(രചന: J. K)
“” സാവിത്രിയമ്മയുടെ മോൻ ഒരു പെണ്ണിനെ വിളിച്ചു കൊണ്ടുവന്നിട്ടുണ്ടത്രെ!!””
അത് കേട്ടതും രാജി ഉടനെ അവിടേക്ക് വിട്ടു,
അവിടെ ചെന്ന് നോക്കിയപ്പോൾ സംഗതി സത്യമാണ് അവരുടെ മകൻ മുരളി ഒരു പെണ്ണിനെയും വിളിച്ച് കൊണ്ടുവന്നിട്ടുണ്ട്..
രാജി ചെന്ന് നോക്കുമ്പോൾ അവൾ അവിടെ ഹാളിൽ സോഫയിൽ ഇരിക്കുന്നുണ്ട്..
ആകെ മൊത്തം ഒന്ന് നോക്കിയപ്പോൾ മനസ്സിലായി അത്ര വലിയ വീട്ടിലെ കുട്ടി ഒന്നുമല്ല എന്ന്..
വിലകുറഞ്ഞ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത് അവളുടെ മുഖത്ത് വിഷാദ ഭാവമാണ് ഒരുപക്ഷേ വീട്ടുകാരെ ഉപേക്ഷിച്ചു വന്നതുകൊണ്ടാവാം.. രാജിക്ക് അവളെ കണ്ടപ്പോൾ ദേഷ്യമാണ് വന്നത്…
“” ഇതുപോലെ കുറെ എണ്ണമുണ്ട് നല്ല വീട്ടിലെ പയ്യന്മാരെ വളച്ചെടുത്ത് അവരുടെ പുറകെ വാല് പോലെ തൂങ്ങാൻ… ഞങ്ങളും വളർത്തുന്നുണ്ട് പെൺകുട്ടികളെ അവരാരും ഇത്തരം പണികൾ ചെയ്യില്ല… “”
എന്ന് അവൾ കേൾക്കാൻ പാകത്തിൽ പറഞ്ഞ് രാജി സാവിത്രിയുടെ അടുത്തേക്ക് ചെന്നു..”” നിങ്ങൾ അവരെ ഇവിടെ വിളിച്ചു കേറ്റാൻ പോവുകയാണോ?? ”
എന്ന് ചോദിച്ചപ്പോൾ സാവിത്രി വിഷണ്ണയായി രാജിയെ നോക്കി അല്ലാതെ ഞാനിപ്പോ എന്ത് ചെയ്യാനാ അവൻ വിളിച്ചുകൊണ്ടുവന്നില്ലേ ഇനി ഇറക്കിവിടാൻ പറ്റുമോ?? “”
“” ആ അതും പറഞ്ഞിരുന്നോ…ഏതോ തിന്നാനും കുടിക്കാനും ഇല്ലാത്ത വീട്ടിൽ ഉള്ളതാണെന്ന് തോന്നുന്നു ആ ചെറുക്കന് എത്ര നല്ല പെണ്ണിനെ കിട്ടേണ്ടതാ…
എന്ന് പറഞ്ഞപ്പോഴേക്ക് മുരളി അവിടേക്ക് എത്തിയിരുന്നു രാജിയെ ഒന്ന് തുറിച്ചു നോക്കി അവൻ അവന്റെ അമ്മയോട് പറഞ്ഞു ..
“”അമ്മേ സൗമ്യയുടെ പണവും പ്രശസ്തിയും ഒന്നും ഞാൻ നോക്കിയില്ല എനിക്ക് അവളെ ഇഷ്ടമായി അവൾ അമ്മയ്ക്ക് ഒരു മരുമകളല്ലാ മകളാവും എന്ന് എനിക്ക് ഉറപ്പുണ്ട്..
അതുകൊണ്ടുതന്നെയാണ് കൂടെ കൂട്ടിയതും അവളുടെ വീട്ടിലെ സ്ഥിതി അത്ര നല്ലതല്ല അല്ലെങ്കിൽ നിങ്ങളോട് എല്ലാം പറഞ്ഞു ഒരു സാധാരണ കല്യാണാലോചന പോലെ കൊണ്ട് നടത്തണം എന്നാണ് വിചാരിച്ചിരുന്നത്
ഒരിക്കലും ഇങ്ങനെ ഒരു ഒളിച്ചോട്ടം ഞാൻ പ്രതീക്ഷിച്ചിരുന്നതേ ഇല്ല..പക്ഷേ ഇപ്പോൾ അത് വേണ്ടിവന്നു അതിന്റെ പിന്നിലെ കാരണങ്ങൾ ഞാൻ പറയാം പക്ഷേ ഇപ്പോൾ അമ്മ അവളെ സ്വീകരിക്കണം…””
ആകെയുള്ള ഒരു മകൻ എന്തെങ്കിലും പറഞ്ഞാൽ അത് വലിയ കാര്യമായിരുന്നു അതുകൊണ്ടുതന്നെ അവർ മകൻ പറഞ്ഞതുപോലെ ആ കുട്ടിയെ വീട്ടിലേക്ക് രണ്ട് കയ്യും നീട്ടി സ്വീകരിച്ചു പക്ഷേ ഇതൊന്നും രാജിക്ക് ഒട്ടും ദഹിക്കുന്നുണ്ടായിരുന്നില്ല…
“”” എന്റെ വീട്ടിലും ഉണ്ട് ഒരു പെണ്ണ് അവളെ ഞങ്ങൾ അങ്ങനെയാ നോക്കുന്നത് അവൾ ഒന്നും ഈ പണി ചെയ്യില്ല..
ഇത് വളർത്തു ദോഷമാണ് എന്നൊക്കെ പറഞ്ഞ് പലപ്പോഴും ആ പാവം പെൺകുട്ടിയെ രാജി വിഷമിപ്പിച്ചിരുന്നു…”””
സൗമ്യ അതെല്ലാം കേട്ട് ഒന്നും മിണ്ടാതെ അവളുടെ കാര്യം നോക്കി പോന്നിരുന്നു..
എന്നാലും എന്തിനാണ് എന്നറിയാതെ രാജി പിന്നെയും അവളെ വിഷമിപ്പിച്ചു കൊണ്ടേയിരുന്നു…
പെട്ടെന്നാണ് ഒരു ദിവസം കേട്ടത് രാജിയുടെ മകൾ ആരുടെയോ കൂടെ ഒളിച്ചോടി പോയി എന്ന്..
അന്വേഷിച്ചു ചെന്നപ്പോഴാണ് അറിഞ്ഞത് ജോലിക്ക് വന്ന ഒരു ബംഗാളിയുടെ കൂടെയാണത്രേ..
എല്ലാവരും കൂടി തെരഞ്ഞ് കണ്ടുപിടിച്ചു അവളെ വീട്ടിലേക്ക് കൊണ്ടുവരാൻ നോക്കിയപ്പോൾ അവൾ സമ്മതിച്ചില്ല അവൾക്ക് അയാളുടെ കൂടെ നിന്നാൽ മതി എന്ന് പറഞ്ഞത്രെ…
അതും കൂടി ആയപ്പോൾ ആത്മഹത്യയുടെ വക്കിലായിരുന്നു രാജി ആരുടെയും മുഖത്തേക്ക് നോക്കാൻ വയ്യ വലിയ കാര്യത്തിൽ എന്റെ മകൾ എന്ന് അഭിമാനത്തോടെ എല്ലാവരുടെയും മുന്നിൽ വിളിച്ചു പറഞ്ഞ മകളാണ് ഇപ്പോൾ ഈ പണി ചെയ്തത്…
അവൾ തിന്നാതെയായി കുടിക്കാതെയായി പുറത്തേക്ക് പോലും ഇറങ്ങാതെയായി വീടിനുള്ളിൽ തന്നെ കഴിച്ചുകൂട്ടി…
ഒരു ദിവസം കഴിഞ്ഞു അവൾക്കുള്ള പൊടിയരി കഞ്ഞിയുമായി സൗമ്യ അങ്ങോട്ട് ചെന്നു. അവളെ നോക്കാൻ പോലും ആവാതെ രാജി അവിടെ തന്നെ കിടന്നു..”””രാജി ചേച്ചി ഇത് കുടിക്കൂ “”
എന്നുപറഞ്ഞ് അവർക്ക് മുന്നിലേക്ക് ആ പൊടിയരി കഞ്ഞി നീട്ടിയപ്പോൾ വിറക്കുന്നുണ്ടായിരുന്നു അവരുടെ ചുണ്ടുകൾ…
കരച്ചിലോടെ അവർ അത് നിരസിച്ചു പക്ഷേ സൗമ്യ അനുവദിച്ചില്ല അവൾ തന്നെ രാജിക്ക് കഞ്ഞി കോരി കൊടുത്തു….
രാജിയുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു എന്തിനാണ് എന്നുപോലും അറിയാതെ കുറ്റബോധമോ മറ്റ് എന്തൊക്കെയോ അവളുടെ ഉള്ളിൽ വല്ലാത്ത നൊമ്പരം സൃഷ്ടിക്കുന്നുണ്ടായിരുന്നു…
“” എന്റെ വീട്ടിൽ അച്ഛനും ചെറിയമ്മ എന്ന് വിളിക്കുന്ന രണ്ടാനമ്മയും ആണ് ഉള്ളത്..സൂക്കേട് വന്ന് അമ്മ മരിച്ചപ്പോൾ എന്റെ കാര്യങ്ങൾ നോക്കാൻ വേണ്ടിയാണ് അച്ഛൻ രണ്ടാമതും വിവാഹം കഴിച്ചത് പക്ഷേ അച്ഛന് തെറ്റിപ്പോയി… അവർക്ക് എന്നെ കണ്ണിന് നേരെ കാണുന്നതുപോലും ഇഷ്ടമല്ലായിരുന്നു…
പക്ഷേ അച്ഛനുള്ളതുകൊണ്ട് അവർ നേരിട്ടൊന്നും എന്നെ ചെയ്യുന്നുണ്ടായിരുന്നില്ല… ഈയിടെയാണ് അച്ഛനും കിടപ്പിലായത് അതോടെ അവരുടെ മട്ടും ഭാവവും മാറി എന്നെ കണ്ടമാനം ഉപദ്രവിക്കാൻ തുടങ്ങി..
മുരളിയേട്ടന്റെ ജോലി എന്റെ വീടിനടുത്താണ് ഞങ്ങളുടെ വീട്ടിലെ എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് അറിയാമായിരുന്നു.. ഞങ്ങൾ തമ്മിൽ പ്രണയം ഒന്നുമില്ല..
ചെറിയമ്മ ഏതോ ഒരാളിൽ നിന്ന് പൈസ വാങ്ങിച്ച് എന്നെ അയാൾക്ക് കല്യാണം കഴിച്ചു കൊടുക്കാൻ നിൽക്കുകയായിരുന്നു… മുരളിയേട്ടന് അയാളെ അറിയാമത്രേ… ബോംബെയിൽ എന്തോ ചീത്ത ബിസിനസ് നടത്തുന്ന ഒരാളാണ്..
അയാൾ വിവാഹം കഴിക്കുന്നത് മറ്റെന്തോ ഉദ്ദേശത്തോടുകൂടിയാണ്.. അതുകൊണ്ടാണ് അദ്ദേഹം അറിഞ്ഞുകൊണ്ട് ഒരു പെൺകുട്ടിയുടെ ജീവിതം തകരണ്ട എന്ന് കരുതി എന്നെ കൂടെ കൂട്ടിയത്…
അവസാനത്തെ കച്ചിതുരുമ്പ് ആയിരുന്നു അച്ഛനും അനുഗ്രഹിച്ചു പോയി രക്ഷപ്പെട്ടോളാൻ പറഞ്ഞു മനസ്സുണ്ടായിട്ടല്ല വേറെ വഴിയില്ലാത്തതുകൊണ്ട്…. “””
അത്രയും പറഞ്ഞപ്പോഴേക്ക് സൗമ്യ കരഞ്ഞു പോയിരുന്നു… ഞാൻ ഒരുപാട് തവണ മുരളിയേട്ടനോട് പറഞ്ഞതാണ് അദ്ദേഹത്തിന് നല്ലൊരു വിവാഹം കിട്ടും വെറുതെ എന്നെപ്പോലെ ഒരാളെ കൂടെ കൂട്ടി ആ ജീവിതം നശിപ്പിക്കേണ്ട എന്ന്..
ഒരുപക്ഷേ എല്ലാവരേക്കാൾ ആ മനുഷ്യന് ഒരു നല്ല ജീവിതം കിട്ടിക്കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു…
പക്ഷേ സമ്മതിച്ചില്ല എന്നെ കൂടെ കൂട്ടി.. അദ്ദേഹത്തിന്റെ ജീവിതം ഞാൻ തകർത്തു എന്ന് കരുതിയല്ലേ രാജ ചേച്ചിക്ക് എന്നോട് എപ്പോഴും ദേഷ്യം… ഒന്നും അറിഞ്ഞു കൊണ്ടല്ല…””
സൗമ്യ അത്രയും പറഞ്ഞു നിർത്തിയപ്പോഴേക്ക് കൈകൂപ്പി രാജി മാപ്പ് ചോദിച്ചിരുന്നു അവളോട്..
മോള് ചേച്ചിയോട് ക്ഷമിക്കണം എനിക്കൊന്നും അറിയില്ലായിരുന്നു അല്ലെങ്കിലും അറിഞ്ഞാലും എന്റെ ഈ വൃത്തികെട്ട സ്വഭാവത്തിന് ഞാൻ അങ്ങനെയൊക്കെ പെരുമാറുകയുണ്ടായിരുന്നുള്ളൂ..
അതുകൊണ്ടാണല്ലോ ദൈവം കണ്ടറിഞ്ഞു തന്നത്…”” ചേച്ചി പേടിക്കണ്ട മുരളിയേട്ടൻ അവനെപ്പറ്റി അന്വേഷിച്ചു.. ബംഗാളി ഒന്നുമല്ല.. അന്യസംസ്ഥാനത്ത് നിന്ന് നമ്മുടെ നാട്ടിലേക്ക് കുറെ നാളായി വന്ന് താമസിക്കുന്ന ഒരു കുടുംബത്തിലെ അംഗമാണ് അവൻ. അവന്റെ അച്ഛനും അമ്മയും അവനും നല്ല വിദ്യാഭ്യാസം കൊടുക്കുന്നുണ്ട്..
ചേച്ചിയുടെ മകളുടെ കോളേജിലാണ് അവനും പഠിക്കുന്നത് അങ്ങനെ കണ്ട് ഉള്ള ഇഷ്ടമാണ്…
അവരവളെ, കഷ്ടപ്പെടുത്താതെ നോക്കിക്കോളും.. പിന്നെയെല്ലാം ഭാഗ്യം പോലെ ഇരിക്കും..അത്രയും പറഞ്ഞ് അവൾ അവരെയും സമാധാനിപ്പിച്ച് എഴുന്നേറ്റുപോയി..
ശരിക്കും അപ്പോൾ നെഞ്ചു വിങ്ങുന്നുണ്ടായിരുന്നു രാജിക്ക് ഇതുവരെ ചെയ്തതും പറഞ്ഞതും ഓർത്ത്…. ആരെയും ചെറുതായി കാണരുതെന്ന് വലിയ പാഠം അവരവിടെ പഠിക്കുകയായിരുന്നു…