(രചന: പ്രജിത്ത് സുരേന്ദ്രബാബു)
” ഇന്ദു.. നീ റേഷൻ കടയിൽ പോയാരുന്നോ ഈ മാസത്തെ റേഷൻ വന്നെന്ന് കേട്ടു.. “” ഞാൻ ഇന്നലെ പോയി ശാന്തേച്ചി.. ഇന്നിനി ഒന്നിനും സമയം കിട്ടില്ലല്ലോ.. മണ്ണെണ്ണയും ഗോതമ്പുമേ ഉള്ളു വേറൊന്നും കിട്ടീല.. പിന്നെ കുറെ നാളായി മണ്ണെണ്ണ കിട്ടീട്ട് അതാ ഞാൻ പോയി വാങ്ങിയേ..”
ഹോട്ടലിൽ ചായ അടിച്ചു നിൽക്കെ പുറത്തെ സംസാരം കേട്ടിട്ടാണ് സഹദേവൻ തല പുറത്തേക്കിട്ടത്. പുറത്ത് ഇന്ദുവിനെ കണ്ട അയാളുടെ മുഖത്ത് പുഞ്ചിരി വിടർന്നു.
“എന്താ ഇന്ദു പതിവില്ലാതെ രാവിലെ ക്ഷേത്രത്തിലേക്ക് പോകുവാണോ.. എന്തേലും വിശേഷം ഉണ്ടോ ഇന്ന്. “ആ ചോദ്യം കേട്ട് നിന്നു അവൾ.
” ആഹാ.. ചേട്ടൻ മറന്നോ.. ഇന്നല്ലേ മോളുടെ കേസ് വിധി വരുന്ന ദിവസം.. ഭഗവാനെ കണ്ട് പ്രാർത്ഥിച്ചു നേരെ കോടതിയിലേക്ക് പോണം ”
ആ മറുപടി കേട്ട സഹദേവന്റെ മുഖം വാടി.” ശെരിയാണല്ലോ.. ഞാൻ അത് മറന്നു. “അയാളുടെ വാക്കുകളിൽ നോവ് പടർന്നിരുന്നു.
” ചേട്ടൻ .. കോടതിയിലേക്ക് വരില്ലേ.. എന്ത് തിരക്ക് ഉണ്ടേലും അതൊക്കെ മാറ്റി വച്ചിട്ട് ഇന്ന് വന്നേ പറ്റുള്ളൂ കേട്ടോ.. എന്റെ കൊച്ചിന്റെ കാര്യമാണ്. അറിയാലോ നിങ്ങളെയൊക്കെ അവൾക്ക് വലിയ ഇഷ്ടം ആയിരുന്നു ”
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആദ്യമായാണ് ഇന്ദുവിനെ അത്രയും ഉന്മേഷതോടെ കാണുന്നത്. അതും ഈ ദിവസം. എന്നാൽ അത് കണ്ട് ഹോട്ടലിൽ ഇരുന്ന എല്ലാവരും മറുപടിയില്ലാതെ പരസ്പരം മുഖാമുഖം നോക്കിപ്പോയി.
” ശെരി ചേട്ടാ.. ഞാൻ തൊഴുതു വരാം.. “അത്രയും പറഞ്ഞു അവൾ നടന്നകലുമ്പോൾ ഏറെ നിരാശ തോന്നി സഹദേവന്.
” പാവം.. അവൾക്കും അറിയാം കേസ് തോക്കും ന്ന്. എന്നിട്ടും..”അത്ര പറയുവാനേ അയാൾക്ക് കഴിഞ്ഞുള്ളു..
” ഇനി മാനസികമായി എന്തേലും പ്രശ്നം ആയി കാണോ.. ഇന്നിപ്പോ ആകെ സന്തോഷത്തിൽ ആണല്ലോ ആള് ”
ഹോട്ടലിൽ ചായ കുടിച്ചിരുന്ന ആളുടെ വാക്കുകൾ കേൾക്കെ എല്ലാവർക്കും ഒരുപോലെ ഉള്ളിൽ ആ സംശയം തോന്നാതിരുന്നില്ല.
” ആരാ ഇത്.. എന്ത് കേസിന്റെ കാര്യമാ അവര് പറഞ്ഞിട്ട് പോയെ.. “കടയിൽ ഇരുന്ന അപരിചിതനായ ആളുടെ ചോദ്യം കേട്ട് അയാൾക്ക് അഭിമുഖമായി തിരിഞ്ഞു സഹദേവൻ.
” പത്രത്തിലും വാർത്തയിലും ഒക്കെ കാണാറില്ലേ ഒരു ദീപിക വധക്കേസ്.. ആ മരിച്ച കുട്ടിയുടെ അമ്മയാണിത് ഇന്ദു..”
അത്രയും കേൾക്കെ തന്നെ അയാൾക്ക് വേഗത്തിൽ ആളെ മനസിലായിരുന്നു.” അതാ ബാലചന്ദ്രന്റെ മോനല്ലേ പ്രതി..ഒരു വരുൺ .. ആ ബാർ ഓണറുടെ.. അവര് കാശിറക്കി കേസ് തിരിച്ചെന്നല്ലേ കേൾക്കുന്നേ.. ”
” ഉവ്വ് .. അതാ ഇപ്പോ ഞങ്ങളും പറഞ്ഞെ. ആ കൊച്ചിന്റെ കോളേജിൽ ആയിരുന്നു ഈ ചെറുക്കൻ. മയക്കു മരുന്നും വലിച്ചു കേറ്റി നടക്കുന്ന പക്കാ ഫ്രോഡ്. ഈ കൊച്ചിന് അതറിയില്ലായിരുന്നു പ്രേമം ന്ന് പറഞ്ഞു പിന്നാലെ നടന്നപ്പോ അവള് വിശ്വസിച്ചു പോയി.
ഒടുക്കം ഇവളെ കറങ്ങാണെന്നും പറഞ്ഞ് വിളിച്ചു കൊണ്ട് പോയി ലഹരി കൊടുത്ത് മയക്കി നശിപ്പിച്ച് ആവോളം ആസ്വദിച്ചു എന്നിട്ട് ഭ്രാന്ത് കേറി കൊന്ന് കളഞ്ഞു.ബോഡി രാത്രി കോളേജിന് പിന്നിലെ പൊട്ടക്കിണറ്റിൽ കൊണ്ടിട്ടു. കോളേജിൽ ന്ന് അവളെ വണ്ടിയിൽ കയറ്റി കൊണ്ട് പോയതിനു ദൃസാക്ഷി വരെ ഉണ്ടായിരുന്നു.
എല്ലാരേം പണം കൊടുത്ത് ഒതുക്കി. ഒരു ദിവസം മുഴുവൻ ഇവൻ ആ കൊച്ചിനെ… ഇപ്പോ ദേ അത് അപകട മരണവും ആക്കി. ഇന്ദുവിനും അറിയാം കേസ് ഇന്ന് തോൽക്കും എന്ന്.. എന്നിട്ടും.. പ്രതീക്ഷയോടെ പോകുവാണ് കോടതിയിൽ ”
കടയിൽ ഇരുന്ന മറ്റൊരാളുടെ മറുപടി കേട്ടിരുന്ന എല്ലാവരെയും ഒരുപോലെ വിഷമത്തിലാക്കി.
” കാശുള്ളവന് ഈ ഈ കാലത്ത് എന്തും വിലയ്ക്ക് വാങ്ങാം. അന്നേ ദിവസം ഈ പയ്യൻ ഇവിടെങ്ങും ഇല്ലാരുന്നെന്നും ഇടുക്കിയിലോ മറ്റോ ആയിരുന്നെന്നുമൊക്കെയുള്ള തെളിവ് വരെ ഉണ്ടാക്കി കളഞ്ഞു അവർ. പിന്നെ കാളൂർ വക്കീൽ അല്ലേ വാദം. അപ്പോ പിന്നെ പേടിക്കാൻ ഇല്ലാലോ ”
അരിശത്തോടെ വീണ്ടും തന്റെ ജോലി തുടർന്നു സഹദേവൻ.” ഒറ്റ മോളായിരുന്നു.. പാവം ഇന്ദുവിന്റെ കാര്യമാ കഷ്ടം. കെട്ട്യോൻ പണ്ടേക്ക് പണ്ടേ മരിച്ചു ഇപ്പോ ദേ മോളും.. ”
അയാൾ പിറുപിറുക്കുന്നത് മൗനമായി കേട്ടിരുന്നു എല്ലാവരും.” ഈ പയ്യനെതിരെ വേറെയും പരാതികൾ ഉണ്ട്. നടു റോഡിൽ ഒരു പെങ്കൊച്ചിന്റെ ഉടുതുണി വലിച്ചു കീറിയിട്ടുണ്ട് ഇവൻ. എന്നിട്ടും ആ കേസും തേഞ്ഞ് മാഞ്ഞു പോയി… കലി കാലം അല്ലാണ്ട് എന്ത് പറയാൻ”
ദീപികാ കൊലക്കേസുമായി ബന്ധപ്പെടുള്ള ചർച്ചകളിൽ അന്നത്തെ പ്രഭാതം മുഴുകികേസ് വിവാദമായതിനാൽ തന്നെ കോടതിയിൽ സാമാന്യം നല്ല തിരക്ക് ഉണ്ടായിരുന്നു. അവിടെ പ്രത്യേകിച്ച് അത്ഭുതങ്ങൾ ഒന്നും തന്നെ സംഭവിച്ചില്ല.
പ്രതിഭാഗത്തിന്റെ വാദത്തിനു മുന്നിൽ വാദി ഭാഗം മുന്നേ തന്നെ മുട്ടു മടക്കിയിരുന്നു. ഒടുവിൽ കോടതിയിൽ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട വരുൺ കുറ്റക്കാരൻ അല്ല എന്ന് വിധിച്ചു.
മാത്രമല്ല ദീപിക ഒരു ഡ്രഗ് അഡിക്റ്റ് ആയിരുന്നെന്നും ആ ലഹരിയിൽ നടക്കവേ കിണറ്റിലേക്ക് വീണുപോയതാണെന്നും അതുകൊണ്ട് തന്നെ ഇതൊരു സ്വാഭാവിക അപകട മരണമാണെനും കോടതി വിലയിരുത്തി. വിധി പറഞ്ഞ ജഡ്ജിക്ക് പോലും അറിയാം അതൊരു കൊലപാതകമായിരുന്നു എന്നത്. എന്നാൽ തെളിവുകൾ ഒന്നും ഇല്ലാതെ അദ്ദേഹവും നിസഹായനായിരുന്നു.
ആ വിധി കേൾക്കുമ്പോൾ ഇന്ദുവിൽ പ്രത്യേകിച്ച് ഭവമാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. അവളെ ശ്രദ്ധിച്ചു ഒപ്പം തന്നെയുണ്ടായിരുന്നു സഹദേവനും മറ്റു ചില നാട്ടുകാരും. അൽപ സമയം മൗനമായിരുന്ന ശേഷം പെട്ടെന്ന് എഴുന്നേറ്റു കോടതി മുറിയിൽ നിന്നും പുറത്തേക്ക് പോയി അവൾ.
” ഇന്ദു എവിടേക്ക് പോകുവാ നീ.. നിൽക്ക് “പിന്നാലെ ചെന്ന സഹദേവന് അവൾക്കൊപ്പം എത്തിപ്പെടാൻ പറ്റിയില്ല വളരെ വേഗത്തിൽ തന്നെ തിരക്കുകൾക്കിടയിലൂടെ ഇന്ദു അകലത്തേക്ക് പോയിരുന്നു.
‘ ഇതെവിടേക്കുള്ള പോക്കാണ് ഭഗവാനെ.. ‘നിസഹായനായി നോക്കി നിന്നുപോയി അയാൾ. ആ സമയം പുറത്ത് മീഡിയക്കാർ നിറഞ്ഞു നിന്നിരുന്നു
” ഒടുവിൽ നീണ്ടു നിന്ന വിവാദങ്ങൾക്ക് വിരാമം ദീപിക വധക്കേസിൽ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട വരുൺ കുറ്റക്കാരനല്ല എന്ന് കോടതി വിധിച്ചു. മാത്രമല്ല ഡ്രഗ്ഗ് അഡിക്റ്റ് ആയിരുന്ന ദീപികയുടേത് അപകട മരണമായിരുന്നു എന്നും
തെളിയിക്കപ്പെട്ടു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ദീപിക മരണ സമയത്തും ഡ്രഗ്ഗ് ഉപയോഗിച്ചിരുന്നു എന്ന കണ്ടെത്തൽ ആണ് നിർണ്ണായകമായത്. ”
” നമ്മുടെ ക്യാമ്പസുകൾ ലഹരി മരുന്നുകൾക്ക് അടിമപ്പെടുന്നുവോ.. വലിയൊരു വിപത്തിലേക്ക് ആണ് നാട് കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത് ”
പല തരത്തിൽ ആ വാർത്ത റിപ്പോർട്ട് ചെയ്തു മീഡിയാക്കാർ.
അപ്പോഴേക്കും ബാലചന്ദ്രനും വരുണും കാളൂർ വക്കീലിനൊപ്പം കോടതിയ്ക്ക് പുറത്തേക്ക് വന്നു.അവരെ കണ്ട പാടെ മീഡിയാ പ്രവർത്തകർ വളഞ്ഞു.
” വരുൺ. ഈ അവസരത്തിൽ എന്താണ് പറയാൻ ഉള്ളത്. “”കുറ്റവിമുക്തനാക്കപ്പെട്ടപ്പോൾ എന്ത് തോന്നുന്നു “ചോദ്യങ്ങൾ പലതായി ഉയർന്നു.
” എന്റെ നിരപരാധിത്വം തെളിഞ്ഞു. അത്ര തന്നെ.. ഡ്രഗ്സ് അടിച്ചു ബോധമില്ലാതെ ഒരുത്തി കിണറ്റിൽ വീണു മരിച്ചപ്പോ മനഃപൂർവം എന്നെ കുരുക്കാൻ നോക്കിയവർക്ക് ഉള്ള തിരിച്ചടിയായി ഈ വിധി ഞാൻ കാണുന്നു. ”
വളരെ സന്തോഷത്തോടെയാണ് അവൻ മറുപടി പറഞ്ഞത്.” അങ്ങിനെ ആരായിരിക്കും നിങ്ങളെ കുരുക്കാൻ നോക്കിയത് വരുൺ. മരിച്ച പെൺകുട്ടിയുടെ അമ്മ വളരെ ശക്തമായ ആരോപണമാണ് നിങ്ങൾക്ക് എതിരെ ഉന്നയിച്ചിരുന്നത്. ഈ കേസിൽ നിങ്ങൾ പെടാനുണ്ടായ കാരണവും അവരായിരുന്നു. ഇപ്പോൾ അവർക്കായി എന്ത് മറുപടിയാണ് കൊടുക്കാൻ ആഗ്രഹിക്കുന്നത് ”
ആ ചോദ്യത്തിന് മുന്നിൽ ആദ്യമൊന്ന് പുഞ്ചിരിച്ചു വരുൺ.” നോക്കു ഒന്നുകിൽ അവർ എന്റെ അച്ഛന്റെ കാശ് കണ്ടിട്ട് ആകാം എനിക്കെതിരെ തിരിഞ്ഞത് അല്ലെങ്കിൽ ചിലപ്പോൾ സമനില തെറ്റിക്കാണും അല്ലാതെന്ത് പറയാൻ.. ശെരിയാണ് ഈ കുട്ടി എന്റെ പിന്നാലെയും നടന്നിട്ടുണ്ട് പ്രേമമാണെന്ന് പറഞ്ഞിട്ട്.. ഞാൻ അത് കാര്യമാക്കിയിട്ടില്ല.
ഒരുപക്ഷെ എന്റെ അച്ഛന്റെ സാമ്പത്തിക ശേഷി കണ്ടിട്ട് അവര് തന്നെയാകാം മോളെ അങ്ങിനെ എന്റെ പിന്നാലെ വിട്ടത്.. എന്നിട്ടിപ്പോൾ അവൾ മരണപ്പെട്ടപ്പോൾ അതൊരു കൊലപാതകം ആക്കി എന്റെ മേൽ കെട്ടി വച്ച് ആ വഴിക്ക് കാശുണ്ടാക്കാനും ശ്രമിച്ചു കാണും.. എനിക്ക് അങ്ങിനെയാണ് തോന്നുന്നത്…”
അത്രയും പറഞ്ഞു കൊണ്ടവർ പതിയെ മുന്നിലേക്ക് നടന്നു കാറിനരികിലേക്ക് നടക്കുമ്പോൾ പല്ലിറുമ്മി എല്ലാം കേട്ടു നിന്നും സഹദേവനും കൂടെയുള്ളവരും.
” നിയമത്തെ വിലയ്ക്ക് വാങ്ങിയിട്ട് അവന്റെയൊക്കെ പ്രസംഗം നോക്ക്യേ.. “കേട്ടു നിന്ന പലർക്കും കലി കയറുന്നുണ്ടായിരുന്നു.
കാറിനരുകിൽ എത്തി കേറുവാൻ തുനിയവേയാണ് കുറച്ചപ്പുറം മാറി നിന്നിരുന്ന ഇന്ദുവിനെ ബാലചന്ദ്രൻ കണ്ടത്.
” മോനെ ലവള് ദേ നിൽക്കുന്നു. നൈസിന് ചെന്നിട്ട് രണ്ട് ഡയലോഗ് വിട്ടേക്ക് കേട്ടാൽ ഇനിയും ഇമ്മാതിരി ചതി പരിപാടികൾ ചെയ്ത് നിരപരാധികളെ കുടുക്കാൻ നോക്കരുതേ എന്ന അർത്ഥത്തിൽ ആയിരിക്കണം സംസാരം. മീഡിയാസ് ഒക്കെ ഉള്ളതല്ലേ നിനക്ക് നല്ലൊരു ഇമേജ് കിട്ടും ഉടക്കാനൊന്നും നിൽക്കരുത്. സംസാരം മാന്യമായിട്ട് ആയിരിക്കണം ”
അച്ഛൻ പറഞ്ഞ ആ ഐഡിയ വരുണിനും ബോധിച്ചു.”അത് കലക്കി അച്ഛാ… ഇപ്പോ തന്നെ ചെയ്തേക്കാം എനിക്കെതിരെ കുറെ തൊള്ള കേറിയതല്ലേ ഇവർ.. നൈസിനു ഒരു പണി കൊടുത്തേക്കണം ”
ഒന്ന് പല്ലിറുമ്മി മീസിയാസ് ശ്രദ്ധിക്കുന്നുണ്ടോ എന്നൊന്ന് നോക്കി ആവേശത്തോടെ ഇന്ദുവിനരികിലേക്ക് നടന്നു വരുൺ.
” ദേ നോക്യേ ആ കുട്ടിയുടെ അമ്മയും വരുണും.. അവിടേക്ക് പോകാം കാര്യമായി എന്തേലും കിട്ടും ”
ബാലചന്ദ്രന്റെ കണക്കുകൂട്ടലുകൾ പിഴച്ചില്ല.ഒരു എസ്ക്ലൂസീവിനായി മീഡിയാസ് വരുണിന് പിന്നാലെ പാഞ്ഞു.
” എന്നേക്കാൾ കാഞ്ഞ ബുദ്ധിയാണല്ലോ ടോ തനിക്ക് “കാളൂറിന്റെ പുകഴ്ത്തൽ ബാലചന്ദ്രന് നന്നായി ബോധിച്ചു.
ആ സമയം ഇന്ദുവിനു മുന്നിൽ എത്തി വരുൺ”എന്റെ പൊന്ന് ആന്റി. നിങ്ങടെ മോള് എന്റെ പിന്നാലെ പ്രേമം എന്ന് പറഞ്ഞു നടന്നിട്ടുണ്ട് കുറെ.. പക്ഷെ ഒരു തരത്തിലുള്ള അടുപ്പവും ഞാൻ കാട്ടിയിട്ടില്ല. എന്നിട്ടും അവള് മരണപ്പെട്ടപ്പോ നിങ്ങൾ എന്തിനാണ് എന്റെ പേര് പറഞ്ഞു പ്രശ്നം ആക്കിയത്
എന്ന് അറിയില്ല. കാശിനു വേണ്ടിയായിരുന്നെങ്കിൽ അത് നേരിട്ട് ചോദിച്ചാൽ മതിയായിരുന്നല്ലോ.. ഇതിപ്പോ എന്റെ ജീവിതം കൊണ്ടാണ് നിങ്ങൾ കളിച്ചത്. അതിനു ദൈവം ചോദിക്കും അത്രയേ പറയാൻ ഉള്ളു.. ”
നല്ലവനായി അവൻ അഭിനയിച്ചു തകർക്കുമ്പോൾ മൗനമായി അത് നോക്കി നിന്ന ശേഷം പതിയെ കൈയിൽ ഇരുന്ന മൊബൈൽ ഫോൺ ചുറ്റും നിന്ന മീഡിയാ പ്രവർത്തകരിൽ ഒരാൾക്ക് നേരെ നീട്ടി ഇന്ദു.
” എന്റെ മോള് ഉപയോഗിച്ചിരുന്ന ഫോൺ ആണ്. ഇത് നോക്കിയാൽ നിങ്ങൾക്ക് അറിയാം ഇവനും എന്റെ മോളും തമ്മിൽ പരിചയം ഉണ്ടായിരുന്നോ.. ഇവൻ ഇപ്പോൾ ഈ പറയുന്നത് കള്ളമാണോ സത്യമാണോ എന്നൊക്കെ….. ”
കേട്ട പാടെ അത് കയ്യിലേക്ക് വാങ്ങി ആ മീഡിയാ പ്രവർത്തകൻ എന്നാൽ ആ നിമിഷം വരുൺ ഒന്ന് പതറിയിരുന്നു.
” ഈ ഫോണിൽ മണ്ണെണ്ണയുടെ നല്ല സ്മെല്ല് ഉണ്ടല്ലോ ചേച്ചി. ഇതെവിടുന്ന് എടുത്തിട്ട് വരുവാ.. ”
ഫോൺ വാങ്ങിയ കൈ മണപ്പിച്ചു കൊണ്ട് ആ മീഡിയാ പ്രവർത്തകൻ ചോദിക്കവേ മറ്റുള്ളവരും അത് ശ്രദ്ധിച്ചു..
“ശെരിയാണ് ഇവിടമാകെ മണ്ണെണ്ണയുടെ സ്മെൽ ഉണ്ട്.. “അത് കേട്ടിട്ട് ഒന്ന് പുഞ്ചിരിച്ചു ഇന്ദു. ശേഷം വരുണിന് നേരെ നോക്കി.
” മോനെ എന്റെ കൊച്ചിനെ നീ കൊന്ന് കളഞ്ഞതാണെന്ന് നിനക്കും അറിയാം എനിക്കും അറിയാം ദേ ഈ കൂടി നിൽക്കുന്ന എല്ലാർക്കും അറിയാം. പക്ഷെ നിന്റെ അച്ഛന്റെ അത്ര സ്വാധീനം എനിക്കില്ലാതെ പോയി. അതുണ്ടായിരുന്നേൽ നീ ഇപ്പോ അകത്ത് ആയേനെ.. പിന്നെ വേറൊരു കാര്യം എനിക്കുണ്ട്… മനക്കട്ടി.. ധൈര്യം.. എന്റെ കുഞ്ഞിനെ ഇല്ലാതാക്കിയവൻ ഈ ഭൂമിയിൽ ഇനി വേണ്ട ”
അത്രയും പറഞ്ഞു പിന്നിലേക്ക് വച്ചിരുന്ന വലതു കൈ പതിയെ മുന്നിലേക്ക് കൊണ്ട് വന്നു അവൾ. കൈപ്പത്തി നിവർത്തവെ ഒരു ലൈറ്റർ ആയിരുന്നു. ഒന്നും മനസിലാകാതെ നോക്കി നിന്ന വരുൺ
പെട്ടെന്നാണ് ഒരു കാര്യം ശ്രദ്ധിച്ചത്. ആകെ നനഞ്ഞു നിൽക്കുകയായിരുന്നു ഇന്ദു. അല്പം മുന്നേ മീഡിയാ പ്രവർത്തകൻ ഇന്ദുവിനോട് ചോദിച്ച ആ ചോദ്യം ഒരിക്കൽ കൂടി ഓർത്തു വരുൺ.
” മണ്ണെണ്ണ… “അവന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിക്കുമ്പോൾ ഇന്ദുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ഒരു കൊലച്ചിരി.
” ഞാൻ എന്റെ കൊച്ചിനൊപ്പം പോകുവാ.. പക്ഷെ നിന്നെ ഇവിടെ വിട്ടിട്ട് പോകാൻ പറ്റില്ലല്ലോ
എന്റെ മോൾക്ക് വേണ്ടി ഞാൻ അതങ്ങ് ചെയ്യുവാ ”
അത്രയും പറഞ്ഞു കൊണ്ടവൾ പെട്ടെന്ന് വരുണിന്റെ ദേഹത്തേക്ക് എടുത്ത് ചാടി. ആർക്കും ഒന്നും മനസിലായില്ല തടുക്കുവാനുള്ള സമയവും കിട്ടിയില്ല വരുണിനെ ഇരു കയ്യാൽ ചുറ്റി പിടിച്ചു കൊണ്ട് ആ ലൈറ്റർ കത്തിച്ചു ഇന്ദു.
” അയ്യോ ഓടിക്കോ..”അടുത്ത് നിന്നിരുന്ന മീഡിയാ പ്രവർത്തകർ അപകടം മനസിലാക്കി പിന്നിലേക്കോടി. ബാലചന്ദ്രന് ഒന്നും ചെയ്യുവാൻ പറ്റിയില്ല. പിടിയിൽ അകപ്പെട്ട വരുണിനും ആ പിടി വിടുവിക്കുവാൻ കഴിഞ്ഞില്ല. ശരീരം
മുഴുവൻ മണ്ണെണ്ണ ഒഴിച്ചിരുന്നതിനാൽ വേഗതിൽ ഇന്ദുവിന്റെ ദേഹത്ത് തീ ആളിപ്പടർന്നു അവളിൽ നിന്നും വരുണിലേക്കും. അവൻ അലറി വിളിക്കവേ ചുറ്റും നിന്നവർ അന്ധാളിച്ചു നിന്നും പോയി. നിമിഷങ്ങക്കകം രണ്ട് പേരെയും തീ വിഴുങ്ങി.
” മോനെ.. “ഓടി വന്ന ബാലചന്ദ്രനെ ആരൊക്കെയോ ചേർന്ന് പിടിച്ചു നിർത്തി.” ദൈവമേ.. ഇന്ദു ”
സഹദേവനും കൂട്ടാളികളും പാഞ്ഞെത്തിയിരുന്നെങ്കിലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എല്ലാവരും നോക്കി നിൽക്കെ ഇന്ദുവും വരുണും ഒരു പോലെ നിന്നു കത്തി.”പോലീസിനെ വിളിക്ക്..”” വെള്ളം കൊണ്ട് വാ ആരേലും.. ”
തീ അണയ്ക്കുവാൻ പലരും പല പല ശ്രമങ്ങൾ നടത്തിയെങ്കിലും എല്ലാം വിഫലമായി. ഓടിയെത്തിയ പോലീസും നിഷ്ക്രിയരായി പോയി. ഒടുവിൽ എല്ലാവരും നോക്കി നിൽക്കെ തന്നെ തന്റെ ജീവൻ കൊടുത്തു കൊണ്ട് മകൾക്കായുള്ള
നീതി നടപ്പിലാക്കി ഇന്ദു. ആരൊക്കെയോ ചേർന്ന് വളരെ നേരത്തെ ശ്രമഫലമായി തീ അണച്ചപ്പോഴേക്കും രണ്ട് പേരും മരണത്തിനു കീഴടങ്ങിയിരുന്നു. അടർത്തി എടുക്കുവാൻ പോലും കഴിയാത്ത വിധം ആ ബോഡികൾ തമ്മിൽ ചേർന്നു പോയിരുന്നു.
“എന്റെ മോനെ.. “അലറി കരഞ്ഞു കൊണ്ട് ബാലചന്ദ്രൻ നിലത്തേക്ക് വീണു പോയി. സഹദേവനും കൂട്ടാളികളും ആ നടുക്കത്തിൽ അന്ധാളിച്ചങ്ങിനെ നിന്നു.” ഒടുവിൽ മകൾക്കായി അമ്മ നീതി നടപ്പിലാക്കി ”
ആദ്യത്തെ നടുക്കം വിട്ടകലവേ ഏതോ ഒരു മാധ്യമ പ്രവർത്തക നിറമിഴികളോടെ ആ വാർത്ത റിപ്പോർട്ട് ചെയ്തു.
‘ഇങ്ങനെയൊന്നു മനസ്സിൽ കരുതിയിട്ടാണോ മോളെ ഇന്നത്തെ ദിവസം ഏറെ സന്തോഷവതിയായിരുന്നത് നീ.. ‘സഹദേവന്റെ ഉള്ളം ഏങ്ങി.”വല്ലാത്ത സംഭവമായി പോയി.. ”
കണ്ടു നിന്നവർ ആരുടേയും നടുക്കം വിട്ടകന്നിരുന്നില്ല. കണ്മുന്നിൽ സംഭവിച്ചത് വിശ്വസിക്കാൻ കഴിയാതെ അവർ മിഴിച്ചു നിന്നു.
അങ്ങിനെ ഒടുവിൽ മകൾക്കായുള്ള നീതി സ്വയം നടപ്പിലാക്കി ഏകാന്തതയുടെ ലോകത്തു നിന്നും മകൾക്കും ഭർത്താവിനും അരികിലേക്ക് ഇന്ദുവും യാത്രയായി.