മകളെ പോലും അവൻ വിൽക്കും ഇല്ലങ്കിൽ ഒരു ഭാര്യയുടെ മുഖത്തു നോക്കി ഒരിക്കലും

പെണ്ണുടൽ
രചന: Rajesh Dhibu

മീര മോളെ പുതപ്പിച്ച് അവൾ എഴുന്നേറ്റു ജനലിനരികിലെ ചാരുകസേരയിൽ വന്നിരുന്നു..

പുറത്ത് കോരിച്ചൊരിയുന്ന മഴയിലും ഓടിൻ്റെ പാത്തി വഴി ബക്കറ്റിലേയ്ക്ക് വന്നിറങ്ങുന്ന മഴയെ നോക്കി ആ ജാലകവാതിലിലൂടെ അതാസ്വദിച്ചൾ അങ്ങിനെയിരുന്നു . ചിന്തകൾ തന്നെ വീണ്ടും തളച്ചിടുകയാണ്.

ഇനിയൊരു നാളെ എനിക്കായ് പിറക്കുമോ..? ശരീരത്തിൻ്റേയും മനസ്സിൻ്റേയും ഭാരമൊഴിഞ്ഞ ഒരു ദിനം ..
നാളെ രാവിലെ രശ്മിയെ പോയി കാണണം.!!

ജീവിതത്തിലെ ഒരദ്ധ്യായം അവസാനിക്കുവാൻ പോകുന്നു… അഞ്ചാറു വർഷം പ്രണയിച്ചു കൂടെയിറങ്ങി വന്നവൻ തന്നെ പ്രതികാരദാഹവുമായ് മുന്നിൽ നിൽക്കുമ്പോൾ സ്വന്തം ചോരയിൽ പിറന്ന മകളയെങ്കിലും എനിക്കു

രക്ഷപ്പെടുത്തണം… ഇടയ്ക്കു കയറി വന്ന മിന്നലിൻ്റെ വെളിച്ചത്തിൽ അവൾ ആ ടിവിയുടെ മുകളിൽ വച്ചിരുന്ന വിവാഹ ഫോട്ടോ ഒന്നു നോക്കി.. ഒപ്പം നീ കണ്ണീരു കുടിക്കുമെന്ന അച്ഛൻ്റ വാക്കുകളും..
ആരുടെ ഭാഗത്താണ് പിഴവു സംഭവിച്ചത് .. അവൻ്റെ ആഗ്രഹങ്ങൾക്കൊത്ത് ജീവിക്കാതിരുന്നതാണോ തനിക്കു പറ്റിയ തെറ്റ്..

ഏതൊരു പെണ്ണും സഹിക്കാവുന്ന തിലധികം ഞാൻ സഹിച്ചു. ഇനിയെനിക്ക് അതിനു കഴിയില്ല. ഇന്നല്ലങ്കിൽ നാളെ അതും സംഭവിക്കും സ്വന്തം മകളെ പോലും അവൻ വിൽക്കും ഇല്ലങ്കിൽ ഒരു ഭാര്യയുടെ മുഖത്തു നോക്കി ഒരിക്കലും

അവൻ അങ്ങിനെ ചോദിക്കില്ലായിരുന്നു .. ഓർക്കുന്തോറും അവളുടെ നെഞ്ച് പൊട്ടി പിളരുന്നതുപോലെ അവൾക്ക് തോന്നി..
ചുടുകണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങിയത് തുടച്ചു കൊണ്ടവൾ ഒന്നുമറിയാതെ കിടന്നുറങ്ങുന്ന മീര

മോളെ കെട്ടിപ്പിടിച്ചു കിടന്നു…
ആ കവിളിൽ ഒരുമ്മ നൽകി കൊണ്ടവൾ പറഞ്ഞു.മോൾക്ക് അമ്മയുണ്ട് അമ്മ മാത്രം മതി..
അച്ഛൻ ചീത്തയാണ് ..

പിറ്റേന്ന് മീരയെ സ്കൂളിൽ പറഞ്ഞയച്ചതിനു ശേഷം അവൾ രശ്മിയുടെ വീട്ടിലേയ്ക്ക് തിരിച്ചു…
പടി കടന്നു വരുന്ന സൂര്യയെ കണ്ടതിനാലാകണം രശ്മി വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയത്..

വരൂ സൂര്യ നമുക്ക് ഓഫീസിലേയ്ക്ക് ഇരിക്കാം.
സൂര്യ തലയാട്ടിക്കൊണ്ടവരെ അനുഗമിച്ചു.
ഓഫീസ് മുറിയിലെ കണ്ണാടി കൂട്ടങ്ങളിലെ വലിയ പുസ്തകളിൽ കണ്ണോടിച്ചിരുന്ന സൂര്യയെ തോളിൽ തട്ടി. രശ്മി ആശ്വസിപ്പിച്ചു ..
താൻ പേടിക്കല്ലടോ…

പിന്നെ “എൻ്റെ ആത്മമിത്രത്തിന് ഒരു വിഷമം വന്നാൽ കൂടെ നിൽക്കാതെ കണ്ണടക്കുന്ന ദുഷ്ടയൊന്നുമല്ലടോ ഞാൻ കറുത്ത കോട്ടണിഞ്ഞു എന്നതുകൊണ്ട് മനസാക്ഷിയില്ലാത്തവളെന്ന് മുദ്ര കുത്തല്ലേ സൂര്യേ..”

ചിരിച്ചു കൊണ്ട് രശ്മി പറഞ്ഞു തുടങ്ങിയപ്പോൾ സൂര്യ’ പ്പൊട്ടികരയുകയായിരുന്നു ..താൻ ആദ്യമൊന്ന് ഈ കരച്ചിൽ നിറുത്തു ..

ഈ കരച്ചിൽ ആണ് പെണ്ണുങ്ങളുടെ ബലഹീനത അതിൽ ‘ മുങ്ങി കുളിച്ച് ആണുങ്ങൾ വീണ്ടും ഉയർത്തെഴുന്നേൽക്കും

താൻ ഇന്നലെ വിളിച്ചപ്പോൾ സത്യത്തിൽ എനിക്ക് ആശ്ചര്യമാണ് തോന്നിയത്..
സൂര്യയും കിരണും എന്നു പറയുമ്പോൾ കോളേജ് കാമ്പസ് ഇളക്കിമറിച്ച പ്രണയമായിരുന്നല്ലോ..

താൻ ഇങ്ങിനെ ഒരു തീരുമാനമെടുക്കുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിരുന്നതല്ല അതാണ് നാളെ സംസാരിക്കാമെന്ന് പറഞ്ഞത് ..പറയൂ.എന്താണ് തൻ്റെ പ്രശ്നം.

രശ്മി പറഞ്ഞ് പൂർത്തിയാക്കുന്നത്തിനു മുൻപായി തന്നെ സൂര്യ തൻ്റെ കയ്യിൽ മടക്കി പിടിച്ചിരുന്ന എഴുത്ത് അവർക്കു നേരെ നീട്ടി..

പറയുവാനെൻ്റെ നാവു കൂച്ചുന്നു .. എനിക്കു പറയുവാനുള്ളതല്ലാം ഇതിൽ എഴുതിയിട്ടുണ്ട് ..

വേദനയോടെ സൂര്യ അപ്രകാരം പറഞ്ഞ പ്പോൾ രശ്മി ആ കണ്ണുകളിലേയ്ക്ക് സൂക്ഷിച്ചു നോക്കി.. ഉറക്കമില്ലാതെ ഉണർന്നിരുന്ന മിഴികളിൽ വിതുമ്പാൻ തയ്യാറായി നിൽക്കുന്ന നീർ മുത്തുകൾ മാത്രം..

മറുപടി പറയാൻ വാക്കുകൾ തേടിയപ്പോഴെല്ലാം ഇരുട്ടിൻ്റെ മൂടുപടലം സൃഷ്ടിച്ച സൂര്യയുടെ കണ്ണുനീർ തുള്ളികൾ രശ്മിയെ തടഞ്ഞു നിറുത്തി കൊണ്ടിരുന്നു.

രശ്മി തിടുക്കത്തിൽ ആ എഴുത്ത് പൊട്ടിച്ചു വായിച്ചു.നിൻ്റെ മിഴിക്കോണിലെപ്പോഴും പ്രണയമാണന്ന് പറയാറുള്ള രശ്മിക്ക് സൂര്യ എഴുതുന്നത് ..

ഇന്ന് എൻ്റെ പ്രണയമല്ല മറിച്ച് ഭയമാണെനിക്ക് എല്ലാത്തിനേയും . എന്നെയോർത്തല്ല എൻ്റെ കുഞ്ഞിനെയോർത്ത്..

ഇന്നല്ലങ്കിൽ നാളെ മരണം എന്നെ തേടി വരുമെന്നനിക്കറിയാം. എൻ്റെ മോൾക്ക് നീതി ലഭിക്കണം’അവൾ സുരക്ഷിതയായിരിക്കണം ..

ആറു വർഷം അവൻ്റെ പിന്നാലെ പട്ടിയെ പോലെ അലഞ്ഞു നടന്നതിനു. ഞാനിന്നു അനുഭവിക്കുന്നു ..

അച്ഛൻ്റേയും അമ്മയുടേയും വാക്കു നിഷേധിച്ചു അവൻ്റെ കൂടെയിറങ്ങിപ്പോയ ഞാനിന്ന് നിൻ്റെ മുന്നിൽ മുട്ടികുത്തി നിന്ന് കേഴുന്നുഎൻ്റെ പൊന്നു മോൾ.. അവളെ രക്ഷിക്കണം.

നടന്നതെന്തന്ന് ഞാൻ പറയാം..ഏറ്റുമാനൂരമ്പലത്തിൽ താലി കെട്ടി ഞങ്ങൾ നേരേ പോയത് അവൻ നേരത്തേ പറഞ്ഞുറപ്പിച്ചിരുന്ന വാടക വീട്ടിലേയ്ക്കാണ്..

ചുറ്റുപാടു പോലും ഒരു വീടില്ലാതെ.. ജനവാസം കുറഞ്ഞ ഒരു സ്ഥലംതികച്ചും ഒറ്റപ്പെട്ട ഒരു വീട്..

എനിക്ക് അവൻ മാത്രമായിരുന്നു എല്ലാം. സ്വപ്നം കണ്ട ജീവിതം കൈവെള്ളയിലൊതുക്കിയ അഹങ്കാരത്തിൽ അച്ഛനേയും അമ്മയേയും ഞാൻ ഓർത്തതേയില്ല

ഒരിക്കൽ അച്ഛൻ എന്നെ തേടിപ്പിടിച്ചു കാണുവാൻ വന്നു..കൂട്ടികൊണ്ടു പോകുവാൻ അച്ഛൻ തയ്യാറായിരുന്നു.

അന്ന് അച്ചനെയവൻ തെരുവുപ,ട്ടി,യെ പോലെ അടിച്ചിറക്കി . നിസ്സഹായയായ് അത് നോക്കി നിൽക്കാനെ തനിക്കന്ന് കഴിഞ്ഞുള്ളു. ഞാൻ വേണോ. അച്ഛൻ വേണോ എന്ന അവൻ്റെ ചോദ്യത്തിന് മുന്നിൽ അവൻ്റെ കയ്യിൽ ചേർത്തു പിടിക്കാനെ എനിക്കന്ന് കഴിഞ്ഞുള്ളൂ..

അന്നച്ഛൻ കരഞ്ഞുകൊണ്ടിറങ്ങിപ്പോയപ്പോൾ ഒന്നേ പറഞ്ഞുള്ളൂ..നീ കണ്ണീരു കുടിക്കും മോളേ..

ആ ശാപം തന്നെ കത്തിച്ചു ചാമ്പലാക്കുമെന്ന് ഞാൻ കരുതിയില്ല..ആദ്യമെല്ലാം സന്തോഷകരമായിരുന്നു ഞങ്ങളുടെ ജീവിതം.ആ ജീവിതയാത്രയിൽ ഞങ്ങൾക്കൊരു ഉണ്ണി പിറന്നു.മീര

മോളുടെ വരവോടെ അവനെ ഞാൻ സ്നേഹിക്കുന്നില്ല എന്നു പറഞ്ഞു അടിക്കടി എന്നെ കുറ്റപ്പെടുത്തി തുടങ്ങി .. എല്ലാ ഭർത്താക്കാൻ മാരുടെയും സ്വാർത്ഥതയാണെന്ന് കരുതി ഞാനതിനെ നിസ്സാരവൽക്കരിച്ചു തള്ളി കളഞ്ഞു .മോളുടെ പിറന്നാളിന് കൂട്ടുകാരെയെല്ലാം ക്ഷണിച്ചപ്പോൾ അവനും അതു വളരെ സന്തോഷമുള്ള കാര്യമായിരുന്നു ..

അന്നു രാത്രിയാണ് എൻ്റെ ജീവിതത്തിലെ ആദ്യത്തെ പ്രഹരം ഞാനേറ്റുവാങ്ങിയത്..ആ വാക്കുകൾ എന്നെ ചുട്ടുപ്പൊള്ളിച്ചുകൊണ്ടിരുന്നു..

മീര മോൾ എൻ്റെ തന്നെയാണോ ടീ എന്ന ചോദ്യം.അതിനയാൾ നിരത്തിയ കാരണം ഏതൊരു പെണ്ണും സഹിക്കാവുന്നതിലപ്പുറമാണ്..

നിൻ്റെ കൂടെ പഠിച്ച ആകാശിന് നുണക്കുഴിയുണ്ടല്ലോ..ഞാനറിയാതെ അവനെങ്ങാനും നിൻ്റെ കൂടെ കിടന്നോടിയെന്ന് ..

കോളേജിൽ പഠിക്കുമ്പോൾ ആകാശിന് എന്നോട് ഒരിഷ്ടമുണ്ടായിരുന്നു എന്നുള്ളത് സത്യമാണ്.. എന്നാൽ എൻ്റെ മനസ്സും ശരീരവും സ്പർശിച്ചത് കിരൺ മാത്രമായിരുന്നു.

ആ സംഭവത്തിനു ശേഷം ദിവസങ്ങളോളം ഞങ്ങൾ പിണങ്ങി ഒരു വീട്ടിൽ കഴിച്ചുകൂട്ടി..

കിടപ്പറ സുഖം നിഷേധിക്കപ്പെട്ടയവൻ തന്നെയാണ് സോറി പറഞ്ഞു കൊണ്ട് വീണ്ടും എൻ്റെയടുക്കൽ അടുത്തുകൂടിയത്..

ഞാനൊരു തമാശ പറഞ്ഞതാണന്ന് പറഞ്ഞ് എന്നെ സമാധാനിച്ചപ്പോൾ പൊട്ടിയായ ഞാൻ ആ വാക്കുകളെ വിശ്വസിച്ചു .. പിന്നീടങ്ങോട്ട് അവൻ എന്നിൽ നിന്ന് ചെറുതായി അകലുന്നതു പോലെ എനിക്കു തോന്നി..

കിടപ്പറയിൽ അവൻ ഒരു കുറവും വരുത്തിയിരുന്നില്ല.’കുടുംബഭാരം തലയിലായതിൻ്റെ ടെൻഷനാകുമെന്ന് കരുതി ഞാനും സമാധാനിച്ചു.. എൻ്റെ ആകെയുണ്ടായിരുന്ന ഒരു വിനോദമെന്ന് പറയുന്നത് കൂട്ടുകാരികളുമൊത്ത് സംസാരിക്കലാണ് നിനക്കും അറിയാവുന്ന സത്യം .

ഇതല്ലൊം അവനും അറിയാവുന്ന കാര്യങ്ങളായിരുന്നു.കൂട്ടുകാരികളുടെ വീട്ടിൽ എന്തെങ്കിലും വിശേഷമുണ്ടാകുമ്പോൾ ലീവെടുത്തു എന്നെയും കൂട്ടിക്കൊണ്ടു പോകുമായിരുന്നു …

നിൻ്റെ ഇഷ്ടങ്ങൾക്കു അനുസരിച്ചു ജീവിക്കുന്ന ഭർത്താവിനെ കിട്ടിയത് നിൻ്റെ ഭാഗ്യമെന്ന് അവരെല്ലാവരും വാനോളം പുകഴ്ത്തുമ്പോൾ ഞാനും അതിൽ അഹങ്കരിച്ചിരുന്നു..

എന്നാൽ ഇതെല്ലാം അവൻ്റെ മാത്രം ഇഷ്ടങ്ങളായിരുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്.

ഒരിക്കൽ അവൻ്റെ മൊബൈലിൽ ഞാനതിനുള്ള തെളിവുകളും കണ്ടത്തിഒരോ . പരിപാടികളിലും അവൻ എടുത്തിരുന്ന വീഡിയോകളിൽ എൻ്റെ കൂട്ടുകാരികളുടെ മേനിയഴക് വരച്ചുകാട്ടിയിരുന്നു.

തലയില്ലാത്തതും തലയുള്ളതുമായ ആൾരൂപങ്ങളിലെ കേന്ദ്ര ബിന്ദുക്കളെ മാത്രം ഒപ്പിയെടുത്ത വീഡിയോകൾഅന്ന് ആ മനുഷ്യനോട് ആദ്യമായ് വെറുപ്പു തോന്നി തുടങ്ങി

അന്ന് ഒരു മാംസപിണ്ഡത്തെ പ്രാപിക്കുന്ന ആവേശത്തിൽ എന്നിലെ ഊർജഞ്ഞെതല്ലിക്കെടുത്തിക്കൊണ്ടയാൾ എഴുന്നേറ്റപ്പോൾ ഞാനിക്കാര്യം അവനോട് ചോദിച്ചു…

അതെല്ലാം ഒരു രസമല്ലടി ആ കാഴ്ചകളല്ലേ .. ദിനവും നിന്നിൽ ചൊരിയുന്ന അമൃത വർഷമെന്ന് നിസാരമട്ടിൽ അയാൾ പറഞ്ഞൊഴിഞ്ഞപ്പോൾ സത്യത്തിൽ ഞാൻ അയാൾക്കൊരു വേശ്യ മാത്രമാണന്ന് മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.

പിന്നീടുള്ള ദിവസങ്ങളിൽ കണ്ണീർ തൂവാതെ ഒരു ദിവസം പോലും ഞാൻ അയാൾക്കു വേണ്ടി തുണിയു രിഞ്ഞിട്ടില്ല .ഇരുട്ടിൽ എൻ്റെ തേങ്ങൽ കാണുവാൻ അയാൾ ശ്രമിക്കാറുമില്ലായിരുന്നു ..

ഒരോ ദിവസങ്ങളിലും ഒരോ കൂട്ടുകാരികളുടെ ശരീരഭാഗങ്ങളുടെ അളവു പറഞ്ഞു അയാൾ എന്നിൽ പടർന്നു കയറുമ്പോൾ തൻ്റെ ശരീരത്തിൽ പുഴുവരിക്കുന്നതു പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്..

ആർത്തവ ദിവസങ്ങളിൽ പോലും വെറുതെ വിടാതെയെന്നെ ചിത്രവധം ചെയ്യുമ്പോൾ മുൾവേലിക്കിടയിൽപ്പെട്ട മാൻ കുട്ടിയെ പോലെ ഞാൻ കിടന്നു പിടയുമായിരുന്നു ..

എല്ലാം എൻ്റെ വിധി എൻ്റെ മകൾക്ക് അച്ഛനെ വേണം എന്ന ഒറ്റ കാരണത്താൽ ആരോടും പറയാതെ എല്ലാം എൻ്റെ മനസ്സിലൊതുക്കി നാളുകൾ കഴിച്ചുകൂട്ടി…

ഇടയ്ക്ക് ജോലിത്തിരക്കു കാരണം രാത്രിയിൽ വരാൻ സാധിക്കില്ല എന്നു പറയുമ്പോൾ ആ രാത്രിയെ ഞാൻ സ്വർഗ്ഗതുല്യം കാണുമായിരുന്നു ..

ഒരു രാത്രിയെങ്കിലും മനസ്സമാധാനത്തോടെ ഉറങ്ങാൻ കഴിയുമെന്നുള്ള സന്തോഷം

എന്നാൽ ആ രാത്രികളും അവൻ്റെ ക്രൂര പീഡനങ്ങങ്ങൾ തന്നെ ഓർമ്മകളിൽ വേദനിപ്പിച്ചു കൊണ്ടിരുന്നു..

തിരുവനന്തപുരത്ത് ഹെഡ് ഓഫീസിൽ പോയ് വന്നതിനു ശേഷമാണ് അവനിൽ ഞാൻ മാറ്റങ്ങൾ കണ്ടുതുടങ്ങിയത്..

എന്നോട് പതിവില്ലാത്ത സ്നേഹം എനിക്കും മകൾക്കും പുതിയ തുണികൾ സിനിമ ബീച്ച് .. എന്നിങ്ങനെ സന്തോഷം നൽകുന്ന ദിനങ്ങളായിരുന്നു.

സ്നേഹത്തോടെയും ബഹുമാനത്തോടെയുമുള്ള സംസാരം ,അടുക്കളയിൽ ഞാൻ പറയാതെ തന്നെ സഹായിക്കാൻ കൂടുന്നു. സ്നേഹിക്കാൻ മാത്രമറിയാവുന്ന എനിക്ക് അറിയില്ലായിരുന്നു ..

അതിന്റെ പിന്നിലെ ഗൂഡാലോചന.കൊഞ്ചി കുഴയുന്ന സമയങ്ങളിൽ ഇടയ്ക്ക് അയാൾഎൻ്റെ ഫോണെടുത്ത് പലർക്കും വിളിക്കാറുണ്ടായിരുന്നു.

പരിചിതമില്ലാത്ത നമ്പറിൽ നിന്ന് തിരിച്ചു വരുന്ന മറുപടികൾക്ക് പലതിനും ഞാൻ മറുപടി കൊടുക്കാറില്ലായിരുന്നു.

മറുപടിയിൽ ചിലരൊക്കൊ അശ്ലീലമായി സംസാരിക്കുവാൻ തുടങ്ങിയപ്പോൾ ഞാൻ അയാളെ എൻ്റെ ഫോണിൽ നിന്ന് കോൾ വിളിക്കുന്നതിൽ നിന്നു വിലക്കിയത്.. പ്രശ്നങ്ങളെ സൃഷ്ടിക്കേണ്ട എന്നുള്ള തീരുമാനത്തിൽ.

അതെല്ലാം അയാൾ തുടങ്ങി വെച്ച തെരുവുനാടകത്തിൻ്റെ തുടക്കമാണന്ന് സത്യത്തിൽ ഞാൻ അറിഞ്ഞിരുന്നില്ല..

അതിനു ശേഷമാണ് അയാൾ കുറച്ചും കൂടി ചീത്തയാകുവാൻ തീരുമാനിച്ചത്. ഇടയ്ക്ക് കൂടെ ജോലി ചെയ്യുന്നവരാണ് എന്നു പറഞ്ഞു ഒരോരുത്തരെ വീട്ടിൽ കൊണ്ടുവരാൻ തുടങ്ങി.

ഇടയ്ക്ക് അവർ കുടുംബവുമായി വന്നപ്പോൾ ആതിഥ്യ മര്യാദയനുസരിച്ച് അവരെ ഞാൻ വേണ്ടുവോളം സൽകരിച്ചു… ആ സൽക്കാരത്തിൽ അയാൾ എന്നെ മാത്രമാണ് ശ്രദ്ധിച്ചത് എൻ്റെ വാക്കുകളേയും നോട്ടങ്ങളേയും അയാൾ ഒളികണ്ണിട്ട് ശ്രദ്ധിക്കുന്നത് ഞാനറിഞ്ഞിരുന്നില്ല

അന്നു രാത്രി അയാളിലെ കാ,മ സർപ്പം വീണ്ടും സടകുടഞ്ഞെഴുന്നേറ്റു..ഏതൊരു ഭാര്യയും കേൾക്കാൻ ആഗ്രഹിക്കാത്തത് അന്ന് അയാളുടെ വായിൽ നിന്ന് ഞാൻ കേട്ടു .. ഇന്ന് വന്നവന് നിന്നെ ഭയങ്കര ഇഷ്ടമായിന്ന്

അവന് നിൻ്റെ കൂടെയൊന്ന് കിടക്കണം. കൂട്ടത്തിൽ ഞാനും അവൻ്റെ പെണ്ണും നല്ല രസമായിരിക്കുമല്ലേടീ..
എനിക്ക് ആ മനുഷ്യനോട് അറപ്പു തോന്നി..

ആ മനുഷ്യനോട് മറുപടി പറയാൻ നിൽക്കാതെ സ്വന്തം മോളെക്കുറിച്ചു പോലും ഓർക്കാതെ ഞാനന്ന് ആ കടുംകൈ ചെയ്തു

മരിക്കണമെന്നുദ്ദേശ്ശിച്ചു തന്നെയാണ് കൈ മുറിച്ചത് എന്നാൽ ദൈവം എൻ്റെ കണ്ണുനീർ കണ്ടില്ല ..

വീണ്ടും ശാപങ്ങൾ അനുഭവിച്ചു തീർക്കുവാൻ വേണ്ടി. അയാളിലേക്ക് തന്നെ പറഞ്ഞു വിട്ടു..

ഒരേ വീട്ടിലെ പരസ്പരം സംസാരിക്കാതെ ഞാൻ ദിവസങ്ങൾ കഴിച്ചുകൂട്ടി… എന്നിലെ അവസാന തുളളി ചോരയും ഊറ്റി കുടിക്കുവാനായിരിക്കും അന്ന് അയാൾ അപ്രകാരം ചെയ്തത്.. ഒരു പക്ഷേ ഞാൻ കേൾക്കുന്നണ്ടെന്നയാൾ അറിഞ്ഞിരിക്കണം.

ജീവനുള്ള ഇരയെ ആണല്ലോ സിംഹത്തിനു കടിച്ചുകീറുവാൻ ഏറ്റവും ഇഷ്ടം

തൻ്റെ ഫോണിൽ വിളിച്ചു പറയുന്നത്. അഗ്നി ശരം തുളച്ചുകയറുന്നതു പോലെയാണ് എൻ്റെ കാതിൽ വന്നു പതിച്ചത്.

ഇന്ന് രാത്രി ഞാനുണ്ടാകില്ല. നീയെങ്ങിനെയെങ്കിലും അവളെ കീഴ്പ്പെടുത്തി കാര്യം സാധിച്ചെടുക്കണം. ഒരിക്കൽ കുഴിയിൽ വീണാൽ പിന്നീടുള്ള കാര്യങ്ങൾ നമ്മൾ വിചാരിച്ചതു പോലെ നടക്കും.

തിരിഞ്ഞു പോലും നോക്കാതെ അയാൾ പടിയിറങ്ങി പോയപ്പോൾ അന്നാദ്യമായി അയാൾ തിരച്ചു വരരുതേയെന്ന് എന്ന് ഞാൻ മനസ്സുകൊണ്ടാഗ്രഹിച്ചു.

ഇനിയൊരു പരീക്ഷണത്തിനു മുതിരാതെ ഞാൻ എൻ്റെ കുഞ്ഞിനെയും എടുത്തിറങ്ങി..

ഇപ്പോൾ നിർമ്മല ഏർപ്പാടു ചെയ്തു തന്ന ഒരു വാടക വീട്ടിലാണ് താമസം.എനിക്ക് പേടിയുണ്ട് അയാൾ തീർച്ചയായും എന്നെ കണ്ടു പിടിക്കും.

അതിനു മുൻപ് നിയമത്തിൻ്റെ വഴിയിലൂടെ എനിക്ക് സ്വതന്ത്രയാകണം….നിനക്കു മാത്രമേ .. എന്നെ രക്ഷിക്കുവാൻ കഴിയുള്ളൂ.അകമഴിഞ്ഞ വിശ്വാസത്തോടെ..സൂര്യ…

അതു വായിച്ചു തീർന്നപ്പോർ തൻ്റെ കണ്ണുനീർത്തുള്ളികൾ ആ അക്ഷരങ്ങളെ നനയിച്ചു കൊണ്ട്‌ ഉതിർന്നു വീഴണതു രശ്മി അറിഞ്ഞിരുന്നില്ല …

ആകാംഷയോടെ തന്നെ യുറ്റുനോക്കുന്ന സൂര്യയുടെ കണ്ണിലേക്ക് ഒന്നു നോക്കി.. അതിൽ അപേക്ഷയുടെ പ്രതിരൂപങ്ങൾ തനിക്കു കാണാൻ കഴിയുന്നു.സൂര്യയോടെന്തു പറയുമെന്നറിയാതെ വാക്കുകൾക്കായ് അവൾ അലഞ്ഞു:

നിമിഷങ്ങൾ മൗനത്തിനു വഴിമാറിയപ്പോൾ രശ്മി തൻ്റെ ഔദ്യോഗിക കർത്തവ്യത്തിലെത്തിച്ചേർന്നു.

നോക്കൂ സൂര്യ.. ഈ കേസ് വളരെ വ്യതസ്തമായ ഒന്നാണ്..നിയമത്തിൻ്റെ ഭാഗത്തു നിന്ന് നോക്കുമ്പോൾനമ്മുടെ പക്കൽ നിരത്തുവാൻ ഒരു പാട് തെളിവുകൾ വേണം’

തെളിവുകൾ മുഴുവനും കിരണിൻ്റെ കൈവശമായതു കൊണ്ട് അതു നമുക്ക് എത്രത്തോളം പ്രയോജനകരമാകുമെന്ന് ഇപ്പോൾ പറയുവാൻ സാധിക്കില്ല.

ഒരു പക്ഷേ എല്ലാം അറിഞ്ഞതിനു ശേഷം ഇനി അവൻ തെളിവുകൾ നശിപ്പിക്കുകയാണങ്കിൽ ഈ വിവാഹമോചനം ഒരു പക്ഷേ ഇനിയും നീണ്ടു പോയേക്കാം..

സൂര്യ സമാധാനമായിട്ടിരിക്കു
എൻ്റെ എല്ലാ കഴിവുകളുപയോഗിച്ചു സൂര്യയ്ക്ക് നീതി ഞാൻ വാങ്ങിത്തരും.

അസ്തമയ സൂര്യനെ നേരിൽ കണ്ടതുപോലെ തൊഴുകൈകളോടെ സൂര്യ എഴുന്നേറ്റപ്പോൾ ആശ്വാസവാക്കു പോലും പറയാൻ രശ്മി മറന്നു പോയിരുന്നു.

നിയമത്തിൻ്റെ വേലിക്കെട്ട് തനിക്കു മേലെ അണിയിച്ചു നൽകിയ കറുത്ത വസ്ത്രത്തിനകത്തുള്ള ഹൃദയമെന്ന വസ്തു വല്ലാതെ ഇടിക്കുന്നുണ്ടായിരുന്നു.

സൂര്യയുടെ തൊഴുകൈയിൽ ചേർത്തുപിടിക്കാൻ തുടങ്ങുമ്പോഴേക്കും തിരിഞ്ഞു പോലും നോക്കാതെ ആ കാല്പാദങ്ങൾ പടി കടന്നിരുന്നു..

ചിന്തകൾ വഴിയറിയാതെ അലയുകയാണ്. പ്രതീക്ഷകളെല്ലാം ചോദ്യചിഹ്നമായി തൻ്റെ മുന്നിൽ നോക്കുകുത്തികളായിരിക്കുന്നു ..

എന്തോ തീരുമാനിച്ചുറപ്പിച്ചതു പോലെ സാരിത്തലപ്പു കൊണ്ട് മുഖം തുടച്ചുകൊണ്ടവൾ വീട്ടിലേയ്ക്ക് നടന്നു.

ഉമ്മറപ്പടിയിൽ അച്ഛൻ്റെ മടിയിലിരുന്ന് കളിക്കുന്ന മീരയെ കണ്ടപ്പോൾ അവളൊന്നമ്പരന്നു.

അവൾപ്പൊട്ടി കരഞ്ഞുകൊണ്ട് ആ കാലിലേക്ക് വീണു.അച്ഛാ മാപ്പ്അവളെ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ട്. അവളുടെ കണ്ണുനീർ തുടച്ചു കൊണ്ടയാൾ തുടർന്നു.

എല്ലാം ഞാനറിഞ്ഞു.. ചെയ്തു പോയത് തെറ്റാണന്ന് നിനക്ക് ബോധ്യമായെങ്കിൽ നിനക്ക് വരാം ആ പടിപ്പുര വാതിൽ തുറന്നു തന്നെ കിടപ്പുണ്ട് … നിന്നെയും കാത്ത് നിറമിഴികളോടെ കാത്തിരിക്കുന്ന ഒരാളുണ്ട് അവിടെ നിൻ്റെയമ്മ..അച്ഛാ..

നിൻ്റെ വിളി ഞാൻ കേൾക്കണമെങ്കിൽ ഞങ്ങളുടെ പഴയ സൂര്യയായി നീവരണം. എല്ലാ ബന്ധങ്ങളുമുപേക്ഷിച്ച് ..മീര മോളെ ഞാൻ ഇപ്പോൾ കൊണ്ടു പോകുന്നു.

തൻ്റെ മറുപടിക്ക് കാത്തു നിൽക്കാതെ പടിയിറങ്ങി പോകുന്ന അച്ഛൻ എന്നെയും ഒന്നു കൂട്ടിയിരുന്നെങ്കിലെന്ന് വെറുതെ അവൾ ആശിച്ചു പോയി..

തനിക്ക് പോകാനുള്ള സമയമായിട്ടില്ല. തീരുമാനമെടുക്കേണ്ട നേരം അടുത്തിരിക്കുന്നു ..

അവൾ ഫേണെടുത്ത് കിരണിനെ വിളിച്ചു.. എവിടെ നിന്നോ ലഭിച്ച ആത്മധൈര്യത്തിൻ്റെ നിഴലിൽ അവൾ പറഞ്ഞു.

എനിക്കു സമ്മതമാണ് നിൻ്റെ ആഗ്രഹങ്ങൾക്കൊത്തു ജീവിക്കുവാൻ ഇന്ന് എനിക്കു തുടങ്ങണം എൻ്റെ രണ്ടാം ജൻമം.

ഇന്ന് നമ്മുടെ രണ്ടാം ജൻമത്തിൻ്റെ ആദ്യരാത്രിയാണ് അതുകൊണ്ട് നീയും ഞാനും മാത്രമായുള്ള ഒരു രാത്രി ..ഞാൻ കാത്തിരിക്കും..

നെഞ്ചുരുകുന്ന വേദനയിലും ആ വാക്കുകൾ പറഞ്ഞവസാനിപ്പിച്ചപ്പോൾ തൻ്റെ പഴയ കിരണിനെ അവൾ മനസ്സിലൊന്നോർത്തു ..

ആ കിരൺ മരിച്ചു പോയിരിക്കുന്നു ..
ഇന്നുള്ളത് അവൻ്റെ ദുരാത്മാവാണ്.
അവൻ ഈ സമൂഹത്തിൻ്റെ ശാപമാണ്..

ഒരു ഭ്രാന്തിയെ പോലെ അവൾ ആരോടെന്നില്ലാതെ പുലമ്പികൊണ്ടിരുന്നു.

അവൾ അകത്തു പോയി ചൂടുവെള്ളത്തിലൊന്നു കുളിച്ചു. തൻ്റെ വിവാഹസാരിയെടുത്തുടുത്തു.തിരുനെറ്റിയിൽ സിന്ദൂരമണിഞ്ഞു ചന്ദനപൊട്ടുകുത്തി. കൺമഷിയെഴുതി. അവൻ്റെ മാത്രം വേശ്യയായി ആ ഉമ്മറപ്പടിയിൽ അവനു വേണ്ടി കാത്തിരുന്നു..

അവളുടെ പ്രതീക്ഷകൾ തെറ്റിയില്ല… അസ്തമയ സൂര്യൻ നിഴലിനെ ഒന്നിപ്പിക്കുന്ന സമയത്ത്

ഇരുട്ടിനെ സ്നേഹിച്ചിരുന്ന തൻ്റെ ഭർത്താവ് പുഞ്ചിരിക്കുന്ന മുഖവുമായ് കടന്നു വരുന്നു.

അവൻ അവളെ ചേർത്തു പിടിച്ചു. കൊണ്ട് അകത്തേക്ക് കൂട്ടി.. അവൻ പറയുന്നതിനെല്ലാം അവൾ ചിരിച്ചു കൊണ്ടു തലയാട്ടി..

തൻ്റെ ന,ഗ്ന,ശരീരത്തിലവൾ നൽകിയ ഒരോ ചുംബനവും തൻ്റെ അന്ത്യചുംബനമാണന്നവൻ അറിഞ്ഞിരുന്നില്ല.അവളുടെ അധരങ്ങൾ കഴുത്തിൽ വലയം വയ്ക്കുന്നതിൽ ആനന്ദംകൊണ്ടിരുന്ന അതേ സമയത്തായിരുന്നു ..

എനിക്ക് ജീവിക്കണം നീയില്ലാതെ ഈ ലോകത്ത് എന്ന്പറഞ്ഞു കൊണ്ടവൾ ആ കണ്oങ്ങളെ കത്തി കൊണ്ട് രണ്ടായി പിളർത്തിയത്‌..

നിൻ്റെ ശിക്ഷയിതാണ്. ഞാൻ വിധിച്ചിരിക്കുന്നു. സമൂഹത്തിൽഭർത്താവിനു ഭാര്യയുടെ മേലുള്ള കാമ പീഡനത്തിന് കേസില്ലപോലും ,തെളിവു വേണം പോലും എന്നെ പോലെ നീറി ജീവിക്കുന്ന ഭാര്യമാർക്ക് അവർ തന്നെയാണ് നീതിദേവത ..

ഇനി എനിക്കൊന്നുറങ്ങണം എല്ലാം മറന്നൊന്നുറങ്ങണം അവൾ ഭ്രാന്തിയെ പോലെ അട്ടഹസിച്ചു. മരണം തൂക്കുകയറുമായ് മുന്നിൽ വന്ന് നിന്നില്ലെങ്കിൽ ഞാൻ തിരിച്ചുവരും എൻ്റെ മകളുടെ അടുത്തേക്ക്..

 

Leave a Reply

Your email address will not be published. Required fields are marked *