക്ക് വല്ലാത്തൊരു ഷോക്കായി. സ്റ്റെല്ല ഇനി ഒറ്റക്ക് ആകുമല്ലോ എന്ന ഉത്ഭയമായിരുന്നു അപ്പോഴെനിക്ക്.
പക്ഷെ , സ്റ്റെല്ലയ്ക്ക് അതൊന്നും പ്രശ്നമല്ലായിരുന്നു.അവൾ ആളാകെ മാറിപ്പോയത് പോലെ.ആദ്യം എന്റെ തോന്നലാകുമെന്നു കരുതി ആശ്വസിച്ചു.പക്ഷേ സ്റ്റെല്ല എന്നെക്കാളേറെ പണത്തിനെ സ്നേഹിക്കാൻ തുടങ്ങിയിരുന്നു.
ആവളുടെ ഓരോ ആവശ്യങ്ങളും നിറവേറ്റാനുള്ള ഓട്ടത്തിലായിരുന്നു പിന്നെ അങ്ങോട്ടുള്ള എന്റെ ജീവിതം. പുതിയ വീട് വച്ചതിന്റെ ബാങ്ക് കടം വീട്ടാൻ ഓവർ ടൈം ചെയ്യേണ്ടി വന്നു. വിശ്രമമില്ലായ്മയും , ഉറക്കക്കുറവും ,രോഗങ്ങളും എന്റെ ആരോഗ്യത്തെ
നശിപ്പിച്ചു.ഒടുവിലാണ് ഞാനാ നടുക്കുന്ന സത്യം തിരിച്ചറിഞ്ഞത്.ഡയബറ്റിസും , പ്രഷറും എന്റെ ലൈംഗിക ശേഷിയെ ബാധിക്കുവാൻ തുടങ്ങിയിരിക്കുന്നു.
ഡോക്ടറുടെ നിർദേശപ്രകാരമായിരുന്നു , ആ വർഷം നാട്ടിലേക്കുള്ള എന്റെ യാത്ര.സ്റ്റെല്ലയുടെ മോഹങ്ങൾക്ക് വേലി ഇടാൻ ഇനിയെനിക്ക് കഴിയില്ലെന്ന സത്യം വിഷമത്തോടെ അവളോടെനിക്ക് വെളിപ്പെടുത്തേണ്ടി വന്നു. സാന്ത്വനം പ്രതീക്ഷിച്ച എനിക്ക് അവളിൽ നിന്നുള്ള പെരുമാറ്റം ക്രൂരമായിരുന്നു.
പരിഹാസം ഒളിപ്പിച്ച അവളുടെ ചുണ്ടുകൾ എന്നിൽ നിന്നും അവൾ മറച്ചു പിടിച്ചില്ല.മാലാഖയെന്നു ഞാൻ കരുതിയ സ്റ്റെല്ലയുടെ ഓർക്കാപ്പുറത്തുള്ള പെരുമാറ്റം വളരെ നീചമായിരുന്നു.
“ഇങ്ങനെ ആണെങ്കിൽ പിന്നെ നിങ്ങൾ എന്തിനാണ് ഇങ്ങോട്ട് കെട്ടിയെടുത്തത് ? ആ പൈസ അയച്ചാൽ പോരായിരുന്നോ”?
അവൾക്കും , മക്കൾക്കും വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെട്ടാണ് ഞാൻ ഈ അവസ്ഥയിൽ ആയത്. അത് പോലും ഓർക്കാതെയുള്ള അവളുടെ വാക്കുകൾ എന്നെ വല്ലാതെ സങ്കടപ്പെടുത്തി.ഒരു
നിമിഷം കൊണ്ട് ഞാനൊരു അന്യനായത് പോലെ. അന്ന് തറയിൽ ഷീറ്റും വിരിച്ചു കിടന്ന അവളുടെ അവ്യക്തമായ പിറുപിറുക്കലുകൾ എനിക്ക് നേരെയുള്ള ശാപ വാക്കുകൾ ആയിരുന്നു.
ഇനി നാട്ടിലേക്കില്ല എന്ന് പ്രതിഞ്ജ എടുത്തായിരുന്നു അന്നത്തെ എന്റെ മടക്കം.”പപ്പ ഇനിയും വരണേ “.
മക്കളുടെ സങ്കടം നിറഞ്ഞ വാക്കുകൾ എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു….
നാട്ടിൽ നിന്നും , സ്റ്റെല്ലയുടെ വഴിവിട്ട പോക്കിനെ കുറിച്ചു പലരും രഹസ്യമായും പരസ്യമായും എന്നെ അറിയിച്ചു കൊണ്ടിരുന്നു. അതൊക്കെ ഞാൻ കേട്ടില്ലെന്ന് നടിച്ചു.
എന്റെ ബലഹീനത കാരണമാണ് , അവൾ ഈ ഒരു അവസ്ഥയിൽ എത്തിയെന്നായിരുന്നു ആദ്യമൊക്കെ ഞാൻ കരുതിയിരുന്നത്.പക്ഷെ , അതിനും മുൻപേ അവൾ നശിച്ചു തുടങ്ങിയിരുന്നു എന്ന സത്യം പിന്നീടാണ് എനിക്ക് മനസ്സിലായത്.
ഒടുവിൽ ഗതികെട്ട് അവളോട് ഒന്ന് മാത്രം ഫോണിലൂടെ എനിക്ക് പറയേണ്ടി വന്നു.
“നിന്റെ അമ്മച്ചി ക്ലാര , നിന്നെ വളർത്താൻ വേണ്ടി , വേശ്യാ വൃത്തി ചെയ്തിട്ടുണ്ടാകും. എങ്കിലും ഒരു കുടുംബവും അവർ കാരണം വഴിയാധാരമായിട്ടില്ല.
“ഇത് പറയാൻ നിങ്ങൾക്ക് എന്താണ് യോഗ്യത”? അവളുടെ ആ ചോദ്യത്തിന് മുന്നിൽ ഞാൻ വിളറി വെളുത്തു.ഒന്നും മറുത്തു പറയാൻ കഴിയാതെ ഞാൻ ഫോൺ കട്ട് ആക്കി.
“മക്കളെ , ഞാൻ നിങ്ങളുടെ അമ്മച്ചിയെ ഡിവോഴ്സ് ചെയ്യട്ടെ ? ഒരിക്കൽ വീഡിയോ കോളിലൂടെയാണ് ഞാനത് മൂന്ന് പേരോടുമായി ചോദിച്ചത്.
ഇരുപത് വയസ്സുള്ള ജോയലിന് പ്രത്യേകിച്ചു എതിർപ്പൊന്നുമില്ലായിരുന്നു.
ജോണിയും മിണ്ടാതെ നിന്നു.
എന്നാൽ ജോബിക്ക് എന്റെ തീരുമാനത്തോട് കടുത്ത നീരസമായിരുന്നു.
“വേണ്ട പപ്പാ , ഒന്നുമില്ലേലും അത് ഞങ്ങളെ പ്രസവിച്ച ഞങ്ങടെ മമ്മിയല്ലേ “?
അന്ന് ജോബിയുടെ കരച്ചിലാണ് എന്നെ ആ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിച്ചത്.
പക്ഷെ അന്ന് അവളെ ഞാനെന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കിയിരുന്നെങ്കിൽ ഇന്ന് ജോബി എന്റെയൊപ്പം ഉണ്ടായേനെ എന്നു തോന്നിപ്പോകുന്നു.വലിച്ചെറിയേണ്ടതിനെ
കൂടെ നിർത്താൻ പാടില്ലായിരുന്നു.എന്റെ മാത്രം തെറ്റ്.ഇടനെഞ്ചു തടവി തിരുത്താൻ കഴിയാത്ത ആ നിമിഷങ്ങളെ കുറിച്ചോർത്തു ഞാൻ വേദനിച്ചു.
“പപ്പയുടെ അന്ത്യ ചുംബനം കിട്ടിയിട്ട് വേണം അവനെ സെമിത്തേരിയിലേക്ക് യാത്രയാക്കാൻ..”…ജോയലിന്റെ അടുത്ത മെസ്സേജും വന്നു.
പാപിയായ സ്റ്റൈല്ലയുടെ ബാക്കിയുള്ള ജീവിതം ഇനി എന്റെ കണക്കു പുസ്തകത്തിന്റെ താളുകളിലാണ്.അത്രത്തോളം ദുഷിച്ചു പോയിരിക്കുന്നു അവളുടെ ശരീരവും മനസ്സും.അവളുടെ ജീവൻ ഞാനെടുക്കുമ്പോൾ , ഒരു ഭാരം ഭൂമിയിൽ
നിന്നും ഒഴിവാകും.അതാണ് എന്റെ മകനോടുള്ള എന്റെ കടം വീട്ടൽ.ഒരു പക്ഷെ ഒരപ്പൻ എന്ന നിലയിലുള്ള എന്റെ അവസാനത്തെ കടമ.
മനസ്സിൽ ഇപ്പോൾ അവളോടുള്ള വൈരാഗ്യം മാത്രമേയുള്ളു.ഐസ് പോലെ തണുത്തു മരവിച്ച എന്റെ പൊന്നു മോന്റെ മുഖം അവസാനമായി കാണുമ്പോഴെങ്കിലും എനിക്കൊന്നു പൊട്ടി ക്കരയാൻ കഴിഞ്ഞെങ്കിൽ.
ഒടുവിൽ ചിന്തകൾക്ക് വിരാമമിടുവിച്ചു കൊണ്ട് , ഫ്ളൈറ്റിനുള്ള അനൗസെമെന്റ് മുഴങ്ങി.വിധി
ഒരുക്കിവച്ച മറ്റൊരു പ്രവാസത്തിനായി മനസ്സൊരുക്കി , ഞാൻ ബാഗും കൈയിലെടുത്ത് ധൃതിയിൽ നടന്നു നീങ്ങി.
(പ്രവാസിയായ ഭർത്താവിനെ സ്നേഹിക്കുകയും , വിശ്വസിക്കുകയും , അവർക്കായി ജീവിക്കുകയും ചെയ്യുന്ന ഭാര്യമാർക്കൊക്കെ അപമാനകരം തന്നെയാണ് ഇങ്ങനെയുള്ള സ്റ്റൈല്ലമാർ)