- (രചന: ജ്യോതി കൃഷ്ണകുമാർ)
“”അമ്മേ.. ഇനീം വൈകിയാൽ??””” നിറഞ്ഞ് വന്ന കണ്ണുകളോടെ ദിയ ചോദിച്ചു..“”പിന്നെ എന്താ ഞാൻ വേണ്ടേ മോളെ “””അമ്മേ എത്രേം പെട്ടെന്ന് ഓപ്പറേഷൻ വേണം എന്ന് ഡോക്ടർ പറഞ്ഞതല്ലേ??
“”എന്നിട്ട്..?? എന്നിട്ട് ഞാൻ രക്ഷപെടും എന്ന് ഉറപ്പ് തരാൻ കഴിയോ??ദിയക്ക് അതിന് മറുപടി ഇല്ലായിരുന്നു…കാരണം പകുതി മാത്രമേ അമ്മയുടെ ജീവന്റെ കാര്യത്തിൽ ഡോക്ടർമാർക്ക് പോലും ഉറപ്പുള്ളൂ എന്നു അവൾക്ക് നല്ല ധാരണ ഉണ്ടായിരുന്നു…
പിറ്റേ ദിവസം കോളേജിൽ പോകുമ്പോൾ അവളുടെ മുഖം മ്ലാനമായിരുന്നു..അത് അറിഞ്ഞതും ജോയൽ അവൾക്കരികിൽ എത്തി.. അവളുടെ മുഖം ഒന്നു വാടിയാൽ അത് അവനറിയാമായിരുന്നു..
അത്രമേൽ അവൾ അവനു പ്രിയപ്പെട്ടതായിരുന്നു…“”എന്താടി… നിനക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതായി തോന്നിയിട്ടുണ്ട്… എന്നോട് പറയാവുമന്നതാണേൽ പറയാം “””” എന്ന് പറഞു
ജോയൽ.. കോളേജിൽ കിട്ടിയ ഒരു കൂട്ടാണ്…അച്ഛനോ അമ്മയോ ഇല്ലാത്ത ഒരു അനാഥ പയ്യൻ… വളർന്നത് ഒരു ഓർഫനെജിൽ ആയിരുന്നു…. പഠിക്കാൻ മിടുക്കൻ.. ആരുടെയോ സ്പോൺസർഷിപ്പിൽ കോളേജിൽ ചേർന്നു..
ഇവിടെ നിന്നും കിട്ടിയ കൂട്ടാണ് ദിയ…ദിയ ഒന്നു ചിന്തിച്ചു…ആരോടും ഒന്നും പറയാറില്ല…
ഇവിടെ ചിരിച്ച മുഖത്തോടെ മാത്രമേ ഇരുന്നിട്ടുള്ളൂ.. എല്ലാം തുറന്നു പറയാന് ഒരാളെ കിട്ടിയെങ്കിൽ എന്ന് ഒരുപാട് ചിന്തിച്ചതാണ്..
അതിന് ജോയലിനെക്കാൾ പറ്റിയ ആരെയും വേറെ കിട്ടില്ല എന്നാ കാര്യം സത്യമാണ്..അവൾ അവനോട് മനസ്സ് തുറന്നു..
അച്ഛൻ ഉപേക്ഷിച്ചു പോകുമ്പോൾ വെറും നാലും ഒന്നരയും വയസ്സുള്ള രണ്ട് പെണ്മക്കളെയും കൊണ്ട് ദുരിതക്കയത്തിലേക്ക് വീണതാണ് പാവം എന്റെ അമ്മ… ഞാനും ചേച്ചിയും…
ഞങ്ങളെയും കൊണ്ട് നടുക്കടലിൽ…പിന്നെ തുഴഞ്ഞു.. കരക്കടുപ്പിക്കാൻ വേണ്ടി.. അമ്മക്ക് ചെറുപ്പം മുതലേ ദുരിതം ആയിരുന്നു ..
അഞ്ചു പെണ്ണും മൂന്നാണും ഉള്ള വീട്ടിൽ നാലാമത്തെ പെണ്ണായിട്ടാണ് അമ്മ ജനിച്ചത്.. പട്ടിണി കിടന്നു നരകിച്ച ബാല്യത്തെ പറ്റി അമ്മ പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞു ഒഴുകാറുണ്ടായിരുന്നു…
പതിനാറാം വയസ്സിൽ ഒരാൾ വന്ന് സ്ത്രീധനം വേണ്ട കല്യാണം കഴിച്ചു തന്നാൽ മതി എന്ന് പറഞ്ഞപ്പോൾ വേറെ ഒന്നും ആലോചിക്കാതെ അമ്മയെ അയാൾക്ക് കല്യാണം ചെയ്ത് കൊടുക്കുക ആയിരുന്നു..
അയാളുടെ കൂടെ ഇറങ്ങുമ്പോൾ ആ പാവവും ഓർത്തുകാണില്ല എരിതീയിൽ നിന്നും വറച്ചട്ടിയിലേക്ക്ആണ് എന്ന്..കള്ളു കുടിയനായ അയാൾ അമ്മയെ വല്ലാതെ ഉപദ്രവിച്ചിരുന്നു..
എല്ലാം മിണ്ടാതെ നിന്നു സഹിക്കാം എന്നല്ലാതെ അമ്മക്ക് വേറെ മാർഗ്ഗങ്ങൾ ഇല്ലായിരുന്നു…
അതിനിടയിൽ ഗർഭിണിയായി.. ഒരു പെൺകുഞ്…. അടുത്തതും പെണ്കുഞായപ്പോൾ അയാൾ അമ്മയെ ഉപേക്ഷിച്ചു കടന്നു…
എന്നെന്നേക്കുമായി….
സ്വന്തമായി ഒരു വീട് പോലും ഇല്ലാതെ വാടക കൊടുക്കാൻ കാശില്ലാതെ പെരുവഴിയിൽ..
ഒടുവിൽ തളർന്നിരുന്നാൽ മക്കളുടെ വയറു നിറയില്ല എന്ന് മനസ്സിലാക്കി വീടിനുള്ളിൽ നാലു വയസ്സുകാരിക്കൊപ്പം ഒന്നര വയസുകാരിയെ ആക്കി അമ്മ ജോലിക്ക് പോയി..
ആ രണ്ടു കുരുന്നുകളും ഒരു പ്രശ്നവും ഉണ്ടാക്കാതെ അമ്മക്കൊപ്പം നിന്നു… എല്ലുമുറിയെ.. അത് ഞങ്ങളുടെ പട്ടിണി മാറ്റി…
പക്ഷേ എങ്കിലും ദുരിതം ഒപ്പമുണ്ടായിരുന്നു… ഇടയ്ക്ക് അമ്മയ്ക്ക് വരാറുള്ള ഭയങ്കരമായ തലവേദന ആദ്യം അത്ര കാര്യമാക്കിയിരുന്നില്ല…
അത് പിന്നീട് കലശലായി….അപ്പോഴും അമ്മ ഞങ്ങൾക്കായുള്ള ഓട്ടപ്പാച്ചിലിൽ ആയിരുന്നു…
ചേച്ചിക്ക് ഒരു വിവാഹാലോചന വന്നത് ആയിടയ്ക്കാണ്… സ്വന്തം ശരീരം നോക്കാതെ ജോലിയെടുത്ത് അമ്മ അതിനുള്ള പൈസ ഉണ്ടാക്കാൻ കിണഞ്ഞ് പരിശ്രമിച്ചു…അമ്മയുടെ പരിശ്രമവും നാട്ടുകാരുടെ സഹായവും കൊണ്ട് ചേച്ചിയുടെ വിവാഹം കഴിഞ്ഞു…
അവൾ പക്ഷേ പിന്നെ ഞങ്ങളെ തിരിഞ്ഞുനോക്കിയില്ല അവളുടെ ജീവിതവുമായി മുന്നോട്ടു പോയി..
അവളെയും കുറ്റം പറയാൻ പറ്റില്ല..
അനിശ്ചിതത്വത്തിന്റെ നിലയില്ലാ കയത്തിൽ കൈകാലിട്ട് അടിക്കുന്നവരോടൊപ്പം കൂടി അവളും… അവൾക്ക് കിട്ടിയ ജീവിതവും മുങ്ങി പോവണ്ട എന്നവൾ കരുതി കാണും…
എങ്കിലും സമാധാനമായിരുന്നു എനിക്കും അമ്മയ്ക്കും അവൾ എങ്കിലും സുഖമായി ജീവിക്കുന്നു ഉണ്ടല്ലോ എന്നോർത്ത്…പക്ഷേ കുറച്ചു മാസങ്ങൾക്ക് മുന്നേ ആണ് അമ്മ ജോലിസ്ഥലത്തു ബോധംകെട്ടു വീണത്…
അവിടെയുള്ളവർ ചേർന്ന് ആശുപത്രിയിലെത്തിച്ചു വിദഗ്ധ പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ അമ്മയ്ക്ക് തലയിലൊരു മുഴയാണ് എന്ന് പറഞ്ഞു… ഉടൻ തന്നെ ഓപ്പറേഷൻ വേണ്ട ഒരു തരം മുഴ…
ഒരു കാര്യം കൂടി ഡോക്ടർമാർ പറഞ്ഞിരുന്നു ഇത് ഓപ്പറേഷൻ ചെയ്താൽ പകുതി ചാൻസ് മാത്രമാണ് ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഉള്ളൂ എന്ന്…
അത് കേട്ട് അമ്മ നിർബന്ധം പിടിച്ച് അവിടെനിന്നും പോരുകയായിരുന്നു… ഞാൻ കുറെ നിർബന്ധിച്ചു. നമുക്ക് എത്രയും പെട്ടെന്ന് ഈ ഓപ്പറേഷൻ ചെയ്യാമെന്ന്…..
“”” ജീവിതത്തിലേക്ക് ഞാൻ പിന്നെ തിരിച്ചു വന്നില്ലെങ്കിലോ “”” എന്നാണ് അമ്മ ചോദിച്ചത്
ജീവിക്കാനുള്ള കൊതി കൊണ്ട് ആയിരുന്നില്ല.. പകരം എന്നെ ഒറ്റക്കാക്കി പോകേണ്ടി വരുമോ എന്ന ഭയം..
എനിക്കും അമ്മക്കും ആരും ഇല്ല ജോയൽ.. കരയുന്നവളെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കും എന്നറിയാതെ ജോയൽ നിന്നു..“”ഞാൻ.. ഞാനുണ്ടാകും..””
എന്ന് മാത്രം പറഞ്ഞ് ജോയൽ നടന്നകന്നു.. എന്തോ വല്ലാത്ത ഒരു ആശ്വാസം ആ വാക്കുകൾ കേട്ടപ്പോൾ ദിയക്ക് തോന്നിയിരുന്നു..
പിന്നീട് ആ പറഞ്ഞത് ശരി വക്കും പോലെ ആയിരുന്നു.. അമ്മയെ വന്നവൻ കണ്ടു… ഹോസ്പിറ്റലിൽ നിർബന്ധിച്ചു കൊണ്ട് പോയി…
ഡോക്ടർ കുറെ ചീത്ത പറഞ്ഞു പിന്നെയും വച്ചു താമസിപ്പിച്ചതിനു.. വേഗം ഓപ്പറേഷൻ ചെയ്യാം എന്ന് തീരുമാനിച്ചു.. അതിനുള്ള ഫണ്ട് കണ്ടെത്താനുള്ള നെട്ടോട്ടത്തിൽ ആയിരുന്നു ജോയൽ…ഏതാണ്ട് എല്ലാം ശരിയായി..
അപ്പോഴും അമ്മക്ക് ഭയം ആയിരുന്നു ജീവനില്ലാതെ ആണ് ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് പുറത്തേക്ക് വരുന്നതെങ്കിലോ എന്ന്…
അപ്പോഴവൻ തിരിച്ചു ചോദിച്ചിരുന്നു അമ്മേടെ ദിയമോളെ ആരും ഇല്ലാത്ത ഒരനാഥന് എല്ലാമാവാൻ നൽകാമോ എന്ന്…സ്വന്തം മകനെ പോലെ കണ്ടവന് ദിയയെ കൊടുക്കാൻ അമ്മ പിന്നെ ഒന്നും ചിന്തിച്ചില്ല..
“””ഇതിലും സന്തോഷം അമ്മക്ക് വേറെ എന്താ… നിന്റെ കയ്യിൽ ഇവളെ ഏൽപ്പിച്ചാൽ ഈ അമ്മക്ക് ചാവാനും പേടിയില്ല “” എന്ന് പറഞ്ഞ അമ്മയെ സ്നേഹപൂർവ്വം അവൻ വിലക്കി…
ഒന്നും വരില്ലെന്നും അവന്റെ കൂടെ അമ്മയാവാൻ മടങ്ങി വരണം എന്നും പറഞ്ഞു ധൈര്യം കൊടുത്തു…ആ വിശ്വാസം അതാണ് അമ്മക്കും കരുത്തായത്..
ദൈവം സഹായിച്ചു അമ്മയുടെ ഓപ്പറേഷൻ നല്ല രീതിക്ക് കഴിഞ്ഞു.. ജീവിതത്തിൽ ആരോരും അല്ലാത്തവർ എല്ലാം ആയി തീരുന്ന അത്ഭുതം കണ്ടു ജോയലിലൂടെ അവർ..
അവനൊരു ജോലി ആകുന്ന വരേയ്ക്കും അവർ കാത്തിരുന്നു.. പിന്നെ ഒരു മഞ്ഞചരടിൽ കോർത്ത ഇത്തിരി പൊന്നവൻ അവളെ ചാർത്തി..ആ ജീവിതത്തിൽ അങ്ങനെ ആരോരും ഇല്ലാത്തവർ പരസ്പരം തുണയായി…
അനാഥത്വത്തിന്റെ കയ്പ്പ് നിറഞ്ഞ ബാല്യം ജോയലിനു മനസ്സിലാക്കി കൊടുത്തിരുന്നു കുടുംബ ബന്ധങ്ങളുടെ വില…
അതുകൊണ്ട് തന്നെ അവർക്ക് പരസ്പരം മത്സരിച്ചു സ്നേഹിക്കാനും ആയി… ചിലർ ആട്ടിയകറ്റുമ്പോൾ മറ്റു ചിലർ ചേർത്തു പിടിക്കാനും കാണും.. ജോയലിനെ പോലെ….