ഓൺലൈൻ ലോകത്തിൽ നിന്ന് തുടങ്ങിയ നമ്മുടെ ബന്ധം ഇന്നിത്രത്തോളം വളർന്നു….. പരസ്പരമൊരു സ്ഥാനവും

നീഹാരമായ്
(രചന: അഭിരാമി അഭി)

” ടീച്ചറേ……. ” മാളിലെ തിരക്കുകൾക്കിടയിലായിരുന്നിട്ട് കൂടിയും ആ വിളി തന്നേത്തന്നെയാണെന്ന് ഉറപ്പിക്കാൻ ആ സ്വരം തന്നെ ധാരാളമായിരുന്നു അവൾക്ക്.

കയ്യിലിരുന്ന കവറുകളുമായി തിരിയുമ്പോൾ പ്രതീക്ഷിച്ചത് പോലെ തന്നെ ആളവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. പക്ഷേ ആ രൂപം…. അത് പ്രതീക്ഷകളെ തച്ചുടയ്ക്കുന്നതായിരുന്നു.

താടിയും മുടിയുമൊക്കെ വല്ലാതെ നീണ്ടിരിക്കുന്നു… ഉറക്കമില്ലായ്മയാകാം കണ്ണുകൾക്ക് ചുറ്റുമൊരു കരിനിഴൽ വീഴ്ത്തിയിരുന്നു….. കവിളുകളിൽ ചുളിവുകൾ വീണിരിക്കുന്നു…..

മുടിയിലും താടിയിലും അവിടവിടെ വെള്ളിനാരുകൾ സ്ഥാനം പിടിച്ചിരുന്നു….. കണ്ണടയ്ക്ക് പിന്നിലൊളിപ്പിച്ച ആ കണ്ണുകളിൽ വിഷാദം തളംകെട്ടിയിരുന്നു.

അതിന്റെ പ്രതിഫലനം ആ ചിരിയിലും തെളിഞ്ഞുകാണമായിരുന്നു…. ആകെമൊത്തം മാറ്റങ്ങൾക്കിടയിൽ മാറ്റമില്ലാതെയുണ്ടായിരുന്നത് മൂക്കിന് മുകളിലെ ആ കട്ടിഫ്രെയിമുള്ള കണ്ണട മാത്രമായിരുന്നു.

” എന്താ ടീച്ചറെ ഇങ്ങനെ നോക്കുന്നത് ???? “അവളുടെ നോട്ടം കണ്ടിട്ടാകാം വിഷാദം നിഴലിച്ചിരുന്നെങ്കിലും ഒരു ചിരിയോടെ തന്നെ അയാൾ ചോദിച്ചു.

” ഏയ്….. ഒന്നുല്ല മാഷേ…… ഞാൻ വെറുതെ മാഷിന്റെ മാറ്റങ്ങളൊക്കെ നോക്കിക്കാണുകയായിരുന്നു….. “ഒരു പുഞ്ചിരിയോടെയാണ് അവൾ മറുപടി നൽകിയത്.

” ടീച്ചറും മാറിയിരിക്കുന്നു…. ഒരുപാട്…. അല്ലെങ്കിലും മാറ്റങ്ങൾ നല്ലതായാലും ചീത്തയായാലും അതനിവാര്യമല്ലേ ടീച്ചറേ…. ”

പുഞ്ചിരിക്കാൻ വൃഥാശ്രമിച്ചുകൊണ്ടുള്ള ആ ചോദ്യത്തിനും വിടർന്ന പുഞ്ചിരി തന്നെയായിരുന്നു അവളുടെ മറുപടി.” സുഖാണോ ടീച്ചറേ…. ”

“ഹാ മാഷേ സുഖം …. മാഷിനോ? ഫാമിലിയൊക്കെ സുഖായിട്ടിരിക്കുന്നോ ? “” ആഹ് ഇങ്ങനെയൊക്കെയങ്ങ് പോകുന്നു ടീച്ചറേ….. പിന്നെ ഫാമിലി….. അതങ്ങനെ ഒറ്റവാക്കിൽ പറഞ്ഞവസാനിപ്പിക്കാൻ കഴിയുന്ന ഒന്നല്ല….. ടീച്ചറിന് സമയമുണ്ടെങ്കിൽ നമുക്കൊരു കാപ്പി കുടിച്ചിട്ട് പോകാം…..”

” ആഹ് ….. പിന്നെന്നാ മാഷേ.. വർഷങ്ങൾക്ക് ശേഷം കണ്ടിട്ട് ഒന്ന് സംസാരിക്കാൻ പോലും നേരമില്ലെങ്കിൽ നമുക്കിടയിലുണ്ടായിരുന്ന സൗഹൃദത്തിനെന്ത്‌ പിന്നെന്നാ വിലയാ ഉള്ളേ…. ”

വാങ്ങിക്കൂട്ടിയ സാധനങ്ങളൊക്കെ കൊണ്ട് മാളിന് പുറത്തിറങ്ങി അയാളുടെ കാറിലേക്ക് കയറുമ്പോൾ എന്താണ് തന്റെ മനസ്സിലെന്ന് ചികഞ്ഞെടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു അവൾ.

കാർ മുന്നോട്ട് നീങ്ങുമ്പോഴും എങ്ങോട്ടാണാ യാത്രയെന്നതിനെപ്പറ്റിയൊരു ചോദ്യമവളിൽ ഉണ്ടായിരുന്നില്ല. കാർ കൃത്യമായി ചെന്ന് നിന്നത് ശാന്തമായ കായലോരത്തേ പഴയ അതേ സിമന്റ് ബെഞ്ചിനരികിൽ തന്നെയായിരുന്നു.

” മാഷേ….. എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു….. “” പറ ടീച്ചറെ….. നമുക്കിടയിലെന്തിനാ ഒരു മുഖവുര….. ”

” അത് മാഷേ….. എനിക്ക്….. എനിക്കെന്നുമിങ്ങനെ മാഷിന്റെ കൂടെ ജീവിച്ചാൽ മതിയെന്ന് തോന്നുവാ….. “” മാഷേ കേൾക്കുന്നില്ലേ….. ”

നാളുകളായി ഉള്ളിൽ പേറിയിരുന്ന പ്രണയം തുറന്നുപറഞ്ഞിട്ടും അയാളിലെ മൗനം തന്നിലൊരു വിറയൽ പടർത്തിയതറിഞ്ഞിട്ടും അലീന പതിയെ ചോദിച്ചു.

“ആഹ് ഉവ്വ് ടീച്ചറെ.. ഞാനാലോചിക്കുകയായിരുന്നു ടീച്ചറിനോടിപ്പോ എന്ത്‌ മറുപടിയാ തരേണ്ടതെന്ന്….. ”

” ബുദ്ധിമുട്ടാണേൽ വേണ്ട മാഷേ….. അല്ലെങ്കിലും നമുക്കിടയിൽ ഒരു പൈങ്കിളി പ്രേമത്തിന് ചാൻസ് ഇല്ലല്ലോ….

ഓൺലൈൻ ലോകത്തിൽ നിന്ന് തുടങ്ങിയ നമ്മുടെ ബന്ധം ഇന്നിത്രത്തോളം വളർന്നു….. പരസ്പരമൊരു സ്ഥാനവും നമ്മളിൽ തന്നെ നമുക്കുണ്ട്.

അതുകൊണ്ടൊക്കെയാവാം സ്വന്തം ജീവിതത്തിലൊരു കൂട്ടിനേപ്പറ്റി ചിന്തിച്ചുതുടങ്ങിയപ്പോൾ ആദ്യം തന്നെ മാഷിന്റെ മുഖമെന്റെ മനസ്സിലേക്കാദ്യമെത്തിയത്. അല്ലാതെ അതിനപ്പുറമൊന്നുമില്ല….

പിന്നെ മാഷിനറിയാല്ലോ ഞാനിങ്ങനെയാണ്….. എനിക്കൊന്നും മറച്ചുവെക്കാനറിയേല മാഷേ….. അതുകൊണ്ട് മാത്രം മനസ്സിൽ തോന്നിയത് പറഞ്ഞു. മാഷിന് താല്പര്യമില്ലെങ്കിൽ വിട്ടേക്ക്…. ”

പറയുമ്പോളിടയ്‌ക്കെവിടെയൊക്കെയോ സ്വരമിടറിയെങ്കിലും മിഴികളിൽ പാടചൂടിയെങ്കിലും അതൊക്കെയും തന്നിൽ തന്നെ കുഴിച്ചുമൂടിക്കൊണ്ട്‌ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ പറഞ്ഞു.

” ഏയ്….. അതല്ല ടീച്ചറെ…… ഇതൊക്കെ വെറുമൊരു ഇൻഫാക്ച്യുവേഷനാവാനെ തരമുള്ളൂ….

എങ്കിലും സത്യം പറഞ്ഞാൽ എന്റെ ജീവിതം ആരോടൊപ്പം വേണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായും എന്റെയീ ജീവിതം പങ്കിടാൻ ഞാൻ ക്ഷണിക്കുന്നത് ടീച്ചറെയായിരുന്നേനേ…. പക്ഷേ…. ”

” എ….എന്താ മാഷേ ഒരു പക്ഷേ….. “ഉള്ളിലൊരഗ്നിപർവതം പുകയുമ്പോഴും സ്വരമിടറാതെ ശ്രദ്ധിച്ചുകൊണ്ട് അവൾ ചോദിച്ചു.

” ടീച്ചർക്കറിയുമോ ഇതുവരെ എന്റെയൊരു കാര്യത്തിലും എന്റെ ഫാമിലിയുടെ ഒരു താല്പര്യങ്ങളേയും ഞാൻ മാനിച്ചിട്ടില്ല….

പക്ഷേ എനിക്കൊരു കൂട്ട് തേടുന്നതിനുള്ള സ്വാതന്ത്ര്യം അത് ഞാനവർക്ക് നൽകിയിട്ടുണ്ട്. ആ ഒരു വാക്കെങ്കിലും എനിക്ക് പാലിക്കണം ടീച്ചറെ…. അല്ലെങ്കിൽ തന്നെയും നമ്മളൊരുമിച്ചൊരു ജീവിതം അത് നല്ലതിനല്ല ടീച്ചറെ…..

ഒരേ വള്ളത്തിലിരുന്ന് ഇരുദിശയിലേക്ക് തുഴയുന്നവരാ നമ്മൾ….. വളരെ വിശാലമായൊരു ലോകത്തിൽ നിന്നുമൊരു പൊട്ടക്കുളത്തിലേക്കൊരു പറിച്ചുനടലിന് സമാനമാകാം എന്റെ ജീവിതത്തിലേക്കുള്ള ടീച്ചറിന്റെ കടന്നുവരവ്…

കാരണം എന്നേ എനിക്ക് തന്നെയറിയില്ല ടീച്ചറേ.. എനിക്കെന്നിലപ്പുറമൊരാളേയും കരുതാൻ കഴിയില്ലെടോ…..എന്തോ എന്റെ ക്യാരക്ർ…..

അതങ്ങനെയാണ്. ചിലപ്പോൾ എനിക്ക് തന്നെ തോന്നാറുണ്ട് കോരിച്ചൊരിയുന്ന മഴയിൽ കുത്തിയൊലിച്ചൊഴുകുന്ന കലക്കവെള്ളത്തിലെ കടലാസ് തോണിയാണ് ഞാനെന്ന്…. അങ്ങനെയുള്ള എന്നിലേക്ക് വരേണ്ടവളല്ല ടീച്ചറെ താൻ…… ”

” എന്നോട്.. എന്നോടൊരിക്കൽപ്പോലും , ഒരല്പം പോലും സ്നേഹം തോന്നിയിട്ടില്ലേ മാഷേ ??? ”

” ഇല്ലെന്ന് പറഞ്ഞാൽ അത് കളവാകും….. കാരണം ഞാൻ നിന്നെ പ്രണയിക്കുന്നു അലീന…… ഒരുപക്ഷേ പ്രണയമെന്ന വികാരമെന്നിലുടലെടുത്തത് നിന്നോട് മാത്രമാണ്…..

പക്ഷേ അതൊക്കെ ഞാൻ മനഃപൂർവം മറക്കുകയാണ്….. എന്നിൽ തന്നെ കുഴികുത്തി മൂടുകയാണ്…. കാരണം….. ഞാൻ നിന്നെ സ്നേഹിക്കുന്നു അലീനാ….. നിന്നെ പ്രണയിക്കുന്നു….. നിന്റെ കണ്ണുകൾ ഞാൻ മൂലം നിറയരുത്….

എനിക്കായ് നിന്നിൽ നിന്നുമൊഴുകുന്ന ഓരോ തുള്ളി കണ്ണീരും എന്റെ ആത്മാവിനേത്തന്നെ പൊള്ളിക്കും. അതുകൊണ്ട് തരാൻ വാക്കുകളൊന്നുമെനിക്കില്ല….. ഒന്ന് മാത്രം….. കാത്തിരിക്കരുത്…. കണ്ണീരൊഴുക്കരുത്….. ”

” ഏയ് ഇത്രയ്ക്കൊന്നും പറയേണ്ട മാഷേ….മാഷ് പറഞ്ഞത് പോലെ തന്നെ ഇത് വെറുതെ എന്റെയൊരു കൗതുകം തന്നെയാകാം…… അല്ലെങ്കിലും മാഷിനൊപ്പം ചേർന്നവളല്ല ഞാൻ….. മാഷെപ്പോഴും പറയാറുള്ളത് പോലെ കുട്ടിക്കളി മാറാത്തൊരുപെണ്ണ്…..

ഇതുമെന്റെയൊരു കുട്ടിക്കളിയായി കരുതിയാൽ മതി….. ഒന്നൊരണ്ടോ ദിവസങ്ങൾ മാത്രമായുസുള്ള വെറുമൊരു കുട്ടിക്കളി….. എന്നാ ഞാൻ വച്ചോട്ടെ മാഷേ ഇച്ചിരി പണിയുണ്ടായിരുന്നു….. ”

അവളുടെ ഉള്ളമറിഞ്ഞത് പോലെ മറുവശത്ത് നിന്നുമനുവാദമായൊരു മൂളലെത്തിയതും ഫോൺ കട്ട്‌ ചെയ്യുമ്പോൾ വാക്കുകൾ കൊണ്ട് മുറിവേറ്റ ഹൃദയത്തിലേക്ക് കണ്ണീരിന്റെ ഉപ്പിറ്റിച്ച് സ്വയമുരുകിയൊലിക്കാനുള്ള ആർത്തിയായിരുന്നു അവളിൽ.

” പറഞ്ഞൊ ആലി നീ ???? “നാളുകളായി ഉള്ളിനേ നീറ്റിയിരുന്ന പ്രണയമിന്ന് തുറന്നുപറയുമെന്ന് തീർച്ചപറഞ്ഞുപോന്നിട്ടിതുവരെയുമൊരു വിളി ചെല്ലാത്തത് കൊണ്ടാവും കോൺഫറൻസ് കാളിനപ്പുറമിരുന്ന സൗഹൃദത്തിനുമപ്പുറം ആത്മാവിൽ തന്നെ അലിഞ്ഞുചേരപ്പെട്ട എന്റെ പ്രീയപ്പെട്ട മൂന്നുപേരിലൊരാൾ ചോദിച്ചു.

അല്ലെങ്കിലും അവർക്കുമാകാംഷ കാണാതിരിക്കുമോ….. മാഷെന്ന വികാരമെന്നിൽ വേരോടിത്തുടങ്ങിയ കാലം മുതൽ തന്നെ മാഷിനൊപ്പമുള്ള എന്റെ സ്വപ്നങ്ങൾക്ക് കാവലായിരുന്നവരല്ലേ അവർ….

ആരെയാണോ പ്രാണന്റെ പാതിയാക്കിയത് അവനിലുമധികം എന്നിലെത്രത്തോളമവൻ വേരോടിയിരുന്നെന്ന് അറിഞ്ഞവരല്ലേ എന്റെ ഹൃദയത്തോട് ചേർക്കപ്പെട്ട ഈ മാരണങ്ങൾ…….

” നീയെന്നാടി കോപ്പേയീ ആലോചിച്ചുകൂട്ടുന്നേ ???? നീ കാര്യം പറഞ്ഞൊ ???? ”

സമാധാനമായൊന്ന് ചിന്തിക്കാൻ പോലും സമ്മതിക്കാതെ…. എന്നിലെ ചിന്തികൾ പോലും തുരന്നെടുക്കുന്ന മെനകെട്ടതുങ്ങൾ. മൂന്നുമൊരുമിച്ചായിരുന്നു അടുത്ത ചോദ്യം.

” പറഞ്ഞു….. “” എന്നിട്ടോ ???? “” എന്നിട്ടെന്താ…. ഇരുപത്തിനാലാം വയസിലും കുട്ടിക്കളി മാറാത്ത ഈ പൊട്ടിപ്പെണ്ണിനോട്‌ പ്രണയമുണ്ട്….. പക്ഷേ എനിക്ക് വേണ്ടിത്തന്നെ എന്റെ ചിരി മായാതിരിക്കാനായ് മാത്രം എല്ലാം മറക്കുകയാണെന്ന്…

എന്റെ ചിരിക്ക് പിന്നിലെ കാരണമയാളാണെന്ന്….. എന്റെ ആനന്ദമയാളിലാണെന്ന്…… തകരാൻ പോകുന്ന ആ വഞ്ചിയോടൊപ്പം തകർന്നലിഞ്ഞാ മതിയീ പെണ്ണിനെന്ന് ഇനിയെങ്ങനെ ഞാനാമനസ്സിനെ ബോധ്യപ്പെടുത്തുമെഡീ ? ”

എന്നിലെ ശക്തിയും അശക്തിയുമൊരുപോലെ കണ്ടിട്ടുള്ള അവരിലേക്ക് എന്റെ നൊമ്പരങ്ങളുടെ കെട്ടഴിക്കുമ്പോൾ അല്പസമയം അവരും മൗനമായിരുന്നു. പാവങ്ങൾ വാക്കുകൾ പെറുക്കിക്കൂട്ടുകയാവാം എന്നേ നോവിക്കാതെ എന്നിലേറ്റ നൊമ്പരത്തേ തുടച്ചുമാറ്റാൻ.

പിന്നേയും ഞാൻ മാഷിന്റെ സുഹൃത്തായിരുന്നു. മാഷിനെ കേൾക്കുന്ന….. മാഷിന്റെ തത്വചിന്തകൾക്ക് കൂട്ടിരിക്കുന്ന നല്ലൊരു സുഹൃത്ത്‌….. മാസങ്ങൾക്കിപ്പുറം മറന്നുതുടങ്ങിയപ്പോൾ…..

അല്ല മറന്നുവെന്ന് അഭിനയിച്ചു തുടങ്ങിയപ്പോഴായിരുന്നു എന്നേത്തേടി വീണ്ടുമാ സന്ദേശമെത്തിയത്.

” ടീച്ചറേ……ഒരു വിശേഷമുണ്ട്….. “” എന്തേ മാഷേ ???? “” എന്റെ വിവാഹമുറപ്പിച്ചു ടീച്ചറെ….. അപ്പന്റെ തീരുമാനമാണ്. ആള് ടീച്ചറാണ് കേട്ടൊ…. ”

” ആഹാ നല്ല വിശേഷമാണല്ലോ മാഷേ….”” അതേ ടീച്ചറെ… വിവാഹമുടനുണ്ടാകും. അതും അപ്പന്റെയൊരു നിർബന്ധം…. ”

” ആഹ് മാഷേ അതല്ലേ നല്ലത്……. എന്നായാലും കെട്ടിന് ഞാൻ വരും……. എന്റെ സ്വപ്നങ്ങളെ സ്വന്തമാക്കുന്നവളെ കണ്ണ് നിറയെ കാണാൻ….. ”

“എന്താ എന്റെ ടീച്ചറെ വന്നപ്പോൾ മുതൽ ആലോചന തന്നെയാണല്ലോ…..”ഇടുപ്പിൽ മുറുകിയ കൈകളോടൊപ്പം കേട്ട് ചോദ്യമായിരുന്നു അലീനയേ വർഷങ്ങൾക്ക് മുൻപ് നിന്നും തിരികെക്കൊണ്ട്‌ വന്നത്.

“എബിച്ചാ….. നാളെ എന്റൊപ്പമൊരിടം വരെയൊന്ന് വരുമോ?”” എങ്ങോട്ടാഡോ?”” ചങ്ങനാശേരി വരെ….. എനിക്ക് വേണ്ടപ്പെട്ടൊരാളുടെ വിവാഹമാണ് നാളെ. പോണം….. പോയി ചടങ്ങുകളൊക്കെ കണ്ണ് നിറയെ കാണണം….. ”

” അതാരാടോ അത്ര സ്പെഷ്യൽ ഒരാൾ ???? “” മ്….മാ….. മാഷ്…. മാഷിന്റെ വിവാഹമാണ് നാളെ…. “ഒരു കുശലാന്വേഷണം പോലെയുള്ള എബിയുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴേക്കും കരഞ്ഞുപോയിരുന്നു അവൾ.

ഒരുനിമിഷം എബിയുമൊന്ന് വല്ലാതെയായി. എന്താണവൾക്കൊരു മറുപടി നൽകുക എന്നറിയാതെ ഒരുനിമിഷമവൻ എന്തോ ഓർമിച്ചങ്ങനെയിരുന്നു.

അല്ലെങ്കിലും അവളുടെ വാക്കുകളിലൂടെ മാഷിനോടുള്ള അയാളുടെ മാത്രം ടീച്ചറിന്റെ പ്രണയം അയാളിലും മുന്നേ…. അതിലും തീവ്രമായറിഞ്ഞവനെങ്ങനെ തകർന്നടിഞ്ഞുനിൽക്കുന്ന ആ പെണ്ണിനോടൊന്നും ചിന്തിക്കാതെ സംസാരിക്കാൻ കഴിയും.

” അലീനാ….. താൻ….. താൻ കരയുവാണോ ??? “അവളുടെ ഏങ്ങലുകൾ കുപ്പിച്ചീളുകൾ പോലെ ചെവി തുളച്ചുകേറിയപ്പോഴായിരുന്നു അവനത് ചോദിച്ചത്.

” ഏയ്…. അ…. അല്ലെബിച്ചാ….. ഞാൻ…. ഞാൻ വെറുതെ…. ഇങ്ങനെ…. “” കരയരുതെന്ന് പറയില്ല അലീനാ…. കാരണം ഈ പറയുന്ന ഞാനൊരിക്കലിതിനപ്പുറം നെഞ്ച് പൊട്ടിക്കരഞ്ഞതാ…..

അല്ലേലും ഈ സ്നേഹമങ്ങനെയാഡോ അത് നമുക്ക് കിട്ടിയില്ലെങ്കിലും ചിലപ്പോൾ നമ്മൾ സഹിക്കും. പക്ഷേ….. നമുക്ക് പകരം അത് മറ്റൊരാളിലേക്ക് പോകുമ്പോൾ നമുക്കത് സഹിക്കാനൊക്കുകേല….

അപ്പോൾ എത്രയൊക്കെ ബോൾഡായാലും കണ്ണുകൾ നിറഞ്ഞുപോകും…… അതുകൊണ്ട് അരുതെന്ന് പറയുന്നില്ല എങ്കിലും സഹിക്കണം അലീനാ….. ”

പറയുമ്പോൾ എബിയുടെ സ്വരമേറെ നേർത്തിരുന്നു. അല്ലെങ്കിലും ഒരിക്കൽ തകർന്നഹൃദയങ്ങൾക്കാവുമല്ലോ തകർച്ചകൾ വേഗത്തിൽ തിരിച്ചറിയാനുള്ള കഴിവ്.

” എന്നാലും….. എന്നാലും എബിച്ചാ ഞാൻ…..ഞാനെങ്ങനെ….. ഞാനുമൊരു പെണ്ണല്ലേ എബിച്ചാ….. എന്റെ…. എന്റെ ചങ്ക് പൊട്ടുവാ….. എന്നെക്കൊണ്ട് താങ്ങാൻ പറ്റുന്നില്ല. എന്നിലെന്ത്‌ കുറവാ എബിച്ചാ മാഷ് കണ്ടത് ???? എന്റെ സ്നേഹം കളവായിരുന്നോ ???? ”

ഹൃദയമീർന്ന് മുറിക്കുന്ന വേദനയിൽ പൊട്ടിക്കരഞ്ഞുപോയ അവൾക്കാശ്വാസമാകാൻ പാകത്തിനേത് വാക്കുണ്ട് തന്നിലെന്ന് ചികയുകയായിരുന്നു എബിയപ്പോൾ.

” എന്നെയൊരു പങ്കാളിയായി കാണാൻ കഴിയില്ലെന്ന് മാഷ് പറഞ്ഞത് മുതൽ ഒഴിഞ്ഞുമാറിയതല്ലേ എബിച്ചാ ഞാൻ…. അപ്പോഴെങ്കിലും വീണ്ടുമെന്നെ തേടിവരാതിരുന്നൂടാരുന്നോ മാഷിന് ????

കുറച്ചുപ്രയാസപ്പെട്ടിട്ടായിരുന്നെങ്കിൽ പോലും ഇത്രമേൽ തകരും മുൻപ് മറന്നുതുടങ്ങില്ലാരുന്നോ ഞാൻ ???? അതിനുപോലും സമ്മതിക്കാതെ വീണ്ടും തേടിവന്നപ്പോൾ എവിടെയൊക്കെയോ എന്നിലൊരു പ്രതീക്ഷവളർന്നുപോയെബിച്ചാ……

എന്നിട്ട്….. എന്നിട്ടിപ്പോ ഇത്ര നിസാരമായി എന്നേ വിവാഹം ക്ഷണിക്കാനും മാത്രം ക്രൂരനായിരുന്നോ എന്റെ മാഷ് ????? ”

കണ്ണീരിനിടയിലും ഒരു ഭ്രാന്തിയേപ്പോലെ ഉത്തരങ്ങളേതും പ്രതീക്ഷിക്കാതെ വീണ്ടും വീണ്ടുമവൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു.

ക്ഷമയോടവളെ കേൾക്കുന്നതിനിടയിലും ഒന്നര വർഷങ്ങൾക്ക് മുൻപ് കണ്ടുമുട്ടിയ അലീന എൽസ എബ്രഹാം എന്ന കിലുക്കാംപെട്ടി പെൺകുട്ടിയേ ഓർമ്മത്താളുകളിൽ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു എബിനപ്പോൾ.

ഒന്നരവർഷങ്ങൾക്ക് മുൻപ് പള്ളിയുമായി ബന്ധപ്പെട്ട ഏതോ ഒരു മീറ്റിങ്ങിൽ വച്ചായിരുന്നു അപ്പനൊപ്പം വന്ന ഒരു പെൺകുട്ടിയേ താൻ ശ്രദ്ധിച്ചത്.

അവിടെ കൂടിയിരുന്ന ഓരോരുത്തരോടും പക്വതയോടെ സംസാരിക്കുകയും ആളുകളെ സൽക്കരിക്കുകയും ഇടയ്ക്കൊന്ന് സ്വസ്ഥമായപ്പോൾ പള്ളിമുറ്റത്തോടിക്കളിച്ചുകൊണ്ടിരുന്ന

കുഞ്ഞുമക്കൾക്കൊപ്പമോടുന്നവളെയും പിന്നീടവരിലൊരാളായി മാറുന്നവളെയുമൊക്കെ വല്ലാത്തൊരു കൗതുകത്തോടെയായിരുന്നു നോക്കിക്കണ്ടത്.

ഓരോ ആളുകളോടും അവരർഹിക്കുന്ന രീതിയിൽ പെരുമാറുന്ന അവൾ പക്ഷേ സ്വന്തമപ്പന്റെ അരികിലെത്തുമ്പോൾ വെറുമൊരു കുഞ്ഞിക്കുറുമ്പിയായി മാറുന്നതും ഒരിളം ചിരിയോടെയായിരുന്നു അന്ന് നോക്കിക്കണ്ടത്.

ഇടയ്ക്കെപ്പോഴോ ഒന്നൊരണ്ടോ വാക്കുകളിൽ സംസാരമൊതുങ്ങിയെങ്കിലും ഒരു ഫേസ്ബുക് റിക്വസ്റ്റിലൂടെ ആ സൗഹൃദം വീണ്ടും കരുത്താർജിച്ചു.

അപരിചിതരിൽ നിന്നും എന്തും തുറന്നുപറയാൻ സ്വാതന്ത്ര്യമുള്ള സുഹൃത്തുക്കളിലേക്കുള്ള ദൂരമേറെയുണ്ടായിരുന്നില്ല.

അങ്ങനെയേതോ ഒരു സംസാരത്തിനിടയിലായിരുന്നു മാഷെന്ന അവളിലെ തീവ്രനുരാഗത്തേയുമറിഞ്ഞത്. അയാളുടെ ഒപ്പമുള്ള ജീവിതം സ്വപ്നം കാണുന്ന…. അയാളെപ്പറ്റി പറയുമ്പോൾ ഒരു പുഞ്ചിരിയാൽ തല കുനിക്കുന്ന…..

ഒന്ന് കാണാതായാൽ ഫോണിലേക്കുറ്റുനോക്കിയിരിക്കുന്ന പ്രണയത്തിന്റെ വിചിത്രമായ പല ഭാവങ്ങളും അവളിലൂടെ കണ്ടിരുന്ന ചില നിമിഷങ്ങളിലെങ്കിലും കൊതിച്ചുപോയിട്ടുണ്ട് തന്റെ ജീവിതം കൊണ്ട് പന്താടിയവൾക്ക് പകരമിവളായിരുന്നുവെങ്കിലെന്ന്….

” ഞാൻ വെക്കുവാ എബിച്ചാ കെട്ട് പത്തിനാ നമുക്ക് ഇച്ചിരി നേരത്തെ തന്നെ പോകാം…… ”

അവളുടെ അവസാനവാക്കുകൾ കേട്ടുകൊണ്ടാണ് എബിൻ ചിന്തകൾക്ക് കൂച്ചുവിലങ്ങിട്ടത്.” ആഹ് ശെരി….. അലീനാ ഡോ ഞാനൊന്ന് ചോദിച്ചോട്ടെ ???? “” എന്നാ എബിച്ചാ ??? ”

” പോണോഡോ ???? “” എന്നാ എബിച്ചനെന്നേലും ബുദ്ധിമുട്ടുണ്ടോ ??? എന്നാ ഞാൻ ബസിൽ പൊക്കോളാം…. “” ഛെ….. അതല്ലഡോ….. ഇനിയത് കൂടി കണ്ട് വേദനിക്കണോ ??? ”

” വേണമെബിച്ചാ….. ആ ചടങ്ങെനിക്ക് കാണണം….. ഇനി മാഷിനെയോർമ വരുമ്പോഴൊക്കെ അതുമെന്നിലേക്ക് ഓടിയെത്തണം. ഇനിയുള്ള എന്റെ ജീവിതത്തെ ഒട്ടിച്ചുചേർക്കാൻ എനിക്കാകാഴ്ച കൂടി കാണണം….. ”

ദൃഡസ്വരത്തിലവൾ പറഞ്ഞതൊരു മൂളലോടെ കേട്ട് ഇനിയവളോടൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായതും എബി ഫോൺ കട്ട് ചെയ്തു.

പള്ളിയിലെത്തുമ്പോഴേക്കും ചടങ്ങുകൾ തുടങ്ങിയിരുന്നു. എല്ലാം വ്യക്തമായി കാണാവുന്ന വിധമൊരിടം തന്നെ കണ്ടെത്തി എബിയോടൊപ്പമവിടെ നിൽക്കുമ്പോൾ ആരെയോ എന്തോ

ബോധിപ്പിക്കാനെന്ന പോലെ അവൾ നിറഞ്ഞുപുഞ്ചിരിച്ചുകൊണ്ടെയിരുന്നു. എബിയാണെങ്കിൽ ഇടയ്ക്കിടെ അവളിലേക്ക് എത്തിനോക്കിക്കോണ്ടുമിരുന്നു.

കാരണം അധികനേരമാ മുഖംമൂടിയണിഞ്ഞുനിൽക്കാൻ അവൾക്കാവില്ലെന്ന് അവളിലും ഉറപ്പായിരുന്നു അവന്.

” എന്തിനായിരുന്നു പിതാവേ ഇങ്ങനെയൊരാളെ നീയെന്നിലേക്ക് എത്തിച്ചത്? എന്തിനായിരുന്നു അതൊരുമോഹമായെന്നിൽ വേരുകളാഴ്ത്തിയത് ? ഒഴിഞ്ഞുമാറിയിട്ടും തേടിവന്നതെന്തിനായിരുന്നു?

എന്റെ ഹൃദയമിത്രമേൽ തച്ചുടച്ചതെന്തിനായിരുന്നു? വേണ്ടാവേണ്ടാന്ന് ബുദ്ധി വിലക്കുമ്പോഴും ഹൃദയത്തിൽ പ്രതീക്ഷയുടെ നാളം തെളിച്ചതെന്തിനായിരുന്നു?

എന്റെ…. എന്റെയീ ചങ്ക് പൊടിയുന്നത് നീയറിയുന്നില്ലേ പിതാവേ? മുറിവേറ്റ എന്റെയാത്മാവിന്റെ നിലവിളിക്ക് മുന്നിൽ അവിടുന്നെന്തെ കാതുകൾ കൊട്ടിയടച്ചു ? അത്രമേൽ നിന്റെ വെറുപ്പിന് പാത്രമായോ ഈയുള്ളവൾ?

ഞാൻ കൊതിച്ച മിന്ന് മറ്റൊരാളേറ്റുവാങ്ങുന്നത് നേരിൽ കണ്ട് എന്നേത്തന്നെ സ്ഫുടം ചെയ്തെടുക്കാമെന്ന മൂഡധാരണയിലാ ഞാനിങ്ങോട്ട് ഇറങ്ങിത്തിരിച്ചത്. പക്ഷേ പിതാവേ……

എനിക്കതിനാവുന്നില്ലല്ലോ….. എന്റെ ചങ്ക് പൊട്ടിപ്പോകും….. ശ്വാസം പോലുമൊരുപക്ഷേ നിലച്ചുപോകും….. എനിക്ക് താങ്ങാൻ വയ്യല്ലോ പിതാവേ….”

ഹൃദയമാർത്ത് വിളിക്കുമ്പോഴും വിറയ്ക്കുന്ന അധരങ്ങൾക്കപ്പുറമെല്ലാം തടഞ്ഞിരുന്ന അവളിൽ നിന്നുമെപ്പോഴോ ഒരേങ്ങലുയർന്നപ്പോഴായിരുന്നു തിരുസ്വരൂപത്തിലേക്ക് മാത്രം മിഴിയൂന്നിനിന്നിരുന്നവളിലേക്ക് എബിൻ വീണ്ടും നോക്കിയത്.

അതേ നിമിഷം തന്നെയായിരുന്നു ശരീരത്തിന്റെ ബലം നഷ്ടമായിട്ടെന്നപോലെ ഒരാശ്രയത്തിനായ് വായുവിലാകെ കൈകൾ കൊണ്ടൊന്ന് തുഴഞ്ഞ അവൾ മുന്നോട്ടാഞ്ഞ് പോയത്.

” അലീനാ….. “ഒരുവിളിയോടവളെ ഇടുപ്പിൽ ചുറ്റിപ്പിടിച്ച് തന്നോട് ചേർക്കുമ്പോഴും പൂർണമായും ബോധം മറഞ്ഞതറിഞ്ഞ് കൈകളിൽ കോരിയെടുത്ത് ആളുകളുടെ തുറിച്ചുനോട്ടമവഗണിച്ചുകൊണ്ട് പുറത്തേക്ക് നടക്കുമ്പോഴും അണയാൻ പോകുന്ന ദീപത്തിന്റെ ആളിക്കത്തലിന് സമമായി…..

അത്രമേൽ ഭ്രാന്തമായ് തന്റെ ഹൃദയവുമിടിക്കുന്നതെന്തിനെന്ന ചോദ്യത്തിനുത്തരം അവന് തന്നെയറിയില്ലായിരുന്നു.

ആ ചോദ്യത്തിനുത്തരം കിട്ടാൻ പിന്നെയുമൊന്നരവർഷങ്ങൾക്ക് ശേഷം എബിൻ ജോൺ കുരിശിങ്കലെന്ന അവന്റെ വധുവായി അവളവന്റെ വാമഭാഗം ചേരുന്നത് വരെ കാത്തിരിക്കേണ്ടി വന്നു എബിന്.

അൾത്താരയ്ക്ക് മുന്നിൽ നിന്ന് വിറയാർന്ന കൈകളോടെ അവളുടെ കഴുത്തിലാ മിന്ന് ചാർത്തുമ്പോൾ ആ ചോദ്യത്തിനുള്ള ഉത്തരവും അവനറിഞ്ഞിരുന്നു.

അതേ അലീനാ നിന്നെയെപ്പോഴൊക്കെയോ ഈ എബി പ്രണയിച്ചിരുന്നു…… സ്വന്തമാക്കുവാൻ കൊതിച്ചിരുന്നു…..

നിന്നിലൊരു കുറവായി നിന്റെ പ്രണയമായിരുന്നവൻ ചൂണ്ടിക്കാണിച്ച നിന്റെ കുട്ടിത്തത്തെ ഒരു ജന്മം മുഴുവൻ നെഞ്ചോട് ചേർത്ത് കൊഞ്ചിക്കാൻ ഞാനും മോഹിച്ചിരുന്നു…..

” ഹാ പിന്നെയും പോയൊ ടീച്ചറെ മാഷിനടുത്തേക്ക് ???? “ഒരു കുസൃതിച്ചിരിയോടെയുള്ള എബിയുടെ ചോദ്യം കേട്ടതും അലീന തിരിഞ്ഞവനിലേക്ക് ചാഞ്ഞു.

” ഇപ്പൊ പോയത് മാഷിലേക്കല്ല….. പ്രണയം നഷ്ടമായ ഹാങ്ങോവറിൽ ബോധം കെട്ടുവീണൊരു പൊട്ടിപ്പെണ്ണിനെ ആ നിമിഷം മുതലീ നെഞ്ചോട് ചേർത്തുവച്ച എന്റെ പ്രാണനിലേക്കൊരു തിരിഞ്ഞുനോട്ടം….. ”

ശാന്തമായി പറഞ്ഞവളെ ഒരിക്കൽ കൂടി ചേർത്ത് നിർത്തി ആ നെറുകയിൽ മൂത്തുമ്പോൾ അവനിലും എന്തിനെന്നറിയാത്ത ഒരു പുഞ്ചിരിയൊളിവീശിയിരുന്നു.

” എന്നിട്ട് ടീച്ചറിന്റെ മാഷെന്ത്‌ പറഞ്ഞു ???? അതിതുവരെ പറഞ്ഞില്ലല്ലോ….. “എബിയുടെ ചോദ്യം കേട്ടൊരിളം ചിരിയോടെ വീണ്ടുമാ മൂടിക്കെട്ടിയ മാനത്തേക്ക് തന്നെയവളല്പനേരം നോക്കി നിന്നു.

” മാഷിനിപ്പോഴും സ്വഭാവം കൊണ്ടൊരു മാറ്റവുമില്ല….. ഇന്നും മൗനത്തിന്റെ മൂടപൊട്ടിച്ച് പുറത്തുകടക്കാൻ പറ്റാത്തത് പോലെ….. ”

കായലോളങ്ങളിലെന്തോ തിരഞ്ഞുകൊണ്ടിരുന്ന രൂപത്തിലേക്ക് നോക്കിയൊരു മന്ദഹാസത്തോടെ അവൾ പറഞ്ഞു.

” ആദ്യമൊക്കെ മൗനമൊരലങ്കാരമായിരുന്നു ടീച്ചറേ…. എന്നാലിന്ന് അതൊരു മുഖംമൂടിയാണ്…. എന്തിൽ നിന്നൊക്കെയോ ഉള്ളൊരു ഒളിച്ചോട്ടം….. ”

” ഇതുവരെ ഫാമിലിയേപ്പറ്റിയൊന്നും പറഞ്ഞില്ല…. “അയാൾ പറഞ്ഞതിന്റെ അർഥതലങ്ങളെ തൊട്ടറിഞ്ഞെങ്കിലും അതിനെ പാടെയവഗണിച്ചുകൊണ്ട് അവൾ ചോദിച്ചു. അതിനും ആത്മനിന്ദയോടെയൊരു ചിരിയാ മുഖത്ത് വിരിഞ്ഞിരുന്നു.

” ഫാമിലി….. അങ്ങനെ പറയാൻ മാത്രമൊന്നും ഇപ്പോഴുമില്ല ടീച്ചറേ…. അനാഥപ്രേതം പോലെയിങ്ങനലയുന്ന മകനെയോർത്ത് പരസ്പരം വിലപിക്കുന്ന അപ്പനുമമ്മയും മാത്രമായി വീട്ടിൽ….

കൂടപ്പിറപ്പുകളൊക്കെ അവരവരുടെ ജീവിതത്തിന്റെ തിരക്കുകളുമായി ഒന്ന് ശ്വസിക്കാൻ പോലും നേരമില്ലാതെ ജീവിതമോടിത്തീർക്കുന്നു. ”

” ആഹ്…. ഭാര്യ ???? “ഒന്നറച്ചെങ്കിലും അലീന ചോദിച്ചു.” ടീച്ചർക്കറിയോ നമ്മളോരോരുത്തരുടെ ജീവിതത്തിലും ഒരുപാട് പേർ കടന്നുവരും. അതിൽത്തന്നെ ചിലർ നമ്മിലേക്കലിഞ്ഞുചേരും. മറ്റുചിലർ വെറും വഴിപോക്കരാകും….

അവരിന്നല്ലെങ്കിൽ നാളെ അവരുടെ യാത്ര തുടരും. അങ്ങനെയൊരാളായിരുന്നു എന്റെ ജീവിതത്തിൽ അന്നയും.

കൗതുകമവസാനിച്ചപ്പോൾ അവളുടെ വഴിയിതല്ലെന്ന് തിരിച്ചറിഞ്ഞ അവൾ പടിയിറങ്ങി. ടീച്ചറോർക്കുന്നുണ്ടാകും പണ്ട്ഞാൻ പറഞ്ഞ എനിക്ക് തന്നെയറിയാത്ത ഒരെന്നേപ്പറ്റി.

അങ്ങനെയൊരാളെ താനെങ്ങനെ മനസ്സിലാക്കുമെന്നതായിരുന്നു അവളുടെ ചോദ്യം…. ഞാനുമാലോചിച്ചപ്പോൾ ശരിയാണ്….. എനിക്കറിയാത്ത എന്നേ മറ്റൊരാൾക്കെങ്ങനെ മനസ്സിലാവാൻ….. ”

പറഞ്ഞവസാനിപ്പിക്കുമ്പോഴെവിടെയൊക്കെയോ തന്നിൽ പ്രകടമായിരുന്ന നഷ്ടബോധം മറയ്ക്കാനെന്ന പോൽ ഇടയ്ക്കിടെ വെറുതെയെങ്കിലുമൊരു

ചിരി കൂട്ടിച്ചേർക്കുവാൻ ശ്രമിച്ച് പരാജയപ്പെട്ട് കൊണ്ടിരിക്കുന്ന അയാളെ നോക്കിയിരിക്കുമ്പോഴും ശാന്തമായ പുഞ്ചിരി തന്നെയായിരുന്നു അവളിൽ.” ആഹ് അതൊക്കെ പോട്ടെ ടീച്ചറിന്റെ വിശേഷങ്ങൾ പറഞ്ഞില്ലല്ലോ ….. ”

” നല്ല വിശേഷം മാഷേ….. വലിയതൊന്നുമല്ലെങ്കിലും ചെറിയൊരു ജോലിയുണ്ട്. കൗമാരത്തിന്റെ അന്ത്യത്തിൽ നിന്നും യൗവനത്തിന്റെ ആദിയിലേക്കുള്ള യാത്രയിൽ ഇടറിവീഴാവുന്ന പെൺകുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസുകളുമൊക്കെയായി പോകുന്നു.

പിന്നെ പണ്ടത്തെ മോഹം പോലെ അനാഥത്വത്തിന്റെ പടുകുഴിയിൽ വീണുപോയ ഒരു പെൺകുഞ്ഞിനെ ഏറ്റെടുത്ത് സംരക്ഷിക്കുന്നുണ്ട്.

അന്നൊരിക്കൽ മാഷ് പറഞ്ഞത് പോലെ തന്നെയോരാളെ കർത്താവെന്റെ തുണയുമാക്കി…. എന്റപ്പക്കും അമ്മക്കും എന്നിലും പ്രിയപ്പെട്ട എന്റെ എബിച്ചൻ…

ഞാൻ ഞാനായിത്തന്നെ ജീവിച്ചുകൊണ്ടിരിക്കുന്ന സന്തുഷ്ടമായ കുടുംബജീവിതം….. പിന്നെ ചെറിയൊരു വിശേഷം കൂടിയുണ്ട് ഒരു കുഞ്ഞെബിയൊ കുഞ്ഞി ആലിയോ ഞങ്ങളിലേക്ക് വരാൻ പോകുന്നു…. ”

ഉടുത്തിരുന്ന കോട്ടൺ സാരിക്ക് മുകളിലൂടെ ഒട്ടിയ വയറിൽ തലോടി ലഹരി നിറഞ്ഞൊരാനന്ദത്തോടെ പറയുന്നവളെ അത്ഭുതത്തോടെ നോക്കിയിരിക്കുകയായിരുന്നു അയാളപ്പോൾ.

” സമയമൊരുപാടായി……ഞാനെങ്കിൽ ചെല്ലട്ടേ മാഷേ….. ഇതുപോലെ എവിടെയെങ്കിലും വച്ച് ഇനിയും കാണാം…. ”

പിന്നെയും നീണ്ടുപോയ സംസാരങ്ങൾക്കൊടുവിൽ യാത്ര പറഞ്ഞെണീറ്റ അവളെ നോക്കി അയാൾ വെറുതെയൊന്ന് പുഞ്ചിരിച്ചു

അവളൊരുപാട് മാറിയിരിക്കുന്നു….
രൂപം കൊണ്ടും ഭാവം കൊണ്ടും….
കുട്ടിക്കളി മാറാത്ത ഒരു പെൺകുട്ടിയിൽ നിന്നും പക്വമതിയായ ഒരു ഭാര്യയും അമ്മയും അതിലുപരിയൊരു വ്യക്തിയുമായിരിക്കുന്നു.

എന്റെ മൂഡധാരണകൾ കൊണ്ട് ഞാൻ നേടിയ നഷ്ടങ്ങളുടെ കൂട്ടത്തിലെ ആദ്യത്തെ ഏട് അലീന……

മൗനം സമ്മതമായെടുത്ത് കായലിൽ നിന്നും വീശിയടിച്ചുകൊണ്ടിരുന്ന പായലിന്റെ മണമുള്ള കാറ്റിനെ കീറിമുറിച്ചുകൊണ്ട് അവൾ നടന്നുനീങ്ങുന്നത് നോക്കിയിരിക്കുമ്പോൾ അയാളുടെ ഉള്ള് വിളിച്ചുപറഞ്ഞു.

മണിക്കൂറുകൾ മുൻപ് നടന്ന ആ കൂടിക്കാഴ്ചയേ വിവരിച്ചുകൊണ്ട് പെയ്തുതോർന്ന മാനത്തേക്ക് നോക്കി ചുണ്ടിലെ പുഞ്ചിരിയൊട്ടും തന്നെ മങ്ങാതെ നിൽക്കുന്നവളെ നോക്കി എബിനും വെറുതെയൊന്ന് പുഞ്ചിരിച്ചു.

“ചിലതൊക്കെയങ്ങനെയാണ്…. അർഹമായ കൈകളിലെത്തുമ്പോഴേ അതിന്റെ മൂല്യം തിരിച്ചറിയപ്പെടൂ….”

(കഥയിലെങ്കിലുമൊരൊന്നുചേരൽ സ്വപ്നം കണ്ടിരുന്ന അലീനാ…. നിന്നോടുമിതേ പറയാനുള്ളു നിന്റെ മൂല്യം തിരിച്ചറിയപ്പെടുന്ന കൈകളിൽ തന്നെ നീയെത്തുന്നതാണ് എനിക്ക് ഇഷ്ടം.

അല്ലാതെ നൈമിഷികമായ നിന്റെ സന്തോഷങ്ങൾക്ക് വേണ്ടിപ്പോലും നിന്റെ ശോഭകെടുത്തുന്ന ഇരുളിലേക്ക് നിന്നെ വലിച്ചെറിയാൻ വയ്യ പെണ്ണേ.. സ്നേഹപൂർവ്വം അഭിരാമി)

Leave a Reply

Your email address will not be published. Required fields are marked *