വിഷാദം
(രചന: Nisha Pillai)
നഗരത്തിലെ പ്രശസ്തനായ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ പരിശോധനാ കേന്ദ്രം. മുറിക്കു മുന്നിൽ പതിച്ചു വച്ചിരിക്കുന്ന നെയിം ബോർഡ്, ഡോക്ടർ: ഓസ്കാർ ജോസഫ് റോഡ്രിഗസ് .
വരാന്തയിൽ നിരത്തിയിട്ടിരിക്കുന്ന കസേരയിൽ സുഷ ഇരുന്നു.അവളുടെ ഊഴമെത്തി .അവളെ മുറിയിലേക്ക് വിളിച്ചു.
മുന്നിലിരിക്കുന്ന മിടുക്കനായ ഒരു മധ്യവയസ്‌കൻ , കട്ടി കണ്ണട, ഫ്രഞ്ച് താടി, മനോഹരമായ പുഞ്ചിരി. ഇരിക്കാൻ പറഞ്ഞു. അവളുടെ മുഖത്തെ ആകുലതകൾ ഡോക്ടർ വായിച്ചെടുത്തു.
“പറയൂ സുഷാ,എന്താണ് പ്രശ്നം.ഉറക്ക ക്കുറവുണ്ടെന്ന് എഴുതിയിരുന്നു.എല്ലാം തുറന്നു പറയൂ,പരിഹാരം നമുക്കുണ്ടാക്കാം.”
“ഡോക്ടർ ഞാൻ ഒരാളെ ആത്മാർഥമായി സ്നേഹിച്ചിരുന്നു,കഴിഞ്ഞ നാലു വർഷമായി എനിക്കയാളെ ഇഷ്ടമാണ്.
അയാൾക്ക് പലരിൽ ഒരാളു മാത്രമാണ് ഞാനെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്, സ്കൂളിൽ വച്ചേ പല പെൺകുട്ടികളുമായി അവനു ബന്ധമുണ്ടായിരുന്നു.
അതൊക്കെ അവൻ തുറന്നെന്നോട് പറഞ്ഞിരുന്നു. അതൊക്കെ വളരെ പോസിറ്റീവായി തന്നെ ഞാൻ സ്വീകരിച്ചത്. അതൊക്കെ അവന്റെ കൗമാരത്തിന്റെ ചപലതകൾ മാത്രമാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു.
ഈയിടെയായി അവൻ എന്നെ പൂർണമായും അവഗണിക്കുന്ന പോലെ തോന്നി, തോന്നലല്ല, സത്യമാണ്. അവന്റെ ഡാൻസ് ഗ്രൂപ്പിൽ വന്ന പുതിയ പെൺകുട്ടിയുമായി അവനു അടുപ്പമുണ്ട്.
പെട്ടെന്നുള്ള അവന്റെ അവഗണന എനിക്ക് സഹിക്കാൻ കഴിയുന്നില്ല.ഒറ്റക്കിരിക്കുമ്പോൾ മരിക്കാൻ തോന്നുന്നു,ഉറങ്ങാൻ പറ്റുന്നില്ല,കൂടെ കൂടെ തലപൊട്ടുന്ന പോലെ വേദന വരും.
ഹോസ്റ്റലിൽ കൂട്ടുകാരി കൂടെയുള്ളത് കൊണ്ട് അവളാണ് ആശ്വസിപ്പിക്കുന്നത്.അവള് കൂടെയുള്ളത് കൊണ്ട് ഒന്ന് കരയാൻ പോലും പറ്റുന്നില്ല.എനിയ്ക്കാരുടെയും മുന്നിൽ കരയാൻ കഴിയില്ല.”
“വീട്ടിലാരൊക്കെയുണ്ട്?”കൂട്ടുകാരൻ്റെ കാര്യമൊക്കെ അവർക്കറിയുമോ””വീട്ടിൽ അച്ഛൻ,അമ്മ രണ്ടുപേരും വിരമിച്ച അദ്ധ്യാപകരാണ്.രണ്ട് ചേച്ചിമാർ.ഒരാൾ സ്കിൻ സ്പെഷ്യലിസ്റ്റ് ആണ്, മറ്റെയാൾ ജേർണലിസ്റ്റ്.”
“ചേച്ചിമാരും കുട്ടിയെ പോലെ മാതാപിതാക്കളിൽ നിന്നും എല്ലാം മറച്ചു വയ്ക്കുമോ.”
“കൂട്ടുകാരൻ്റെ കാര്യമൊന്നും വീട്ടിൽ പറഞ്ഞിട്ടില്ല.അതൊന്നും തുറന്ന് പറയാൻ പറ്റിയ അടുപ്പം എനിയ്ക്കാരോടുമില്ല.അവൻ എൻ്റെ ജീവിതത്തിൽ വന്നതിന് ശേഷം മാനസികമായി മറ്റുള്ളവരിൽ നിന്നും അകന്നു.”
സുഷാ കുനിഞ്ഞിരുന്നു കരയാൻ തുടങ്ങി.രണ്ടു മിനിറ്റോളം ഡോക്ടർ അവളെ കരയാൻ വിട്ടു.
“ഇനിയിപ്പോൾ കുട്ടി മരിക്കുകയാണെന്ന് വിചാരിക്കുക.സ്നേഹമില്ലാത്തവനും സ്വാർത്ഥനുമാണവനെങ്കിൽ അയാൾക്കതൊരു പ്രശ്നമേയാകില്ല.
അയാളെ സംബന്ധിച്ച് ഒരു ശല്യം ഒഴിഞ്ഞു.നേരെ മറിച്ച് തൻ്റെ ജീവിതം കൊണ്ട് അവനെ നേരിടുകയാണെങ്കിൽ,തൻ്റെ ജീവിതവിജയം അയാളുടെ ഉറക്കം കെടുത്തും”
അവൾ കണ്ണീർ തുടച്ച് ഡോക്ടറെ നോക്കി.അദ്ദേഹം തുടർന്നു.”ജീവിക്കാനും ധൈര്യം വേണം,മരിയ്ക്കാനും ധൈര്യം വേണം.എന്നാൽ പിന്നെ ജീവിച്ചു കാണിച്ച് കൊടുക്കരുതോ?.
തന്നെ പോലെയൊരു സമർത്ഥയായ പെൺകുട്ടി തൻ്റെ ഇരുപത്തിരണ്ടാം വയസ്സിൽ തോറ്റ് തുന്നം പാടി ജീവിതത്തിൽ നിന്നും ഔട്ട് ആയാൽ വീട്ടുകാർക്ക് മാത്രമല്ലേ നഷ്ടം,അവനെന്താ.
വിശ്വാസവഞ്ചനയ്ക്ക് അവനെ കാലം തോൽപ്പിക്കും.പക്ഷേ അത് കാണാൻ താൻ വേണ്ടേ.അവൻ്റെ പരാജയങ്ങൾ തനിക്ക് കാണണ്ടേ.? ”
അവൾ പ്രതീക്ഷയോടെ ഡോക്ടറെ നോക്കി.അദ്ദേഹം കൗതുകത്തോടെ അവളുടെ കണ്ണുകളിലേയ്ക്കുറ്റു നോക്കി.
“തൽക്കാലം മരുന്നൊന്നും വേണ്ട,താൻ കുറച്ച് ദിവസം വീട്ടിൽ പോയി നിൽക്കൂ.അടുത്താഴ്ച വരൂ,എപ്പോൾ ഉറങ്ങാൻ മരുന്ന് തരാം. തനിക്കിപ്പോൾ വേണ്ടത് ഒരു ചേയ്ഞ്ച് ആണ്. ഒരു യാത്ര,റിലാക്സേഷൻ. അതിജീവിക്കണം എല്ലാത്തിനേയും.”
ഡോക്ടർക്ക് കൈകൊടുത്ത് അവൾ ക്ലിനിക്കിൽ നിന്നുമിറങ്ങി.അവൾ ക്ലോസ് ഫ്രണ്ട് മൈഥിലിയെ വിളിച്ചു.
അവളോട് ലൈബ്രറിയിൽ നിന്നും മാളിലേയ്ക്ക് വരാൻ ആവശ്യപ്പെട്ടു. വളരെ നാളുകൾക്ക് ശേഷം അവൾ ഐസ്ക്രീം കഴിച്ചു.
“ഓരോന്നും കൂടെ പറയട്ടെ,നല്ല രസം കഴിക്കാൻ””എന്താ സുഷേ,നിന്റെ മാറ്റങ്ങൾ എന്നെ പേടിപ്പെടുത്തുന്നു.”
“എന്ത് മാറ്റം, ഞാനിപ്പോൾ പെർഫെക്ട്ലി ഓക്കെയാണ്. അച്ഛൻ്റെ ഫോൺ വന്നിരുന്നു ഞായറാഴ്ച സുമിത്രേച്ചിയെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നെന്ന്. നാളെ വെള്ളിയാഴ്ച അല്ലേ, ഞാൻ ഒന്ന് നാട്ടിൽ പോയി വരാം.എല്ലാവരേയും കണ്ടിട്ട് കുറെ ആയി.”
“നല്ല തീരുമാനം,ഞാനത് അങ്ങോട്ട് പറയാൻ തുടങ്ങുകയായിരുന്നു.””നമുക്കൊരു ഷോപ്പിംഗ് നടത്താം,എനിക്കൊരു ട്രെഡീഷണൽ ഔട്ട് ഫിറ്റ് വാങ്ങണം.”
“നിനക്കോ?, നിനക്ക് കുട്ടി നിക്കറും സ്ലീവ് ലെസ് ഉടുപ്പും അല്ലേ പത്ഥ്യം.ചേച്ചിയ്ക്കാണോ.”
സാധാരണ വീട്ടിലെ മുറിയിൽ മൊബൈലും ലാപ്ടോപ്പും ആയി ചടഞ്ഞ് കൂടുന്ന സുഷമ രാവിലെ മുതൽ അച്ഛൻ്റെ കൂടെ കാർ കഴുകാനും മാർക്കറ്റിൽ പോകാനും,
അമ്മയുടെ കൂടെ അടുക്കളയിലും അമ്മയുടെ കണ്ണ് വെട്ടിച്ച് മാവിൽ കയറി മാങ്ങാ പറിക്കാനും അച്ഛന് പ്രിയപ്പെട്ട മാങ്ങായിട്ട മീൻകറി തയ്യാറാക്കാനും എന്ന് വേണ്ട അവളെല്ലാ കാര്യത്തിനും മുന്നിലുണ്ടായി.
അച്ഛനും അമ്മയ്ക്കും ഒരേ സമയം സന്തോഷവും സങ്കടവും തോന്നി. അവളങ്ങനെയാണ് എപ്പോഴാണ് ആളുടെ സ്വഭാവം മാറുകയെന്നറിയില്ല.ചിലപ്പോൾ ഭയങ്കര സ്നേഹം, ചിലപ്പോൾ ദേഷ്യം.
രണ്ടു ദിവസമായി നല്ല നടപ്പാണ്.സുമിത്രയെ പെണ്ണ് കാണാൻ ഒരു കൂട്ടരെത്തും.രണ്ടാളും വളരെ നാളുകളായി സ്നേഹത്തിലായി രുന്നു.വെറുതെ കാരണവൻമാരെ ബോധിപ്പിക്കാനൊരു പെണ്ണ് കാണൽ,ഒരു ചടങ്ങ്.
“നീ അവളോട് മാനം മര്യാദയ്ക്ക് വല്ലോം ഇട്ടോണ്ട് വരാൻ പറഞ്ഞോ,പ്രായമുള്ളവരെ മാനിയ്ക്കണം. പെൺപിള്ളേരെ മര്യാദയ്ക്ക് വളർത്താത്ത കോന്തൻ തന്തയാണ് ഞാനെന്ന് അവർ വിചാരിക്കും.”
“ഞാനൊന്നും പറഞ്ഞില്ല ,നല്ലൊരു ദിവസമായിട്ട് അടി കൂടണ്ട എന്ന് കരുതി.അത് മതി ഭാണ്ഡക്കെട്ടുമെടുത്ത് ഹോസ്റ്റലിൽ തിരികെ പോകാൻ.”
എല്ലാവരും ഗോവണി ചുവട്ടിൽ ആകാംക്ഷയോടെ കാത്ത് നിന്നു.ഒരു കണ്ണ് ഗോവണിയിലും മറ്റെ കണ്ണ് ഗേറ്റിലുമായി എല്ലാവരും നിന്നു.പോർച്ചിൽ കാറ് വന്ന് നിന്നതും അങ്ങോട്ട് ഓടി പോയി അച്ഛൻ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കി.
ഒലിവ് പച്ചയിൽ ഗോൾഡൺ ത്രെഡ് വർക്ക് ചെയ്ത സൽവാറിൽ അവൾ ഒരു രാജകുമാരി ആയ പോലെ.
മെല്ലെ പടികൾ ഇറങ്ങി വന്നു. ആശ്വാസ സൂചകമായി അച്ഛൻ നെടുവീർപ്പിട്ടു,അമ്മ രണ്ടാമത്തെ ചേച്ചിയുടെ കയ്യിൽ അമർത്തി പിടിച്ചു ചെക്കന് പെണ്ണിനേയും, കാരണവൻമാർ ക്ക് വീടും പരിസരവും ബോധിച്ചു.
കല്യാണത്തിന് തീയതി കുറിയ്ക്കപ്പെട്ടു. കല്യാണത്തിൻ്റെ ചടങ്ങുകൾ ചേച്ചിമാർ പ്ലാൻ ചെയ്തപ്പോൾ സുഷ അച്ഛൻ്റേയും അമ്മയുടേയും വാൽസല്യം അനുഭവിയ്ക്കുകയായിരുന്നു.
“നിനക്കെങ്ങിനെ ഇത്രയും മാറാൻ കഴിഞ്ഞു? എന്തായാലും എനിയ്ക്കെൻ്റെ പഴയ മോളെ തിരികെ കിട്ടിയല്ലോ.”
അമ്മ അവളെ ചേർത്തു പിടിച്ചു.”എനിയ്ക്കറിയാമായിരുന്നു അവൾ തിരിച്ചു വരുമെന്ന്, നമ്മുടെ പഴയ സുഷയായി.”
ഒരാഴ്ച കഴിഞ്ഞ് ഹോസ്റ്റലിൽ ചെന്നപ്പോഴാണ് അവൾക്ക് ഡോക്ടറെ ഓർമ്മ വന്നത്,ഇനി മരുന്ന് വേണ്ടെന്നും വീട്ടിൽ പ്രിയപ്പെട്ടവരുടെ കൂടെ കഴിഞ്ഞപ്പോൾ ഉറക്കം നല്ലത് പോലെ ലഭിച്ചെന്നും ഒരാഴ്ച കാമുകനെ ഓർത്തതേയില്ലയെന്നും പറയണം.
അദ്ദേഹത്തോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കണം.”ഡോക്ടർ ഓസ്കാർ ജോസഫിനെ ഒന്ന് കാണണം.””മുറിയിലുണ്ട്, ഇപ്പോൾ ആരുമില്ല,ചെന്നോളൂ,”
പ്രായം ചെന്ന ഒരു മനുഷ്യൻ മുറിയിലുണ്ടായിരുന്നു. അദ്ദേഹം കമ്പ്യൂട്ടറിൽ എന്തോ ടൈപ്പ് ചെയ്യുകയായിരുന്നു.
“ഡോക്ടർ ഓസ്കാർ ജോസഫ്?””അതെ ഞാനാണ് ഇരിയ്ക്കൂ.””വേറൊരു ഡോക്ടർ, ഫ്രഞ്ച് താടി വച്ച, എപ്പോഴും പുഞ്ചിരിക്കുന്ന.”
“ഇവിടെ ഞാൻ മാത്രമേയുള്ളൂ, കുട്ടിയെ ആരെങ്കിലും പറ്റിച്ചോ? എന്താ കുട്ടിയുടെ പ്രശ്നം.””ഒന്നുമില്ല,സോറി ഡോക്ടർ ബുദ്ധിമുട്ടിച്ചതിന്.”
ഡോക്ടറോട് ഒരു നന്ദി വാക്ക് പോലും പറയാൻ കഴിയാത്തതിൽ വിഷമിച്ചു.തൻ്റെ പ്രശ്നങ്ങൾ പരിഹരിച്ച്, ജീവിതം തിരികെ തന്നതിന് അവൾ മനസ്സാൽ നന്ദി പറഞ്ഞു.
അവളെ സഹായിച്ച ഡോക്ടർ ഒരു നിഗൂഡതയായി മനസ്സിൽ.ഒരു പക്ഷേ തന്നെ ആത്മഹത്യയിൽ നിന്നും രക്ഷിക്കുവാൻ വന്ന , അവധൂതനായിരിക്കുമതെന്ന് അവൾ ആശ്വസിച്ചു.