ഞങ്ങളുടെ സ്വകാര്യതകളിൽ എൻ്റെ കണ്ണുകളെ മറയ്ക്കുന്ന കൈകളെ അടർത്തിമാറ്റി സ്വന്തം കണ്ണുകളിലേയ്ക്ക്

(രചന: Sheeja Manoj)

അമ്മേ…അമ്മേ… ഈ അമ്മയിതെന്തെടുക്കുവാ.. എത്ര നേരമായി വിളിക്കുന്നു..
മോളുടെ കതകിൽ തട്ടിയുള്ള വിളിയിൽ അവൾ പെട്ടന്നു ഞെട്ടിയുണർന്നു.. ഷവർ ഓഫാക്കി.
വരുന്നു മോളെ…

വേഗമാകട്ടെ… വിശക്കുന്നു..!
എത്ര നേരമായോ കുളിക്കാൻ കയറിയിട്ട്.. മനസ് ഒരിടത്തും അടങ്ങി നിൽക്കുന്നില്ല. ഓർമ്മകൾ നിറയെ അദ്ദേഹത്തിൻ്റെ ഫോണിൽ വന്ന മെസേജിലേക്കാണ് നീളുന്നത്..

ഇരുപതു വർഷത്തെ ദാമ്പത്യത്തിനു മേൽ അതൊരു കരിനിഴലായി പടരാൻ തുടങ്ങിയിരിക്കുന്നു…
അമ്മേ… മോളുടെ സ്വരത്തിൽ ദേഷ്യത്തിൻ്റെ കലർപ്പ്..

വേഗം മുടി വാരിതോർത്തിൽ കെട്ടിയിറങ്ങി വന്നു. ഇനി താമസിച്ചാൽ അവൾ വീട് തിരിച്ചു വയ്ക്കും..

അവൾക്കുള്ള ബ്രെക്ക് ഫാസ്റ്റ് എടുത്തു വയ്ക്കുമ്പോഴും അമ്മയ്ക്കുള്ള മരുന്നെടുത്തു കൊടുക്കുമ്പോഴും ചിന്തകൾക്ക് ചിറകു പൊട്ടാൻ തുടങ്ങിയിരുന്നു…

അച്ഛൻ വെറുതേയല്ല പറയുന്നത്… അമ്മയുടെ ചിന്ത ഇവിടല്ലെന്ന്.. കുടിക്കാൻ എന്തൊക്കിലുമെന്നു തരാൻ പറയണോ..??

അപ്പഴാ ഓർമ്മ വന്നത് ചായ അടുപ്പത്തിരുന്നു തിളച്ച് വറ്റുന്ന കാര്യം..
ജോലിയെല്ലാം ഒരു വിധം ഒതുക്കി അലക്കാനുള്ളതുണിയുമെടുത്ത് കടവിലേക്ക് നടന്നു..
“മിഷ്യനിൽ അലക്കിയാൽ പോരേ വിധു.. “. അദ്ദേഹം ചോദിക്കുന്നത് കേട്ടു…

വീടിനോട് ചേർന്ന് പുഴയുള്ളപ്പോൾ വെറുതേയെന്തിനാ എന്നും മിഷ്യൻ യൂസ് ചെയ്യുന്നത്… ഇടയ്ക്ക് തുണി കല്ലിൽ തിരുമ്മിയാലേ വൃത്തിയാകൂ…
പറത്തിട്ട് തിരിഞ്ഞു നോക്കാതെ നടന്നു . . “ഇയാൾടെ ഒരു കാര്യം…. ഞാനും വരണോ കൂടെ…?

തിരിഞ്ഞു നോക്കാതിരിക്കാനായില്ല.. തന്നെ തന്നെ നോക്കി കൊണ്ട് ആ കണ്ണുകൾ…
ആ കണ്ണുകളിലേയ്ക്ക് നോക്കിയാൽ തനിക്കൊന്നിനും ആവില്ലാന്നദ്ദേഹത്തിനും അറിയാം..

ഇരുപതു വർഷത്തെ ജീവിതത്തിൽ ഒരിക്കൽ പോലും പരാതികൾക്ക് സ്ഥാനമുണ്ടായിരുന്നില്ല… ഞങ്ങളുടെ സ്വകാര്യതകളിൽ എൻ്റെ കണ്ണുകളെ മറയ്ക്കുന്ന കൈകളെ അടർത്തിമാറ്റി സ്വന്തം കണ്ണുകളിലേയ്ക്ക് നോക്കിക്കുന്നതിൽ മാത്രം ഏട്ടനെന്നും പരാജയപ്പെട്ടു..

ഞാനും…!ആ തീഷ്ണത എനിക്കു താങ്ങാവുന്നതിലും അപ്പുറമായിരുന്നു.. എൻ്റേതായ ഇഷ്ടങ്ങളെന്തെങ്കിലും ഉണ്ടായിരുന്നോ..?? അറിയില്ല… എന്നും ആ ഇഷ്ടങ്ങൾക്കേ പ്രാധാന്യം കൊടുത്തിട്ടുള്ളൂ.. എന്നിട്ടും !!!

“ഞാനിപ്പം വരാം… ഏട്ടനന്നേരത്തേയ്ക്ക് കുളിക്ക്.. “പറഞ്ഞിട്ട് പതിയെ കടവിലേക്കിറങ്ങി.. ഇരുവശവും മുളകൾ പുഴയിലേക്ക് ചാഞ്ഞുനിൽക്കുന്നു.. നല്ല കാറ്റ്.. വെളളത്തിലേക്ക് കാലെടുത്തു വച്ചതും തണുപ്പ് ശരീരത്തിലൂടെ ഇരച്ചു കയറി… കുറച്ചു നേരം ആ തണുപ്പിൽ ചേർന്ന് കൽപ്പടവുകളിൽ ഇരുന്നു..

കുറച്ചു നേരം മാറിനിന്ന ചിന്തകൾ വീണ്ടും ആക്കംകൂട്ടി സിരകളിലൂടെ നുരഞ്ഞു പൊന്താൻ തുടങ്ങി..

രാവിലത്തെ മയക്കത്തിനിടയിൽ ആവശ്യപ്പെട്ടതുകൊണ്ടു മാത്രമാ അദ്ദേഹത്തിൻ്റെ ഫോൺ ചാർജ് ചെയ്യാനായി കുത്തിയിടാനെടുത്തത്..

ഓണായ ഫോണിൻ്റെ സ്ക്രീനിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന മെസേജും ഒപ്പം വന്ന ഫോട്ടോയും കണ്ട് സ്വയം വിശ്വസിക്കാനായില്ല.. വീണ്ടും ഓഫാക്കി ഓൺ ചെയ്ത് നോക്കി.. അതെ സത്യമാണ്… ആ മെസേജിൻ്റെ ഉറവിടം “തനു” തന്നെ…

എഴുന്നേറ്റ് മുഖം കഴുകി വന്നുള്ള പതിവ് വിളി.
വിധൂ…പിന്നിൽ വന്ന് ചേർത്തു നിർത്തുമ്പോഴേക്കും പതിവുള്ള ചിണുക്കത്തിനു നിൽക്കാതെ വേഗം അകന്നു മാറി…

ചായ വാങ്ങിക്കുമ്പോൾ മുഖത്തേയ്ക്ക് നോക്കിയുള്ള തലേ രാത്രിയുടെ ബാക്കിയെന്നോണം …,അർത്ഥം വച്ചുള്ള ചിരി കണ്ടില്ലെന്ന് വച്ച് തിരിഞ്ഞു നടന്നു..
ഒന്നമ്പരന്നോ? ആള്…

ഫോണുമായി ചരൽ വിരിച്ച മുറ്റത്തിനരികിലേക്ക്… മുഖത്തെ ഭാവങ്ങൾ അടുക്കള ജനലിലൂടെ വീക്ഷിക്കുമ്പോഴും എല്ലാം തൻ്റെ തോന്നലാകണേന്നായിരുന്നു ഉള്ളു നിറയെ..

വാഷ്റൂമിൽ നിന്ന് ഫോൺ ഏൽപ്പിക്കുമ്പോൾ ലോക്കു വീണിരുന്നില്ല.. ആകാംക്ഷ അടക്കാനാവാത്തതിനാൽ വേഗം വാട്ട്സാപ്പെടുത്തു തനുവിൻ്റ ഫോട്ടോയുള്ള ചാറ്റിൻ്റെ, സ്ക്രീൻ ഷോട്ടുകളെടുത്തു സ്വന്തം ഫോണിലേക്ക് ഫോർവേഡ് ചെയ്തു..

കുളിക്കാനായി കയറിയപ്പോൾ ഫോണും കയ്യിലെടുത്തു…വായിച്ചു നോക്കിയതും ആകെ തകർന്നു പോയി… തൻ്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയാണ് തൻമയി… സ്നേഹത്തോടെ ഞാനവളെ തനൂന്ന്

വിളിച്ചത് ഏട്ടനും അമ്മയും ഒക്കെ ആവർത്തിച്ചു.. മോളുടെ ബെസ്റ്റിയാണവൾ…ഹസ്ബൻ്റുമായുള്ള ബന്ധം, അയാളുടെ മദ്യപാനം കൊണ്ടുള്ള ഉപദ്രവം മടുത്ത് ഡിവോഴ്സായി…

എല്ലാം അറിയാവുന്ന ഞാനവൾക്ക് ഒപ്പം നിന്നു… എന്തിനും.. കുറേനാൾ എൻ്റൊപ്പം നിർത്തി ഞാനവൾക്ക് കാവൽ നിന്നു… രാത്രികളിലുള്ള ഏട്ടൻ്റെ പരാതികളെ കണ്ടില്ലെന്ന് നടിച്ച്… അവളുടെ കൂടെ എപ്പോഴും നിന്നു… എന്നിട്ടിപ്പോൾ…

ഫോണിലേക്ക് വീണ്ടും കണ്ണുകളുടക്കി ..
…’വിധു ഉറങ്ങിയോ’ഉം…ഇന്നും..ഉം…
എന്താ തീരുമാനം…
എന്ത് തീരുമാനം…ഒന്നുമില്ല.. അവളെ കളഞ്ഞിട്ടൊരു ജീവിതം എനിക്കില്ല…
” അപ്പോൾ ഞാനെന്തുചെയ്യണം..”

“ഞാൻ പറഞ്ഞല്ലോ… നിന്നെ എനിക്കിഷ്ടമാണ്… അവള് സമ്മതിച്ചാൽ… ജീവിതത്തിൽ കൂടെ കൂട്ടാനും ആഗ്രഹമുണ്ട്… പക്ഷെ അവളുടെ സമ്മതമില്ലാതെ എനിക്കൊന്നിനും പറ്റില്ല… “…..തനൂ… എന്താ മിണ്ടാത്തെ…

അറിയില്ല.. അവളെ ചതിക്കാൻ എനിക്കും കഴിയില്ല.. നിങ്ങളില്ലാതെ എനിക്കിനി ജീവിക്കാനും പറ്റില്ല. അത്രയ്ക്ക് ഞാൻ സ്നേഹിച്ചു പോയ്… നിങ്ങൾടെ കൈ പിടിച്ച് മഴയത്തൂടെ വഴി തീരുവോളം നടക്കണം… ആ മടിയിൽ കിടന്ന്…

ആ കണ്ണിലേയ്ക്ക് നോക്കി ഒരായിരം കഥകൾ പറയണം… രാത്രിയിൽ നിങ്ങളുടെ നെഞ്ചിൽ തലവച്ച് മതിയാവോളം കഥകൾ വായിക്കണം… എന്നിട്ട്… ആ കണ്ണുകളിലേക്ക് നോക്കി………..
ഏയ് … എന്താ നിർത്തി കളഞ്ഞത്…??
……..തനൂ…

ഉം….. ഒന്നുമില്ല…
ഇത്രയും വായിച്ചപ്പഴേക്ക് കണ്ണിലേക്ക് ഇരുട്ടു പരക്കുന്നതു പോലെ…
പതിയെ കൽപ്പടവിൽ നിന്നെഴുന്നേറ്റ് തുണികൾ വേഗം കഴുകിയെടുത്തു…

കയ്യും മുഖവും കഴുകിയിട്ടും തണുപ്പു തോന്നിയതേയില്ല… കുറച്ചൂടെ ഇറങ്ങിച്ചെന്നു… ഇല്ല തണുപ്പില്ല…കുറച്ചൂടെ… പതിയെ പതിയെ അവളുടെ ഉടലാകെ തണുപ്പ് അരിച്ചിറങ്ങാൻ തുടങ്ങി… അവളും അതിൽ ലയിച്ച്…. ഓർമ്മകൾ ഇല്ലാത്തത്ര തണുപ്പിലേയ്ക്ക് ആഴ്ന്നിറങ്ങി..!

Leave a Reply

Your email address will not be published. Required fields are marked *