ഉള്ളത് മറച്ചു വെച്ചു കൊണ്ട് കല്യാണം കഴിപ്പിച്ചു വിടാൻ അവൻ കൂട്ട് നിൽക്കില്ലെന്നും എല്ലാം തുറന്നു പറഞ്ഞു അവർക്ക് സമ്മതമാണെങ്കിൽ മാത്രം

(രചന: ശാലിനി മുരളി)

“അമ്മേ.. അമ്മേ..”മൊബൈൽ ഫോണും കയ്യിൽ പിടിച്ചു വെപ്രാളത്തോടെ ഓടിവരുന്ന ഹരിക്കുട്ടനെ കണ്ട് വീട്ടുകാർ ആകെയൊന്നമ്പരന്നു !

ഇവനിതെന്ത് പറ്റി!”എന്താടാ എന്തിനാ നീയിങ്ങനെ വിളിച്ചു കൂവുന്നത്?””അമ്മേ..ആകെ പ്രശ്നമാണ്.അളിയൻ എന്നെ ഇപ്പോൾ വിളിച്ചു. പെങ്ങളെ വന്നു കൂട്ടികൊണ്ട് പൊയ്ക്കൊള്ളാനെന്ന് പറയാൻ.. ”

“എന്റെ ദേവീ..ചതിച്ചോ.. “”ദേവിയല്ലല്ലോ ചതിച്ചത്. നമ്മളല്ലേ..? “മകന്റെ ചോദ്യം കേട്ട് അവർ ഒന്ന് ഞെട്ടി.

“എല്ലാം അറിയാവുന്ന നീയും കൂടി ഇങ്ങനെ പറഞ്ഞാൽ എങ്ങനെയാ മോനെ. അമ്മ പിന്നെ എന്ത് ചെയ്യണമായിരുന്നു ? ”

“ഇനിയിപ്പോൾ നിങ്ങൾ രണ്ട് പേരും കൂടി തർക്കിച്ചിട്ട് ഒരു കാര്യവുമില്ല. എന്തെങ്കിലും ഒന്ന് തീരുമാനിക്കണം. “ഭാര്യ പ്രഭ പറഞ്ഞത് കേട്ട് ഹരി അരിശം കൊണ്ടു.

“ഇനിയെന്ത് തീരുമാനിക്കാനാണ്. പോയി കൂട്ടിക്കൊണ്ട് വരിക അല്ലാതെന്താ..
ഈ നാണം കെട്ട പരിപാടിക്ക് എന്നെ ആരും വിളിക്കണ്ട. ആരാന്നു വെച്ചാൽ പോവുകയോ കൊണ്ടു വരികയോ ചെയ്‌തോണം.. ”

ഒരു അവസാന വാക്ക് എന്ന വണ്ണം അയാൾ പറഞ്ഞു നിർത്തി.അമ്മയുടെ ദയനീയമായ നോട്ടം കണ്ടപ്പോൾ പ്രഭ ഭർത്താവിനെ ഒന്ന് അനുനയിപ്പിക്കാൻ ശ്രമിച്ചു.

“ഏട്ടൻ ഇങ്ങനെ പറഞ്ഞു കൈ ഒഴിഞ്ഞാൽ പിന്നെ അവളുടെ കാര്യത്തിൽ ആരാ ഒരു തീരുമാനം എടുക്കുന്നത്. അച്ഛൻ ഇല്ലാത്ത സ്ഥാനത്തു ഏട്ടനല്ലേ ഇതുവരെ എല്ലാം നോക്കിക്കണ്ടു ചെയ്തത്..

ഞാനും വരാം. കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം. അല്ലാതെ വെട്ടൊന്ന് മുറി രണ്ട് എന്ന് പറഞ്ഞു നിന്നിട്ട് ഒരു കാര്യവുമില്ല.. ”

മരുമകളുടെ സംസാരം കേട്ടപ്പോൾ അമ്മയുടെ മുഖത്ത് ഒരാശ്വാസം തെളിഞ്ഞു.
അവൾക്കെങ്കിലും തന്റെ ഭാഗത്തു നിന്ന് ചിന്തിക്കാൻ തോന്നിയല്ലോ.

അറിയാം, വലിയൊരു തെറ്റ് തന്നെയാണ് താൻ ചെയ്തത്. പക്ഷേ പ്രായം തികഞ്ഞു നിൽക്കുന്ന പെണ്മക്കൾ ഒരമ്മയുടെ നെഞ്ചിൽ കോരിയിടുന്ന കനലിന്റെ ചൂട്

ഒരിക്കലും ഒരാണിന് മനസ്സിലാവില്ല. പ്രത്യേകിച്ച് അവൾ അച്ഛനില്ലാത്ത കുട്ടിയും കൂടിയാവുമ്പോൾ !

ഒരാണിനെയും അവനിളയതായി ഒരു സുന്ദരികുട്ടിയേയും കിട്ടിയപ്പോൾ തന്നെക്കാൾ കൂടുതൽ സന്തോഷിച്ചത് അദ്ദേഹം ആയിരുന്നു.

പെൺകുട്ടികൾ ഇല്ലാത്ത കുടുബം ആയിരുന്നു ഭാസ്ക്കരേട്ടന്റേത്. സഹോദരങ്ങൾക്കും ജനിച്ചതെല്ലാം ആൺകുട്ടികൾ ആയിരുന്നു.

മുത്തശ്ശിക്ക് ഒരു പെൺകുഞ്ഞിനെ താലോലിച്ചിട്ടു മരിച്ചാൽ മതിയെന്ന് സങ്കടം പറഞ്ഞിരിക്കുമ്പോഴാണ് തനിക്ക് രണ്ടാമത്
ഒരു പെൺകുഞ്ഞുണ്ടാവുന്നത്.

അമ്പിളി പോലെ തുടുത്തൊരു മാലാഖ !
അവളെ താഴത്തും തറയിലും വെയ്ക്കാതെ എല്ലാവരും കൊണ്ട് നടന്നു.അമ്മുവേ
എന്ന് കൊഞ്ചി വിളിക്കാൻ ഒരുപാട് പേര് ഉള്ളത് തന്നെ വലിയ സന്തോഷം ആയിരുന്നു.

പതിമൂന്ന് വയസ്സ് കഴിഞ്ഞപ്പോൾ ആദ്യമായി ആർത്തവ ചാലുകൾ അവളുടെ കണങ്കാലിലൂടെ ഒഴുകിയിറങ്ങിയപ്പോൾ അലറി വിളിച്ചു

കൊണ്ട് വീട്ടിലേയ്ക്ക് ഓടിക്കയറിയ മകളുടെ മുഖം ചെമ്പരത്തി പോലെ ചുവന്നു പോയത് കണ്ട് എല്ലാവരും ചിരിയടക്കി.

അന്ന് എന്തൊരു മേളമായിരുന്നു.. നാലാം കുളിയുടെ ചടങ്ങുകൾക്ക് എന്തെല്ലാം സമ്മാനങ്ങൾ ആണ്‌ അവൾക്ക് കിട്ടിയത്..

അതിന് ശേഷം മാസം തോറും വരുന്ന വേദനയും നിലവിളിയും അമിതമായ രക്ത സ്രാവവും കണ്ട് ഒന്ന് ഭയന്നുവെങ്കിലും കൊച്ചു കുട്ടിയല്ലേ കുറച്ചു കഴിയുമ്പോൾ എല്ലാം ശരിയായിക്കോളും എന്ന് പറഞ്ഞു അമ്മ സമാധാനിപ്പിച്ചു..

പക്ഷേ അതൊരു തുടർക്കഥകളായി തീരുകയായിരുന്നു എന്ന് പതിയെ പതിയെ ആണ്‌ മനസ്സിലായത്.

സ്കൂളിൽ പോകാൻ പറ്റാത്ത തരത്തിൽ അവൾ തുടരെ തുടരെ ബാത്‌റൂമിൽ പോയി ഡ്രസ്സ്‌ മാറ്റുകയും അടിവയറ്റിൽ തലയിണകൊണ്ട് അടുക്കി പിടിക്കുകയും ചെയുന്നത് കണ്ടപ്പോൾ ഭാസ്ക്കരേട്ടനോട് പറഞ്ഞു കരഞ്ഞു.

ഇനിയും ഇങ്ങനെ വെച്ചോണ്ടിരുന്നാൽ പറ്റില്ല.
കൊച്ചിന് തീരെ വയ്യാണ്ടായി.ഒരു പെങ്കൊച്ചല്ലേ..

അങ്ങനെ നഗരത്തിലെ ഒരു പ്രശസ്തമായ ഗൈനക്കോളജിസ്റ്റിന്റെ അരികിലേയ്ക്ക് മകളെയും കൊണ്ട് പോകുമ്പോൾ മനസ്സ് മുഴുവനും നിറഞ്ഞ പ്രാർത്ഥന

മാത്രമായിരുന്നു..
ഭയപ്പെടുത്തുന്ന ഒന്നും കേൾക്കാൻ ഇടവരരുതേ എന്ന് ചങ്ക് പൊട്ടി പ്രാർത്ഥിച്ചു കൊണ്ടിരുന്നു.

വിശദമായ പരിശോധനകളും സ്കാനിങ്ങുകളും കഴിഞ്ഞു ഡോക്ടർ അവരെ അകത്തേക്ക് വിളിപ്പിക്കുമ്പോൾ ഭർത്താവിന്റെ വിരലുകളിൽ വല്ലാതെ മുറുക്കി പിടിച്ചു..

തൈറോയിഡിന്റെ തുടക്കമാണ്. മുടങ്ങാതെ മരുന്ന് കഴിച്ചാൽ മതിയെന്ന് പറഞ്ഞപ്പോൾ കുറച്ചാശ്വാസം തോന്നി.

പക്ഷേ നെൽക്കതിര് പോലെ ഇരുന്ന കുട്ടി മരുന്നിന്റെ തീക്ഷ്ണത കൊണ്ടാവണം വീർത്തു തുടങ്ങി.

സ്കൂളിൽ എല്ലാവരും കുട്ടികൾ തടിച്ചി എന്ന് പറഞ്ഞു തന്നെ കളിയാക്കുന്നു എന്ന് പറഞ്ഞു കൊണ്ട് അവൾ മിക്കപ്പോഴും സ്കൂളിൽ പോകാൻ മടിച്ചിരുന്നു.അപ്പോഴേക്കും പത്താം ക്ലാസ്സ്‌ കഴിഞ്ഞുപ്ലസ് ടു വിലേക്കെത്തിയിരുന്നു അവൾ.

മാസം തോറും വീണ്ടും ആരംഭിച്ച ഒഴുക്കിന്റെ ശക്തിയിൽ ഭയന്ന് മറ്റൊരു നാട്ടിലെ ആശുപത്രിയിൽ പോയി ചികിത്സിച്ചു എങ്കിലും മരുന്ന് ഒരിക്കലും

നിർത്താൻ പാടില്ല എന്ന് പറഞ്ഞു വീണ്ടും ഒരുപാട് ഗുളികകളും ടോണിക്കുകളുമൊക്കെ അവർ എഴുതി തന്നു.

വർഷങ്ങൾ പലതും കടന്നു പോയിരുന്നു ഇതിനിടയിൽ. മൂത്ത മകന്റെ വിവാഹം കഴിഞ്ഞു. പേരക്കുട്ടിയെയും കണ്ട് ഓമനിച്ചു സന്തോഷത്തോടെ

കഴിയുമ്പോൾ ആയിരുന്നു ഭാസ്ക്കരേട്ടന്റെ പെട്ടെന്നുള്ള മരണം. കുടുംബത്തെ ആ വേർപാട് വല്ലാതെ ഉലച്ചു കളഞ്ഞു.

മകളുടെ വിവാഹ പ്രായം കടന്ന് പോകുമ്പോൾ നിശബ്ദമായി അദേഹത്തിന്റെ ഫോട്ടോയിൽ നോക്കി കണ്ണീരൊഴുക്കി.

അവളുടെ പ്രായത്തിലുള്ള കുട്ടികളെല്ലാവരും കല്യാണവും കഴിഞ്ഞു ഒന്നും രണ്ടും പിള്ളേരുമായി അതുവഴി കടന്നു പോകുമ്പോൾ അമ്മു ചിരിച്ചു കൊണ്ട് അവരെ നോക്കി കൈ വീശി കാണിക്കും.

പല ആലോചനകൾ വന്നുവെങ്കിലും അതൊക്കെ എങ്ങനെയൊക്കെയോ വന്നവഴി തന്നെ തിരികെ പോയി. അറിയാവുന്നവർ പലതും പറഞ്ഞു

പിടിപ്പിച്ചിട്ടുണ്ടാവും.പക്ഷേ മകൾക്ക് വിവാഹത്തിലൊന്നും ഒരു താല്പര്യവും ഇല്ലാത്തത് പോലെ തോന്നി.

“അമ്മേ എനിക്ക് വയ്യാ മറ്റൊരു വീട്ടിൽ പോയി അവർക്കൊരു ബുദ്ധിമുട്ട് ആകാൻ. ഞാൻ ഇങ്ങനെ തന്നെ കഴിഞ്ഞോളാം. അല്ലെങ്കിൽ എന്തെങ്കിലും ജോലിക്ക് പൊയ്‌ക്കോളാം. ”

അവൾ പഠിച്ച കമ്പ്യൂട്ടർ സ്ഥാപനത്തിൽ തന്നെ പഠിപ്പിക്കാൻ ആളെ വേണമെന്ന് അറിഞ്ഞതോടെ അതിലായിരുന്നു അവൾക്കും താൽപ്പര്യം.

എല്ലാ മാസത്തേയും വേദനയും കുലം കുത്തിയൊഴുകുന്ന ചുവപ്പ് കണ്ണീരും മരുന്നുകളുടെ ശക്തിയാൽ പതിയെ പതിയെ നേർപ്പിച്ചിരുന്നു.

ഒരിക്കൽ പോലും മുടങ്ങാതെ കഴിക്കുന്ന മരുന്നുകൾ അവളുടെ ജീവിതത്തിന്റെ ഒരു ഭാഗമാകാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറേ ആയിരുന്നു.

ഒരു ഗൾഫുകാരന്റെ ആലോചന വരുന്നത് ആയിടയ്ക്കായിരുന്നു. ഇനിയെങ്കിലും എന്നെയൊന്നു വെറുതെ വിട്ടുകൂടെ എന്ന് ചോദിച്ചു കൊണ്ട് അവൾ മുഖം കനപ്പിച്ചു.

പെണ്ണ് കാണാൻ പയ്യനും കൂട്ടരും വീട്ടിൽ വരുമ്പോൾ അവൾ പുറത്തേക്കിറങ്ങാൻ മടിച്ചു.വെറുതെ ഓരോരുത്തരുടെയും തുറിച്ചു നോട്ടങ്ങൾ കാണാൻ വയ്യ.

നിനക്ക് ഇപ്പോൾ ഒരു കുഴപ്പവുമില്ലല്ലോ പിന്നെയെന്താ. എന്നൊക്കെ പറഞ്ഞു പ്രഭ അവളെഉത്സാഹവതിയാക്കുന്നുണ്ടായിരുന്നു.

ചായയും കൊണ്ട് അവൾ എല്ലാവരുടെയും മുൻപിലേക്ക് ചെല്ലുമ്പോഴും ആർക്കും പ്രതീക്ഷ ഒട്ടുമില്ലായിരുന്നു..

പക്ഷേ, പയ്യനും വീട്ടുകാർക്കുമൊക്കെ പെൺകുട്ടിയെ ഇഷ്ടമായെന്നും അവധി തീരുന്നതിനു മുൻപ് വിവാഹം നടത്തണമെന്നും പറഞ്ഞപ്പോൾ ഞെട്ടിയത് അവളും വീട്ടുകാരുമായിരുന്നു..!

അവൾക്കൊപ്പം നിന്നാൽ ആരും കുറ്റം പറയാത്ത ചെറുക്കനെ കണ്ട് തന്റെ നെഞ്ചിലും മോഹം ഉദിച്ചത് സത്യം തന്നെ ആയിരുന്നു.ഒരമ്മയുടെ മനസ്സിൽ അല്ലെങ്കിലും അങ്ങനെ ഒരാഗ്രഹം ഉണ്ടായിപ്പോകുന്നത് ഒരു തെറ്റാവുമോ?

ദൈവമേ ഇതൊന്ന് നടന്നിരുന്നെങ്കിൽ..
പിന്നീട് ഈയൊരു പ്രാർത്ഥന മാത്രമായി മനസ്സിലും ചുണ്ടിലും. മകളുടെ അസുഖകാര്യം മാത്രം പറയാൻ അപ്പോഴും ബാക്കി വെച്ചു.

അല്ലെങ്കിലും അവൾക്ക് കുറേ നാളുകളായി കുഴപ്പമൊന്നുമില്ലല്ലോ. ചിലപ്പോൾ ഒരു വിവാഹത്തിലൂടെ എല്ലാം ശരിയായേക്കും എന്ന് മനസ്സ് പറഞ്ഞു.. അങ്ങനെ അത്ഭുതങ്ങൾ എവിടെയെല്ലാം നടന്നിരിക്കുന്നു.

പക്ഷേ അന്നും ഇന്നത്തെ പോലെ തന്നെ ഹരിക്കുട്ടൻ മാത്രം ഒച്ച വെച്ചു.ഇങ്ങനെ ഒരു അസുഖം ഉള്ളത് മറച്ചു വെച്ചു കൊണ്ട് കല്യാണം കഴിപ്പിച്ചു വിടാൻ അവൻ കൂട്ട്

നിൽക്കില്ലെന്നും എല്ലാം തുറന്നു പറഞ്ഞു അവർക്ക് സമ്മതമാണെങ്കിൽ മാത്രം ഇത് നടത്തിയാൽ മതിയെന്നും പറഞ്ഞു കൊണ്ട് എതിർത്തു നിന്ന അവന്റെ മുന്നിൽ അന്ന്

ഒരമ്മയുടെ തീരാത്ത വേദനയോടെ ചങ്കു പൊട്ടി കരഞ്ഞു.എന്റെ കണ്ണടഞ്ഞാൽ പിന്നെ അവൾ എല്ലാവർക്കും ഒരു ബാധ്യത ആവില്ലേ എന്ന് ചോദിച്ചപ്പോൾ ആരും ഒന്നും മിണ്ടിയില്ല..

താനുള്ളപ്പോൾ അവൾക്ക് ഒന്നിനും ഒരു കുറവും കാണില്ല.മിണ്ടാനും ചിരിക്കാനും ഒരുപാട് പേരുണ്ടാവും. പക്ഷെ, കുറെ നാളുകൾ കഴിയുന്നതോടെ ഈ പറയുന്ന

എല്ലാവർക്കും ഒരു ബാധ്യത ആയി അവൾ മാറില്ലെന്ന് ആരു കണ്ടു? ഒരമ്മയോളം അവളെ മനസ്സിലാക്കാൻ ഒരേട്ടന് കഴിയുമോ??

പുതിയ വിവാഹ ആലോചന അവളുടെ മുഖത്തും ഒരു പ്രതീക്ഷയുടെ പൂത്തിരി തെളിയിച്ചതായിരുന്നു.

ഇത് തള്ളി കളഞ്ഞാൽ ഇനിയൊരിക്കലും ഒരു വിവാഹം അവൾക്കുണ്ടാവില്ല എന്ന് ആരോ ഉള്ളിലിരുന്നു മന്ത്രിച്ചു..

പിന്നെ ഒന്നിനും നേരമുണ്ടായിരുന്നില്ല. ചിന്തകൾക്കും കുറ്റബോധത്തിനും തല്ക്കാലം കടിഞ്ഞാൺ ഇട്ടു. ആകെയുള്ള ഒരു പെൺതരിയുടെ

വിവാഹമാണ്. അറിയാവുന്ന എല്ലാവരെയും ക്ഷണിച്ചു. ഒന്നിനും ഒരു കുറവും വരുത്താതെ ശ്രദ്ധിച്ചു.

വിവാഹം കേമമായി നടത്തി. വിരുന്നു സൽക്കാരവും യാത്രകളും ഒക്കെയായി മരുമകന്റെ അവധി കഴിഞ്ഞു. യാത്രയാക്കാൻ കൂടെപ്പോയ മകളുടെ വാവിട്ടുള്ള കരച്ചിൽ കണ്ട് മനസ്സ് നിറഞ്ഞു അന്ന് ആദ്യമായി.

അതേ എന്റെ കുഞ്ഞിന് ഒരു ജീവിതം ആയിരിക്കുന്നു. ഇനിയൊന്നും പേടിക്കാനില്ല..

പക്ഷേ ഒരു വർഷത്തെ അവധിക്ക് വന്ന മരുമകന്റെ ഫോൺ ആണ്‌ ഇപ്പോൾ തലയ്ക്കു മുകളിൽ ഒരു വെള്ളിടി പോലെ നിൽക്കുന്നത്..

അവന് എന്തെങ്കിലും സംശയം ഉണ്ടായി കാണുമോ ??ഇപ്പോൾ കുറെ നാളുകളായി കുഴപ്പമൊന്നുമില്ലാതെ മോളും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുകയായിരുന്നു..

“അമ്മയെന്താ ആലോചിച്ചു നിൽക്കുന്നത്.
വേഗം റെഡിയാക്. നമുക്ക് അവിടെ വരെ ഒന്ന് പോയിട്ട് വരാം.. ”

പ്രഭ ധൃതി കൂട്ടി. മരുമകൾ ആണെങ്കിലും ഒരു മകളേക്കാൾ കരുതലും സ്നേഹവും ആണ് അവൾക്ക് തന്നോട്. തിരിച്ചങ്ങോട്ടും അങ്ങനെ തന്നെ

ആണല്ലോ.. എല്ലാം കണ്ടറിഞ്ഞു ചെയ്യാൻ കാര്യപ്രാപ്തിയുള്ള ഒരു മരുമകളെ കിട്ടിയത് മുന്ജന്മ പുണ്യം..

ഒരു നെടുവീർപ്പിട്ടു കൊണ്ട് അവർ മുറിയിലേക്ക് പോയി..കാറിൽ നിന്നിറങ്ങുമ്പോൾ പുറത്ത് ആരുടെയും അനക്കമൊന്നും കേൾക്കാനില്ലായിരുന്നു.

അല്ലെങ്കിലും അവിടെ അച്ഛനും അമ്മയും അമ്മുവും മാത്രമേ ഉള്ളൂ.പിന്നെ അവധിക്ക് വരുന്ന പ്രവീണും. ഒരു പെങ്ങൾ ഉള്ളത് വിവാഹം കഴിഞ്ഞു ബാംഗ്ലൂരിൽ സെറ്റിൽഡ് ആയിരിക്കുന്നു.

ഇതുവരെയും ഒരു സ്വർഗ്ഗ തുല്യമായ ജീവിതമായിരുന്നു മകൾക്ക് കിട്ടിയത് എന്നോർത്തോർത്ത് ഒരുപാട് സന്തോഷിച്ചതാണ്..

ഇനിയെങ്ങനെ അവരെയൊക്കെ അഭിമുഖീകരിക്കുമെന്ന് ഓർത്തിട്ട് ഹരിക്കുട്ടന്റെ മുഖത്തും ഒരു വല്ലായ്‌മ ഉണ്ട്.

“അമ്മ വാ. എന്തായാലും നമ്മൾ ഫേസ് ചെയ്യേണ്ടേ. നമ്മുടെ കുട്ടിയാണ് അവിടെ നിൽക്കുന്നത്. ”

പ്രഭയുടെ പിറകെ മെല്ലെ കയറി ചെല്ലുമ്പോൾ അകത്ത് പ്രവീണിന്റെ അച്ഛനും അമ്മയും ടിവിയിൽ ഏതോ സിനിമയും കണ്ടിരിപ്പുണ്ട്..”ആഹാ നിങ്ങൾ എത്തിയോ. കയറി വരൂ,ഇരിക്കൂ..

രണ്ട് പേരുടെയും മുഖങ്ങളിൽ നിന്ന് ഒന്നും വായിച്ചെടുക്കാൻ പറ്റുന്നില്ലല്ലോ. അരുതാഴികയുടെയോ, അസ്വാരസ്യത്തിന്റെയോ യാതൊരു അടയാളങ്ങളും അവിടെ കാണാനുമില്ല !

അമ്മു എവിടെ എന്റെ ഈശ്വരാ..ലക്ഷ്മിയമ്മയ്ക്ക് അതായിരുന്നു വെപ്രാളം !

ഇടറിയും വിയർത്തും അവർക്ക് മുന്നിൽ ഇരിക്കുമ്പോൾ എന്തോ കുറ്റം ചെയ്ത കുട്ടിയുടെ ഭാവമായിരുന്നു മൂന്ന് പേരുടെയും മുഖങ്ങളിൽ..

“പ്രവീൺ ദേ ആരാ വന്നിരിക്കുന്നതെന്ന് നോക്കിക്കേ.. ” പ്രവീണിന്റെ അമ്മ അകത്തേയ്ക്ക് നോക്കി നീട്ടി വിളിച്ചു.

അകത്തു നിന്ന് ഷർട്ടിന്റെ ബട്ടണുകൾ ഇട്ടു കൊണ്ട് ഇറങ്ങി വരുന്ന മരുമകന്റെ മുഖത്തേയ്ക്ക് നോക്കാൻ ത്രാണിയില്ലാത്ത അവർ മൂന്നു പേരും മുഖം

കുനിച്ചു.. എന്തും കേൾക്കാൻ തയ്യാറാണ്. എന്നിട്ടും ആകെയൊരു ഉഷ്ണവും പരവേശവും !

പെട്ടെന്ന് പ്രഭ എഴുന്നേറ്റു കൊണ്ട് അമ്മയെ നോക്കി.” അമ്മേ വരൂ നമുക്ക് അകത്തേക്ക് ചെല്ലാം. ”

അത് കേൾക്കാൻ നോക്കിയിരുന്നത് പോലെ അവർ മരുമകളോടൊപ്പം ശീഘ്രം അകത്തേക്ക് നടന്നു..

പ്രവീണിന്റെ അമ്മ കുടിക്കാൻ എടുക്കാൻ അടുക്കളയിലേയ്ക്ക് നടന്നു.. മുറിയിലെ കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന മകളുടെ രൂപം കണ്ടപ്പോൾ ഇടനെഞ്ച് പൊട്ടി.

ദൈവമേ അവൻ എന്റെ കുഞ്ഞിനെ ഉപദ്രവിച്ചു കാണുമോ.”മോളെ. “ഒരാന്തലോടെയാണ് വിളിച്ചത്. അമ്മയുടെ സ്വരം കേട്ട് അമ്മു ഞെട്ടിയെഴുന്നേറ്റു. മുറിയിൽ പ്രഭയേടത്തിയും അമ്മയും നിൽക്കുന്നത് കണ്ട് അവൾക്ക് വിശ്വാസം വന്നില്ല.

ഒന്ന് വിളിച്ചു പറഞ്ഞു പോലുമില്ലല്ലോ.
പക്ഷേ അവളുടെ മുഖത്തെ ക്ഷീണവും തളർച്ചയും കണ്ട് അവർ പരസ്പരം ഒന്ന് നോക്കി.

“മോളെ നിന്നെ എത്രയും പെട്ടെന്ന് വന്നു കൂട്ടിക്കൊണ്ട് പോകണമെന്ന് പ്രവീൺ ഹരിയെ വിളിച്ചു പറഞ്ഞു. അത് കേട്ടപാടെ ഞങ്ങൾ ഓടിയെത്തിയതാ. എന്താ മോളെ പ്രശ്നം വല്ലതും ഉണ്ടോ ? അവനെന്തെങ്കിലും
സംശയം.. ”

ഒന്നും മനസ്സിലാകാത്ത പോലെ അമ്മു അമ്മയെയും എടത്തിയെയും തുറിച്ചു നോക്കി..

“അമ്മേ ഇന്ന് രാവിലെ ഞാനൊന്ന് തല ചുറ്റി വീണു. ഏട്ടനും അമ്മയും കൂടി ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ട് വന്നേയുള്ളൂ.. “പിന്നെ അവൾ നാണത്തോടെ മുഖം കുനിച്ചു..

“എനിക്ക് വിശേഷം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞമ്മേ.. “”ങേഹേ !”ഇത്തവണ ഞെട്ടിയത് അമ്മയും പ്രഭയുമായിരുന്നു.”എന്നിട്ട് അവനെന്താ ഹരിക്കുട്ടനെ വിളിച്ച് അങ്ങനെ പറഞ്ഞത്.

“ഞാൻ അളിയനോട് കാര്യം പറഞ്ഞിരുന്നു. നിങ്ങളെ ഒന്ന് കളിപ്പിക്കാൻ നോക്കിയതാണെന്ന് അളിയൻ ഇപ്പോൾ എന്നോട് പറഞ്ഞതേയുളൂ.. ”

പിന്നിൽ വന്ന പ്രവീൺ ആണ്‌ അതിനു മറുപടി പറഞ്ഞത്.നെഞ്ചിൽ കൈ വെച്ചു നിന്നു പോയി.

എന്നാലും ഇത് വല്ലാത്ത ഒരു കളിയായിപ്പോയി.
വീട്ടിലോട്ട് ചെല്ലട്ടെ അവന് ഞാൻ വെച്ചിട്ടുണ്ട്.

പ്രഭയെ നോക്കി ഉള്ളിൽ പറഞ്ഞത് അവൾക്ക് മനസ്സിലായോ എന്തോ അവളുടെ മുഖത്തും ഒരു പരിഭവം നിറഞ്ഞു നിന്നിരുന്നു..

“ഏടത്തീ.. കുട്ടികളെ എന്താ കൊണ്ട് വരാഞ്ഞത്.. “പ്രവീൺ അടുത്ത് നിൽക്കുന്നത് കൊണ്ട് ഒന്നും തുറന്നു പറയാനും പറ്റുന്നില്ലല്ലോ..

“അവർക്കു നാളെ പരീക്ഷ ആണ്‌ മോളെ.മറ്റൊരു ഒരു ദിവസം കൊണ്ട്
വരാം.. “അമ്മ ചാടിക്കയറി പറഞ്ഞു.

“എന്നാലും കുഞ്ഞേ നിനക്കെങ്കിലും ഒരു വാക്ക് പറയാമായിരുന്നല്ലോ. ഞങ്ങൾ വെറും കയ്യോടെ അല്ലേ കേറി വന്നത്. ”

“അതൊന്നും സാരമില്ല അമ്മേ. പ്രവിയേട്ടൻ ഹോസ്പിറ്റലിൽ നിന്ന് വരുന്ന വഴി തന്നെ എന്തൊക്കെയോ ഒരുപാട് വാങ്ങിച്ചു കൂട്ടിയിട്ടുണ്ട്. ”

നന്ദിയോടെയും സ്നേഹത്തോടെയും അവർ മരുമകനെ നോക്കി. ദൈവമേ അല്പ്പം മുൻപ് വരെയും എന്തൊരു ടെൻഷൻ ആയിരുന്നു.. എന്തൊക്കെയാണ് ആലോചിച്ചു കൂട്ടിയത്.

“എല്ലാവരും ഇവിടെ നിന്നാലെങ്ങനെ ആണ്‌.വരൂ വല്ലതും കഴിച്ചിട്ട് ആവാം ഇനിയുള്ള സംസാരമൊക്കെ..

പ്രവീണിന്റെ അമ്മ എല്ലാവരെയും ക്ഷണിച്ചു.
അമ്മുവിനെ ചേർത്ത് പിടിച്ചു കൊണ്ട് ഹാളിലേക്ക് നടക്കുമ്പോൾ ഒരു ലോകം

പിടിച്ചടക്കിയ സന്തോഷം ആയിരുന്നു ആ അമ്മയുടെ മനസ്സ് നിറയെ.. ഈശ്വരൻ എന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു..

“എന്നാലും ഇത്രയും നേരം തീ തീറ്റിച്ചതിന് വെച്ചിട്ടുണ്ട് നിനക്ക് കേട്ടോ..” അമ്മ ആരും കേൾക്കാതെ മകന്റെ ചെവിയ്ക്ക് പിടിച്ച് ഒന്ന് തിരുമ്മി. ആ രംഗം കണ്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *