(രചന: ശ്രേയ)
” ഹായ്… എന്താ പേര്..? “ഇൻസ്റ്റയിൽ വന്നൊരു നോട്ടിഫിക്കേഷൻ ആണ്.. അത് കണ്ടപ്പോൾ തന്നെ പതിവ് കോഴികൾ ആരെങ്കിലും ആകുമെന്ന് കരുതി അത് ശ്രദ്ധിക്കാൻ നിന്നില്ല..
ഞാൻ വാട്സ്ആപ്പ് തുറന്നു. അതിൽ ഫ്രണ്ട്സിന്റെ ഒക്കെ മെസ്സേജ് വന്നു കിടപ്പുണ്ട്. അത് കണ്ടപ്പോൾ അതിനൊക്കെ റിപ്ലൈ കൊടുത്തിരുന്നു..
അപ്പോഴാണ് കൂട്ടുകാരിയായ റിയ അവൾക്ക് ഇൻസ്റ്റയിൽ നിന്ന് കിട്ടിയ പുതിയൊരു സൗഹൃദത്തിനെ കുറിച്ച് പറയുന്നത്..
“ആളുടെ പേര് നിഷാദ് എന്നാണ്.. മലപ്പുറത്ത് ആണ് വീട്.. എൻജിനീയറിങ് ഒക്കെ കഴിഞ്ഞ് ഇപ്പോൾ ഏതോ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു എന്നാണ് പറഞ്ഞത്..!”അവൾ അയാളെ കുറിച്ച് വാചാലയാകുന്നുണ്ടായിരുന്നു.
” നിനക്കൊക്കെ എന്തിന്റെ കേടാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല.. ഒരു പരിചയവുമില്ലാത്ത ആളുകളോട് ഇങ്ങനെ സംസാരിക്കാൻ നിനക്ക് ഒന്നും മടി തോന്നുന്നില്ലേ..? ഏതെല്ലാം തരത്തിലുള്ള
ചതി പ്രയോഗങ്ങളാണ് ഇപ്പോൾ നടക്കുന്നത് എന്നറിയാത്തത് ഒന്നുമല്ലല്ലോ..! എത്രയൊക്കെ കേട്ടാലും കണ്ടാലും പഠിക്കാത്ത ജന്മങ്ങൾ തന്നെയാണ് നിങ്ങളൊക്കെ.. ”
ദേഷ്യം വന്നിട്ടാണ് ആ സമയത്ത് താൻ അങ്ങനെ പ്രതികരിച്ചത്..” നീ അതിന് ഇങ്ങനെ ദേഷ്യപ്പെടാനും മാത്രം എന്തു സംഭവിച്ചു..? സാധാരണ എല്ലാവരും ചെയ്യുന്നതല്ലേ ഇങ്ങനെയുള്ള ചാറ്റിങ് ഒക്കെ.. പരിചയമില്ലാത്ത ആളുകളെ പരിചയപ്പെടാൻ വേണ്ടി തന്നെയാണല്ലോ ഇങ്ങനെയുള്ള ആപ്ലിക്കേഷനുകൾ.. ”
മറ്റൊരു സുഹൃത്തായ നേഹ റിയയെ സപ്പോർട്ട് ചെയ്തു.”അതെ.. ശരിയായിരിക്കും..പരിചയമില്ലാത്ത പലരെയും പരിചയപ്പെടാനും നമ്മൾ അറിയാത്ത പലതിനെയും കുറിച്ച് അറിയാനും ഒക്കെ തന്നെയാണ് ഇങ്ങനെയുള്ള ആപ്ലിക്കേഷനുകൾ.
അതൊക്കെ നല്ല രീതിയിൽ ഉപയോഗിച്ചാൽ നല്ലതു തന്നെയാണ്. എന്നാൽ ഇതിനൊക്കെ പിന്നിലും മറഞ്ഞിരിക്കുന്ന കുറെ ചതികൾ ഉണ്ട്.. അതൊക്കെ നിങ്ങൾ ഇനി ഏതുകാലത്ത് മനസ്സിലാക്കാനാണ്..?”
ദേഷ്യത്തോടെ തന്നെയാണ് താൻ പ്രതികരിച്ചത്.” ഇതിപ്പോൾ നമ്മുടെ കൂട്ടത്തിൽ ആർക്കും അങ്ങനെ ഒരു അനുഭവവും ഉണ്ടായിട്ടില്ല.. പിന്നെ നീ എന്തിനാ ഇങ്ങനെ കിടന്നു ബേജാറാകുന്നത്..?
അഥവാ എന്തെങ്കിലും തരത്തിലുള്ള ചതിയാണ് എന്ന് ബോധ്യപ്പെട്ടാൽ അതിൽ നിന്ന് നൈസ് ആയി എസ്കേപ്പ് ആവാൻ ഞങ്ങൾക്കൊക്കെ അറിയാം.. നിനക്ക് അത് അറിയാത്തതു കൊണ്ടാണല്ലോ ഇപ്പോഴും ഇൻസ്റ്റയിൽ വരുന്ന റിക്വസ്റ്റുകൾ നീ ആക്സെപ്റ്റ് ചെയ്യാത്തത്…”
റിയ അതു പറഞ്ഞപ്പോൾ താൻ സ്വയം പരിഹസിച്ചു ചിരിച്ചു..ഇപ്പോഴുള്ള എന്നെ മാത്രമല്ലേ നിങ്ങൾക്കറിയൂ.. ഇതിനു മുൻപ് ഒരു ഞാൻ ഉണ്ടായിരുന്നു..എല്ലാവരോടും സൗഹൃദം ഉണ്ടാകണം എന്ന് ആഗ്രഹിച്ചിരുന്ന ഒരു ഞാൻ.. ആ എന്നെ കൊന്നു കളഞ്ഞത് ചുറ്റുപാടുകളും സമൂഹവും തന്നെയാണ്..!
ഞാൻ മനസ്സിൽ ഓർത്തു..”എന്നാൽ ശരി… നിങ്ങൾ സംസാരിക്കൂ…”അതും പറഞ്ഞു കൊണ്ട് ഞാൻ ചാറ്റ് വിട്ടു..
ഓർമ്മകൾ ഒരു തിരമാല പോലെ എന്നിലേക്ക് ശക്തമായി വീശി അടിക്കുന്നുണ്ടായിരുന്നു.അല്ലെങ്കിലും മരണമില്ലാത്തത് ഓർമ്മകൾക്ക് മാത്രമാണല്ലോ…!!
അന്ന് ഞാനും ഇവരെയൊക്കെ പോലെ ഇൻസ്റ്റയിലും എഫ്ബിയിലും ഒക്കെ ഒരുപാട് ആക്റ്റീവ് ആയിരുന്നു.. ഏത് ഫ്രണ്ട് റിക്വസ്റ്റ് വന്നാലും അതൊന്നും ആക്സപ്റ്റ് ചെയ്യാൻ തനിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല.. എന്നുമാത്രമല്ല പുതിയ പുതിയ സൗഹൃദങ്ങളെ തേടി കണ്ടുപിടിക്കാൻ തനിക്ക് വല്ലാത്തൊരു കൗതുകമായിരുന്നു.
തന്റെ ആ സ്വഭാവത്തിന്റെ പേരിൽ തന്റെ അടുത്ത സുഹൃത്ത് മേഘ പലപ്പോഴും തന്നെ ശാസിച്ചിട്ടുണ്ട്.. പക്ഷേ അപ്പോഴൊക്കെയും അവളോട് താൻ പറഞ്ഞിരുന്നത് ഒരേയൊരു മറുപടിയായിരുന്നു..
” കേരളത്തിൽ നമുക്ക് എവിടെ ചെന്നാലും സുഹൃത്തുക്കളും ഉണ്ടാവണം.. എവിടെയെങ്കിലും എന്തെങ്കിലും സഹായത്തിന് ആരെങ്കിലും ഒക്കെയുള്ളത് നല്ലതല്ലേ..? ”
ഞാൻ പറയുന്നത് കേൾക്കുമ്പോൾ അവൾ എന്നെ കൂർപ്പിച്ചു നോക്കും.” ഈ കൂട്ടുകാരൊക്കെ കൂടി എപ്പോഴാണ് പണി തരുന്നത് എന്നൊന്നും പറയാൻ പറ്റില്ല.. സൗഹൃദങ്ങൾ ഒക്കെ നല്ലതാണ്.. പക്ഷേ അതിനപ്പുറത്തേക്ക് മറ്റൊരു ബന്ധത്തിലേക്ക് ഒരിക്കലും ചെന്നെത്തരുത്..
സൗഹൃദം എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഒരു ഫോണിന് രണ്ടുവശത്തും ഇരുന്നു കൊണ്ടുള്ള സൗഹൃദം മാത്രമാണ് ഇത്..പരസ്പരം കാണുന്ന പോലുമില്ല..അങ്ങനെയുള്ളവരോട് നമ്മുടെ രഹസ്യങ്ങളും നമ്മുടെ കാര്യങ്ങളും ഒക്കെ തുറന്നു പറയുമ്പോൾ ഒന്ന് ശ്രദ്ധിക്കണം..”
അവൾ അങ്ങനെ പറഞ്ഞപ്പോൾ ചുണ്ട് കോട്ടിയാണ് താൻ മറുപടി പറഞ്ഞത്.അന്ന് അവളുടെ ഉപദേശം തനിക്ക് തീരെ ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല..
അതല്ലെങ്കിലും അങ്ങനെയാണല്ലോ..! ആ പ്രായത്തിൽ നമ്മളെ ആരെങ്കിലും ഉപദേശിക്കുന്നത് നമുക്ക് ഇഷ്ടമാവില്ലല്ലോ..! ആ കാര്യത്തിൽ ഞാനും അങ്ങനെ തന്നെയായിരുന്നു.
” എന്നെ നോക്കാൻ എനിക്ക് അറിയാം.. “പുച്ഛത്തോടെ അവളോട് അങ്ങനെ പറഞ്ഞു കൊണ്ട് നടക്കുമ്പോൾ വല്ലാത്തൊരു അഹങ്കാരം ആയിരുന്നു ഉള്ളിൽ..
അങ്ങനെയിരിക്കെ ഒരിക്കൽ ഇൻസ്റ്റയിൽ ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു.. കോഴിക്കോടുകാരനായ അനിരുദ്ധ്..!
സാധാരണ എല്ലായ്പ്പോഴത്തെയും പോലെ വേഗം തന്നെ അയാളുടെ ചാറ്റ് തുറന്നു നോക്കി.
“ഹലോ..”അതു മാത്രമായിരുന്നു മെസ്സേജ്..റിപ്ലൈ കൊടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യം പോലും ഉണ്ടായിരുന്നില്ല..
ഒരു ഹായ്യും ഹലോയും പറഞ്ഞു തുടങ്ങിയ ചാറ്റ് മണിക്കൂർ നീണ്ടു..പതിയെ പതിയെ എന്റെ രഹസ്യങ്ങളുടെ താക്കോൽ സൂക്ഷിക്കുന്നത് അവനാണ് എന്നൊരു നിലയിലേക്ക് കാര്യങ്ങൾ എത്തി.
സൗഹൃദം എന്നതിനേക്കാൾ ഉപരി മറ്റൊരു ബന്ധം ഞങ്ങൾക്കിടയിൽ ഉടലെടുക്കുന്നുണ്ടായിരുന്നു. പ്രണയം തന്നെയായിരുന്നു.. അവനോടും അവന്റെ സ്വഭാവത്തിനോടും എനിക്ക് വല്ലാത്ത ഒരു ആരാധനയായിരുന്നു.. അതായിരുന്നു പ്രണയത്തിലേക്ക് വഴി മാറിയത്..
പക്ഷേ പ്ലസ് ടുവിൽ പഠിക്കുന്ന മകളുടെ സ്വഭാവമാറ്റം അമ്മയിൽ നിന്നും മറച്ചു വയ്ക്കാൻ തനിക്ക് കഴിഞ്ഞിരുന്നില്ല. എപ്പോഴും ഫോണ് എന്റെ കയ്യിലുള്ളത് അമ്മയിൽ സംശയം വർധിക്കാൻ കാരണമായി.
ഒരിക്കൽ കുളി കഴിഞ്ഞ് ഇറങ്ങി വരുമ്പോൾ ഫോൺ അമ്മയുടെ കയ്യിൽ ഇരിക്കുന്നത് കണ്ടു.അമ്മയുടെ മുഖഭാവത്തിൽ നിന്ന് തന്നെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് മനസ്സിലാവുകയും ചെയ്തു.
” നിന്റെ പ്രായം എന്താണെന്ന് എനിക്ക് നന്നായി അറിയാം. ഈ പ്രായത്തിൽ നിനക്ക് ഇങ്ങനെ പല തോന്നലുകളും ഉണ്ടാകും. അതൊരു തെറ്റല്ല.. പക്ഷേ ആരോട് ഇപ്പോൾ ഏത് സാഹചര്യത്തിൽ തോന്നി എന്നുള്ളത് ഒരു പ്രശ്നം തന്നെയാണ്..! നിന്റെ ഈ പറയുന്ന കാമുകനെ ജീവിതത്തിൽ ഒരിക്കലെങ്കിലും നീ നേരിട്ട് കണ്ടിട്ടുണ്ടോ..?
അവന്റെ പേരും സ്ഥലവും അല്ലാതെ അവനെക്കുറിച്ച് കൂടുതൽ എന്തെങ്കിലും നിനക്കറിയാമോ..? ഒന്നുമറിയാത്ത ഒരുത്തനെ എന്തിന്റെ പേരിലാണ് നീ സ്നേഹിക്കുന്നത്..? നാളെ അവൻ തന്നെ വേണ്ടെന്നു വച്ചാൽ നീ എന്ത് ചെയ്യും..?”
അമ്മയുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാതെ തലകുനിച്ചു നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.
” അവൻ അങ്ങനെ എന്നെ ചതിക്കില്ല അമ്മ.. “എവിടെ നിന്നോ വന്ന ഒരു വിശ്വാസത്തിന്റെ പുറത്താണ് അന്ന് അമ്മയോട് അങ്ങനെ പറഞ്ഞത്..അമ്മ ഒരു നിമിഷം എന്തോ ആലോചിച്ചു നിൽക്കുന്നത് കണ്ടു.
” ശരി അവൻ നിന്നെ ചതിക്കില്ല എന്നുള്ളത് നിന്റെ വിശ്വാസം ആണല്ലോ.. അത് ശരിയാണോ തെറ്റാണോ എന്ന് നമുക്കൊന്ന് പരീക്ഷിച്ചു നോക്കാം.. ”
അമ്മ പറഞ്ഞപ്പോൾ ഉള്ളിൽ ചെറിയൊരു ഭയം ഉണ്ടായിരുന്നെങ്കിലും അത് തലകുലുക്കി സമ്മതിച്ചു. അവിടെ മുന്നിട്ടു നിന്നത് തന്റെ വാശി തന്നെയായിരുന്നു. ഞാൻ കണ്ടെത്തിയവൻ പെർഫെക്ട് ആണ് എന്ന് തെളിയിക്കാനുള്ള ഒരു മോഹം..!
അതിന്റെ ഭാഗമായിട്ടായിരുന്നു അവന് ഒരു മെസ്സേജ് അയച്ചത്…” നമ്മുടെ കാര്യത്തിൽ അമ്മയ്ക്ക് എന്തൊക്കെയോ സംശയങ്ങൾ ഉണ്ട്.. ഇന്ന് എന്നോട് ആ തരത്തിൽ സംസാരിക്കുകയും ചെയ്തു. എന്താ ചെയ്യുക..? ”
ആ മെസ്സേജ് അവൻ കണ്ടു പോയിട്ടും പിന്നെയും സമയം കഴിഞ്ഞാണ് റിപ്ലൈ വന്നത്.
” ഇപ്പോൾ എന്തായാലും നമ്മുടെ കാര്യം വീട്ടിൽ സംസാരിക്കാൻ പറ്റുന്ന സാഹചര്യമല്ല. അതുകൊണ്ട് ആരും ഒന്നും അറിയാതെ സൂക്ഷിക്കണം.. ”
അത്രമാത്രമാണ് അവൻ പറഞ്ഞത്. എങ്കിലും വീട്ടിൽ സംസാരിക്കാൻ എന്നുള്ള കാര്യം അവൻ പറയുന്നുണ്ടല്ലോ എന്ന് ഓർത്ത് തനിക്ക് ആശ്വാസം തോന്നി..
പിന്നീട് അമ്മ എന്റെ ഫോൺ പിടിച്ചു വെച്ചു. ഒരാഴ്ചയോളം എനിക്ക് ആ ഫോൺ തന്നതേയില്ല..
പിന്നീട് ഒരു അവസരം കിട്ടിയപ്പോൾ അമ്മയുടെ ഫോണിൽ ഞാൻ മറ്റൊരു പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് എടുത്തു. അത് അമ്മയുടെ നിർദ്ദേശം പോലെ തന്നെയായിരുന്നു..
എന്റെ ഒരു സുഹൃത്തിന്റെ പേരിൽ തുടങ്ങിയ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് അവന് മെസ്സേജ് അയച്ചു.
” അവളുടെ വീട്ടിൽ ആകെ സീൻ ആണ്.. എന്തേലും ചെയ്യാൻ പറ്റുമെങ്കിൽ ഇപ്പോൾ ചെയ്യണം.. ”
അതായിരുന്നു ഞാൻ അയച്ച മെസ്സേജിന്റെ ഉള്ളടക്കം. പക്ഷേ അതിനു മറുപടിയായി വന്ന മെസ്സേജ് എന്നെ പാടെ തകർത്തു കളഞ്ഞിരുന്നു…
” ഇങ്ങനെ കെട്ടാൻ നടന്നാൽ എന്റെ വീട്ടിൽ ഇപ്പോൾ എത്രയോ പെൺകുട്ടികൾ ഉണ്ടായിരുന്നേനെ.. അവളെ വിവാഹം കഴിക്കാനുള്ള ഉദ്ദേശം ഒന്നും എനിക്കില്ല. അല്ലെങ്കിലും അവളെ എങ്ങനെ തലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആലോചിച്ചു നടക്കുകയായിരുന്നു ഞാൻ.
ഇപ്പോൾ ഇങ്ങനെ ഒരു അവസരം കിട്ടിയ സ്ഥിതിക്ക് ആ അവസരം ഞാൻ മുതലാക്കുക തന്നെയാണ്. തനിക്ക് എന്നെ കോൺടാക്ട് ചെയ്യാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞാൽ മതി. എന്റെ ഈ ഇൻസ്റ്റാ ഐഡി അധികം വൈകാതെ തന്നെ ഞാൻ കളയും.. അപ്പോൾ പിന്നെ അവൾക്ക് എന്നെ കോൺടാക്ട് ചെയ്യാൻ പറ്റില്ലല്ലോ.. ”
അവന്റെ മെസ്സേജ് ഞാനും അമ്മയും ഒരുപോലെയാണ് വായിച്ചത്. അമ്മയുടെ മുഖത്തേക്ക് പോലും നോക്കാൻ കഴിയാതെ ഞാൻ തളർന്നു പോയി.പക്ഷേ അമ്മ എന്നെ ചേർത്തു പിടിച്ചു.
“ഇത്രയൊക്കെയേ ഉള്ളൂ ഈ ഓൺലൈൻ ബന്ധങ്ങൾ.. നമ്മൾ വിചാരിക്കുന്നതു പോലെ എല്ലാവരും 100% ആത്മാർത്ഥതയുള്ളവരൊന്നും ആകില്ല..എന്നാൽ അങ്ങനെയുള്ളവരും ഒരുപാടുണ്ട്. അവരെ കണ്ടുപിടിക്കാൻ ആണ് പ്രയാസം.. എന്റെ മോളുടെ ജീവിതത്തിൽ ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്ന് കരുതണം..”
അമ്മ ആശ്വസിപ്പിച്ചപ്പോൾ ഞാനും അതു തന്നെയാണ് മനസ്സിൽ ഉറപ്പിച്ചത്.ആ ഒരു സംഭവത്തോടെയാണ് ഫ്രണ്ട് റിക്വസ്റ്റുകൾ ഞാൻ വെറുത്ത് തുടങ്ങിയത്..
പക്ഷേ എനിക്ക് വന്ന അനുഭവത്തിന് മറ്റ് ആരെയും കുറ്റം പറയാൻ പറ്റില്ല.. സൗഹൃദം മാത്രം എന്നു പറഞ്ഞ ബന്ധത്തിൽ പ്രണയം കൂട്ടിക്കലർത്തിയത് ഞങ്ങൾ ആയിരുന്നല്ലോ..!!
നെടുവീർപ്പോടെ ചിന്തിക്കുമ്പോഴും വാട്സ്ആപ്പ് ഗ്രൂപ്പിൽ പുതിയ റിക്വസ്റ്റുകളെ കുറിച്ചുള്ള ചർച്ചകൾ അവസാനിച്ചിരുന്നില്ല.. അത് ഒരിക്കലും അവസാനിക്കുകയുമില്ല…