രണ്ടാം ആദ്യരാത്രി. അപ്പോഴും അലട്ടിയിരുന്ന പ്രശ്നം വനജയുടെ മുഖത്തെ വിഷമമായിരുന്നു എന്തായാലും നേരിട്ട് ചോദിച്ചു അറിയാൻ തന്നെ തീരുമാനിച്ചു.

കനലെരിയുന്ന ജീവിതങ്ങൾ
(രചന: Aneesh Anu)

രാവിലെ ഒരു പത്രപരസ്യത്തിൽ കണ്ണുടക്കിയിരിപ്പാണ് രാജൻ മാഷ്. ഒരു മകൾ അമ്മയുടെ പുനർവിവാഹത്തിന് പരസ്യംകൊടുത്തിരിക്കുന്നു, വ്യത്യസ്തമായൊരു തലക്കെട്ടും.

50-55 വയസ്സ് പ്രായവും നല്ലചുറ്റുപാടും മറ്റു ബാധ്യതയില്ലാത്തവർക്ക് മുൻഗണന. മധ്യവയസ്കയായ അമ്മക്ക് മകൾ കല്യാണാലോചന നടത്താൻ മാത്രം നാട്ടിൽ പുരോഗമനം വന്നോ എങ്കിൽ അത് നല്ലത് തന്നെ.

ലക്ഷ്മി പോയതിനു ശേഷം താനും തനിച്ചാണ്, ആറുവർഷം വളരെ വേഗത്തിൽ പോയിരിക്കുന്നു.

പഠിക്കുന്നക്കാലം തൊട്ടേ തുടങ്ങിയ പ്രണയം ഒടുവിൽ ഒരു ജോലി സമ്പാദിച്ചു അവളെ സ്വന്തമാക്കാൻ ശ്രെമിച്ചപ്പോൾ അച്ഛൻ എതിർത്തു.

കോലോത്തുതറവാടിന്റെ മാനം കളയാൻ അച്ഛൻ തയ്യാറായില്ല. ആ വാശിക്ക് അവളെ രജിസ്റ്റർ ഓഫീസിൽ വെച്ച് വിവാഹം ചെയ്തു.

രണ്ടുപേർക്കും ജോലി ഉണ്ടായിരുന്നത് കൊണ്ട് ജീവിതം സുഗമമായി മുന്നോട്ട് നീങ്ങി.

ആദ്യം പിണങ്ങി നിന്ന അച്ഛൻ പതിയെ വീട്ടിൽ വന്നു തുടങ്ങി, അപ്പോഴും തറവാട്ടിൽ ഉള്ള മറ്റുള്ളവരുടെ കൂടി കാര്യങ്ങൾ ചിന്തിക്കേണ്ടതിനാൽ തിരികെ അങ്ങോട്ടേക്ക് ഒരുക്ഷണം ഉണ്ടായില്ല.

താനത് ആഗ്രഹിച്ചിരുന്നുമില്ല അവിടെ ചിലപ്പോ അവൾ വല്ലാതെ ഒറ്റപെട്ടുപോകും.

ഒരിക്കൽ ആരും അറിയാതെ അച്ഛൻ വാങ്ങി തന്നതാണീ വീടും പുരയിടവും മറ്റൊരുതരത്തിൽ പറഞ്ഞാൽ എന്റെ ഓഹരി.

കുട്ടികളില്ല എന്ന സങ്കടമൊഴിച്ചാൽ ലക്ഷ്മിമായുള്ള ജീവിതം മനോഹരമായിരുന്നു. വിഷമങ്ങൾ ഉള്ളിലൊതുക്കാൻ പലപ്പോഴും പരസ്പരം കുഞ്ഞുപൈതങ്ങളായി മാറിയിരുന്നു തങ്ങൾ.

ഇരുവർക്കും ജോലി അധ്യാപനമായത് കൊണ്ട് വിദ്യാർത്ഥികളെല്ലാം മക്കളായി മാറി. കുട്ടികൾ പലപ്പോഴും വീട്ടിലും എത്തിയിരുന്നു എന്ത് രസമായിരുന്നു അന്നൊക്കെ.

ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു അവളുടെ വിടവാങ്ങൽ ഒരുമിച്ചിരുന്നു അത്താഴം കഴിക്കുന്നതിനിടയിൽ ഒരു നെഞ്ചുവേദന തന്നെ തനിച്ചാക്കി അവൾ പോയി.

കുട്ടികളുടെ പിന്നെയുള്ള വരവുകൾ കുറഞ്ഞു അമ്മയുടെ സ്നേഹവും കരുതലും അച്ഛന് നൽകാനാവില്ല ലോ.

അവരെക്കാൾ കൂടുതൽ അവളുടെ വിടവാങ്ങൽ തന്നെയുലച്ചു ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും ജോലിയിൽ പ്രവേശിച്ചെങ്കിലും ആ ഒഴുക്ക് നഷ്ടമായി.

പിന്നെയും ആർക്കോ വേണ്ടി കുറെ നാൾ പോയി മെല്ലെയത് നിർത്തി പുറം ലോകത്തേക്കുള്ള യാത്രകൾ കുറഞ്ഞു പുസ്തകങ്ങളും ചെടികളും വീടുമായൊതുങ്ങിയ വർഷങ്ങൾ.

എന്തായാലും ഒരുക്കൂട്ടുവേണമെന്ന് ആലോചിച്ചു തുടങ്ങിയപ്പോഴാണ് ഇങ്ങനൊയൊരു പരസ്യം കണ്ടത്.

അവരെ വിളിച്ചു സംസാരിച്ചു വിശദമായി തന്നേ എല്ലാം സംസാരിച്ചു അവർക്ക് താൽപര്യമുണ്ടെന്നു അറിഞ്ഞപ്പോൾ നേരിട്ട് കാണാൻ തീരുമാനിച്ചു.

അടുത്ത രണ്ടു സുഹൃത്തുക്കളെയും കൂട്ടിയാണ് അവിടെ ചെന്നത്. 48 വയസ്സ് പറഞ്ഞെങ്കിലും വനജയെ കണ്ടാൽ അത്രയും പ്രായം പറയില്ല.

മുഖത്ത് വല്ലാത്തൊരു മ്ലാനത നിഴലിച്ചിരുന്നു ഒരുപക്ഷെ ഇത്രേം വയസ്സായിട്ട് ഇനിയൊരു പുനർവിവാഹം എന്ന ചിന്തകയാകാം.

മകൾ ശീതളാണ് കാര്യങ്ങൾ എല്ലാം പറഞ്ഞത് ആള് കല്യാണം കഴിഞ്ഞു ഇംഗ്ലണ്ടിൽ ആണ്. രണ്ടുകൂട്ടർക്കും സമ്മതമായതിനാൽ കൂടുതൽ അന്വേക്ഷണങ്ങൾ ഒന്നുമുണ്ടായില്ല.

രജിസ്റ്റർ ഓഫീസിൽ വെച്ചൊരു ഒപ്പിടലിൽ പുതിയൊരു ജീവിതത്തിലേക്ക് കൂടി നടന്നടുത്തു, അങ്ങനെ ഒരു കർമ്മം കൂടി ഇവിടെ ബാക്കിയുണ്ടായിരിക്കാം.

ആഘോഷങ്ങൾ എല്ലാം ഒരു ചായസത്കാരത്തിൽ ഒതുക്കി ലക്ഷ്മിയില്ലാത്ത വീട്ടിലേക്ക് അവളുടെ പകരമായി വന്നവളെയും കൂട്ടി പടികയറി.

തിരക്കൊഴിഞ്ഞപ്പോഴേക്കും രാത്രിയായി രണ്ടുപേരുടെയും ഈ ജന്മത്തിലെ രണ്ടാം ആദ്യരാത്രി. അപ്പോഴും അലട്ടിയിരുന്ന പ്രശ്നം വനജയുടെ മുഖത്തെ വിഷമമായിരുന്നു എന്തായാലും നേരിട്ട് ചോദിച്ചു അറിയാൻ തന്നെ തീരുമാനിച്ചു.

“ഇതെന്ത്‌ ആലോചിച്ചു നിക്കുവാ മാഷേ” അവളുടെ ചോദ്യം കേട്ടപ്പോഴാണ് ചിന്തകളിൽ നിന്നുണർന്നത്.

“ഒന്നുമില്ലെടോ, താനിരിക്ക് നമുക്ക് കുറച്ച് സംസാരിക്കാം “”അതിനെന്താ” അവൾ കട്ടിലിൽ ഇരുന്നു.

“ഞാൻ തന്നെ കാണാൻ വന്ന നാൾ മുതൽ തൊട്ട് ശ്രെദ്ധിക്കുന്നതാണ് മുഖത്തെ ഈ തെളിച്ചമില്ലായ്‌മ. എന്താടോ കാര്യം ”

“ഏയ്‌ ഒന്നുമില്ല മാഷേ ചുമ്മാ തോന്നുന്നതാ ” ഈറനണിഞ്ഞ കണ്ണുകൾ മറയ്ക്കാൻ വനജ പാടുപെട്ടു.

” ടോ എന്നോട് പറയാൻ പറ്റില്ലേ തനിക്ക്, മനസ്സിന് ഒരു ആശ്വാസമാവും ആ തുറന്നുപറച്ചിൽ”

“മാഷേ ഈ വിവാഹം എന്തിനായിരുന്നു എന്നറിയോ. എന്റെ മോൾക്ക് സുഖമായി അവളുടെ കെട്ട്യോന്റേം പിള്ളേരുടേം കൂടെ കഴിയാൻ.””ങേ എന്താടോ താനി പറയുന്നത്”

” സത്യമാണ് മാഷേ അതിന് തന്നെയാണി കല്യാണം, എന്നെ അങ്ങിട്ടു കൊണ്ട് പോയാൽ ശെരിയാവില്ലത്രേ.

അപ്പോഴാണ് എന്നെ ഇവിടെ തന്നെ ആരെയെങ്കിലും ഏല്പിക്കാൻ ഉള്ള ആലോചന വന്നത് ബന്ധുക്കളുമായി അടുപ്പം കുറവായതിനാൽ അത് നടന്നില്ല.

വൃദ്ധസദനത്തിലാക്കിയാൽ ഞാൻ കേസിനുപോയാൽ പുലിവാലാകില്ലേ അപ്പോ കണ്ടു പിടിച്ച ഐഡിയയാണ് പുനർവിവാഹം.”

” എന്തൊക്കെയാടോ പറയുന്നത് അവൾക്ക് വേണ്ടിയല്ലേ ഇത്രയുംകാലം താൻ ജീവിച്ചത്”

“അതേമാഷേ ആക്സിഡന്റിൽ രവിയേട്ടൻ മരിക്കുമ്പോൾ അവൾക്ക് രണ്ടുവയസ്സാണ്. എനിക്ക് ചെറുപ്പം പലരും നിർബന്ധിച്ചതാണ് വേറെയൊരു വിവാഹത്തിന്.

രവിയേട്ടന്റെ സാമ്പത്തികം കണ്ടു അവസരത്തിനായി കാത്തുനിന്നവർ ഉണ്ടായിരുന്നു ഞാനതിനു വഴങ്ങിയില്ല അവൾക്ക് വേണ്ടി ജീവിച്ചു ഒരു കുറവും അറിയിക്കാതെ വളർത്തി.

ഒടുവിൽ പഠിത്തം കഴിഞ്ഞപ്പോ അവൾക്ക് ഇഷ്ടപ്പെട്ടു ജോലി തിരഞ്ഞെടുത്തു കൂടെ ജീവിതപങ്കാളിയെയും.”

“എന്നിട്ട് താനത് എതിർത്തോ “”ഇല്ലാ മാഷേ ഞാൻ തന്നെ മുൻകൈയെടുത്തു നടത്തികൊടുത്തു, അവിടെയെനിക്ക് പിഴച്ചു. അവർക്ക് വേണ്ടത് അവളെ മാത്രമായിരുന്നു വളരെ വേഗത്തിൽ അവൾ ആ ലോകത്തിലെക്ക് ചേക്കേറി അമ്മയെ മറന്നു തുടങ്ങി.

എന്നെ തനിച്ചാക്കിപ്പോയാൽ വയ്യാതായാൽ പോലും അറിയിക്കാൻ ആരേലും വേണ്ടേ അതിനാണ് ഈ കല്യാണം”

“അപ്പോൾ അമ്മയെ നോക്കാൻ, അരുതാത്തത് എന്തെങ്കിലും ഉണ്ടായാൽ അറിയിക്കാൻ ഒരാൾ അതാണല്ലെടോ ഞാൻ”

“അതേ മാഷേ, അവൾ പോയാൽ ഇനി തിരികെ വരുമോയെന്നു പോലും എനിക്ക് ഉറപ്പില്ല വീടൊഴികെ ബാക്കിയെല്ലാം വിറ്റു. എനിക്ക് ചിലവിനായി ഒരു തുക ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട് ഇത്രനാൾ നോക്കിയതിന്റെ കൂലി.

അവൾക്ക് അവളുടെ ജീവിതം തിരഞ്ഞെടുത്തു ജീവിക്കാൻ അവകാശമുണ്ട് ഒപ്പം ഈ അമ്മയുടെ ആഗ്രഹങ്ങൾ കൂടി ചേർത്ത് പിടിക്കാമായിരുന്നു.

പേരക്കുട്ടിയുടെ കൂടെ കൊതി തീരെ ഒന്നിരിക്കാൻ പോലും പറ്റിയില്ല മാഷേ ഇത് വരെ.” അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“പോട്ടെടോ തന്റെ സ്നേഹമെന്തെന്ന് അവർ തിരിച്ചറിയുന്നൊരുനാൾ വരും അന്ന് തിരികെ വരും അവൾ.

ഇനി അഥവാ വന്നില്ലെങ്കിലും നമുക്ക് മുന്നോട്ട് പോകാം നമ്മെ പോലെ പാതിവഴിയിൽ തനിച്ചായവർക്ക് ചിറകറ്റവർക്ക് ഒരു കൂടൊരുക്കാം.

എന്നിട്ടവിടെ നമുക്കൊരു ലോകം പണിയാം ഇന്നിന്റെ അല്ല ഇന്നലെകളുടെ ലോകം ബന്ധങ്ങളുടെ വിലയറിയുന്ന ലോകം.”

അവളെയും ചേർത്ത് പിടിച്ചു കൊണ്ടാണത് പറഞ്ഞത്. ഇനിയുള്ള ജീവിതലക്ഷ്യമെന്തെന്നു മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

NB: നമ്മുടേതായ ഇഷ്ടങ്ങൾ ഓരോരുത്തർക്കുമുണ്ട് അത് നേടിയെടുക്കാം അതിന്റെ പേരിൽ ആരെയും പറിച്ചെറിയാതിരിക്കുക..

Leave a Reply

Your email address will not be published. Required fields are marked *