വെള്ള പൊതിഞ്ഞു കിടക്കുമ്പോഴും ശ്രീയേട്ടന്റെ മുഖത്തെ ആ ചൈതന്യത്തിന് ഒരു കുറവും വന്നിട്ടില്ല. ചെറിയ ഒരു

(രചന: രുദ്ര)

ഓഫീസിലെ ജോലിത്തിരക്കെല്ലാം കഴിഞ്ഞാണ് അൽപ്പനേരത്തെ വിശ്രമത്തിനായി ടേബിളിലേക്ക് തല ചായ്ച്ച് കിടന്നത്. എന്താണെന്നറിയില്ല മനസ് വല്ലാതെ അസ്വസ്ഥമായി കൊണ്ടിരുന്നു. ചിലപ്പോൾ ഇന്ന് കുറെ വർക്ക് ഉണ്ടായത് കൊണ്ടുള്ള ക്ഷീണം കൊണ്ട് എനിക്ക് തോന്നുന്നതാവാം.

അങ്ങനെ കിടക്കുമ്പോഴും കൂടെ വർക്ക് ചെയ്യുന്ന സ്മൃതി തൊട്ടടുത്തിരുന്ന് എന്നോട് എന്തൊക്കെയൊ പറയുന്നുണ്ട്. ഉറക്കത്തിന്റെ ആലസ്യം കൊണ്ട് അവളുടെ സംസാരത്തിനെല്ലാം ഞാൻ ഒരു മൂളലിൽ മറുപടിയൊതുക്കി.

പ്രകാശവേഗതയിൽ ചിന്തകൾ എങ്ങോട്ടേക്കാണ് പോകുന്നത്? കാഴ്ചകൾ എല്ലാം അവ്യക്തമാണ്. എന്താണെന്നോ ഏതാണെന്നോ ഊഹിച്ചെടുക്കാൻ പോലും കഴിയാത്ത വിധം അതെന്നെ പിന്നിട്ടു പോയി.

അൽപ നേരത്തെ പാച്ചിലിനൊടുവിൽ അത് ശാന്തമായൊരിടത്ത് ചെന്ന് നിന്നു. മറുതലക്കൽ അവ്യക്തമായൊരു മുഖം. ഏറെ നേരത്തെ പ്രയത്നത്തിനൊടുവിൽ പ്രയാസപ്പെട്ട് ഞാനാ മുഖം വായിച്ചെടുത്തു.

തിളങ്ങുന്ന കണ്ണുകൾ. കാറ്റിലുലയുന്ന മുടിയിഴകൾ.നീണ്ട മൂക്ക്. മുഖത്തിന്റെ പകുതി ഭാഗത്തെയും മറക്കുന്ന തരത്തിൽ പടർന്നു പന്തലിച്ച രോമങ്ങൾ .ആ മുഖത്തിന്റെ അഴകിനെ കൂടുതൽ സുന്ദരമാക്കുന്ന ചെറുപുഞ്ചിരിയും. അതേ… ഈ മുഖം എനിക്കേറെ സുപരിചിതമാണ്.

ശ്രീയേട്ടൻ .!ക്ഷണനേരഞ്ഞെ മയക്കത്തിൽ നിന്ന് ഞെട്ടലോടെയാണ് ഞാൻ ഉണർന്നത്.

കൃഷ്ണ…. എന്തിനാണ് വീണ്ടും ആ മുഖം എന്റെ മനസ്സിൽ തെളിഞ്ഞു വന്നത്? പതിനാറു വർഷങ്ങൾ… അതെ നീണ്ട പതിനാറു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ആ മുഖമിപ്പോഴും ഉള്ളിലൊരു നോവാണ്.

അച്ഛനും ശ്രീയേട്ടനും തമ്മിൽ പന്ത്രണ്ട് വയസിനു വ്യത്യാസമുണ്ടായിരുന്നെങ്കിലും അച്ഛന്റെ ഏറ്റവുമടുത്ത സുഹൃത്തായിരുന്നു ശ്രീയേട്ടൻ. റേഷൻ കടയിലെ ജോലി കഴിഞ്ഞു തിരിച്ചു വരുന്ന വഴി എന്നും ശ്രീയേട്ടനെ കണ്ട് സംസാരിച്ചിട്ടേ അച്ഛൻ വീട്ടിലേക്കു വന്നിരുന്നുള്ളൂ..

അച്ഛനെ കാത്തിരിക്കുന്ന എന്റെ അരികിലേക്കെന്നും അച്ഛൻ ഒരു പലഹാര പൊതിയുമായി ആണ് എത്താറ്. അത് മറ്റാരും കൊടുത്തുവിടുന്നത് അല്ല ശ്രീയേട്ടൻ ആണ്.

ഒരു ക്രിസ്മസ് തലേന്ന് വീട്ടിലേക്ക് ധാരാളം മിഠായികളും വർണ്ണ കടലാസിൽ പൊതിഞ്ഞ ഒരു കേക്കും, തുറക്കുമ്പോൾ നല്ല സ്വർണ്ണനിറമുള്ള ക്രിസ്മസ് കാർഡും എത്തി. അതിൽ മനോഹരമായ കൈയ്യക്ഷരത്തിൽ അമ്മുവിന് സ്നേഹപൂർവ്വം ശ്രീയേട്ടൻ എന്ന് എഴുതിയിരുന്നു.

കഷ്ടപ്പാടും ദുരിതങ്ങളും നിറഞ്ഞ എന്റെ ബാല്യത്തിൽ അന്നാദ്യമായാണ് ഞാൻ ഒരു കേക്ക് മുറിച്ച് സന്തോഷം പങ്കു വെച്ചത്.

ശ്രീയേട്ടനെ ഇടയ്ക്ക് മാത്രമേ നേരിൽ കാണാറുണ്ടായിരുന്നുള്ളൂ… എങ്കിലും ആ സ്നേഹം എന്നും അനുഭവിച്ചറിയാൻ ദൈവം എനിക്ക് ഭാഗ്യം തന്നിരുന്നു.

ശ്രീയേട്ടൻ എന്നും കൂടെയുണ്ടായിരുന്നെങ്കിൽ എന്നുള്ള കുഞ്ഞു മനസ്സിന്റെ പ്രാർത്ഥന കേട്ടിട്ടാവണം അന്നൊരിക്കൽ അച്ഛൻ കടയിൽ നിന്ന് വന്നപ്പോൾ സൈക്കിളിന്റെ പുറകിൽ ഒരാളും കൂടി ഉണ്ടായിരുന്നു.
ശ്രീയേട്ടൻ!.

എന്നും കാണാറുള്ള ആ പ്രസന്നത അന്ന് പക്ഷേ ശ്രീയേട്ടന്റെ മുഖത്ത് ഞാൻ കണ്ടിരുന്നില്ല. എന്റെ തലയിൽ ഒന്ന് തലോടിക്കൊണ്ട് ഏട്ടൻ അകത്തേക്ക് പോയി. ചാണകം മെഴുകി തുടച്ചെടുത്ത തറയിൽ തഴപ്പായ വിരിച്ച് അമ്മ ഞങ്ങൾക്ക് മൂന്നുപേർക്കും ചോറുവിളമ്പി. അപ്പോഴും ആരും ഒന്നും സംസാരിച്ചില്ല.

ഫാൻ ഇല്ലാതെ ശ്രീജിത്തിന് കിടന്ന് ശീലംണ്ടാവില്ല ല്ലേ? എന്ന അമ്മയുടെ ചോദ്യത്തിന് അത് സാരല്യ ചേച്ചി എല്ലാം ശീലം ആക്കേണ്ടെ എന്ന് മാത്രം ഉത്തരം പറഞ്ഞ് ശ്രീയേട്ടൻ താഴെ വിരിച്ച പായയിലേക്ക് കിടന്നു.

അല്ലെങ്കിലും ഓലമേഞ്ഞ വിടവിലൂടെ നല്ല കാറ്റ് കിട്ടുമ്പോൾ സുഖമായി ഒറങ്ങാലോ … പിന്നെ എന്തിനാ ഫാൻ? അന്നെന്റെ മനസ്സ് അങ്ങനെ ചിന്തിച്ചിരുന്നു. കാരണം ഫാനൊക്കെ അന്നൊരു അത്ഭുത വസ്തു ആണ്.

അവന്റെ വീട്ടിൽ ആകെ പ്രശ്നമാ ഇന്ദു .. ഒരു സ്വസ്ഥതയും ഇല്ല ആ പാവത്തിന്. അവിടെ നിന്നാൽ അവനു ഭ്രാന്ത് ആയി പോകും. പ്രശ്നങ്ങളെല്ലാം തീരും വരെ അവൻ ഇവിടെ ഉള്ള സൗകര്യത്തിൽ കഴിഞ്ഞോട്ടെ.. ഒന്നുമില്ലേലും മനസ്സമാധാനമെങ്കിലും ഉണ്ടാവുമല്ലോ? .

അച്ഛന്റെയും അമ്മയുടെയും നടുക്ക് പറ്റിച്ചേർന്നു കിടക്കുന്നതിനിടയ്ക്ക് അച്ഛൻ അമ്മയോട് പതിഞ്ഞസ്വരത്തിൽ പറയുന്നത് ഞാൻ കേട്ടു.

ഓരോ ദിവസം കഴിയുംതോറും ശ്രീയേട്ടന്റെ മുഖത്ത് മാഞ്ഞുപോയ പുഞ്ചിരി തിരികെ വരുന്നത് ഞാൻ കണ്ടു. അച്ഛനും അമ്മയും ശകാരിക്കുമ്പോൾ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കാനും എന്റെ കുസൃതികൾക്കെല്ലാം കൂട്ടുനിന്നുമെല്ലാം ശ്രീയേട്ടൻ എനിക്കൊരു ഏട്ടനായി മാറിയപ്പോൾ ശ്രീയേട്ടന്റെ പ്രശ്നങ്ങൾ പെട്ടെന്നൊന്നും അവസാനിപ്പിക്കരുതേ എന്ന് പോലും ഞാൻ പ്രാർത്ഥിച്ചിരുന്നു.

ഒടുക്കം കുറെ നല്ല ഓർമ്മകൾ സമ്മാനിച്ചുകൊണ്ട് ശ്രീയേട്ടൻ തിരികെ പോകാൻ നേരം ആ കൈകളിൽ പിടിച്ചു കൊണ്ട് പോവല്ലേ എന്ന് പറഞ്ഞു വാശി പിടിചൊന്ന് കരയണമെന്നുണ്ടായിരുന്നു. പക്ഷേ സ്വന്തം അല്ലാത്തതിന് വേണ്ടി എത്ര വാശിപിടിച്ച് കരഞ്ഞാലും ആ കണ്ണുനീർ മാത്രമേ ബാക്കിയാകുകയുള്ളൂ….

പിന്നീട് വീണ്ടും ആ പഴയ ജീവിതത്തിലേക്ക് മടങ്ങി പോകാൻ ഞാൻ തയ്യാറെടുത്തു. എങ്കിലും ഇടയ്ക്കെങ്കിലും മനസ്സ് കൊതിച്ചിരുന്നു ശ്രീയേട്ടനെ പോലെ ഒരേട്ടൻ എന്നും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന്. കാരണം എന്റെ ജീവിതത്തിൽ ഒരു ഏട്ടന്റെ സ്നേഹം ആദ്യമായും അവസാനമായും അനുഭവിച്ചറിഞ്ഞത് ആ മനുഷ്യനിൽ നിന്നായിരുന്നു.

അന്നൊരു ശനിയാഴ്ചയായിരുന്നു ക്ലാസ്സ് ഇല്ലാത്തതിനാൽ കൂട്ടുകാരുമൊത്തു കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കടയിൽ പോയി സാധനങ്ങൾ വാങ്ങാനായി അമ്മ വിളിച്ചത്. ഗോപാലെട്ടന്റെ പീടിക കുറച്ചു ദൂരെ ആയതുകൊണ്ടുതന്നെ കളിക്കുന്നതിനിടയിൽ അമ്മ ശല്യം ചെയ്തപ്പോൾ ദേഷ്യം വന്നു.

എങ്കിലും പോകില്ല എന്ന് പറഞ്ഞാൽ ചിലപ്പോൾ അടി കിട്ടും എന്ന് പേടിച്ച് അമ്മ എഴുതിത്തന്ന കടലാസ് ചീട്ടും പൈസയും ഒരു കവറുമായി കടയിലേക്ക് ഓടി. കടയിലെത്തി ഓട്ടം അവസാനിപ്പിച്ചപ്പോൾ പട്ടിയെ പോലെ നിന്നു കിതച്ചു. ചുരുട്ടിപ്പിടിച്ച കടലാസ് ഗോപാലേട്ടന് നേരെ നീട്ടി ഞാൻ പുറത്തിട്ടിരുന്ന ബെഞ്ചിൽ കയറിയിരുന്നു.

അല്ല മോളെ നിങ്ങൾ ഒന്നും അറിഞ്ഞില്ലേ…?സാധനങ്ങൾ എടുത്ത് തരുന്നതിനു പകരമുള്ള ഗോപാലേട്ടന്റെ ചോദ്യത്തിന് ഞാൻ മുഖമുയർത്തി നോക്കി. വിശേഷപ്പെട്ട കാര്യങ്ങളെല്ലാം ഗോപാലേട്ടന്റെ പീടികയിലെ ഫോണിലേക്കാണ് ആദ്യം വരിക. അക്കാലത്ത് ചുരുക്കം ചില വീടുകളിൽ മാത്രമേ ലാൻഡ്‌ലൈൻ ഉണ്ടായിരുന്നുള്ളൂ.

നമ്മടെ ശ്രീജിത്ത് മരിച്ചു ട്ടാ.. ഇന്ന് വെളുപ്പിന് ആയിരുന്നു സംഭവം. അറ്റാക്ക് ആയിരുന്നു.

ഒറ്റശ്വാസത്തിൽ ഗോപാലേട്ടൻ അത് പറഞ്ഞു തീർത്തപ്പോൾ എന്തുപറയണമെന്നറിയാതെ ഞാൻ അന്ധാളിച്ചു നിന്നു. “മരണം”. ആ വാക്കിന്റെ തീവ്രത മനസ്സിലായിട്ടാണോ ഞാൻ ആ നിമിഷം തരിച്ചു നിന്നു പോയത് എന്ന് എനിക്കറിയില്ല.

വന്നതിനേക്കാൾ ഇരട്ടി വേഗത്തിൽ ഞാൻ തിരിഞ്ഞോടാൻ ശ്രമിച്ചെങ്കിലും കാലുകൾ കുഴഞ്ഞു പോകുന്നതുപോലെ… ഒരു കണക്കിന് വീട്ടിലെത്തി കാര്യം പറഞ്ഞതും അമ്മ പൊട്ടിക്കരഞ്ഞു. അതു കൂടി കണ്ടപ്പോൾ അടക്കി നിർത്തിയ കണ്ണുനീർ എന്നെ ധിക്കരിച്ചുകൊണ്ട് പുറത്തുചാടി.

അവസാനമായി ശ്രീയേട്ടനെ ഒന്ന് കാണാൻ ഞാനും പോയിരുന്നു.വെള്ള പൊതിഞ്ഞു കിടക്കുമ്പോഴും ശ്രീയേട്ടന്റെ മുഖത്തെ ആ ചൈതന്യത്തിന് ഒരു കുറവും വന്നിട്ടില്ല. ചെറിയ ഒരു മന്ദഹാസത്തോടെ ആരെയും കാണില്ല എന്ന് വാശിപിടിച്ചു കൊണ്ട് കിടന്നുറങ്ങുമ്പോൾ ഒരു അനിയത്തി കുട്ടിയുടെ അധികാരത്തോടെ ചെന്ന് തട്ടി വിളിച്ചു ഉണർത്തണം എന്നു തോന്നി.

ഇവിടെ നിൽക്കണ്ട ശ്രീയേട്ടാ നമുക്ക് വീട്ടിലേക്ക് പോകാം എന്ന് പറഞ്ഞു കൂടെ കൊണ്ടുപോകണം എന്ന് തോന്നി. അതൊന്നും പറ്റിയില്ലെങ്കിലും അവസാനമായി കണ്ണുതുറന്ന് എന്നെ ഒന്ന് നോക്ക് ശ്രീയേട്ടാ എന്ന് പറഞ്ഞ് പൊട്ടി

കരയണമെന്നും ഉണ്ടായി. പക്ഷെ ചുറ്റും മുഴങ്ങിക്കേൾക്കുന്ന നിലവിളികളിൽ നിന്ന് വ്യക്തമായിരുന്നു ഇനി ഒരിക്കലും ശ്രീയേട്ടൻ എന്നെ കണ്ണ് തുറന്ന് നോക്കില്ലെന്ന്. കൺമുന്നിൽ ആ സ്നേഹം വെച്ച് നീട്ടി കൊതിപ്പിച്ച് എന്നന്നേക്കുമായി

ദൈവം ശ്രീയേട്ടനെ വിളിച്ചു കൊണ്ട് പോവുകയാണെന്ന് ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു.നിശബ്ദമായി കണ്ണ് നീർ പൊഴിച്ച് ഏട്ടൻ അഗ്നിയായി തീരുന്നതും നോക്കി ഞാൻ നിന്നു.

കൃഷ്ണ…. ആ സ്നേഹം അനുഭവിച്ച് കൊതിതീരാത്ത കുറച്ചുപേരെ ഓർത്തെങ്കിലും അല്പം കരുണ കാണിച്ചൂടായിരുന്നോ… ..

പിന്നീട് ഒരുപാട് വട്ടം ഞാൻ ശ്രീയേട്ടന്റെ വീടിന്റെ മുന്നിലൂടെ പോയിട്ടുണ്ട് അതിലൂടെ കടന്നു പോകുമ്പോൾ മനപ്പൂർവ്വം കണ്ണുകൾ ഇറുക്കിയടച്ചിരിക്കും. അത് മറ്റൊന്നും കൊണ്ടല്ല ശ്രീയേട്ടൻ ഉറങ്ങുന്ന മണ്ണിലേക്ക് നോക്കുമ്പോൾ അറിയാതെ നെഞ്ചൊന്നു പിടയും. ഒന്നും മിണ്ടാൻ കഴിയാതെ വേണ്ടപ്പെട്ടവരുടെ വരവും കാത്ത് ശ്രീയേട്ടൻ അവിടെ ഉണ്ടാകുമോ??? അറിയില്ല.

ഇപ്പോഴും ഒരുപാട് ആഗ്രഹിക്കാറുണ്ട് ഏതെങ്കിലുമൊരു ശരീരത്തിൽ വീണ്ടും പിറവിയെടുത്തത് ശ്രീയേട്ടൻ തിരികെ വന്നിരുന്നെങ്കിൽ എന്ന്. കൊതിതീരും വരെ ആ സ്നേഹം ഒന്ന് അനുഭവിച്ചറിയാൻ…….

ആത്മാക്കൾക്ക് മരണമില്ല എന്നല്ലേ പറയാറ്. ഓർമ്മകളിലൂടെ ഇന്നും ജീവിക്കുന്ന ഏട്ടന്….

Leave a Reply

Your email address will not be published. Required fields are marked *