ആരോ ഒരാൾ പിന്നിൽ നിന്നും ശക്തമായി പിടിച്ച് തൂവാലയിൽ എന്തോ ഒന്ന് മുഖത്തേക്ക് അമർത്തിപ്പിടിച്ചതും എൻ്റെ ബോധം നഷ്ടമായി.

വേട്ട
(രചന: Raju Pk)

ഞായറാഴ്ച്ച അവധി ദിവസമായതുകൊണ്ട് പതിവിലും അല്പം വൈകിയാണ് എണീറ്റത്

ഈശ്വരാ സമയം എട്ട് മണി തുറന്നിട്ട ജാലകപ്പഴുതിലൂടെ വരുന്ന ഈ തണുത്ത കാറ്റത്ത് എത്ര ഉറങ്ങിയാലും മതിവരില്ല.

അഴിഞ്ഞുലഞ്ഞ മുടിയും വാരിക്കെട്ടി പുറത്തേക്ക് വരുമ്പോൾ ദൂരെ എവിടെയോ ഒരൊറ്റയാൻ്റെ ചിന്നം വിളി ഉയർന്ന് കേൾക്കുന്നുണ്ട്.

ഈയിടെയായി കാട്ടാനകളുടെ ശല്യം വല്ലാതെ കുടിയിരിക്കുന്നു.”മോളെ നീ എണീറ്റോ…?”അമ്മക്ക് ഒന്ന് വിളിച്ചൂടായിരുന്നോ നേരം ഒത്തിരി വൈകി.”

“അമ്മ നോക്കുമ്പോൾ മോള് നല്ല ഉറക്കത്തിലായിരുന്നു
ഉറങ്ങട്ടേന്ന് അമ്മയും കരുതി മറ്റെല്ലാ ദിവസവും രാവിലെ അഞ്ച് മണിക്ക് ഉണരുന്നതല്ലേ എൻ്റെ കുട്ടി.”

ടൂത്ത് ബ്രഷുമായി പതിയെ പുറത്തിറങ്ങി. അമ്മ മുറ്റമെല്ലാം തൂത്ത് വ്യത്തിയാക്കിയിരിക്കുന്നു.”അമ്മയോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ ഈ തണുപ്പത്ത് മുറ്റത്തിറങ്ങരുതെന്ന്.”

മറുപടി ഒന്നും പറയാതെ ഒരു ചെറു ചിരിയോടെ അമ്മ ഒരു ചൂടു കാപ്പിയുമായി വന്നു.”എന്ത് പറഞ്ഞാലും എന്നെക്കളിയാക്കിയുള്ള ഈ ചിരിയുണ്ടല്ലോ അത്ര നല്ലതല്ല.”

ചൂടു ചായയും കുടിച്ച് ഉമ്മറത്തിരിക്കുമ്പോഴാണ് മുറ്റത്തേക്ക് ഒരു കാറു വന്ന് കയറുന്നത് കാറിൽ നിന്നും ഗോപനും കണ്ടിട്ട് കൂടെയുള്ളത് അച്ഛനും അമ്മയും ആണെന്ന് തോന്നുന്നു.

അവർ പുറത്തേക്ക് ഇറങ്ങുന്നതു കണ്ടപ്പോൾ പതിയെ അമ്മയുടെ പുറകിലേക്ക് മാറി.അമ്മയുടെ കൈയ്യിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു.

“ഞാൻ പറയാറുള്ള ഗോപൻ അടുത്തടുത്തുള്ള ഓഫീസിലാണ് ഞങ്ങൾ ജോലി ചെയ്യുന്നത്.”

പലവട്ടം ഇഷ്ടമാണെന്ന് പറഞ്ഞ് മുന്നിൽ വന്നിട്ടുണ്ട് ആരു കണ്ടാലും ഒറ്റനോട്ടത്തിൽ ഇഷ്ടപ്പെട്ടു പോകും ഗോപനെ പക്ഷെ മനപ്പൂർവ്വം ഒഴിവാക്കുകയായിരുന്നു

അയാളെ ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം. എന്ത് കണ്ടിട്ടാണ് അയാൾ പുറകെ കൂടിയിരിക്കുന്നത് എന്നറിയില്ല അമ്മേ എനിക്ക്.

അയാൾക്ക് പറ്റിയ ഒരു പെണ്ണൊന്നുമല്ല ഞാനെന്ന് എനിക്ക് നന്നായറിയാം പണവുമില്ല വലിയ സൗന്ദര്യവുമില്ല

പിന്നെ ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു ഭൂതകാലവും ഇന്നലെ വീണ്ടും മറുപടി അറിയാൻ വന്നപ്പോൾ അല്ലം കടുപ്പിച്ച് പറയേണ്ടി വന്നു

എനിക്ക് ഒരമ്മ മാത്രമേ ഉള്ളൂ നിങ്ങൾക്കിതെല്ലാം ഒരു തമാശയായിരിക്കും. എൻ്റെ ജീവിതം തകർക്കരുത് പറഞ്ഞ് കഴിഞ്ഞതും എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.”

“താനാ കണ്ണുകൾ തുടയ്ക്ക് ആളുകൾ ശ്രദ്ധിക്കുന്നു ഇനി ഇക്കാര്യവും പറഞ്ഞ് ഞാൻ തൻ്റെ മുന്നിൽ വരില്ല എന്ന് പറഞ്ഞ് പോയ ആളാണ് രാവിലെ അച്ഛനമ്മമാരേയും കൂട്ടി വീട്ടിലെത്തിയിരിക്കുന്നത്.”

ഉള്ള സൗകര്യത്തിൽ നിങ്ങൾ ഇങ്ങോട്ടിരുന്നാട്ടെ എന്ന അമ്മയുടെ ശബ്ദമാണ് ചിന്തകളെ പിടിച്ചുകെട്ടിയത്..

ജനലിനോട് ചേർന്നുള്ള കസേരയിലേക്കിരുന്നതും ഗോപൻ്റെ അച്ഛൻ ഒരു സി ഗരറ്റിന് തീ കൊളുത്തി തുറന്നിട്ട ജനലിലൂടെ

പുറത്തേക്ക് ഊതിയ പുകച്ചുരുളുകൾ അകത്തേക്കോ പുറത്തേക്കോ പോകാൻ കഴിയാത്തതുപോലെ അവിടെ നിറത്ത് നിന്നു.അധികം മുഖവുരയൊന്നുമില്ലാതെ ഗോപൻ്റെ അച്ഛൻ സംസാരിച്ചു തുടങ്ങി.

“എൻ്റെ പേര് കലാധരൻ ഞങ്ങളുടെ ഒറ്റ മകനാണ് ഗോപൻ അവന് ഇവിടത്തെ കുട്ടിയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നെന്നും പറഞ്ഞപ്പോൾ

ഇവിടെ വരെ വന്ന് കാര്യങ്ങൾ ഒന്ന് സംസാരിക്കാനാണ് ഞങ്ങൾ വന്നത്.ഇവിടത്തെ കുട്ടിക്ക്.. ഇഷ്ടക്കുറവൊന്നുമില്ലെങ്കിൽ അധികം താമസിയാതെ നമുക്കിത് നടത്തണം എന്നാണ് ഞങ്ങളുടെ ആഗ്രഹം.”

മോളുടെ പേര്..ലേഖ എന്നല്ലേ.. എന്ന അമ്മയുടെ ചോദ്യത്തിന്പതിയെ തലയുയർത്തി അതെ എന്ന് ഉത്തരം നൽകുമ്പോൾ.. എന്തോ വലിയൊരു ഭാരം നെഞ്ചിനുള്ളിൽ…

ഒരാശ്രയത്തിനെന്ന പോലെ അമ്മയോട് ഒന്നുകൂടി ചേർന്ന് നിൽക്കുമ്പോൾ സ്നേഹത്തോടെയുള്ള അമ്മയുടെ തലോടൽ വലിയൊരു സാന്ത്വനമായി..

“നമുക്കാർക്കും എതിർപ്പൊന്നും ഇല്ലാത്ത സ്ഥിതിക്ക് കുട്ടികൾ തമ്മിൽ സംസാരിക്കട്ടെ..”

മുറ്റത്തേക്കിറങ്ങിയ ഗോപൻ്റെ പിന്നിൽ പുറത്തേക്കിറങ്ങുമ്പോൾ ഒറ്റയാൻ്റെ ചിന്നം വിളി അടുത്തെവിടെയോ വീണ്ടും മുഴങ്ങിക്കേട്ടു.

“ഇവിടെ അടുത്തെ വിടെയോ ഉണ്ടെന്ന് തോന്നുന്നല്ലോ കൊമ്പൻ..” എന്ന ഗോപൻ്റെ ചോദ്യത്തിന്..

“പേടിക്കു വൊന്നും വേണ്ട കമ്പിവേലിക്കിപ്പുറത്തോട്ട് വരാറില്ല.. അല്ലെങ്കിലും വന്യമൃഗങ്ങളേക്കാൾ ഇന്ന് പേടിക്കേണ്ടത് മനുഷ്യമൃഗങ്ങളെയല്ലേ…”എന്ന എൻ്റെ ചോദ്യത്തിന് ഒരു പുഞ്ചിരിയായിരുന്നു അവൻ്റെ മറുപടി.

വാ നമുക്കങ്ങോട്ടിരിക്കാം പതഞ്ഞൊഴുകുന്ന പുഴയിലേക്കിറങ്ങി ഗോപൻ കൈകാലുകൾ കഴുകുമ്പോൾ തൊട്ടുപിറകിലുള്ള വലിയ ഒരു കല്ലിലേക്ക് ഞാൻ പതിയെ ഇരുന്നു,

“ചേട്ടൻ എന്നെപ്പറ്റി എന്തറിഞ്ഞിട്ടാ വിവാഹാലോചനയുമായി അച്ഛനമ്മമാരേയും കൂട്ടി വന്നത്” എന്ന ചോദ്യത്തിന്.

“ഒറ്റ നോട്ടത്തിൽ ഒരാണിന് ഇഷ്ടപ്പെടാൻ വയ്യാത്ത വിധം ഒരു വിരൂപയൊന്നും അല്ലല്ലോ താൻ തിരക്കിയപ്പോൾ നല്ല സ്വഭാവമുള്ള ഒരു കുട്ടിയാണെന്ന് എല്ലാവരും പറഞ്ഞു.”

“അത്രയല്ലേ അറിയൂ അച്ഛനാരാണെന്നറിയാത്ത അഞ്ച് വയസ്സുകാരൻ്റെ അമ്മയാണ് ഞാൻ നിങ്ങടെ ഒക്കെ ഭാക്ഷയിൽ പറഞ്ഞാൽ വഴി പിഴച്ചവൾ..എന്താ വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ..”

“ബാംഗ്ലൂരുവിലെ ഒരു ഡിസംബർ മുപ്പത്തി ഒന്ന് രാത്രി ജോലിയും കഴിഞ്ഞ് തനിച്ച് ഓഫീസിൻ്റെ തൊട്ടടുത്തുള്ള താമസ സ്ഥലത്തേക്ക് പോകുമ്പോൾ മുറ്റത്തേക്ക് കയറിയതും

ഇരുട്ടിൻ്റെ മറവിൽ ആരോ ഒരാൾ പിന്നിൽ നിന്നും ശക്തമായി പിടിച്ച് തൂവാലയിൽ എന്തോ ഒന്ന് മുഖത്തേക്ക് അമർത്തിപ്പിടിച്ചതും എൻ്റെ ബോധം നഷ്ടമായി.

സുബോധം തിരികെ കിട്ടുമ്പോൾ വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടിരുന്നു. രാവിലെ ഫ്ലാളാറ്റിൽ നിന്നും നടക്കാനായി ഇറങ്ങിയവരാണ് മുറ്റത്ത് ബോധം നഷ്ടപ്പെട്ട നിലയിൽ എന്നെ കാണുന്നതും

ആശുപത്രിയിൽ എത്തിക്കുന്നതും പലവട്ടം ജീവൻ ഉപേക്ഷിക്കുന്നതിനെപ്പറ്റി ചിന്തിച്ചെങ്കിലും

അമ്മയുടെ മുഖം മനസ്സിൽ നൊമ്പരമുണർത്തി അല്ലെങ്കിലും സ്വന്തം ജീവിതം കശക്കി എറിഞ്ഞവൻ സുഖമായി ജീവിക്കുമ്പോൾ…

പിറ്റേന്ന് വീട്ടിലെത്തി അമ്മയോടെല്ലാം പറഞ്ഞ് പരസ്പരം ആശ്വസിപ്പിച്ച് കരഞ്ഞ് തളർന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഒരു സ്വപ്നമായി കണ്ട് എല്ലാം മറക്കാൻ അമ്മ പറഞ്ഞു…

എൻ്റെ ശരീരം പിച്ചിച്ചീന്തിയ അയാൾ എൻ്റെ ശരീരത്തിൽ ഒളിപ്പിച്ച അയ്യായിരം രൂപയിലെ ഒരു നോട്ടിൽ നല്ലൊരു രാത്രിയും നല്ലൊരു പുതുവത്സരവും എനിക്ക് സമ്മാനിച്ച നിനക്കിരിക്കട്ടെ ഈ പണം

എന്ന് മലയാളത്തിൽ എഴുതിച്ചേർത്തിരുന്നു ഞാനിന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട് അവൻ നൽകിയ ആ അയ്യായിരം രൂപയും.

അവൻ്റെ ജീവനെടുത്ത് ആ പണം കൊണ്ട് വേണം അവൻ്റെ ചിതക്ക് എനിക്ക് തീ കൊളുത്താൻ.”

“എൻ്റെ ശരീരത്തിന് അയ്യായിരം രൂപ വിലയിട്ടപ്പോൾ നീ മറന്നല്ലോ ഗോപാ മ യക്കുമരുന്നിൻ്റെ ലഹരിയിൽ നിൻ്റെ ഒരു ഫോട്ടോ കൂടി പണത്തോടൊപ്പം നിനക്ക് നഷ്ടപ്പെട്ട കാര്യം..””ലേഖാ നീ…

“അതേ ടാ ഞാൻ തന്നെ നീ എന്താ കരുതിയത് നിന്നെ ഞാൻ സ്വസ്ഥമായി ജീവിക്കാൻ വിടുമെന്നോ നിന്നെ തേടി വന്നതാണ് ഞാൻ ഇവിടെ…””എനിക്ക് കുറച്ച് വെള്ളം..””എന്നെപ്പോലെ കുറെ പെൺകുട്ടികളെ നീ വെള്ളം കുടിപ്പിച്ചതല്ലേ…

ഇനി മതിയെടാ നിൻ്റെ ജീവിതത്തിലെ അവസാന നിമിഷങ്ങളിലൂടെയാണ് നീ ഇപ്പോൾ കടന്ന് പോകുന്നത്.. നിനക്ക് തന്ന ജ്യൂസിൽ അതിനു വേണ്ടതെല്ലാം ഞാൻ ചേർത്തിരുന്നു..

ഇടനെഞ്ചിൽ കൈകൾ അമർത്തി ശ്വാസത്തിനു വേണ്ടി നീ പിടയുന്ന ഈ പിടച്ചിൽ ഉണ്ടല്ലോ.. ഇത് കാണാൻ വേണ്ടിയാണ് ഞാൻ കാത്തിരുന്നത്..””ലേഖാ.. നമ്മുടെ കുഞ്ഞ്.”

“നമ്മുടെ കുഞ്ഞല്ല എൻ്റെ കുഞ്ഞ് അതിൻ്റെ മുഖമൊന്ന് കാണാനുള്ള ഭാഗ്യം പോലും നിനക്കില്ലാതെ പോയല്ലോ

അല്ലെങ്കിലും നീ കാണാതിരിക്കുന്നതാണ് നല്ലതും കാരണം അവളൊരു പെൺകുട്ടിയാണ് എൻ്റെ മാത്രം മകളാണ് കൂടെയുണ്ട് നിന്നേപ്പോലൊരുത്തൻ്റെ ദൃഷ്ടി പോലും ആ മുഖത്ത് പതിയരുത്…”

നിറഞ്ഞൊഴുകുന്ന പുഴയിലെ അഗാധങ്ങളിലേയ്ക്ക് കുഴഞ്ഞ് വീണ ഗോപൻ്റെ ശരീരം അലിഞ്ഞ് ചേരുമ്പോൾ.

തൊട്ടടുത്തെവിടെയോ വീണ്ടും ഒറ്റയാൻ്റെ ചിന്നം വിളി ഉയർന്ന് കേൾക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *