ഭർത്താവ് മരിച്ച സ്ത്രീകൾ പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട് ഗോപു… അതിൽ ഒന്നാണ് ഇതുപോലെ വർണ്ണപകിട്ടാർന്ന

(രചന: അംബിക ശിവശങ്കരൻ)

ഒരാഴ്ച കൂടി കഴിഞ്ഞാൽ ഒരു കല്യാണം നടക്കേണ്ട വീടാണിത്. അച്ഛന്റെ മരണശേഷം ഇത് ഇപ്പോഴും ഒരു മരണ വീട് തന്നെയാണ്. ആരുടെയും സന്തോഷങ്ങൾ ഇല്ല. കളിച്ചിരിയില്ല. മൗനമായ തേങ്ങലുകൾ മാത്രം.

“അച്ഛൻ എന്നത് ഞങ്ങളെ സംബന്ധിച്ച് ഒരു നെടുംതൂണായിരുന്നു.ഒരു വീടിന്റെ നെടുംതൂൺ പെട്ടെന്ന് ഒരുനാൾ അടർന്നു വീണാലുള്ള അവസ്ഥ എന്തായിരിക്കും?

അമ്മ അച്ഛനെയും അച്ഛൻ അമ്മയെയും ഒരുപാട് സ്നേഹിച്ചിരുന്നു അച്ഛൻ പോയതിനുശേഷം അമ്മയുടെ ഒരു ചിരി കാണാൻ ഞാൻ ഏറെ കൊതിച്ചിട്ടുണ്ട്.”

ഒരു വർഷം… ഇന്നേക്ക് അച്ഛൻ പോയിട്ട് ഒരു വർഷം തികയുകയാണ്. ഒരു വർഷം എന്നത് എത്ര വേഗമാണ് പോയി മറഞ്ഞത്. ഇന്നലെയും അച്ഛന്റെ മടിയിൽ കിടന്നുറങ്ങിയ പോലൊരു തോന്നൽ.

മാറ്റമില്ലാതെ ഈ വീട്ടിൽ തുടരുന്നത് അമ്മയുടെ കണ്ണുനീർ ഒന്നുമാത്രമാണ്. പാവം എത്ര വേദന സഹിച്ചിട്ടുണ്ടാകും. ഇത്ര പെട്ടെന്ന് തന്റെ പാതി ജീവനെ അടർത്തി മാറ്റും എന്ന് അമ്മ കരുതി കാണുമോ?

പെട്ടെന്ന് ഇങ്ങനെയൊരു വിവാഹം നടത്തണമെന്ന് അമ്മ നിർബന്ധം പിടിച്ചതും അച്ഛൻ ബാക്കിവെച്ച് പോയ ഏറ്റവും വലിയ സ്വപ്നം നിറവേറ്റാനാണ്.

“അമ്മേ… നാളെയാണ് ഡ്രസ്സ് എടുക്കാൻ പോകേണ്ടത്. അരുണിന്റെ വീട്ടുകാർ വിളിച്ചിരുന്നു. നാളെ രാവിലെ അമ്മയെയും കൂട്ടി ചെല്ലാൻ പറഞ്ഞു.”

ചിന്തകളിൽ മുഴുകിയിരുന്ന അമ്മയെ മെല്ലെ ഞാനാണുണർത്തിയത്.”ഞാനില്ല ഗോപു… മേമയോട് വരാൻ പറഞ്ഞിട്ടുണ്ട്. നിങ്ങൾ രണ്ടാളും കൂടി പോയി എടുത്തിട്ട് വാ.. അമ്മയ്ക്ക് നല്ല സുഖമില്ലെന്ന് പറഞ്ഞാൽ മതി.”

” എന്താ അമ്മേ… സ്വന്തം കല്യാണത്തിന്റെ എല്ലാ കാര്യങ്ങൾക്കും അച്ഛനും അമ്മയും കൂടെ വേണമെന്ന് ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കില്ലേ?അച്ഛൻ എന്നെ ഓർക്കാതെ പോയി അമ്മ എങ്കിലും… ”

അവിടെവെച്ച് എന്റെ വാക്കുകൾ മുറിഞ്ഞതും അമ്മയെന്നെ ചേർത്തുപിടിച്ചു

“ഞാൻ വരാം ഗോപു.. അച്ഛൻ മാത്രമേ പോയിട്ടുള്ളൂ…അച്ഛന്റെ സ്ഥാനത്ത് കൂടി നിന്ന് കാര്യങ്ങൾ ചെയ്യാൻ അമ്മ നിന്റെ കുടെയുണ്ട് എന്റെ കുട്ടി വിഷമിക്കേണ്ട.”

ഞാൻ അമ്മയുടെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് കണ്ണുകൾ ഇറക്കി അടച്ചു. പിറ്റേന്ന് രാവിലെ ഒൻപതു മണിയോടുകൂടി ഞങ്ങൾ വീട്ടിൽ നിന്നും പുറപ്പെട്ടു.

ടെക്സ്റ്റൈൽസിൽ എത്തുമ്പോഴേക്കും കിരണും വീട്ടുകാരും അവിടെ ഞങ്ങൾക്ക് വേണ്ടി കാത്തുനിൽപ്ണ്ടായിരുന്നു

എല്ലാവരും ഒരുമിച്ചു കൂടിയപ്പോൾ ഒരു ബഹളമായിരുന്നു അപ്പോഴും അതിലൊന്നും പെടാതെ ഒരു സൈഡിലേക്ക് അമ്മ മാറിനിന്നു.

കല്യാണ പുടവ എടുത്തു കഴിഞ്ഞ് അമ്മയ്ക്ക് വേണ്ടി സാരി സെലക്ട് ചെയ്തുകൊണ്ടിരുന്ന എന്നെ അമ്മ മനപ്പൂർവം വിലക്കി.

“എനിക്ക് പുതിയ സാരി എടുക്കേണ്ട മോളെ… അലമാരിയിൽ ഒരുപാട് സാരികൾ ഉണ്ട് ഞാൻ അതിൽ നിന്നും ഏതെങ്കിലും ഉടുത്തോളാം.”

” എന്താ അമ്മേ എല്ലാവരും പുതിയ ഡ്രസ്സ് എടുക്കുമ്പോൾ അമ്മ മാത്രം പഴയ വസ്ത്രം ധരിക്കുകയാണോ? അതും സ്വന്തം മകളുടെ വിവാഹത്തിന്? ”

എന്റെ നിർബന്ധപ്രകാരമാണ് പുതിയ സാരി വാങ്ങാമെന്ന് അമ്മ സമ്മതിച്ചത്. അമ്മയ്‌ക്കായി ഞാൻ തിരഞ്ഞെടുത്ത വിലകൂടിയ പട്ടുസാരികൾ മാറ്റിവെച്ച് അമ്മയുടെ കണ്ണുകൾ ചെന്നു പെട്ടത് വിലകുറഞ്ഞ ഒരു നരച്ച കളർ സാരിയിലേക്കാണ്.

“എന്തിനാ അമ്മേ ഈ മങ്ങിയ കളർ സാരി തന്നെ എടുക്കുന്നത്?”എനിക്ക് വല്ലാത്ത നിരാശ തോന്നി.

” ഭർത്താവ് മരിച്ച സ്ത്രീകൾ പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട് ഗോപു… അതിൽ ഒന്നാണ് ഇതുപോലെ വർണ്ണപകിട്ടാർന്ന വസ്ത്രങ്ങൾ ഒഴിവാക്കുക എന്നത്. ”

” അമ്മയുടെ സംസാരം കേട്ട് ശരിക്കും എനിക്ക് അരിശം വന്നു. ഈ നാട്ടുകാർ എന്തുപറയും എന്ന ചിന്ത ഇല്ലായിരുന്നുവെങ്കിൽ

ഒരുപക്ഷേ ഭർത്താവ് മരണപ്പെട്ട പല അമ്മമാരും തങ്ങളുടെ ഇഷ്ടങ്ങൾ ത്യജിച്ചു ജീവിക്കേണ്ടി വരില്ലായിരുന്നു. ഭർത്താവ് മരണപ്പെട്ടാൽ പിന്നെ ആ സ്ത്രീയുടെ ജീവിതം എങ്ങനെയാണ് എന്ന് തീരുമാനിക്കേണ്ടത് നാട്ടുകാരാണോ? ”

അമ്മയ്‌ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ചോട്ടെ….ഇഷ്ടമുള്ള കളറുകൾ തിരഞ്ഞെടുതോട്ടെ…. താലി അണിഞ്ഞോട്ടെ… ഇനി വേണമെങ്കിൽ സിന്ദൂരവും തൊട്ടോട്ടെ… അച്ഛൻ കൂടെ ഉണ്ടെന്നുള്ള തോന്നൽ കൂടിയല്ലേ അത്?

എന്നാൽ ഞാൻ എത്ര നിർബന്ധിച്ചിട്ടും അമ്മ അതിനു വഴങ്ങിയില്ല.ഉച്ച കഴിഞ്ഞതോടെയാണ് ഞങ്ങൾ വീട് എത്തിയത്.

വന്ന പാടെ തനിക്കായി വാങ്ങിയ പുതുപുത്തൻ സാരി രണ്ടുമൂന്നുവട്ടം വെള്ളത്തിൽ മുക്കി പിഴിഞ്ഞ് ഇടുന്ന അമ്മയെയാണ് ഞാൻ കണ്ടത്.വിധവകൾ കോ ടി ഉടുക്കാൻ പാടില്ലത്രെ…

“എന്തിനാ അമ്മേ ഇങ്ങനെയൊക്കെ? നമ്മളെ അത്രയേറെ സ്നേഹിച്ചിരുന്ന അച്ഛൻ ഇതൊക്കെ കണ്ടു സന്തോഷിക്കുമെന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ?

നമ്മൾ നല്ല വസ്ത്രങ്ങൾ ധരിച്ചും ഇഷ്ടമുള്ളത് കഴിച്ചും ജീവിക്കാൻ അല്ലേ അച്ഛൻ ആഗ്രഹിക്കുന്നുണ്ടാവുക? ഇഷ്ടമാവില്ലമ്മേ ഇതൊന്നും അച്ഛന് ഇഷ്ടമാകുന്നുണ്ടാകില്ല.”അമ്മ ഒന്നും പറഞ്ഞില്ല.

രണ്ടുദിവസം കഴിഞ്ഞതും പന്തലിടാൻ ആളു വന്നു. അച്ഛന്റെ സ്ഥാനത്തുനിന്ന് എല്ലാത്തിനും മേൽനോട്ടം വഹിച്ചത് അമ്മയുടെ ആങ്ങള സുധി മാമൻ ആയിരുന്നു കല്യാണം അടുക്കുംതോറും ബന്ധുക്കൾ ഓരോരുത്തരായി വന്നു പോയിക്കൊണ്ടിരുന്നു.

” കഴിഞ്ഞവർഷം ഇതേസമയം നമ്മളോടൊപ്പം ഉണ്ടായതല്ലേ നമ്മുടെ രാഘവൻ….. വിധി അല്ലാതെന്താ…? ”

കൂട്ടത്തിൽ വന്നൊരു വൃദ്ധയായ സ്ത്രീ പറഞ്ഞത് കേട്ട് ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി. സങ്കടം അത്രയും കടിച്ചമർത്തി നിൽക്കുകയാണെന്ന് ആമുഖത്ത് എഴുതിവെച്ചിട്ടുണ്ട്.എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന പരിവത്തിൽ.

എല്ലാവരും പോയി വീട് ഒഴിഞ്ഞ ശേഷമാണ് അമ്മയുടെ മുറിയുടെ വാതിൽക്കൽ ചെന്ന് എത്തിനോക്കിയത്.

തലയണ കടിച്ചമർത്തി ശബ്ദമില്ലാതെ കരയുകയാണ്. കരയട്ടെ മതിവരുവോളം കരയട്ടെ… ഉള്ളിലെ സങ്കടങ്ങൾ അത്രയും കരഞ്ഞു തീർക്കട്ടെ…

ഞാനവിടെ നിന്നും നേരെ ചെന്ന് അച്ഛന്റെ ഫോൺ അഭിമുഖം ആയിരുന്നു.” മരിച്ചവർ പോകുമ്പോൾ ഒന്നും കൊണ്ടുപോവാറില്ല എന്നല്ലേ അച്ഛൻ പറയാറ്… എന്നിട്ട് അച്ഛൻ കൊണ്ടുപോയല്ലോ.. എന്റെ അമ്മയുടെ ചിരി, ഞങ്ങളുടെ സന്തോഷങ്ങൾ എല്ലാം അച്ഛൻ കൊണ്ടുപോയില്ലേ ? ”

എന്റെ കണ്ണിൽ നിന്നും രണ്ട് അഗ്നിഗോളങ്ങൾ അടർന്നുവീണു.കല്യാണ ദിവസം രാവിലെ ഒരുങ്ങുന്ന തിരക്കിലായത് കൊണ്ട് തന്നെ എനിക്ക് മറ്റൊന്നും ശ്രദ്ധിക്കാനായില്ല.ഒരുക്കം പൂർണമാകാൻ നേരത്താണ് വാതിൽക്കൽ പ്രത്യക്ഷപ്പെട്ട അമ്മയെ കണ്ടു ഒരു നിമിഷം ഞാൻ സ്തംഭിച്ചു നിന്നു പോയത്.

അച്ഛന് ഏറെ പ്രിയപ്പെട്ട നീല കളർ പട്ടുസാരിയിൽ അമ്മ അതീവ സുന്ദരിയായിരിക്കുന്നു.

കഴുത്തിലെ താലിമാലയും നെറുകയിലെ സിന്ദൂരവും എന്നോ നഷ്ടപ്പെട്ട പ്രൗഢി തിരികെ കൊണ്ടുവന്നിരിക്കുന്നു. അപ്രത്യക്ഷമായ പുഞ്ചിരി ഒരിക്കൽ കൂടി തിരികെ വന്നത് കണ്ട് ഒരു നിമിഷം ഞാനത് ആസ്വദിച്ചു നിന്നുപോയി.

വിശ്വസിക്കാനാകാതെ ഞാൻ അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു.”മോള് അന്ന് പറഞ്ഞത് ഓർമ്മയില്ലേ ചിന്തിച്ചപ്പോൾ എനിക്കും തോന്നി അത് ശരിയാണെന്ന്. അച്ഛന് ഇതൊന്നും ഇഷ്ടമാകില്ല… നമ്മൾ സങ്കടത്തോടെ ഇരുന്നാൽ ഒരിക്കലും അച്ഛന്റെ ആത്മാവിന് ശാന്തി കിട്ടില്ല.

അച്ഛൻ സന്തോഷിക്കട്ടെ…ഞാൻ സിന്ദൂരം തൊട്ട് കാണാനായിരുന്നു അച്ഛന് ഏറ്റവും ഇഷ്ടം. അതിനി എന്റെ മരണംവരെ അവിടെ കിടന്നോട്ടെ.. ആര് എന്തു പറഞ്ഞാലും. അച്ഛൻ എവിടെയും പോയിട്ടില്ല നമ്മുടെ കൂടെ തന്നെയുണ്ട്.

ഒരു വർഷത്തോളമായി കാണാൻ കൊതിച്ച മുഹൂർത്തം സത്യമാണോ എന്ന് പോലും വിശ്വസിക്കാൻ കഴിയാതെ ഞാൻ അമ്മയെ കെട്ടിപ്പിടിച്ചു. മതിവരുവോളം അമ്മ എന്നെ ചേർത്തുപിടിച്ച് വാത്സല്യപൂർവ്വം നെറുകയിൽ ഉമ്മ വെച്ചു.

ഇത്തരം സ്ത്രീകൾ ഇപ്പോഴും ഉണ്ടോ എന്ന് സംശയിക്കുന്നവരോട്… തീർച്ചയായും ഉണ്ട് ഭർത്താവിന്റെ മരണശേഷം ഇപ്പോഴും വെള്ള വസ്ത്രം മാത്രം അണിഞ്ഞ് ജീവിക്കുന്ന ഒരുപാട് അമ്മമാർ ഇപ്പോഴും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *