പെങ്കൊച്ചിന് ഒരു അബദ്ധം പറ്റി അത് തിരിച്ചറിഞ്ഞു അവള് തിരികെ വരേം ചെയ്തു. ഇനീപ്പോ അതങ്ങട് ക്ഷെമിച്ചൂടെ നിനക്ക്.. “

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“എടാ അനൂപേ എന്താ നിന്റെ തീരുമാനം…. ഇനീപ്പോ ഈ അവസാന നിമിഷം വിവാഹം വേണ്ടന്ന് വയ്ക്കണോ.. പെങ്കൊച്ചിന് ഒരു അബദ്ധം പറ്റി അത് തിരിച്ചറിഞ്ഞു അവള് തിരികെ വരേം ചെയ്തു. ഇനീപ്പോ അതങ്ങട് ക്ഷെമിച്ചൂടെ നിനക്ക്.. ”

പരമേശ്വരൻ അമ്മാവന്റെ ചോദ്യം കേട്ട് മറുപടി പറയാതെ അനൂപ് മൗനമായി. അത് കണ്ടിട്ട് അയാൾ പതിയെ അനൂപിന്റെ അമ്മ ശ്രീലതയ്ക്ക് നേരെ തിരിഞ്ഞു.

” നീ ഇവനെ ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്ക്. നൂറു പവനാ അവര് സ്ത്രീധനം പറഞ്ഞേക്കുന്നെ.. പോരാത്തേന് ഇപ്പോ പെണ്ണ് ഒന്ന് ഒളിച്ചോടി പോയി വന്നതിനു പരിഹാരമായി പത്ത് ലക്ഷം കൂടിയാ അധികം തരാം ന്ന് പറഞ്ഞേക്കുന്നെ.. അപ്പോ പിന്നെ ഈ ബന്ധം വേണ്ടന്ന് വച്ചാൽ ഉണ്ടാകുന്ന നഷ്ടം കുറച്ചൊന്നുമല്ല

ആ വാക്കുകൾ കേട്ടിട്ട് മറുപടി ഒന്നും പറഞ്ഞില്ല ശ്രീലതയും . രണ്ടാളും ഒരുപോലെ മൗനമായപ്പോൾ അല്പം നീരസം തോന്നാതിരുന്നില്ല പരമേശ്വരന്.

” ഇതെന്താ ഞാൻ നിങ്ങളോട് ഒന്നുമല്ലേ സംസാരിക്കുന്നത്… അനൂപേ ഞാൻ ഈ പറയുന്നത് നിന്റെ നന്മയ്ക്കു വേണ്ടിയാണ്. വീടുപണി പകുതിക്ക് ആക്കി വച്ചേക്കുവല്ലേ നീ. ഇപ്പോ ഈ കല്യാണം നടന്നാൽ അത് ഭംഗി ആയി പൂർത്തിയാക്കാം നിനക്ക്.. അത് ഓർത്തോ.. ”

ഇത്തവണ അയാളുടെ ശബ്ദം അല്പം കടുത്തിരുന്നു. എന്നാൽ അനൂപ് അപ്പോഴും മൗനമായിരുന്നു. അതോടെ ശ്രീലത പതിയെ മുന്നിലേക്ക് വന്നു.

” ഏട്ടാ എന്തൊക്കെ തരാം ന്ന് പറഞ്ഞാലും കല്യാണത്തിന് ഇനി ആകെ മൂന്ന് ദിവസമേ ഉള്ളു. അതിനിടക്ക് മറ്റൊരുവന്റെ കൂടെ ഒളിച്ചോടി പോയിട്ട് തിരികെ വന്നു എന്നൊക്കെ പറയുമ്പോ പിന്നെങ്ങനാ മനസമാധാനത്തോടെ കല്യാണത്തിന് ഒരുങ്ങാൻ പറ്റുന്നത്. ഇവനെ കെട്ടിയ ശേഷവും ആ കൊച്ചു വേറെ ആരേലും കൂടെ ഇറങ്ങി പോകില്ലെന്ന് എന്താ ഉറപ്പ്.. ”

ആ ഒരു ചോദ്യത്തിന് മുന്നിൽ അല്പം ഒന്ന് പരുങ്ങിയെങ്കിലും മറുപടി വേഗത്തിൽ കണ്ടെത്തി പരമേശ്വരൻ

” എന്റെ ശ്രീലതെ.. അവൾ അങ്ങിനെ പ്രശ്നക്കാരി ഒന്നുമല്ല. ഒരു പ്രേമമുണ്ടായിരുന്നു. പെട്ടെന്ന് തോന്നിയ ഒരു എടുത്തു ചാട്ടത്തിന് അവനൊപ്പം ഇറങ്ങി പോയി പക്ഷെ അവനാണെങ്കിലോ ഒരു ഫ്രോഡ്

ആയിരുന്നു. രണ്ട് നില വീട് കാറ് കാശ് എന്നൊക്കെ പറഞ്ഞിട്ട് ആണ് അവൻ ഈ കൊച്ചിനെ പ്രേമിച്ചത്. ചെന്ന് നോക്കിയപ്പോഴുണ്ട് ഒരു കോളനിയിൽ ഓടിട്ട കെട്ടിടമാ അവന്റെ വീട്.

പറഞ്ഞതെല്ലാം പറ്റിപ്പ് ആയിരുന്നു ആ വീട്ടിൽ എങ്ങിനാ ഈ കൊച്ചു കഴിയുന്നെ.. നല്ല കാശുള്ള കുടുംബത്തിലെ കൊച്ചല്ലേ നമ്മുടെ മോള് . അവള് അന്നേരമേ ഇങ്ങ് തിരികെ പോന്നു. രാവിലെ പോയി വൈകുന്നേരം കൊച്ചു തിരിച്ചു വീട്ടിൽ എത്തി. അതോണ്ട് വേറൊന്നും നടന്നിട്ടില്ല അവർക്കിടയിൽ… അതുറപ്പ് ”

അത്രയും പറഞ്ഞു നിർത്തി പതിയെ അനൂപിന് നേരെ തിരിഞ്ഞു അയാൾ..”അല്ല ഒന്നും നടക്കാനുള്ള സമയവും ആയില്ലായിരുന്നു. അവനൊപ്പം നേരെ വീട്ടിലെത്തി വീട് കണ്ടപ്പോഴേ കൊച്ചിങ്ങ് തിരികെ വന്നു. ”

ഇത്തവണ പരമേശ്വരന്റെ വാക്കുകൾ കേട്ട് പുഞ്ചിരിച്ചു പോയി അനൂപ്.” അമ്മാവൻ ആള് കൊള്ളാലോ.. എല്ലാം തിരക്കി അല്ലെ.. പക്ഷെ അമ്മാവാ.. ഒളിച്ചോടിയ ദിവസം അല്ലല്ലോ ഇവര് ആദ്യമായി കാണുന്നത് … അങ്ങിനെ നോക്കുമ്പോൾ ഒന്നും നടന്നിട്ടുണ്ടാകില്ല എന്ന് ഉറപ്പിച്ചു പറയാൻ പറ്റോ..”

ഇത്തവണ പരമേശ്വരന്
ശെരിക്കും ഉത്തരം മുട്ടി. അതോടെ ചെറിയ നീരസത്തിൽ തിരിഞ്ഞു അയാൾ.

” നിങ്ങളായി നിങ്ങളുടെ പാടായി.. ഞാൻ പറയാൻ ഉള്ളത് പറഞ്ഞു നൂറു പവനും പത്ത് ലക്ഷം രൂപയുമാണ് അവര് തരാം ന്ന് പറഞ്ഞേക്കുന്നത്. പെണ്ണ് പോയ കാര്യം ഒന്നും നാട്ടുകാർക്ക് ആർക്കും അറിയില്ല.. അതുകൊണ്ട് നല്ലോണം ആലോചിച്ചു ഒരു തീരുമാനം എടുക്ക്.. എന്നിട്ട് എന്നോട് പറഞ്ഞാൽ മതി ഞാൻ ഇപ്പോ പോയേക്കുവാ.. ”

പരിഭവത്തോടെ പറഞ്ഞവസാനിപ്പിച്ചു കൊണ്ട് അയാൾ പോകാനായി തിരിഞ്ഞു. അപ്പോഴേക്കും അനൂപ് മുന്നിലേക്ക് ചെന്നു

” അമ്മാവൻ പോവല്ലേ നിൽക്ക്.. നമുക്ക് അവരുടെ വീട് വരെ ഒന്ന് പോകാം ഒന്ന് കണ്ട് നേരിട്ട് സംസാരിച്ചു തീരുമാനം ആക്കാം അതല്ലേ നല്ലത്. അമ്മാവൻ ഓക്കേ ആണേൽ ഇന്ന് വൈകുന്നേരം തന്നെ പോയേക്കാം ”

ആ പറഞ്ഞത് പരമേശ്വരനിൽ അല്പം ആനന്ദം പകർന്നു.” അങ്ങിനെ വഴിക്ക് വാ മോനെ നിന്റെ അമ്മയെ പോലല്ല നിനക്ക് വിവരം ഉണ്ട്…”

അത്രയും പറഞ്ഞു നിർത്തുമ്പോൾ പുച്ഛത്തോടെ ശ്രീലതയെ ഒന്ന് നോക്കാൻ മറന്നില്ല അയാൾ.

” ഞാൻ വൈകിട്ട് വരാം നമുക്ക് നേരെ അവരുടെ വീട്ടിലേക്ക് ചെന്ന് കച്ചോടം.. ശ്ശെ..! മാറി പോയി കല്യാണം വീണ്ടും അങ്ങ് ഉറപ്പിക്കാം…. നിനക്ക് ഈ ബന്ധം കൊണ്ട് നല്ലതേ വരു കൊച്ചു ഒന്ന് പോയെലെന്താ നല്ലൊരു തുകയാണ് കയ്യിലേക്ക് വരാൻ പോണത്. “അത്രയും.

പറഞ്ഞിട്ട് സന്തോഷത്തോടെ അയാൾ പതിയെ പുറത്തേക്ക് നടന്നു.” അമ്മേടെ സഹോദരൻ പക്കാ ബിസിനസ്സ്കാരൻ ആണല്ലോ.. കണ്ടില്ലേ കാശ്ശെന്ന് കേട്ടപ്പോ മലർന്ന് വീണത്.. ഇത് നടത്തിയാൽ പുള്ളിക്ക് എന്തോ ഒരു പാരിദോഷികം അവര് പറഞ്ഞു വച്ചിട്ടുണ്ട്. അതാണ് ഇത്രയും ആത്മാർത്ഥത. ”

പരമേശ്വരൻ ഗേറ്റ് കടന്ന് പോകുന്നത് വരെ മൗനമായി നോക്കി നിന്ന അനൂപ് പതിയെ ശ്രീലതയ്ക്ക് നേരെ തിരിഞ്ഞു.”അല്ലാ… അമ്മയ്ക്കും ഇതിൽ പങ്കുണ്ടോ”

ആ ചോദ്യം കേട്ട് ശ്രീലതയുടെ മുഖം കറുത്തു. എന്നാൽ അവർ അപ്പോൾ ചിന്തിച്ചത് പരമേശ്വരൻ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.

” മോനെ.. നീ എടുത്തു ചാടേണ്ട.. പോയൊന്നു അന്യോഷിക്ക് എന്താണ് സംഭവിച്ചത് എന്ന്. ചിലപ്പോ ഏട്ടൻ പറഞ്ഞ പോലെ എടുത്തു ചാട്ടത്തിൽ ഒന്ന് പോയി വന്നതാണെങ്കിലോ.. അവര് പറയുന്ന കാശ് കിട്ടിയാൽ നിനക്ക് അത് ഏറെ ഉപകാരം ആകില്ലേ.. പാതി വഴിക്ക് കിടക്കുന്ന വീട് പണി എങ്കിലും പൂർത്തിയാക്കാം.”

പെട്ടെന്നൊരു മറുപടി പറഞ്ഞില്ല അനൂപ് അല്പസമയം ആലോചിച്ചു നിന്നു അവൻ.”അമ്മാ… പറഞ്ഞത് ശെരിയാണ്. കാശിനു ഇപ്പോ ഏറെ അത്യാവശ്യം ഉള്ള സമയം ആണ്. എന്നാലും… ”

വാക്കുകൾ മുറിയവേ ടേബിളിൽ കിടക്കുന്ന വിവാഹ ക്ഷണപത്രികയിലേക്കാണ് അവന്റെ നോട്ടം പോയത്. ‘അനൂപ് വെഡ്സ് രേഷ്മ..’

പത്രികയുടെ കവറിൽ മനോഹരമായി എഴുതിയിരിക്കുന്നത് മനസ്സിൽ വായിച്ചു അവൻ അത് കണ്ട് നിന്നത് കൊണ്ട് തന്നെ പിന്നൊന്നും പറഞ്ഞില്ല ശ്രീലതയും.

വൈകുന്നേരത്തോടെ പരമേശ്വരനുമൊന്നിച്ചു അനൂപ് രേഷ്മയുടെ വീട്ടിലേക്ക് പോയി.” വരണം…വരണം.. കേറിയിരിക്ക്.. ”

രേഷ്മയുടെ അച്ഛൻ ശശാങ്കൻ ഏറെ ഭവ്യതയോടെ അവരെ വീടിനകത്തേക്ക് ക്ഷണിച്ചു. ഉള്ളിലേക്ക് കയറി സെറ്റിയിൽ ഇരിക്കുമ്പോൾ രേഷ്മയുടെ അമ്മയും എത്തിയിരുന്നു. അനൂലിന്റെ മുന്നിൽ അവർക്ക് ചെറിയൊരു ജാള്യത തോന്നാത്തിരുന്നില്ല.

” മോൻ നടന്നതൊക്കെ അറിഞ്ഞു കാണുമല്ലോ അല്ലെ.. അങ്ങനൊരു അബദ്ധം പറ്റിപ്പോയി.. “മടിച്ചു മടിച്ചാണ് ശശാങ്കൻ സംസാരിച്ചു തുടങ്ങിയത്.

” അതൊന്നും സാരമില്ലടോ.. കൊച്ചു കുട്ടികൾ അല്ലെ അവർക്ക് തെറ്റുകൾ ഒക്കെ പറ്റും പക്ഷെ പറ്റിയ തെറ്റ് മനസ്സിലാക്കി മോളു തിരിച്ചു വന്നില്ലേ.. അതല്ലെ വലിയ കാര്യം.”

പരമേശ്വരൻ ഇടക്ക് കേറി മറുപടി പറഞ്ഞപ്പോൾ അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കി അനൂപ്. പറഞ്ഞത് കൂടിപ്പോയോ എന്ന് തോന്നാത്തിരുന്നില്ല അയാൾക്ക്.

അപ്പോഴേക്കും രേഷ്മയും അവിടേക്ക് എത്തിയിരുന്നു. തന്നെ കണ്ടിട്ടും അവളുടെ മുഖത്ത് കുറ്റബോധമോ ജാള്യതയോ ഒന്നും കാണാത്തത് പ്രത്യേകം ശ്രദ്ധിച്ചു അനൂപ്.

” അനൂപ് എന്തെ ഒന്നും മിണ്ടുന്നില്ല.. എന്തേലും പ്രശ്നം ഉണ്ടോ.. മോൾക്ക് ഒരു തെറ്റ് പറ്റി. പക്ഷെ അത് മോൻ ഒന്ന് ക്ഷമിക്കണം. വെറുതെ വേണ്ട.. അതിനുള്ള പരിഹാരം ഞാൻ പരമേശ്വരനോട്‌ പറഞ്ഞിരുന്നു ”

ശശാങ്കൻ ഉദ്ദേശിച്ചത് എന്താണെന്ന് അനൂപിന് മനസ്സിലായി.” പത്ത് ലക്ഷം അല്ലെ.. ശെരിയാണ് ഇപ്പോൾ എനിക്ക് കാശിനു നല്ല ആവശ്യം ഉള്ള സമയം ആണ് അതുകൊണ്ട് തന്നെ.. ഇപ്പോ എനിക്ക് ഈ ബന്ധം ഒരു ബബർ ലോട്ടറി ആണ്. ”

അത്രയും പറഞ്ഞു കൊണ്ട് എണീറ്റു അനൂപ്. ശേഷം രേഷ്മയ്ക്ക് അഭിമുഖമായി നിന്നു.” രേഷ്മ.. തനിക്ക് ഒന്നും പറയാൻ ഇല്ലേ.. ”

ആ ചോദ്യം കേട്ടിട്ടും ഇച്ചിരി വൈകിയാണ് അവൾ മറുപടി പറഞ്ഞത്.” ഒരു അബദ്ധം പറ്റിപ്പോയി.. ബാക്കി കാര്യങ്ങൾ അച്ഛൻ പറഞ്ഞു കാണുമല്ലോ.. ”

ആ വാക്കുകളിൽ നിറഞ്ഞ അഹങ്കാരം അനൂപിനെ ചെറുതായൊന്നു ചൊടിപ്പിച്ചു. സാമ്പത്തികമായി തനിക്കുള്ള ഞെരുക്കം മുതലെടുത്തു കൊണ്ട് ചെയ്ത തെറ്റിനെ മറയ്ക്കുകയാണവർ എന്ന് അവനു

മനസിലായിരുന്നു. താൻ എതിർപ്പ് പറയില്ല എന്നതിൽ നൂറു ശതമാനം ഉറപ്പ് അവർക്ക് ഉണ്ടായിരിക്കാം. പതിയെ ശശാങ്കനു നേരെ തിരിഞ്ഞു അനൂപ്.

” കാശിനു നല്ല ആവശ്യം ഉണ്ട്. പക്ഷെ നിങ്ങൾ തരാം ന്ന് പറഞ്ഞ കാശ് എനിക്ക് വേണ്ട.. “ഇത്തവണ എല്ലാവരും ഒന്ന് നടുങ്ങി.” മോനെ.. എന്താ നീ ഈ പറയുന്നേ.. “പരമേശ്വരൻ ചാടി എഴുന്നേറ്റു.

” അമ്മാവാ. അമ്മാവന് ഇവര് എന്തേലും തരാം ന്ന് പറഞ്ഞിട്ടുണ്ടേൽ അത് ചോദിച്ചു വാങ്ങിച്ചോളൂ.. പക്ഷെ അതിനു വേണ്ടി എന്റെ ജീവിതം ബലിയാടാക്കണം എന്ന് പറയരുത്. ദേ കണ്ടില്ലേ ഇവളുടെ ഭാവം.

ഇത്രേം വലിയൊരു തെറ്റ് ചെയ്തിട്ടും ഒരു കൂസലും ഇല്ലാതെ നിൽക്കുന്നത്. ആറ് മാസമായില്ലേ ഈ കല്യാണം ഉറപ്പിച്ചിട്ട് അന്ന് മുതൽ ഇവൾ എന്നോട് ഫോണിൽ സംസാരിക്കുന്നതാ. ഇടയ്ക്കൊക്കെ കാണാറുമുണ്ടായിരുന്നു.അപ്പോ വേറൊരുത്തനോട് ഇഷ്ടം വച്ചിട്ട് അല്ലെ ഇത്രേം നാൾ ഇവള് എന്നോട് കൊഞ്ചിയതും കുഴഞ്ഞതും. ”

അനൂപിന്റെ ആ ചോദ്യത്തിന് മുന്നിൽ ആർക്കും മറുപടി ഇല്ലായിരുന്നു. അപ്രതീക്ഷിതമായ പ്രതികരണം ആയതിനാൽ രേഷ്മയും നടുങ്ങി നിന്നു. അത് കണ്ടിട്ട് വീണ്ടും തുടർന്ന് അവൻ.

” ഇത്രയും ഒക്കെ സംഭവിച്ചു.എന്നിട്ടും എന്നെ വിളിച്ചു ചെയ്ത തെറ്റ് ഒന്ന് ഏറ്റ് പറയാനുള്ള മനസ്സ് തോന്നിയോ ഇവൾക്ക്.. അതിന്റെ ആവശ്യം ഇല്ലല്ലോ അല്ലെ.. കാശ് കൊടുത്ത് ചെയ്ത തെറ്റ് മറയ്ക്കാൻ നിൽക്കുവല്ലേ.. ഇത്രക്ക്

അഹങ്കാരമുള്ള ഇവളെ എല്ലാം മറന്നിട്ടു ഞാൻ കെട്ടണോ.. അതെനിക്ക് പറ്റില്ല. ആ കാര്യം ഒന്ന് നേരിട്ട് പറയാൻ ആണ് ഞാൻ ഇപ്പോ വന്നത്… അപ്പോ ശെരി ബൈ.. “.

എല്ലാവരും നടുങ്ങി നിൽക്കെ പതിയെ പുറത്തേക്ക് നടന്നു അവൻ. വാതുക്കൾ എത്തിയതും വീണ്ടും ശശാങ്കന് ഒന്ന് തിരിഞ്ഞു.

” എല്ലാം ഒന്നും കാശ് കൊടുത്തു വാങ്ങാൻ പറ്റില്ല കേട്ടോ. അതിൽ പ്രധാനപ്പെട്ട ഒന്നാണ് സ്വഭാവ ശുദ്ധി.. അത് മോളെ ഒന്ന് പറഞ്ഞു മനസ്സിലാക്ക്. ”

“മോനെ ടാ.. ഇങ്ങനെ എടുത്തു ചാടി പോവല്ലേ നീ.. ഒന്നൂടൊന്ന് ആലോചിക്ക്… എല്ലാം അവസാനം വരെ എത്തി നിക്കുവല്ലേ.. “പരമേശ്വരൻ പിന്നാലെ ഓടിയിറങ്ങി.

” അമ്മാവാ.. അമ്മാവൻ അവിടിരുന്നു ആലോചിച്ചോ… എന്നെ കിട്ടില്ല.. പിന്നെ.. ഇനി മേലിൽ സ്വന്തോം ബന്ധോം പറഞ്ഞു വീട്ടിലേക്ക് വന്നു പോകരുത്.. കാശ് കണ്ടാൽ പിന്നെല്ലാം മറക്കുന്ന പന്ന…. ”

ബാക്കി പറഞ്ഞില്ല അനൂപ്. അതോടെ പരമേശ്വരനും തികഞ്ഞു. വിളറി വെളുത്തു അയാൾ നിൽക്കെ തന്റെ കാറിലേക്ക് കയറി അനൂപ്. നിമിഷങ്ങൾക്കകം ആ കാറ് റോഡിലേക്കിറങ്ങി പാഞ്ഞു. രേഷ്മയുടെ മുഖത്ത് അപ്പോൾ മുന്നേ കണ്ട അഹങ്കാരം ഇല്ലായിരുന്നു. അന്ധാളിപ്പോടേ നോക്കി നിന്നു അവൾ.

” എടോ പരമേശ്വരാ തന്നല്ലേ പറഞ്ഞെ കാശ് കൊടുത്തു അവനെ കൊണ്ട് സമ്മതിപ്പിക്കാമെന്ന്.. എന്നിട്ടിപ്പോ എന്തായി. എന്റേന്ന് വാങ്ങിയ ഒരു ലക്ഷം മര്യാദക്ക് തിരിച്ചു തന്നോ.. ”

കലി തുള്ളി ശശാങ്കൻ വീടിനുള്ളിലേക്ക് കയറി പോകവേ വിളറി വെളുത്തങ്ങിനെ നിന്നു പരമേശ്വരൻ.

Leave a Reply

Your email address will not be published. Required fields are marked *