(രചന: J. K)
“” മനക്കലെ അമ്മ നീ വന്നിട്ടുണ്ടെങ്കിൽ അത്രേടം വരെ ഒന്ന് കാണാൻ ചെല്ലാൻ പറഞ്ഞു…””‘
അമ്മ പറഞ്ഞപ്പോൾ എന്റെ നോട്ടത്തിന്റെ അർത്ഥം ഗ്രഹിച്ചിട്ടാവണം അമ്മ പറഞ്ഞത്,
“”” ആയമ്മ ഇപ്പോൾ പണ്ടത്തെപ്പോലെ ഒന്നുമല്ല എല്ലാ പ്രതാപവും മങ്ങി… ഇപ്പോൾ ഒരു ദിവസമെങ്കിൽ ഒരു ദിവസം മുന്നേ മരിച്ചാൽ മതി എന്നും പറഞ്ഞ് കിടക്കുവാ… “”
മനക്കിലെ അമ്മയെ അങ്ങനെയൊരു രൂപത്തിൽ സങ്കൽപ്പിക്കാൻ പോലും ആവുന്നുണ്ടായിരുന്നില്ല… എന്നും പ്രൗഢിയോടെ മാത്രമേ കണ്ടിട്ടുള്ളൂ..
വീതിയുള്ള കസവുള്ള വേഷ്ടിയുടുത്ത്. കയ്യിലും കഴുത്തിലും നിറയെ ആഭരണങ്ങളുമായി അവരവിടെ ഉണ്ടാകും ആ തറവാടിന്റെ ഐശ്വര്യം പോലെ…
“”” ഇനി വരുമ്പോൾ ആവാം അമ്മേ “”
എന്ന് പറഞ്ഞപ്പോഴേക്ക് അമ്മ പറഞ്ഞിരുന്നു..
“” ഇനി വരുമ്പോഴേക്കും ആയമ്മ അവിടെ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ് “””എന്ന്.
നാട്ടിലേക്ക് വരാൻ തോന്നിയ നിമിഷത്തെ ശപിച്ചു ഇനി അമ്മയുടെ വാക്കുകേട്ട് അങ്ങോട്ട് ചെന്നിട്ടില്ലെങ്കിൽ തിരിച്ച് ബാംഗ്ലൂർക്ക് പോയാൽ ഒരു സ്വസ്ഥതയും സമാധാനവും ഉണ്ടാവില്ല…
അച്ഛനെ ഉറക്കത്തിൽ സ്വപ്നം കണ്ടു നീ വരണം ഇത്തവണ ബലിയിടുമ്പോൾ നീയും കൂടി ഉണ്ടാവണം അച്ഛൻ അങ്ങനെ സ്വപ്നത്തിൽ പറഞ്ഞു എന്നൊക്കെ പറഞ്ഞ് അമ്മ തന്നെയാണ്
വിളിച്ചുവരുത്തിയത് അല്ലെങ്കിലും ഈ നാട്ടിലേക്ക് വരുന്നത് വെറുപ്പാണ് അമ്മയെ കാണാൻ തോന്നുമ്പോഴൊക്കെ അങ്ങോട്ട് കൊണ്ടുപോകാറാണ് പതിവ്….
ഇവിടെ അടുത്ത് തന്നെയുള്ള ഒരു ബന്ധു രാജേഷിനോട് പറഞ്ഞാൽ അവന്റെ കാറിൽ എയർപോർട്ടിൽ കൊണ്ടുവന്ന് അമ്മയെ അവൻ ഫ്ലൈറ്റ് കേറ്റി വിട്ടോളും…
അവിടെ എയർപോർട്ടിൽ കാത്തു നിന്നാൽ മതി.. ഇത്തവണ അച്ഛന്റെ ശ്രാദ്ധത്തിന് ഇവിടെ ഉണ്ടാവണം ഞാൻ എന്ന് നിർബന്ധം പിടിച്ചത് കൊണ്ട് മാത്രമാണ് വന്നത്..
കൂടെ ഉണ്ണിയും ഉണ്ടായിരുന്നു.. മൂത്തമകൻ…
ഇത്തവണ അവൻ പത്താം ക്ലാസ് ആണ്.. അതുകൊണ്ടുതന്നെ വല്ലാത്ത സ്ട്രെസ്സ്
ആണ് കുട്ടിക്ക്… അതിൽനിന്ന് ഒരു റിലീഫ് ആവട്ടെ എന്ന് കരുതിയാണ് നാലഞ്ചു ദിവസം അമ്മ വീട്ടിൽ നിൽക്കാൻ വേണ്ടി അവനെയും കൂടെ കൂട്ടിയത്…
ഓർമ്മ വെച്ചതിൽ പിന്നെ അവൻ നാട്ടിലേക്ക് വന്നിട്ടില്ല കൊണ്ടുവന്നിട്ടില്ല അവനെ.
താൻ പോലും ഒന്നോ രണ്ടോ തവണയാണ് വന്നിട്ടുള്ളത്.. അതിന് കാരണവും ഉണ്ടായിരുന്നു…
മനക്കലെ കാര്യസ്ഥൻ ആയിരുന്നു അച്ഛൻ.. അവരുടെ വിശ്വസ്തൻ അവരുടെ ആശ്രിതനായി കഴിയുന്നതിൽ അച്ഛന് അഭിമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ…
മനക്കിലെ അമ്മ എല്ലാവരോടും കരുണകാട്ടിയിരുന്നു പക്ഷേ തന്റെ ആഢ്യത്വം മറന്ന് അവരൊന്നും ചെയ്യില്ലായിരുന്നു..
രണ്ടു പെൺകുട്ടികളും അവർക്ക് താഴെയായി ഒരാളും ആയിരുന്നു മനക്കലമ്മയ്ക്ക്… നന്ദഗോപൻ “””
അതായിരുന്നു ഏക ആൺതരിയുടെ പേര് പെൺമക്കളെക്കാൾ ലാളിച്ചതും സ്നേഹിച്ചതും നന്ദേട്ടനെയായിരുന്നു..
അതുകൊണ്ടുതന്നെ നന്ദേട്ടൻ മോഹിക്കുന്നത് എന്തും സാധിച്ചു കൊടുത്തിട്ടെ ഉണ്ടായിരുന്നുള്ളൂ…
അച്ഛൻ ജോലി ചെയ്യുന്ന വീട് ആയതുകൊണ്ട് തന്നെ മനക്കലുള്ളവരോട് വല്ലാത്ത ബഹുമാനം ആയിരുന്നു… നന്ദേട്ടനോടും.. പക്ഷേ ആൾക്ക് എന്റെ നേരെയുള്ള
നോട്ടത്തിനും ചിരിക്കും മറ്റൊരർത്ഥം ഉണ്ടെന്ന് എനിക്ക് എപ്പോഴോ തോന്നിത്തുടങ്ങി..
നന്നായി പാടുന്ന ചിത്രം വരയ്ക്കുന്ന ആളോട് എന്നോ തുടങ്ങിയ ആരാധന എന്റെ ഉള്ളിലും കിടന്നിരുന്നു…
എന്നോടുള്ള സ്നേഹത്തിന്റെ നിറം പ്രണയത്തിന്റെതാണെന്ന് ഒരു ദിവസം തുറന്നു പറഞ്ഞപ്പോൾ സന്തോഷത്തിന്റെ ആധിക്യം കൊണ്ട് എന്ത് വേണം എന്ന്
എനിക്കറിയില്ലായിരുന്നു അർഹതയില്ലാത്തതാണ് എന്നറിയാമായിരുന്നിട്ടും അറിയാതെ മോഹിച്ചു പോയി…
പിന്നെ പ്രണയത്തിന്റെ നാളുകൾ.. ഒരു ദിവസം മനക്കലെ എല്ലാവരും ഒരു വിവാഹത്തിന് പോയപ്പോൾ,
എന്നോട് അങ്ങോട്ട് വരാൻ പറഞ്ഞിരുന്നു…
എന്റെ മനോഹരമായ ഒരു ചിത്രം വരച്ചു തന്നു… അതിന്റെ സന്തോഷം എന്ന രീതിക്കാണ് ആമുഖത്ത് ഞാൻ ഒരു സ്നേഹ ചുംബനം നൽകിയത്.. പക്ഷേ
അത് ചെന്ന് നിന്നത് തിരുത്താൻ പറ്റാത്ത ഒരു തെറ്റിലേക്കായിരുന്നു ഞങ്ങൾ രണ്ടുപേരും എല്ലാ രീതിയിലും ഒന്നായി…..
ചെയ്തത് തെറ്റാണെന്ന് അറിയാമായിരുന്നു പക്ഷേ എന്നായാലും ഒന്നു ചേരേണ്ട ഞങ്ങൾക്ക് അതൊരു തെറ്റായി തോന്നിയില്ല…
അപ്പോഴേക്കും എന്റെ അമ്മാവന്റെ മകൻ വിജയേട്ടൻ വിവാഹം അന്വേഷിച്ചു വന്നിരുന്നു വീട്ടുകാർക്കും അത് സമ്മതമായിരുന്നു അദ്ദേഹത്തിന്
ബാംഗ്ലൂർ നല്ല ജോലിയായിരുന്നു എനിക്ക് എന്തോ ദേഷ്യമാണ് വന്നത് ഈ കല്യാണത്തിന് ഞാൻ സമ്മതിക്കില്ല എന്ന് ഒറ്റക്കാലിൽ നിന്നു…
പക്ഷേ വീട്ടുകാർക്ക് അത് നടത്താനുള്ള തീരുമാനമായിരുന്നു ഞാൻ നന്ദേട്ടനോട് എല്ലാം പോയി പറഞ്ഞു നന്ദേട്ടൻ ആണ് അപ്പോൾ പറഞ്ഞത് വീട്ടിൽ അറിയിച്ച് ഒരു
തീരുമാനമെടുക്കാം എന്ന് അമ്മയോട് പറഞ്ഞാൽ അമ്മ സമ്മതിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം പക്ഷേ മനക്കലമ്മ വല്ലാതെ എതിർത്തു…
ഈ വിവാഹം നടന്നാൽ അവർ മരിക്കും എന്നു വരെ പറഞ്ഞ് മകനെ അടക്കി നിർത്തി ഞങ്ങളുടെ വീട്ടിൽ വന്നു പറഞ്ഞു അച്ഛനെയും കുറെ ശകാരിച്ചു..
മകളെ അടയ്ക്കി ഒതുക്കി വളർത്തിയില്ലെങ്കിൽ കണ്ട വലിയ വീട്ടിലെ പയ്യന്മാരെ ഇതുപോലെ വല വീശാൻ പോകും എന്ന് പറഞ്ഞു…
അച്ഛന് അത് സഹിക്കാൻ കഴിഞ്ഞില്ല അച്ഛൻ ആകെ വല്ലാതെയായി… ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ എന്റെയും വിജയേട്ടന്റെയും വിവാഹം തീരുമാനിച്ചു…
അപ്പോഴാണ് അറിഞ്ഞത് അദ്ദേഹത്തിന്റെ കുഞ്ഞ് എന്റെ ഉദരത്തിൽ ജന്മം എടുത്തിട്ടുണ്ട് എന്ന് ഞാൻ അത് ആദ്യം പറഞ്ഞത് നന്ദേട്ടനോടാണ്.. അദ്ദേഹം
അമ്മയോട് പോയി പറഞ്ഞു.. നിന്റെ കുഞ്ഞാണെന്ന് നിനക്ക് ഉറപ്പുണ്ടോ എന്നായിരുന്നു അമ്മ എന്റെ മുന്നിൽ വച്ച് നന്ദേട്ടനോട് ചോദിച്ചത്…
ഒന്നും മിണ്ടാതെ നിന്ന നന്ദേട്ടൻ കണ്ടപ്പോൾ എനിക്ക് വിഷമമായി… എന്റെ കുഞ്ഞാണെന്ന് എനിക്ക് ഉറപ്പുണ്ട് എന്ന് അദ്ദേഹം പറയും എന്ന് ഞാൻ കരുതി
പക്ഷേ ഉണ്ടായില്ല അതോടെ ആളോട് ഒത്തു ഉള്ള ജീവിതവും വിവാഹവും ഞാൻ തന്നെ വേണ്ട എന്ന് വച്ചു…
പക്ഷേ വിജയേട്ടനെ എനിക്ക് ചതിക്കാൻ കഴിയില്ലായിരുന്നു പിന്നീട് ഞാൻ എല്ലാം തുറന്നു പറഞ്ഞത് വിജയേട്ടനോടാണ് അദ്ദേഹം അത് ആരും അറിയണ്ട ആ
കുഞ്ഞിനെ സ്വന്തം പോലെ സ്നേഹിച്ചോളാം എന്ന് പറഞ്ഞു. ആ മുന്നിൽ ഞാൻ ഇല്ലാതായി തീർന്നു…
ഞങ്ങളുടെ വിവാഹം കഴിഞ്ഞു.. കുറ്റബോധം കൊണ്ട് നന്ദേട്ടൻ അധികം വൈകാതെ ആ ത്മഹത്യ ചെയ്തിരുന്നു അന്ന് തുടങ്ങിയതായിരുന്നു മനക്കലമ്മയുടെ പതനം…
അദ്ദേഹത്തെ ആദ്യം ഒന്ന് എനിക്ക് സ്വീകരിക്കാൻ കഴിയുന്നില്ലായിരുന്നു ഒരു ഭർത്താവിന്റെ സ്ഥാനത്ത് പക്ഷേ ക്രമേണ അദ്ദേഹത്തിന്റെ സ്നേഹപൂർവ്വം ഉള്ള പെരുമാറ്റം
എന്നെ ആകെ മാറ്റിയെടുത്തു. മൂത്ത മകനെ ഒരിക്കലും അദ്ദേഹം സ്വന്തം കുഞ്ഞല്ലാതെ ഇതുവരേക്കും കരുതിയിട്ടില്ല ഏറ്റവും സ്നേഹം അവനോട് ആയിരുന്നു…
ഇപ്പോ അവർ കാണണം എന്ന് പറഞ്ഞപ്പോൾ വിളിച്ചു ചോദിച്ചത് വിജയേട്ടനോടാണ് മോനെയും കൂട്ടി പോകാൻ പറഞ്ഞത് കേട്ട് ഞാൻ ആകെ ഞെട്ടിപ്പോയി. അദ്ദേഹം പറഞ്ഞു ഇപ്പോഴല്ല നമ്മൾ പകരം വീട്ടേണ്ടത് എന്ന്..
അതേപ്രകാരം അവരുടെ മകന്റെ കുഞ്ഞിനെയും കൂട്ടി ഞാൻ അവരെ കാണാൻ ചെന്നു..
അവനെ കെട്ടിപ്പിടിച്ച് കുറെ ഉമ്മ വച്ചു..
എന്നും അവരുടെ ദേഹത്ത് കണ്ടിരുന്ന സ്വർണാഭരണങ്ങൾ മുഴുവൻ അവന്റെ കയ്യിൽ ഊരി കൊടുത്തു ഞാൻ വേണ്ട എന്ന് പറഞ്ഞെങ്കിലും സമ്മതിക്കാതെ അതെല്ലാം അവന് അവകാശപ്പെട്ടതാണ് എന്ന് പറഞ്ഞു….
ഒടുവിൽ എന്നോട് ഒരുപാട് മാപ്പ് പറഞ്ഞു.. എനിക്ക് പക്ഷേ അന്നേരം അവരോട് ഒരു ദേഷ്യവും ഉണ്ടായിരുന്നില്ല..
എല്ലാം ഞാൻ മറന്നു എന്ന് പറഞ്ഞപ്പോൾ ചിരിയോടെ അവരെന്നെ അനുഗ്രഹിച്ചു…
നല്ലതെ വരൂ എന്ന് ഒപ്പം അവരുടെ മകന്റെ കുഞ്ഞിനെയും..
അവനെയും കൂട്ടി ഞാൻ വീട്ടിലേക്ക് തിരിച്ചു പിറ്റേദിവസം തന്നെ ഞങ്ങൾക്ക് വിജയേട്ടന് അരികിലേക്ക് മടങ്ങി പോകണമായിരുന്നു….
പോകാനായി ഇറങ്ങുമ്പോൾ കേട്ടത് മനക്കലമ്മ മരിച്ചു എന്ന വാർത്തയായിരുന്നു….
എന്നോട് മാപ്പ് പറയാൻ മകന്റെ കുഞ്ഞിനെ ഒരു നോട്ടം കാണാൻ ആയുസ്സ് ഇതേവരെ കൂട്ടിക്കൊടുത്തിരിക്കുകയായിരുന്നു ദൈവം എന്ന് തോന്നി….ഞാൻ അവനെയും കൂട്ടി അവിടെ നിന്നിറങ്ങി നിറഞ്ഞ മനസോടെ….