ആപ്പിലാക്കിയ ആപ്പ്
(രചന: Muhammad Ali Mankadavu)
വല്ലപ്പോഴും മാത്രം വീണുകിട്ടുന്ന അവസരത്തിലാണ് ഞാനും അവളും ഒന്നിച്ചിരിക്കുന്നത്.
രാത്രി.. അടുക്കളപ്പണിയൊക്കെ ഒരുവിധം തീർത്തു മനസ്സമാധാനത്തോടെ എന്നോടൊപ്പം സിറ്റിംഗ് ഹാളിലെ സോഫയിൽ എന്നോടൊപ്പം കൂടി.
ഞാനാണെങ്കിൽ വാട്സാപ്പിൽ നിന്നും വാട്സപ്പിലേക്ക് ഓതിരമടിക്കുന്ന സമയം.. അവളും എന്റെ ഫോണിലേക്ക് വെറുതെ നോക്കിയിരുന്നു.
പിന്നീട് ഞാൻ ഫേസ്ബുക്കിലേക്ക് എടുത്തു ചാടി.. മലർന്നു കിടന്നു നീന്തുമ്പോളാണ് കല്ലിൽ തടയുന്നത് പോലെ ഒരു പോസ്റ്റിൽ തടഞ്ഞത്..
“Feeling confused അടയാളവുമായി.. എന്റെ പോസ്റ്റിന് ലൈക്കും കമന്റും ഇടുന്നവരല്ലേ എന്റെ യഥാർത്ഥ ഫ്രെണ്ട്സ്?
“അതൊക്കെ ഇങ്ങളുടെ ഇഷ്ടമല്ലേ, ഇങ്ങള് വേണ്ടത് ചെയ്തോളിൻ” എന്ന് കമന്റിട്ടു ഞാൻ ഊളിയിട്ടു പൊങ്ങി നോക്കുമ്പോൾ പായലിൽ തടഞ്ഞു.. അടുത്ത പോസ്റ്റ്..
“Feeling ഒഴിവാക്കൽ.. കുറച്ചു പേരെ ഫ്രണ്ട്ലിസ്റ്റിൽ നിന്നും ഒഴിവാക്കേണ്ടി വരും? ”
ഞാനാണെങ്കിൽ ഈ സുഹൃത്തിന്റെ പോസ്റ്റ് ആദ്യമായാ ഇതിൽ കാണുന്നത്! ഞാൻ ചെയ്ത ഏതെങ്കിലുമൊരു പോസ്റ്റിൽ ഇദ്ദേഹത്തിന്റെ നിഴൽ പോലും കണ്ടില്ലായിരുന്നുവല്ലോ എന്നോർത്ത്,
അത്ഭുതപരതന്ത്രനായി ഞാൻ ഒന്നുകൂടി ആ പ്രതിഭയുടെ പ്രൊഫൈൽ നോക്കി ഉറപ്പുവരുത്തി.. ശരിയാണ് എന്റെ ഫേസ്ബുക്ക് ചങ്ങായി തന്നെ…
“നിങ്ങൾ എന്റെ ഫ്രണ്ട്ലിസ്റ്റിൽ ഉണ്ടെന്നുള്ളത് ഞാനിപ്പോളാണ് അറിയുന്നത് ! ബാക്കി നിങ്ങൾക്ക് തീരുമാനിക്കാം.. ”
ഹല്ല പിന്നെ..ഞാൻ കമന്റെഴുതി. ഇതൊക്കെ കണ്ട് അവളങ്ങനെ അന്ധാളിച്ചു പുഞ്ചിരിച്ചു.
അപ്പോളാണ് എന്റെ മെസ്സഞ്ചർ കുലുങ്ങി ഒരു തുള്ളി മെസ്സേജ് പുറത്ത് ചാടിയത്!”ഹായ്, ഈ യുട്യൂബ് ലിങ്ക് ഒന്ന് കാണാമോ, സബ്സ്ക്രൈബ് ചെയ്യാമോ”
സുന്ദരിയാണ്.. ശ്രീദേവി അച്ചു.. എപ്പോളോ എന്റെ ഫ്രണ്ട്ലിസ്റ്റെന്ന ഖൽബിൽ കയറിക്കൂടിയവൾ..
പക്ഷെ ആദ്യമായാണ് ഒരു സന്ദേശം, ഞാൻ സന്തോഷം കൊണ്ട് ഭാര്യയുടെ തോളിൽ കൈയിട്ടു. ഒരു ഗുണ്ടയെപ്പോലെ എൻറെ കൈപിടിച്ചു തിരിച്ചിട്ട് അവൾ ചോദിച്ചു..
“ഓഹോ ആരാ മനുഷ്യാ അത്.. നിങ്ങള് ഇങ്ങനത്തെ ആളാന്ന് ഞാൻ വിചാരിച്ചില്ല..വിഷയത്തിലെ വിഷം മനസിലായ ഞാൻ ശ്രീദേവി അച്ചുവിന് ഒരു സ്മൈലി പോലും അയക്കാതെ ഇരിക്കുമ്പോളാണ് അടുത്ത മെസ്സേജ് പുറത്തേക്ക് ഒരു കുതിരയെ പോലെ ചാടി വന്നത്..
“അതേയ് ചേട്ടാ ഈ പുതിയ വിഡിയോ ഒന്ന് കാണണേ”സക്കീന സലീമാണ്..’സക്കീസ് ഡൈൻ ചാനൽ
“ഇത് ഞാൻ സബ്സ്ക്രൈബ് ചെയ്തതാണല്ലോ”എന്റെ മറുപടി..”പക്ഷെ കാണാറില്ലല്ലോ.. “സക്കീന.”ഉണ്ട്”..എന്റെ മറുപടി..
“പക്ഷെ മുഴുവൻ കാണാറില്ല.. വെറുതെ പ്ളേ ചെയ്ത് ഓഫാക്കും”..സക്കീനയുടെ പരിഭവം..
അപ്പോളേക്കും ഭാര്യയുടെ കൈവിരലുകൾ എന്റെ കൈയിലെ മൃദുവായ മസിലുകളിൽ ശക്തിയായി ഇറുക്കാൻ തുടങ്ങിയിരുന്നു!
“അപ്പോ പെണ്ണുങ്ങളുടെ വീഡിയോ കാണലാണ് ഇങ്ങളുടെ പരിപാടിയല്ലേ, എന്നെയൊന്നു നേർക്കുനേരെ നോക്കാൻ നിങ്ങക്ക് നേരമില്ല എപ്പം നോക്കിയാലും മൊബൈലിൽ.. ”
എന്നെ കടിച്ചു കീറാൻ അവൾ മുന്നോട്ടാഞ്ഞു.. എന്ത് ചെയ്യണമെന്നറിയാതെ എന്റെ തൊണ്ടയിലെ അവസാനത്തെ തുള്ളി വെള്ളവും വറ്റി അണ്ണാക്ക് തേങ്ങാപ്പിണ്ണാക്ക് പോലെയായി..
“മുഴുവൻ കണ്ടില്ലെങ്കിൽ വ്യൂ കിട്ടൂല ചേട്ടാ”പ്ലീസ് മുഴുവൻ കാണണേ”…സക്കീനയുടെ അടുത്ത മെസ്സേജ്..
“ഈശ്വരാ.. മുഴുവൻ വ്യൂ ചെയ്യാൻ.. എന്റെ കാര്യം ആപ്പിലായി.. ഇനി രക്ഷയില്ല..” ഞാൻ മനസ്സിൽ പറഞ്ഞു..
അതിനിടയിൽ അബദ്ധത്തിൽ എന്റെ വിരൽ എങ്ങനെയൊക്കെയോ തട്ടിമുട്ടി ഫേസ്ബുക്കിലേക്ക് ഓടിപ്പോയി. അപ്പോളാണ് sponsored മെസ്സേജ്..
“ആക്രി ആപ്പ്”.. വീടാകട്ടെ, ഓഫീസാകട്ടെ, കെട്ടിക്കിടക്കുന്ന ഉപയോഗമില്ലാത്ത സാധനങ്ങൾ ആക്രി ആപ്പ് വഴി ഒഴിവാക്കൂ
നല്ല ഒന്നാന്തരം ആപ്പ് കിട്ടിയ സമയത്ത് തന്നെ പുതിയ ആപ്പ്.. ആക്രി ആപ്പ്.. ഞാൻ ചിന്തിച്ചു..ഫോൺ ദൂരെ വെച്ച്, മറ്റുള്ള ആപ്പുകളെയെല്ലാം അകറ്റി..
ജീവിതത്തിൽ ഏറ്റവും ഉപയോഗമുള്ള തൊട്ടടുത്തുള്ള ആപ്പിനെ
ചേർത്തുപിടിച്ചു “ഇനിയൊരു ആപ്പിനും വകുപ്പില്ല പെണ്ണേന്ന് മൊഴിഞ്ഞു”..