ഒരു കുഞ്ഞ് തേങ്ങൽ
(രചന: ശാലിനി)
വെയിൽ കനത്തതോടെ ഉച്ചക്ക് ശേഷം അമ്മൂമ്മ ആരെയും പുറത്തേയ്ക്ക് ഇറക്കാതെയായി..
വേനൽ ചൂടാണ്. കറുത്ത് കരുവാളിക്കും എന്ന് പറഞ്ഞാൽ പേടിച്ച് കുട്ടികൾ പ്രത്യേകിച്ച് പെൺകുട്ടികൾ ആരും പുറത്തോട്ട് ഇറങ്ങുകയേയില്ല.
ആകെ ഒരു നിശബ്ദത ആണ് ആ നേരത്ത് അവിടെ. അതോടെ ഉച്ച മയക്കത്തിലേക്ക് എല്ലാവരും കൂപ്പുകുത്താൻ തുടങ്ങി..
പക്ഷെ അമ്മുവിനും ദിയയ്ക്കും എത്ര സംസാരിച്ചാലും കഥകൾ തീരില്ല. കൂട്ടുകാരുടെയും, തങ്ങളെ കമന്റ് അടിക്കാൻ വരുന്ന ചെക്കന്മ്മാരുടെയും പുതിയ സിനിമ വിശേഷങ്ങളുടെയും ഒക്കെ നൂറു നൂറു കാര്യങ്ങൾ ഉണ്ട് പറഞ്ഞു തീരാതെ അവർക്കിടയിൽ !
രാഗിണി ചിറ്റയ്ക്ക് രണ്ട് ദിവസം ആയിട്ട് സുഖമില്ലാത്തത് പോലെ.. എപ്പോഴും കിടപ്പ് തന്നെയാണ്. പഴയത് പോലെ ഒരുത്സാഹം ഒന്നിനുമില്ല. ആഹാരം പോലും ശരിക്കും കഴിക്കുന്നത് കാണുന്നില്ല. വല്ലാത്ത ഒരു വിളർച്ച കാണാനുണ്ട് ആ മുഖത്ത്. ചിലപ്പോൾ വയറു പൊത്തിപ്പിടിച്ചു കുനിഞ്ഞിരിക്കുന്നത് കാണാം..
ചോദിച്ചിട്ട് ഒന്നും പറയുന്നുമില്ല.
തനിക്ക് എന്തെങ്കിലും കൂടുതലായി ചോദിക്കുന്നതിനു ഒരു പരിധിയില്ലേ.
ചെറിയച്ഛന്റെ കൂടെ രാവിലെ ഹോസ്പിറ്റലിൽ പോകണമെന്ന് ഇന്നലെ പറഞ്ഞിരുന്നു..
പോയിക്കാണുമോ ആവോ..മുറിയിലേയ്ക്ക് ചെല്ലുമ്പോൾ ചിറ്റ ധൃതിയിൽ ഒരുങ്ങുന്നുണ്ടായിരുന്നു..
നല്ല ഭംഗിയായി സാരി ഉടുക്കാൻ ചിറ്റയ്ക്ക് അറിയാം.ഇപ്പോഴും ചിറ്റയെ കണ്ടാൽ ഇത്രയും വല്യ കുട്ടികളുടെ അമ്മയാണെന്ന് പറയുകയേയില്ല..!
ചിറ്റയുടെ സാരിയുടെ ഞൊറിവുകൾ ശരിയാക്കിക്കൊടുത്തു കൊണ്ടാണ് ചോദിച്ചത്.
“പോയില്ലേ നിങ്ങൾ ഇതുവരെ..രാവിലെ പോകുമെന്ന് പറഞ്ഞതാണല്ലോ. ഏന്നിട്ട് ചെറിയച്ഛൻ എവിടെ..? ”
“പുറത്തുണ്ടാവും.. ഞങ്ങൾ പോയിട്ട് എളുപ്പം
വരാം കേട്ടോ. ആരോടും ഒന്നും പറയണ്ട.”
കണ്ണാടിയിൽ നോക്കി മുഖം ഒന്നു കൂടി തുടച്ചു കൊണ്ട് ചിറ്റ ഇറങ്ങുന്നതും നോക്കി അവൾ വരാന്തയുടെ തൂണിൽ ചാരി നിന്നു..
എന്തായിരിക്കും ചിറ്റക്ക് ആരോടും പറയാൻ പാടില്ലാത്ത അസുഖം. പുറമെ എപ്പോ നോക്കിയാലും ജോലി തന്നെ. ജോലി! ചിലപ്പോൾ അതിന്റെയാവും.
അവർ പോയിട്ട് വന്നപ്പോൾ നേരം കുറച്ചു വൈകിയിരുന്നു..
വന്നപാടെ ചിറ്റ ആർക്കും മുഖം കൊടുക്കാതെ മുറിയിലേയ്ക്ക് പോയി.
കരഞ്ഞു കലങ്ങിയത് പോലെ ചിറ്റയുടെ കണ്ണും മുഖവും വീങ്ങിയിരിക്കുന്നു !
“പോയിട്ട് എന്തായി..? “അമ്മൂമ്മ ചോദിച്ചതിന് ചെറിയച്ഛനാണ് മറുപടി കൊടുത്തത്.
“നാളെ രാവിലെ ഒന്നുകൂടി ചെല്ലാൻ പറഞ്ഞിട്ടുണ്ട്.. എന്തൊക്കെയോ വീണ്ടും പരിശോധിക്കണമെന്ന്.. ”
അതിനും മാത്രം എന്ത് രോഗമാണ്.
മുറിയിലേക്ക് ചെല്ലുമ്പോൾ ഉടുത്തിരുന്ന സാരി പോലും മാറാതെ കട്ടിലിൽ കമിഴ്ന്നു കിടന്നു കരയുന്ന ചിറ്റയെ കണ്ട് ഒന്നമ്പരന്നു..
“എന്ത് പറ്റി ചിറ്റേ. എന്തിനാണ് കരയുന്നത്.
ഡോക്ടർ എന്താ പറഞ്ഞത്. കുഴപ്പമൊന്നുമില്ലല്ലോ അല്ലെ ”
ഒന്നും പറയാതെ അവർ കണ്ണീരൊഴുക്കുന്നതു കണ്ടപ്പോൾ എന്തോ വലിയ പ്രശ്നം ഉണ്ടെന്ന് തോന്നി..
ദൈവമേ ! ഇനിയെന്തെങ്കിലും അസുഖം വല്ലതുമാണോ..
അതായിരിക്കുമോ ആരോടും ഒന്നും പറയാത്തത്..
ചിതറിയ ചിന്തകൾ കൊണ്ട് ഒന്നും മിണ്ടാതെ ചിറ്റയുടെ വിരലുകളിൽ മെല്ലെ തലോടിക്കൊണ്ടിരിക്കുമ്പോൾ ചിറ്റ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി..
“ഞാനൊരു കാര്യം പറഞ്ഞാൽ മോള് ആരോടെങ്കിലും പറയുമോ. പ്രത്യേകിച്ച് അമ്മയോട്.. ”
“ചിറ്റ പറഞ്ഞോളൂ. ഞാൻ ആരോടും പറയില്ല.”അവൾ ഉറപ്പ് കൊടുത്തു.കട്ടിലിൽ നിന്നെഴുന്നേറ്റ് മുറിയുടെ വാതിൽ കുറ്റിയിട്ട് ചിറ്റ അരികിൽ വന്നിരുന്നു..
“ഞാൻ നിന്നോട് എന്താ പറയേണ്ടത്.
എങ്ങനെ പറയും എന്നറിയില്ല…
നാളെ രാവിലെ ഹോസ്പിറ്റലിൽ വീണ്ടും
ചെല്ലാൻ പറഞ്ഞിരിക്കുകയാണ്. ”
“ചെറിയച്ഛൻ അമ്മൂമ്മയോട് പറയുന്നത് കേട്ടിരുന്നു.. എന്തൊക്കെയോ ടെസ്റ്റുകളുണ്ടെന്ന്..
അത്രയ്ക്ക് വലിയ കുഴപ്പമാണോ ചിറ്റയ്ക്ക് . “ചിറ്റ ഒന്ന് നിശ്വസിച്ചു..”ഇത് ഒരു അസുഖമല്ല മോളെ..
എന്റെ അപ്പൂനും അമ്മൂനും ഇളയത് ഒന്നുകൂടി
വരാൻ പോകുന്നു.. “കേട്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ല.
“ങേഹേ ! അത് ഹാപ്പി ന്യൂസ് ആണല്ലോ..
ഇതിനാണോ ഇത്രയും ടെൻഷൻ അടിപ്പിച്ചത്.”
“ഹാപ്പി ന്യൂസ് ആയിരുന്നേനെ കുറേക്കൂടി മുൻപായിരുന്നെങ്കിൽ.. ഇതിപ്പോൾ…
എങ്ങനെ മക്കളുടെയും
അമ്മയുടെയുമൊക്കെ മുഖത്ത്
നോക്കുമെന്നോർത്തിട്ട് ഒരു
സമാധാനവും ഇല്ല.. ”
“ചിറ്റേ.. ഒരു കുഞ്ഞിന് വേണ്ടി കൊതിക്കുന്ന എത്ര പേരുണ്ട് നമ്മുടെ ചുറ്റിനുമെന്ന് അറിയാമോ ..
ഒരു ജീവനെ ഇല്ലാതാക്കാൻ നമുക്ക് എന്ത് അധികാരമാണുള്ളത്..
പണ്ടത്തെ വീട്ടിലൊക്കെ
എത്ര കുട്ടികളാണുള്ളത്. അതും പല പ്രായത്തിൽ.. പിന്നെ എന്തിനാ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്.. ഞാൻ ആയിരുന്നെങ്കിൽ ജീവൻ പോയാലും സമ്മതിക്കില്ല.”
അവൾക്ക് ആകെ ദേഷ്യം വന്നു.
ചിറ്റയോട് മാത്രമല്ല ആ വീട്ടിലുള്ള എല്ലാവരോടും.
“മോളെ ഞാനൊരു അമ്മയാണ്.ഒരമ്മയ്ക്കും തന്റെ വയറ്റിൽ വളരുന്ന ജീവൻ ഒരു ബാധ്യത ആണെന്ന് ഒരിക്കലും തോന്നില്ല. പക്ഷെ ..
സാഹചര്യം എതിരാണെങ്കിൽ എന്ത് ചെയ്യാൻ പറ്റും? ..
വാസുവേട്ടൻ സമ്മതിക്കില്ല.. ഇത് വേണ്ടാ എന്നാണ് തീർത്തു പറഞ്ഞിരിക്കുന്നത്..
ഏട്ടന് നാണക്കേട് ആണത്രേ. എന്നെ നിർബന്ധിച്ചു കൂട്ടി കൊണ്ട് പോയതാണ് അബോർട്ട് ചെയ്യാൻ. എനിക്കൊരു സ്വാതന്ത്ര്യവും ഇല്ല മോളെ ഈ കാര്യത്തിൽ..”
മുള ചീന്തുന്നത് പോലെ അവർ കരയാൻ തുടങ്ങി. അവൾക്ക് എന്തൊക്കെയോ വായിൽ കൊള്ളാത്ത വർത്തമാനം പറയാൻ ആവേശം തോന്നി.
ചിറ്റയുടെ കവിളിൽ കൂടി ഒഴുകിയിറങ്ങിയ കണ്ണുനീരിലെ വേദന ഒരമ്മയായില്ലെങ്കിൽ കൂടി അവൾക്ക് മനസ്സിലാകുമായിരുന്നു.
താനുമൊരു പെണ്ണാണ്.. അമ്മയായില്ലെങ്കിലും പ്രസവിച്ചില്ലെങ്കിലും ഒരു സ്ത്രീയുടെ വികാരവും വിചാരവും ഉള്ളവരാണ്.
ആണൊരുത്തത്തന്റെ കാമത്തിന് ഇരയാകേണ്ടി വരുന്നതും പോരാഞ്ഞു അടിവയറ്റിൽ നാമ്പിടുന്ന ജീവന്റെ വേരുകളറത്തു മാറ്റുവാനുള്ള അവകാശം അവന് മാത്രമായി പതിച്ചു കൊടുത്തിരിക്കുന്ന ജീവിത വ്യവസ്ഥയോട് അവൾക്ക് വല്ലാത്ത രോഷം തോന്നി..
ഇത്രയും നാണക്കേട് ഉള്ള ആൾക്ക് ഇതിന് വേണ്ടുന്ന മുൻകരുതലുകൾ എടുക്കാമായിരുന്നല്ലോ. താൻ ബിഎസ്സി കഴിഞ്ഞ പെണ്ണാണ്. ഒരു സ്കൂൾ കുട്ടിക്ക് പോലും ഇന്നത്തെ കാലത്ത് അറിയാൻ വയ്യാത്തതായി ഒന്നുമില്ല. എന്നിട്ടാണോ ചെറിയച്ഛൻ ഇങ്ങനെ നിലവാരമില്ലാതെ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും !
“അന്ന് അമ്മു ഉണ്ടായതിനു ശേഷം പ്രസവം നിർത്താൻ വാസുവേട്ടൻ തന്നെയാണ് സമ്മതിക്കാഞ്ഞത്. അന്ന് എന്റെ ആരോഗ്യം കുറച്ചു മോശമായിരുന്നു..
ഈ കാര്യം പുറത്ത് ആരെങ്കിലും അറിയുന്നതിന് മുൻപ് എത്രയും പെട്ടെന്ന് ഇല്ലാതാക്കണമെന്നാണ് ഇന്ന് ഹോസ്പിറ്റലിൽ നിന്ന് വരുമ്പോഴും പറഞ്ഞത്..
മോൾ ഇത് മറ്റാരോടും പറയരുത്. എന്റെ ഒരപേക്ഷയാണ്. ഭർത്താവിന്റെ തീരുമാനങ്ങൾക്കിടയിൽ സ്വന്തം ഇഷ്ടത്തിന് വിലയില്ലാത്ത ഒരു പാവം സ്ത്രീയുടെ അപേക്ഷ.. ”
ചിറ്റ തന്റെ കൈ രണ്ടും കൂട്ടി പിടിച്ചാണ് കണ്ണീരോടെ അത് പറഞ്ഞത്..ഇരുണ്ടു പോയൊരു മുഖത്തോടെ ചിറ്റയ്ക്ക് വാക്ക് കൊടുക്കുമ്പോൾ പുച്ഛമായിരുന്നു.,
വെറും അടിമയായി ജീവിതം ഹോമിച്ചു കളയുന്ന അബലയായി സ്വയം ലേബൽ ഒട്ടിച്ചു നടക്കുന്ന താനടക്കമുള്ള പെൺ വർഗ്ഗത്തോട് മുഴുവനും..
അന്ന് കിടന്നിട്ട് ഉറങ്ങാനെ പറ്റിയില്ല.
ഒരു സന്തോഷം നിറഞ്ഞ ദിവസത്തെ ഒരാൾ വിചാരിച്ചാൽ എങ്ങനെ ഇല്ലാതാക്കാമെന്നു തെളിയിച്ചിരിക്കുന്നു.
അമ്മൂമ്മ അറിഞ്ഞാൽ എന്താണ് കുഴപ്പം..
അവരുടെ മകന്റെ രക്തത്തിൽ ഉണ്ടായ കുഞ്ഞല്ലേ.
മക്കൾ അറിഞ്ഞാൽ അതിലും വലിയ നാണക്കേട് ആണത്രേ. അവർ കുറച്ചു മുതിർന്നു പോയി എന്നത് ശരിയാണ്. എന്ന് വെച്ച് ഒരു ജീവൻ ഈ ഭൂമിയിലേക്ക് മുളച്ചു വരുന്നതിന്റെ കാരണക്കാർക്ക് അത് നശിപ്പിക്കാൻ അവകാശം കൊടുത്തത് ആരാണ്??
എങ്കിലും കുറച്ചു കഴിയുമ്പോൾ ആ ചിന്തകളൊക്കെ മാറി ആ കുരുന്ന് ഈ വീട്ടിലുള്ള എല്ലാവരുടെയും കണ്ണിലുണ്ണിയായി മാറുമായിരുന്നില്ലേ?? .
കഷ്ടം !!അന്നാദ്യമായി ചെറിയച്ചനോട് വല്ലാത്തവെറുപ്പ് തോന്നി.രാവിലെ ചെറിയച്ഛനോടൊപ്പം ഹോസ്പിറ്റലിൽ പോകാനിറങ്ങുമ്പോൾ ചിറ്റയുടെ ദയനീയമായ നോട്ടം തന്റെ നേർക്ക് പാറി വീഴുന്നുണ്ടായിരുന്നു.
ആ നോട്ടത്തിന്റെ പൊരുൾ അവൾക്ക് മാത്രമേ മനസ്സിലാവുമായിരുന്നുള്ളല്ലോ !ഉള്ളിൽ വളരുന്ന ഒരു വലിയ രഹസ്യം തുടച്ചു നീക്കാനായി അവർ ആശുപത്രിയിലേയ്ക്ക് യാത്രയാകുമ്പോൾ ആരുമറിയാത്ത
ആ രഹസ്യം അവളുടെ ഉള്ളിൽ കിടന്നു കയ്യും കാലുമിട്ടടിച്ചു നിലവിളിക്കുന്നുണ്ടായിരുന്നു
എന്നെ കൊല്ലരുതേ അമ്മേ..എന്ന് അപേക്ഷിക്കുമ്പോലെ ഒരു കുഞ്ഞ് കരച്ചിൽ അവളെ പിന്തുടർന്നു കൊണ്ടേയിരുന്നു !!