സ്വരം താഴ്ത്തിയുള്ള ഫോൺ ചെയ്യലും മറ്റും, ഞാൻ ഓഫീസിലേക്ക് പോയാൽ വീട്ടിൽ ആരൊ വരുന്നുണ്ട് എന്ന് അയൽപക്കത്തു നിന്ന് അറിഞ്ഞതും എല്ലാം കൂട്ടി

(രചന: J. K)

“””ടാ ഇങ്ങനെ ഒറ്റ തടിയായി കഴിഞ്ഞാൽ മതിയോ.. നിനക്കും ഒരു കൂട്ട് വേണ്ടേ “”” എന്നോട് ആദ്യമായി പറഞ്ഞത് അവനായിരുന്നു..

“മഹി..”” എന്റെ കൂട്ടുകാരൻ.. എന്നോടുള്ള അവന്റെ കരുതൽ പലപ്പോഴും എനിക്ക് അനുഭവമാണ്..

അവൻ തന്നെയാണ് ഒരു പെണ്ണിനെ കണ്ടു പിടിക്കാനും എന്നെ വീണ്ടും കല്യാണം കഴിപ്പിക്കാനും എല്ലാം മുന്നിൽ ഓടി നടന്നത്..

ആദ്യമൊക്കെ വിമുഖത കാണിച്ചുവെങ്കിലും പിന്നീട് അവന്റെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു ഞാൻ… കാരണം എനിക്കിപ്പോഴും എന്റെ തുളസിയെ മറക്കാൻ പറ്റിയിട്ടില്ല..

കോളേജിൽ നിന്നും തുടങ്ങിയ പ്രണയമായിരുന്നു അവളോട്.. ഒരു പാവം നമ്പൂതിരി കുട്ടി.. താഴ്ന്ന ജാതിക്കാരനായ എന്നോടുള്ള പ്രണയം അവളുടെ വീട്ടിൽ അറിഞ്ഞത് വലിയ പ്രശ്നങ്ങൾക്ക് വഴിയൊരുക്കി…

അവർ പലതരത്തിൽ ഞങ്ങളെ തമ്മിൽ അകറ്റാൻ ശ്രമിച്ചു.. പക്ഷേ ഞങ്ങൾ മറ്റൊരു വിവാഹം കഴിച്ച് ജീവിക്കാൻ തയ്യാറായിരുന്നില്ല അതുകൊണ്ടുതന്നെ എല്ലാ എതിർപ്പിനെയും വകവയ്ക്കാതെ ഞാൻ അവളെ വിളിച്ചു ഇറക്കി കൊണ്ടുവന്നു…

ജീവിതം വളരെ സന്തോഷപരമായി മുന്നോട്ടു പോവുകയായിരുന്നു പെട്ടെന്നാണ് ഒരു പനിയുടെ രൂപത്തിൽ ദൗർഭാഗ്യം ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്..

വിട്ടുമാറാത്ത പനി കൊണ്ട് ചെന്ന് നോക്കിയപ്പോഴാണ് അവൾക്ക് മാറാരോഗമാണ് എന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്..

ചെയ്യാത്ത ചികിത്സകൾ ഇല്ല നേരാത്ത വഴിപാടുകളും ഒന്നിനും അവളെ എനിക്ക് തിരിച്ചു തരാൻ കഴിഞ്ഞില്ല… ഏറെ സങ്കടം ഞങ്ങളുടെ കുഞ്ഞിന് അവളുടെ വയറ്റിൽ ഒന്നരമാസം പ്രായം ഉണ്ടായിരുന്നു എന്നതാണ്..

അവളുടെ അസുഖത്തിന് എടുക്കേണ്ട ചികിത്സ വളരെ കാഠിന്യമേറിയതായതിനാൽ ഒരു കുഞ്ഞ് ആ സമയത്ത് പറ്റില്ലായിരുന്നു അതുകൊണ്ടുതന്നെ സങ്കടം സഹിച്ചും ഞങ്ങൾക്ക് അത് ഒഴിവാക്കേണ്ടി വന്നു…

ഇത്രയും നാൾ വളർത്തി വലുതാക്കിയ വീട്ടുകാരെ ധിക്കരിച്ച് പോന്നതിന്റെ ശിക്ഷയാണ് ഇതെല്ലാം എന്ന് അവൾ കൂടെ കൂടെ പറഞ്ഞിട്ടുണ്ടായിരുന്നു..

അതൊന്നും അല്ല സ്നേഹിക്കുന്നവർ ഒന്നാകുന്നതിന് ഒരു ദൈവവും എതിരല്ല എന്ന് ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കി കൊണ്ടിരുന്നു.. പക്ഷേ അധികം വൈകാതെ അവൾ എന്നെ വിട്ടു പോയി..

വല്ലാത്ത ഒറ്റപ്പെടൽ ആയിരുന്നു പിന്നീട് അങ്ങോട്ട് ആരുമില്ലാത്ത അവസ്ഥ എവിടെ നോക്കിയാലും അവളെ കാണും..
ജോലിക്ക് പോലും പോവാതെയായി ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ…

ആകെക്കൂടി ഒരു സമാധാനം ഇടയ്ക്ക് കൂട്ടുകാർ വരുന്നതായിരുന്നു അവരോട് എന്തെങ്കിലുമൊക്കെ മിണ്ടിയും പറഞ്ഞും ഇരുന്നാൽ അല്പനേരത്തെക്കെങ്കിലും സങ്കടം ഓർമ്മയിൽ നിന്ന് മായും.. പക്ഷേ അവർ തിരിച്ചു പോയി കഴിഞ്ഞാൽ വീണ്ടും പൂർവ്വസ്ഥിതിയിൽ തന്നെ ആകും..

അങ്ങനെ എന്റെ അവസ്ഥ കണ്ട് ഇടയ്ക്കിടയ്ക്ക് മഹി വരുന്നത് പതിവാക്കി..

ഒരുപാട് തവണയായി അവൻ നിർബന്ധിക്കുന്നു മറ്റൊരു വിവാഹത്തിന് പക്ഷേ എന്റെ മനസ്സുകൊണ്ട് എനിക്ക് ആകുമായിരുന്നില്ല..

എന്നിട്ടും അവന്റെ നിർബന്ധത്തിന് ഒരു ദിവസം എനിക്ക് വഴങ്ങേണ്ടി വന്നു.. അങ്ങനെയാണ് അവളെ പോയി കാണുന്നത്..

“”അഭിരാമി “” അതായിരുന്നു അവളുടെ പേര് എന്റെ വീട്ടിൽ നിന്നും കുറെ ദൂരം ആണ് അവളുടെ വീട്…

മഹിക്ക് അവളുടെ കുടുംബത്തിൽ ആരെയോ അറിയാം എന്നാണ് പറഞ്ഞിരുന്നത്… അങ്ങനെ വന്നതാണ് ഈ വിവാഹാലോചന..

അവളും ആദ്യം ഒരു വിവാഹം കഴിച്ച് എന്തോ കാരണം കൊണ്ട് ഒഴിവാക്കിയതാണ്…

കൂടുതലൊന്നും നിന്നില്ല അവർക്ക് എതിർപ്പൊന്നും ഇല്ല എന്ന് പറഞ്ഞപ്പോൾ പിന്നെ ഈ വിവാഹം നടത്താം എന്ന് തീരുമാനമായി..

പെണ്ണുകാണാൻ ചെന്നപ്പോൾ അവളോട് ഞാൻ പറഞ്ഞിരുന്നു എന്റെ അവസ്ഥ തുളസിയോടുള്ള എന്റെ സ്നേഹവും അവൾ നഷ്ടപ്പെട്ടതിൽ പിന്നെയുള്ള എന്റെ ജീവിതവും എല്ലാം…

അവൾ എതിർത്തിട്ടുണ്ടെങ്കിൽ പിന്നെ ഈ ആലോചനയുമായി മുന്നോട്ട് പോകേണ്ട എന്നാണ് കരുതിയിരുന്നത്

പക്ഷേ അവൾക്ക് പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും കണ്ടില്ല അതുകൊണ്ട് ചിലപ്പോൾ എന്നോടുള്ള സഹതാപം കൊണ്ടാവും എന്ന് കരുതി ഞാനും പിന്നെ ഒന്നും സംസാരിക്കാൻ നിന്നില്ല…

ഈ വല്ലാത്ത ഏകാന്തതയിൽ നിന്ന് ഒരു മോചനം കിട്ടുമല്ലോ എന്ന് മാത്രമായിരുന്നു എന്റെ ചിന്ത..ഒരുപക്ഷേ മറ്റൊരാൾ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ എനിക്ക് തുളസിയെ പറ്റിയുള്ള ഓർമ്മകൾ മറക്കാൻ കഴിഞ്ഞേക്കും..

അല്ലെങ്കിൽ ഒരു ഭ്രാന്തിന്റെ വക്കിലേക്ക് ഞാൻ പോകും… അതിലും നല്ലത് ഈ വിവാഹജീവിതം ആണെന്ന് ഓർത്ത് തന്നെയാണ് ഇതിന് ഇറങ്ങിപ്പുറപ്പെട്ടത്…

വിവാഹം കഴിഞ്ഞ് ഒരു മൂന്നാല് മാസം കഴിഞ്ഞു.. എല്ലാം നല്ലതുപോലെ തന്നെയാണ് മുന്നോട്ടുപോകുന്നത്..

ഒരു കാര്യത്തിലും അഭിരാമിയെ ഞാൻ തുളസിയുമായി താരതമ്യപ്പെടുത്തിയിട്ടില്ല രണ്ടുപേർക്ക് രണ്ട് രീതി ആയിരിക്കും എന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു…

അതുകൊണ്ടുതന്നെ അവൾക്ക് ആവശ്യത്തിനുള്ള സ്വാതന്ത്ര്യവും ഞാൻ നൽകിയിരുന്നു..

പക്ഷേ കുറച്ചങ്ങോട്ട് കഴിഞ്ഞപ്പോൾ എന്തോ അവളിൽ ഒരു കള്ളത്തരം ഉള്ളതുപോലെ എനിക്ക് ഫീൽ ചെയ്യാൻ തുടങ്ങിയിരുന്നു…

ആദ്യമൊക്കെ എന്റെ തോന്നലാവും എന്ന് കരുതി ഞാൻ.. പക്ഷേ അതല്ല അവൾക്ക് എന്തൊക്കെയോ നിഗൂഢതകൾ ഉണ്ട് എന്ന് എനിക്ക് മനസ്സിലായി..

അവളുടെ സ്വരം താഴ്ത്തിയുള്ള ഫോൺ ചെയ്യലും മറ്റും, ഞാൻ ഓഫീസിലേക്ക് പോയാൽ വീട്ടിൽ ആരൊ വരുന്നുണ്ട് എന്ന് അയൽപക്കത്തു നിന്ന് അറിഞ്ഞതും എല്ലാം കൂട്ടി വായിച്ചപ്പോൾ എന്തോ എനിക്കൊരു വല്ലായ്മ തോന്നി…

ഒരുകാരണവും ഇല്ലാ എങ്കിൽ പിന്നെ വെറുതെ ആ പേരിൽ അവളെ സംശയിക്കാനും ഒരു ബുദ്ധിമുട്ട്….

അങ്ങനെയാണ് എന്റെ അടുത്ത വീട്ടിലെ സ്ത്രീ ഒരു ദിവസം എന്നോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ അവരോട് ഇനി അവിടെ ആരെങ്കിലും വരുന്നതായി കണ്ടാൽ എനിക്ക് ഫോൺ ചെയ്യാൻ വേണ്ടി പറഞ്ഞു ഏൽപ്പിച്ചത്..

ഒരു ദിവസം ഓഫീസിൽ ഇരിക്കുമ്പോൾ ഉച്ചസമയത്ത് കൃത്യമായി അവരുടെ ഫോൺ വന്നു ആരോ വീട്ടിലുണ്ട് എന്ന്.. ഞാൻ വേഗം വീട്ടിലേക്ക് പോന്നു… അവിടെ കണ്ട കാഴ്ച കണ്ടു ഞാൻ ഞെട്ടിപ്പോയി…മഹിയും അവളും.. കാണാൻ പാടില്ലാത്ത ചുറ്റുപാടിൽ…

എന്നെ കണ്ടതും ധൃതിയിൽ അവൻ അവിടുന്ന് ഇറങ്ങിപ്പോയി… എനിക്ക് കൂടുതൽ ഒന്നും അവളോട് പറയാൻ ഉണ്ടായിരുന്നില്ല.. എത്രയും പെട്ടെന്ന് അവിടെ നിന്നും ഇറങ്ങാൻ അല്ലാതെ…

പോകുന്ന വഴിക്ക് ഒരു കുമ്പസാരം പോലെ അവൾ എന്നോട് പറഞ്ഞിരുന്നു മഹിയുമായി അവൾക്ക് ആദ്യമേ ബന്ധമുണ്ട്, അവൾ അരികിലെത്താൻ വേണ്ടി മഹി ചെയ്ത പ്ലാനിങ് ആയിരുന്നത്രെ ഈ വിവാഹം….

ഒരു നല്ല സുഹൃത്തായി ധരിച്ചവൻ ഇത്തരത്തിൽ ചതിച്ചു എന്ന് അറിഞ്ഞപ്പോൾ, ആകെക്കൂടെ വല്ലാതെ തകർന്നിരുന്നു ഞാൻ..

ഇനി ഒരിക്കലും ഞങ്ങൾ തമ്മിൽ ഒരു ബന്ധം ഉണ്ടാവില്ല എന്ന് ഞാൻ തീരുമാനിച്ചു മറ്റൊന്നും എനിക്ക് ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നില്ല കാരണം പകുതി എന്റെ തെറ്റാണ് ഞാൻ മറ്റൊന്നും ചിന്തിച്ചില്ല..

അവന് അവരെ അറിയാം എന്ന് പറഞ്ഞപ്പോൾ എല്ലാം അവനു വിട്ടുകൊടുത്തു. ഒന്നും അന്വേഷിക്കാൻ നിന്നില്ല…

അവളുമായുള്ള വിവാഹബന്ധം വേർപ്പെടുത്തി…
പക്ഷേ ഒരു കാര്യം ഇത്രയും നാൾ കൊണ്ട് ഞാൻ മനസ്സിലാക്കിയിരുന്നു…

ജീവിതത്തിൽ എന്തെങ്കിലും ഒരു ദുരന്തം ഉണ്ടായാൽ അത് തന്നെയോർത്ത് ഇരുന്നാൽ ജീവിതം മുന്നോട്ടു പോകില്ല എന്ന്… അതിൽനിന്ന് സ്വയം റിക്കവർ ആയി മുന്നോട്ടു പോയേ പറ്റൂ..

എനിക്ക് സ്വയം അതിന് കഴിയാഞ്ഞ് മറ്റൊരു വിവാഹം തിരഞ്ഞെടുത്തതാണ് എനിക്കിവിടെ പറ്റിയ തെറ്റ്…

ഇപ്പോൾ അത് തിരുത്തുകയാണ്. എത്രയോ നാളുകൾ ഉണ്ടോ അത്രയും നാൾ മറ്റൊന്നിനെ പറ്റി ചിന്തിക്കാതെ മുന്നോട്ട് പോകാനുള്ള തീരുമാനം ഞാൻ എടുത്തു കഴിഞ്ഞു….

ഒരുപക്ഷേ എനിക്ക് ഉൾക്കൊള്ളാൻ ആവുമെങ്കിൽ മറ്റൊരു ജീവിതം സ്വീകരിക്കാനും…

Leave a Reply

Your email address will not be published. Required fields are marked *