അകം
(രചന: രമേഷ് കൃഷ്ണൻ )
മഴമേഘങ്ങൾ തുന്നിചേർത്ത് ഇരുൾ മൂടിയ സന്ധ്യയിൽ പെയ്തിറങ്ങുന്ന ഓരോ മഴതുള്ളികൾക്കു പിറകിലും തണുത്ത കാറ്റിന്റെ അദൃശ്യ കരങ്ങളുണ്ടായിരുന്നു..
മഴയെ എല്ലാവരും കണ്ടു… അറിഞ്ഞു പറഞ്ഞു… കാറ്റിനെ ആരുമറിഞ്ഞില്ല…അതെന്താണാവോ
ഹോസ്പിറ്റലിൽ നിന്നും വന്ന് വീട്ടിലെത്തിയപ്പോളേക്കും വീടിനു മുൻപിൽ ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു…
അകത്ത് കയറി ഒരു ചായ കുടിച്ച് രാവിലെമുതൽ നടത്തിയ സർജറികളുടെ ക്ഷീണത്തിൽ അല്പസമയമിരുന്നു…
ഓരോ ദിവസവും എത്രപേരാണ് കാണാന്‍ വരുന്നത്… എത്രയെത്ര മുഖങ്ങളാണ് ഓരോരുത്തർക്കും..
ചിലർക്ക് കുഞ്ഞുങ്ങൾ ഇല്ലാഞ്ഞിട്ട് ചിലർ നിറവയറുമായി വന്ന് ഒരുപാട് പ്രതീക്ഷയോടെ അതിലേറെ പേടിയോടെ ഒരു ചോദ്യമുണ്ട്
“കുഴപ്പമൊന്നുമില്ലല്ലോ അല്ലേ..”.ഗൈനക്കോളജി എടുത്ത് പഠിക്കാൻ തുടങ്ങിയപ്പോൾ അച്ഛനൊന്നേ പറഞ്ഞുള്ളൂ”നീ ഒരു ജീവനെ ഭൂമിയിലേക്കെത്തിക്കുന്ന കടമയാണ് ചെയ്യാൻ പോകുന്നത്…
ശരിക്കു പറഞ്ഞാല്‍ ദൈവത്തിനും മനുഷ്യനുമിടയിലെ ഇടനിലക്കാരി ശ്രദ്ധ വേണം ചെറിയ ഒരു കൈപിഴവന്നാൽ ശാപം തട്ടുക നിനക്ക് മാത്രമല്ല നിന്റെ ശേഷമുളള ഒരു തലമുറക്ക് കൂടിയാവും…
ഒരു ജീവനെ സൃഷ്ടിക്കാൻ നമുക്കാവാത്തിടത്തോളം കാലം അതിനെ നശിപ്പിക്കാനും നമുക്കർഹതയില്ല”
വർഷങ്ങളായി ട്രീറ്റ്മെന്റ് നടത്തിയിട്ടും വഴിപാടുകൾ നേർന്നിട്ടും ഒരു കുഞ്ഞിക്കാല് കാണാൻ ഭാഗ്യമില്ലാത്തവരുടെ ഇടയിലാണ്
ചോ രകുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞ് കാമുകനോടൊപ്പം പോകുന്ന അഭിനവ അമ്മമാരുമുള്ളത്…
വാഷ്ബേസിനിൽ നിന്ന് മുഖം കഴുകി ടർക്കികൊണ്ട് മുഖം തുടച്ച് മുടിയൊന്നൊതുക്കി കൺസൾട്ടിംഗ് റൂമിലെത്തി ഡോർതുറന്നപ്പോഴേക്കും ആളുകൾ തിരക്ക് കൂട്ടി
ഓരോരുത്തരായി കയറി വന്ന് തുടങ്ങിയപ്പോഴേക്കും ചെയറിലിരുന്നു…വിവാഹം കഴിഞ്ഞ പുതുമോടിക്കാർ നാണത്തോടെ ചർദ്ദിയുടെ കാര്യവും തലകറക്കത്തിന്റെ കാര്യവും പറഞ്ഞപ്പോൾ..
അവളോട് കട്ടിലിൽ കയറി കിടക്കാൻ പറഞ്ഞപ്പോൾ പേടിയോടെ ഭർത്താവ് സ്നേഹകൂടുതൽ കൊണ്ട് ചോദിച്ചു
“കുഴപ്പം വല്ലതും…””ഉണ്ട്… ആരും കാണാതെ രണ്ടാളും കൂടി ഓരോന്ന് കാണിച്ചുകൂട്ടിയതിന്റെ കുഴപ്പമുണ്ട്..”അത് കേട്ടപ്പോൾ അയാൾ ലജ്ജിക്കുന്നത് കണ്ടു…
മാസങ്ങളായി കാത്തിരുന്ന് ഉള്ളിലുള്ള കുസൃതിയുടെ ചവിട്ടും കുത്തുമേറ്റ് ഞെളിപിരി കൊള്ളുന്നവരെ പരിശോധിക്കാനായി ഗ്ലൗസിട്ട് തപ്പി തിരയുമ്പോൾ പുതുജീവന്റെ ചൂട് കൈകളിലറിയുന്നു…
ഉറക്കത്തിലാരോ തോണ്ടി ശല്യപെടുത്തിയതിന്റെ ദേഷ്യത്തിൽ കുത്തിമറിയുന്നവരുടെ ഉള്ളിൽ കിടന്ന് കാണിക്കുന്ന പരാക്രമങ്ങൾ ന ഗ്ന മായ വയറിന് മുകളിലൂടെ മുഴച്ച് പൊന്തുന്നത് കണ്ടു…
വേദനയിലും അമ്മയാൻ കാത്തുകിടക്കുന്ന സ്ത്രീയുടെ മുഖത്ത് വേദനകലർന്ന പുഞ്ചിരി ഓടികളിക്കുന്നുണ്ടായിരുന്നു…
ചിലർ മൂന്നാംമാസത്തിൽ അ ബോ ർട്ടായി പോയ സങ്കടത്തിൽ വിഷമത്തോടെ ചോദിക്കും
“ഡോക്ടർ… എന്നാലും മൂന്ന് മാസം വരെ എന്റെ വയറ്റിൽ വളർന്ന കുഞ്ഞ്… ഇനിയെനിക്ക് പ്രഗനെന്റ് ആവാനാവുമോ…”
“തീർച്ചയായും… ആറുമാസം മരുന്ന് കഴിച്ച് കഴിഞ്ഞ് ഒന്ന് വരൂ… നമുക്ക് ശരിയാക്കാം…”
ഓരോരുത്തരെയായി നോക്കി കഴിഞ്ഞ് പലർക്കും വേണ്ട നിർദ്ദേശങ്ങളും നല്കി ഡോറടച്ച് ചുമരിൽ തൂങ്ങിയാടുന്ന ഏതോ മരുന്നുകമ്പനിക്കാർ നല്കിയ കലണ്ടറിൽ നിഷ്കളങ്കമായി ചിരിച്ചുകൊണ്ടിരിക്കുന്ന കുട്ടിയുടെ മുഖത്തേക്ക് നോക്കിയിരുന്നു…
പിന്നെ എണീറ്റ് ചെന്ന് അവന്റെ കുഞ്ഞികവിളിലൊന്ന് തലോടി…ജനാലകർട്ടനിട്ട് ജനലടക്കാനായി ചെന്നപ്പോൾ ഒരു സ്ത്രീ ഒക്കത്തൊരു കുഞ്ഞുമായി വരുന്നത് കണ്ടു..
പീഡിയാട്രിക്ക് കേസാവുമെന്ന് കരുതി വീണ്ടും പോയി സീറ്റിലിരുന്നു.. ബെല്ലടിക്കുന്നത് കേട്ട് കുറച്ച് നേരമിരുന്നു… ഡോറൽപം തുറന്ന് അവളുടെ മുഖം കണ്ടപ്പോൾ പറഞ്ഞു
“വരൂ… കുഞ്ഞിനെന്ത് പറ്റി…”അവളുടെ മുഖത്ത് പരിഭ്രാന്തിയുള്ളത് പോലെ തോന്നി”പറയൂ… കുട്ടിക്കെന്ത് പറ്റി… പെട്ടെന്ന് പറയൂ… എന്നാൽ വേഗം ഹോസ്പിറ്റലിലേക്കെത്തിക്കാം…”
ഒക്കത്തുനിന്നും സുന്ദരിയായൊരു കുഞ്ഞ് തല തിരിച്ചുകൊണ്ട് കൊഞ്ചികൊണ്ട് പറഞ്ഞു
“ഇച്ചല്ല… അമ്മക്കാ വാവൂ… കുഞ്ഞാവക്ക് ഒന്നൂല്യ””ആണോ… മോളൂന്റെ പേരെന്താ..വന്നേ ആന്റി ചോദിക്കട്ടെ”അവൾ താഴോട്ടിറങ്ങിയപ്പോൾ ആ സ്ത്രീയോട് പറഞ്ഞു” ഇരിക്കൂ… ”
മോൾ കുഞ്ഞിക്കാലുകൾ നിലത്ത് ശ്രദ്ധയോടെ അമർത്തി വെച്ച് കുഞ്ഞുടുപ്പുമായി അടുത്തേക്ക് വന്നപ്പോൾ
സാധാരണ കുട്ടികൾ കൺസൾട്ടിംഗിന് വരുമ്പോൾ കുറയുമ്പോൾ കൊടുക്കാനായി വാങ്ങി വെച്ച മിഠായി എടുത്ത് കൊടുത്തു കൊണ്ട് അവളെ ചേർത്തു നിർത്തി കൊണ്ട് പറഞ്ഞു
“ആന്റിക്ക് പേര് പറഞ്ഞ് തന്നില്ല””ന്റെ പേര് അമ്ത..””അമ്തയോ.. അതെന്ത് പേരാണ് മോളു”അതുകേട്ട് ആ സ്ത്രീ പറഞ്ഞു”മേഡം… അമൃതയെന്നാണ്..””ആഹാ… കൊള്ളാം… നല്ല പേര്”
“മോളുന് ഇനിയെന്താ വേണ്ടത്…””സെതസ്കോപ്””അയ്യോ അത് മോൾക്ക് തന്നാൽ ആന്റിയെന്ത് ചെയ്യും… “”വേരെ വാങ്ങ്യാതി.. ”
” നീ ആള് കൊള്ളാലോ പാറൂ..മോള് ആരസോഫയിൽ പോയിരുന്നോ അവിടെ ചെറിയൊരു കുരങ്ങനുണ്ട് അതിനോട് വിശേഷങ്ങളൊക്കെ ചോദിക്കുമ്പോളേക്കും ഞാനമ്മയുടെ അസുഖം നോക്കട്ടെ ട്ടോ… “” ഉം”
അവൾ സോഫയിൽ കയറിയിരുന്ന് കാലാട്ടികൊണ്ട് കുരങ്ങനെ എടുത്ത് ലാളിക്കാൻ തുടങ്ങിയപ്പോൾ ആ സ്ത്രീയോട് ചോദിച്ചു
” ഉം പറയൂ… രണ്ടാമത്തെ ആളിന്റെ വരവ് കൺഫേം ആയോ… മുഖം കണ്ടാലറിയുന്നുണ്ട്..””ഉവ്വ് ഡോക്ടർ… അതാണിപ്പോൾ പ്രശ്നം.. ”
അത് കേട്ടപ്പോൾ നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു” എന്ത് പ്രശ്നം…””പറയാം ഡോക്ടർ… ഡോക്ടർക്ക് തിരക്കുണ്ടോ…””ഇല്ല പറഞ്ഞോളൂ..”
“ഡോക്ടർ…വർഷങ്ങൾക്ക് മുമ്പ് പൊഴിഞ്ഞു പോയൊരില വീണ്ടും എന്റെ ചില്ലകളിൽ തളിർത്തു..
കുറേക്കാലത്തിനു ശേഷം കണ്ടുമുട്ടിയപ്പോൾ പണ്ട് നല്കാനാവാത്തതൊക്കെ മതിയാവോളം നല്കി പക്ഷേ വീണ്ടും ആ ഇല പൊഴിഞ്ഞു പോയിരിക്കുന്നു ഇപ്പോൾ…
പക്ഷേ അപ്പോഴേക്കും എന്റെയൂള്ളിലൊരു വിത്ത് മുളച്ചിരുന്നു….എവിടെ നിന്നോ എത്തിയ പേരറിയാ കാറ്റിൽ അറിയാതെ വന്ന് വീണ് മുളച്ച് പൊന്തിയ എന്റെ ജീവിതം നശിപ്പിക്കാൻ പോകുന്ന ഒരന്തക വിത്ത്… ”
” അപ്പോൾ ആ കളിക്കുന്ന വിത്ത് ആരുടേതാണ്… നിങ്ങളുടെ
ഹസ്ബന്റ് എവിടെ”
” ഹസ്.. പ്ര വാ സിയാണ്… അടുത്തമാസം വരുന്നുണ്ട്.. അപ്പോൾ ഞാൻ പ്രെഗ്നന്റ് ആണെന്നറിഞ്ഞാൽ… ”
” കാറ്റിന്റെ തലോടലേറ്റ് മയങ്ങി കൂടെ കിടന്നപ്പോൾ ഇതൊന്നുമോർത്തില്ലേ.. പ്രികോഷനെടുക്കാനുള്ള ബുദ്ധി തോന്നിയില്ലേ… ”
” മേഡം… അറിയാതെ പറ്റി പോയി.. “” നീ പറഞ്ഞു വരുന്നതെന്താണെന്ന് മനസിലായി.. പക്ഷേ… “” എന്താണ് മേഡം..
” നീ കാണാത്ത ഒരു ജീവനെ ഇല്ലാതാക്കുന്നതിനേക്കാൾ നല്ലത് നീ പ്രസവിച്ച് വളർത്തിയ ആ ഇരുന്ന് കളിക്കുന്ന കുഞ്ഞിനെ ഇല്ലാതാക്കുകയല്ലേ നല്ലത്…
അതാണെളുപ്പം… കൊടിലിട്ട് പിടിച്ച് വലിച്ച്കീറി വേദനിപ്പിച്ച് നരകവേദന സമ്മാനിച്ച് ഒരിക്കലും കാണാത്ത ഒരു ജീവനെ ഇല്ലാതാക്കുന്നതിലും ഭേദം ഇതാണ്… “” മനസിലായില്ല ഡോക്ടർ… ”
” മനസിലാവില്ല… നിന്നെപ്പോലുള്ള മനസുള്ളവർക്ക് മനസിലാവില്ല…നിന്റെ വയറ്റിൽ വളരുന്ന ജീവനും ആ കളിക്കുന്ന ജീവനും തമ്മിലെന്ത് വ്യത്യാസമാണുള്ളത്…
നീ പറയാൻ പോകുന്ന കാര്യം അതല്ലേ…. എനിക്ക് ആ പാപം ചെയ്തുകിട്ടുന്ന കൂലി വേണ്ട… നിന്റെ ശരീരം കണ്ടിട്ട് ഇനിയും ഒരുപാട് കൊഴിഞ്ഞു പോയ ഇലകൾ നിന്റെ ചില്ലകളിൽ തളിരിടും…
പേരറിയാകാറ്റുകൾ ഇനിയും നിനക്ക് ചുറ്റും വീശും അപ്പോൾ നിനക്ക് ഒരു പക്ഷേ ഈ മോള് പോലും ബാധ്യതയായി തോന്നും..
അങ്ങനൊരു തോന്നൽ നിനക്ക് വരുന്ന അന്ന് എന്റെ നമ്പറിലൊനന് വിളിക്കുക…. ഈ ബാധ്യത ഞാനേറ്റെടുത്തോളാം.. ”
“ഈ നഗരത്തിൽ വേറെ പലരും ചെയ്യുന്നുണ്ടാവാം…പണം നിനക്കൊരു പ്രശ്നമാവില്ലെന്നറിയാം..
പണം കൊടുത്താൽ വാടക ഗർഭപാത്രം വരെ കിട്ടുന്ന കാലമാണ്… അവരെ ആരെയെങ്കിലും സമീപിക്ക്…. എവിടെ നിന്നൊക്കെയോ വന്ന ദേഷ്യം കടിച്ചമർത്തി സോഫയിലിരുന്ന് കളിക്കുന്ന മോളെ എടുത്ത് ചോദിച്ചു
” മോൾക്ക് ഈ അമ്മയുടെ കൂടെ പോകണോ… എന്റെ കൂടെ കൂടുന്നോ ഞാൻ കുറേ മിഠായി മേടിച്ച് തരാം.. ”
” നാൻ കൂടാം.. പശ്ശേ രാത്തിരി ഇക്ക് അമ്മേന്റെ അടുത്ത് കിടന്നാലേ വാവുറക്കം വരൂ…”..
.
“കേട്ടില്ലേ നീ… ഇതാണ് മക്കൾ… അവരുടെ മനസ്.. പൊക്കിൾകൊടി ബന്ധമെന്നത് വിത്തിടാൻ വരുന്ന കാറ്റിനേക്കാൾ കൂടുതലറിയേണ്ടത്
മലർന്ന് കിടക്കുന്നുകൊടുക്കുന്ന തരിശുഭൂമിയാണ്.. ”
“സോറി… ഞാനിവിടെ… വരരുതായിരുന്നു.. ഫീസെത്രമാണ്… “..” അതെ വരരുതായിരുന്നു… എന്റെ നല്ലൊരു സന്ധ്യ നശിപ്പിച്ചതിന് നന്ദി.. എനിക്ക് നിന്റെ ഫീസ് വേണ്ട… ചെല്ല് കുരുന്നുജീവന്റെ ക ഴു ത്ത റുക്കാനുളള വഴികളാലോചിക്ക്… ”
” മോളുടെ കവിളിലുമ്മ നല്കി കൊണ്ട് പറഞ്ഞു. “.” ഇനി മോള് വരുമ്പോൾ അമ്മയെ കൊണ്ടു വരരുത്… മോള് തനിച്ച് വന്നാൽ മതി ട്ടോ… “..” അതെന്താ. “””അമ്മക്ക് വാവു അല്ലേ”
അവളെ പുറത്തേക്കാക്കി വാതിലടക്കുമ്പോൾ പിറകിൽ നിന്ന് ആരോ പറഞ്ഞു.”പ്രായശ്ചിത്തം അല്ലേ…”
നാലുപാടും നോക്കി ആരെയും കാണാഞ്ഞ് വാതിലും ജനലുമടച്ച് അകത്തേക്ക് കയറി ഗ്ലൗസ് ഊരി വേസ്റ്റ് ബിന്നിലിട്ട് കുളിമുറിയിൽ കയറി കുളി കഴിഞ്ഞ് ഡ്രസ് മാറി
നീലകണ്ണാടിക്ക് മുന്നിൽ ചെന്നു നിന്നു
അതുവരെ കണ്ട മുഖമല്ലല്ലോ എനിക്കെന്ന് തോന്നി…
കവിളുകൾക്ക് ചുവപ്പ് നിറം കൂടിയിരിക്കുന്നു..സ്തനങ്ങൾക്കെ
ന്തൊരെടുപ്പാണ്… മുടിക്ക് കട്ടികൂടിയിരിക്കുന്നു…
അതെ നേരത്തെ വന്ന സ്ത്രീയുടെ മുഖമായി മാറുന്നു… നൈറ്റിയിലാരോ പിടിച്ചു വലിക്കുന്നതായി തോന്നി… അതെ നേരത്തെ കണ്ട മോൾ ചോദിക്കുന്നു
“എന്നെ കൊ ന്നു ക ളഞ്ഞതെന്തിനാ…”..”ഓഹ്… ഡേവിഡ്… നിയെന്നെ കൊ ല്ലൂ…”കാ മം ഉരുകിയൊലിച്ച ഏതോ രാത്രിയുടെ ഭൂതകാലത്തിലെ നിമിഷങ്ങളിൽ വയറ്റിലൂറിയ ജീവനെ ആരുമറിയാതെ എടുത്തുകളഞ്ഞ് ഉപരിപഠനത്തിനായി യുഎസിലേക്ക് പോകുമ്പോൾ
പിറകിലുപേക്ഷിച്ച രണ്ട് ജീവനുകളുടെ നിലവിളി മുറിക്കുള്ളിൽ മുഴങ്ങി പാതിജീവനുമായി ചു ടു ചോ ര തുടകളിലൂടെ ഒലിച്ചിറങ്ങി..കണ്ണാടിയിൽ നിന്നവൾ ഇറങ്ങി വന്നു ചെവിയിൽ വന്ന് പറഞ്ഞു….
“വഞ്ചകീ… നീ കൊന്നു കളഞ്ഞില്ലേ..”.ചുടുചോരയിൽ നനഞ്ഞ നൈറ്റി പിടിച്ച് മോൾ കരഞ്ഞു പറഞ്ഞു.”അമ്മാ എന്നെ കൊ ല്ലല്ലേ അമ്മാ… എനിക്ക് വേദനിക്കുന്നു…”…
അത് കണ്ട് മറ്റേതോ ലോകത്തിരുന്ന് ആരൊക്കെയോ കൂട്ടം കൂടി കരയുന്ന ശബ്ദം കാതുകളിൽ മുഴങ്ങി….
NB : ഒരാളെ ഉപദേശിക്കുമ്പോൾ പിന്നിട്ട വഴികളിൽ സ്വന്തം കാലിൽ തറച്ച മുള്ളുകൊണ്ട പാടിൽ നിന്ന് ര ക്തം കി നിയുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്…