(രചന: J. K)
പൊയ്കയിൽ തോമസ് കറിയയുടെ മകൻ ഡോക്ടർ സിറിലും പൊന്നേടത്ത് സണ്ണിയുടെ മകൾ റിയയും തമ്മിലുള്ള വിവാഹത്തിന് എല്ലാവർക്കും സമ്മതമല്ലേ എന്ന് പള്ളിയിൽ നിന്ന് വിളിച്ചു ചോദിച്ചപ്പോഴേക്ക് പുറകിൽ നിന്ന് ഒരു ശബ്ദം..
“” സമ്മതമല്ല”” എന്ന് എല്ലാ കണ്ണുകളും പിന്നെ അങ്ങോട്ട് ആയി..അബ്കാരി ബിസിനസിന്റെ തലതൊട്ടപ്പൻ എന്ന് വിളിക്കാവുന്ന പൊന്നെടത്തെ ഏക പെൺ തരിയുടെ വിവാഹമാണ്…കോടിക്കണക്കിന് സ്വത്ത് വകകളുള്ളവർ..
സണ്ണി, മകൾക്ക് എല്ലാം തികഞ്ഞ ഒരു ഭർത്താവിനെ അന്വേഷിച്ച് നടക്കാൻ തുടങ്ങിയിട്ട് കുറെ ആയിരുന്നു അങ്ങനെയാണ് സിറിലിനെ അവൾ കാണുന്നത്… കാണാൻ സുന്ദരൻ പോരാത്തതിന് ഡോക്ടറും..
പൊന്നെടത്തിനോട് ഒപ്പം ഇല്ലെങ്കിലും അത്ര ചെറിയ കൂട്ടരൊന്നും ആയിരുന്നില്ല പൊയ്കയിൽക്കാർ..
ഒരിക്കൽ എന്തോ ആവശ്യത്തിന് ആശുപത്രിയിലേക്ക് പോയതായിരുന്നു റിയ അവിടെ വെച്ചാണ് ആദ്യമായി സിറിലിനെ കാണുന്നത് അപ്പോൾ തന്നെ അവൾക്ക് ഇഷ്ടമായി…
വീട്ടിൽ വന്ന് അപ്പനോട് പറഞ്ഞപ്പോൾ അപ്പനും ഏറെ സന്തോഷമായിരുന്നു അയാൾ ഇ ചെക്കനെ തന്നെ മകൾക്ക് നേടിക്കൊടുക്കാമെന്ന് അവൾക്ക് വാക്ക് കൊടുത്തു…
അങ്ങനെയാണ് ഒരു ആലോചനയുമായി പൊയ്കയിൽ വീട്ടിലേക്ക് പോകുന്നതും എല്ലാം ഉറപ്പിക്കുന്നതും അവർക്കും വലിയ സന്തോഷമായിരുന്നു ഇത്രയും വലിയ ഇടത്തുനിന്ന് തന്നെ മകന് ഒരു വിവാഹാലോചന വന്നു എന്നതിന്റെ പേരിൽ….
പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു..
ഇപ്പോൾ മനസ്സമ്മതം നടത്തിയിടാം. ഒരു വർഷം കഴിഞ്ഞു മതി വിവാഹം എന്നായിരുന്നു തീരുമാനം. അതുകൊണ്ടാണ് വേഗം മനസമ്മതം നടത്തിയത്…
അപ്പോഴാണ് ഇങ്ങനെയൊരു പ്രശ്നം ഉണ്ടാകുന്നത് ശബ്ദം കേട്ടിടത്തേക്ക് എല്ലാവരും നോക്കി കൊലുന്നനെ ഒരു പെൺകുട്ടി..
എല്ലാവരും അക്ഷമരായിരുന്നു അവളോട് കാരണം തിരക്കി..സിറിൽ ഡോക്ടറുമായി ഞാൻ രണ്ടുവർഷമായി പ്രണയത്തിലാണ്.. അവൾ എല്ലാവരുടെയും മുന്നിൽവച്ച് പറഞ്ഞു..
അത് കേട്ടതും സിറിൽ അത് നിഷേധിച്ചിരുന്നു അവളെ അറിയുക പോലും ഇല്ല എന്ന് അയാൾ പറഞ്ഞു..
ക്ഷണിച്ചു വരുത്തിയവരുടെ മുന്നിൽ നാണംകെടണ്ട എന്ന് വച്ച് എങ്ങനെയൊക്കെയോ ആ പ്രശ്നം അവിടെവച്ച് പരിഹരിച്ചു..
ആരൊക്കെയോ ആ വന്ന പെൺകുട്ടിയെ എന്തൊക്കെയോ പറഞ്ഞ് അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പക്ഷേ റിയക്ക് മനസ്സിലായിരുന്നു ഇതിൽ എന്തോ പ്രശ്നം ഉണ്ട് എന്ന്…
അന്ന് രാത്രി സിറിൽ റിയയെ വിളിച്ചു..
അത് കണ്ടമാനം നടക്കുന്ന ഒരു പെണ്ണാണ് പലപ്പോഴും അയാളോട് തെറ്റായ രീതിയിൽ പെരുമാറാൻ ശ്രമിച്ചിട്ടുണ്ട് പക്ഷേ അതിനൊന്നും താൻ കൂടെ നിന്നില്ല അതുകൊണ്ടാണ് അവൾക്ക് തന്നോട് ഇത്ര ദേഷ്യം എന്ന് സിറിൽ പറഞ്ഞു…
പിന്നെ ഏതോ ഒരു പേഷ്യന്റ് സിറിൽ ചികിത്സിക്കുന്നതിനിടയിൽ ഡെത്ത് ആയത്രേ.. അയാളുടെ വീട്ടുകാർക്ക് സിറിലിനോട് വല്ലാത്ത പക സിറിൽ മനപൂർവ്വം ചികിത്സ വൈകിച്ചതു കൊണ്ടാണ് അയാൾ മരിച്ചത് എന്ന് പറഞ്ഞ് അവർ ആ പക തീർക്കാൻ ഇവളെ കരുവാക്കിയതാണ് എന്നെല്ലാം പറഞ്ഞു…
അതോടെ പ്രിയയ്ക്ക് ആകെ കൺഫ്യൂഷൻ ആയി ആര് പറഞ്ഞതാണ് ശരി ആരുടെ ഭാഗത്താണ് ന്യായം എന്ന് അവൾക്ക് തിരിച്ചറിയാതെയായി…
സിറിൽ പറഞ്ഞതുപോലെ ഒരു പകയുടെ പേരിലാണ് ആ കുട്ടി ഇത്രയും ചെയ്തു കൂട്ടിയത് എങ്കിൽ അതിന്റെ പേരിൽ താനും കൂടി സിറിലിനെ ഉപേക്ഷിച്ചാൽ അത് തന്റെ ഭാഗത്തുനിന്നുള്ള വലിയ ഒരു തെറ്റാവും..
ഒരുപക്ഷേ എന്നെങ്കിലും സത്യം പുറത്തു വരുമ്പോൾ തനിക്ക് സഹിക്കാൻ പോലും പറ്റിയെന്നു വരില്ല…
അതുകൊണ്ട് ഇപ്പോൾ തീരുമാനങ്ങൾ എടുക്കുന്നത് തീർത്തും ആലോചിച്ചിട്ട് യുക്തിപരമായി വേണം എന്നത് അവൾ നിശ്ചയിച്ചിരുന്നു…
അവൾ ആ പെൺകുട്ടിയുടെ അഡ്രസ് തിരഞ്ഞു കണ്ടു പിടിച്ച അവളുടെ വീട്ടിലേക്ക് ചെന്നു..
പരിതാപകരമായിരുന്നു അവിടുത്തെ അവസ്ഥ ഒരു പഴയ ദ്രവിച്ച വീട് അവിടെ അവളും അമ്മയും തനിച്ചായിരുന്നു…
സിറിൽ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിലെ ഒരു നേഴ്സ് ആയിരുന്നു അവൾ പേര് ജീന..
കാണാൻ നല്ല ഭംഗിയുള്ള ഒരു പാവം പെൺകുട്ടി..
ചെറുപ്പത്തിലെ അച്ഛൻ മരിച്ചിരുന്നു അമ്മ വളരെ കഷ്ടപ്പെട്ടാണ് അവളെ പഠിപ്പിച്ചത് അതുകൊണ്ടുതന്നെ എങ്ങനെയെങ്കിലും കുടുംബം നോക്കണം എന്ന ഒരു ഒറ്റ ഉദ്ദേശത്തോടുകൂടി നഴ്സിങ്ങിന് പോയവൾ പക്ഷേ ഇവിടെയെത്തി സിറിൽ ഡോക്ടറുമായി അടുത്തു അയാൾ എന്തൊക്കെയോ പഞ്ചാര വാക്കുകൾ പറഞ്ഞ് അവളെ മയക്കി…
അയാൾക്കിത് വെറും സമയം പോക്കാണെന്ന് അവൾക്ക് മനസ്സിലായില്ല അവൾ അത്രമേൽ അയാളെ സ്നേഹിച്ചിരുന്നു..
മനസ്സമ്മതം നടക്കും വരെയും അയാൾ തന്നെ ചതിക്കില്ല എന്ന് അവൾ ഉറച്ചു വിശ്വസിച്ചു അയാളുടെ മനസ്സമ്മതമാണ് എന്ന് ആരോ പറഞ്ഞറിഞ്ഞത് അവൾക്ക് വിശ്വസിക്കാനായില്ല കാരണം എല്ലാ രീതിയിലും അവൾ തന്നെ അയാൾക്ക് സമർപ്പിച്ചിരുന്നു…
തന്നെ ചതിച്ച് പുതിയൊരു ജീവിതം അയാൾ തെരഞ്ഞെടുത്തത് അവൾക്ക് ഒട്ടുംതന്നെ സഹിക്കാനായില്ല അതുകൊണ്ടാണ് അത്ര ഇടം വരെ വന്ന് അവള് ഈ കണ്ട പ്രശ്നങ്ങൾ മുഴുവൻ ഉണ്ടാക്കിയത്…
റിയയെ കണ്ടതും അവളുടെ കാലുപിടിച്ച് മാപ്പ് പറഞ്ഞിരുന്നു ജീന ഇതൊന്നും അവൾ മനപ്പൂർവം ചെയ്തതല്ല എന്ന്…
റിയക്ക് അവളുടെ അവസ്ഥ മനസ്സിലാകുമായിരുന്നു. റിയ അവളോട് പറഞ്ഞു ഞാനാണ് ഇപ്പോൾ നിന്നോട് നന്ദി പറയേണ്ടത് എന്ന് ഇതുപോലൊരു ചതിയന്റെ കയ്യിൽ നിന്ന് രക്ഷപ്പെടുത്തിയതിന്…
സ്വന്തം ഇഷ്ടം അനുസരിച്ച് ഒരു പെണ്ണിനെ ചതിക്കാൻ പോലും മനസ്സുള്ളവന് ജീവിതത്തിൽ എന്ത് എത്തിക്സ് ആണുള്ളത് ഒരു ഡോക്ടർ എന്ന നിലയിൽ പൂർണ്ണ പരാജയം തന്നെയല്ലേ..
അയാളെ വിശ്വസിച്ചു അയാൾക്കായി എല്ലാം നൽകുന്നതിനു മുമ്പ് നീയും ഒന്ന് യുക്തിപൂർവ്വം ചിന്തിച്ചില്ലല്ലോ എന്ന് പറഞ്ഞപ്പോൾ കരച്ചിലായിരുന്നു ജീനയുടെ മറുപടി…
അത് വല്ല അബദ്ധവുമായോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നവൾ പറഞ്ഞു..
ഇപ്പോഴും അയാളെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടോ എങ്കിൽ മുൻകൈയെടുത്ത് നടത്തി തരാമെന്ന് റിയ പറഞ്ഞു..
ഇനി അവർ അയാളെ അവൾക്ക് വേണ്ട എന്ന് തീർത്ത് തന്നെ പറഞ്ഞു ജീന കല്യാണം മുടക്കിയത് ഒരിക്കലും അയാളെ വിവാഹം കഴിക്കാൻ ഉള്ള താല്പര്യം കൊണ്ടല്ല.
മറിച്ച് അവൾ ഒന്നും മിണ്ടാതിരുന്നു എങ്കിൽ സർവ്വ സൗകര്യത്തോടുകൂടി ഒരു പെണ്ണിനെ വിവാഹം കഴിച്ച് അയാൾ സുഖമായി ജീവിക്കും..
ഒരുപക്ഷേ വിവാഹം കഴിഞ്ഞല്ലോ എന്ന പേരിൽ അയാളുടെ എല്ലാ തോന്നിവാസവും സഹിച്ച് നിങ്ങൾക്കും ജീവിക്കേണ്ടി വരും..
സമൂഹം സ്റ്റാറ്റസ് എല്ലാം നോക്കിയാണല്ലോ പെൺകുട്ടികളുടെ ജീവിതം തീരുമാനിക്കുക..
റിയ ജീന പറയുന്നത് തന്നെ ശ്രദ്ധിച്ചിരുന്നു..
എന്നിലിപ്പോൾ അല്പം പോലും അയാളോട് പ്രണയം അവശേഷിക്കുന്നില്ല അയാൾ എന്നെ ഒഴിവാക്കി മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ തന്നെ അത് മുഴുവനും പോയതാണ്…
അതിന്റെ പേരിൽ കണ്ണീർ നായികമാരെ പോലെ കരഞ്ഞിരിക്കാൻ പറ്റില്ലായിരുന്നു എനിക്ക് എന്നോട് ചെയ്ത തെറ്റിന് അയാൾ അനുഭവിക്കണമെന്ന് വളരെ ശക്തമായി തന്നെ ഞാൻ ആഗ്രഹിച്ചു..
പക്ഷേ അതിനിടയിൽ ചേച്ചിയുടെ ജീവിതം കൂടി ഉൾപ്പെട്ടിരുന്നു പക്ഷേ അതുപോലുള്ള ഒരു ദുഷ്ടന്റെ ഭാര്യയായി ജീവിക്കുന്നതിനേക്കാൾ നല്ലത് അല്പം വിഷമം സഹിച്ച് ഇപ്പോഴെങ്കിലും ഈ വിവാഹം ഒഴിഞ്ഞു പോകുന്നതല്ലേ എന്നും ഞാൻ ചിന്തിച്ചു…
പിന്നെ ശരീരം പങ്കിട്ടത്.. അതിപ്പോ എന്നെപ്പോലെ അയാളും തെറ്റുകാരനല്ലേ.. അയാൾക്ക് ഇല്ലാത്ത കുറ്റബോധം എന്തിനാണ് എനിക്ക്.. അയാൾക്ക് സമൂഹത്തിൽ തലയുയർത്തി മാന്യനായി ജീവിക്കാൻ പറ്റുമെങ്കിൽ അതേ തെറ്റ് ചെയ്തതിന്റെ പേരിൽ എനിക്കും കഴിയും എന്ന് ഞാൻ ചിന്തിച്ചു…
പക്ഷേ അതൊന്നുമല്ല ഇപ്പോഴത്തെ പ്രശ്നം…
അതുകഴിഞ്ഞ് സിറിലിന്റെ വീട്ടുകാർ പലപ്പോഴും എത്തിയിരുന്നത്രെ ഓരോ ഭീഷണിയുമായി ഇപ്പോൾ അവരുടെ ആവശ്യം ആരോ പണം തന്ന് ഈ വിവാഹം എന്നെ കൊണ്ട് മുടക്കാൻ നോക്കിയതാണ് എന്ന് ഈ നിങ്ങളുടെ എല്ലാവരുടെയും മുന്നിൽവന്ന് പറയണം എന്നാണ്
പറ്റില്ല എന്ന് പറഞ്ഞപ്പോൾ ആ ഹോസ്പിറ്റലിലെ എന്റെ ജോലി വരെ അവർ കളയിച്ചു…
അപ്പോഴാണ് റിയയും ഇത്രയൊക്കെ നടന്നു എന്നത് മനസ്സിലാക്കിയത്.. ജീനയുടെ അപ്പോഴത്തെ അവസ്ഥയ്ക്ക് ഒരു സ്ത്രീ എന്ന രീതിയിൽ മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു. അവൾ ജീനയെ ആശ്വസിപ്പിച്ചു എല്ലാത്തിനും കൂടെ ഉണ്ടാകും എന്ന് പറഞ്ഞു…
പറഞ്ഞതുപോലെ തന്നെ റിയ മറ്റൊരു നല്ല ഹോസ്പിറ്റലിൽ അവൾക്ക് ജോലി മേടിച്ചു കൊടുത്തിരുന്നു..
തന്നെയുമല്ല അവളെക്കൊണ്ട് പോലീസിൽ പരാതിയും നൽകിച്ചു.. അല്ലെങ്കിലും അവൾ തന്റേടി ആണെന്ന് റിയക്ക് മനസ്സിലായിരുന്നു ഒരു കൈത്താങ്ങ് മാത്രമാണ് ആ കുട്ടിക്ക് ആവശ്യം… അത് നൽകാൻ അവൾ കൂടെ നിന്നു…
ഇന്നിപ്പോൾ അവൾ സ്വന്തം കാലിൽ ജീവിക്കുന്നുണ്ട്…ഇനി ഒരിക്കൽ കൂടി ഒരാൾക്ക് അവളെ പറ്റിക്കാൻ പറ്റില്ല..
ഒരുപക്ഷേ അവൾക്ക് ചുറ്റുമുള്ളവർക്ക് കൂടി അവളീ പാഠം പകർന്നു നൽകിയേക്കാം…
അല്ലെങ്കിൽ മറ്റാർക്കെങ്കിലും കൈത്താങ്ങായി ഇതുപോലെ കൂടെ നിന്നേക്കാം…
കാരണം അവൾ പഠിച്ചത് അനുഭവങ്ങളിൽ നിന്നാണ് അനുഭവങ്ങളാണ് ഏറ്റവും വലിയ ഗുരു.. പക്ഷേ അതിൽ തളരരുത് എന്ന് മാത്രം…