(രചന: മിഴി മോഹന)
അച്ഛൻ ഇത് എന്ത് അറിഞ്ഞട്ടാ എന്നോട് ഇങ്ങനെ ഇടയ്ക് ഇടയ്ക്ക് കാശ് ചോദിക്കുന്നത്… ” ഇവിടെ ഞങ്ങള്ക് നൂറ് കൂട്ടം ആവശ്യം ഉണ്ട്… രണ്ട് പേരുടെ സാലറി കൊണ്ട് മാത്രം തന്നെ ഒന്നിനും തികയില്ല….. “”
മുഖത്തടിച്ചത് പോലെ ആ മകൾ അച്ഛന്റെ മുഖത്ത് നോക്കി പറയുമ്പോൾ തൊണ്ട കുഴിയിലെ വെള്ളം വറ്റുന്നത് പോലെ തോന്നി അയാൾക്….
ഇതിപ്പോ പഠിപ്പിച്ച കണക്കും കെട്ടിച്ചു വിട്ട കണക്കും പറഞ്ഞ് കുറെ ആയി മേടിച്ചു കൂട്ടുന്നു.. “”എന്നും ഇങ്ങനെ തന്നു കൊണ്ട് ഇരിക്കാൻ എനിക്ക് കുറച്ചു ബുദ്ധിമുട്ട് ഉണ്ട് അച്ഛൻ വേറെ ആരോട് എങ്കിലും ചോദിക്ക്..””
അവൾ മുഖം തിരിയ്ക്കുമ്പോൾ തൊണ്ട വരണ്ടിട്ട് കൂടിയും കൈയിൽ ഇരുന്ന ചായ അല്പം പോലും നാവ് നനയ്ക്കാൻ ആയി നുണഞ്ഞില്ല അയാൾ… ഒരുപക്ഷെ അതിനു കഴിഞ്ഞില്ല…
മകളുടെ മുൻപിൽ ആണെങ്കിൽ കൂടി തോറ്റ് പോയവന്റെ ആത്മാഭിമാനം അല്പം എങ്കിലും ബാക്കി ഉണ്ടായിരുന്നിരിക്കും… “”
ഹഹ്.. “” ദീർഘമായ നിശ്വാസത്തോടെ ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങുമ്പോൾ അവൾ പുറകിൽ നിന്ന് വിളിച്ചു കഴിഞ്ഞിരുന്നു…
“””അച്ഛാ ഇത് വച്ചോ ഓട്ടോ കൂലിക്ക് ഉള്ളത് ആകട്ടെ.. “””അടുത്തേക്ക് അവൾ വരുമ്പോൾ ആ ഓട്ടോ കമ്പിയിൽ കൈ ചേർത്തയാൾ മുഖം തിരിച്ചു…
വേണ്ട.. “” അതിനുള്ളത് എന്റെ കൈയിൽ ഉണ്ട്…. “” നിറഞ്ഞു വന്ന മിഴികൾ അവൾ കാണാതെ ഇരിക്കാൻ ശ്രമിച്ചയാൾ..
അച്ഛാ കഴിഞ്ഞ തവണ വാങ്ങിയ മാല പണയത്തിൽ നിന്നും എടുത്തു തരണം അടുത്ത ആഴ്ച മനുവിന്റെ പെങ്ങൾക് പുതിയ കാർ വാങ്ങാൻ കാശ് തികയില്ല ആ മാല അവർ ചോദിച്ചിട്ടുണ്ട്…ഈ അവസരത്തിൽ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് കുറെ നാൾ ആയില്ലേ പണയം ഇരിക്കുന്നു.. “”
മുഖം തെറ്റിച്ചവൾ പറയുമ്പോൾ ആ അച്ഛൻ തല മെല്ലെ കുലുക്കി..മ്മ്ഹ്ഹ്.. “” തരാം മോളെ അച്ഛൻ എടുത്തു തരാം.. “”സുമേഷേ നീ വണ്ടി എടുക്ക് “”.. അയാൾ മുന്പിൽ ഇരിക്കുന്നു ഡ്രൈവർക്ക് നിർദ്ദേശം നൽകുമ്പോൾ അവളെ അല്പം ദേഷിച്ചൊന്നു നോക്കി ഓട്ടോയുടെ കിക്കർ അടിച്ചു അയാൾ….
കാര്യം കുമാരേട്ടന്റെ സ്വന്തം മോള് ഒക്കെ ആണ് ഗായത്രി പക്ഷെ പത്തു പുത്തൻ കണ്ടപ്പോൾ ഇങ്ങനെ അഹങ്കരിക്കുന്നത് അത്ര നല്ലത് അല്ല..”” ഒന്നാം ക്ലാസ് മുതൽ കൂടെ പഠിച്ചതാ ഞാൻ… ഒന്ന് കയറി ഇരിക്കാനോ ഒരു ഗ്ലാസ് വെള്ളം തരാനോ തോന്നിയോ അവൾക്….
ആലുവ മണപ്പുറത്ത് വെച്ച് കണ്ട ഭാവം ഉണ്ടോന്ന് നോക്കിയെ…ഓ അവള് വല്യ ഉദ്യോഗക്കാരി ആയപ്പോൾ പത്രാസ് കൂടി പാവങ്ങൾ വീട്ടിൽ കേറിയാൽ നാണക്കേട് ആയിരിക്കും..””” വണ്ടി മുന്പോട്ട് പോകുന്നതിന് അനുസരിച്ചു സുമേഷ് അമർഷം വാക്കുകളാൽ തീർത്തു…
അങ്ങനെ ഒന്നും ഇല്ല മോനെ ….. അവൾക് ചിലപ്പോൾ ഓർമ്മ കാണില്ല.. “” ആ അച്ഛൻ ന്യായീകരിക്കാൻ ശ്രമിക്കുമ്പോൾ അവന്റ ചുണ്ട് ഒന്ന് കോടി..
പിന്നെ ഗവണ്മെന്റ്സ്കൂളിലെ കഞ്ഞിക്കും പയറിനും വേണ്ടി എന്റെ അടുത്ത് അടി കൂടി നടന്നവളാ..” കുമാരേട്ടന് നാണം ഉണ്ടോ അവളുടെ മുൻപിൽ ഇങ്ങനെ ഇരക്കാൻ.. “” നിങ്ങൾക് എത്ര കാശാ വേണ്ടത് എന്ന് പറ നാളെ തന്നെ നമുക്ക് ശരിയാക്കാം… “” വളവ് തിരിയുമ്പോൾ സുമേഷ് തല ഒന്ന് പുറകോട്ട് നീട്ടി..
നിന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല മോനെ.. “” ഒരു ഒന്ന് ഒന്നര ലക്ഷം വേണം ഇപ്പോൾ…
ഒന്നര ലക്ഷമോ..? അതെന്താ ഇപ്പോൾ അത്ര അത്യാവശ്യം.. അർധ്ധ പട്ടിണിക്കാരന്റെ ആകുലതയോടെ അവൻ വണ്ടി നിർത്തി തിരിഞ്ഞു നോക്കുമ്പോൾ ആ മനുഷ്യന്റെ കണ്ണ് കലങ്ങി ഇരുന്നു…
ഇളയ മോൾക്ക് ഒരു ആലോചന വന്നു.. “”പ്രായം പത്തിരുപത്തി അഞ്ച് ആയില്ലേ പഠിത്തം കഴിഞ്ഞ് നിക്കാൻ തുടങ്ങിട്ട് നാള് എത്ര ആയി…കുടുംബക്കാര് മുഴുവൻ ചോദിച്ചു തുടങ്ങിയപ്പോൾ നെഞ്ചിൽ ഒരു കാളൽ..”” അപ്പോഴാ അളിയൻ ഒരു ആലോചനയുമായി വന്നത് ചെറുക്കൻ പട്ടാളത്തിലാ അപ്പോൾ പിന്നെ അവർ ചോദിക്കുന്നത് കൊടുക്കണ്ടേ..
കൈയിൽ ആണെങ്കിൽ പത്തിന്റെ നീക്കി ഇരുപ്പ് ഇല്ല..” വീട് പണയപെടുത്താം എന്ന് വെച്ചാൽ ആധാരം ഇന്നോ നാളെയോ എന്ന് അറിയാതെ കോർപ്പറേററ്റിയിൽ ഇരിക്കുവാ….”” ആ അച്ഛൻ നെഞ്ചു തിരുമ്മി..
കുമാരേട്ടൻ ഇവിടെ ഇരിക്ക് ഞാൻ പോയി ഒരു കട്ടൻ വാങ്ങി കൊണ്ട് വരാം ആദ്യം ആ പരവേശം അങ്ങ് മാറട്ടെ… “””” മുണ്ട് പാതി മുകളിലേക്കു കയറ്റി അടുത്ത് കണ്ട ചെറിയ പെട്ടികടയിലേക്ക് അവൻ കയറുമ്പോൾ സീറ്റിലേക് ചാരി കിടന്നു ആ അച്ഛൻ…
“”””””അച്ഛാ കഴിഞ്ഞ തവണ വാങ്ങിയ മാല പണയത്തിൽ നിന്നും എടുത്തു തരണം അടുത്ത ആഴ്ച മനുവിന്റെ പെങ്ങൾക് പുതിയ കാർ വാങ്ങാൻ കാശ് തികയില്ല ആ മാല അവർ ചോദിച്ചിട്ടുണ്ട്…””””
ഇറങ്ങാൻ നേരം ഓർമ്മപെടുത്തൽ പോലെ മകൾ പറഞ്ഞത് വീണ്ടും നെഞ്ചിൽ ഇട്ട് തികട്ടുമ്പോൾ ഭയം അയാളെ മൂടി കഴിഞ്ഞിരുന്നു…
ദാ.. ഇത് കുടി കുമാരേട്ടാ..” കടി എന്തെങ്കിലും വാങ്ങട്ടെ… നല്ല മൊരിഞ്ഞ ഉഴുന്നു വട ഉണ്ട്.. “” ചായ ഗ്ലാസ് മുന്പിലെ നീട്ടി അവൻ പറയുമ്പോൾ അറിയാതെ ആണെങ്കിലും സമ്മതം പോലെ തല കുലുക്കി…. വിശപ്പിന്റെ ഉൾവിളി നന്നായി കാർന്നു തുടങ്ങിയിരുന്നു അയാളെ….
ഈ ആധാരം പണയം വെച്ച് എന്തിനാ കുമാരേട്ടാ പണം എടുത്തത്…”” കൈയിൽ ഇരുന്ന ഉഴുന്നു വടയ്ക്ക് ഒപ്പം ചായ ഊതി കുടിച്ചു കൊണ്ട് സുമേഷ് അയാളെ നോക്കി…
ഗായത്രിക്ക് കൊടുക്കാൻ വേണ്ടി എടുത്തതാ…. “‘ ചായ ഗ്ലാസ് അവന്റ കൈയിൽ കൊടുത്തു കൊണ്ട് പറയുമ്പോൾ അയാളുടെ തൊണ്ട ഒന്ന് ഇടറി..
“”ഗായത്രിയെ ഒന്നും വേണ്ടന്നു പറഞ്ഞല്ലേ അവർ കെട്ടിയത്….ഒരിടയ്ക്ക് ഞാൻ ഒന്ന് ദുബായ് വരെ പോയി രക്ഷപെട്ട് ഒന്നും ഇല്ല ഏജന്റ് ഒരു പണി തന്നു…. തിരിച്ചു വരുമ്പോൾ ആണ് അറിഞ്ഞത് ഗായത്രിയുടെ കല്യാണം കഴിഞ്ഞ വിവരം അതും വലിയ പണക്കാര് ആണെന്ന്..””പിന്നെ എന്താ സംഭവിച്ചത്.. സുമേഷ് പുരികം ഉയർത്തി…
അങ്ങനെയൊക്കെ പറഞ്ഞ് തന്നെ ആണ് മോനെ ആ ആലോചന വന്നത്..”” അന്ന് കുടിച്ചു കുടുംബം നോക്കാതെ നടന്നെങ്കിലും അവിടുന്നും ഇവിടുന്നും കടം വാങ്ങി കുറച്ചു പണ്ടം ഉണ്ടാക്കി കൊടുത്തു… പത്തു ഇരുപതു പവൻ ഉണ്ടായിരുന്നു.. പിന്നെ അവൾക് നല്ലൊരു ജോലിയും ഇല്ലേ സത്യത്തിൽ ആ ജോലി കണ്ടിട്ട് വന്ന ആലോചനയാ അത്……
അവളെ കെട്ടിച്ചു കഴിഞ്ഞ് ഇളയവളുടെ കാര്യം വരുമ്പോൾ വീടും പറമ്പും വിൽക്കാം എന്നുള്ള ആശ്വാസം ആയിരുന്നു… പക്ഷേ നമ്മള് വിചാരിക്കും പോലെ അല്ലല്ലോ മനുഷ്യരുടെ മനസ്….
കല്യാണം കഴിഞ്ഞ മൂന്നാം മാസം മുതൽ മൂന്ന് ലക്ഷം രൂപ കൂടി വേണം എന്ന് പറഞ്ഞ് വഴക്ക് ആയിരുന്നു അവൻ… ” വീട്ടുകാരും ഒട്ടും പുറകോട്ട് അല്ല… ജോലി ഉള്ളത് കൊണ്ട് ഉപേക്ഷിച്ചു വരാൻ പറഞ്ഞപ്പോൾ എന്റെ മോൾക്കും വാശി……
മൂന്ന് ലക്ഷം അല്ലെ അച്ഛന് തന്നാൽ എന്താ… അവർ ചോദിച്ചത് ന്യായമായ തുക അല്ലെ എന്ന് ചോദിച്ച് എന്റെ മോള് എന്നെ തോൽപിച്ചു…. “” പിന്നെ അവളുടെ ജീവിതത്തിന് ഞങ്ങൾ കാരണം ഒരു പോറൽ പോലും വരരുത് എന്ന് ആഗ്രഹിച്ചു… അവളുടെ അമ്മയും നിർബന്ധം പറഞ്ഞപ്പോൾ ആണ് ആധാരം പണയം വച്ച് കാശ് കൊടുത്തത്….
ഇപ്പോൾ ജപ്തിയുടെ വക്കിൽ എത്തി കാര്യങ്ങൾ.. “” വല്ലചാദിയും ഒന്നര ലക്ഷം രൂപ ഉണ്ടാക്കി ഇളയവളെ പറഞ്ഞ് വിട്ടാൽ പിന്നെ ഞങൾ രണ്ട് വയസർക്ക് ഏതെങ്കിലും ക്ഷേത്രമുറ്റത് നിന്നും ഒരു നേരത്തെ ആഹാരം മതി കുഞ്ഞേ ഞങ്ങള്ക് ജീവിക്കാൻ…. ഹഹ്.. “” പെൺപിള്ളേരുള്ള എല്ലാ അച്ഛനമ്മമാരുടെ നെഞ്ചിലും ഒരു തീ ആണ്.. “”
അയാൾ തന്റെ വിഷമം പെയ്തിറക്കുമ്പോൾ സുമേഷ് വണ്ടി മുൻപോട്ട് എടുത്തു.. “”
ആറു മാസം മുൻപ് സരോജിനി ഒന്ന് വീണാരുന്നു… “” നമ്മുടെ സ്റ്റാൻഡിലെ കുട്ടപ്പന്റെ ആട്ടോയിലാ ആശൂത്രീ കൊണ്ട് പോയത്… മെഡിക്കൽ കോളേജ് ചെന്നപ്പോൾ അവര് പ്രൈവറ്റിൽ പോവാൻ പറഞ്ഞു… കൈയിൽ ആണെങ്കിൽ അഞ്ചിന്റെ നയാ പൈസ ഇല്ലാരുന്നു..
ഒടുക്കം ഗീതു മോളെ വിട്ട് ഗായത്രിയുടെ കൈയിൽ നിന്നും ഒരു മാല വാങ്ങി പണയം വെച്ച അവളെ ആശൂത്രീന്ന് ഇറക്കിയത്.. “” ഇപ്പോൾ ആ മാല അവൾക് തിരിച്ചെടുത്തു കൊടുക്കണം…..
ഗീതു മോളുടെ ആവശ്യതിന് വേണ്ടി പോലും ഒരു രൂപ തരാൻ അവളുടെ കൈയിൽ ഇല്ല..” ആ”” കുറ്റം പറയാൻ പറ്റില്ല ഒന്നും ഒറ്റയും ആയിട്ട് കുറച്ചു വാങ്ങിട്ടുണ്ട്…. വല്ല വീട്ടിലേക്കു കെട്ടി കയറിയ പെണ്ണ് അല്ലെ ചോദിക്കുന്നത് മോശം ആണെന്ന് അറിഞ്ഞിട്ടും ഗതി കേട് കൊണ്ട് ചോദിച്ച് പോയതാ..” ഹഹ്.. “” അയാൾ ശ്വാസം എടുത്തു വിട്ടു കൊണ്ട് പുറത്തേക്ക് നോക്കി…
ഗീതുവിന് ജോലി ഒന്നും ആയില്ലേ കുമാരേട്ടാ അവളും ഏതാണ്ടൊക്കെ പഠിച്ചത് അല്ലേ.. “”
അവളുടെ ആഗ്രഹം പോലെ ഫാഷൻ ഡിസൈനിങ് ആണ് പഠിച്ചത് കുഞ്ഞേ.. “” കുറച്ചു നാൾ കൊച്ചിയിൽ ഒരു കമ്പനിയിൽ പോയി… അന്ന് ഒന്ന് നിവർന്നു വന്നതാ ഞങൾ… എന്ത് ചെയ്യാനാ സരോജ വീണതോടെ ആ ജോലി ഉപേക്ഷിച്ചു അവൾ… “” കട്ടി പണി ഒന്നും ചെയ്യാൻ അവൾക് കഴിയില്ല സരോജയ്ക്ക്…….
ഗീതുവിന് ഒരു തയ്യൽ മെഷീൻ വാങ്ങി കൊടുത്ത് വീട്ടിൽ ഇരുന്നു തയ്ച്ചു കൊടുക്കാം എന്ന് കരുതിയതാ അപ്പോൾ മൂത്ത അവൾക് കൊറച്ചിൽ….നല്ല കഴിവ് ഉള്ള കുട്ടിയാ പറഞ്ഞിട്ട് കാര്യം ഇല്ല തലയിൽ എഴുത്ത് ഇങ്ങനെ ആയി പോയി….മൂത്തവളെ പോലെ അല്ല ഒന്നും ആഗ്രഹിക്കാത്ത ഒരു കൊച്ചാ അതിന്റെ വിധി…… “”ഇനി അതിനെ ഇങ്ങനെ നിർത്താൻ പറ്റില്ല അതാ ആലോചന തുടങ്ങിയത്..”””
ആ വീട് എത്തിയല്ലോ.. “” പറഞ്ഞ് തീരുമ്പോൾ അയാൾ ചുറ്റും ഒന്ന് നോക്കി പുറത്തേക്ക് ഇറങ്ങി..എത്ര കുഞ്ഞേ..? പോക്കറ്റിലേക്ക് കൈ ഇട്ടതും സുമേഷ് ആ കൈയിൽ പിടിച്ചു..
തല്ക്കാലം വേണ്ട കുമാരേട്ടാ….. “” ഞാൻ പിന്നെ വന്നു വാങ്ങി കൊള്ളാം..'” പിന്നെ കാശിന്റെ കാര്യം ഓർത്ത് ബേജാർ ആവണ്ട.. “” നമുക്ക് ശരിയാക്കാമെന്നെ….. “” ചെറു ചിരിയോടെ അവൻ ഓട്ടോ സ്റ്റാർട്ട് ചെയ്യുമ്പോൾ കണ്ടു മുൻപിലൂടെ കടന്നു വരുന്നവളേ……
തുളസി കതിരിന്റ നൈർമ്മല്യം പേറിയവൾ..””” ഒരു ചിരി മാത്രം സമ്മാനിച്ചു കൊണ്ട് പോകുമ്പോൾ അവന്റ ഓർമ്മയിൽ ഗായത്രിയുടെ കൈ പിടിച്ചു സ്കൂളിലേക്ക് വരുന്നവളുടെ ചിത്രമാണ് തെളിഞ്ഞു വന്നത്… “”
കുമാരേട്ട.. “” കൈയിൽ ഒരു കൊച്ച് പൊതിയുമായി അകത്തേക്ക് നോക്കി വിളിക്കുമ്പോൾ കണ്ണുകൾ മുറ്റത് കിടക്കുന്ന വില കൂടിയ രണ്ട് കാറുകളിലേക്ക് നീണ്ടു..
എന്താ സുമേഷേ..”’അകത്തു നിന്നും ഗായത്രി പുറത്തേക്ക് ഇറങ്ങി വരുമ്പോൾ സുമേഷ് ചാരു പടിയിൽ ഒരു കൈ പിടിച്ചു കൊണ്ട് അവളെ നോക്കി ചിരിച്ചു…
ആഹാ ഗായത്രി വന്നത് ആയിരുന്നോ..” ഞാൻ വിചാരിച്ചു ഇയാൾ എന്റെ പേരൊക്കെ മറന്നു പോയെന്ന്..കുമാരേട്ടൻ ഇല്ലേ അകത്ത്.. “”അവന്റെ കണ്ണുകൾ അകത്തേക്ക് നീണ്ടു…
അച്ഛൻ അകത്തുണ്ട്..”” സുമേഷ് വന്ന കാര്യം പറ.. “” ധാർഷ്ട്യം നിറഞ്ഞ സംസാരം നിറയുമ്പോൾ അവൻ കണ്ണ് ഒന്ന് വെട്ടിച്ചു…
എനിക്ക് പറയാൻ ഉള്ളത് കുമാരേട്ടനോട് പറഞ്ഞോളാം.. നീ ആദ്യം അച്ഛനെ വിളി..” ധാർഷ്ട്യം ഒട്ടും കുറയാതെ തിരിച്ചവൻ പറയുമ്പോൾ മുഖം വീർപ്പിച്ചവൾ അകത്തേക്ക് പോയി പകരം തിരികെ വന്ന മനുഷ്യന്റെ കണ്ണുകൾ കലങ്ങി മറിഞ്ഞിരുന്നു…
കുമാരേട്ടാ പണം ഒക്കാത്തത് കൊണ്ട് ആണോ ഈ കരഞ്ഞു വീർത്ത് ഇരിക്കുന്നത്..'” അയ്യേ ദേ ഒന്നര ലക്ഷം റുപിക ഉണ്ട്.. ഇത് കൊടുത്ത് ആ കൊച്ചിനെ കെട്ടിക്കാൻ നോക്ക്… “” വേറെ ഒന്നും ചോദിക്കാൻ നിൽക്കാതെ ബലമായി ആ കൈലേക് പണം ഏല്പിക്കുമ്പോൾ പൊട്ടി കരഞ്ഞു പോയിരുന്നു അയാൾ…
മോനെ.. “” ഇനി ഇതിന്റെ ആവശ്യം ഇല്ല.. ആ കല്യാണം നടക്കില്ല.. “”” അത് ഒഴിഞ്ഞു പോ..പോയി…. “” അയാൾ വിതുമ്പി പറയുമ്പോൾ സുമേഷ് കണ്ണ് ചുളിച്ചു..
കാശ്…. കാശ് കുറവ് ആയത് ആണെങ്കിൽ നമുക്ക്… നമുക്ക് വേറെയും ഉണ്ടാക്കാം കുമാരേട്ടെ.. “” ഞങൾ ആട്ടോക്കാര് വിചാരിച്ചാലും നടക്കും.. “” അവൻ പറയുമ്പോൾ ആ ഓട്ടോയിലേക്ക് തളർന്നിരുന്നു അയാൾ..
ഇനി ഒന്നും വേണ്ട മോനെ.. “” എന്റെ മോളുടെ കല്യാണം അകത്ത് ഉറപ്പിച്ചു കഴിഞ്ഞു…. പൊന്നും വേണ്ട പണവും വേണ്ടാത്ത പയ്യൻ… വീടിന്റെ ആധാരവും അവർ എടുത്തു തരും….. പിന്നെ എന്താ ചെറുക്കന് ലേശം ബുദ്ധിഭ്രമം ഉണ്ട്…. കണ്ടാൽ തോന്നില്ലാട്ടോ….. മിടുക്കനാ മിടുക്കൻ..”’ ഹഹ്.. “” അയാൾ കരച്ചിൽ അടക്കാൻ പാട് പെടുമ്പോൾ ആ പണം നെഞ്ചിലേക് ചേർത്തു വച്ചു കൊണ്ട് മുൻ സീറ്റിലേക് ഇരുന്നു സുമേഷ്…
എന്തൊക്കെയ കുമാരേട്ടാ ഈ പറയുന്നത്..”” അപ്പോൾ മറ്റേ ആലോചനയോ..? ഒന്നും മനസിൽ ആകാതെ അവൻ പുരികം കൂർപിക്കുമ്പോൾ അയാൾ ശ്വാസം എടുത്തു വിട്ടു…
ഇത് എന്റെ മൂത്ത മരുമകന്റെ ബന്ധുവാ.. “”” കണ്ട ഇടത്തു നിന്നും കടം വാങ്ങി അച്ഛൻ എന്തിനാ അവളെ കെട്ടിക്കുന്നത് ഇവിടെ ചെറുക്കൻ ഉണ്ട്… അത് നടന്നാൽ എന്റെ സ്വർണ്ണവും എടുത്തു തരണ്ട എന്ന് ഗായത്രി പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല.. “”
മനുവിന്റെ അമ്മയുടെ അനിയത്തിയുടെ മോനാ.. ലേശം പ്രായവും ഉണ്ട്….. ബുദ്ധിമാന്ത്യം ഉള്ളത് കൊണ്ട് കല്യാണം നടന്നില്ല…. പറ്റിയ പെണ്ണിനെ കിട്ടിയപ്പോൾ നടത്തുന്നു… “” ഉള്ളിലെ നോവ് കടിച്ചമർത്താൻ ശ്രമിച്ചയാൾ..
എന്നാലും കുമാരേട്ടാ ഇതിനു സമ്മതിക്കരുത് ആയിരുന്നു.. ആ കൊച്ചിന്റെ ഭാവി വച്ച് നിങ്ങൾ കളിക്കരുത് ആയിരുന്നു…
എങ്കിൽ നീ എന്റെ മോളെ കെട്ടുവോ..? ഉറക്കെ ഉള്ള അയാളുടെ ചോദ്യത്തിൽ ഒന്ന് പകച്ചു അവൻ..
ഇല്ല.. അല്ലെ… “”” പ്രാരാബ്ദം ഏറ്റെടുക്കാൻ ആരും തയ്യാറാവില്ല..” ആരും.. “” അവന്റ നോട്ടത്തിലെ ഭാവം കണ്ടതും പിറു പിറുത്തു കൊണ്ട് തല കുനിച്ചു അയാൾ…
“”ഞാൻ ഗീതുവിനെ വിവാഹം ചെയ്യുന്നതിൽ കുമാരേട്ടന് വിരോധം ഇല്ലങ്കിൽ എനിക്ക് സമ്മതം ആണ്.. “”
ഏഹ്.. “”” അവനിൽ നിന്നും വാക്കുകൾ പുറത്തേക്ക് വന്നതും ഞെട്ടാലോടെ തല ഉയർത്തി അയാൾ…മോനെ..”
പ്രാരാബ്ദത്തിനു നടുക്ക് ആണ് കുമാരേട്ട ഞാനും ജീവിക്കുന്നത്… രണ്ട് പെങ്ങൾമാർക്ക് കൊടുക്കാൻ ഉള്ളത് ഇത് വരെ കൊടുത്തു തീർന്നിട്ടില്ല.. വളയം പിടിക്കാൻ ചങ്കൂറ്റം ഉള്ളത് കൊണ്ട് അത് ഞാൻ തീർക്കും…..
പിന്നെ ഉള്ളത് ഒരു ചെറിയ വീട് ആണ് അതിന്റെ ആധാരം എന്റെ കൈൽ തന്നെ ഉണ്ട്.. അത് കൊണ്ട് കുമാറേട്ടന്റെ മോളെ ആരും അവിടെ നിന്നും ഇറക്കി വിടില്ല…പക്ഷെ എനിക്ക് ഗീതുവിന്റെ സമ്മതം ആണ് വേണ്ടത്… അവളുടെ മോഹങ്ങൾ അളക്കാൻ എനിക്ക് അറിയില്ല… “” അവൻ പറഞ്ഞു തീരുമ്പോൾ ആ കൈ പിടിച്ചകത്തേക്ക് കൊണ്ട് പോയി അയാൾ…
ചെറിയ ഹാളിൽ കൂടിയിരിക്കുന്ന വലിയ ആൾക്കാരുടെ നടുവിൽ വിയർത്ത് ഒട്ടിയ കാക്കി ഷർട്ടിൽ തല ഉയർത്തി നിന്നവൻ ഗീതുവിനെ നോക്കി…
അർഭാടമായ ജീവിതം തരാം എന്നൊന്നും വാക്ക് തരില്ല ഞാൻ…. പട്ടിണിക്ക് ഇടില്ല… “” ആരുടെ മുൻപിലും കൈ നീട്ടാൻ ഇടയും വരത്തില്ല തനിക്ക്.. പക്ഷെ തനിക്ക് സമ്മതം ആണെങ്കിൽ മാത്രം ഞാൻ തന്നെ എന്റെ ജീവിതത്തിലെക്ക് കൂട്ടു.. “” പറഞ്ഞ് കൊണ്ട് അവളുടെ സമ്മതത്തിന് ആയി അവൻ കാതോർക്കുമ്പോൾ ഗായത്രിയും ഭർത്താവും ഇടയിൽ വീണു …
നീ എന്ത് ധൈര്യത്തിൽ ആണെടാ ഇവിടെ വന്നു പെണ്ണ് ചോദിക്കുന്നത്.. “‘ ഹഹ് കണ്ടാലും മതി… അഷ്ടിക് വക ഉണ്ടോടോ നിനക്ക്..”” മനുവിന്റെ ചോദ്യത്തിൽ മുണ്ട് ഒന്ന് മടക്കി കുത്തി സുമേഷ്…
അത് നീ നിന്റെ ഭാര്യയോട് ചോദിക്ക്.. “” രാവിലെ എന്റെ അമ്മ പൊതിഞ്ഞു വിടുന്ന പലഹാരം ആയിരുന്നു ഒരിക്കൽ ഇവളുടെ വയറ് നിറച്ചത്…. അന്ന് ഈ കുമാരേട്ടൻ കള്ള് കുടിച്ചു കുടുംബം നോക്കാതെ നടക്കുന്ന സമയം ആണ്…. പിന്നെ നിന്റെ കാലകേടിന് പഠിച്ചോര് ജോലി വാങ്ങി ഈ നന്ദി ഇല്ലാത്തവൾ നിന്റെ തലയിലും ആയി..
ഇനി നീ അനുഭവിച്ചോ…”” പറഞ്ഞു കൊണ്ട് ഗീതുവിന് നേരെ തിരിഞ്ഞു സുമേഷ്..
കൊച്ചേ നിനക്ക് സമ്മതം ആണോ അല്ലയോ.. ഇത് അറിഞ്ഞിട്ട് വേണം എനിക്ക് പോകാൻ ഓട്ടം ഉണ്ട്.. “” അവന്റെ ആ ചോദ്യത്തിൽ ഗീതുവിന്റെ ചുണ്ടിൽ ചിരിയാണ് വിടർന്നത്… സമ്മതം പോലെ.. “”ആ നിമിഷം സുമേഷിന്റ മുഖതും ചിരി വിടരുമ്പോൾ ഗായത്രി പല്ല് കടിച്ചു…..
അയ്യോ ഞെക്കി പൊട്ടിക്കണ്ട നിന്റെ മാല അത് ഞാൻ എടുത്തു തന്നോളം… പിന്നെ നിന്റെ വക ഒരു രൂപ പോലും വേണ്ട ഞങ്ങളുടെ കല്യാണത്തിന്…. ” വേണം എങ്കിൽ വന്ന് ഉണ്ടിട്ട് പൊയ്ക്കോണം അല്ലെ കുമാരേട്ട……””‘കണ്ണുകൾ അവിടേക്ക് നീളുമ്പോൾ അയാൾ കണ്ണുനീർ ആയത്തിൽ തുടച്ചു കൊണ്ട് ചിരിച്ചു…
അപ്പോൾ ശരി കുമാരേട്ട ഇവരെയൊക്കെ പറഞ്ഞ് വിട്ടിട്ട്.. നല്ലൊരു മുഹൂർത്തം കുറിച്ചോ…. “” ഞാൻ വന്ന് താലി കെട്ടി കൊണ്ട് പൊയ്ക്കോളാം…..”
ചിരിയോടെ ഗീതുവിനെ നോക്കി കണ്ണ് ഇറുക്കി കാണിച്ചവൻ പോകുമ്പോൾ ആ ഓട്ടോയ്ക്ക് പിന്നാലെ പോയി അവളുടെ കണ്ണുകൾ അല്ല അവൾ കാത്തിരുന്ന അവളുടെ ജീവിതം…..