നിങ്ങടെ മോന് കാമം മൂക്കുമ്പോൾ കൂടെ കിടക്കാൻ മാത്രമായി ഇങ്ങനൊരു ജീവിതം വേണ്ട എനിക്ക്… ഒരു കുഞ്ഞെന്ന സ്വപനം പോലും

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“എനിക്ക് ഡിവോഴ്സ് വേണം…. ഇനി ഒന്നിച്ചു പോകാൻ പറ്റില്ല….”വീണയുടെ വാക്കുകൾ ഉറച്ചതായിരുന്നു. കേട്ടു നിന്ന അജിത്ത് എന്ത് പറയണമെന്നറിയാതെ കുഴഞ്ഞു.

” വീണാ പ്ലീസ്.. നീ ഇങ്ങനെ എടുത്തു ചാടി ഓരോന്ന് പറയാതെ.. ഒരു കുഞ്ഞിക്കാല് കാണാൻ കഴിയാത്തത്തിൽ എനിക്കും വിഷമം ഉണ്ട് പക്ഷെ. അതിനിങ്ങനെയൊക്കെ ചെയ്യാൻ നിന്നാൽ.. ഞാൻ മനഃപൂർവം അല്ലല്ലോ ഒന്നും.. നമുക്ക് പതിയെ തീരുമാനിക്കാം. ഇപ്പോ ഒന്ന് സമാധാനിക്ക് നീ ”

അവൻ കെഞ്ചുകയായിരുന്നു.” പറ്റില്ല.. പറ്റില്ല… പറ്റില്ല… ഇനിയും ഇങ്ങനെ ഒന്നിച്ചു പോകുന്നതിൽ അർത്ഥമില്ല… നമുക്ക് പിരിയാം എത്രയും പെട്ടെന്ന്…. എനിക്കിപ്പോ സംശയം ഉണ്ട് കുട്ടികൾ ഉണ്ടാകില്ല എന്ന് അറിഞ്ഞു വച്ചാണോ നിങ്ങൾ എന്നെ കെട്ടിയത് എന്നത്..”

ആ വാക്കുകൾ കേട്ട് നടുങ്ങി പോയി അജിത്ത്.” വീണാ.. എന്ത് ഭ്രാന്താണ് നീ ഈ പറയുന്നേ.. എന്നെ ജയിക്കാൻ ഇങ്ങനെ എന്തും വിളിച്ചു പറയാൻ നിൽക്കല്ലേ. ”

അവന്റെ നടുക്കം വകവയ്ക്കാതെ അവൾ മുറി വിട്ട് പുറത്തിറങ്ങുമ്പോൾ ഒക്കെയും കേട്ട് അന്ധാളിച്ചു നിന്നിരുന്നു അജിത്തിന്റെ അച്ഛൻ മാധവനും അമ്മ ശാരദയും.

” മോളെ എന്താ.. എന്താ ഇപ്പോ പെട്ടെന്ന്.. ഡിവോഴ്സ് എന്നൊക്കെ പറയുന്നത്. നിങ്ങൾ തമ്മിൽ എന്തേലും പ്രശ്നമുണ്ടേൽ അത് പറഞ്ഞു തീർത്തൂടെ “ശാരദയുടെ വാക്കുകളും വീണ ചെവിക്കൊണ്ടില്ല.

” എനിക്ക് പറ്റില്ല അമ്മേ നിങ്ങടെ മോനൊപ്പം… നിങ്ങടെ മോന് കാമം മൂക്കുമ്പോൾ കൂടെ കിടക്കാൻ മാത്രമായി ഇങ്ങനൊരു ജീവിതം വേണ്ട എനിക്ക്… ഒരു കുഞ്ഞെന്ന സ്വപനം പോലും

സഫലീകരിക്കാൻ പറ്റില്ലേ .. പിന്നെന്തിനാ ഇങ്ങനൊരു ജീവിതം കുറെ സഹിച്ചു… ക്ഷമിച്ചു.. ഇനി വയ്യ. ഞാൻ അച്ഛനെ വിളിച്ചിട്ടുണ്ട്.. അച്ഛൻ വന്നാൽ ഉടൻ ഞാൻ ഇവിടെ നിന്നും പോകും.. ”

ആ വാക്കുകൾ കേട്ടത്തോടെ അവൾ എല്ലാം ഉറപ്പിച്ചു എന്നത് എല്ലാവർക്കും ബോധ്യമായി.. ആ നിമിഷം അജിത്തിന് വല്ലാത്ത അറപ്പ് തോന്നി വീണയോട്. കാരണം അത്രക്ക് മോശപ്പെട്ട വാക്കുകൾ അവളിൽ നിന്നും കേൾക്കേണ്ടി വരുമെന്ന് അവൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.

” മോളെ അവൻ അറിഞ്ഞു വച്ചു നിന്നെ ചതിച്ചതൊന്നുമല്ല…. കുട്ടികൾ ഉണ്ടാകില്ല എന്ന ഒറ്റക്കാരണത്തിൽ അവനെ വിട്ടു പോകണോ… പെട്ടെന്നു പിരിയണം എന്നൊക്കെ പറയുമ്പോൾ… ”

മാധവൻ ഏറെ അസ്വസ്ഥതയോടെ ചോദിക്കുമ്പോൾ അജിത്ത് അവർക്കരികിലേക്ക് ചെന്നു.

” അച്ഛാ.. മതി.. അവൾക്ക് പോണം ന്ന് ആണേൽ ആരും തടയേണ്ട.. പൊയ്ക്കോട്ടെ.. ഞാൻ ആരെയും ചതിച്ചിട്ടില്ല. ഒരു അച്ഛനാകാനുള്ള ശേഷി എനിക്കില്ല എന്ന് അറിഞ്ഞപ്പോൾ ആകെ തകർന്ന് പോയതാ ഞാൻ. എന്നിട്ടും

പിടിച്ചു നിന്നു പക്ഷെ അതിന്റെ പത്തിരട്ടി ധൈര്യം ഇപ്പോ എനിക്കുണ്ട്. ഈ ഒരു ഒറ്റക്കാരണത്തിൽ ഞാൻ ഇത്രയും നാള് കാട്ടിയ സ്നേഹത്തിനു പുല്ല് വില കല്പ്പിച്ചു അവള് പോണേൽ പോട്ടെ.. ”

ആ വാക്കുകൾ കേട്ട് യാതൊരു ഭാവമാറ്റവും വീണയിൽ ഉണ്ടായില്ല. എന്നാൽ ആകെ തളർന്നു പോയി ശാരദ.

” മക്കളെ.. നിങ്ങൾ ഇങ്ങനെ പരസ്പരം വാശി കാണിക്കല്ലേ.. ആകെയൊരു ജീവിതമാണുള്ളത് അതിങ്ങനെ വാശി കാണിച്ചു നശിപ്പിക്കാതെ.. ചെറിയ ചെറിയ തെറ്റുകൾ ഒക്കെ പരസ്പരം പൊറുത്തും സഹിച്ചും ഒരുമിച്ചു മുന്നോട്ട് പോകുന്നതല്ലേ നല്ലത് “ശാരദ പ്രതീക്ഷയോടെ രണ്ടാളെയും മാറി മാറി നോക്കി.

” അമ്മാ.. ആർക്ക് ആണ് വാശി എനിക്കോ.. എനിക്കെന്ത് വാശിയാണ് ഉള്ളത്. വാശി മുഴുവൻ ഇവൾക്ക് അല്ലെ. കല്യാണം കഴിഞ്ഞു വർഷം രണ്ടായിട്ടും സ്നേഹം എന്ന വാക്കിനു പോലും വില

കൽപ്പിക്കാതെ . ഇട്ടെറിഞ്ഞു പോകാനുള്ളതാണോ ജീവിതം.. അവൾക്ക് അപ്പോൾ അത്രയ്ക്കെ ഉള്ളു എന്നോടുള്ള സ്നേഹം…. ഇല്ലാത്ത സ്നേഹം പിന്നാലെ നടന്നു പിടിച്ചു വാങ്ങാൻ ഞാനില്ല. ”

അജിത്തും പതിയെ പതിയെ വാശിയിലേക്കെത്തി. അതോടെ നിസ്സഹായരായി പരസ്പരം നോക്കി മാധവനും ശാരദയും.

മറുപടി ഒന്നും പറഞ്ഞില്ല വീണ. നേരെ ചെന്നവൾ സിറ്റ് ഔട്ടിൽ ഒരു കസേരയിൽ ഇരുപ്പുറപ്പിച്ചു. പിന്നാലെ ചെന്ന് ഒന്നും പറയാൻ തോന്നിയില്ല ആർക്കും.

സമയം പിന്നെയും നീണ്ടു. വൈകാതെ വീണയുടെ അച്ഛനും എത്തി. പരമാവധി അവളെ അനുനയിപ്പിക്കാൻ അയാളും ശ്രമിച്ചു പക്ഷെ ഫലമുണ്ടായില്ല.

” എനിക്ക് പറ്റില്ല അച്ഛാ.. ഇങ്ങനെ അർത്ഥമില്ലാത്ത ഒരു ജീവിതം ചുമ്മാ ജീവിച്ചു തീർക്കുന്നതിൽ കാര്യമില്ല… ഞാൻ ആഗ്രഹിച്ചിരുന്ന ജീവിതമല്ല ഇത്.. കുറെ അഡ്ജസ്റ്റ് ചെയ്യാൻ നോക്കി പക്ഷെ

പറ്റുന്നില്ല എനിക്ക്. എന്നെ വീട്ടിലേക്ക് കൊണ്ട് പോകുവാൻ അച്ഛന് ബുദ്ധിമുട്ട് ആണേൽ പറയ് ഞാൻ ഏതേലും ഹോസ്റ്റലിലേക്ക് മാറിക്കോളാം ”

ആ വാക്കുകൾക്ക് മുന്നിൽ ആ അച്ഛനും വീണു. ഒന്ന് തിരിഞ്ഞു പോലും നോക്കാതെ വീണ വീട് വിട്ടു പോകുമ്പോൾ അജിത്തിന്റെ മിഴികൾ അറിയാതെ തുളുമ്പി. രണ്ട് വർഷങ്ങൾ നീണ്ടു നിന്ന സന്തോഷകരമായ ദാമ്പത്യം അങ്ങിനെ

അവസാനിക്കുന്നു. ഓർമ്മകൾ അവന്റെ മനസിനെ വല്ലാതെ വേട്ടയാടി. ഒരു നിമിഷം ജീവിതം അവസാനിപ്പിച്ചാലോ എന്ന് പോലും തോന്നി പോയി അവന്.

” മോനെ.. എന്താ ഇങ്ങനെ.. എന്തിനാ വീണ മോള് ഇത്ര പെട്ടെന്ന്… അവൾക്ക് എന്താ പറ്റിയെ..”

നിറമിഴികളോടെ തന്നെ ശാരദ ചോദിക്കുമ്പോൾ മറുപടി ഇല്ലായിരുന്നു അജിത്തിന്.

” ഞാൻ എന്ത് പറയാനാ.. പെട്ടെന്നൊന്നും അല്ല കുറച്ചു ദിവസങ്ങളായി പൊട്ടലും ചീറ്റലുകളും ഒക്കെ ഉണ്ടായിരുന്നു. ഇന്നിപ്പോ അത് ഉച്ചസ്ഥായിൽ ആയി. അവള് പറഞ്ഞത് അമ്മയും കേട്ടില്ലേ….

പറഞ്ഞത് പോലെ ചിലപ്പോൾ മടുത്തു കാണും.. ശെരിയല്ലേ.. ഒരു കുഞ്ഞിനെ കൊടുക്കാൻ കഴിവില്ലാത്തവൻ ആയിപ്പോയില്ലേ ഞാൻ. ”

അത്രയും പറഞ്ഞവൻ വേദനയോടെ മുറിയിലേക്ക് പോകുമ്പോൾ നിസഹായരായി നോക്കി നിന്നു മാധവനും ശാരദയും.

ഒത്തു തീർപ്പ് ചർച്ചകൾ ഒന്നും ഫലം കണ്ടില്ല. ഈ ബന്ധം വേണ്ട എന്ന കടുംപിടുത്തത്തിൽ തന്നെ നിന്നു വീണ കുടുംബ കോടതി മുറിയിലും കൗൺസിലിംഗിലുമെല്ലാം അവൾ അത് തന്നെ ആവർത്തിച്ചു” എനിക്കിനി ഇയാൾക്കൊപ്പം പറ്റില്ല…”

ഒടുവിൽ കോടതിയും അവൾക്കു മുന്നിൽ കീഴടങ്ങി.രണ്ട് വർഷങ്ങൾ നീണ്ട ആ ദാമ്പത്യം ആറു മാസത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ അവസാനിച്ചു. മ്യൂച്ചൽ ഡിവോഴ്സിന് തന്നെ അജിത്തും സമ്മതിച്ചിരുന്നു.

വിധി വരുമ്പോഴേക്കും അവന്റെ ഉള്ളിലെ വേദന കെട്ടടങ്ങിയിരുന്നു. ഓരോ തവണ കോടതി മുറിയിൽ എത്തുമ്പോഴും വീണയോടുള്ള അവന്റെ വെറുപ്പ് കൂടി വന്നു. കൗൺസിലിംഗിന് വിട്ടപ്പോഴും അജിത്തിനെ പറ്റി വളരെ മോശമായാണ്

വീണ സംസാരിച്ചത്. അതെല്ലാം അവന്റെ ഉള്ളിലെ വെറുപ്പ് ഇരട്ടിയാക്കിയിരുന്നു. ഒടുവിൽ വിധി വന്ന ദിവസം അവസാനമായി അവളുടെ മുന്നിലേക്ക് ചെന്നു അവൻ.

” സന്തോഷം ആയില്ലേ നിനക്ക്. ഇപ്പോ. “ആ ചോദ്യത്തിന് മുന്നിൽ വീണ മറുപടി പറഞ്ഞില്ല.

” രണ്ട് വർഷം നിന്നെ പൊന്ന് പോലെ എന്റെ ചങ്കിൽ കൊണ്ട് നടന്നു പോറ്റിയ സമയം ഒരു പട്ടിയെ വാങ്ങിയിരുന്നെങ്കിൽ ഇന്നും അതെന്നെ കാണുമ്പോൾ വാലാട്ടി സ്നേഹം കാണിച്ചേനെ.. ഒപ്പം നിന്നേനെ ..നന്ദി കാണിച്ചേനെ.. പക്ഷെ എനിക്ക്

തെറ്റിപ്പോയി… നിന്നെ ജീവന് തുല്യം സ്നേഹിച്ചത് ഓർക്കുമ്പോൾ അറപ്പ് തോന്നുന്നു എനിക്കിപ്പോൾ ”

ഒക്കെയും കേട്ട് മൗനമായി നിന്നു വീണ. അതോടെ കൂടുതൽ പറയുന്നതിൽ കാര്യമില്ല എന്ന് മനസ്സിലാക്കി തിരിഞ്ഞു നടന്നു അജിത്ത്. പെട്ടെന്ന് എന്തോ ഓർത്തു നിന്നു അവൻ. ശേഷം വീണ്ടും തിരികെ അവൾക്ക് അരികിലെത്തി.

” ശെരിയാണ് എനിക്ക് ഒരു അച്ഛൻ ആകാനുള്ള കഴിവില്ല. പക്ഷെ… അച്ഛനില്ലാത്ത ഒരു കുഞ്ഞുമായി ജീവിതം തള്ളി നീക്കുവാൻ കഷ്ടപ്പെടുന്ന ഒരു പെൺകുട്ടിക്ക് അവളുടെ എല്ലാമെല്ലാമായ ഭർത്താവ് ആകുവാൻ കഴിയും. സ്വന്തം ചോര അല്ലെങ്കിലും അങ്ങിനെ കണ്ട് ആ

പൊന്നുമോൾക്ക് അച്ഛൻ ആകാനും കഴിയും.ആ തീരുമാനം ഞാൻ എടുത്തു. ഉടനെ തന്നെ ഉണ്ടാകും.. നിന്റെ മുന്നിൽ തന്നെ ആ ജീവിതം സന്തോഷത്തോടെ ജീവിച്ചു കാണിച്ചു തരാം ഞാൻ. ”

വീണയിൽ ഒരു ഞെട്ടൽ പ്രതീക്ഷിച്ചു അജിത്ത്. പക്ഷെ അതുണ്ടായില്ല. പകരം ഒന്ന് പുഞ്ചിരിച്ചു അവൾ.

” എന്റെ മുന്നിൽ ജീവിച്ചു കാണിക്കാൻ നിങ്ങൾക്ക് പറ്റില്ല… പിന്നെ ഒരു കാര്യം ഉറപ്പ് ഒരു നല്ല ഭർത്താവ് ആയിരിക്കും നിങ്ങൾ. അത് ആ കുട്ടിയുടെ ഭാഗ്യം ആണ്. എന്തായാലും ആൾ ദി ബെസ്റ്റ്…. ”

അത്രമാത്രം പറഞ്ഞു പുഞ്ചിരിയോടെ അവൾ തിരിഞ്ഞു നടക്കവേ വല്ലാത്ത അമർഷത്തോടെ നോക്കി നിന്നു അജിത്ത്.

സത്യത്തിൽ ഈ ഡിവോഴ്സോടെ സ്വന്തം വീട്ടുകാരെ പോലും ശത്രുക്കൾ ആക്കുകയായിരുന്നു വീണ. അത്രമാത്രം അവർ അജിത്തിനെ ഇഷ്ടപ്പെട്ടിരുന്നു മാത്രമല്ല ഡിവോഴ്സ് എന്ന തീരുമാനത്തിൽ നിന്നും വീണയെ പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചിരുന്നു അവർ.

കോടതിയിൽ നിന്നിറങ്ങിയ വീണ വീട്ടിലേക്ക് തിരിച്ചെത്തിയില്ല.. പിണങ്ങി വന്നതിൽ പിന്നെ പലപ്പോഴും ഇതുപോലെ പുറത്ത് പോയി വൈകി വരാറുള്ളതിനാൽ വീട്ടുകാരും അത് ആദ്യം കാര്യമാക്കിയില്ല.

എന്നാൽ രാത്രിയായിട്ടും കാണാതായപ്പോൾ നടത്തിയ അന്യോഷണത്തിൽ അവളുടെ ബെഡ് റൂമിൽ നിന്നും ഒരു ലെറ്റർ കിട്ടി.

‘ എന്നെ ഇനി അന്യോഷിക്കേണ്ട.. ഞാൻ പോകുന്നു.. എന്റെ ഇഷ്ടങ്ങൾ തേടി..’അത്ര മാത്രമാണ് ആ ലെറ്ററിൽ എഴുതിയിരുന്നത്.

” എന്റെ ദൈവമേ.. ഈ കൊച്ച് ഇത് എന്നാ ഉദ്ദേശിച്ചാണ്.. “തലയിൽ കൈ വച്ച് ഉള്ള് പൊട്ടുന്ന വേദനയിൽ നിലത്തേക്കിരുന്നു പോയി വീണയുടെ അച്ഛൻ.

ഉള്ളിൽ നിറയെ വെറുപ്പ് ആയിരുന്നെങ്കിലും വീണയെ കാണാനില്ല എന്ന് അറിഞ്ഞപ്പോൾ ഒരു വേദന തോന്നി അജിത്തിനും. തേടിയിറങ്ങാൻ മനസ്സ് വെമ്പിയെങ്കിലും അടങ്ങി അവൻ.

” ആർക്കറിയാം.. ഇനി ആരേലും കണ്ട് വച്ചിട്ടുണ്ടോ ന്ന്.”” എനിക്ക് സംശയം ഉണ്ട്. കാരണം അമ്മാതിരി തുള്ളൽ തുള്ളി അല്ലെ അന്ന് ഇവിടുന്ന് പോയെ അവൾ .. ”

ശാരദയും മാധവനും സംസാരിക്കുന്നത് കേൾക്കെ അങ്ങനൊരു കാര്യം മാത്രം ഉള്ളു കൊണ്ട് അംഗീകരിക്കാൻ കഴിഞ്ഞില്ല അജിത്തിന്.

‘അങ്ങിനെ മറ്റൊരു ബന്ധത്തിലേക്ക് പോകാൻ മാത്രം മോശപ്പെട്ട മനസ്സല്ല അവളുടേത്… ഒരു കാര്യം ഉറപ്പ്.. വീണയുടെ ഈ മാറ്റങ്ങൾക്കും ഇപ്പോഴത്തെ പോക്കിനുമൊക്കെ മറ്റെന്തോ കാരണങ്ങൾ ഉണ്ട്. ‘

അത്ര മാത്രം മനസ്സിൽ ഉറപ്പിച്ചു അവൻ.ദിവസങ്ങൾ പിന്നെയും നീണ്ടു. വീണയ്ക്കു വേണ്ടിയുള്ള തിരച്ചിൽ ആദ്യയൊക്കെ വല്യ ഊർജ്ജിതമായിരുന്നെങ്കിലും പതിയെ പതിയെ എല്ലാം കെട്ടടങ്ങി. അവൾ

ആർക്കൊപ്പമോ പോയി എന്ന നിഗമനത്തിൽ എത്തിച്ചേർന്നു എല്ലാവരും. അതിനിടയിൽ അപകടം എന്തേലും പറ്റിയതാണോ എന്ന കാര്യത്തിലും സംശയം ബാക്കി നിന്നു.നഷ്ടം അവളുടെ വീട്ടുകാർക്ക് മാത്രമായി.

അതിനിടയിൽ അജിത്ത് പുതിയൊരു കുടുംബ ജീവിതത്തിലേക്ക് കടന്നു. സ്വന്തം ചോരയല്ലെങ്കിലും തങ്കക്കുടം പോലൊരു പെൺകുഞ്ഞിന്റെ അച്ഛനായി അവൻ. പതിയെ പതിയെ വീണയെ പറ്റിയുള്ള ഓർമകളിൽ നിന്നും അകന്നു അവൻ. അവനെന്നല്ല. വീണയുടെ വീട്ടുകാർ പോലും പതിയെ പതിയെ അവളെ മറന്നു തുടങ്ങിയിരുന്നു.

‘ എവിടെയോ.. ആർക്കൊപ്പമോ.. നല്ലൊരു ജീവിതം തേടി പോയി…’അങ്ങിനെ കരുതി സമാധാനിച്ചു അവർ …ഒരു പക്ഷെ വീണ ആഗ്രഹിച്ചതും അതായിരുന്നു.

അങ്ങ് സ്വർഗ്ഗ ലോകത്തിരുന്നു അവൾ കാണുന്നുണ്ടാകും എല്ലാം. താൻ ആഗ്രഹിച്ച പോലെ തന്നെ കാര്യങ്ങൾ നടന്നതിൽ സന്തോഷിക്കുന്നുണ്ടാകും.
അജിത്ത്‌ മനസ്സിൽ കരുതിയത് ശെരിയായിരുന്നു.

വീണയുടെ പെട്ടെന്നുള്ള മാറ്റങ്ങൾക്ക് മറ്റൊരു കാരണം ഉണ്ടായിരുന്നു. കടുത്ത ചുമയും ശ്വാസം മുട്ടലും വിട്ടു മാറാതെ വന്നപ്പോൾ ആണ് ചികിത്സയ്ക്കായി അവൾ പോയത്. ഒടുവിൽ ശ്വാസ

കോശത്തിൽ ക്യാൻസറാന്നും നാലാം സ്റ്റേജ് കഴിഞ്ഞെന്നും അറിഞ്ഞപ്പോൾ ആകെ തകർന്നു പോയിരുന്നു അവൾ. ജില്ല വിട്ട് ജോലി ചെയ്തിരുന്നു അജിത്ത് ആഴ്ചയിൽ രണ്ട് ദിവസമാണ് വീട്ടിൽ വന്ന് പോയിരുന്നത്.

ഡോക്ടർമാർ നിശ്ചയിച്ചു നൽകിയ ആറു മാസം മാസം മാത്രം നീണ്ടു നിൽക്കുന്ന ജീവിതം ഒരു രോഗിയായി എല്ലാവർക്കും മുന്നിൽ ജീവിച്ചു തീർക്കാൻ ആഗ്രഹിച്ചില്ല വീണ. അതിനേക്കാളുപരി താൻ ആർക്കുമൊരു ഭാരമാക്കരുത് എന്ന ചിന്തയും അവളെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു.

ഒന്നും ആരെയും അറിയിച്ചില്ല. തന്നെ സ്നേഹിക്കുന്നവർക്ക് തന്റെ വേർപാട് വലിയൊരു വേദനയാകരുത് അത്രമാത്രമാണ് അവൾ ആഗ്രഹിച്ചത്. അതിനായി ആദ്യം അജിത്തിൽ നിന്നും അകന്നു.

അവന്റെ വെറുപ്പ് നേടി. ഡിവോഴ്സ് കിട്ടുന്നത് വരെ തന്റെ അവശത ആരും അറിയാതിരിക്കുവാൻ ഇടയ്ക്കിടക്ക് ആരെയും അറിയിക്കാതെ പുറത്ത് പോയി ചെറിയ ട്രീറ്റ്‌മെന്റ് ഒക്കെ ചെയ്തു.

ഒടുവിൽ ഡിവോഴ്സ് കിട്ടിയ അന്ന് നെഞ്ച് പൊട്ടുന്ന വേദനയോടെ അവൾ എല്ലാം ഉപേക്ഷിച്ചു ട്രെയിൻ കയറി. മനസ്സിൽ ഒരു തീരുമാനം ഉറപ്പിച്ചു കൊണ്ട്. പരമാവധി ദൂരം അതായിരുന്നു ലക്ഷ്യം.

അതിൽ വിജയിച്ചു. നാട്ടിൽ അവളെ തിരഞ്ഞു നടന്നവർ അറിഞ്ഞിരുന്നില്ല ഒരാഴ്ച കഴിഞ്ഞു ഗുജറാത്തിലെ ഒരു റെയിൽവേ പാളത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാത യുവതി വീണയായിരുന്നു എന്നത്.

തിരിച്ചറിയാൻ പറ്റാത്ത വിതം വികൃതമായിരുന്നതിനാൽ അവിടുത്തെ ഒരു ലോക്കൽ പത്രത്തിലെ പതിവ് വാർത്ത മാത്രമായി ഒതുങ്ങി അവൾ..

ആരെയും ഒന്നും അറിയിക്കാതെ.. ഒരു രോഗിയായി ആർക്കും ഭാരമാകാതെ.. ആർക്കും വലിയ വിഷമങ്ങൾ ഒന്നും നൽകാതെ..അവൾ മാഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *