പ്രാണന്റെ ചേതനയറ്റ ശരീരത്തിൽ മുഖമമർത്തി കരയുന്നവളെ നോക്കി നിക്കാനേ എല്ലാവർക്കും കഴിഞ്ഞുള്ളു…. പിന്നെയെപ്പഴൊ ചിലമ്പ് അഴിച്ച

നൂപുര ധ്വനി
(രചന: ദയ ദക്ഷിണ)

ആ ഇരുട്ടുമുറിയിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ അവളുടെ മനസ് ഇവിടെങ്ങും അല്ലായിരുന്നു…..

കാറ്റിനുപോലും വിലക്കെർപ്പെടുത്തികൊണ്ട് മുറിയിലെ അന്ധകാരത്തെ ആസ്വദിച്ചു മരവിച്ചിരിക്കുമ്പോൾ ഭൂതകാലത്തിലേക്കൊരു ഓട്ട പ്രദക്ഷിണം പോലും നടക്കാൻ അനുവദിക്കാതെ

മനസിനെയും അവളെപ്പോലെ തന്നെ തളച്ചിടുകയായിരുന്നു…. വർഷങ്ങളായി കാലിലെ ആഭരണമായി മാറിയ ചങ്ങലയുടെ കിലുക്കം മാത്രം അവിടെ പ്രതിധ്വനിച്ചു….

അവളുടെ കാതിനെ ആനന്ദത്തിലാഴ്ത്തുന്ന സംഗീതവും അവയാണ്….. അന്ന് ചിലങ്കയെങ്കിൽ ഇന്ന് അവളുടെ പാദങ്ങളുടെ അലങ്കരിക്കുന്നത് ചങ്ങലയാണ്…..

വേദികളിൽ നിന്നും വേദികളിലേക്ക് പറന്നു നടന്നവൾ ഇന്നൊരു മുറിയിൽ ഏകാന്തതയെ പ്രണയിച്ചു കഴിയുന്നു….

കണ്ണിൽ കുസൃതിയൊളിപ്പിച്ച കൗമാരക്കാരിയിൽ നിന്നും വിഷാദം നിത്യസന്ദർശകരാവുന്ന….. കണ്ണുനീരിനുപോലും വെറുപ്പ്‌ തോന്നുന്നവളായി പരിണാമം…..

കുടുംബവും കൂട്ടുകാരും ഒക്കെയുള്ള തൊടിയും കുളവും അമ്പലപ്പറമ്പുകളും ആൽമരവും പാടങ്ങളും മനപാഠമായ വയലിൽ വിരുന്നെത്തുന്ന ദേശാടനക്കിളികളോട് പോലും കിന്നാരം ചൊല്ലുന്ന വായാടിയിൽ നിന്നും എത്ര പെട്ടെന്നാണവൾ മൗനത്തെ സ്നേഹിച്ചു തുടങ്ങിയത്….

നാലുപാടും പരതി നടക്കുന്ന മാൻ പേടക്കണ്ണുകൾ എത്ര നിസ്സാരമായാണ് ഒരു ദിശയിലേക്ക് മാത്രമായി ദൃഷ്ടിയൂന്നുന്നത്…..

“വിധി ” തന്റെ സാഹചര്യങ്ങളെ വിശേഷിപ്പിക്കാൻ മനുഷ്യനുപയോഗിക്കുന്ന അലങ്കാര പദം….. എല്ലാ നിസ്സഹായാവസ്ഥയും സങ്കടങ്ങളും അമർഷവും തോൽവിയുമെല്ലാം ഈ രണ്ടാക്ഷരത്തിലൊതുക്കാനാണ് നമുക്കിഷ്ട്ടം….

ഇവിടെ ഇവളുടെ സ്ഥിതിയും മറിച്ചല്ല…. വിധിയാണിവിടെയും വില്ലൻ…

നിന്‍റെ നൂപുര മര്‍മ്മരം ഒന്നു
കേള്‍ക്കാനായ് വന്നു ഞാന്‍
നിന്‍റെ സാന്ത്വന വേണുവില്‍
രാഗലോലമായ്….. (എന്തിനു വേറൊരു…)

രാവിലെ ചിലങ്കയിൽ താളം പിടിക്കുമ്പോഴാണ് അപ്പുറത്തെ വീട്ടിൽ നിന്ന് മധുരമായ ശബ്ദം ഒഴുകിയെത്തിയത്….

കാൽപാദത്തിലേക്ക് തന്റെ ഹൃദയത്തെ ചേർക്കുമ്പഴും വരദയുടെ കാതുകൾ ആ സ്വരമാധുര്യത്തിൽ ലയിച്ചിരിക്കുകയായിരുന്നു….

ചുവടുകളോരോന്നായി വയ്ക്കുന്ന നേരത്തും പാട്ടൊഴുകി വന്ന ദിശയിലേക്ക് കണ്ണും മനസും ഒരുപോലെ ചേക്കേറുകയായിരുന്നു…

പ്ലസ് ടു കഴിഞ്ഞപ്പഴേക്കും ഉപരിപഠനത്തിനായി ബാംഗ്ലൂർലേക്ക് പോയിരുന്നു…

ചെറുപ്പത്തിൽ തന്നെ നൃത്തത്തിൽ കമ്പമുണ്ടായിരുന്നതിനാൽ അടുത്തുള്ള നൃത്ത വിദ്യാലയത്തിൽ അഭ്യസിച്ചിരുന്നു…. അരങ്ങേറ്റം നടക്കാൻ 4 മാസം സമയമുള്ളപ്പോൾ ആണ് ബാംഗ്ലൂർ നഗരത്തിലേക്ക് പറിച്ചു നട്ടത്…

അതിനാൽ പഠനവും തിരക്കും നാട്ടിൽ നിന്നും മാറിനിന്നതുമൊക്കെയായി പ്രാക്റ്റീസ് ചെയ്യാനുള്ള സമയങ്ങൾ വിരളമായിരുന്നു… എന്നാലും ആ ചിലങ്കയോടുള്ള അതിയായ പ്രണയം കൊണ്ട് ഇടയ്ക്കൊക്കെ താളം പിടിക്കാറുണ്ട്…..

വയലും അമ്പലക്കുളവും തറവാടും ഒക്കെയായി നടന്നവൾ നഗരത്തിന്റെ കാണാ കാഴ്ചകളിലേക്ക് കൊച്ചുകുട്ടിയെപ്പോലെ നടന്നടുത്തപ്പോൾ ഒരുതരം പരിഭ്രമമായിരുന്നു…

സാഹചര്യങ്ങൾക്കനുസരിച് മാറാൻ മനുഷ്യനോളം കഴിവ് ആർക്കുമില്ലല്ലോ എന്റെ കാര്യത്തിലും മറിച്ചൊന്നും സംഭവിച്ചില്ല…. കുറച്ചു നാളത്തെ അപരിചിതത്വത്തിന് ശേഷം ഞാൻ കർണാടകയുടെ വളർത്തുപുത്രിയായി…..

പക്ഷെ എത്രയൊക്കെ നഗരവൽക്കരണമെന്ന് പറഞ്ഞാലും നാടിന്റെ ഗന്ധം നാസികയിലേക്ക് തുളച്ചുകയറുമ്പോൾ ഞാൻ ആ പാട്ടുപാവാടക്കാരിയാവും….

കുളത്തിൽ മുങ്ങിക്കുളിച്ചു ചന്ദനം ചാർത്തി വയലേലകളിൽ ഓടിക്കളിച്ചു….. തുമ്പിയെപ്പിടിച്…

കാവിലെ ഉത്സവം കൊച്ചുകുട്ടിയെന്ന പോലെകൺകുളിർക്കേ കാണും…. നാട് ഒരു തരത്തിൽ എനിക്കെന്റെ ബാല്യത്തിലേക്കുള്ള തിരിച്ചുപോക്കാണ്….

ചിന്തകൾക്ക് വിരാമമിട്ട് താളം ചവിട്ടുമ്പോഴും ഗാനസാഗരം എന്റെ ചെവിയിലെക്കലയടിച്ചു കൊണ്ടേയിരുന്നു….

ആ സ്വരത്തിൽ ലയിച്ചു ഞാനും നടനം തുടർന്നു…. പിന്നീട് അമ്മയോട് ചോദിച്ചപ്പോൾ അറിഞ്ഞു 4 മാസമായി മാധവൻ നായരുടെ വീട്ടിൽ വാടക്കാരനാണ്….
പ്രവീഷ് ദേവനാരായണൻ
സംഗീത കോളേജിലാണ്….

ഓ വെറുതെയല്ല രാവിലെ പുള്ളി സാധകം ചെയ്തതാവും…. ഞാൻ മനസ്സിൽ ചിന്തിച്ചു…. പിറ്റേന്ന് അമ്പലത്തിൽ പോവുമ്പോൾ എവിടെയോ പോവാനായി ഇറങ്ങി വരുന്നത് കണ്ടു….

പരിചയ ഭാവത്തിലൊന്ന് ചിരിച്ചെങ്കിലും തിരിച്ചു ഇങ്ങോട്ട് കിട്ടിയില്ല… അതിന്റെ നീരസത്തിൽ പിന്നൊരു സംസാരത്തിന് നിന്നില്ല വേഗം അമ്പലത്തിലേക്ക് നടന്നു….

വീട്ടിലെത്തുമ്പോൾ അച്ഛനോട് സംസാരിച്ചു നിൽക്കുന്നത് കണ്ടെങ്കിലും രാവിലത്തെ അനുഭവം മനസ്സിൽ വെച്ച് കാണാത്ത ഭാവത്തിൽ കയറിപോയി….

പ്രവി മോനെ പരിചയപ്പെട്ടോന്ന് അമ്മ ചോദിച്ചപ്പോളും കെറുവിച്ചുകൊണ്ട് കയറിപ്പോയി…. അമ്മയുടെ പ്രവിമോൻ എന്നുള്ള സംബോധന ഇഷ്ടപ്പെട്ടില്ല അത് തന്നെ കാരണം…… മ്മക്ക് അസ്സൂയ തീരെ ഇല്ലാട്ടോ..

പിന്നെയും പലതവണ കണ്ടെങ്കിലും ഞാൻ ആയിട്ടൊരു സൗഹൃദം രൂപപ്പെടുത്താൻ തുനിഞ്ഞില്ല…. അമ്മയോടും അച്ഛനോടും കൂട്ടായവൻ എന്നോട് ശത്രുത പുലർത്തുന്നതും കാരണമായി…

കുറച്ചു ദിവസങ്ങൾക്കു ശേഷം വയൽക്കരയിൽ ഇരിക്കുന്ന എന്റെയടുത്തു വന്ന് സംസാരിക്കുന്നവനെ അത്ഭുതത്തോടെ നോക്കി….

പിണക്കമാണോ എന്ന് ചോദിച്ചപ്പോൾ “എന്തിന് “എന്ന ഭാവം ആയിരുന്നു….
തന്നോടെനിക്ക് ഒരു വെറുപ്പുമില്ലാട്ടോ…. വെറുതെ തന്നെ കളിപ്പിക്കാൻ വേണ്ടിയാ ഞാൻ..

അമ്മയും അച്ഛനും വർണിച്ചു തന്ന്‌ എന്റെ മനസ്സിൽ കുടിയേറിപ്പാർത്ത ” നാട്യ മയൂരി “വരദ എന്ന അവരുടെ ഒരേയൊരു പുത്രിയെ ആദ്യമായി കാണുമ്പോൾ തന്നെ പരിചയം കാണിച്ചാ മോശല്ലേ….

ഒരു കണ്ണിറുക്കി പറയുന്നവനെ ഞെട്ടലോടെ നോക്കി…. പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്…

പക്ഷെ ഞാൻ അപ്പഴും അവന്റെ വാക്കുകൾ തന്ന ആഘാതത്തിൽ നിന്ന് പുറത്തു വരാൻ പ്രയാസപ്പെടുകയായിരുന്നു…. ഇയാളുടെ നൃത്തം എനിക്കിഷ്ട്ടാ ട്ടോ… അന്ന് പാട്ട് കേട്ടപ്പഴാ ഞാനും കൂടെ പാടിയത്….

അന്ന് അവിടെ നിന്നുപോരുമ്പോൾ അതുവരെ മനസിൽ കറുത്ത വരകൊണ്ട് അടയാളപ്പെടുത്തിയ മുഖം ശോഭയോടെ തെളിഞ്ഞു വന്നു…..

പിന്നെയങ്ങോട്ട് പ്രണയ കാലം ആയിരുന്നു…. തൊടിയും പുഴയും കുന്നിൻ ചെരിവും അരളി പൂക്കളും നമ്മുടെ പ്രണയത്തിന്റെ മൂകസാക്ഷികളായി….

അന്നൊരിക്കൽ പുഴയിലേക്ക് കണ്ണും നട്ടിരിക്കുന്ന എന്റെ കണ്ണുകൾക്ക് മീതെ കറുത്ത മറ വന്നുമൂടിയപ്പോൾ തന്നെ ബോധ്യമായി അതെന്റെ പ്രാണൻ ആണെന്ന്…. കയ്യിലൊരു ഇലപൊതിയുമുണ്ട്….

അത് ആവേശത്തോടെ കൈ നീട്ടി വാങ്ങി തുറന്ന് നോക്കിയപ്പോൾ കണ്ടു കുറച്ചു ചെമ്പരത്തിപ്പുകളും കുപ്പിവളകളും….
എന്തിനെന്ന അർത്ഥത്തിൽ കണ്ണ് വിടർത്തി ചോദിച്ചപ്പോൾ പറഞ്ഞു

“എന്റെ പെണ്ണിനോട് എനിക്കുള്ള പ്രണയം ചെമ്പരത്തിപ്പൂ പോലെയാണ്…. അത്ര മേൽ ഭ്രാന്തമായത്…. വാകയ്ക്കും പനിനീർ പൂവിനും പ്രണയഭാവങ്ങളാണ് എങ്കിലും ചെമ്പരത്തിയോളം ഇല്ല പെണ്ണെ….

അതിനെ ഭ്രാന്തിന്റെ പുവായ് എല്ലാരും സങ്കൽപ്പിക്കുമ്പോഴും എനിക്കത് തിവ്രമായ പ്രണയത്തിന്റെ അടയാളമാണ്….

പ്രണയത്തിനെന്നും ചുവപ്പ് നിറമാണല്ലോ …. അതിനോളം വലിയ വിപ്ലവമുണ്ടോ?”അത്രയും ആർദ്രമായ സ്വരത്തിൽ പറഞ്ഞു നിർത്തിയപ്പോൾ ഞാനും ആ പൂക്കളെ നെഞ്ചോട് ചേർത്ത് പിടിച്ചു….

ചെമ്പരത്തി പൂവിന്റെ ചുവപ്പാണ് എന്റെ പെണ്ണിന്റെ കവിളുകൾക്ക്…. നാണത്തിന്റെ ചുവപ്പ് രാശി….

പിന്നെയെപ്പഴോ വീട്ടിൽ വന്ന് സംസാരിച്ചപ്പോൾ തങ്ങളുടെ പ്രണയത്തെ ജർവിതമാക്കാൻ വീട്ടുകാർക്ക് പൂർണ സമ്മതം…..
അങ്ങനെ ചെമ്പരത്തിപ്പെണ്ണിനെ അവളുടെ ഗാനഗന്ധർവ്വൻ സ്വന്തമാക്കി…

നെറ്റിയിലെ സിന്ദൂര ചുവപ്പിൽ അമർത്തി മുത്തിക്കൊണ്ട് പ്രാണൻ എന്നെ അവന്റെ നെഞ്ചോട് ചേർത്തപ്പോൾ ഏറ്റവും സുരക്ഷിതമായ കരങ്ങളിൽ ഒതുങ്ങി ഞാനുമിരുന്നു….

നിലാവിൽ കുളിച് നിൽക്കുന്ന കുളത്തെ ചൂണ്ടി എന്റെ പാതിയെന്നോട് പറഞ്ഞു തുടങ്ങി

കണ്ടോ പെണ്ണെ…. ആമ്പൽപ്പൂക്കൾ അമ്പിളിക്കലയുമായി പ്രണയത്തിലാണ്… കാർമേഘം വിരുന്നു വരുമ്പോൾ ഓടിയോളിക്കുന്ന അമ്പിളി കലയെ കാണുന്ന നേരം ആമ്പൽ പെണ്ണ് മുഖം കുനിക്കും….

അതുപോലെയാടി എനിക്ക് നീയും …. മൂവന്തിക്ക് അസ്തമയ സൂര്യന്നോടെന്ന പോലുള്ള സുന്ദരമായ പ്രണയം….

നിലവിന്റെ നീല ഭസ്മ കുറിയണിഞ്ഞവളെ…. കാതിലോല കമ്മലിട്ട് കുണുങ്ങി നിൽപ്പവളെ

അവളുടെ നിലാവ് തോൽക്കുന്ന മുഖത്തുനോക്കി പാടിയപ്പോൾ മുഖം താനേ കൂമ്പിയടഞ്ഞു….

” ആ പെണ്ണില്ലേ വരദ അവളുടെ ചെക്കൻ ഒരു ആക്‌സിഡന്റിൽ മരിച്ചു എന്നാരോ പറഞ്ഞപ്പഴും വിശ്വസിക്കാനായില്ല ശ്വാസം നിലച്ചുപോയി… മിഴികൾ നിറഞ്ഞു തൂവി…

പ്രാണന്റെ ചേതനയറ്റ ശരീരത്തിൽ മുഖമമർത്തി കരയുന്നവളെ നോക്കി നിക്കാനേ എല്ലാവർക്കും കഴിഞ്ഞുള്ളു….

പിന്നെയെപ്പഴൊ ചിലമ്പ് അഴിച്ച കാലുകളിൽ ചങ്ങല കണ്ണികൾ സ്ഥാനം പിടിച്ചു….

അഴിഞ്ഞുലഞ്ഞ മുടിയിഴകളെ ഒതുക്കാതെ സ്വന്തന്ത്രമാക്കകി മിഴികളിൽ നനവ് ഉണങ്ങിപ്പറ്റി കിടക്കുന്നു….

അപ്പഴും തൊടിയിലെ ചെമ്പരത്തി തയ്കൾ പൂക്കൾ പൊഴിച്ചുകൊണ്ടിരുന്നു… പറിച്ചെടുത്തു പ്രിയതമയ്ക്ക് നൽകാൻ അവനില്ലെന്നറിയാതെ…..

Leave a Reply

Your email address will not be published. Required fields are marked *