തനിക്ക് തോന്നിയിട്ടുള്ളത് മുഴുവൻ ചില പെണ്ണുങ്ങളോട് ആണ്.. ഇതെന്താ തനിക്ക് മാത്രം ഇങ്ങനെ എന്നായിരുന്നു

(രചന: J. K)

“” അതെ ഇന്നാള് നമ്മുടെ മോള് ഒരു കല്യാണത്തിന് പോയില്ലേ അവിടെനിന്ന് അവളെ കണ്ട് ഇഷ്ടപ്പെട്ട് എന്ന് പറഞ്ഞ്, ഒരു കൂട്ടര് വന്നിട്ടുണ്ടെന്ന് സോണി ആണ് പറഞ്ഞത്.. ഞാൻ എന്താണ് അവരോട് തിരിച്ചു പറയേണ്ടത്.. “”

രാത്രി കിടക്കാൻ നേരം എൽസ ഭർത്താവിനോട് ചോദിച്ചു…”” എന്തു പറയാൻ അവർക്ക് ഇഷ്ടമായതു കൊണ്ടായില്ലല്ലോ ഇനിയും കുറെ കടമ്പകളില്ലേ ഒരു കാര്യം ചെയ്യ് അവരോട് വന്ന് മോളെ ഒന്ന് കാണാൻ പറ

എന്നിട്ട് ബാക്കി കാര്യങ്ങൾ സംസാരിക്കാം ഏതായാലും കല്യാണം കഴിപ്പിച്ചു വിടണം ഇതിപ്പോ നല്ലൊരു ബന്ധം ആണെങ്കിൽ പിന്നെ എന്താ തടസ്സം “”

ബാബു അങ്ങനെ പറഞ്ഞതും എൽസ യുടെ മുഖത്ത് ഒരു സന്തോഷം വന്നു നിറഞ്ഞു..

അയാൾ അറിഞ്ഞാൽ സമ്മതിക്കില്ല എന്നാണ് എൽസ കരുതിയത് മകൾ പഠിക്കട്ടെ എന്ന് തീരുമാനിക്കുമെന്ന് പക്ഷേ അയാളുടെ ഈ ഒരു തീരുമാനം അവൾക്ക് എന്തോ സന്തോഷം നൽകി.

പെൺ മക്കൾ കൂടുതൽ പഠിച്ചിട്ട് കാര്യമില്ല എത്രയും പെട്ടെന്ന് അവരെ വിവാഹം കഴിച്ചയക്കണം അല്ലെങ്കിൽ ചീത്ത പേരുകേൾപ്പിക്കും എന്നൊക്കെയാണ് എൽസയുടെ ധാരണ….

തന്നെയും തന്റേ കുടുംബത്തിൽ നിന്ന് അങ്ങനെയാണ് ചെയ്തത് പഠിക്കാൻ വളരെ മിടുക്കിയായിരുന്നു താൻ പത്താം ക്ലാസിൽ ഡിസ്റ്റിങ്ഷനടുത്ത് മാർക്കുണ്ട്

എന്നിട്ട് എന്തേ ഉണ്ടായി ഒരു പ്ലാന്ററുടെ വിവാഹാലോചന വന്നപ്പോൾ പിന്നെ ഒന്നും നോക്കാതെ കല്യാണം കഴിപ്പിച്ചു വിട്ടു. അതുകൊണ്ട് എന്താ ഇപ്പോൾ മൂന്ന് നേരം കഞ്ഞി കുടിച്ചു കിടക്കുന്നു..

അവൾ ഓർത്തു..അലീനയോട് പിറ്റേദിവസം പറയാം എന്നാണ് കരുതിയിരുന്നത് പക്ഷേ മനസ്സ് സമ്മതിച്ചില്ല അതുകൊണ്ടാണ് രാത്രി തന്നെ അവളോട് ഇത് പറയാൻ വേണ്ടി ചെന്നത്..

വിവാഹ കാര്യം പറഞ്ഞപ്പോൾ അവളുടെ നെറ്റിയിൽ വന്ന ചുളിവുകൾ മനസ്സിലാക്കി കൊടുത്തിരുന്നു അവൾക്ക് ഈ വിവാഹാലോചന ഇഷ്ടപ്പെട്ടിട്ടില്ല എന്ന്…

എന്തൊക്കെ പറഞ്ഞാലും പെൺകുട്ടികളുടെ തീരുമാനം അല്ല ഇവിടെ മുതിർന്നവരുടേതാണ് എന്ന് അവളോട് കടുപ്പിച്ചു തന്നെ പറഞ്ഞു എൽസ…

അത് കേൾക്ക് അലീനയ്ക്ക് വല്ലാതെ ഭയം വരാൻ തുടങ്ങിയിരുന്നു…ഇതുവരെയ്ക്കും അവൾക്ക് ഒരു പുരുഷനോടും അങ്ങനെ ഒരു അട്രാക്ഷൻ തോന്നിയിട്ടില്ല..

തനിക്ക് തോന്നിയിട്ടുള്ളത് മുഴുവൻ ചില പെണ്ണുങ്ങളോട് ആണ്.. ഇതെന്താ തനിക്ക് മാത്രം ഇങ്ങനെ എന്നായിരുന്നു അവൾ ഭയപ്പെട്ടിരുന്നത് ഒരു കാലം വരെ അത് നോക്കി കണ്ടത് പക്ഷേ പിന്നീട് മനസ്സിലായി സമൂഹത്തിൽ ഇത്തരത്തിലും ആളുകൾ ഉണ്ട് എന്ന്…

പക്ഷേ അവൾക്കത് തുറന്നു പറയാൻ ഭയമായിരുന്നു എന്ത് പറയും തനിക്ക് ഒരു പെണ്ണിനോടാണ് താല്പര്യം തോന്നുന്നത് എന്നോ?? എങ്കിൽ തന്നെ അത് മറ്റുള്ളവർ എങ്ങനെ എടുക്കും…

ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല അലീനയ്ക്ക്…ആ വിവാഹാലോചന തന്നെ ഉറപ്പിച്ചു അവരുടെ സ്വത്തും മറ്റും കണ്ട് എത്സ യുടെയും ബാബുവിന്റെയും കണ്ണു മഞ്ഞളിച്ചിരുന്നു അതുകൊണ്ടുതന്നെ മറ്റൊന്നും ചിന്തിക്കാതെ ആ വിവാഹം നടത്തി..

പക്ഷേ വിവാഹം കഴിഞ്ഞതോടുകൂടി കാര്യങ്ങൾ അലീനയുടെ കൈവിട്ടുപോയി.. ഒരു ദയയും ദാക്ഷിണ്യവും ഇല്ലാത്ത മുരട്ട് സ്വഭാവമായിരുന്നു അവളുടെ ഭർത്താവിന്റേത്..

ലൈംഗിക ജീവിതം പോലും അയാളുടെ ഇഷ്ടപ്രകാരമായിരുന്നു അവളുടെ അറിവോ സമ്മതമോ പോലും അയാൾക്ക് വേണ്ടിയിരുന്നില്ല.. അയാളുടെ വഴങ്ങി കൊടുക്കുക എന്നതിലുപരി അവൾക്കവിടെ യാതൊരു സ്ഥാനവും ലഭിച്ചില്ല..

തീർത്തും മറ്റൊരു വ്യക്തിത്വം ഉള്ളിൽ തളച്ചിട്ട് കഴിയുന്ന അവൾക്ക് അത് ശ്വാസം മുട്ടുന്ന പോലെയായിരുന്നു..

തന്റെ ഉള്ളിലെ പ്രശ്നങ്ങൾ അയാളോട് തുറന്നുപറയാൻ പറ്റില്ല എന്ന് അയാൾക്ക് അത് ഒരിക്കലും ഉൾക്കൊള്ളാൻ ആവില്ല എന്നുമുള്ള പൂർണ്ണ ബോധ്യം അവൾക്കുണ്ടായിരുന്നു അതുകൊണ്ട് തന്നെ അവൾ എല്ലാം മറച്ചുവച്ചു..

ഒരിക്കൽ അയാളുടെ ഉപദ്രവം സഹിക്കാതെയാണ് ഫ്ലവർ വെസ് എടുത്തു അയാളുടെ തലയ്ക്ക് അടിച്ചത്…

അത് വലിയ പ്രശ്നമായി അയാൾ അവളെ അവളുടെ വീട്ടിൽ കൊണ്ട് ചെന്നാക്കി അവിടെ നിന്നും അവളെ മാത്രം കുറ്റം പറയാൻ ആളുകൾ ഉണ്ടായി..

തിരിച്ചെന്തു പറഞ്ഞാലും അതൊന്നും ആരും അംഗീകരിച്ചില്ല അവൾക്ക് മതിയായി..

ഒരു ജോലിക്ക് അപ്ലൈ ചെയ്തിരുന്നു അത് ലഭിച്ചു തന്റെ സർട്ടിഫിക്കറ്റ് എല്ലാം എടുത്ത് അവൾ അവിടെ നിന്നും പോന്നു…

കിട്ടിയ ജോലി ചെയ്യാൻ തുടങ്ങി. അവിടെ നിന്നും അവൾക്ക് കിട്ടിയ ഒരു കൂട്ടായിരുന്നു സാനിയ…

സുഹൃദ്ബന്ധത്തിൽ തുടങ്ങിയ സാനിയയോട് തനിക്ക് അതിൽ കവിഞ്ഞ് മറ്റെന്തോ ഉണ്ട് എന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു പക്ഷേ പറയാൻ ഒരു ഭയം അവൾ എങ്ങനെ എടുക്കും

എന്നറിയില്ലല്ലോ എല്ലാവരും ഒരുപോലെ ചിന്തിക്കണം എന്നില്ലല്ലോ അതുകൊണ്ടുതന്നെ അവളുടെ മനസ്സ് അവൾ സാനിയയുടെ മുന്നിൽ മറച്ചുവച്ചു…

പക്ഷേ ഒരിക്കൽ അറിയാതെ അവൾ പോലും അറിയാതെ അവളുടെ വായിൽ നിന്ന് അത് പുറത്ത് ചാടി… അത് കേട്ട് സാനിയ ആലോചിക്കണം എന്ന് പറഞ്ഞു…

അവൾ വിചാരിച്ചത്ര പ്രശ്നങ്ങൾ ഉണ്ടാകാത്തതും… സാനിയ അതിനെ സംയമനത്തോടെ കൈകാര്യം ചെയ്തതും അവളിൽ ആശ്വാസം സൃഷ്ടിച്ചു

അവൾ പ്രതീക്ഷയോടെ കാത്തിരുന്നു..ഒടുവിൽ അവൾക്ക് അനുകൂലമായ ഒരു മറുപടി സാനിയയിൽ നിന്ന് ഉണ്ടായപ്പോൾ വല്ലാത്ത സന്തോഷമായിരുന്നു അവൾക്ക്…

“” സാനിയയുടെ പക്ഷം ഇതായിരുന്നു നീ എന്റെ നല്ലൊരു സുഹൃത്താണ് നമ്മൾ ഒരുമിച്ച് ജീവിച്ചിട്ടുണ്ടെങ്കിൽ മറ്റാരെക്കാളും നമുക്ക് പരസ്പരം മനസ്സിലാക്കുവാൻ കഴിയും.. ജീവിതം വളരെ സുഖകരമായി മുന്നോട്ടു പോകും എന്നാണ് ഞാൻ വിശ്വസിക്കുന്നത് എന്ന്..

പിന്നെ ഒന്നും നോക്കിയില്ലഅവർ ഒരുമിച്ച് ജീവിക്കാൻ തുടങ്ങി.. നല്ല കൂട്ടുകാരികളായി..

പക്ഷേ സമൂഹത്തിന്റെ മുന്നിൽ അത് വലിയ അപരാധമായിരുന്നു.. അവരുടെ രണ്ടുപേരുടെയും വ്യക്തിജീവിതത്തിൽ അനാവശ്യമായി മറ്റുള്ളവർ ഇടപ്പെട്ടു..

ഒരിക്കലും ഒരു പ്രശ്നം വന്നപ്പോൾ എന്താണ് വേണ്ടത് എന്ന് പോലും ചോദിക്കാത്തവർ അവർ തമ്മിൽ ഒരുമിച്ച് ജീവിച്ചപ്പോൾ എതിർക്കാൻ ചെന്നു….

രക്ഷിക്കാൻ ആവാത്തവന് ശിക്ഷിക്കാൻ എന്താണ് അർഹത??അതായിരുന്നു അവരുടെ പോയിന്റ്..കുറെ കുറ്റം പറഞ്ഞ് മറ്റൊരു വിഷയം കിട്ടിയപ്പോൾ ജനങ്ങൾ അവരെ വിട്ടു..

അവർ സുഖവും ദുഃഖവും പങ്കുവെച്ച് അവരുടെ ജീവിതവുമായി മുന്നോട്ടു പോകുവാനും തുടങ്ങി….

ശരി തെറ്റുകൾ മറ്റുള്ളവർ തീരുമാനിക്കുന്നിടത്ത് അല്ലല്ലോ അവനവന് തോന്നുന്നിടത്തല്ലേ…

ഓരോരുത്തരുടെയും ജീവിതം അവനവന് തോന്നുന്ന രീതിയിൽ ജീവിച്ചു തീർക്കാൻ എല്ലാവരും സമ്മതിച്ചിരുന്നെങ്കിൽ ഈ ലോകം എത്ര മനോഹരമായേനെ…

Leave a Reply

Your email address will not be published. Required fields are marked *