(രചന: രജിത ജയൻ)
“ഛെ… നിനക്ക് നാണമില്ലേ നീനേ ഒരു പുരുഷൻ്റെ മുന്നിൽ നിന്നു ഡ്രസ്സ് മാറ്റുവാൻ..?
“ഞാനെന്തിന് നാണിക്കണം ജീവാ..ഞാൻ നില്ക്കുന്നത് എൻ്റെ റൂമിൽ എൻ്റെ സ്വന്തം ഭർത്താവിൻ്റെ മുന്നിൽ ആണ് അല്ലാതെ അന്യ പുരുഷൻ്റെ മുന്നിൽ അല്ല..
നീന പറഞ്ഞതു കേട്ട് ജീവനവളുടെ മുഖത്തേക്ക് ദേഷ്യത്തിൽ നോക്കി”നാണവും മാനവുമില്ലാത്ത നിന്നോടൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല ,നീ തുണി മാറ്റുവോ ഇടാതെ നടക്കുവോ എന്തു വേണേലും ചെയ്യ് ..
ദേഷ്യത്തിൽ പറഞ്ഞു കൊണ്ടവനാമുറിയിൽ നിന്നിറങ്ങി പുറത്തേക്ക് നടക്കുന്നത് നീനയൊരു ചിരിയോടെ നോക്കി നിന്നു
“ജീവന് എന്തു പറ്റി മോളെ ?
എന്തൊക്കെയോ പറഞ്ഞു കൊണ്ട് ഇറങ്ങി പോവുന്നത് കണ്ടല്ലോ?
”നിങ്ങൾ തമ്മിൽ വഴക്കു നടന്നോ ?ദേഷ്യത്തിലുള്ള ജീവന്റെ ഇറങ്ങി പോക്ക് കണ്ട് അവന്റെ അമ്മ ഇന്ദിര നീനയോട് പരിഭ്രമത്തിൽ ചോദിച്ചു
“ഏയ് ഒന്നും ഇല്ല അമ്മേ .., ജീവനെ മാറ്റിയെടുക്കാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കിയതല്ലേ അമ്മേ ..
അതിന്റെ ഒരു പൊട്ടിത്തെറിയാ …
ചെറിയൊരു ചിരിയോടെ നീന പറഞ്ഞതു കേട്ട് അമ്മയുടെ കണ്ണുകൾ നിറഞ്ഞു ..”മോളെ ,അവന്റെ ജീവിതത്തിലേക്ക് നിന്നെ കൊണ്ടുവന്ന ഞങ്ങളുടെതീരുമാനം തെറ്റി പോയി അല്ലേ..?
മോളെ കൂടി ഇതിനിടയിലേക്ക് വലിച്ചിട്ട് മോളുടെ ജീവിതം കൂടി നാശമാക്കി ഞാൻ..
ആ അമ്മയൊരു വേദനയോടെ ചോദിച്ചതും നീന അവരെ തന്നോടു ചേർത്തു നിർത്തി കെട്ടിപ്പിടിച്ചു
“ഒരിക്കലും ഇല്ല അമ്മേ, അമ്മ ഒരു തെറ്റും ചെയ്തിട്ടില്ല എന്നോട് .മറിച്ച് ആരോരുമില്ലാതെ അനാഥയായ് ജീവിച്ച എനിക്കൊരു കുടുംബം തന്നെ തന്നത് എന്റെ ഈ അമ്മയല്ലേ..
ജീവ എന്താണ് എങ്ങനെയാണ് എന്നെല്ലാം എന്നോടു പറഞ്ഞിട്ടു തന്നെയല്ലേ അമ്മ എന്നെ അമ്മയുടെ മകന്റെ ഭാര്യ ആക്കിയത് , മാത്രവുമല്ല അവനെന്റെ പ്രാണനാണമ്മേ ..
”അതുകൊണ്ട് എന്റെ ഇന്ദിരാമ അതൊന്നും ഓർത്ത് സങ്കടപ്പെടണ്ട ട്ടോ ..”ഞാനേ ഒന്നു ഫ്രഷായിട്ട് വേഗം വരാം,എന്നിട്ട് നമുക്കൊരുമിച്ച് ചായ കുടിക്കാം .. ഇന്നെന്ത് സ്പെഷ്യലാ അച്ഛൻ കൊണ്ടുവരുന്നതാവോ ..
” അച്ഛൻ കൊണ്ടുവരുന്ന സ്പെഷ്യലും ഓർത്തിരിക്കാതെ വേഗം വാ കുട്ടീ …നീനയോടൊരു ചിരിയോടെ പറഞ്ഞു കൊണ്ട് ഇന്ദിരാമ മുറിയിൽ നിന്നിറങ്ങി പോയതും നീന ബാത്ത് റൂമിലേക്ക് നടന്നു ..മോളവിടെ ഇന്ദിരേ..?
അവരെ കണ്ട ജീവന്റെ അച്ഛൻ കയ്യിലെ പലഹാര പൊതി അവരുടെ കയ്യിൽ കൊടുത്തുകൊണ്ട് ചോദിച്ചു..
“ഇപ്പോ വരും ഗോവിന്ദേട്ടാ .. കുട്ടി കുളിക്കാൻ കയറിതാ…”ഉം… ജീവനോ .. ?അയാൾ ചോദിച്ചുഅവൻ പുറത്തേക്ക് ….
പറഞ്ഞു വന്നതു മുഴുവനാക്കാൻ സാധിക്കാതെ പാതിയിലവസാനിപ്പിച്ച് നിറകണ്ണുകളോടെ ഇന്ദിരാമ്മ ഗോവിന്ദനെ നോക്കി
“അവനിന്നും കുട്ടിയോട് വഴക്ക് ഉണ്ടാക്കിയോ ഇന്ദിരേ..?അയാൾ ചോദിച്ചതും അവരൊന്നും മിണ്ടാതെ നിന്നു ..
“വേണ്ടിയിരുന്നില്ലെടോ അവന്റെ കുത്തഴിഞ്ഞ ജീവിതത്തിലേക്ക് ആ കുട്ടിയെ കൊണ്ടുവരേണ്ടിയിരുന്നില്ല ,അവനെങ്ങനെയെങ്കിലും ജീവിച്ചോട്ടെന്ന് കരുതിയാൽ മതിയാരുന്ന് ..
“ഇതിപ്പോ ആരും ഇല്ലാത്ത ആ കുട്ടിയുടെ അവസ്ഥ നമ്മൾ മുതലെടുത്തത് പോലെയായ് …
“നമ്മുക്കെന്ത് ചെയ്യാൻ പറ്റും ഗോവിന്ദേട്ടാ നമ്മുടെ മോനിങ്ങനെയൊരു തന്തോന്നിയായതിന് ..?
” പിന്നെ നീനയോട് അവനെ പറ്റിയെല്ലാം നമ്മൾ ആദ്യമേ പറഞ്ഞതുകൊണ്ട് അവളെ പറ്റിച്ചു എന്ന കുറ്റബോധത്തിന്റെ ആവശ്യവുമില്ല .. മാത്രവുമല്ല അവൾക്കവനെ ഒരുപാടിഷ്ട്ടവുമാണ് …എല്ലാം ശരിയാവുംന്നേ ..
പറഞ്ഞു കൊണ്ട് ഇന്ദിരാ മ്മ അടുക്കളയിലേക്ക് നടന്നുഇതേ സമയം നീനയോട് ദേഷ്യപ്പെട്ട് മുറിയിൽ നിന്നിറങ്ങി പോയ ജീവൻ ആ സമയം ചിന്തിച്ചിരുന്നതും നീനയെ പറ്റി തന്നെയാണ്..
എന്തൊരു പെണ്ണാണവൾ..തനിക്ക് കൂട്ടായിട്ട് ജീവിതത്തിലൊരു പെണ്ണ് വേണ്ടെന്ന് തീരുമാനിച്ചത് വർഷങ്ങൾക്ക് മുമ്പാണ്..
ശരിക്കും പറഞ്ഞാൽ മനസ്സിൽ സ്വന്തമായ് കരുതി കൊണ്ടു നടന്നവൾ താൻ ആരുമല്ലെന്ന് പറഞ്ഞ് തന്നെ ഉപക്ഷിച്ചു പോയ നിമിഷം എടുത്തതാണ് ജീവിതത്തിൽ ഇനി തുണയായ് ഒരുവളെ വേണ്ടാന്ന് ..
അന്ന് മുതലിന്നോളം സ്വന്തം ഇഷ്ട്ടത്തിനനുസരിച്ചായിരുന്നു ജീവിതം..പക്ഷെ….
പക്ഷെ താൻ തീരെ പ്രതീക്ഷിക്കാതെ തന്റെ ജീവിതത്തിലേക്ക് കയറി വന്നവളാണ് നീന..
അമ്മയുടെ കൂട്ടുകാരിയുടെ മകൾ, അച്ഛനമ്മമാരെ ഒരപകടത്തിൽ നഷ്ട്ടമായ് അനാഥയായ് തീർന്നവൾ …തന്നെ പറ്റി എല്ലാം അറിഞ്ഞിട്ടും തന്നെ സ്വീകരിച്ചവൾ
ആട്ടിയകറ്റിയും ചീത്ത പറഞ്ഞും അകറ്റി നിർത്താൻ ശ്രമിക്കും തോറും തന്നിലേക്ക് തന്നെ വീണ്ടും വീണ്ടും ചേർന്നു വരുന്നവൾ ..
തന്റെ ചീത്ത വിളികളെയും ,തന്തോന്നിതരങ്ങളെയുമെല്ലാം ഒരു പുഞ്ചിരിയോടെ നേരിടുന്നവൾ..
ഭാര്യ എന്ന സ്ഥാനമോ പദവിയോ നൽകാതിരുന്നിട്ടും ഓരോ സെക്കൻറിലും തന്റെ ഭാര്യയായ് ജീവിക്കുന്നവൾ .. എന്തൊരു പെണ്ണാണിവൾ …
ചിന്തകൾ കാടുകയറി മനസ്സിനെ കീഴടക്കുമെന്ന് തോന്നിയപ്പോൾ ജീവൻ തിരികെ വീട്ടിലേക്ക് നടന്നു ..
മുറിയിലെ ബെഡ്ഡിൽ ചുമരിനഭിമുഖം തിരിഞ്ഞു കിടക്കുന്നവളെ കണ്ടതും ജീവനൊന്നു പകച്ചു,
ഇന്നലെ വരെ നിലത്ത് പായ വിരിച്ചു കിടന്നവളിതാ ഇന്നു തന്റെ കിടക്കയിൽ…”എടീ… എണീക്കടീ എന്റെ കിടക്കേന്ന് ..ദേഷ്യത്തിലവളുടെ നേരെ തിരിഞ്ഞവനലറി ..
ജീവന്റെ ശബ്ദം മുറിയിൽ ഉയർന്നിട്ടും ലീന യാതൊരു ഭാവഭേദവുമില്ലാതെ അവനെ നോക്കി തിരിഞ്ഞു കിടന്നു
“ഡീ.. നിന്നോടാ പറഞ്ഞത് അവിടുന്ന് എണീറ്റു മാറാൻ.. ,,ജിവൻ വീണ്ടും ശബ്ദമുയർത്തി..”ഞാനെങ്ങോട്ടും എണീറ്റു മാറില്ല ജി വാ..,
“ഇതെനിക്ക് കൂടി അവകാശപ്പെട്ട സ്ഥലമാണ്, ഞാനിവിടെ തന്നെ കിടക്കും.. എനിക്കൊപ്പം കിടക്കാൻ പറ്റില്ലെങ്കിൽ ജീവൻ പോയ് വേറെ കിടക്ക്..
പറഞ്ഞു കൊണ്ട് നീന കണ്ണുകൾ തുറുപ്പിച്ചവനെ നോക്കി..ഒരു നിമിഷം എന്തു വേണമെന്നറിയാതെ ജീവനവളെ നോക്കിനിന്നിട്ടൊടുവിൽ കട്ടിലിന്റെ ഇങ്ങേ സൈഡിലായ് അവനും കയറി കിടന്നു..
അതു കണ്ടതും നീനയുടെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു..”ജീവാ …ജീവിതത്തിലേതോ ഒരുത്തി നിങ്ങളെ പറ്റിച്ചപ്പോൾ ,ഒരു തെറ്റും ചെയ്യാത്ത ഞാനുൾപ്പെടെയുള്ള സ്ത്രീ വർഗ്ഗത്തെ വെറുത്തവനാണ് നിങ്ങൾ..
“പക്ഷെ അറിഞ്ഞോ അറിയാതെയോ എന്നോ ഒരിക്കൽ നിങ്ങളെ സ്നേഹിച്ചു പോയവളാണ് ഞാൻ .. നമ്മുടെ വിവാഹ ശേഷം ഇത്രയും ദിവസം ഞാൻ നിങ്ങളിൽ നിന്ന് മാറി നിന്നത് നിങ്ങൾക്കെന്നെ മനസ്സിലാക്കാൻ വേണ്ടിയായിരുന്നു ..
“ഇനി നിങ്ങളിൽ നിന്നൊരു മടങ്ങിപ്പോക്ക് ഞാനാഗ്രഹിക്കുന്നില്ല ,ഞാനിവിടെ നിങ്ങൾക്ക് മുമ്പിൽ തന്നെയുണ്ടാവും നിങ്ങളുടെ മനസ്സിൽ എനിക്കൊരു സ്ഥാനം കിട്ടുന്നതു വരെ .. എനിക്കെന്റെ പ്രണയത്തിൽ വിശ്വാസം ഉണ്ട് ജീവാ…
നിറമിഴികളോടെ തന്നെ നോക്കി പറയുന്നവളെ മിഴി ചിമ്മാതെ നോക്കി കിടന്നപ്പോൾ അവനറിയാതെ തന്നെ അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു വരുന്നുണ്ടായിരുന്നു ..
നീനയുടെ പ്രതീക്ഷകളെ പൂവണിയിക്കാൻ പോന്ന ഒരു പുഞ്ചിരി…അല്ലെങ്കിലും പ്രണയത്തിന് അപ്രാപ്യമായതൊന്നും ഇല്ലല്ലോ ഭൂമിയിൽ …