മുഖപുസ്തകത്തിലൂടെ സുന്ദരികളായ പെണ്ണുങ്ങളെ വളച്ച് കാര്യങ്ങൾ നടത്തി പണം തട്ടുക എന്നത് മുകേഷിന്റെ സ്ഥിരം തൊഴിലാണ്
ഗോമതി എന്ന സുന്ദരിയായ പെണ്ണിനെ മുകേഷ് പരിചയപ്പെട്ടതും മുഖപുസ്തകത്തിലൂടെയാണ്
കറുത്ത് ചുരുണ്ട കാർകൂന്തൽ
കരിമഷി എഴുതിയ കണ്ണുകൾ
കരിവളയണിഞ്ഞ കൈകൾ
മുകേഷിന് ഗോമതിയിലേയ്ക്ക് ആകർഷിയ്ക്കപ്പെടാൻ ഇതിൽക്കൂടുതലൊന്നും വേണ്ടായിരുന്നു
ആദ്യം മൂന്നാല് പ്രാവശ്യം സുഹൃത്ത് ആകുവാനുള്ള അപേക്ഷ കൊടുത്തെങ്കിലും
ഗോമതി ആക്‌സപ്റ്റിയില്ല
പിന്നീടൊരു ദിവസം മുകേഷിന്റെ മുഖത്തും മനസ്സിലും പൊൻ വെളിച്ചം വിതറി ഗോമതി അവനെ സ്വീകരിച്ചു എന്ന നോട്ടിഫിക്കേഷൻ വന്നു
സമയം ഒട്ടും കളയാതെ മുകേഷ് ഗോമതിയുടെ ഇൻബോക്സിലേയ്ക്ക് ഇടിച്ച് കയറി
ഹായ് എന്ന് ടൈപ്പി
മറുപടിയ്ക്കായ് കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു
മുകേഷിനെ അത്ഭുതപ്പെടുത്തി അവൻ പ്രതീക്ഷിച്ചതിലും നേരത്തെ മറുപടി മണി ഓർഡർ പോലെ പറന്ന് വന്നു
ഹായ്
ഇനിയെന്ത് ടൈപ്പണമെന്നറിയാതെ വിറയ്ക്കുന്ന ചൂണ്ടാണി വിരലിനെ മുകേഷ് ഒരു വിധത്തിൽ ഫോണിൽ മുട്ടിച്ച് തള്ളി തള്ളി എഴുതി
സുഖമല്ലേ ഗോമു ?
സുഖം പരമസുഖം
മുകുവിന് സുഖമല്ലേ?
ഗോമതിയുടെ ചോദ്യം
എനിയ്ക്കും പരമസുഖം
ഇപ്പോൾ ഗോമുവിനെ കൂട്ടുകാരിയായി കിട്ടിയപ്പോൾ പരമാനന്ദം
ഹിഹി ഗോമതി ചിരിയുടെ കൂട്ടക്ഷരങ്ങൾ എഴുതി
മുകേഷ് ഹ ഹ എന്ന് ചില്ലക്ഷരത്തിൽ മറുപടി എഴുതി
എത്ര പെട്ടന്നാണ് ഗോമതി മുകേഷിന്റെ ഗോമുവും മുകേഷ് ഗോമതിയുടെ മുകുവും ആയി മാറിയത്
ചാറ്റിങ്ങിന്റെ മന്ത്രജാല ഇന്ദ്രജാലങ്ങൾ
പിന്നീടങ്ങോട്ട് ഹായ് ഹൂയ് കൂയ് പൂയ് തുടങ്ങി കണ്ണേ പൊന്നേ ചക്കരേ മുത്തേ ശുഭദിനം ശുഭരാത്രി എക്സറ്ററാ എക്സറ്ററാ തുടങ്ങിയ സന്ദേശങ്ങൾ രണ്ടു പേരുടേയും ഇൻബോക്സിലൂടെ ജറ്റ് വിമാനത്തേക്കാൾ സ്പീഡിൽ ദിവസവും പാഞ്ഞു കൊണ്ടിരുന്നു
ഞാൻ വിവാഹം കഴിച്ചിട്ടില്ലെന്ന് മുകുവും വിവാഹം കഴിച്ചവനെ ഞാൻ വേണ്ടാന്ന് വച്ചെന്ന് ഗോമുവും പരസ്പരം വെളിപ്പെടുത്തി തങ്ങളുടെ സ്വാതന്ത്ര്യം വെളിച്ചപ്പെടുത്തി
പിന്നീടങ്ങോട്ട് മുകുവിന്റെയും ഗോമുവിന്റെയും പ്രണയം പടർന്നു പിടിയ്ക്കുകയായിരുന്നു
പാവയ്ക്കാ വള്ളിപോലെ
ദിവസങ്ങൾ കഴിയുംതോറും രണ്ടു പേർക്കും പരസ്പരം കണ്ടുമുട്ടുവാനുള്ള കൊതി മനസ്സിൽ വെള്ളമായി ഊറി
വെണ്ണീറ് പോലെ നീറി
എനിയ്ക്കൊന്ന് മുകുവിനെ നേരിട്ട് കാണണമല്ലോ എന്ന ഗോമുവിന്റെ സന്ദേശം കണ്ടപ്പോൾ മുകുവിന്റെ അന്തരംഗത്തിൽ ലഡു പൊട്ടി അതും തിന്നാലും തിന്നാലും തീരാത്ത തിരുപ്പതി ലഡു
കണ്ടുമുട്ടുവാനുള്ള അപ്പോയ്ൻറ്മെന്റ് അവർ ഫിക്സ് ചെയ്തു
വിളിച്ചിട്ട് വരണമെന്ന് പറഞ്ഞ് ഫോൺ നമ്പർ പരസ്പരം കൈമാറി
സ്ഥലം സമയം
ഞായറാഴ്ച്ച 12 മണി
ഗോമതിയുടെ വീട്
ഹൊ ഇന്ന് വ്യാഴാഴ്ച
വെള്ളിയാഴ്ചയേയും ശനിയാഴ്ചയേയും ശപിച്ചു കൊണ്ട് മുകു രണ്ട് ദിവസങ്ങളും തള്ളി നീക്കി
ഞായറാഴ്ച എന്ന സുദിനം വന്നെത്തി
മുകുവിന് 12 മണി വരെ കാത്ത് നില്ക്കുവാനുള്ള കെല്പ് ഉണ്ടായിരുന്നില്ല
അവൻ ഉടുത്തൊരുങ്ങി പത്ത് മണിയ്ക്ക് ഗോമുവിന്റെ വീട്ടുപടിയ്ക്കൽ എത്തി
ഗോമതിയുടെ വീട്ട് മുറ്റത്ത് നില്ക്കുന്ന അമ്മൂമയോട് പറഞ്ഞു
എന്റെ പേര് മുകേഷ്
ഗോമതിയെ കാണാൻ വന്നതാ
അത് കേട്ടതും അമ്മൂമ അകത്തേയ്ക്ക് വെടിച്ചില്ല് പോലെ ഒറ്റ ഓട്ടം
ഒന്നും മനസ്സിലാവാതെ മുകേഷ് പകച്ച് നില്ക്കുമ്പോൾ മുകേഷിന് ഗോമതിയുടെ ഫോൺ വന്നു
എന്തിനാ ഇപ്പോൾ വന്നത്
വേഗം തിരിച്ച് പോകൂ
എന്നിട്ട് പന്ത്രണ്ട് മണിയ്ക്ക്
ഞാൻ വിളിയ്ക്കാം അപ്പോൾ വന്നാൽ മതി
എന്ന് പറഞ്ഞ് ഫോൺ കട്ടായി
മുകേഷിന് എവിടെയോ എന്തോ പന്തികേട്പോലെ തോന്നി
പന്തം കണ്ട പെരുച്ചാഴിയെപ്പോലെ അന്തം വിട്ട പാവം മുകു ഇനി തിരിച്ച് പോകാൻ പറ്റില്ലെന്ന് തീരുമാനിച്ച് അടുത്ത് കണ്ട ചായക്കടയിൽ കയറി
കുടിയ്ക്കാനും കടിയ്ക്കാനും എന്താ വേണ്ടതെന്ന ചോദ്യത്തിന് മറുപടിയായി മുകേഷ് ഗോമതിയുടെ വീട് ചൂണ്ടിക്കാണിച്ച് ചായക്കടക്കാരനോട് ചോദിച്ചു
ആ വീട്ടിൽ ആരൊക്കെയുണ്ട് ?
അവിടെ ഒരു പെണ്ണ് മാത്രമേ ഉള്ളൂ
അവൾടെ കെട്ട്യോൻ കുറെ വർഷങ്ങൾക്ക് മുമ്പ് അവളെ വിട്ടിട്ട് പോയി
ചായക്കടക്കാരൻ ദേഷ്യത്തോടെ മധുരമില്ലാത്ത മറുപടി നല്കി
അപ്പോൾ അവിടെ ഒരു അമ്മൂമയെ ഞാൻ കണ്ടല്ലോ
മുകേഷ് തന്റെ സംശയം ചായക്കടക്കാരന്റെ മേല് ചാരിവച്ചു
ബോയ്ലറിന്റെ മൂട്ടിൽ തീവച്ചു കൊണ്ട് ചായക്കടക്കാരൻ പറഞ്ഞു
അത് ആ പെണ്ണ് തന്നെയാ
ഇപ്പോൾ കണ്ടാൽ അമ്മൂമയെപ്പോലെ തോന്നുമെങ്കിലും കുറച്ച് കഴിയുമ്പോൾ അവൾ മുടി ഡൈ ചെയ്ത് ഫുൾ മേക്കപ്പിൽ ഇറങ്ങും ഇതുപോലെ
എന്ന് പറഞ്ഞ് ചായക്കടക്കാരൻ തന്റെ ഫേസ്ബുക്ക് ഓണാക്കി മുകേഷിന് ഗോമതിയെ കാണിച്ച് കൊടുത്തു
സമയം 12 മണി
ഗോമതി മുകേഷിന്റെ ഫോണിലേയ്ക്ക് വിളിച്ചു
മുകേഷിന്റെ ഫോൺ ഗോമതിയ്ക്ക് മറുപടി കൊടുത്തു
The number u r trying to reach currently switched off
നിങ്ങൾ വിളിയ്ക്കാൻ ശ്രമിയ്ക്കുന്ന കസ്റ്റമർ ഇപ്പോൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് ഓടി രക്ഷപ്പെട്ടിരിയ്ക്കുകയാണ്
