ഇര
(രചന: Raju Pk)
“മോനേ ഉണ്ണി നീ അനുവിനേയും കൂട്ടി പോകാൻ തന്നെ തീരുമാനിച്ചു അല്ലേ””അതെ പോയേ പറ്റൂ അമ്മേ ചേച്ചിക്ക് പതിനെട്ട് വയസാകാൻ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ”
“പോകുന്നതിന് മുൻപ് മോൻ അദ്ദേഹത്തോടൊന്ന് മിണ്ടണം യാത്ര ചോദിക്കാനെങ്കിലും”
“എനിക്ക് കഴിയണില്ലമ്മേ അമ്മക്ക് എല്ലാം മറക്കാനും പൊറുക്കാനും കഴിയുന്നതു പോലെ എനിക്ക് കഴിയണില്ല..
ഞങ്ങൾ രണ്ട് പിഞ്ചു കുട്ടികളേയും കൂട്ടി പണ്ട് അമ്മ അച്ഛനെ മറന്ന് അയാളോടൊപ്പം ഞങ്ങളേയും കൂട്ടി ഇറങ്ങിത്തിരിച്ചപ്പോൾ അമ്മയേപ്പോലെ തന്നെ അയാളും ഞങ്ങളുടെ മനസ്സിൽ തെറ്റുകാരനായി”
“ജന്മം തന്നില്ലെന്നത് പോട്ടെ ഇന്ന് വരെ ഒരു പിതാവിന്റെയോ ഭർത്താവിന്റെയോ എന്തെങ്കിലും കടമ നിറവേറ്റിയിട്ടുണ്ടോ ഞങ്ങളുടെ രണ്ടാനച്ഛൻ എന്തിന് സ്വന്തം കാര്യങ്ങൾക്ക് വേണ്ടി എങ്കിലും എന്തെങ്കിലും ജോലി ചെയ്ത് കൂടെ അയാൾക്ക്
ഒരു കണക്കിന് ജോലിക്ക് പോകാതിരിക്കുന്നതാണ് നല്ലത്…
പൈനാപ്പിൾ കൃഷിക്കെന്നും പറഞ്ഞ് കാർഷിക ലോണുമെടുത്ത് കുറെ പണിക്കാരേയും കൂട്ടി ചെയ്ത കൃഷിയുടെ അവസാനം കൂടെ ജോലി ചെയ്തിരുന്ന പെണ്ണ് നിറവയറുമായി വീട്ടിൽ കയറി വന്നപ്പോഴാണ് അയാളുടെ മഹത്വവും ചെയ്ത കൃഷിയുടെ വിലയും അറിയുന്നത്”
“ഉണ്ണീ…””അമ്മ ഒച്ച വച്ചിട്ട് കാര്യമില്ല എങ്ങനെ മറക്കാനും പൊറുക്കാനും കഴിയും അങ്ങനെ പെട്ടന്ന് മറക്കാൻ കഴിയുന്ന തെറ്റുകളാണോ ചെയ്തിരിക്കുന്നത്
അമ്മക്ക് പറ്റിയ ഏറ്റവും വലിയ തെറ്റാണ് അച്ഛനെ മറന്ന് ഇയാളെപ്പോലൊരാളെ വിവാഹം ചെയ്തത്.
അതിലും വലിയ തെറ്റാണ് വിശ്വനാഥൻ എന്ന എന്റെ അച്ഛന്റെ പേര് എന്നിൽ നിന്നും വെട്ടിമാറ്റി അവിടെ സുകുമാരൻ എന്ന രണ്ടാനച്ചന്റെ പേര് ചേർത്ത് വച്ചത്..
ആ പേരു പോലും ഇന്നെനിക്ക് അപമാനമാണ് രേഖകളിലേ നിങ്ങൾക്ക് എന്റെ അച്ഛനെ വെട്ടിമാറ്റാൻ കഴിയൂ എന്റെ മനസ്സിൽ നിന്നൊരിക്കലും അച്ഛനെ വെട്ടിമാറ്റാൻ കഴിയില്ല”
“കൂടെ പഠിച്ച ദേവൻ നിനക്ക് സത്യത്തിൽ എത്ര തന്തയാ എന്ന് ചോദിച്ചപ്പോൾ ഞാൻ നിന്നുരുകുകയായിരുന്നു.”
“ചേച്ചിയെ നാട്ടിലെ പ്രമാണി നടുറോഡിൽ വച്ച് കയറിപ്പിടിച്ചപ്പോൾ അടിച്ചവന്റെ കരണം പുകക്കുന്നതിന് പകരം അവർ വലിയ പണക്കാരാണെന്ന് പറഞ്ഞ രണ്ടാനച്ഛനെ കണ്ട് വളരണമായിരുന്നോ…
ഞാൻ പിറ്റേന്ന് നേരം പുലർന്നപ്പോൾ പെങ്ങളെ കടന്ന് പിടിച്ച പ്രമാണിയുടെ കൈ തല്ലി ഒടിച്ചപ്പോൾ അയാളുടെ മുന്നിൽ ഞാൻ ചെയ്തതായി ഏറ്റവും വലിയ തെറ്റ് അന്ന് ഞാൻ പറഞ്ഞു ചേച്ചിയുടെ ദേഹത്ത് കൈ വച്ചാൽ ആരായാലും അവന്റെ കൈ ഞാൻ വെട്ടിമാറ്റുമെന്ന് അമ്മ മറന്നോ അതെല്ലാം”
“മോനേ ഇനി എല്ലാം നിന്റെ ഇഷ്ടം”എന്ന് പറഞ്ഞ് അമ്മ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച് അകത്തേക്ക് നടന്നു
പിറ്റേന്ന് ചേച്ചിയോടൊപ്പം അമ്മയോട് യാത്ര പറഞ്ഞ് ആ പടിയിറങ്ങുമ്പോൾ അമ്മയുടെ മുഖം ആദ്യമായി കുറ്റബോധം കൊണ്ട് കുനിഞ്ഞിരുന്നു
പുറത്ത് അച്ഛൻ കാത്ത് നിൽക്കുന്നുണ്ടായിരുന്നു മക്കള നെഞ്ചോട് ചേർക്കാനും ഒന്നോമനിക്കാനും അതെ എല്ലാം ഒരു നിയോഗമാണ് പ്രായപൂർത്തി ആകുന്നതുവരെ ചേച്ചിയെ അമ്മയോടൊപ്പം അയച്ച കോടതി വിധി,അത് കേട്ട അച്ഛൻ എന്നെയും അമ്മയോടൊപ്പം നിർബന്ധപൂർവ്വം പഞ്ഞെയച്ചതും ഒരു നിയോഗം.
അച്ഛൻ കരഞ്ഞു കൊണ്ടാണ് അന്ന് കോടതി മുറിയിൽ നിന്നും പുറത്തേക്കിറങ്ങുന്നത്. എന്നെ ഏൽപ്പിച്ച കാര്യങ്ങൾ ഭംഗിയായി പൂർത്തിയാക്കി അച്ഛനോടൊപ്പം ഇന്ന് ഞാനും.
ചേച്ചിക്കുട്ടിയും ഒരുപാട് സന്തോഷത്തോടെ അച്ഛന്റെ ജോലി സ്ഥലമായ ഡൽഹിയിലേക്ക് യാത്രയായി ട്രയിനിലേക്ക് കയറുന്നതിന് മുൻപ് ഞാൻ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് ബാഗിൽ സൂക്ഷിച്ചു ഈ യാത്രയിൽ ഇനി ഞങ്ങൾക്കിടയിൽ മറ്റൊന്നും ഒരു തടസമാകരുത്.
ഡൽഹിയിലെത്തി മൊബൈൽ ഓൺ ചെയ്യുമ്പോൾ അമ്മയുടെ ഒരു മെസേജ് ഉണ്ടായിരുന്നു.
“ഉണ്ണി നിങ്ങൾ ഇവിടെ നിന്നും ഇറങ്ങിയപ്പോൾ ഞാൻ തികച്ചും അനാഥയായതു പോലെ ആയി നിങ്ങൾ എന്റെ കൂടെ ഉണ്ടായിരുന്ന ഇത്രയും വർഷം ഏട്ടൻ അങ്ങനെ വിളിക്കാൻ എനിക്ക് അർഹത ഇല്ലെന്നറിയാം അനുഭവിച്ച
ഒറ്റപ്പെടൽ അതിപ്പോൾ ഞാൻ മനസ്സിലാക്കുന്നു മാപ്പ് നൽകാൻ കഴിയുന്ന തെറ്റല്ല ഞാൻ ചെയ്തതെന്നറിയാം എങ്കിലും കഴിയുമെങ്കിൽ അച്ഛനോട്…
ഞാൻ യാത്രയാവുകയാണ് ഇനി ഒരു തിരിച്ച് വരവില്ലാത്ത ലോകത്തേക്ക് ഈ ഏകാന്തത എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു…”
ഉടനെ അല്പം ദൂരെ മാറി അമ്മയുടെ നമ്പറിലേക്ക് വിളിച്ചു ഫോണെടുത്തത് മറ്റൊരു സ്ത്രീ”ഞാൻ മായമ്മയുടെ മകനാണ് എന്റെ അമ്മ ”
“മോനേ ഞാൻ ഇഞ്ചി കൃഷിക്ക് അച്ഛന്റെ കൂടെ ഉണ്ടായിരുന്ന സരസുവാണ് അമ്മ മരിച്ചിട്ട് ഇന്ന് മുന്ന് ദിവസമായല്ലോ മോൻ അറിഞ്ഞില്ലേ എന്റെ കുഞ്ഞിന്റെ അച്ഛൻ ജീവിച്ചിരിക്കുമ്പോൾ അവൻ അനാഥനായി വളരേണ്ട കാര്യമില്ലല്ലോ എന്നോർത്ത് ഞാൻ കുഞ്ഞിനേയും എടുത്ത് ഇങ്ങ് പോന്നു.”
മറുപടി ഒന്നും പറയാതെ ഞാൻ ഫോൺ കട്ട് ചെയ്തു വിവരങ്ങൾ അച്ഛനോട് പറഞ്ഞു ഒന്നും പറയാതെ അച്ഛൻ അല്പ നേരം നിശബ്ദനായി
“മോനേ വിവാഹിതരായി മക്കളോടും ഭർത്താവിനോടും ഒപ്പം ജീവിക്കുന്ന ഭാര്യമാരെ പ്രണയം അഭിനയിച്ച് വലവീശി പ്പിടിക്കുന്നവർ ഒരിക്കലും അവർക്ക് ഒരു നല്ല ജീവിതം നൽകാനല്ല കൂടെ കൂട്ടുന്നത്…
അവരെ മടുക്കുമ്പോൾ അവർ അടുത്ത ഇരയെ കണ്ടെത്തും ഇതെല്ലാം മനസ്സിലാക്കിയിട്ടും വീണ്ടും ചതിക്കുഴികളിൽ ചെന്ന് പെടുന്ന വീട്ടമ്മമാരും”
ഇത്രയും പറഞ്ഞ് നിറഞ്ഞ കണ്ണുകൾ ഒന്നമർത്തി തുടച്ച് അച്ഛൻ ഞങ്ങളേയും കൂട്ടി മുന്നോട്ട് നടന്നു പുതിയൊരു ജീവിതത്തിലേക്ക്…