അങ്ങനെയുള്ളവനെ കെട്ടിയാൽ പിന്നെ നീ എങ്ങനെ ജീവിക്കും?? ജീവിതകാലം മുഴുവൻ അവന് ചിലവിനു കൊടുക്കേണ്ടി വരും.

(രചന: വൈഗ)

“”ഞങ്ങളുടെ ഇഷ്ടമില്ലാതെ ഈ കല്യാണം നടക്കുമെന്ന് നീ പ്രതീക്ഷിക്കണ്ട സ്വാതി. ചെക്കന് നല്ലൊരു ജോലി പോലുമില്ല. അങ്ങനെയുള്ളവനെ കെട്ടിയാൽ പിന്നെ നീ എങ്ങനെ ജീവിക്കും?? ജീവിതകാലം മുഴുവൻ അവന് ചിലവിനു കൊടുക്കേണ്ടി വരും.

നിനക്കൊരു സർക്കാർ ജോലിയുണ്ടെന്നത് ഞാൻ സമ്മതിക്കുന്നു. പക്ഷെ അവനോ?? ഏതോ പ്രൈവറ്റ് കമ്പനിയിൽ എന്തോ ഒരു ജോലി. മാസം കൂടി പോയാൽ മുപ്പത്തിനായിരം രൂപ കിട്ടും.

വീട്ടിൽ അച്ഛനുമില്ല, അമ്മയുമില്ല. അങ്ങനെയുള്ള ഒരുത്തനെ തന്നെ വേണമെന്ന് എന്ത് കാര്യത്തിനാണ് നീയിങ്ങനെ വാശി കാണിക്കുന്നത്??? അവൻ എങ്ങനെയുള്ളവനാണെന്ന് ആർക്കറിയാം.?? ചോദിക്കാനും പറയാനും പോലും ആരുമില്ലാത്തവൻ….””

ശരത്തിനെ ഇഷ്ടമാണെന്ന് പറഞ്ഞതിന് അമ്മ പറഞ്ഞതും, അറിയാതെ സ്വാതിയുടെ കണ്ണ് നിറഞ്ഞു. എന്തൊക്കെ പറഞ്ഞാലും ആരും ശരത്തിനെ ഒരു വാക്ക് കൊണ്ട് പോലും കുറ്റം പറയുന്നത് അവൾക്കിഷ്ടമല്ല. സഹിക്കാൻ പറ്റില്ല അത്.

“”എന്തിനാ അമ്മേ ഇങ്ങനെ ഓരോ ആവിശ്യമില്ലാത്ത കാര്യങ്ങൾ പറയുന്നത്?? ഒരാൾക്ക് അച്ഛനും അമ്മയും ഇല്ലെന്ന് പറഞ്ഞാൽ അതിനർത്ഥം അയാളുടെ സ്വഭാവം ശെരിയല്ലെന്നാണോ??? അല്ലെങ്കിൽ

തന്നെ ശരത്തേട്ടനെ ഇങ്ങനെയൊക്കെ പറയാൻ അമ്മ ഒരിക്കലെങ്കിലും ആളോട് സംസാരിച്ചിട്ടുണ്ടോ??? ആളിനെ കുറിച്ച് എന്തെങ്കിലും അന്വേഷിച്ചിട്ടുണ്ടോ??? ഇതൊന്നുമില്ലാതെ എങ്ങനെയാണ് ഒരാളെ ജഡ്ജ് ചെയ്യുന്നത്????””

“”നീയെന്തൊക്കെ പറഞ്ഞാലും ഈ വിവാഹത്തിന് ഞാൻ സമ്മതിക്കില്ല സ്വാതി. നിന്റെ വിവാഹത്തിനെ കുറിച്ച് ഞങ്ങൾക്കുമുണ്ട് കുറച്ചൊക്കെ സ്വപ്‌നങ്ങൾ. ആരുമില്ലാത്ത ഒരു

വീട്ടിലേക്ക് മോളെ പറഞ്ഞയക്കാൻ ഞാനെന്നല്ല, ഏതൊരു അമ്മയും ഒന്ന് മടിക്കും.. പിന്നെ ബാക്കി കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനല്ലല്ലോ, നിന്റെ അച്ഛൻ വരട്ടെ…””

അവസാന വാക്ക് പോലെ അമ്മ പറഞ്ഞതും, പിന്നീട് ഒന്നും തിരിച്ചു പറയാൻ തോന്നിയില്ല. അല്ലെങ്കിലും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായി. പക്ഷെ എന്തൊക്കെ പറഞ്ഞാലും ശരത്തേട്ടനെയല്ലാതെ മറ്റൊരാളെ ആ സ്ഥാനത്തേക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നതാണ് സത്യം.

ബീച്ചിൽ അവനടുത്തായി ഇരിക്കുമ്പോൾ എന്ത് പറയണമെന്നറിയില്ലായിരുന്നു സ്വാതിയ്ക്ക്. വീട്ടിൽ നടന്ന കാര്യങ്ങൾ പറഞ്ഞാൽ ആ മനസ് വിഷമിക്കുമെന്നല്ലാതെ മറ്റൊന്നും നടക്കാൻ പോകുന്നില്ല. പറയാതിരുന്നാൽ അതും ശെരിയാകില്ല.

സ്നേഹിക്കാൻ തുടങ്ങിയതിനു ശേഷം ഒന്നും തന്നെ ഇത് വരെ ഒളിച്ചിട്ടില്ല. ഒരു ദിവസം നടന്ന കാര്യങ്ങൾ തമ്മിൽ വള്ളി പുള്ളി വിടാതെ പറഞ്ഞില്ലെങ്കിൽ എന്തോ

സമാധാനം വരാത്തത് പോലെയാണ്. വീട്ടിൽ കല്യാണം ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ മുതൽ ആളുടെ മുഖം മാറിയതാണ്.. അതിന്റെ കൂടെ ഇപ്പോൾ ഇതും.

“”എന്താ സച്ചു നീയിങ്ങനെ ഒന്നും മിണ്ടാതിരിക്കുന്നത്??? എന്താണെങ്കിലും പറഞ്ഞോ ടി… എന്റെ കാര്യം പറഞ്ഞപ്പോൾ എന്തെ വീട്ടിൽ പറഞ്ഞോ??? ഒരു പ്രൈവറ്റ് ജോലിക്കാരന് കെട്ടിച്ചു തരാനല്ല അവർ മോളെ സർക്കാർ ജോലിക്കാരിയാക്കിയതെന്ന്???

അതോ ആരുമില്ലാത്ത ഒരു വീട്ടിൽ എന്ത് വിശ്വാസത്തിലാണ് മോളെ വിടുന്നതെന്ന് പറഞ്ഞോ??? ഇതൊക്കെ എന്തായാലും പറഞ്ഞു കാണും. എല്ലാം ആലോചിച്ചിട്ട് നീയൊരു തീരുമാനം പറഞ്ഞാൽ മതി സച്ചു… നിന്റ അമ്മ പറയുന്നതും ശെരിയാണ്.. ആരുമില്ലാത്തവനാണ് ഞാൻ….””

ബാക്കി പറയാതെ കടലിലേക്കും നോക്കിയിരിക്കുന്നവനെ കണ്ട് അവളുടെ കണ്ണ് നിറഞ്ഞു. ഇതെല്ലാം ആദ്യമേ അറിയുന്ന കാര്യങ്ങളാണ്. എല്ലാം അറിഞ്ഞ ശേഷമാണ് പ്രണയിക്കാനും തുടങ്ങിയത്.. പക്ഷെ അപ്പോഴൊന്നും ആലോചിച്ചിരുന്നില്ല, കല്യാണം വരുമ്പോൾ അതെല്ലാം ഇത്ര പ്രശ്നമാകുമെന്ന്.

“”അങ്ങനെ ആലോചിച്ചു മറക്കാനും വേണ്ടിയല്ല ഈ സ്വാതി നിങ്ങളെ സ്നേഹിച്ചത്. വേണ്ടെങ്കിൽ അത് പറഞ്ഞാൽ മതി. ഒരു ശല്യമായി വരില്ല ഞാൻ. അല്ലാതെ വലഞ്ഞു മൂക്ക് പിടിക്കാൻ നോക്കുന്നത് അത്ര നല്ല കാര്യമല്ല….””

ഒരല്പം ദേഷ്യത്തോടെ പറഞ്ഞതും, ശരത് അവളെ തന്നോട് ചേർത്തു പിടിച്ചു.””നിന്നെ ദേഷ്യമാക്കാൻ വേണ്ടി പറഞ്ഞതല്ല ഞാൻ. ഇതൊക്കെ ആണ് റിയാലിറ്റി. പിന്നീട് ഒരു സങ്കടം….””

ബാക്കി പറയുന്നതിന് മുൻപേ സ്വാതിയുടെ പല്ലുകൾ അവന്റെ തോളിൽ പതിഞ്ഞിരുന്നു. ഇനിയൊന്നും കേൾക്കാൻ താല്പര്യമില്ലെന്ന പോലെ.

“”പറഞ്ഞു പറഞ്ഞു കൂടുതൽ പറയേണ്ട. എന്നെ വേണ്ടെങ്കിൽ ഡ്രൈ വാഷ് ചെയ്തു പോടാ പുല്ലേ. ഇനി അങ്ങനെയല്ല, മുന്നോടുള്ള ജീവിതത്തിൽ നിന്റെ സച്ചു വേണമെന്നാണെങ്കിൽ മര്യാദക്ക് ഞായറാഴ്ച വീട്ടിലേക്ക് വാ.

അപ്പോൾ അച്ഛനും കാണും.. എന്തായാലും കെട്ടിയാലും ഇല്ലെങ്കിലും നിന്നെയല്ലാതെ വേറൊരാളെ ആ സ്ഥാനത്തേക്ക് കാണാൻ പോയിട്ട്, സങ്കൽപ്പിക്കാൻ പോലും എനിക്ക് പറ്റില്ല. മോന് ചിലപ്പോൾ അതൊന്നും ഒരു പ്രശ്നമല്ലായിരിക്കും….””

പിണക്കത്തോടെ സ്വാതി പറഞ്ഞതും, ഒന്നും തിരിച്ചു പറയാതെ ശരത് അവളെ ഒന്നൂടി തന്നിലേക്ക് ചേർത്തു.. ചില സമയത്ത് വാക്കുകളെക്കാൾ വലുത് ഒരു ചേർത്തു പിടിക്കൽ ആയിരിക്കുമെല്ലോ….

ഞായറാഴ്ച സ്വാതിയുടെ വീട്ടിലേക്ക് ശരത് വന്നത് തനിച്ചാണ്. വിളിച്ചാൽ ഒരു വിളി അകലെ കൂട്ടുകാർ ആവിശ്യം പോലെയുണ്ട്.. പക്ഷെ അവരെ ഒന്നും ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല..

വീട്ടിലേക്ക് വന്നു കയറിയപ്പോഴേ കണ്ടു തന്നെയും പ്രതീക്ഷിച്ചു നിൽക്കുന്ന സച്ചുവിനെ. അവളെ കണ്ട് മുഖം വിടർന്നെങ്കിലും, അടുത്ത് നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ ആ

സന്തോഷമെല്ലാം എവിടേയ്‌ക്കോ പോയി. അമ്മ പറഞ്ഞ വാക്കുകളായിരുന്നു മനസ് നിറയെ. തന്നെ അംഗീകരിക്കാൻ അമ്മയ്ക്ക് പറ്റില്ലെന്നൊരു ചിന്ത.””അകത്തേക്ക് നിൽക്കാതെ വാ ഏട്ടാ….””

സച്ചു പറഞ്ഞതും, അവളുടെയൊപ്പം തന്നെ അകത്തേക്ക് കയറി. അപ്പോൾ കണ്ടു ഹാളിലിരുന്നു ആരോടോ കാര്യമായി ഫോണിൽ സംസാരിക്കുന്ന അച്ഛനെ. തന്നെ കണ്ടപ്പോൾ ആ മുഖത്തൊരു ചിരിയുണ്ട്.

“”വാ മോനെ. ഇരിക്കു. സ്വാതി എല്ലാം പറഞ്ഞിട്ടുണ്ട്….””അച്ഛൻ പറഞ്ഞതും, ഒരല്പം മടിയോടെ അവിടെയിരുന്നു. അപ്പോഴേക്കും അമ്മ ചായയുമായി വന്നിരുന്നു. എല്ലാം കണ്ട് ഒരു ചിരിയോടെ തന്റെ പെണ്ണും. ഇവിടെയിപ്പോൾ എന്താ നടക്കുന്നതെന്ന കൺഫ്യൂഷൻ ആയി തനിക്ക്.

“”ശരത് എന്തിനാ ഇങ്ങനെ എത്രയും സങ്കടപ്പെട്ടിരിക്കുന്നത്??? സ്വാതി കാണിച്ചു തന്ന ഫോട്ടോയിലൊക്കെ എന്ത് സന്തോഷത്തിലാണ്. ആ ചിരി കാണാൻ തന്നെ എന്താ രസം. എന്നിട്ടിപ്പോൾ ആകെ rough and tough….””

ഒരു ചിരിയോടെ അച്ഛൻ പറഞ്ഞതും, ഇവിടെയിപ്പോൾ ആരാണ് പടക്കം പൊട്ടിച്ചതെന്ന അവസ്ഥയായിരുന്നു അവന്. പ്രതീക്ഷിച്ച ഡയലോഗ് ഒന്നുമല്ല കേൾക്കുന്നത്. മറ്റെന്തൊക്കെയോ കാര്യങ്ങൾ..

“”മോൻ ഇങ്ങനെ ഒന്നും മനസിലാകാതെ ഇരിക്കേണ്ട. സ്വാതി എന്നോട് എല്ലാം പറഞ്ഞു. മോന്റെ കാര്യങ്ങൾ. ആദ്യം എല്ലാം അംഗീകരിക്കാൻ ഞങ്ങൾക്കൊരു മടിയുണ്ടായിരുന്നു എന്നത് സത്യമാണ്. ഒറ്റ മോളല്ലേ.. അപ്പോൾ അതിന്റേതായ ഇൻസെക്യൂരിറ്റീസ്.

പക്ഷെ ഞാൻ നിന്നെ കുറിച്ച് കാര്യമായി അന്വേഷിച്ചപ്പോൾ മോശമായി ഒരാൾ പോലും ഒന്നും പറഞ്ഞിട്ടില്ല. അച്ഛനും അമ്മയും ഒരു ആക്‌സിഡന്റിൽ പോയത് വിധിയാണ്. അതിനെ തടയാൻ നമുക്ക് കഴിയില്ലല്ലോ.. പിന്നെ വീടും ഒരുപാട്

ദൂരെയല്ല. ഞങ്ങൾക്ക് നിങ്ങളെ കാണണമെന്ന് തോന്നുമ്പോൾ, അല്ലെങ്കിൽ മോൾക്ക് ഇവിടെക്ക് വരണമെന്ന് തോന്നുമ്പോഴെല്ലാം വരാനുള്ള ദൂരമല്ലേയുള്ളു.

ചുരുക്കി പറഞ്ഞാൽ ഈ കല്യാണത്തിന് എനിക്കൊരു സമ്മതകുറവുമില്ല. പക്ഷെ ഒരു കണ്ടിഷൻ മാത്രം…..””

അത്ര നേരം സന്തോഷത്തോടെയിരുന്ന സ്വാതിയുടെ മുഖം അവസാനത്തെ ഡയലോഗ് കേട്ടപ്പോൾ ഇരുണ്ടിരുന്നു.””എന്ത് കണ്ടിഷൻ????””

ഒരല്പം പേടിയോടെയാണ് ശരത് അത് ചോദിച്ചത്.””എല്ലാ മാസവും ഒരു മൂന്ന് ദിവസമെങ്കിലും രണ്ട് പേരും ഇവിടെ വന്നു നിൽക്കണം. ഞങ്ങളുടെയൊപ്പം….””അച്ഛൻ പറഞ്ഞതും, അതൊരു ചിരിയായി.

ആ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ, എത്രയും പെട്ടെന്ന് സ്വാതിയെ തന്റെ സ്വന്തമാക്കാമെന്ന സന്തോഷമായിരുന്നു അവന്.

അല്ലെങ്കിലും ആത്മാർത്ഥമായി പ്രണയിച്ചാൽ, വിട്ടു പോകുന്നതിനേക്കാൾ കൂടുതൽ ചേർത്തു നിർത്താനുള്ള കാരണങ്ങൾ കണ്ട് പിടിക്കാനായിരിക്കുമെല്ലോ ശ്രമിക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *