(രചന: J. K)
“”” എന്താടാ നിങ്ങൾ തമ്മിൽ പ്രശ്നം??? “”വിനീത് ചോദിച്ചപ്പോൾ അഭിജിത്ത് ഒന്നും മിണ്ടാതെ ഇരുന്നു…
“”‘ ഡാ നിന്നോട് ഞാൻ ചോദിച്ചത് കേട്ടില്ലേ?? എന്നെ സ്വപ്ന വിളിച്ചിരുന്നു. നീ ഇപ്പോൾ നിന്റെ ഭാര്യയെ വിളിക്കാറില്ല അവളോട് യാതൊരുവിധ കോണ്ടാക്റ്റും ഇല്ല എന്നൊക്കെ കേട്ടു!! ആക്ച്വലി എന്താ നിങ്ങൾ തമ്മിലുള്ള പ്രശ്നം??””
വിനീത് വീണ്ടും ചോദിച്ചു അപ്പോഴും ഒന്നും മിണ്ടാതെ ഇരുന്നു അഭിജിത്ത് അതുകണ്ട് ദേഷ്യം വന്നിരുന്നു വിനീതിന്….
“”” നീ ഒന്നും പറയണ്ട!! അല്ലെങ്കിൽ തന്നെ ഞാൻ നിന്റെ വെറുമൊരു കൂട്ടുകാരൻ അല്ലേ?? എന്നോട് പറയേണ്ട ആവശ്യം എന്താ നിനക്ക് അല്ലേ?? “”
അതും പറഞ്ഞ് തിരിച്ച് നടക്കാൻ തുടങ്ങിയ വിനീതിനെ അഭിജിത്ത് വിളിച്ചു നിർത്തി…
“” എടാ അത് എങ്ങനെ പറയണം എങ്ങനെ തുടങ്ങണം എന്നൊന്നും എനിക്കറിയില്ല!! നിനക്കറിയോ ഈ ലോകത്ത് ഒരാൾക്ക് ഏറ്റവും സഹിക്കാൻ പറ്റാത്ത ഒരു സംഗതി അവഗണനയാണ് അതെനിക്ക് ആവശ്യത്തിൽ കൂടുതൽ അവിടെ നിന്ന് കിട്ടുന്നുണ്ട് അതുകൊണ്ട് മാത്രമാണ് ഞാൻ അങ്ങോട്ട് പോകാത്തത്!!””
വിനീത് അഭിജിത്തിനെ തന്നെ നോക്കി താൻ അറിഞ്ഞതിലും കൂടുതലായി അഭിജിത്തിന് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് തോന്നി..
അഭിജിത്ത് തുടർന്നു..നിനക്കറിയാലോ സാമ്പത്തികമായി അവരെക്കാൾ കുറച്ച് താഴ്ന്നത് തന്നെയാണ് ഞങ്ങളുടെ കുടുംബം. അത് അവളുടെ പെരുമാറ്റത്തിലും എല്ലാം ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞത് മുതൽ…
പക്ഷേ ഞാൻ അതൊന്നും കാര്യമാക്കിയില്ല ഒരുപാട് നാൾ കൂടെ കഴിയുമ്പോൾ എല്ലാം ശരിയാകും എന്ന് കരുതി പക്ഷേ അത് കൂടി വന്നതല്ലാതെ ഒട്ടും കുറഞ്ഞില്ല.
അവൾ മാത്രമല്ല അവളുടെ വീട്ടുകാരും എന്തൊക്കെ ഞാൻ ചെയ്തു കൊടുത്താലും ചെയ്തില്ല എന്നായിരുന്നു കുറ്റം പറച്ചിൽ..
നിനക്കറിയോ അവളുടെ അച്ഛൻ ഹാർട്ടറ്റാക്ക് വന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി ഞാൻ എന്റെ ജോലി പോലും കളഞ്ഞിട്ടാണ് അവിടെ പോയി നിന്നത് അന്ന് ആൻജിയോപ്ലാസ്റ്റി ചെയ്യണം എന്ന് പറഞ്ഞ്, എന്നെക്കൊണ്ടാവും വിധത്തിൽ ഞാൻ പൈസ അവിടെ നിന്നും ഇവിടെ നിന്നും എല്ലാം ഒപ്പിച്ചു കൊടുത്തു…
എന്നിട്ട് എല്ലാം കഴിഞ്ഞപ്പോൾ ആരോടും പറയുന്നത് കേട്ടു എന്നു ഒരു ദിവസം ചെന്ന് നിന്ന് അവളുടെ മാമന്റെ മകനാണ് അവർക്ക് എല്ലാം ചെയ്തു കൊടുത്തത് എന്ന്..
എനിക്ക് എന്നെ അവർ തലയിലേക്ക് നടക്കണം എന്നൊന്നുമില്ല പക്ഷേ ചെയ്തത് ചെയ്തു എന്ന് തന്നെ പറഞ്ഞുകൂടെ… “””
അഭിജിത്ത് പറഞ്ഞപ്പോൾ വിനീതിന് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു..
എന്തെങ്കിലും ചെറിയ സൗന്ദര്യ പിണക്കം ആവും രണ്ടുപേരും തമ്മിൽ എന്നാണ് കരുതിയിരുന്നത് ഇതിപ്പോൾ പുറമേ നിന്ന് നോക്കുമ്പോൾ കാര്യം വളരെ നിസ്സാരമാണ്
പക്ഷേ സ്ഥിരമായി അനുഭവിക്കുന്ന ഒരാൾക്ക് അറിയാം അതിന്റെ വിഷമം എല്ലാ സമയത്തും ചവിട്ടി താഴ്ത്തപ്പെടുന്ന ഒരാൾക്ക് ചുറ്റും ഉള്ളതിനോട് മടുപ്പല്ലാതെ മറ്റെന്ത് തോന്നാനാണ് അവൻ അവളെ വിളിക്കാതിരിക്കുന്നതിലും അവിടേക്ക് പോകാതിരിക്കുന്നതിലും പിന്നെ അത്ഭുതം ഒന്നും തോന്നിയില്ല വിനീതിന്..
“”” എടാ അതുമാത്രമല്ല ഞാൻ അവളുടെ അച്ഛൻ ഹോസ്പിറ്റലിൽ ആയപ്പോൾ കൊടുത്ത പൈസ അവർ മടക്കി തന്നു.. എന്നിട്ട് പറഞ്ഞത് എന്താണെന്ന് അറിയാമോ നിനക്ക്, വെറുതെ ഓരോ ബാധ്യതകൾ ഉണ്ടാക്കി വയ്ക്കേണ്ട ഈ പൈസ എവിടുന്ന വാങ്ങിയത് എന്ന് വെച്ചാൽ തിരിച്ചു കൊടുത്തോളൂ എന്ന് ഞാൻ ആകെ ഇല്ലാതായി പോയി അവരുടെ മുന്നിൽ!!””
പിന്നൊന്നും പറയാനുണ്ടായിരുന്നില്ല വിനീതിന് വെറുതെ അഭിജിത്തിന്റെ അവസ്ഥയിൽ താനായിരുന്നെങ്കിൽ എന്നൊന്ന് അവൻ ചിന്തിച്ചു നോക്കി അപ്പോഴേ അവന് ദേഷ്യം വന്നിരുന്നു ശരിക്കും അഭിജിത്ത് ചെയ്തതുപോലെ വെറുതെ ഇറങ്ങി പോരുകയല്ല ചെയ്യുക എല്ലാത്തിനെയും പിടിച്ചു ഓരോന്ന് പൊട്ടിച്ചും കൊടുക്കും താൻ ആണെങ്കിൽ..
“”‘ രജിതയ്ക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല അവൾ ഇതുവരെയും എന്റെ ഭാഗത്തുനിന്ന് ചിന്തിച്ചിട്ടില്ല അവൾക്ക് എപ്പോഴും അച്ഛനും വീട്ടുകാരും പറയുന്നതാണ് വലുത്!! എല്ലാം എന്റെ തെറ്റായിട്ടാണ് അവൾ വ്യാഖ്യാനിക്കുക..
അവളുടെ വീട്ടിൽ ഒരു വിശേഷം ഉണ്ടായാൽ ഞാൻ അതിന് ലീവ് എടുക്കണം എനിക്ക് ലീവ് കിട്ടുമോ അല്ലെങ്കിൽ എന്റെ പ്രയാസമോ ഒന്നും അവൾ മനസ്സിലാക്കുക പോലും ഇല്ല .. ഇനി ഒരു പത്തെണ്ണത്തിന് ഞാൻ അറ്റൻഡ് ചെയ്തിട്ട് ഒരെണ്ണത്തിന് പോകാതിരുന്നാൽ അത് മാത്രം അവൾ പൊക്കി പറയും…”””
അവനോട് ഒന്നും ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി വിനീതിന്, കാരണം ഇതിനൊന്നും തന്റെ കയ്യിൽ ഒരു സൊലൂഷനും ഇല്ല..
“”” പിന്നെയും ഉണ്ടെടാ ഒരുപാട് പ്രശ്നങ്ങൾ ഒരു ദിവസം എന്റെ അമ്മ വീണ് കാലിന്റെ എല്ലു മുറിഞ്ഞു നിനക്കറിയാലോ എന്റെ പെങ്ങൾ സ്വപ്ന ഗർഭിണിയാണ് എന്ന് അവൾക്ക് അമ്മയെ ഹെൽപ്പ് ചെയ്യാൻ ഒന്നും പറ്റില്ല ഒരുപാട് കാലം കാത്തിരുന്ന് ഒരു കുഞ്ഞുണ്ടായതാണ് അതുകൊണ്ടുതന്നെ ബെഡിൽ നിന്ന് എണീക്കാൻ പോലും പറ്റില്ല അവള് അവളുടെ ഭർത്താവിന്റെ വീട്ടിലാണ് ഇങ്ങോട്ട് വരാറേയില്ല…
ശരിക്കും അമ്മയ്ക്ക് സഹായത്തിന് ഒരാൾ വേണ്ട സമയമായിരുന്നു അപ്പോൾ എന്റെ പ്രിയപ്പെട്ട ഭാര്യ ചെയ്തത് എന്താണെന്നറിയാമോ കൂടും കിടക്കയും എടുത്ത് അവളുടെ വീട്ടിലേക്ക് പോകാൻ നിന്നു.
അത് ഞാൻ ചോദ്യം ചെയ്തു. അത് വലിയ പ്രശ്നമായി ഇവിടുത്തെ പണിയെല്ലാം ചെയ്യാൻ ഒരു വേലക്കാരിയെ ആയിരുന്നുവോ നിങ്ങൾ അന്വേഷിച്ചത് എന്ന് അവൾ എന്നോട് ചോദിച്ചു സ്വന്തം അമ്മയ്ക്ക് ഒരു പ്രശ്നം വരുമ്പോൾ സഹായിക്കുന്നത് വേലക്കാരിയായി കണ്ടതുകൊണ്ടാണോ???
മുഴുവൻ ഒന്നും അവളോട് ഞാൻ ചെയ്യാൻ പറയുന്നില്ല ഒരുവിധം എല്ലാം എന്റെ അമ്മയ്ക്ക് ഞാൻ തന്നെയാണ് ചെയ്തുകൊടുക്കുന്നത് പക്ഷേ ഒരു മകൻ എന്ന നിലയിൽ എനിക്ക് ചെയ്തു കൊടുക്കാൻ പറ്റാത്ത ചില കാര്യങ്ങളുണ്ട് അതിനൊന്നു സഹായിക്കാൻ മാത്രമേ ഞാൻ അവളോട് പറഞ്ഞിരുന്നുള്ളൂ…
അവൾ അവളുടെ വീട്ടിലേക്ക് ഇറങ്ങിപ്പോയി അവിടെ അച്ഛനോടും അമ്മാവൻമാരോടും എന്തൊക്കെയോ പറഞ്ഞുകൊടുത്ത് വലിയ പ്രശ്നമാക്കി. അവർ എന്നെ ചോദ്യം ചെയ്യാൻ വന്നിരുന്നു… അമ്മമാർക്ക് എന്തെങ്കിലും വയ്യായ്ക വന്നാൽ പെൺമക്കൾ ആണത്രേ നോക്കേണ്ടത് അതുകൊണ്ട് നിന്റെ പെങ്ങളെ വിളിച്ചു നിർത്തിക്കോ എന്റെ മോളെ ഇവിടുത്തെ അടിമ ജോലി ചെയ്യാൻ കിട്ടില്ല എന്ന് അയാൾ എന്റെ മുഖത്ത് നോക്കി പറഞ്ഞു…
ശരിക്കും മടുത്തിട്ട് തന്നെയാണ് ഞാൻ അവരോട് ഇറങ്ങി പൊയ്ക്കോളാൻ പറഞ്ഞത് എനിക്ക് ഇനിയും സഹിക്കാൻ വയ്യ..
ഇപ്പോ അവര് പറഞ്ഞു നടക്കുന്നത് ഞാൻ അവരെ ഒരു കാര്യവും ഇല്ലാതെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു എന്നാണ്…
എല്ലാവർക്കും ഇപ്പോൾ ഞാൻ ചെയ്തത് മാത്രമാണ് പ്രശ്നം. ഞാൻ അനുഭവിച്ചത് ഇത്രയും നാൾ മനസ്സിൽ കൊണ്ടു നടന്നതോ ആർക്കും അറിയേണ്ട ആവശ്യമില്ല!!!
തല്ലി ഇതെല്ലാം അവളെ അനുസരിപ്പിക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല പക്ഷേ, സ്ത്രീകളോട് അങ്ങനെ ഒരു അക്രമം അത് ഞാൻ പഠിച്ചിട്ടില്ല അതെന്റെ രീതിയും അല്ല..
പിന്നെ തല്ലിയും വഴക്ക് പറഞ്ഞും എത്ര നമുക്ക് ഒരാളുടെ സ്വഭാവം മാറ്റാൻ പറ്റും അവർക്ക് അടിസ്ഥാനപരമായി ഒരു സ്വഭാവം ഉണ്ടാകുമല്ലോ അത് സ്വയം വിചാരിച്ച് മാറ്റണം..
എടാ നിനക്കറിയോ ഒരാൾക്ക് ഏറ്റവും കൂടുതൽ വേണ്ടത് ആത്മാഭിമാനവും സ്വസ്ഥതയും സമാധാനവും ആണ് ഈ മൂന്നും കല്യാണം കഴിച്ചതിന് ശേഷം എന്താണെന്ന് ഞാൻ അറിഞ്ഞിട്ടില്ല..
എല്ലാം സഹിച്ച ഇത്രയും നാൾ ഞാൻ നിന്നത് അവളോട് എനിക്കുള്ള സ്നേഹം എന്ന ഒരു വികാരത്തിന്റെ പിന്നിലാണ്…
പക്ഷേ നമ്മൾ മണ്ടന്മാരാകരുത്, ഒരാളോട് നമുക്ക് തോന്നുന്ന സ്നേഹമോ മറ്റെന്തു വികാരം അവരത് മുതലെടുക്കുന്നുണ്ടെങ്കിൽ അതിന് നിന്നു കൊടുക്കരുത്..
അങ്ങനെയൊരു പാഠമാണ് ഞാനിപ്പോൾ പഠിച്ചത്.. ഈ ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ എനിക്ക് ഒട്ടും താല്പര്യമില്ല…
നീയത് എന്റെ പ്രിയപ്പെട്ട പെങ്ങൾ സ്വപ്നയോടും കൂടി ഒന്ന് പറഞ്ഞേക്ക്..”””‘
അതും പറഞ്ഞ് അഭിജിത്ത് നടന്നകന്നു വിനീത് അപ്പോഴേ ഫോണെടുത്ത് സ്വപ്നയുടെ നമ്പറിലേക്ക് വിളിച്ചു എന്നിട്ട് പറഞ്ഞു.
“”‘ എടീ ചിലതൊക്കെ ഏച്ചു കിട്ടിയാൽ മുഴച്ചിരിക്കും… അപ്പോ അത് അതിന്റെ രീതിക്ക് അങ്ങ് വിട്ടാൽ മതി ഇവിടെയും നമുക്കൊന്നും ചെയ്യാനില്ല അവൻ അവന്റെ ഇഷ്ടപ്രകാരം എന്താണെന്ന് വെച്ചാൽ ചെയ്യട്ടെ…
ബന്ധങ്ങൾ ബന്ധനങ്ങൾ ആയി മാറാതെ ഇരിക്കുന്നതാണ് എല്ലാവർക്കും സുഖമായി ജീവിക്കാൻ നല്ലത്… ഇനി ഇതിന്റെ പേരിൽ അങ്ങനെ ആരും ബുദ്ധിമുട്ടിക്കേണ്ട…”””
അത്രയും പറഞ്ഞ് ഫോൺ കട്ട് ചെയ്ത് അവൻ ഓർക്കുകയായിരുന്നു, ഒന്ന് പരസ്പരം മനസ്സിലാക്കാൻ ശ്രമിച്ചാൽ എത്ര മനോഹരമായി ജീവിതം മുന്നോട്ടു കൊണ്ടുപോകാം എന്ന്..