അച്ഛന്‍റെ ആദ്യ രാത്രിയില്‍ അടുത്തടുത്ത മുറിയില്‍ കിടക്കാന്‍ വിധിക്കപ്പെട്ട രണ്ട് മക്കളായിരുന്നു ഞങ്ങള്‍…. രാവിലെ എണീറ്റ് ആ സ്ത്രീയെ കണി

രണ്ടാനമ്മ
(രചന: Magesh Boji)

അച്ഛന്‍റെ കല്ല്യാണ ദിവസം വളരെ വൈകിയാണ് ഞാനെണീറ്റത്… എണീറ്റപാടെ അനിയത്തിയുടെ മുറിയുടെ വാതിലിന് ചെന്ന് മുട്ടി.

കരഞ്ഞ് കലങ്ങിയ കണ്ണാലേ അഴിച്ചിട്ട മുടിയുമായി വാതില്‍ തുറന്നവള്‍ എന്നെ നോക്കി.

ഒന്നും പറയാനാവാതെ ഞാന്‍ അടുക്കളയിലേക്ക് നടന്നു. ഒരു ഗ്ലാസ്സ് ചായയെടുത്ത് തിണ്ണയില്‍ കയറിയിരുന്ന് കുടിക്കുമ്പോള്‍ അമ്മാവന്‍ അരികിലേക്ക് വന്നു.

അച്ഛന്‍റെ കൂടെ അമ്പലത്തിലേക്ക് പോവുന്ന കാര്യമെന്നോട് സൂചിപ്പിച്ചപ്പോള്‍ കയ്യിലുണ്ടായിരുന്ന ചായ ഗ്ലാസ്സ് നിലത്തെറിഞ്ഞ് പൊട്ടിച്ചാണ് ഞാന്‍ പ്രതികരിച്ചത്…ശബ്ദം കേട്ട് അനിയത്തി ഓടി വന്നെന്നെ പറ്റിച്ചേര്‍ന്ന് പേടിയോടെ നിന്നു.

അമ്മയുടെ വേര്‍പാട് നല്‍കിയ വേദനക്ക് ഒരാണ്ട് തികയും മുന്‍പേ അച്ഛനെടുത്ത ഈ തിരുമാനം അത്രമേല്‍ എന്നെ നിരാശപ്പെടുത്തിയിരുന്നു.

പ്രായപൂര്‍ത്തിയായ എന്‍റെയും അനിയത്തിയുടേയും കാര്യങ്ങള്‍ നോക്കാന്‍ അമ്മയുടെ സ്ഥാനത്തൊരാള്‍ വേണമത്രേ…

കേട്ട് പഴകിയ ന്യായങ്ങളുടെ കെട്ട് വീണ്ടും എന്‍റെ മുന്നില്‍ മലര്‍ക്കെ തുറന്നിട്ട അമ്മാവനോടെനിക്ക് സഹതാപം തോന്നി.

ഒന്നും പറയാനാവാതെ നിന്ന് കിതച്ച ഞാന്‍ പൊടുന്നനെ അവിടം വിട്ട് പുറത്തിറങ്ങി.

കൊലായിലെത്തിയപ്പോള്‍ കണ്ടു , ശുഭ്ര വസ്ത്രവുമണിഞ്ഞ് തലയും താഴ്ത്തി നില്‍ക്കുന്ന എന്‍റെ അച്ഛനെ…പറയാനോ ചോദിക്കാനോ എനിക്കൊന്നുമുണ്ടായിരുന്നില്ല.

മുറ്റത്തേക്കിറങ്ങി ആദ്യം നോക്കിയത് തെക്കേ തൊടിയിലുള്ള അമ്മയുടെ അസ്ഥി തറയിലേക്കായിരുന്നു. നെഞ്ചിലിരുന്നാരോ കൊളുത്തി വലിക്കുന്നത് പോലെ തോന്നി.

സ്നേഹം മാത്രം തന്ന് വളര്‍ത്തിയ അച്ഛന്‍ ഇന്ന് മുതല്‍ മറ്റാരുടേയൊക്കെയോ സ്വന്തമാവാന്‍ പോവുകയാണെന്ന ചിന്ത എന്നെ ഭ്രാന്ത് പിടിപ്പിച്ചു.

അച്ഛന്‍റെ കല്ല്യാണത്തിന് നീ വിളമ്പുന്നത് സാമ്പാറോ അതോ പുളിശ്ശേരിയോ എന്ന് ചോദിച്ചവരൊക്കെ കല്ല്യാണം കൂടാന്‍ എത്തി തുടങ്ങി….

അച്ഛന്‍റെ ഹണിമൂണ്‍ ട്രിപ്പ് മൂന്നാറിലേക്കോ അതോ കുളു മണാലിയിലേക്കോ എന്ന് കളിയാക്കിയവരും വരാതിരുന്നില്ല…

വന്നവര്‍, വന്നവര്‍ ഒരു കൗതുക വസ്തുക്കളെ പോലെ ഞങ്ങളെ നോക്കി.പോയി കുളിച്ചിട്ട് വന്ന് ഡ്രസ്സ് മാറാന്‍ പറഞ്ഞ അമ്മാവന്‍റെ മകനെ ഞാന്‍ ദഹിപ്പിക്കുന്നൊരു നോട്ടം നോക്കി…

അഴിച്ചിട്ട മുടിയിലൂടെ വിരലോടിച്ച് , ഒന്ന് പോയി കുളിച്ചിട്ട് വാ മോളേ എന്ന് പറഞ്ഞ അമ്മായിയുടെ കൈ അനിയത്തി തട്ടി മാറ്റി…

അച്ഛനും കൂടെ കുറച്ച് ബന്ധുജനങ്ങളും കൂടി അമ്പലത്തിലേക്ക് പോവുന്നത് ഞാന്‍ കണ്ടു.പിന്നീട് നിശബ്ദമായിരുന്നു ആ വീട്.

താലികെട്ട് കഴിഞ്ഞ് അവര്‍ തിരിച്ചെത്താറായ വിവരം അകത്തിരുന്ന് ഞങ്ങളറിഞ്ഞു.

അകത്തിങ്ങനെ അടച്ചിട്ടിരിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്ന് തിരിച്ചറിഞ്ഞ ഞാന്‍ അവളുടെ കയ്യും പിടിച്ച് മുറി വിട്ടിറങ്ങി.

പുതിയ ബന്ധുക്കാര്‍ ഞങ്ങളുടെ വേഷവും ഭാവവും കണ്ടിട്ടാവണം , അത്ഭുതത്തോടെ നോക്കി നിന്നു.

പലരും ചൂണ്ടി കാണിച്ച് സ്വകാര്യം പറയുന്നുണ്ടായിരുന്നു, ഇതാണ് മകനും മകളുമെന്ന്…

പലരും ഞങ്ങളുടെ മുഖത്ത് നോക്കി ചിരി സമ്മാനിച്ചു , കുശലം ചോദിച്ച് അടുത്ത് വന്നു. പക്ഷെ അതെല്ലാം ഞങ്ങളില്‍ നിന്ന് നേരിട്ടത് അവഗണനയായിരുന്നു.

അച്ഛന്‍റെ ആദ്യ രാത്രിയില്‍ അടുത്തടുത്ത മുറിയില്‍ കിടക്കാന്‍ വിധിക്കപ്പെട്ട രണ്ട് മക്കളായിരുന്നു ഞങ്ങള്‍….

രാവിലെ എണീറ്റ് ആ സ്ത്രീയെ കണി കണ്ട ദേഷ്യത്തിന് ഞാന്‍ വീണ്ടും മുറിയില്‍ കയറി വാതിലടച്ച് കിടന്നു.

അമ്മാവനും അമ്മായിയും മക്കളും രാവിലെ തന്നെ തിരിച്ച് പോയി. പിറ്റേന്ന് അച്ഛന്‍റെ കൂടെ ആദ്യമായി ഒരുങ്ങിക്കെട്ടി പുറത്തിറങ്ങിയ ആ സ്ത്രീയെ നോക്കി ഞാന്‍ കാര്‍ക്കിച്ച് തുപ്പി.

അവരുടെ കയ്യാല്‍ എന്‍റെ മുന്നില്‍ വിളമ്പി വെച്ച ചോറും കറിയും ഞാന്‍ തട്ടി തെറിപ്പിച്ചു.

മോളേ എന്ന് വിളിച്ച് ചെന്നപ്പോള്‍ അനിയത്തിയും കണക്കിന് കൊടുത്തത്രേ.. പിന്നീടങ്ങോട്ട് എന്‍റെ മുന്നിലവരെ കാണാറില്ലായിരുന്നു.

എന്‍റെ കാല്‍പെരുമാറ്റം കേട്ടാല്‍ അവരെങ്ങോ മിന്നിമായുമായിരുന്നു….അതിനിടയില്‍ അനിയത്തിക്ക് നല്ലൊരാലോചന വന്നു. അവള്‍ക്ക് ഇഷ്ടമായപ്പോള്‍ അച്ഛനതങ്ങുറപ്പിച്ചു.

അന്ന് വൈകുന്നേരം ഫോണിലൂടെ ആവേശത്തോടെ ആ സ്ത്രീ ആരോടോ പറയുന്നുണ്ടായിരുന്നു , ന്‍റെ മോള്‍ടെ കല്ല്യാണം ശരിയായിട്ടോ എന്ന്….

കല്ല്യാണത്തിന് തികയാതെ വന്ന കാശിന് തന്‍റെ കയ്യിലും കഴുത്തിലും കിടന്ന കുറച്ച് പൊന്ന് ഊരി കൊടുത്തെന്ന് അറിഞ്ഞപ്പോഴേ ഞാനുറപ്പിച്ചു ,

പറമ്പിന്‍റെ വടക്കേ മൂലയിലെ ആകെയുള്ള പത്ത് സെന്‍റ് അച്ഛന്‍റെ കയ്യില്‍ നിന്ന് പകരമായി എഴുതി വാങ്ങിച്ചിരിക്കുമെന്ന്….

ഭംഗിയായി നടന്ന കല്ല്യാണത്തിന്‍റെയന്ന് രാത്രി ഉറക്കത്തിലെപ്പോഴോ എണീറ്റപ്പോള്‍ കേള്‍ക്കുന്നുണ്ടായിരുന്നു , അടുക്കളയില്‍ പാത്രങ്ങള്‍ തേച്ചുരച്ച് കഴുകുന്നതിന്‍റെ ശബ്ദം.

അതിനിടയില്‍ അച്ഛന് സുഖമില്ലാതെയായി. തളര്‍ന്ന് കിടപ്പിലായി.വീടിനോട് ചേര്‍ന്ന് പലചരക്ക് കട നടത്തിയിരുന്ന അച്ഛന്‍ കിടപ്പിലായപ്പോള്‍ വീടിന്‍റെ താളവും തെറ്റി തുടങ്ങി.

പഠിത്തം മതിയാക്കി ജോലിക്കിറങ്ങാന്‍ തിരുമാനിച്ച എന്‍റെ മുന്നിലായിരുന്നു ഒരു ദിവസം വൈകുന്നേരം ആ പെട്ടി ഓട്ടോ വന്ന് നിന്നത്.

കടയിലേക്ക് വേണ്ട സാധനങ്ങള്‍ ടൗണില്‍ പോയി വാങ്ങി വന്ന അവരായിരുന്നു ആ വണ്ടിയില്.

രാത്രി ഊണ് കഴിച്ച് കൈ കഴുകാന്‍ നേരം കണ്ടു , കടലാസില്‍ സാധനങ്ങള്‍ പൊതിയാന്‍ പരിശീലനം നടത്തുന്ന അവരെ….

അതിനിടയില്‍ അനിയത്തിയുടെ പ്രസവവും കുട്ടിയുടെ നൂലു കെട്ടും വന്നു. കുട്ടിക്ക് അരയില്‍ കെട്ടാനും കാതിലിടാനും സ്വര്‍ണ്ണം കൊടുത്തപ്പോള്‍ അവരുടെ താലിമാലയുടെ കട്ടി കുറഞ്ഞത് ഞാന്‍ കണ്ടു.ഒരു ദിവസം മുറ്റത്ത് കണ്ടു , രണ്ടോമന ആട്ടിന്‍കുട്ടികളെ…

പ്ലാവിലയുമായി അവറ്റകളുടെ അരികിലിരുന്ന് സ്വന്തം മക്കളെ പോലെ ലാളിക്കുന്ന ആ സ്ത്രീയെ ഞാനന്നാദ്യമായി അല്പനേരം നോക്കി നിന്നു …

റിസല്‍റ്റ് വന്നപ്പോള്‍ നല്ല മാര്‍ക്കുണ്ടായിരുന്നു . ആ സന്തോഷം പങ്ക് വെക്കാന്‍ അച്ഛന്‍റെ മുറിയിലേക്ക് ഓടി ചെന്ന ഞാന്‍ കണ്ടത് , എന്‍റെ പേരില്‍ കുടുംബ ക്ഷേത്രത്തില്‍ വഴിപാട് കഴിപ്പിച്ച പ്രസാദമാണ്…

ജോലികിട്ടാന്‍ കാശ് കൊടുക്കണമെന്ന് അച്ഛനോട് പറഞ്ഞപ്പോള്‍ ആ മുഖം മങ്ങുന്നത് ഞാന്‍ കണ്ടു.

പക്ഷെ പിറ്റേന്ന് പറമ്പിന്‍റെ വടക്കേ മൂലയിലെ പത്ത് സെന്‍റിന്‍റെ ആധാരം എന്‍റെ കയ്യിലേക്ക് വച്ച് തന്ന് ,

കൊണ്ട് പോയി വില്‍ക്കുകയോ പണയം വക്കുകയോ ചെയ്തോളൂ എന്നച്ഛന്‍ സന്തോഷത്തോടെ പറഞ്ഞപ്പോള്‍ അതിപ്പോഴും അച്ഛന്‍റെ പേരില്‍ തന്നെയാണെന്ന് ഞാനറിഞ്ഞു…

ആദ്യമായി ജോലിക്ക് കയറുന്ന ദിവസം അമ്മയുടെ അസ്ഥിതറയില്‍ പോയി കുറച്ച് നേരം കണ്ണടച്ചിരുന്നു.

ഒരു നനുത്ത കാറ്റെന്‍റെ മുഖത്തേക്ക് വീശിയപ്പോള്‍ എന്താന്നറിയില്ല , കണ്ണ് നിറഞ്ഞൊഴുകി.

മുറിയിലേക്ക് ചെന്ന് അച്ഛന്‍റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങി യാത്ര ചോദിച്ചിറങ്ങാന്‍ നേരം പതിയെ അച്ഛന്‍ പറഞ്ഞു , മോനേ , അമ്മയുടെ അനുഗ്രഹവും…

മറുപടിയൊന്നും പറയാതെ ഞാന്‍ ആ മുറി വിട്ടിറങ്ങി.വാതിലിന് മറവില്‍ ഒരു കാല്‍പ്പെരുമാറ്റം കേട്ടു . കൂടെ ഒരു തേങ്ങലും.

ഞാന്‍ മുറ്റത്തേക്കിറങ്ങി നടന്നു . രണ്ടടി മുന്നോട്ട് വച്ചപ്പോള്‍ കാലുകള്‍ പതറുന്നത് പോലെ തോന്നി.ഒരു നിമിഷം അവിടെ നിന്നു. പിന്‍തിരിഞ്ഞ് നോക്കി.

കൊലായില്‍ ആരുമില്ല. ഒരടി കൂടി മുന്നോട്ട് നടന്നു . പക്ഷെ ഓരോ ചുവടിലും എന്തോ നഷ്ടമാവുന്നത് പോലെ തോന്നി.എന്തോ ഓര്‍ത്തിട്ടെന്നവണ്ണം ഞാന്‍ വീട്ടിലേക്ക് മെല്ലെ തിരിച്ച് നടന്നു.

അച്ഛന്‍റെ മുറിയില്‍ ചെന്ന് ചുറ്റും പരതി. ഞാനവിടെ നിന്നില്ല….. അടുക്കളയിലേക്ക് നടന്നു…. വെപ്രാളത്തോടെ എന്‍റെ കണ്ണുകള്‍ അവിടേയും പരതി.

ഇല്ല… ഞാനവിടെ നിന്ന് കടയിലേക്ക് നടന്നു.ഇല്ല … എന്‍റെ നടത്തത്തിന് വേഗത കൂടി .

ഒടുവില്‍ ഞാന്‍ കണ്ടു , പ്ലാവിലയുമായി ആട്ടിന്‍ കുട്ടികള്‍ക്ക് തീറ്റ കൊടുക്കുന്ന ആ സ്ത്രീയെ.

ഇടക്കിടെ ഒരു കൈ കൊണ്ട് ഇറ്റ് വീഴണ കണ്ണീര് തുടക്കുന്നുണ്ടായിരുന്നു അവര്.ഞാന്‍ മെല്ലെ വിളിച്ചു , അമ്മേന്ന്..

ആ വിളി ആദ്യമായി കേട്ടത് കൊണ്ടാവും , ആശ്ചര്യത്തോടെയാണ് തിരിഞ്ഞ് നോക്കിയത്…..

കയ്യിലെ പ്ലാവില താഴെയിട്ട് അമ്മ നിന്ന് വിതുമ്പി.ആ മുഖത്തേക്ക് നോക്കാന്‍ ശക്തിയില്ലാതെ ഞാന്‍ നിന്നു.

പതിയെ അരികിലേക്ക് ചെന്ന് ആ വലം കൈ ചേര്‍ത്ത് പിടിച്ച് എന്‍റെയൊപ്പം കൂട്ടി അകത്തേക്ക് നടന്നു.

അച്ഛന്‍റെ മുറിയിലേക്ക് നടന്ന എന്നെ കണ്ണിമചിമ്മാതെ അമ്മ നോക്കുന്നുണ്ടായിരുന്നു.

എന്നെ കണ്ടതും കിടന്നിടത്ത് നിന്ന് അച്ഛനൊന്നിളകി. രണ്ട് പേര്‍ക്കും മുന്നിലായ് ഞാന്‍ ഒരു നിമിഷം കൈക്കൂപ്പി നിന്നു.

അച്ഛനെ സാക്ഷിയാക്കി അമ്മയുടെ കാല്‍ക്കലേക്ക് സാഷ്ടാംഗം വീണ് ഞാന്‍ പൊട്ടിക്കരഞ്ഞു.

എന്‍റെ കണ്ണുനീര് ആ പാദങ്ങളില്‍ വീണപ്പോള്‍ ആ കണ്ണു നീര് വീണത് എന്‍റെ ഈ നെറുകിലായിരുന്നു.

പിടിച്ചെഴുന്നേല്പിച്ച് എന്നെ കൈ വച്ചനുഗ്രഹിക്കുമ്പോഴും അമ്മയുടെ കണ്ണീര്‍ ധാരയായി ഒഴുകുകയായിരുന്നു.

യാത്ര ചോദിച്ചിറങ്ങിയ എന്‍റെ പുറകെ പടിപ്പുര വരെ അമ്മയും കൂട്ടു വന്നു. സ്നേഹത്തോടെ ആ മുഖത്തേക്ക് നോക്കി ഒന്നൂടെ യാത്ര ചോദിച്ച് ഞാന്‍ മുന്നോട്ട് നടന്നു.

നടത്തത്തിനിടയിലെപ്പോഴോ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോള്‍ കണ്ടു , പടിപ്പുരയില്‍ എന്‍റെ അമ്മ എന്നെ നോക്കിയിരിക്കുന്നത്….

Leave a Reply

Your email address will not be published. Required fields are marked *